വിശുദ്ധി തേടാൻ നിങ്ങൾ ആഗ്രഹിക്കുന്നതെന്തുകൊണ്ടാണ്? അതിലുപരി, അതുകൊണ്ട് കൃത്യമായി എന്താണ് അർത്ഥമാക്കുന്നത്? ആശയതലത്തിൽ നോക്കുമ്പോൾ, വിശുദ്ധരാകുക എന്നത് കൗതുകമുണർത്തുന്നതും ആകർഷകവും നിഗൂഢവും ആദരണീയവുമായി തോന്നുന്നു. എന്നാൽ, നിങ്ങൾ സ്വയം വിശുദ്ധരാകാൻ ആഗ്രഹിക്കുന്നുണ്ടോ?
ഈ ചോദ്യം നേരിടുമ്പോൾ, മിക്കപ്പോഴും ആദ്യം മനസ്സിൽ വരുന്നത്, “ഞാൻ എന്തൊക്കെ ഉപേക്ഷിക്കേണ്ടിവരും?” എന്ന ചിന്തയാണ്. വിശുദ്ധിയെ പലപ്പോഴും നിഷേധാത്മകമായ രീതിയിലാണ് കാണുന്നത്. അതായത്, ജീവിതത്തിൽ “രസകരമായ” മിക്ക കാര്യങ്ങളും ഉപേക്ഷിച്ച ആദരണീയരായ വ്യക്തികളായിട്ടാണ് വിശുദ്ധരായവരെ പലപ്പോഴും കാണുന്നത്.
വിശുദ്ധനായ ഒരാളെക്കുറിച്ചു ചിന്തിക്കുമ്പോൾ ആദ്യം ആരാണ് നിങ്ങളുടെ മനസ്സിൽ വരുന്നത്? പ്രശസ്തനായ ഒരു വിശുദ്ധനോ? വിനയമുള്ള ഒരു വൈദികനോ? മഠത്തിന്റെ ആവൃതിക്കുള്ളിൽ ജീവിക്കുന്ന ഒരു സന്ന്യാസിനിയോ? സ്നേഹമുള്ള ഒരു അമ്മായിയോ മുത്തശ്ശിയോ? മനസ്സിൽ വരുന്നത് ആരായാലും, നാം ആദരിക്കുന്ന നല്ല മനുഷ്യരായിട്ടാണ് അവരെ പലപ്പോഴും കാണുന്നത്; എങ്കിലും അവരെ അനുകരിക്കാൻ നാം തീരുമാനിച്ചിട്ടില്ല. എന്തുകൊണ്ടാണത്?
വിശുദ്ധി എന്നത് നിങ്ങൾ നേടാൻ പരിശ്രമിക്കണമെന്ന് ആഗ്രഹിക്കുന്ന ഒന്നാണെന്ന് വ്യക്തമാക്കുകയാണ് ഈ ആദ്യ അധ്യായത്തിന്റെ ലക്ഷ്യം. വാസ്തവത്തിൽ, നിങ്ങൾ തിരിച്ചറിയുന്നുണ്ടെങ്കിലും ഇല്ലെങ്കിലും, നിങ്ങൾ ഹൃദയത്തിന്റെ ആഴത്തിൽ നേടാൻ ആഗ്രഹിക്കുന്ന ഒന്നാണത്. ഇല്ല, വിശുദ്ധിയുള്ള ഒരു ജീവിതം കൈവരിക്കുക എളുപ്പമല്ല. “നിങ്ങൾക്ക് ചെയ്യാൻ തോന്നുന്നതുകൊണ്ട് നിങ്ങൾ ആഗ്രഹിക്കുന്നതെന്തും ചെയ്യുന്ന” ഒരു ജീവിതമല്ല അത്. അത്തരം ലക്ഷ്യങ്ങൾ വളരെ ഉപരിപ്ലവമാണ്; അവ ഒരിക്കലും പൂർണമായി കൈവരിക്കാനുമാവില്ല.
