മലയാളം

ജീവസംരക്ഷണത്തിനായുള്ള പ്രാർഥനകളും സഹായവിഭവങ്ങളും

2022 ജൂൺ 24-ന്, ഈശോയുടെ തിരുഹൃദയത്തിന്റെ തിരുനാൾ ദിനത്തിൽ, അമേരിക്കൻ ഐക്യനാടുകളുടെ സുപ്രീം കോടതി റദ്ദാക്കിയത് റോ വേഴ്സസ് വേഡ്, പ്ലാൻഡ് പേരന്റ്ഹുഡ് വേഴ്സസ് കേസി എന്നീ വിധികളെയാണ്. ഡോബ്സ് വേഴ്സസ് ജാക്സൺ എന്ന കേസിലെ വിധി ഗർഭഛിദ്രത്തെക്കുറിച്ചുള്ള തീരുമാനങ്ങൾ ഇപ്പോൾ സംസ്ഥാന നിയമനിർമാതാക്കൾക്ക് തിരികെ നൽകുന്നു. അതിനാൽ, ഓരോ സംസ്ഥാനവും ഗർഭഛിദ്രം ഇല്ലാതാക്കാനും ജനിക്കാനിരിക്കുന്ന ഓരോ കുഞ്ഞിന്റെയും അവകാശങ്ങളും അന്തസ്സും സംരക്ഷിക്കാനും പ്രവർത്തിക്കുന്നതിന് മുമ്പെന്നത്തേക്കാളും പ്രാർഥന ആവശ്യമാണ്. അതിനായി സഹായിക്കുന്ന ചില പ്രാർഥനകളും വിഭവങ്ങളും താഴെ നൽകുന്നു.

നമുക്കു പ്രാർഥിക്കാം…

സ്വർഗസ്ഥനായ പിതാവേ, റോ വേഴ്സസ് വേഡ് വിധിയുടെ അന്ത്യം ആഘോഷിക്കുന്ന ഈ ദിവസം ഞങ്ങൾ ആനന്ദിക്കുകയും അങ്ങയെ മഹത്വപ്പെടുത്തുകയും ചെയ്യുന്നു. ജനിക്കാനിരിക്കുന്ന അനേകം കുഞ്ഞുങ്ങൾ ഇനി രക്ഷിക്കപ്പെടുമെന്നതിനാൽ ഞങ്ങൾ അങ്ങേക്കു നന്ദി പറയുന്നു. ഈ ലക്ഷ്യം കൈവരിക്കാൻ വർഷങ്ങളായി അക്ഷീണം പ്രവർത്തിച്ച അനേകം ജീവസംരക്ഷണ നേതാക്കൾക്കായി ഞങ്ങൾ അങ്ങേക്കു നന്ദി പറയുന്നു. ധീരരായ നിയമനിർമാതാക്കൾക്കായും, പ്രത്യേകിച്ച് അങ്ങയുടെ ദൈവികനിയമത്തിന് അനുസൃതമായി പ്രവർത്തിച്ച സുപ്രീം കോടതി ന്യായാധിപന്മാർക്കായും ഞങ്ങൾ അങ്ങേക്കു നന്ദി പറയുന്നു.

ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി നിലകൊള്ളാൻ അനേകരെ തുടർന്നും പ്രചോദിപ്പിക്കണമേ. ഗർഭഛിദ്രത്തെക്കുറിച്ചുള്ള തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം ഇപ്പോൾ ഓരോ സംസ്ഥാനത്തിനും തിരികെ നൽകിയിരിക്കുന്നതിനാൽ, ഓരോ സംസ്ഥാന നിയമനിർമാതാവും സത്യസന്ധതയോടും ധാർമികനിഷ്ഠയോടും അന്തസ്സോടും അനുകമ്പയോടും സത്യത്തോടുംകൂടെ പ്രവർത്തിക്കണമെന്നു ഞങ്ങൾ പ്രാർഥിക്കുന്നു. അവരുടെ മനസ്സും ഇച്ഛയും അങ്ങയുടെ തിരുഹിതത്താൽ നിറയ്ക്കണമേ. ഗർഭധാരണത്തിന്റെ നിമിഷം മുതൽ സ്വാഭാവിക മരണംവരെ ജീവൻ സംരക്ഷിക്കാൻ ആവശ്യമായ ധൈര്യം അവർക്കു നൽകണമേ. അങ്ങയുടെ സത്യം അവരുടെ ഹൃദയങ്ങളിൽ ഉറച്ച ബോധ്യമായി പതിപ്പിക്കണമേ.

ലോകരക്ഷകനായ കർത്താവീശോയേ, ഗർഭഛിദ്രത്തിന് ഇരകളാകുന്ന എണ്ണമറ്റവരുടെ ബലി ആഗ്രഹിക്കുന്ന സാത്താനെയും എല്ലാ പിശാചുക്കളെയും അങ്ങയുടെ അതിപരിശുദ്ധ നാമത്തിൽ ഞങ്ങൾ ബന്ധിക്കുന്നു. എല്ലാ പൈശാചിക ആത്മാക്കളെയും ബന്ധിക്കണമേ. പ്രവർത്തിക്കുന്നതിൽനിന്ന് അവയെ വിലക്കണമേ. അവയുടെ ദുഷ്പ്രവർത്തനങ്ങൾ നീക്കിക്കളയണമേ. അവയുടെ നുണകളിൽനിന്ന് എല്ലാ മനുഷ്യരെയും സംരക്ഷിക്കണമേ. അവയുടെ അടിച്ചമർത്തലിൽനിന്ന് ഞങ്ങളുടെ രാഷ്ട്രത്തെ മോചിപ്പിക്കണമേ.

മറിയമാതാവേ, ഈ ലോകത്തിൽ ദൈവപുത്രന്റെ ഏറ്റവും മഹത്വപൂർണമായ ഉപകരണമായിരുന്നു അമ്മ. അമ്മയുടെ പരിശുദ്ധ ഉദരത്തിൽ നിത്യപുത്രനെ അമ്മ വഹിച്ചു. ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കണമേ. ഗർഭിണികളായ എല്ലാ അമ്മമാർക്കുംവേണ്ടി പ്രാർഥിക്കണമേ. തങ്ങളുടെ മക്കളെ സ്നേഹിക്കാനും പരിപാലിക്കാനും അവരെ പ്രചോദിപ്പിക്കണമേ. ഭയത്തിൽനിന്നും ഉത്കണ്ഠയിൽനിന്നും അവരെ മോചിപ്പിക്കണമേ. അമ്മമാരെന്ന തങ്ങളുടെ വിളി സ്വീകരിക്കാൻ ആവശ്യമായ സഹായം അവർക്കു നൽകണമേ.

രക്ഷകന്റെ സംരക്ഷകനായ വിശുദ്ധ യൗസേപ്പിതാവേ, ഈശോയെ സംരക്ഷിക്കാനും പരിപാലിക്കാനുമുള്ള പ്രത്യേക ദൗത്യം അങ്ങേക്കു നൽകപ്പെട്ടിരുന്നു. ജനിച്ചവരും ജനിക്കാനിരിക്കുന്നവരുമായ എല്ലാ കുഞ്ഞുങ്ങളിലേക്കും ആ കരുതൽ നീട്ടണമേ. ഈശോയോട് അങ്ങേക്കുണ്ടായിരുന്ന അതേ സ്നേഹം സ്വന്തം മക്കളോടു പുലർത്താൻ ഓരോ പിതാവിനെയും പ്രചോദിപ്പിക്കണമേ.

പരിശുദ്ധാത്മാവേ, എഴുന്നള്ളിവരണമേ! ഞങ്ങളുടെ രാഷ്ട്രത്തിലും ലോകത്തിലെ എല്ലാ രാഷ്ട്രങ്ങളിലും അങ്ങ് പൂർണമായി നിറയണമേ. സർവോപരി, ഞങ്ങളെ രക്ഷയിലേക്കു നയിക്കണമേ. ഞങ്ങളെ സ്വർഗത്തിലേക്കു നയിക്കണമേ. തിന്മയിൽനിന്ന് ഞങ്ങളെ മോചിപ്പിക്കണമേ. ഓരോ ആത്മാവിനെയും പാപത്തിൽനിന്നു സംരക്ഷിക്കുകയും ഓരോ മനുഷ്യജീവനെയും ഗർഭഛിദ്രത്തിന്റെ ഭീകരതയിൽനിന്നു രക്ഷിക്കുകയും ചെയ്യണമേ.

