സമരസഭയിലെ അംഗങ്ങളെന്ന നിലയിൽ സഭയോടൊത്തു ചിന്തിക്കുന്നതിനായി വിശുദ്ധ ഇഗ്നേഷ്യസ് പതിനെട്ടു നിയമങ്ങൾ നൽകുന്നു. “സമരസഭ” എന്നത് സ്വർഗം ലക്ഷ്യമാക്കി പരിശ്രമിക്കുന്ന ഭൂമിയിലുള്ള എല്ലാവരെയും സൂചിപ്പിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഈ ലോകത്തിൽ ജീവിക്കുന്ന എല്ലാ ക്രൈസ്തവരെയുമാണ് അത് സൂചിപ്പിക്കുന്നത്.
ദൈവത്തിന് ഏറ്റവും വലിയ മഹത്ത്വം നൽകാനും അവിടുത്തെ തിരുഹിതം നിറവേറ്റാനും വേണ്ടവിധം ഒരുങ്ങിയിരിക്കുവാൻ നിങ്ങൾക്കുണ്ടായിരിക്കേണ്ട പൊതുവായ മനോഭാവങ്ങളാണ് ഈ നിയമങ്ങൾ അവതരിപ്പിക്കുന്നത്. സഭയിലെ ഒരു അംഗമെന്ന നിലയിൽ നിങ്ങളുടെ ചിന്തയെ നയിക്കേണ്ട നിയമങ്ങളിൽ താഴെപ്പറയുന്നവ ഉൾപ്പെടുന്നു:
- കുമ്പസാരത്തോടും വിശുദ്ധ കുർബാന സ്വീകരിക്കുന്നതിനോടുമുള്ള സ്നേഹം
- വിശുദ്ധ കുർബാനയിലും പ്രാർഥനകളിലും ആരാധനക്രമാചരണങ്ങളിലും മറ്റും പങ്കെടുക്കുന്നതിനോടുള്ള സ്നേഹം
- സന്ന്യാസജീവിതത്തെ പ്രകീർത്തിക്കൽ
- ദാരിദ്ര്യം, ബ്രഹ്മചര്യം, അനുസരണം എന്നീ സുവിശേഷവ്രതങ്ങളെ പ്രകീർത്തിക്കൽ.
- വിശുദ്ധർ, ഭക്താനുഷ്ഠാനങ്ങൾ, കൂദാശാനുകരണങ്ങൾ, തീർഥാടനങ്ങൾ മുതലായവയെ പ്രകീർത്തിക്കൽ
- സഭയിൽ അനുഷ്ഠിച്ചുവരുന്ന ഉപവാസം, ഇന്ദ്രിയനിഗ്രഹം മുതലായവയെ പ്രകീർത്തിക്കൽ
- ദേവാലയങ്ങളെ പ്രകീർത്തിക്കൽ
- സഭയുടെ എല്ലാ കല്പനകളെയും പ്രകീർത്തിക്കൽ
- സഭയിലെ മേലധികാരികളെയും നേതാക്കളെയും പരസ്യമായി പ്രകീർത്തിക്കുകയും അവരെക്കുറിച്ചുള്ള ആശങ്കകൾ സ്വകാര്യമായും അവരുടെ തെറ്റുകൾ പരിഹരിക്കാൻ സഹായിക്കാനാകുന്നവരോടു മാത്രവും പങ്കുവയ്ക്കുകയും ചെയ്യുക
- ദൈവശാസ്ത്രപഠനത്തെയും സഭയുടെ വേദപാരംഗതരെയും വിശ്വാസപ്രബോധനങ്ങളെയും പ്രകീർത്തിക്കൽ
- ജീവിച്ചിരിക്കുന്നവരെ മഹാന്മാരായ വിശുദ്ധരുമായി താരതമ്യം ചെയ്യുന്നത് ഒഴിവാക്കുക
- സഭയുടെ പ്രബോധനങ്ങളോട് ഉറച്ചുനിൽക്കുക
- രക്ഷ, വിശ്വാസം, കൃപ എന്നിവയെക്കുറിച്ചു സംസാരിക്കുമ്പോൾ ജാഗ്രത പുലർത്തുക
- രക്ഷയെക്കുറിച്ചു സംസാരിക്കുമ്പോൾ ആളുകളെ തെറ്റിലേക്കോ ആശയക്കുഴപ്പത്തിലേക്കോ നയിക്കാതിരിക്കാൻ ശ്രദ്ധിക്കുക
- വിശ്വാസത്തെക്കുറിച്ചു സംസാരിക്കുമ്പോൾ ആളുകളെ അലസതയിലേക്കു നയിക്കാതിരിക്കാൻ ശ്രദ്ധിക്കുക
- വിശ്വാസത്തെയും പ്രവൃത്തികളെയും കുറിച്ചു സംസാരിക്കുമ്പോൾ ആരെയും വഴിതെറ്റിക്കാതിരിക്കാൻ വ്യക്തത പുലർത്തുക.
- ഗുരുതരപാപത്തെ ഭയപ്പെടാൻ ആളുകളെ പ്രേരിപ്പിക്കുന്നതിൽനിന്ന് പിന്മാറാതിരിക്കാനുള്ള ധൈര്യം; ദൈവത്തോടുള്ള സ്നേഹത്തെ മാത്രം പ്രതി അവിടുത്തെ ഏതെങ്കിലും വിധത്തിൽ വേദനിപ്പിക്കുന്നതിനെ ഭയപ്പെടുക എന്ന കൂടുതൽ പരിപൂർണമായ ഭയത്തിലേക്ക് മറ്റുള്ളവരെ നയിക്കാനുള്ള മനക്കരുത്ത്
നിങ്ങളുടെ മനസ്സും പ്രവൃത്തികളും സഭയോടുള്ള ഐക്യത്തിൽ നിലനിർത്തുക. സഭയുടെ ആചാരങ്ങൾ, പ്രബോധനങ്ങൾ, കൂദാശകൾ, ജീവകാരുണ്യപ്രവർത്തനങ്ങൾ, സുവിശേഷവത്കരണപ്രവർത്തനങ്ങൾ എന്നിവയെയും സഭയെ ക്രിസ്തുവിന്റെ മണവാട്ടിയാക്കുന്ന സകലതിനെയും സ്നേഹിക്കുക. നിങ്ങൾ സഭയെ സ്നേഹിക്കുന്നുവെങ്കിൽ, മണവാളനായ ക്രിസ്തുവിനെത്തന്നെ അറിയാൻ കൂടുതൽ നന്നായി ഒരുങ്ങിയവരാകും.
അധ്യായം പതിനൊന്ന്: ദൈവഹിതം വിവേചിച്ചറിയൽ