സന്തോഷത്തിനായുള്ള സഹജമായ ആഗ്രഹത്തോടെയാണ് നാമെല്ലാവരും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. നാം ആഗ്രഹിക്കുന്ന സന്തോഷം എങ്ങനെ കൈവരിക്കാം എന്ന കാര്യത്തിൽ മിക്കപ്പോഴും നമുക്ക് ആശയക്കുഴപ്പമുണ്ടാകുന്നു എന്നതാണ് പ്രശ്നം. ചിലർ സമ്പന്നരാകുന്നതിനെക്കുറിച്ച് നിരന്തരം സ്വപ്നം കാണുന്നു. എന്നാൽ, സത്യസന്ധമായി അതിനെക്കുറിച്ചു ചിന്തിക്കുക. നിങ്ങൾക്ക് $100 മില്യൺ ഡോളർ സമ്മാനമായി ലഭിച്ചാൽ, അത് നിങ്ങളെ സന്തോഷിപ്പിക്കുമോ? ഒരുപക്ഷേ അതിന് ഉത്തരം പറയുക പ്രയാസമായിരിക്കും; കാരണം, പുറമേ നോക്കുമ്പോൾ അത് ഏറെ അഭിലഷണീയമായി തോന്നാം. അത്രയും സമ്പത്തുകൊണ്ട് നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങളെക്കുറിച്ചെല്ലാം ചിന്തിച്ചുനോക്കൂ!
എന്നാൽ, ലോകത്തിലെ പണം മുഴുവൻ ലഭിച്ചാലും അത് നിങ്ങളെ കൂടുതൽ സന്തോഷമുള്ളവരാക്കില്ല എന്നതാണ് സത്യം. ലോട്ടറി ജയിക്കുന്നവർ വാസ്തവത്തിൽ കൂടുതൽ സന്തോഷം കൈവരിക്കുന്നില്ലെന്ന് തെളിയിക്കുന്ന വിവിധ ആഴത്തിലുള്ള പഠനങ്ങൾപോലും നടന്നിട്ടുണ്ട്. തീർച്ചയായും, ധാരാളം പണം കുറെയൊക്കെ മാനസികസമ്മർദം കുറയ്ക്കുകയും ചില കാര്യങ്ങളിൽ ജീവിതം എളുപ്പമാക്കുകയും രസകരമായ പല കാര്യങ്ങളും ചെയ്യാൻ നിങ്ങളെ പ്രാപ്തരാക്കുകയും ചെയ്തേക്കാം. എന്നാൽ, ആത്യന്തികമായി പണമോ പ്രശസ്തിയോ പദവിയോ വിജയമോ ഈ ലോകം ഉന്നതമായി കരുതുന്ന മറ്റെന്തെങ്കിലുമോ യഥാർത്ഥ അർത്ഥത്തിൽ നിങ്ങളെ കൂടുതൽ സന്തോഷമുള്ളവരാക്കില്ല.
“പ്രശസ്തി” നിങ്ങളെ സന്തോഷിപ്പിക്കുമെന്ന മിഥ്യാധാരണയെക്കുറിച്ചും ചിന്തിക്കുക. ഉദാഹരണത്തിന്, നിങ്ങൾ പ്രശസ്തനായ ഒരു നടനോ അധികാരമുള്ള ഒരു രാഷ്ട്രീയനേതാവോ പ്രമുഖനായ ഒരു സംരംഭകനോ ആയിരുന്നെങ്കിൽ, ആ സ്ഥാനം ജീവിതത്തിൽ ഉടനടി സംതൃപ്തി നൽകുമോ? ഇവിടെയും, വിജയത്തോടും പ്രശസ്തിയോടുമൊപ്പം ഒരു പരിധിവരെയുള്ള സംതൃപ്തി എപ്പോഴും ഉണ്ടാകും. എന്നാൽ അത് അത്ര ആഴമുള്ളതല്ല; കൂടുതൽ വേണമെന്ന ആഗ്രഹം മാത്രമേ അത് നിങ്ങളിൽ അവശേഷിപ്പിക്കൂ.
കുറച്ചു വർഷങ്ങൾക്കുമുമ്പ്, ഹോളിവുഡിലെ വളരെ പ്രശസ്തയായ ഒരു നടിയുമായുള്ള അഭിമുഖം ഒരു ദേശീയ പത്രത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. വലിയ വിരുന്നുകൾക്കുശേഷം ഹോട്ടൽ മുറിയിലേക്ക് മടങ്ങിയെത്തുമ്പോൾ, താൻ പലപ്പോഴും പെട്ടെന്ന് കടുത്ത ഏകാന്തത അനുഭവിക്കുന്നതായി ആ അഭിമുഖത്തിൽ നടി പങ്കുവച്ചു. ഹോളിവുഡിലെ ഏറ്റവും മികച്ച സാമൂഹിക ഒത്തുചേരലുകളിലൊന്നിൽനിന്ന് വീട്ടിലേക്കു മടങ്ങുന്ന ഒരു പ്രശസ്ത നടിയാണ് നിങ്ങളെങ്കിൽ, ഏകാന്തതയല്ല, നല്ല സന്തോഷമാണ് അനുഭവപ്പെടുക എന്നായിരിക്കും ആരും കരുതുക.
