വർഷത്തിൽ എപ്പോൾ വേണമെങ്കിലും ഈ നൊവേന ചൊല്ലാം. എന്നാൽ പ്രത്യേകിച്ച് ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ആഴ്ചയിലെ വെള്ളിയാഴ്ച മുതൽ മുപ്പത്തിമൂന്നാം ആഴ്ചയിലെ ശനിയാഴ്ച വരെ (പ്രപഞ്ചരാജനായ യേശുക്രിസ്തുവിന്റെ തിരുനാളിനു മുമ്പുള്ള ഒൻപതു ദിവസങ്ങളിൽ) ചൊല്ലുക.
പ്രപഞ്ചരാജനായ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ മഹോത്സവം
ദിവസേന ചൊല്ലേണ്ട നൊവേന പ്രാർഥനകൾ:
പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ. ആമ്മേൻ.
സർവശക്തനും കരുണാമയനുമായ ദൈവമേ, അങ്ങ് തിന്മയുടെ ശക്തിയെ തകർക്കുകയും പ്രപഞ്ചരാജനായ അങ്ങയുടെ പുത്രൻ യേശുക്രിസ്തുവിൽ സകലതും നവീകരിക്കുകയും ചെയ്യുന്നു. സ്വർഗത്തിലും ഭൂമിയിലുമുള്ള സകലരും അങ്ങയുടെ മഹത്ത്വം ഉദ്ഘോഷിക്കുകയും അങ്ങയെ നിരന്തരം സ്തുതിക്കുകയും ചെയ്യട്ടെ.
അങ്ങയോടും പരിശുദ്ധാത്മാവിനോടും കൂടെ ഏകദൈവമായി എന്നേക്കും ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങയുടെ പുത്രനും ഞങ്ങളുടെ കർത്താവുമായ യേശുക്രിസ്തുവിലൂടെ ഞങ്ങൾ ഇതു യാചിക്കുന്നു. ആമേൻ.
സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ…
നന്മ നിറഞ്ഞ മറിയമേ…
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി…
നമുക്കു പ്രാർഥിക്കാം:
ഞങ്ങളുടെ ദൈവമായ കർത്താവേ, അങ്ങു മാത്രമാണ് പരമപരിശുദ്ധനായ രാജാവും സകല ജനതകളുടെയും ഭരണാധികാരിയും.
ദിവ്യരാജാവേ, അങ്ങയിൽനിന്നു കരുണയും സമാധാനവും നീതിയും സകല നന്മകളും ലഭിക്കുമെന്ന വലിയ പ്രതീക്ഷയോടെ, കർത്താവേ, ഞങ്ങൾ അങ്ങയോടു പ്രാർഥിക്കുന്നു.
ഞങ്ങളുടെ രാജാവായ കർത്താവേ, ഞങ്ങളുടെ കുടുംബങ്ങളെയും ജന്മനാടിനെയും സംരക്ഷിക്കണമേ.
അത്യന്തം വിശ്വസ്തനായവനേ, ഞങ്ങളെ കാത്തുപരിപാലിക്കണമേയെന്നു ഞങ്ങൾ പ്രാർഥിക്കുന്നു.
ഞങ്ങളുടെ ശത്രുക്കളിൽനിന്നും അങ്ങയുടെ നീതിയുക്തമായ വിധിയിൽനിന്നും ഞങ്ങളെ സംരക്ഷിക്കണമേ
പരമാധികാരിയായ രാജാവേ, അങ്ങേക്കെതിരായി ഞങ്ങൾ ചെയ്ത പാപങ്ങൾ ക്ഷമിക്കണമേ.
യേശുവേ, അങ്ങ് കരുണയുടെ രാജാവാണ്.
ഞങ്ങൾ അങ്ങയുടെ നീതിയുക്തമായ വിധിക്ക് അർഹരായിരിക്കുന്നു
കർത്താവേ, ഞങ്ങളോടു കരുണ തോന്നി ഞങ്ങളോടു ക്ഷമിക്കണമേ.
അങ്ങയുടെ മഹാകരുണയിൽ ഞങ്ങൾ ആശ്രയിക്കുന്നു.
അത്യന്തം ഭയഭക്തിയുണർത്തുന്ന രാജാവേ, ഞങ്ങൾ അങ്ങയുടെ മുമ്പിൽ ശിരസ്സു നമിച്ചു പ്രാർഥിക്കുന്നു;
അങ്ങയുടെ ഭരണവും അങ്ങയുടെ രാജ്യവും ഭൂമിയിൽ അംഗീകരിക്കപ്പെടുമാറാകട്ടെ.
ആമ്മേൻ.
വേണമെങ്കിൽ ചൊല്ലാവുന്നത്: സമാധാനത്തിനായുള്ള പ്രാർഥനകൾ
