മലയാളം

ചോ. സഭയ്ക്കു പുറത്തുള്ള വിവാഹം

ചോദ്യം: ഞാൻ ഒരു കത്തോലിക്കാ യുവാവാണ്. കത്തോലിക്കയല്ലാത്ത ഒരു യുവതിയെ വിവാഹം കഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ, അവരുടെ സമ്മതം ലഭിക്കണമെങ്കിൽ അവരുടെ പള്ളിയിൽവച്ച് വിവാഹം നടത്തണമെന്ന് അവളുടെ മാതാപിതാക്കൾ നിർബന്ധിക്കുന്നു. അവരുടെ പള്ളിയിൽവച്ച് വിവാഹിതനായശേഷം, അവൾ ജ്ഞാനസ്നാനവും വിശുദ്ധ കുർബാന സ്വീകരണവും സ്ഥൈര്യലേപനവും സ്വീകരിക്കുമ്പോൾ കത്തോലിക്കാ പള്ളിയിൽവന്ന് വീണ്ടും വിവാഹം നടത്തുന്നത് സ്വീകാര്യമാകുമോ? കത്തോലിക്കാ വിശ്വാസപ്രബോധനങ്ങൾ അനുസരിക്കുന്നതിൽ എന്നോടൊപ്പം നിൽക്കാൻ ഈ യുവതി തയ്യാറാണ്. എന്നാൽ മാതാപിതാക്കളെ വേദനിപ്പിക്കാൻ അവൾ ആഗ്രഹിക്കുന്നില്ല. ദയവായി ഉപദേശം നൽകുക.

ഉത്തരം: താങ്കളുടെ ഉദ്ദേശ്യങ്ങൾ ശരിയായ ദിശയിലാണെന്നത് വ്യക്തമാണ്; താങ്കൾ ആലോചിക്കുന്ന കാര്യങ്ങൾ കുറച്ചുകൂടി മെച്ചപ്പെടുത്താൻ ഏതാനും നിർദേശങ്ങൾ മാത്രം നൽകാം.

ഒന്നാമതായി, താങ്കളുടെ വിവാഹം അനുഗ്രഹീതമാകണമെന്നും ശരിയായതു ചെയ്യണമെന്നും താങ്കൾ ആഗ്രഹിക്കുന്നുവെന്നത് വ്യക്തമാണ്. കത്തോലിക്കരെ സംബന്ധിച്ചിടത്തോളം, വിവാഹവാഗ്ദാനങ്ങൾ കത്തോലിക്കാ സഭയിൽ സ്വീകരിക്കപ്പെടേണ്ടത് അനിവാര്യമാണ്. എന്നാൽ ഇത് പല രീതികളിൽ ചെയ്യാം. ഒരു വൈദികന്റെയോ ഡീക്കന്റെയോ സാന്നിധ്യത്തിൽ കത്തോലിക്കാ പള്ളിയിൽവച്ച് വിവാഹം നടത്തുന്നതാണ് ഏറ്റവും ഉചിതമായ മാർഗം. എങ്കിലും, കത്തോലിക്കാ സഭയുടെ അംഗീകാരത്തോടെ മറ്റൊരു പള്ളിയിൽവച്ച് (കത്തോലിക്കേതര പള്ളിയിൽവച്ച്) വിവാഹം നടത്താൻ അനുവാദമുണ്ട്. അങ്ങനെയാണെങ്കിലും താങ്കൾ വൈദികനെ കാണുകയും പതിവുള്ള എല്ലാ വിവാഹ ഒരുക്കങ്ങളിലൂടെയും കടന്നുപോകുകയും വേണം. തുടർന്ന്, “കാനോനിക വിവാഹരൂപം” എന്നു വിളിക്കപ്പെടുന്ന ക്രമം പാലിക്കുന്നതിൽനിന്ന് താങ്കൾക്ക് ഒഴിവു നൽകണമെന്ന് വൈദികൻ മെത്രാനോട് അപേക്ഷിക്കും. പ്രത്യേക ഒഴിവനുവാദം നൽകപ്പെടുകയും താങ്കളുടെ വിവാഹം നമ്മുടെ സഭ പൂർണമായി അംഗീകരിക്കുകയും ചെയ്യും. അതിനാൽ ആദ്യം ചെയ്യേണ്ടത്, ഇതിനെക്കുറിച്ച് താങ്കളുടെ ഇടവകവികാരിയോട് സംസാരിച്ച് ഇത് സാധ്യമാണോ എന്ന് അന്വേഷിക്കുകയാണ്.