എന്നാൽ, സന്തോഷം ലോകത്തിനു നൽകാൻ കഴിയുന്ന ഒന്നല്ല. സമ്പത്തോ പ്രശസ്തിയോ ലൗകികവിജയമോ ഒരിക്കലും അതു കൊണ്ടുവരുന്നില്ല. അതു കൂടുതൽ ആഴമുള്ള ഒന്നാണ്; ആർക്കും അതു നേടാനാകും.
കുറെ വർഷങ്ങൾക്കുമുമ്പ്, അമേരിക്കയിൽനിന്നുള്ള ഒരു വൈദികവിദ്യാർഥി ഭാഷയും സംസ്കാരവും പഠിക്കാനായി ഒരു വിദേശരാജ്യത്ത് വേനൽക്കാലം ചെലവഴിച്ചു. അവിടത്തെ വളരെ ദരിദ്രമായ ഒരു ഗ്രാമത്തിൽ അദ്ദേഹം ഒരാഴ്ച താമസിച്ചു. അവിടെയുള്ള പല വീടുകളിലും നിലം വെറും മണ്ണായിരുന്നു. ഒരു ദിവസം, അവിടത്തെ ഒരു കർഷകൻ ആ വൈദികവിദ്യാർഥിയുമായി സംഭാഷണത്തിലേർപ്പെട്ടു. അവിടത്തുകാർ കഴിയുന്ന ദാരിദ്ര്യത്തെക്കുറിച്ചോർത്ത് ആ ആഴ്ച മുഴുവൻ അദ്ദേഹത്തിന് വിഷമം തോന്നിയിരുന്നു. അതുകൊണ്ട് കർഷകൻ തന്നോടു പറഞ്ഞത് കേൾക്കാൻ അദ്ദേഹം ഒട്ടും തയ്യാറായിരുന്നില്ല. കർഷകൻ അദ്ദേഹത്തെ നോക്കി പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു: “പാവം അമേരിക്കക്കാരേ! നിങ്ങൾക്ക് എത്രയോ സാധനങ്ങളുണ്ട്; ജീവിതത്തിൽ നിങ്ങൾ എപ്പോഴും തിരക്കിലുമാണ്. എന്നെ നോക്കൂ! എനിക്ക് ആഗ്രഹിക്കാവുന്നതെല്ലാം എനിക്കുണ്ട്. എന്റെ ആടുകളോടൊപ്പവും എന്റെ വയലുകളിലുമായി ഞാൻ ദിവസം ചെലവഴിക്കുന്നു. എനിക്കൊരു നല്ല കുടുംബമുണ്ട്; ഞാൻ ആഗ്രഹിക്കുന്നതെല്ലാമുണ്ട്.” തന്റെ ഭൗതികസമ്പത്തും സാമൂഹികപദവിയും കണ്ട് ആ വയോധികൻ തന്നോടു സഹതപിച്ചതിൽ അതിശയവും കൗതുകവും തോന്നിയാണ് ആ വൈദികവിദ്യാർഥി ആ സംഭാഷണം കഴിഞ്ഞ് മടങ്ങിയത്!
എന്താണ് യഥാർഥ സന്തോഷം? ലളിതമായി പറഞ്ഞാൽ, സന്തോഷമെന്നത് വിശുദ്ധിയാണ്. ജീവിതത്തിൽ പൂർണമായ സംതൃപ്തിയിലേക്കുള്ള ഏക വഴി വിശുദ്ധിയാണ്. നിങ്ങളുടെ ഹൃദയത്തിൽ അനുഭവപ്പെടുന്ന ആഴമായ അഭിലാഷത്തെ തൃപ്തിപ്പെടുത്താൻ മറ്റൊന്നിനും അടുത്തെത്താൻപോലും കഴിയില്ല. വിശുദ്ധ അഗസ്തീനോസിന്റെ പ്രസിദ്ധമായ വാക്കുകളിൽ, “കർത്താവേ, അങ്ങയിൽ വിശ്രമിക്കുന്നതുവരെ ഞങ്ങളുടെ ഹൃദയങ്ങൾ അസ്വസ്ഥമാണ്.” ചിലപ്പോഴെങ്കിലും നിങ്ങളുടെ ഹൃദയം അസ്വസ്ഥമാണെന്ന് നിങ്ങൾക്ക് തോന്നാറുണ്ടോ? ജീവിതത്തിൽ എന്തോ കുറവുണ്ടെന്ന് തോന്നാറുണ്ടോ? എന്താണ് ആ കുറവ്? നിങ്ങൾക്ക് അനുഭവപ്പെടുന്ന ആ ശൂന്യത നികത്താൻ എന്തിനു കഴിയും?