ആമ്മേൻ.


കൂടുതൽ പ്രാർഥനകളും സഹായവിഭവങ്ങളും

എല്ലാ ജീവന്റെയും പിതാവായ ദൈവത്തോടുള്ള പ്രാർഥന

വിശുദ്ധ കുർബാനയിലെ ഈശോയോടുള്ള ജീവസംരക്ഷണ പ്രാർഥനകൾ

സഹായകനായ പരിശുദ്ധാത്മാവിനോടുള്ള പ്രാർഥന

കന്യകാമറിയത്തോടുള്ള ജീവസംരക്ഷണ പ്രാർഥന

ഗർഭഛിദ്രത്തിലൂടെ ഒരു കുഞ്ഞിനെ നഷ്ടപ്പെട്ടവർക്കുവേണ്ടിയുള്ള പ്രാർഥന

ജീവസംരക്ഷണത്തിനായുള്ള ജപമാല ധ്യാനങ്ങൾ

ജീവസംരക്ഷണത്തിനായുള്ള കുരിശിന്റെ വഴിയിലെ ധ്യാനങ്ങൾ

സഹായവിഭവങ്ങൾ

താഴെ നൽകിയിരിക്കുന്ന പ്രാർഥനകളുടെ ഉറവിടം: priestsforlife.org/prayers


എല്ലാ ജീവന്റെയും പിതാവായ ദൈവത്തോടുള്ള പ്രാർഥന

നിത്യനായ ദൈവമേ, എല്ലാ ജീവന്റെയും പിതാവായി അങ്ങ് സ്വയം വെളിപ്പെടുത്തിയിരിക്കുന്നു. സകല സൃഷ്ടികൾക്കും, പ്രത്യേകിച്ച് അങ്ങയുടെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട ഞങ്ങൾക്കും, അങ്ങു നൽകുന്ന പിതൃസഹജമായ കരുതലിനായി ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു.

പിതാവേ, ഗർഭഛിദ്രത്തിന്റെ ഭീഷണിയിലായിരിക്കുന്നവരുടെ നേരെ അങ്ങയുടെ സംരക്ഷണകരം നീട്ടി, അതിന്റെ വിനാശകരമായ ശക്തിയിൽനിന്ന് അവരെ രക്ഷിക്കണമേ. ഗർഭഛിദ്രത്തിനു സൗകര്യമൊരുക്കാൻ പ്രേരിപ്പിച്ചേക്കാവുന്ന ഭയങ്ങൾക്ക് ഒരിക്കലും വഴങ്ങാതിരിക്കാൻ എല്ലാ പിതാക്കന്മാർക്കും അങ്ങയുടെ ശക്തി നൽകണമേ.

ഞങ്ങളുടെ കുടുംബങ്ങളെയും ഞങ്ങളുടെ നാടിനെയും അനുഗ്രഹിക്കണമേ. അങ്ങനെ, അങ്ങ് ഉറവിടവും നിത്യപിതാവുമായിരിക്കുന്ന ജീവനെ സ്വാഗതം ചെയ്യുന്നതിന്റെയും പരിപോഷിപ്പിക്കുന്നതിന്റെയും സന്തോഷം ഞങ്ങൾക്കു ലഭിക്കട്ടെ. ആമേൻ.


വിശുദ്ധ കുർബാനയിലെ ഈശോയോടുള്ള ജീവസംരക്ഷണ പ്രാർഥനകൾ

“എന്റെ ശരീരം”

“ഇത് നിങ്ങൾക്കുവേണ്ടി സമർപ്പിക്കപ്പെടുന്ന എന്റെ ശരീരമാണ്.” കർത്താവീശോയേ, ഓരോ ദിവസവും വിശുദ്ധ കുർബാനയിൽ അങ്ങയുടെ ഈ വാക്കുകൾ ഞങ്ങൾ കേൾക്കുന്നു. ഞങ്ങളോടുള്ള അങ്ങയുടെ സ്നേഹത്തിന്റെ അർഥം പഠിപ്പിക്കാൻ അങ്ങ് ഈ വാക്കുകൾ ഉപയോഗിച്ചിരിക്കുന്നു; ഞങ്ങൾ ജീവിക്കേണ്ടതിന് അങ്ങയുടെ ജീവൻ നൽകാൻ അങ്ങയെ കുരിശിലേക്കു നയിച്ച സ്നേഹമാണത്. ഞങ്ങൾ പരസ്പരം പുലർത്തേണ്ട സ്നേഹത്തിന്റെ അർഥം പഠിപ്പിക്കാനും അങ്ങ് ഈ വാക്കുകൾ ഉപയോഗിക്കുന്നു; മറ്റുള്ളവർ ജീവിക്കേണ്ടതിന് ഞങ്ങളെത്തന്നെ സമർപ്പിക്കാൻ ഞങ്ങളെ നയിക്കുന്ന സ്നേഹമാണത്.

“ഇത് എന്റെ ശരീരമാണ്.” കർത്താവേ, ഒരു ജീവൻ സ്വന്തം ശരീരത്തിനുള്ളിൽ വളരുന്നു എന്ന കാരണത്താൽ മാത്രം ആ ജീവൻ ഇല്ലാതാക്കാമെന്നു കരുതുന്നവരും ഈ വാക്കുകൾ ഉപയോഗിക്കുന്നതു ഞങ്ങൾ കേൾക്കുന്നു. ഗർഭഛിദ്രത്തെ പിന്തുണയ്ക്കുന്നവർ ഈ വാക്കുകൾ വളച്ചൊടിക്കുന്നതു ഞങ്ങൾ കേൾക്കുന്നു.

മറ്റൊരാളെ വഴിയിൽനിന്നു തള്ളിമാറ്റുന്നതിലൂടെയല്ല, മറിച്ച് എപ്പോഴും നമ്മെത്തന്നെ വഴിയിൽനിന്നു മാറ്റിക്കൊടുക്കുന്നതിലൂടെ മാത്രമാണ് മനുഷ്യജീവിതം പരിപൂർണത കണ്ടെത്തുന്നതെന്ന് അങ്ങയുടെ ജനമെല്ലാം പഠിക്കാൻ കൃപ നൽകണമേ. “ഇത് നിങ്ങൾക്കുവേണ്ടി സമർപ്പിക്കപ്പെടുന്ന എന്റെ ശരീരമാണ്!” എന്ന അങ്ങയുടെ അതിപരിശുദ്ധ വാക്കുകൾക്ക് അനുസൃതമായി അങ്ങയുടെ ജനമെല്ലാം ജീവിതം നയിക്കട്ടെ.

ഐക്യം

കർത്താവീശോയേ, അങ്ങയിൽ ഞങ്ങളെ ഒറ്റ ശരീരമായി ഒന്നിപ്പിക്കുന്ന അങ്ങയുടെ തിരുശരീരമായ വിശുദ്ധ കുർബാനയുടെ ദാനത്തിന് അങ്ങേക്കു നന്ദി. “എന്തെന്നാൽ, നാം പലരാണെങ്കിലും ഒറ്റ ശരീരമാണ്; കാരണം നാമെല്ലാവരും ഒരേ അപ്പത്തിൽ പങ്കുചേരുന്നു”(1 Cor. 10:17) കർത്താവേ, ഞങ്ങൾ അങ്ങയെ സ്വീകരിക്കുമ്പോൾ അങ്ങും ഞങ്ങളെ സ്വീകരിക്കുന്നു. അങ്ങ് ഞങ്ങളെ അങ്ങയിലേക്കുയർത്തി അടുപ്പിക്കുമ്പോൾ, പരസ്പരവും അടുപ്പിക്കുന്നു. “നിങ്ങൾ ക്രിസ്തുവിന്റെ ശരീരവും ഓരോരുത്തരും അതിലെ അവയവങ്ങളുമാണ്” (1 Cor. 12:27).

