
ഇന്നു ഞാൻ എന്നോടു ചേർത്തണിയുന്നു,
പരിശുദ്ധ ത്രിത്വത്തിന്റെ ശക്തമായ നാമം,
ആ നാമം വിളിച്ചപേക്ഷിച്ചുകൊണ്ട്,
ഏകനിൽ മൂവരെയും മൂവരിൽ ഏകനെയും.
ഇന്നു ഞാൻ എന്നേക്കുമായി എന്നോടു ചേർത്തണിയുന്നു,
വിശ്വാസത്തിന്റെ ശക്തിയാൽ, ക്രിസ്തുവിന്റെ മനുഷ്യാവതാരം;
യോർദ്ദാൻ നദിയിലെ അവിടുത്തെ മാമ്മോദീസ;
എന്റെ രക്ഷയ്ക്കായി കുരിശിലുള്ള അവിടുത്തെ മരണം;
സുഗന്ധദ്രവ്യങ്ങൾ പൂശിയ കല്ലറയിൽനിന്നുള്ള അവിടുത്തെ ഉയിർത്തെഴുന്നേൽപ്പ്;
സ്വർഗത്തിലേക്കുള്ള അവിടുത്തെ ആരോഹണം;
അന്ത്യവിധിദിനത്തിലെ അവിടുത്തെ ആഗമനം;*
ഇന്നു ഞാൻ എന്നോടു ചേർത്തണിയുന്നു.
ശക്തിയായി ഞാൻ എന്നോടു ചേർത്തണിയുന്നു,
കെരൂബുകളുടെ മഹത്തായ സ്നേഹം;
വിധിനേരത്തെ മധുരമായ ‘നന്നായി ചെയ്തു’ എന്ന വാക്ക്,
സെറാഫുകളുടെ ശുശ്രൂഷ,
വിശ്വാസം ഏറ്റുപറഞ്ഞവരുടെ വിശ്വാസം, അപ്പസ്തോലന്മാരുടെ വചനം,
പൂർവപിതാക്കന്മാരുടെ പ്രാർഥനകൾ, പ്രവാചകന്മാരുടെ ഗ്രന്ഥച്ചുരുളുകൾ,
കർത്താവിനായി ചെയ്ത എല്ലാ സൽപ്രവൃത്തികളും,
കന്യാത്മാക്കളുടെ വിശുദ്ധിയും.
ഇന്നു ഞാൻ എന്നോടു ചേർത്തണിയുന്നു,
നക്ഷത്രങ്ങൾ തിളങ്ങുന്ന ആകാശത്തിന്റെ ശക്തികളെ,
മഹിമയാർന്ന സൂര്യന്റെ ജീവദായകമായ കിരണത്തെ,
സന്ധ്യയിലെ ചന്ദ്രന്റെ വെണ്മയെ,
സ്വച്ഛന്ദം മിന്നുന്ന മിന്നലിന്റെ തിളക്കത്തെ,
ചുഴലിക്കാറ്റിന്റെ കൊടുങ്കാറ്റുപോലുള്ള ആഘാതങ്ങളെ,
ഉറച്ച ഭൂമിയെയും അഗാധമായ ഉപ്പുകടലിനെയും—
പുരാതനമായ നിത്യശിലകൾക്കു ചുറ്റുമുള്ളതിനെ.
ഇന്നു ഞാൻ എന്നോടു ചേർത്തണിയുന്നു,
എന്നെ താങ്ങി നയിക്കാൻ ദൈവത്തിന്റെ ശക്തിയെ,
എന്നെ കാത്തുനോക്കാൻ അവിടുത്തെ ദൃഷ്ടിയെ, താങ്ങിനിർത്താൻ അവിടുത്തെ ബലത്തെ,
എന്റെ ആവശ്യങ്ങൾ കേൾക്കാൻ അവിടുത്തെ കാതുകളെ.
എന്നെ പഠിപ്പിക്കാൻ എന്റെ ദൈവത്തിന്റെ ജ്ഞാനത്തെ,
വഴിനയിക്കാൻ അവിടുത്തെ കരത്തെ, കാത്തുരക്ഷിക്കാൻ അവിടുത്തെ പരിചയെ,
എനിക്കു സംസാരിക്കാൻ വാക്കുകൾ നൽകാൻ ദൈവവചനത്തെ,
എനിക്കു കാവലാകാൻ അവിടുത്തെ സ്വർഗീയ സൈന്യത്തെ.