വിശുദ്ധിയുടെ നിർവചനം
നിങ്ങളെ സന്തുഷ്ടരാക്കുന്നത് വിശുദ്ധിയാണെന്ന വസ്തുത അംഗീകരിക്കാൻ നിങ്ങൾക്കു കഴിയുമെങ്കിൽ, അടുത്ത ഏറ്റവും പ്രധാനപ്പെട്ട ചോദ്യം ഇതാണ്: വിശുദ്ധരായിരിക്കുക എന്നതിന്റെ അർഥമെന്താണ്? ഭക്താനുഷ്ഠാനങ്ങളിൽ മുഴുകി, എപ്പോഴും പള്ളിയിൽ പോയി, പ്രശ്നങ്ങളിൽനിന്ന് അകന്നുനിന്ന്, എല്ലാവരോടും നല്ല രീതിയിൽ പെരുമാറി, എല്ലാ നിലയിലും ഒരു നല്ല വ്യക്തിയായി ജീവിക്കുക എന്നതുമാത്രമാണോ വിശുദ്ധി? ഒരു പരിധിവരെ അങ്ങനെയായിരിക്കാം. എന്നാൽ അത് വിശുദ്ധിയെക്കുറിച്ചുള്ള വളരെ ലളിതവത്കരിച്ച ഒരു നിർവചനമാണ്; പൂർണമായും കൃത്യവുമല്ല.
യഥാർഥ വിശുദ്ധിയെ അതിന്റെ ഏറ്റവും ആഴത്തിലുള്ള രൂപത്തിൽ മനസ്സിലാക്കാൻ ഗഹനമായ ഒരു നിർവചനം ആവശ്യമാണ്. നിങ്ങളുടെ ജീവിതത്തിന്റെ ഓരോ ഭാഗവും വിനയപൂർവം ദൈവത്തിനു സമർപ്പിക്കുക, ഒന്നും മാറ്റിവയ്ക്കാതെ സ്വമനസ്സാലെ നിങ്ങളെത്തന്നെ മറ്റുള്ളവർക്കു നൽകുക, ജീവിതത്തിലെ എല്ലാ സഹനങ്ങളെയും സ്നേഹത്തോടെ സ്വീകരിക്കാൻ തീരുമാനിക്കുക, അവയെ ക്രിസ്തുവിന്റെ കുരിശിനോടു ചേർത്തുവയ്ക്കാൻ തീരുമാനിക്കുക, ഈ ലോകം നല്ലതെന്നു പറഞ്ഞ് വാഗ്ദാനം ചെയ്യുന്നതെല്ലാം ഉപേക്ഷിച്ച് പകരം സ്വർഗത്തിന്റെ സമ്പത്ത് തിരഞ്ഞെടുക്കുക—ഇതാണ് അതിന്റെ അർഥം. ഇത് ആകർഷകമായി തോന്നുന്നുണ്ടോ? ആദ്യമൊന്നും അങ്ങനെ തോന്നിയെന്നുവരില്ല. എന്നാൽ വിശുദ്ധിയെ നിർവചിക്കുന്ന ഈ ഗുണങ്ങൾ നിങ്ങൾ മനസ്സിലാക്കിയിരുന്നെങ്കിൽ, പൂർണാത്മാവോടെ അവയ്ക്കായി നിങ്ങൾ ആഗ്രഹിക്കുമായിരുന്നു. വിശുദ്ധിയെക്കുറിച്ചുള്ള ഈ നിർവചനം തുടക്കത്തിൽ അൽപം ദുഷ്കരമായി തോന്നുന്നുവെങ്കിൽ, ഇപ്പോൾത്തന്നെ ആശങ്കപ്പെടേണ്ടതില്ല. വളരെ ആഴമുള്ള ഈ നിർവചനം ഈ പുസ്തകത്തിന്റെ ശേഷിക്കുന്ന ഭാഗങ്ങളിൽ ശ്രദ്ധാപൂർവവും സമഗ്രവുമായി വിശദീകരിക്കും.