കർത്താവേ, അങ്ങയുടെ ശരീരത്തിലെ മറ്റൊരംഗത്തെയും ഞങ്ങളുടെ സ്നേഹത്തിൽനിന്ന് ഒരിക്കലും അകറ്റിനിർത്താതിരിക്കാൻ ഞങ്ങൾക്ക് കൃപ നൽകണമേ. വിശുദ്ധ കുർബാന സ്വീകരണത്തിൽ അങ്ങയുടെ ശരീരം ഞങ്ങൾ സ്വീകരിക്കുന്നതുപോലെ, അങ്ങയുടെ ശരീരത്തിലെ എല്ലാ അംഗങ്ങളെയും, അവർ എത്രതന്നെ അസൗകര്യങ്ങൾ ഉണ്ടാക്കിയാലും, സ്വീകരിക്കാനും സ്വാഗതം ചെയ്യാനും ഞങ്ങളെ അനുഗ്രഹിക്കണമേ. ഞങ്ങളുടെ ലോകത്തിൽ ഏറ്റവും അവഗണിക്കപ്പെടുന്നവരെ, അതായത് ഈ ലോകത്തിലേക്ക് പുതുതായി കടന്നുവന്നവരെ, സ്വാഗതം ചെയ്യാൻ ഞങ്ങളെ പ്രത്യേകമായി സഹായിക്കണമേ. ഗർഭപാത്രത്തിലുള്ള ഞങ്ങളുടെ സഹോദരീസഹോദരന്മാരെ അനുഗ്രഹിക്കണമേ. മാതാപിതാക്കളെ സ്വന്തം മക്കളിൽനിന്നും പരസ്പരവും സ്വന്തം ആത്മാവിൽനിന്നുതന്നെയും അങ്ങയിൽനിന്നും വേർപെടുത്തുന്ന ഗർഭച്ഛിദ്രമെന്ന പാപത്തിൽനിന്ന് ഞങ്ങളുടെ ലോകത്തെ മോചിപ്പിക്കണമേ, കർത്താവേ.

വിശുദ്ധ കുർബാനയിൽ ഞങ്ങൾ കണ്ടെത്തുന്ന ഐക്യത്തിന്റെ ശക്തി, ജനിക്കാനിരിക്കുന്ന കുഞ്ഞിനെക്കുറിച്ചുള്ള ഭയത്തെ അതിജീവിക്കാനും ആ കുഞ്ഞിനെ ഒരു സഹോദരനായി, ഒരു സഹോദരിയായി, അങ്ങയുടെ ശരീരത്തിലെ ഒരംഗമായി സ്വാഗതം ചെയ്യാനും ഞങ്ങളെ പ്രാപ്തരാക്കണമേ. ആമേൻ.

വിശ്വാസം

കർത്താവായ ഈശോയേ, പരിശുദ്ധ കുർബാന അങ്ങയുടെ ശരീരവും രക്തവും ആത്മാവും ദൈവത്വവും തന്നെയാണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ഈ അത്ഭുതം ഗ്രഹിക്കാൻ ഇന്ദ്രിയങ്ങൾക്കു കഴിയില്ല. എന്നാൽ വിശ്വാസം കണ്ണുകൾക്കു കാണാൻ കഴിയുന്നതിനും അപ്പുറത്തേക്കു കടന്ന്, അങ്ങ് സന്നിഹിതനാണെന്ന് ഞങ്ങൾക്ക് ഉറപ്പുനൽകുന്നു.

കർത്താവേ, വിശുദ്ധ കുർബാനയിലുള്ള ഞങ്ങളുടെ വിശ്വാസം ഓരോ മനുഷ്യജീവന്റെയും മഹത്ത്വം തിരിച്ചറിയാനുള്ള ഞങ്ങളുടെ കഴിവിനെയും ശക്തിപ്പെടുത്തണമേ. അവിടെയും ഇന്ദ്രിയങ്ങൾ ഞങ്ങളെ വഞ്ചിച്ചേക്കാമെന്ന് ഞങ്ങൾക്കറിയാം. ചിലർ ആകർഷകരായിരിക്കണമെന്നില്ല; മറ്റുചിലർ തീരെ ചെറുതായി തോന്നിയേക്കാം; ചിലർ മനുഷ്യരിലും താഴ്ന്നവരായി കാണപ്പെട്ടേക്കാം.

എന്നാൽ തിരുവോസ്തിയിൽ അങ്ങയെ കാണാൻ കഴിയുന്ന ഞങ്ങൾക്ക്, ഞങ്ങളുടെ സഹോദരീസഹോദരന്മാരിലും തീർച്ചയായും അങ്ങയെ കാണാൻ കഴിയും. കർത്താവേ, ഗർഭപാത്രത്തിലുള്ള കുഞ്ഞുങ്ങളിലും ഞങ്ങൾക്ക് അങ്ങയെ കാണാൻ കഴിയും. അനേകർ ഈ കുഞ്ഞുങ്ങളെ മറക്കുകയും ജനിച്ചവരെക്കാൾ മൂല്യം കുറഞ്ഞവരായി അവരെ തള്ളിക്കളയുകയും ചെയ്യുന്ന ഈ കാലത്ത്, അവരുടെ മഹത്ത്വത്തെയും മൂല്യത്തെയും കുറിച്ചുള്ള ഞങ്ങളുടെ ബോധ്യം കൂടുതൽ ആഴപ്പെടാൻ കൃപ നൽകണമേ.

കർത്താവേ, അതനുസരിച്ച് പ്രവർത്തിക്കാനും ഞങ്ങൾക്ക് കൃപ നൽകണമേ. ആമേൻ.


സഹായകനായ പരിശുദ്ധാത്മാവിനോടുള്ള പ്രാർഥന

ദൈവത്തിന്റെ പരിശുദ്ധാത്മാവേ, സ്വർഗത്തിന്റെ ഉന്നതങ്ങളിൽ ഞങ്ങളുടെ കാര്യം വാദിക്കുകയും ഞങ്ങൾക്കുവേണ്ടി സംസാരിക്കുകയും ചെയ്യുന്ന സഹായകനായി കർത്താവായ ഈശോ അങ്ങയെ ഞങ്ങൾക്ക് വാഗ്ദാനം ചെയ്തു. “ഞാൻ പിതാവിനോട് അപേക്ഷിക്കും; എന്നേക്കും നിങ്ങളോടുകൂടെ ആയിരിക്കേണ്ടതിന് അവിടുന്ന് നിങ്ങൾക്ക് മറ്റൊരു സഹായകനെ നൽകും…”(യോഹ.14:15).

വാക്കുകളാൽ പ്രകടിപ്പിക്കാനാവാത്ത നെടുവീർപ്പുകളോടെ അങ്ങ് ഞങ്ങൾക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നുവെന്ന് പൗലോസ് അപ്പസ്തോലൻ ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട് (റോമാ. 8:26).

രക്ഷയുടെ ദാനത്തിനായി ഇന്ന് ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു; കാരണം, ഞങ്ങളെത്തന്നെ രക്ഷിക്കാൻ ഞങ്ങൾക്കു കഴിയില്ലെന്ന് ഞങ്ങൾക്ക് ആഴമായ ബോധ്യമുണ്ട്. ഞങ്ങൾ പാപം ചെയ്തിരിക്കുന്നു; സ്വന്തം ശക്തിയാൽ പാപമോചനം നേടാൻ ഞങ്ങൾക്കു കഴിയില്ല. ഞങ്ങൾക്കുവേണ്ടി വാദിക്കുന്ന ഒരു സഹായകനെ ഞങ്ങൾക്ക് ആവശ്യമുണ്ട്.

പരിശുദ്ധാത്മാവേ, തങ്ങൾക്കുവേണ്ടി വാദിക്കാൻ ഞങ്ങളെ ആവശ്യമുള്ളവരെക്കുറിച്ച് കൂടുതൽ ബോധ്യമുള്ളവരാക്കണമേ എന്ന് ഞങ്ങൾ അങ്ങയോട് അപേക്ഷിക്കുന്നു. സംസാരിക്കാനോ സ്വയം പ്രതിരോധിക്കാനോ പ്രാർഥിക്കാൻപോലുമോ കഴിയാതെ, ഇപ്പോഴും ഗർഭപാത്രത്തിൽ കഴിയുന്ന, ഞങ്ങളുടെ ഏറ്റവും പ്രായം കുറഞ്ഞ, ഏറ്റവും ചെറിയ സഹോദരീസഹോദരന്മാരുടെ നിലവിളികൾ കേൾക്കാൻ ഞങ്ങൾക്ക് കൃപ നൽകണമേ.