എന്നിരുന്നാലും, ആദ്യം ഒരു കത്തോലിക്കേതര പള്ളിയിൽവച്ച് (കാനോനിക വിവാഹരൂപത്തിൽനിന്നുള്ള ഒഴിവനുവാദമില്ലാതെ) വിവാഹം കഴിച്ചശേഷം കത്തോലിക്കാ പള്ളിയിൽവച്ച് വീണ്ടും വിവാഹം കഴിക്കുക എന്നത് നല്ല ആശയമല്ല. ഇങ്ങനെ സംഭവിക്കാറുണ്ടെങ്കിലും, ഈ രീതിയിൽ മുൻകൂട്ടി ആസൂത്രണം ചെയ്യാതിരിക്കുന്നതാണ് നല്ലത്. മറ്റൊരു ചടങ്ങിലൂടെ ഇതിനകം നിയമപരമായി ബന്ധിതമായ വിവാഹത്തിന് സാധുത നൽകുന്നതിനാണ് പിന്നീട് ആ വിവാഹം കത്തോലിക്കാ സഭയിൽ സ്വീകരിക്കപ്പെടുന്നത്. സഭയ്ക്കു പുറത്ത് വിവാഹിതരായവർ ഇങ്ങനെ ചെയ്യണമെന്ന് ശക്തമായി ശുപാർശ ചെയ്യുന്നുണ്ടെങ്കിലും, തുടക്കംമുതൽ ഇങ്ങനെ ആസൂത്രണം ചെയ്യുന്നത് നല്ലതല്ല. യഥാർഥത്തിൽ എപ്പോഴാണ് താങ്കൾ വിവാഹിതനാകുന്നത് എന്ന കാര്യത്തിൽ അത് ആശയക്കുഴപ്പമുണ്ടാക്കുന്നു. രണ്ട് വിവാഹച്ചടങ്ങുകൾ നടത്തുന്നത് നല്ലതല്ല.

അവളുടെ മാതാപിതാക്കളെക്കുറിച്ചുള്ള ആശങ്ക ന്യായമാണ്. അവരുടെ അനുഗ്രഹത്തോടെ നിങ്ങളുടെ ദാമ്പത്യജീവിതം ആരംഭിക്കാനായി അവരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. എന്നാൽ, അവർക്കു നിങ്ങളുടെ വിശ്വാസത്തെക്കാൾ മുൻഗണന നൽകരുത് എന്നതും പ്രധാനമാണ്. മുകളിൽ പറഞ്ഞ ആദ്യ നിർദേശം നടപ്പാക്കാൻ നിങ്ങൾക്കു കഴിയുമെങ്കിൽ എല്ലാം നന്നായി നടക്കും. എന്നാൽ, കാനോനിക വിവാഹക്രമം പാലിക്കുന്നതിൽനിന്ന് ഒഴിവ് നേടാൻ നിങ്ങൾക്കു കഴിയുന്നില്ലെങ്കിൽ, പ്രശ്നങ്ങൾ ഉണ്ടായാലും കത്തോലിക്കാസഭയിൽ വിവാഹം നടത്താൻ ശ്രമിക്കുന്നതായിരിക്കും ഏറ്റവും ഉചിതം. വീണ്ടും പറയട്ടെ, ഈ തീരുമാനത്തിൽ ഏറ്റവും പ്രധാനമായത് നിങ്ങളുടെ കത്തോലിക്കാ വിശ്വാസമാണ്; തുടക്കത്തിൽത്തന്നെ വിശ്വാസത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യുന്നത് പ്രശ്നങ്ങൾക്കിടയാക്കും. വിവാഹം ഏറെ കുടുംബബന്ധിതമായ ഒരു ചടങ്ങായതിനാൽ ഇങ്ങനെ ചെയ്യുക പ്രയാസമാണ്. എങ്കിലും നിങ്ങളുടെ വിശ്വാസം പിന്നിലാക്കപ്പെടരുത്.

എല്ലാറ്റിനുമുപരിയായി, ഇക്കാര്യത്തെക്കുറിച്ച് തീക്ഷ്ണമായി പ്രാർഥിക്കുകയും അതിനെക്കുറിച്ച് സംസാരിക്കാൻ ധാരാളം സമയം ചെലവഴിക്കുകയും ചെയ്യുക. ക്ഷമയോടെയിരിക്കുക; ശരിയായ രീതിയിൽ കാര്യങ്ങൾ ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. അങ്ങനെ ചെയ്തതിൽ നിങ്ങൾക്കു പിന്നീട് നന്ദിയുണ്ടാകും!


കൂടുതൽ കത്തോലിക്കാ ചോദ്യോത്തരങ്ങൾ