കൂടാതെ, നിസ്വാർഥമായ ജീവിതത്തിലാണ് വിശുദ്ധി കണ്ടെത്തുന്നത്. സ്വാർഥതയിലേക്കുള്ള നമ്മുടെ ചായ്വുമൂലം മിക്കവർക്കും നിസ്വാർഥരായിരിക്കുക പ്രയാസമാണ്. തന്റെ മിഠായി സഹോദരനുമായി പങ്കുവയ്ക്കാൻ ആവശ്യപ്പെടുന്ന രണ്ടു വയസ്സുള്ള ഒരു കുട്ടിയെക്കുറിച്ചു ചിന്തിക്കുക. രണ്ടു വയസ്സുള്ള കുട്ടി സ്വാർഥതയെ ഇനിയും അതിജീവിച്ചിട്ടില്ല; അതിനാൽ തന്റെ മിഠായി മറ്റൊരാൾക്കു കൊടുക്കുന്നതിൽ അവനു വലിയ സംതൃപ്തി തോന്നുകയില്ല. ദുഃഖകരമെന്നു പറയട്ടെ, നമ്മിൽ പലരും ജീവിതത്തിൽ നിസ്വാർഥതയിലേക്കു വളരുന്നില്ല; പകരം ആത്മീയമായി “പിച്ചവയ്ക്കുന്ന കുഞ്ഞുങ്ങളായി” തുടരാൻ തിരഞ്ഞെടുക്കുന്നു.
ഈശോയുടെ ഈ വാക്കുകൾ ഓർക്കുക: “എന്തെന്നാൽ, സ്വന്തം ജീവൻ രക്ഷിക്കാൻ ആഗ്രഹിക്കുന്നവൻ അതു നഷ്ടപ്പെടുത്തും; എന്നാൽ എന്നെപ്രതി സ്വന്തം ജീവൻ നഷ്ടപ്പെടുത്തുന്നവൻ അതു രക്ഷിക്കും” (ലൂക്കാ 9:24). നമ്മുടെ ജീവിതം “നഷ്ടപ്പെടുത്തുക” എന്നതിനർഥം, സ്വാർഥതയെ അതിജീവിക്കാൻ പഠിക്കുകയും പകരം എന്തു വില കൊടുക്കേണ്ടിവരുമെന്നു കണക്കുകൂട്ടാതെ നമ്മെത്തന്നെ മറ്റുള്ളവർക്കു നൽകാൻ തീരുമാനിക്കുകയും ചെയ്യുക എന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ മാത്രമേ നാം കണ്ടെത്തുകയുള്ളൂ, നാം ആരാണെന്ന്; അപ്പോൾ മാത്രമേ നാം ആയിത്തീരുകയുള്ളൂ, ആരായിരിക്കാനാണോ നാം സൃഷ്ടിക്കപ്പെട്ടത് ആ വ്യക്തിയായി. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നിങ്ങൾ സജീവമായി നിസ്വാർഥജീവിതം നയിക്കുമ്പോൾ രണ്ടു കാര്യങ്ങൾ സംഭവിക്കുന്നു. ഒന്നാമതായി, നിങ്ങൾ നിങ്ങളെത്തന്നെ “കണ്ടെത്തുന്നു.” ദൈവത്തിന്റെ പദ്ധതിയനുസരിച്ച് മനുഷ്യനായിരിക്കുക എന്നതിന്റെ അർഥം നിങ്ങൾ കണ്ടെത്തുന്നു. നിസ്വാർഥരായിരിക്കാനാണ് ദൈവം നിങ്ങളെ സൃഷ്ടിച്ചത്; നിസ്വാർഥമായി പ്രവർത്തിക്കുമ്പോൾ മാത്രമാണ് നിങ്ങൾ ആരാണെന്നതിനെക്കുറിച്ചുള്ള ഈ ആഴമുള്ള സത്യം കണ്ടെത്തുന്നത്. രണ്ടാമതായി, നിങ്ങൾ ആരായിരിക്കാനാണ് സൃഷ്ടിക്കപ്പെട്ടതെന്നു കണ്ടെത്തുമ്പോൾ, നിങ്ങൾ ആ വ്യക്തിയായി മാറുകയും ചെയ്യുന്നു. നിസ്വാർഥമായി പ്രവർത്തിക്കുന്നതിലൂടെ നിങ്ങൾ ആയിത്തീരുന്നു, നിസ്വാർഥരായി; അങ്ങനെ, ദൈവം നിങ്ങളെ ആരായിരിക്കാനാണോ സൃഷ്ടിച്ചത് ആ വ്യക്തിയായി മാറുന്നു എന്ന അർഥത്തിൽ നിങ്ങൾ കൂടുതൽ പൂർണമായി മനുഷ്യരായിത്തീരുന്നു. സ്വയം കണ്ടെത്തുകയും സ്വയം രൂപാന്തരപ്പെടുകയും ചെയ്യുന്ന ഈ പ്രക്രിയ ഉൾക്കാഴ്ച പകരുന്നതും മഹനീയവുമാണ്!