പരിശുദ്ധാത്മാവേ, അങ്ങ് ഞങ്ങൾക്കുവേണ്ടി വാദിക്കുന്ന സഹായകനായിരിക്കുന്നതുപോലെ, ഞങ്ങളെയും മറ്റുള്ളവർക്കുവേണ്ടി വാദിക്കുന്നവരാക്കണമേ. കരുണയ്ക്കായുള്ള ഞങ്ങളുടെ നിലവിളികൾ അങ്ങ് കേൾക്കുന്നതുപോലെ, കരുണയ്ക്കായുള്ള മറ്റുള്ളവരുടെ നിലവിളികൾ കേൾക്കാൻ ഞങ്ങളെയും അനുഗ്രഹിക്കണമേ. മറ്റുള്ളവരുടെ നിലവിളികൾക്കു ചെവികൊടുക്കാതെ, ഞങ്ങൾക്കുവേണ്ടി മാത്രം കരുണ തേടുന്ന ദുരവസ്ഥയിൽനിന്ന് ഞങ്ങളെ രക്ഷിക്കണമേ. പന്തക്കുസ്താദിനത്തിൽ അപ്പസ്തോലന്മാരുടെ നാവുകൾ അങ്ങ് അഴിച്ചതുപോലെ, ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഇന്ന് ഞങ്ങൾക്ക് ഒരു പന്തക്കുസ്താ അനുഭവം നൽകണമേ; അങ്ങനെ വലിയവരുടെയും ചെറിയവരുടെയും മുമ്പിലും ഭരണകൂടങ്ങളുടെയും സ്ഥാപനങ്ങളുടെയും മുമ്പിലും അങ്ങയുടെ സകല ജനങ്ങളുടെയും മുമ്പിലും അവർക്കുവേണ്ടി സംസാരിക്കാൻ ഞങ്ങൾക്ക് കഴിയുമാറാകട്ടെ. ആമേൻ.


കന്യകാമറിയത്തോടുള്ള ജീവസംരക്ഷണ പ്രാർഥന

ഈശോയുടെ അമ്മയും ഞങ്ങളുടെയെല്ലാം അമ്മയുമായ മറിയമേ, ജീവനോട് “അതെ” എന്നു പറഞ്ഞ അമ്മയുടെ പക്കലേക്ക് ഇന്ന് ഞങ്ങൾ തിരിയുന്നു. “നീ ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും” എന്ന് ദൂതൻ അമ്മയോടു പറഞ്ഞു. ഇത് എങ്ങനെ സംഭവിക്കും എന്നതിനെക്കുറിച്ചുള്ള വിസ്മയവും അനിശ്ചിതത്വവും ഉണ്ടായിരുന്നിട്ടും അമ്മ സമ്മതം നൽകി. “നിന്റെ വാക്കുപോലെ എനിക്കു സംഭവിക്കട്ടെ.”

മറിയമേ, അമ്മമാരാകാൻ ഭയപ്പെടുന്ന എല്ലാ അമ്മമാർക്കുംവേണ്ടി ഇന്ന് ഞങ്ങൾ പ്രാർഥിക്കുന്നു. ഗർഭാവസ്ഥമൂലം ഭീഷണി നേരിടുന്നതായും താങ്ങാനാവാത്ത ഭാരത്തിൽ അകപ്പെട്ടതായും അനുഭവപ്പെടുന്നവർക്കുവേണ്ടി ഞങ്ങൾ പ്രാർഥിക്കുന്നു. സമ്മതം നൽകാനുള്ള കൃപയും മുന്നോട്ടുപോകാനുള്ള ധൈര്യവും ദൈവം അവർക്കു നൽകേണ്ടതിന് അവർക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കണമേ. ഗർഭച്ഛിദ്രമെന്ന വ്യാജപരിഹാരത്തെ നിരസിക്കാനുള്ള കൃപ അവർക്ക് ലഭിക്കുമാറാകട്ടെ. “നിന്റെ വാക്കുപോലെ എനിക്കു സംഭവിക്കട്ടെ” എന്ന് അമ്മയോടൊപ്പം അവരും പറയട്ടെ. ക്രൈസ്തവരുടെ സഹായം അവർ അനുഭവിച്ചറിയുകയും ദൈവഹിതം നിറവേറ്റുന്നതിൽനിന്നു ലഭിക്കുന്ന സമാധാനം അറിയുകയും ചെയ്യട്ടെ. ആമേൻ.


ഗർഭച്ഛിദ്രത്തിലൂടെ കുഞ്ഞിനെ നഷ്ടപ്പെട്ടവർക്കുവേണ്ടിയുള്ള പ്രാർഥന
ഫാ. ഫ്രാങ്ക് പവോനെ രചിച്ചത്

സകല ജീവന്റെയും നാഥാ,
അങ്ങ് ഞങ്ങളെ പരസ്പരം കരുതലിനായി ഏൽപിക്കുകയും,
ക്രിസ്തുവിൽ ഒരേ ശരീരമായിരിക്കാൻ വിളിക്കുകയും ചെയ്തിരിക്കുന്നു.

സന്തോഷിക്കുന്നവരോടൊപ്പം സന്തോഷിക്കാനും,
കരയുന്നവരോടൊപ്പം കരയാനും അങ്ങ് ഞങ്ങളെ വിളിക്കുന്നു.

ഗർഭച്ഛിദ്രത്തിലൂടെ മക്കളെ നഷ്ടപ്പെട്ട ഞങ്ങളുടെ സഹോദരീസഹോദരന്മാർക്കുവേണ്ടി
ഇന്നുള്ള ഞങ്ങളുടെ പ്രാർഥന കേൾക്കണമേ.
അവരുടെ ഹൃദയങ്ങളിലെ വേദന
മനസ്സിലാക്കാൻ ഞങ്ങളെ സഹായിക്കണമേ;
അങ്ങയുടെ സ്വീകരണത്തിന്റെയും കരുണയുടെയും സൗഖ്യദാനത്തിന്റെയും
ജീവിക്കുന്ന അടയാളമായി അവർക്കുമുമ്പിൽ നിലകൊള്ളാനും ഞങ്ങളെ സഹായിക്കണമേ.

ദുഃഖത്തിലൂടെ കടന്നുപോകാനും സൗഖ്യത്തിലേക്കുള്ള യാത്ര തുടരാനും
അവർക്ക് ധൈര്യം നൽകണമേ.
തങ്ങൾ ഒറ്റയ്ക്കാണെന്ന് അവർക്ക് ഒരിക്കലും തോന്നാൻ ഇടയാക്കരുതേ;
അങ്ങയുടെ ആത്മാവിന്റെയും ക്രിസ്തുവിലുള്ള അവരുടെ സഹോദരീസഹോദരന്മാരുടെയും സാന്നിധ്യത്താൽ
അവരെ എപ്പോഴും നവോന്മേഷമുള്ളവരാക്കണമേ.

അവരുടെ മക്കളെ അങ്ങ് സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു എന്ന
ഉറച്ച പ്രത്യാശയാൽ അവരെ ആശ്വസിപ്പിക്കണമേ.
അവർക്ക് പുതിയ ശക്തി നൽകണമേ,
അങ്ങനെ, തങ്ങൾക്കു നഷ്ടമായതിനെക്കുറിച്ച് ദുഃഖിക്കുമ്പോഴും,
അങ്ങ് അവർക്കായി ഇനിയും കരുതിവച്ചിരിക്കുന്ന
എല്ലാ നന്മകളെയും അവർ പ്രതീക്ഷയോടെ കാത്തിരിക്കട്ടെ.

സൗഖ്യത്തിന്റെയും പ്രത്യാശയുടെയും നാഥാ,
ഞങ്ങൾക്കെല്ലാവർക്കും പാപങ്ങളുടെ ക്ഷമയും,
അങ്ങയുടെ രക്ഷയുടെ ആനന്ദവും നൽകണമേ.

കർത്താവായ യേശുവിന്റെ നാമത്തിൽ ഞങ്ങൾ ഇത് അപേക്ഷിക്കുന്നു. ആമ്മേൻ.


സന്തോഷത്തിന്റെ രഹസ്യങ്ങൾ

മംഗളവാർത്ത
ദൂതന്റെ അഭിവാദനത്തിൽ മറിയം അസ്വസ്ഥയാകുന്നു; എങ്കിലും ദൈവഹിതം നിറവേറ്റുന്നതിൽ അവൾ ആനന്ദിക്കുന്നു. ഗർഭധാരണം നിമിത്തം അസ്വസ്ഥരായിരിക്കുന്നവർക്ക് ദൈവഹിതത്തിൽ ആശ്രയിക്കാനുള്ള കൃപ ലഭിക്കാനായി നമുക്കു പ്രാർത്ഥിക്കാം.

