ചോദ്യം: ഗർഭഛിദ്രം മൂലം മരിച്ച കുഞ്ഞുങ്ങളും മൃതരായി ജനിച്ച കുഞ്ഞുങ്ങളും സ്വാഭാവിക ഗർഭമലസലിൽ നഷ്ടപ്പെട്ട കുഞ്ഞുങ്ങളും സ്വർഗത്തിൽ പോകുമോ?
ഉത്തരം: ഈ വിധങ്ങളിലൊന്നിൽ ഒരു കുഞ്ഞിനെ നഷ്ടപ്പെട്ട മാതാപിതാക്കൾക്ക് ഈ ചോദ്യം ആഴമായ വ്യക്തിപരമായ പ്രാധാന്യമുള്ളതാണ്. ആദ്യം ഊന്നിപ്പറയേണ്ട കാര്യം, ദൈവം പരിപൂർണ സ്നേഹത്തിന്റെ ദൈവമാണ് എന്നതാണ്. അവിടുത്തെ കരുണ നമ്മുടെ ഗ്രഹണശക്തിക്ക് അതീതമാണ്. ജനിക്കുന്നതിനുമുമ്പുതന്നെ ഈ ജീവിതത്തിൽനിന്നു വിടവാങ്ങുന്ന ഈ വിലയേറിയ കുഞ്ഞുങ്ങളെ സ്വീകരിക്കുന്നത് ദൈവമാണെന്ന് അറിഞ്ഞ് നാം സമാധാനത്തിലായിരിക്കണം.
അപ്പോൾ ഈ വിലയേറിയ കുഞ്ഞുങ്ങൾക്ക് എന്തു സംഭവിക്കുന്നു? ആത്യന്തികമായി നമുക്ക് അതറിയില്ല. കാരണം, അതിനുള്ള ഉത്തരം വിശുദ്ധ ലിഖിതത്തിലൂടെ നമുക്ക് നേരിട്ട് വെളിപ്പെടുത്തപ്പെട്ടിട്ടില്ല; സഭയും ഈ വിഷയത്തിൽ നിർണായകമായ ഒരു തീർപ്പ് പ്രസ്താവിച്ചിട്ടില്ല. എങ്കിലും നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനതത്ത്വങ്ങളും വിശുദ്ധരുടെ പ്രബോധനങ്ങളിലെ ജ്ഞാനവും ആധാരമാക്കി വിവിധ സാധ്യതകൾ മുന്നോട്ടുവയ്ക്കാൻ നമുക്കു കഴിയും. പരിഗണിക്കാവുന്ന ചില കാര്യങ്ങൾ ഇവയാണ്:
ഒന്നാമതായി, രക്ഷയ്ക്ക് മാമ്മോദീസയുടെ കൃപ ആവശ്യമാണെന്ന് നാം വിശ്വസിക്കുന്നു. ഈ കുഞ്ഞുങ്ങൾ മാമ്മോദീസ സ്വീകരിച്ചിട്ടില്ല. അതുകൊണ്ട് അവർ സ്വർഗത്തിലില്ലെന്ന നിഗമനത്തിൽ നാം എത്തരുത്. രക്ഷയ്ക്ക് മാമ്മോദീസ ആവശ്യമാണെന്ന് നമ്മുടെ സഭ പഠിപ്പിക്കുന്നുണ്ടെങ്കിലും, ബാഹ്യമായി മാമ്മോദീസ നൽകുന്ന കർമത്തിനു പുറത്തും ദൈവത്തിന് മാമ്മോദീസയുടെ കൃപ നേരിട്ട് നൽകാൻ കഴിയുമെന്നും സഭ പഠിപ്പിക്കുന്നു. അതിനാൽ താൻ തിരഞ്ഞെടുക്കുന്ന വിധത്തിൽ ഈ കുഞ്ഞുങ്ങൾക്ക് മാമ്മോദീസയുടെ കൃപ നൽകാൻ ദൈവത്തിനു തീരുമാനിക്കാം. ദൈവം തന്നെത്തന്നെ കൂദാശകളോടു ബന്ധിപ്പിക്കുന്നു; എന്നാൽ അവിടുന്ന് അവയാൽ ബന്ധിതനല്ല. അതുകൊണ്ട് മാമ്മോദീസയുടെ ബാഹ്യകർമം സ്വീകരിക്കാതെ ഈ കുഞ്ഞുങ്ങൾ മരിക്കുന്നു എന്നതിനെക്കുറിച്ച് നാം ആശങ്കപ്പെടേണ്ടതില്ല. ദൈവം അങ്ങനെ തിരുമനസ്സാകുന്നെങ്കിൽ, ഈ കൃപ അവർക്ക് നേരിട്ടു നൽകാൻ അവിടുത്തേക്ക് അനായാസം കഴിയും.