ഉദാഹരണത്തിന്, എബനേസർ സ്ക്രൂജിന്റെ സുപരിചിതമായ ക്രിസ്മസ് കഥ ഓർക്കുക. ആ കഥയിൽ, എബനേസർ തന്നെയും തന്റെ സമ്പത്തിനെയും കുറിച്ചു മാത്രം ചിന്തിച്ച് തികച്ചും സ്വാർഥകേന്ദ്രിതമായ ഒരു ജീവിതം നയിച്ചു. കഴിഞ്ഞകാലത്തെയും വർത്തമാനകാലത്തെയും ഭാവികാലത്തെയും ക്രിസ്മസിന്റെ പ്രേതരൂപങ്ങളുമായി രാത്രിയിൽ ഉണ്ടായ കൂടിക്കാഴ്ചയ്ക്കുശേഷം അയാളുടെ കണ്ണുകൾ തുറന്നു. മറ്റുള്ളവർക്കായി തന്നെത്തന്നെ നൽകുന്നതും അവരുടെ ആവശ്യങ്ങൾക്കു മുൻഗണന നൽകുന്നതുമാണ് തന്റെ ജീവിതത്തിൽ നഷ്ടമായിരുന്നതെന്ന തിരിച്ചറിവോടെയാണ് അയാൾ ഉണർന്നത്. തത്ഫലമായി, പുതുതായി കണ്ടെത്തിയ പരസ്നേഹജീവിതം അയാളെ അത്യധികമായ സന്തോഷംകൊണ്ടു നിറച്ചു. ആ കഥയിൽ, എബനേസർ താൻ ആരായിരിക്കാനാണ് സൃഷ്ടിക്കപ്പെട്ടതെന്നു കണ്ടെത്തുകയും നിസ്വാർഥമായ പരസ്നേഹപ്രവൃത്തികളിലൂടെ ആ വ്യക്തിയായി മാറുകയും ചെയ്തു. നമ്മുടെ ജീവിതലക്ഷ്യം കണ്ടെത്താനും വിശുദ്ധരായിത്തീരാനും നാം എല്ലാവരും പരിശ്രമിക്കേണ്ടത് ഇത്തരമൊരു കണ്ടെത്തലിനായിട്ടാണ്.
ജീവിതത്തിലെ കഷ്ടപ്പാടുകളും നാം സഹിക്കുന്ന എല്ലാ ദുരിതങ്ങളും ദൈവവുമായുള്ള നമ്മുടെ ബന്ധത്തിന് തടസ്സമാകുന്നതിനുപകരം, അവിടുത്തോടുള്ള ഐക്യത്തിന്റെ ഉറവിടമാകാൻ നാം അനുവദിക്കുന്നതും വിശുദ്ധിയുടെ അർഥത്തിൽ ഉൾപ്പെടുന്നു. ഇത് എളുപ്പമുള്ള കാര്യമല്ല! സഹിക്കേണ്ടിവരുമ്പോൾ നാം ഉടനെ സ്വാർഥതയിലേക്കു പ്രലോഭിതരാകുകയും നമുക്കേറ്റ മുറിവുകളിലേക്കുമാത്രം നോക്കാൻ പ്രവണത കാണിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്, ഒരാൾക്ക് അതികഠിനമായ പല്ലുവേദനയുണ്ടെങ്കിൽ, ആ വേദനയ്ക്കിടയിൽ മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കാൻ പ്രയാസമായിരിക്കാം. എന്നാൽ സഹനവും വിശുദ്ധിയും യഥാർഥത്തിൽ പരസ്പരവിരുദ്ധമല്ല. അതുകൊണ്ടുതന്നെ സഹനവും സന്തോഷവും പരസ്പരവിരുദ്ധമല്ല. മറിച്ച്, കൃപയാൽ രൂപാന്തരപ്പെടുമ്പോൾ സഹനം ജീവിതത്തിലെ ഏറ്റവും വലിയ സംതൃപ്തിയുടെ ഉറവിടമായി മാറാൻ കഴിയും.