മറിയത്തിന്റെ സന്ദർശനം
സ്നാപകയോഹന്നാൻ അമ്മയുടെ ഉദരത്തിൽ ആനന്ദത്താൽ കുതിച്ചുചാടി. ഗർഭച്ഛിദ്രം ലോകത്തിലേക്കു വരാൻ “സാധ്യതയുള്ള” കുഞ്ഞുങ്ങളെക്കുറിച്ചല്ല, മറിച്ച് ഇതിനകം ലോകത്തിലുള്ളവരും അമ്മയുടെ ഉദരത്തിൽ ജീവിച്ചു വളരുന്നവരും വധിക്കപ്പെടാൻ നിശ്ചയിക്കപ്പെട്ടിരിക്കുന്നവരുമായ കുഞ്ഞുങ്ങളെക്കുറിച്ചാണെന്ന് ആളുകൾ തിരിച്ചറിയാൻ നമുക്കു പ്രാർത്ഥിക്കാം.

യേശുവിന്റെ തിരുപ്പിറവി
ദൈവംതന്നെ ഒരു ശിശുവായി ജനിച്ചു. ഒരു വ്യക്തിയുടെ മഹത്ത്വം ശരീരത്തിന്റെ വലുപ്പത്തെ ആശ്രയിച്ചല്ല ഇരിക്കുന്നത്; കാരണം, നവജാതനായ രാജാവ് വളരെ ചെറുതാണ്. ഗർഭച്ഛിദ്രഭീഷണി നേരിടുന്ന ഈ കൊച്ചുകുഞ്ഞുങ്ങളോടുള്ള മുൻവിധി അവസാനിക്കാനായി നമുക്കു പ്രാർത്ഥിക്കാം.

യേശുവിനെ ദേവാലയത്തിൽ സമർപ്പിക്കുന്നു
ശിശു ദൈവത്തിന്റേതായതിനാൽ അവനെ ദേവാലയത്തിൽ സമർപ്പിക്കുന്നു. മക്കൾ മാതാപിതാക്കളുടെയോ സർക്കാരിന്റെയോ സ്വത്തല്ല.

അവരും — നമ്മളും — ദൈവത്തിനുതന്നെ സ്വന്തമാണ്.

യേശുവിനെ ദേവാലയത്തിൽ കണ്ടെത്തുന്നു
ബാലനായ യേശു ദൈവമായതിനാൽ ജ്ഞാനം നിറഞ്ഞവനായിരുന്നു. ജീവന്റെ മഹത്ത്വത്തെക്കുറിച്ചുള്ള അവിടുത്തെ പ്രബോധനങ്ങളിലെ ജ്ഞാനം എല്ലാവരും കാണാനും, ഈ പ്രബോധനം ഒരു അഭിപ്രായമല്ല, സത്യമാണെന്ന് മനസ്സിലാക്കാനും നമുക്കു പ്രാർത്ഥിക്കാം.

 

പ്രകാശത്തിന്റെ രഹസ്യങ്ങൾ

ക്രിസ്തു ജോർദാനിൽ മാമ്മോദീസ സ്വീകരിക്കുന്നു
യേശു മാമ്മോദീസ സ്വീകരിക്കുമ്പോൾ പിതാവിന്റെ സ്വരം കേൾക്കുന്നു: “ഇവൻ എന്റെ പ്രിയപുത്രനാണ്.” മാമ്മോദീസയിലൂടെ ദൈവത്തിന്റെ ദത്തുപുത്രന്മാരും ദത്തുപുത്രിമാരുമാകാൻ എല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നു. അമ്മയുടെ ഉദരത്തിലുള്ള കുഞ്ഞുങ്ങൾ സംരക്ഷിക്കപ്പെടാനും, അങ്ങനെ അവർ ജനിച്ച് മാമ്മോദീസയിലൂടെ ക്രൈസ്തവസമൂഹത്തിലേക്ക് സ്വാഗതം ചെയ്യപ്പെടാനും നമുക്കു പ്രാർത്ഥിക്കാം.

കാനായിലെ വിവാഹവിരുന്നിൽ ക്രിസ്തു വെളിപ്പെടുത്തപ്പെടുന്നു
കാനായിലെ അത്ഭുതത്തിലൂടെ യേശു തന്റെ മഹത്ത്വം വെളിപ്പെടുത്തി. നവദമ്പതികൾ വീഞ്ഞുകൊണ്ടു മാത്രമല്ല, ക്രിസ്തുവിലുള്ള വിശ്വാസംകൊണ്ടും അനുഗ്രഹിക്കപ്പെട്ടു. കർത്താവിൽ വേരൂന്നിയതും പുതുജീവന്റെ ദാനം സ്വീകരിക്കാൻ തുറവിയുള്ളതുമായ ഉറച്ച ദാമ്പത്യബന്ധങ്ങൾക്കായി നമുക്കു പ്രാർത്ഥിക്കാം.

ക്രിസ്തു ദൈവരാജ്യം പ്രഘോഷിക്കുകയും എല്ലാവരെയും മാനസാന്തരത്തിലേക്കു വിളിക്കുകയും ചെയ്യുന്നു
“മാനസാന്തരപ്പെടുകയും സുവിശേഷത്തിൽ വിശ്വസിക്കുകയും ചെയ്യുവിൻ.” യേശുവിന്റെ പരസ്യശുശ്രൂഷയിലെ ഈ ആദ്യവാക്കുകൾ ഗർഭച്ഛിദ്രം നടത്തിയിട്ടുള്ള എല്ലാവരും കേൾക്കാനായി നമുക്കു പ്രാർത്ഥിക്കാം. കർത്താവ് തങ്ങളെ മാനസാന്തരത്തിലേക്കു വിളിക്കുന്നുവെന്ന് അവർ അറിയട്ടെ; ജീവൻ നൽകുന്ന അനുതാപം അവർ അനുഭവിക്കട്ടെ.

യേശുവിന്റെ രൂപാന്തരീകരണം
മലമുകളിൽ ക്രിസ്തു രൂപാന്തരപ്പെടുന്നു; ശിഷ്യന്മാർ അവിടുത്തെ മഹത്ത്വം ദർശിക്കുന്നു. ഓരോ മനുഷ്യജീവനെയും ദൈവത്തിന്റെതന്നെ മഹത്ത്വത്തിന്റെ പ്രതിഫലനമായി കാണാൻ കഴിയുമാറ് എല്ലാ മനുഷ്യരുടെയും കണ്ണുകൾ രൂപാന്തരപ്പെടട്ടെ.

യേശു നമുക്കു വിശുദ്ധ കുർബാന നൽകുന്നു
“ഇത് നിങ്ങൾക്കുവേണ്ടി സമർപ്പിക്കപ്പെടുന്ന എന്റെ ശരീരമാണ്.” എങ്ങനെ ജീവിക്കണമെന്നും എങ്ങനെ സ്നേഹിക്കണമെന്നും വിശുദ്ധ കുർബാന നമ്മെ പഠിപ്പിക്കുന്നു. തങ്ങൾക്കുവേണ്ടി കുഞ്ഞുങ്ങളെ ബലികഴിക്കുന്ന മാതാപിതാക്കൾ, അതിനു പകരം തങ്ങളുടെ കുഞ്ഞുങ്ങൾക്കുവേണ്ടി സ്വന്തം താത്പര്യങ്ങൾ മാറ്റിവയ്ക്കാൻ പഠിക്കട്ടെയെന്ന് നമുക്കു പ്രാർത്ഥിക്കാം.

 

ദുഃഖത്തിന്റെ രഹസ്യങ്ങൾ

തോട്ടത്തിലെ പ്രാണവേദന
ഒരു കുഞ്ഞിനെ ഗർഭച്ഛിദ്രത്തിലൂടെ ഇല്ലാതാക്കാനുള്ള പ്രലോഭനം നേരിടുന്നതിനാൽ വേദനിക്കുന്ന അമ്മമാർക്കും അപ്പന്മാർക്കും വേണ്ടി നമുക്കു പ്രാർത്ഥിക്കാം. മറ്റു മാർഗങ്ങളുണ്ടെന്ന സദ്വാർത്ത അവർക്ക് ലഭിക്കട്ടെ; ലഭ്യമായ സഹായം അവർ പ്രയോജനപ്പെടുത്തട്ടെ.