പാപത്തിന്റെ പൈശാചിക കെണികൾക്കെതിരെയും,
പ്രലോഭനത്തിനു ശക്തിപകരുന്ന ദുർവൃത്തിക്കെതിരെയും,
ഉള്ളിൽ പോരാടുന്ന സ്വാഭാവിക ദുരാശകൾക്കെതിരെയും,
എന്റെ പാത തടസ്സപ്പെടുത്തുന്ന ശത്രുക്കൾക്കെതിരെയും;
അവർ കുറച്ചുപേരോ അനേകരോ, ദൂരെയോ അടുത്തോ ആയാലും,
എല്ലായിടത്തും എല്ലാ നേരത്തും,
അവരുടെ ഉഗ്രമായ ശത്രുതയ്ക്കെതിരെ,
ഈ വിശുദ്ധ ശക്തികളെ ഞാൻ എന്നോടു ചേർത്തണിയുന്നു.
സാത്താന്റെ എല്ലാ മന്ത്രങ്ങൾക്കും കുതന്ത്രങ്ങൾക്കും എതിരെ,
പാഷണ്ഡതയുടെ വ്യാജവാക്കുകൾക്കെതിരെ,
മലിനമാക്കുന്ന അറിവിനെതിരെ,
ഹൃദയത്തിലെ വിഗ്രഹാരാധനയ്ക്കെതിരെ,
മാന്ത്രികന്റെ ദുഷിച്ച മന്ത്രവിദ്യയ്ക്കെതിരെ,
മാരകമായ മുറിവിനും പൊള്ളലിനും എതിരെ,
ശ്വാസംമുട്ടിക്കുന്ന തിരമാലയ്ക്കും വിഷംപുരട്ടിയ അസ്ത്രത്തിനും എതിരെ,
ക്രിസ്തുവേ, അങ്ങയുടെ പുനരാഗമനംവരെ എന്നെ കാത്തുരക്ഷിക്കണമേ.
ക്രിസ്തു എന്നോടുകൂടെ ഉണ്ടായിരിക്കട്ടെ, ക്രിസ്തു എന്നിൽ ഉണ്ടായിരിക്കട്ടെ,
ക്രിസ്തു എന്റെ പിന്നിൽ, ക്രിസ്തു എന്റെ മുമ്പിൽ,
ക്രിസ്തു എന്റെ അരികിൽ, എന്നെ സ്വന്തമാക്കാൻ ക്രിസ്തു,
എന്നെ ആശ്വസിപ്പിക്കാനും പുതുജീവനേകാനും ക്രിസ്തു.
ക്രിസ്തു എനിക്കു താഴെ, ക്രിസ്തു എനിക്കു മുകളിൽ,
ശാന്തതയിൽ ക്രിസ്തു, അപകടത്തിൽ ക്രിസ്തു,
എന്നെ സ്നേഹിക്കുന്ന എല്ലാവരുടെയും ഹൃദയങ്ങളിൽ ക്രിസ്തു,
സുഹൃത്തിന്റെയും അപരിചിതന്റെയും നാവിൽ ക്രിസ്തു.
ഞാൻ ആ നാമം എന്നോടു ചേർത്തണിയുന്നു,
പരിശുദ്ധ ത്രിത്വത്തിന്റെ ശക്തമായ നാമം;
ആ നാമം വിളിച്ചപേക്ഷിച്ചുകൊണ്ട്.
ഏകനിൽ മൂവരും മൂവരിൽ ഏകനും,
സൃഷ്ടിപ്രപഞ്ചമാകെ ആരിൽനിന്ന് ഉത്ഭവിച്ചുവോ,
നിത്യപിതാവും ആത്മാവും വചനവും:
എന്റെ രക്ഷയുടെ കർത്താവിനു സ്തുതി,
രക്ഷ കർത്താവായ ക്രിസ്തുവിൽനിന്നാകുന്നു.
ആമ്മേൻ.
മുഖ്യചിത്രം: Lawrence OP, Flickr
വിശുദ്ധ പാട്രിക്കിനെക്കുറിച്ച് കൂടുതൽ>>>