നമ്മുടെ കർത്താവിന്റെ ജീവിതത്തെക്കുറിച്ചു ചിന്തിക്കുക. അവിടുന്ന് മനുഷ്യരൂപത്തിൽ വിശുദ്ധിയെ അതിന്റെ പൂർണതയിൽ ജീവിച്ചു; അതിനാൽ അവിടുന്ന് വിശുദ്ധിയുടെ പരിപൂർണ മാതൃകയാണ്. അവിടുന്ന് ദൈവമായിരുന്നു. എല്ലാ സുകൃതങ്ങളും അവിടുത്തിൽ നിറഞ്ഞിരുന്നു; അവിടുന്ന് എല്ലാ മനുഷ്യരെയും ഉപാധികളില്ലാതെ സ്നേഹിച്ചു. എന്നിരുന്നാലും, ഒടുവിൽ പലരും അവിടുത്തെ വെറുക്കുകയും പീഡിപ്പിക്കുകയും വധിക്കുകയും ചെയ്തു. എങ്കിലും ഇവയിലെല്ലാം അവിടുന്ന് ഓരോ സഹനവും മടികൂടാതെ സ്വീകരിച്ച് അതിനെ ത്യാഗപൂർണമായ സ്നേഹത്തിന്റെ പ്രവൃത്തിയാക്കി മാറ്റി.
ആഴത്തിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ചോദ്യം ഇതാണ്: ഈ ലോകത്തിൽ യേശു സന്തോഷവാനായിരുന്നോ? അവിടുന്ന് സഹിച്ച പീഡകൾ അവിടുത്തെ മാനുഷികമായ ജീവിതസംതൃപ്തി കവർന്നെടുത്തോ? ഉത്തരം കണ്ടെത്തേണ്ട വളരെ പ്രധാനപ്പെട്ട ചോദ്യങ്ങളാണിവ. സത്യത്തിൽ, തികച്ചും നിസ്വാർഥമായി തന്നെത്തന്നെ നൽകാനും, അന്യായമായ പീഡനവും മരണവും ഏറ്റുവാങ്ങി അവയെ ത്യാഗപൂർണമായ സ്നേഹമാക്കി മാറ്റാനും കഴിഞ്ഞതിൽ യേശു ആഴമായ ആനന്ദം കണ്ടെത്തി; അങ്ങനെ ചെയ്യുന്നതിൽ അവിടുന്ന് അതീവ സന്തോഷം അനുഭവിച്ചു. ഈ അവസാന പ്രസ്താവനയിൽ ആഴമേറിയ അർഥം അടങ്ങിയിട്ടുണ്ടെങ്കിലും, യേശു തന്റെ ജീവിതത്തിൽ പൂർണമായും സന്തോഷവാനായിരുന്നു എന്നു നാം അറിയണം. വാസ്തവത്തിൽ, ലോകത്തിന്റെ രക്ഷയ്ക്കായി സ്വന്തം ജീവൻ ബലിയർപ്പിക്കാൻ പിതാവിന്റെ തിരുഹിതമനുസരിച്ച് വിളിക്കപ്പെട്ടപ്പോൾ അവിടുത്തെ ആനന്ദം വർധിച്ചു. അവിടുന്ന് സഹിച്ച കഷ്ടപ്പാടുകളും പീഡനങ്ങളും അവിടുത്തെ സന്തോഷം കുറച്ചില്ല. മറിച്ച്, തന്റെ സഹനങ്ങളെ സ്നേഹത്തോടെ സ്വീകരിച്ചതിനാൽ അവ അവിടുത്തെ സന്തോഷം വർധിപ്പിക്കുകയാണ് ചെയ്തത്. പീഡനത്തോടും മറ്റു തരത്തിലുള്ള സഹനങ്ങളോടുമുള്ള നിങ്ങളുടെ പ്രതികരണം സ്നേഹമായി മാറുമ്പോൾ, നിങ്ങളുടെ ആത്മാവ് രൂപാന്തരപ്പെടുകയും കൂടുതൽ പൂർണമായി ക്രിസ്തുവിന്റെ സാദൃശ്യത്തിലാകുകയും ചെയ്യുന്നു. ഈ രൂപാന്തരമാണ് മറ്റൊന്നിനും തുല്യമാകാനാവാത്ത ആഴമേറിയ ജീവിതസംതൃപ്തി നൽകുന്നത്.