ചമ്മട്ടിയടി
ക്രിസ്തുവിനെ ചമ്മട്ടികൊണ്ടടിച്ചവരുടെ ഉപകരണങ്ങളാൽ അവിടുത്തെ മാംസം കീറിമുറിക്കപ്പെട്ടതുപോലെ, ഗർഭച്ഛിദ്രം നടത്തുന്നവരുടെ ഉപകരണങ്ങളാൽ ഗർഭസ്ഥശിശുക്കളുടെ ശരീരങ്ങളും കീറിമുറിക്കപ്പെടുന്നു. കുഞ്ഞുങ്ങളെ കൊല്ലുന്ന ഈ പ്രവൃത്തികളെക്കുറിച്ച് ഗർഭച്ഛിദ്രം നടത്തുന്നവർ അനുതപിക്കാനായി നമുക്കു പ്രാർത്ഥിക്കാം.

മുള്ളുകൊണ്ടുള്ള കിരീടധാരണം
തലയിൽ മുള്ളുകൾ തറച്ചതിന്റെ വേദന യേശു സഹിച്ചു; അവിടുന്ന് അത് നിശ്ശബ്ദമായി സഹിച്ചു. ഗർഭച്ഛിദ്രത്തിലൂടെ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ അമ്മമാർക്കും അപ്പന്മാർക്കും വേണ്ടി നമുക്കു പ്രാർത്ഥിക്കാം. ഒരിക്കലും തിരുത്താനാവാത്ത ഒരു തീരുമാനത്തെച്ചൊല്ലി അവരിൽ എത്രയോ പേർ അഗാധമായ ദുഃഖവും പശ്ചാത്താപവും അനുഭവിക്കുന്നു. അതത്ര വലിയ കാര്യമല്ലെന്ന് മറ്റുള്ളവർ പറയുന്നതിനാൽ എത്രയോ പേർ നിശ്ശബ്ദമായി വേദനിക്കുന്നു.

കുരിശു ചുമക്കൽ
ദുഷ്ടമനുഷ്യരുടെ ശക്തിയാലല്ല യേശു ശിക്ഷിക്കപ്പെട്ടത്. നല്ല മനുഷ്യരുടെ മൗനം നിമിത്തമാണ് അവിടുന്ന് ശിക്ഷിക്കപ്പെട്ടത്. മൗനം എപ്പോഴും മർദകനെയാണ് സഹായിക്കുന്നത്, ഒരിക്കലും ഇരയെയല്ല. ഗർഭച്ഛിദ്രത്തെക്കുറിച്ച് ഒരിക്കലും നിശ്ശബ്ദരായിരിക്കാതെ, കുഞ്ഞുങ്ങളെ മരണത്തിൽനിന്നു രക്ഷിക്കാൻ നാം വ്യക്തമായി ശബ്ദമുയർത്താനായി നമുക്കു പ്രാർത്ഥിക്കാം.

കുരിശുമരണം
ക്രിസ്തുവിന്റെ മരണത്തെക്കുറിച്ച് ധ്യാനിക്കുമ്പോൾ, “സുരക്ഷിതവും നിയമാനുസൃതവും” എന്നു വിളിക്കപ്പെടുന്ന ഗർഭച്ഛിദ്രങ്ങളാൽ മരണമടഞ്ഞ അനേകം സ്ത്രീകളെ നമുക്ക് ഓർക്കാം. അവർക്കുവേണ്ടി ക്ഷമയും കരുണയും യാചിക്കാം. അവരുടെ ഓർമ, ദാരുണമായ ഈ തെറ്റ് ചെയ്യുന്നതിൽനിന്ന് മറ്റു സ്ത്രീകളെ രക്ഷിക്കട്ടെ.

 

മഹിമയുടെ രഹസ്യങ്ങൾ

ഉത്ഥാനം
ക്രിസ്തു ഉയിർത്തെഴുന്നേറ്റിരിക്കുന്നു! തന്റെ ഉത്ഥാനത്തിലൂടെ അവിടുന്ന് മരണത്തിന്റെ ശക്തിയെ നശിപ്പിച്ചിരിക്കുന്നു; അതിനാൽ ഗർഭച്ഛിദ്രത്തിന്റെ ശക്തിയെയും നശിപ്പിച്ചിരിക്കുന്നു. ജീവനുവേണ്ടിയുള്ള പോരാട്ടത്തിന്റെ ഫലം ഇതിനകം തീരുമാനിക്കപ്പെട്ടിരിക്കുന്നു: ജീവൻ വിജയിച്ചിരിക്കുന്നു! ജീവന്റെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന എല്ലാവരും ഈ വിജയം നമ്മുടെ സമൂഹത്തിന്റെ എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കാനായി നമുക്കു പ്രാർത്ഥിക്കാം.

സ്വർഗാരോഹണം
പിതാവിന്റെ സിംഹാസനത്തിലേക്ക് ആരോഹണം ചെയ്യുന്നതിലൂടെ, ഗർഭപാത്രത്തിൽ നമുക്കു ലഭിച്ച മനുഷ്യസ്വഭാവത്തെ ക്രിസ്തു സ്വർഗത്തിന്റെ ഉന്നതികളിലേക്ക് ഉയർത്തുന്നു. മനുഷ്യർ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് സ്വർഗത്തിലേക്ക് ഉയർത്തപ്പെടാനാണ്, മാലിന്യക്കൂമ്പാരത്തിലേക്ക് വലിച്ചെറിയപ്പെടാനല്ല എന്ന് അവിടുന്ന് നമുക്കു കാണിച്ചുതരുന്നു. ലോകം ഈ സത്യം മനസ്സിലാക്കി ഗർഭച്ഛിദ്രത്തെ നിരസിക്കാനായി നമുക്കു പ്രാർഥിക്കാം.

പരിശുദ്ധാത്മാവിന്റെ ആഗമനം
പരിശുദ്ധാത്മാവ് നമ്മുടെ അഭിഭാഷകനാണ്: നമുക്കു നമ്മെത്തന്നെ രക്ഷിക്കാനാവാത്തതിനാൽ അവിടുന്ന് നമുക്കുവേണ്ടി വാദിക്കുന്നു. സംസാരിക്കാനോ എഴുതാനോ വോട്ടു ചെയ്യാനോ പ്രതിഷേധിക്കാനോ പ്രാർഥിക്കാൻപോലുമോ കഴിയാത്ത കുഞ്ഞുങ്ങൾക്കുവേണ്ടി വാദിക്കുന്നവരായി അവിടുന്ന് നമ്മെ മാറ്റണമെന്ന് നാം പ്രാർഥിക്കുന്നു.

പരിശുദ്ധ മാതാവിന്റെ സ്വർഗാരോപണം
പരിശുദ്ധ കന്യകാമറിയം ദൈവമാതാവായതിനാൽ ശരീരത്തോടും ആത്മാവോടുംകൂടെ സ്വർഗത്തിലേക്ക് എടുക്കപ്പെട്ടു. അമ്മയും കുഞ്ഞും പരസ്പരം ഐക്യപ്പെട്ടിരിക്കുന്നു. അവർ ഒരുമിച്ചായിരിക്കേണ്ടവരാണെന്ന് സ്വർഗാരോപണം നമ്മെ ഓർമിപ്പിക്കുന്നു. സ്ത്രീകളുടെ കുഞ്ഞുങ്ങളെ കൊന്നുകൊണ്ട് സ്ത്രീകളെ സ്നേഹിക്കാനാവില്ലെന്നും അമ്മമാരെ സഹായിക്കാതെ കുഞ്ഞുങ്ങളെ രക്ഷിക്കാനാവില്ലെന്നും സമൂഹം തിരിച്ചറിയാൻ നാം പ്രാർഥിക്കുന്നു. “എന്തുകൊണ്ട് നമുക്ക് ഇരുവരെയും സ്നേഹിച്ചുകൂടാ?” എന്ന ജീവസംരക്ഷണ ചോദ്യത്താൽ ജനങ്ങളുടെ ഹൃദയങ്ങൾ സ്പർശിക്കപ്പെടാൻ നാം പ്രാർഥിക്കുന്നു.