രണ്ടാമതായി, ഗർഭച്ഛിദ്രത്തിലൂടെ ജീവൻ നഷ്ടപ്പെട്ട കുഞ്ഞുങ്ങളിൽ ആരൊക്കെ ദൈവത്തെ തിരഞ്ഞെടുക്കുമായിരുന്നു, ആരൊക്കെ തിരഞ്ഞെടുക്കുമായിരുന്നില്ല എന്ന് അവിടുത്തേക്ക് അറിയാമെന്ന് ചിലർ അഭിപ്രായപ്പെടുന്നു. ഈ ലോകത്തിൽ സ്വന്തം ജീവിതം നയിക്കാൻ അവർക്ക് ഒരിക്കലും കഴിഞ്ഞില്ലെങ്കിലും, അതിനുള്ള അവസരം ലഭിച്ചിരുന്നെങ്കിൽ ഈ കുട്ടികൾ എങ്ങനെ ജീവിക്കുമായിരുന്നു എന്ന അറിവും ദൈവത്തിന്റെ പരിപൂർണമായ അറിവിൽ ഉൾപ്പെടുന്നുവെന്ന് ചിലർ അനുമാനിക്കുന്നു. ഇത് വെറുമൊരു അനുമാനം മാത്രമാണെങ്കിലും, തീർച്ചയായും ഒരു സാധ്യതയാണ്. ഇത് ശരിയാണെങ്കിൽ, ദൈവത്തിന്റെ ധാർമികനിയമത്തിനും അവരുടെ സ്വതന്ത്രമനസ്സിനെക്കുറിച്ചുള്ള അവിടുത്തെ പരിപൂർണമായ അറിവിനും അനുസൃതമായി ഈ കുട്ടികൾ വിധിക്കപ്പെടും.
മൂന്നാമതായി, ദൈവം മാലാഖമാർക്ക് രക്ഷ വാഗ്ദാനം ചെയ്തതിനു സമാനമായ രീതിയിൽ ഈ കുഞ്ഞുങ്ങൾക്കും രക്ഷ വാഗ്ദാനം ചെയ്യുന്നുവെന്ന് ചിലർ അഭിപ്രായപ്പെടുന്നു. ദൈവസന്നിധിയിൽ എത്തുമ്പോൾ ഒരു തിരഞ്ഞെടുപ്പു നടത്താൻ അവർക്ക് അവസരം ലഭിക്കുന്നു; ആ ഒരൊറ്റ തിരഞ്ഞെടുപ്പ് അവരുടെ നിത്യമായ തിരഞ്ഞെടുപ്പായിത്തീരുന്നു. സ്നേഹത്തോടും സ്വാതന്ത്ര്യത്തോടുംകൂടെ ദൈവത്തെ സേവിക്കണമോ വേണ്ടയോ എന്ന് മാലാഖമാർ തിരഞ്ഞെടുക്കേണ്ടിവന്നതുപോലെ, മരണനിമിഷത്തിൽ ദൈവത്തെ തിരഞ്ഞെടുക്കാനോ നിരസിക്കാനോ ഈ കുട്ടികൾക്കും അവസരം ലഭിക്കുന്നുണ്ടാകാം. ദൈവത്തെ സ്നേഹിക്കാനും സേവിക്കാനും അവർ തിരഞ്ഞെടുക്കുന്നെങ്കിൽ, അവർ രക്ഷിക്കപ്പെടുന്നു. ദൈവത്തെ നിരസിക്കാനാണ് അവർ തിരഞ്ഞെടുക്കുന്നതെങ്കിൽ (മാലാഖമാരിൽ മൂന്നിലൊന്ന് ചെയ്തതുപോലെ), അവർ സ്വതന്ത്രമായി നരകം തിരഞ്ഞെടുക്കുകയാണ്.
നാലാമതായി, മാമ്മോദീസ സ്വീകരിക്കാതെ മരിക്കുന്ന കുട്ടികളെ സഭ ദൈവത്തിന്റെ കരുണയ്ക്ക് ഭരമേൽപ്പിക്കുന്നു. ദൈവം അവരെ എങ്ങനെ തന്നിലേക്കു കൊണ്ടുവരുമെന്ന് നമുക്ക് അറിയില്ലെങ്കിലും, അവരോടുള്ള അവിടുത്തെ സ്നേഹം അവരുടെ രക്ഷയിൽ പ്രത്യാശ വയ്ക്കാൻ നമുക്ക് കാരണമാകുന്നു (കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം, 1261).
അവസാനമായി, അത്യന്തം വിലപ്പെട്ട ഈ കുട്ടികളെ നമ്മിൽ ആർക്കും ഒരിക്കലും സ്നേഹിക്കാൻ കഴിയുന്നതിനെക്കാൾ എത്രയോ അധികമായി ദൈവം സ്നേഹിക്കുന്നുവെന്ന് നാം തികഞ്ഞ ഉറപ്പോടെ വിശ്വസിക്കണം. ദൈവത്തിന്റെ കരുണയും നീതിയും പരിപൂർണമാണ്; ആ കരുണയ്ക്കും നീതിക്കും അനുസൃതമായിട്ടായിരിക്കും ഈ കുഞ്ഞുങ്ങളോട് അവിടുന്ന് ഇടപെടുക.