പരിശുദ്ധ മാതാവിന്റെ കിരീടധാരണം
മറിയം പ്രപഞ്ചത്തിന്റെ രാജ്ഞിയാണ്. ദൈവത്തിനു മാത്രം താഴെ നിൽക്കുന്ന, സൃഷ്ടികളിൽ ഏറ്റവും ശ്രേഷ്ഠയായവളാണ് അവളെന്ന് സഭ പഠിപ്പിക്കുന്നു. സഭ സ്ത്രീകളുടെ മഹത്ത്വം സംരക്ഷിക്കുന്നു. ജീവന്റെ പക്ഷത്തു നിൽക്കുക എന്നാൽ സ്ത്രീയുടെ പക്ഷത്തു നിൽക്കുക എന്നാണെന്നും, സ്ത്രീയുടെ പക്ഷത്തു നിൽക്കണമെങ്കിൽ നാം ജീവന്റെ പക്ഷത്തും നിൽക്കേണ്ടതുണ്ടെന്നും ജനങ്ങൾ മനസ്സിലാക്കാൻ നാം പ്രാർഥിക്കുന്നു.


ജീവസംരക്ഷണത്തിനായുള്ള കുരിശിന്റെ വഴിയിലെ ധ്യാനങ്ങൾ

ഒന്നാം സ്ഥലം: ഈശോ മരണത്തിനു വിധിക്കപ്പെടുന്നു
നിരപരാധിയാണെങ്കിലും, ഭരണകൂടത്തിന്റെ അധികാരത്താൽ ഈശോ ശിക്ഷയ്ക്കു വിധിക്കപ്പെടുന്നു. അതുപോലെ, ഗർഭപാത്രത്തിലുള്ള നമ്മുടെ നിരപരാധികളായ സഹോദരീസഹോദരന്മാരും ശിക്ഷയ്ക്കു വിധിക്കപ്പെട്ടിരിക്കുന്നു. അവരുടെ അവകാശങ്ങളും മഹത്ത്വവും അംഗീകരിക്കപ്പെടുന്നില്ല. ഇക്കാര്യത്തിൽ അവർ ഈശോയോടു സവിശേഷമായ സാദൃശ്യം പുലർത്തുന്നു.

രണ്ടാം സ്ഥലം: ഈശോ കുരിശു ചുമക്കാൻ നിർബന്ധിതനാകുന്നു
ലോകത്തിന്റെ രക്ഷയ്ക്കുവേണ്ടി നമ്മുടെ കർത്താവിനു വലിയ വില നൽകേണ്ടിവന്നു—കുരിശിന്റെ കഠിനവേദന. അവിടുന്ന് തന്റെ കുരിശ് ഏറ്റെടുക്കുമ്പോൾ, മറ്റുള്ളവർ ജീവിക്കേണ്ടതിനായി സഹനങ്ങൾ ഏറ്റെടുക്കാൻ നമുക്കും തീരുമാനിക്കാം. നമ്മുടെ ഗർഭസ്ഥരായ സഹോദരീസഹോദരന്മാർക്കുവേണ്ടി നിലകൊള്ളുന്നതിന്റെ വില നൽകാൻ നമുക്കു സന്നദ്ധരാകാം.

മൂന്നാം സ്ഥലം: ഈശോ ഒന്നാം പ്രാവശ്യം വീഴുന്നു
സർവശക്തനായ ദൈവം നമ്മെപ്പോലെയാകാൻ തിരഞ്ഞെടുത്തതിനാൽ ബലഹീനനായി. നിത്യത മുഴുവൻ അവിടുത്തേക്കു ശക്തിയും മഹത്ത്വവും ഉണ്ടായിരുന്നു; എന്നിട്ടും സഹനത്തിന്റെ ലോകത്തിൽ മുഴുകാൻ അവിടുന്ന് തിരഞ്ഞെടുത്തു. ജീവിതത്തിൽ നമുക്കു ലഭിച്ചിരിക്കുന്ന ആനുകൂല്യങ്ങളും അനുകൂല സാഹചര്യങ്ങളും നമ്മുടെ ഗർഭസ്ഥരായ സഹോദരീസഹോദരന്മാരെ മറക്കാൻ ഇടയാക്കാതിരിക്കട്ടെ എന്നു നാം പ്രാർഥിക്കുന്നു.

നാലാം സ്ഥലം: ഈശോ വ്യാകുലയായ തന്റെ അമ്മയെ കണ്ടുമുട്ടുന്നു
അമ്മയും കുഞ്ഞും തമ്മിലുള്ളതിനെക്കാൾ ആഴമേറിയ മറ്റൊരു ബന്ധമില്ല. അവർ ഒരുമിച്ചായിരിക്കേണ്ടവരാണ്. ഒരാൾ സഹിക്കുമ്പോൾ മറ്റേയാളും സഹിക്കുന്നു. ഒരാളെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്നാൽ മറ്റേയാളെയും സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്നാണ്. ജീവന്റെ പക്ഷത്തു നിൽക്കുക എന്നാൽ കുഞ്ഞിനെയും അമ്മയെയും ഒരുപോലെ സേവിക്കുക എന്നാണ്. “എന്തുകൊണ്ട് നമുക്ക് ഇരുവരെയും സ്നേഹിച്ചുകൂടാ?” എന്നു നമ്മുടെ സമൂഹത്തോടു ചോദിക്കുക എന്നാണ് അതിന്റെ അർഥം.

അഞ്ചാം സ്ഥലം: കിറേനക്കാരൻ ഈശോയെ കുരിശു ചുമക്കാൻ സഹായിക്കുന്നു
കർത്താവ് സഹിക്കുന്നതു പലരും നോക്കിനിന്നു. കിറേനക്കാരനായ ശിമയോൻ ആ സഹനം ലഘൂകരിക്കാൻ സഹായിച്ചു. ഗർഭച്ഛിദ്രത്തെക്കുറിച്ചു പലരും വിലപിക്കുന്നു. അതു തടയാൻ സഹായിക്കുന്നതിനായി ചിലർ യഥാർഥത്തിൽ പ്രവർത്തനരംഗത്തിറങ്ങുന്നു. ജീവസംരക്ഷണ പ്രസ്ഥാനത്തിൽ എല്ലാവരും സജീവമായി തങ്ങളുടെ പങ്കു വഹിക്കാനായി നാം പ്രാർഥിക്കുന്നു.

ആറാം സ്ഥലം: വെറോനിക്ക ഈശോയുടെ തിരുമുഖം തുടയ്ക്കുന്നു
രോഗികളുടെ മഹത്ത്വം മാനിച്ച് അവരെ ചികിത്സിക്കുന്ന അനേകം ഡോക്ടർമാരുടെയും നഴ്സുമാരുടെയും അനുകമ്പ വെറോനിക്ക കാണിക്കുന്ന അനുകമ്പയിൽ പ്രതിഫലിക്കുന്നു. വൈദ്യശുശ്രൂഷാരംഗത്തു പശ്ചാത്താപവും നവീകരണവും ഉണ്ടാകാൻ നാം പ്രാർഥിക്കുന്നു. സൗഖ്യം നൽകാൻ ഉദ്ദേശിച്ചുള്ള ഉപകരണങ്ങളും വൈദഗ്ധ്യവും ഇനിയൊരിക്കലും കൊല്ലാനായി ഉപയോഗിക്കപ്പെടാതിരിക്കട്ടെ.

ഏഴാം സ്ഥലം: ഈശോ രണ്ടാം പ്രാവശ്യം വീഴുന്നു
ജീവൻ സംരക്ഷിക്കാനുള്ള പ്രവർത്തനത്തിൽ പല തിരിച്ചടികളും പ്രതിബന്ധങ്ങളുമുണ്ട്. എങ്കിലും കുരിശിന്റെ അർഥം നമുക്കറിയാം. ബലഹീനതയിൽ ശക്തി പൂർണതയിലെത്തുന്നു. നമ്മുടെ സ്വന്തം ശക്തിയിലും കഴിവുകളിലും മാത്രമല്ല, ക്രിസ്തുവിലാണു നാം ആശ്രയിക്കുന്നത്. അവിടുത്തെ സ്വന്തം ശക്തി നമ്മെ താങ്ങിനിർത്തും.

എട്ടാം സ്ഥലം: ഈശോ ജറുസലെമിലെ സ്ത്രീകളോടു സംസാരിക്കുന്നു
തങ്ങളെയും തങ്ങളുടെ മക്കളെയും ഓർത്തു കരയാൻ ക്രിസ്തു ഈ സ്ത്രീകളോടു പറഞ്ഞു. അവിടുന്ന് ആഗ്രഹിക്കുന്നത് വ്യാജമായ ആരാധനയല്ല, പശ്ചാത്താപമാണ്. തന്നോടു നിലവിളിക്കുകയും എന്നാൽ പിന്നീട് അനീതിയും രക്തച്ചൊരിച്ചിലും അവഗണിക്കുകയും ചെയ്യുന്ന അനുയായികളെയല്ല അവിടുന്ന് ആഗ്രഹിക്കുന്നത്. ക്രിസ്തുവിൽ വിശ്വസിക്കുന്ന എല്ലാവരും അതുപോലെതന്നെ സ്വയം പ്രതിരോധിക്കാനാവാത്ത കുഞ്ഞുങ്ങൾക്കുവേണ്ടി നിലകൊള്ളട്ടെ.

ഒൻപതാം സ്ഥലം: ഈശോ മൂന്നാം പ്രാവശ്യം വീഴുന്നു
വീഴ്ചകളുണ്ടായിട്ടും നമ്മുടെ കർത്താവിനെ തടയാൻ ഒന്നിനും കഴിയില്ല; കാരണം അവിടുന്ന് സ്നേഹത്തിന്റെ ദൗത്യത്തിലാണ്. ജീവസംരക്ഷണ പ്രസ്ഥാനം സ്നേഹത്തിന്റെ പ്രസ്ഥാനമല്ലെങ്കിൽ അത് ഒന്നുമല്ല; എന്നാൽ അത് സ്നേഹത്തിന്റെ പ്രസ്ഥാനമാണെങ്കിൽ അതിനെ തടയാൻ ഒന്നിനും കഴിയില്ല. സ്നേഹം മരണത്തെക്കാൾ ശക്തവും നരകത്തെക്കാൾ കരുത്തുറ്റതുമാണ്.

പത്താം സ്ഥലം: ഈശോയുടെ വസ്ത്രങ്ങൾ ഉരിഞ്ഞെടുക്കപ്പെടുന്നു
നമ്മുടെ ഗർഭസ്ഥരായ സഹോദരീസഹോദരന്മാരെ സ്നേഹിക്കുന്നതിൽനിന്ന് ആർക്കും നമ്മെ തടയാനാവില്ല. നമ്മെക്കാൾ ശക്തരായവർ നമ്മുടെ ജനപ്രീതിയോ സ്വത്തുവകകളോ അധികാരമോ അപഹരിച്ചേക്കാം; എന്നാൽ നമ്മുടെ സ്നേഹം അപഹരിക്കാൻ അവർക്കു കഴിയില്ല. ക്രിസ്തു നമ്മോടു കാണിച്ച അതേ സ്നേഹത്താൽ നാം മറ്റുള്ളവരെ സ്നേഹിക്കുന്നു.

പതിനൊന്നാം സ്ഥലം: ഈശോ കുരിശിൽ തറയ്ക്കപ്പെടുന്നു
ഈ ലോകത്തെ സൃഷ്ടിച്ച ദൈവത്തെ ഈ ലോകത്തിന്റെ അധികാരശക്തികൾ കുരിശിൽ തറച്ചു. എല്ലാ ശക്തിയും അധികാരവും ദൈവത്തിൽനിന്നു വരുന്നു. അധികാരം പ്രയോഗിക്കുന്ന എല്ലാവരും അതിനു ദൈവത്തിന്റെ സിംഹാസനത്തിനു മുമ്പിൽ കണക്കു ബോധിപ്പിക്കേണ്ടതുണ്ട്. ഭരണാധികാരികൾ തങ്ങളുടെ അധികാരം ഗർഭപാത്രത്തിലുള്ള നിരപരാധികളായ കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ഉപയോഗിക്കട്ടെ എന്നു നാം പ്രാർഥിക്കുന്നു.

പന്ത്രണ്ടാം സ്ഥലം: ഈശോ കുരിശിൽ മരിക്കുന്നു
നമ്മുടെ കർത്താവ് മരിച്ചു. അവിടുത്തെ മക്കളിൽ എത്രയോ പേർ അവിടുത്തോടൊപ്പം മരിച്ചിരിക്കുന്നു. ഓരോ ഗർഭച്ഛിദ്രത്തിലും അവിടുത്തെ പീഡാനുഭവം വീണ്ടും ആവർത്തിക്കപ്പെടുന്നു; നമ്മുടെ രാജ്യത്ത് ഓരോ ഇരുപതു സെക്കൻഡിലും ഒന്ന് വീതം. ദൈവത്തിന്റെ ദൃഷ്ടിയിൽ ഈ പ്രവൃത്തി എത്ര ഭയാനകമാണെന്നതിന്റെ ഒരു ചെറിയ അംശം മാത്രമേ നമുക്കറിയൂ. ക്രിസ്തുവിന്റെ കുരിശുമരണം എത്ര ഭയാനകമായിരുന്നുവെന്നതിന്റെ ഒരു ചെറിയ അംശം മാത്രമേ നമുക്കറിയൂ. ഗർഭച്ഛിദ്രത്തിലൂടെ കൊല്ലപ്പെട്ട നമ്മുടെ എല്ലാ സഹോദരീസഹോദരന്മാരും ക്രിസ്തുവിന്റെ സമാധാനത്തിൽ വിശ്രമിക്കുകയും അവിടുത്തെ കുരിശിലൂടെ രക്ഷിക്കപ്പെടുകയും ചെയ്യട്ടെ.

പതിമൂന്നാം സ്ഥലം: ഈശോയെ കുരിശിൽനിന്ന് ഇറക്കുന്നു
മരിച്ചുപോയ തന്റെ പുത്രനെ മടിയിൽ വഹിക്കുന്നതിന്റെ വേദന മറിയം അനുഭവിച്ചു. ഗർഭച്ഛിദ്രത്തിനുശേഷം എത്രയോ അമ്മമാർ ദുഃഖിക്കുന്നു. മറിയം അവരെ ആശ്വസിപ്പിക്കുകയും ഗർഭച്ഛിദ്രത്തെക്കുറിച്ചുള്ള സത്യത്തെ അഭിമുഖീകരിക്കാൻ അവരെ സഹായിക്കുകയും ക്ഷമയിലേക്കും സൗഖ്യത്തിലേക്കും അവരെ നയിക്കുകയും ചെയ്യണമേ എന്നു നാം അപേക്ഷിക്കുന്നു.

പതിനാലാം സ്ഥലം: ഈശോയെ കല്ലറയിൽ അടക്കുന്നു
കല്ലറ ഒരു സ്മാരകമാണ്. ഇനിമേൽ സംസാരിക്കാനാവാത്ത വ്യക്തിയെ ഓർക്കാൻ അതു നമ്മെ സഹായിക്കുന്നു. സംസാരിക്കാൻ കഴിയാത്ത കുഞ്ഞുങ്ങളെ നാമും നമ്മുടെ സമൂഹവും ഓർക്കട്ടെ. നമ്മുടെ കർത്താവിന്റെ ഉത്ഥാനവും നിത്യജീവനെക്കുറിച്ചുള്ള അവിടുത്തെ വാഗ്ദാനവും നാം ഓർക്കട്ടെ. അവിടുന്ന് മരണത്തെ കീഴടക്കിയതിനാൽ ഗർഭച്ഛിദ്രത്തെയും കീഴടക്കിയിരിക്കുന്നു. അവിടുത്തെ വിജയം നമ്മുടെ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും നമുക്ക് എത്തിക്കാം!


സഹായക വിഭവങ്ങൾ:

നിരവധി സഹായക വിഭവങ്ങൾ: priestsforlife.org

റോയുടെ അന്ത്യം: marchforlife.org

നിങ്ങളുടെ സംസ്ഥാനത്തെ നിയമങ്ങൾ എന്തൊക്കെയാണ്?: familypolicyalliance.com

റോ വേഴ്‌സസ് വെയ്ഡ് വിധി റദ്ദാക്കിയതിനെക്കുറിച്ചുള്ള വത്തിക്കാന്റെ പ്രതികരണം

അമേരിക്കൻ ഐക്യനാടുകളിലെ മെത്രാന്മാരുടെ പ്രതികരണം

ഗർഭച്ഛിദ്രത്തിനുശേഷവും പ്രത്യാശ
പ്രോജക്ട് റേച്ചൽ