അതെ, യേശു ദൈവമായിരുന്നു. അതുകൊണ്ട്, അവിടുത്തെ മാതൃക അനുകരിക്കാനും അവിടുത്തെ സാദൃശ്യത്തിൽ പൂർണമായി പങ്കുചേരാനും നിങ്ങൾക്ക് കഴിയുമെന്ന് വിശ്വസിക്കാൻ പ്രയാസമായിരിക്കാം. എന്നാൽ ജീവിതത്തിൽ നിങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നത് കൃത്യമായും അതിനാണ്. ദൈവംതന്നെ പൂർണനായിരിക്കുന്നതുപോലെ നിങ്ങളും “പൂർണരാകാൻ” വിളിക്കപ്പെട്ടിരിക്കുന്നു (മത്തായി 5:48 കാണുക). നിങ്ങൾ അനുകരിക്കേണ്ട ആദർശം യേശുവിന്റെ ജീവിതമാണെന്ന് വിശ്വസിക്കാൻ നിങ്ങൾക്കു കഴിയുമെങ്കിൽ, വിശുദ്ധിയിലേക്കുള്ള പാതയിൽ യാത്ര തുടങ്ങാൻ നിങ്ങൾ തയ്യാറായിക്കഴിഞ്ഞു.
നിങ്ങളുടെ ബുദ്ധിയിൽനിന്ന് ഹൃദയത്തിലേക്ക്
നിങ്ങൾ ചെയ്യേണ്ടത് എന്താണെന്നു വിശ്വസിക്കുന്നത്, നിങ്ങൾ വിശ്വസിക്കുന്നതനുസരിച്ച് പ്രവർത്തിക്കുന്നതിനെക്കാൾ വളരെ എളുപ്പമാണ്. നമ്മുടെ ബുദ്ധിക്ക് പലപ്പോഴും ആദർശം ഗ്രഹിക്കാൻ കഴിയും; എന്നാൽ ആ ആദർശം തിരഞ്ഞെടുക്കാൻ നമ്മുടെ ഇച്ഛാശക്തി പലപ്പോഴും പാടുപെടുന്നു. എന്നിരുന്നാലും, രണ്ടു ഘട്ടങ്ങളുള്ള ഈ പ്രക്രിയ മനസ്സിലാക്കുന്നത് സഹായകരമാണ്.
വിശ്വസിക്കുകയാണ് ആദ്യപടി. നിങ്ങൾ അനുകരിക്കാൻ വിളിക്കപ്പെട്ടിരിക്കുന്ന ആദർശം ഗ്രഹിക്കാൻ നിങ്ങളുടെ ബുദ്ധി ആദ്യം ശ്രമിക്കണം. നിങ്ങളുടെ മാതൃകയായ ക്രിസ്തുവിന്റെ ജീവിതത്തിന്റെ പരിപൂർണത മനസ്സിലാക്കാൻ നിങ്ങൾ പരിശ്രമിക്കണം. ദൈവത്തിന്റെ തിരുഹിതത്തെക്കുറിച്ച് ധ്യാനിക്കുകയും, അവിടുന്ന് നൽകിയ മാതൃകയിലൂടെ നിങ്ങൾക്കായി തിരഞ്ഞെടുത്ത പുണ്യജീവിതം ഗ്രഹിക്കുകയും വേണം.
എന്നാൽ, അറിയുക എന്നത്—ദൈവത്തെയും അവിടുത്തെ പരിശുദ്ധ ഹിതത്തെയും അറിയുക എന്നത്—ആദ്യപടി മാത്രമാണ്. അവിടെനിന്ന്, വിശ്വാസത്തിലൂടെ നിങ്ങൾ അറിഞ്ഞ കാര്യങ്ങൾ നിങ്ങളുടെ ഇച്ഛാശക്തിയിലേക്കു കടന്നുവരാൻ അനുവദിക്കണം; അങ്ങനെ നിങ്ങളുടെ ഹൃദയം മാറാൻ കഴിയും. നിങ്ങളുടെ വിശ്വാസബോധ്യങ്ങൾ ബുദ്ധിയിൽനിന്ന് ഇച്ഛാശക്തിയിലേക്കു കടക്കുമ്പോൾ, ദൈവത്തിന്റെ തിരുഹിതം തിരഞ്ഞെടുക്കാനും അതനുസരിച്ചു ജീവിക്കാനുമുള്ള ശക്തി നിങ്ങൾക്കു ലഭിക്കുന്നു. മനുഷ്യന്റെ ഇച്ഛാശക്തി ദൈവത്തിന്റെ തിരുഹിതത്തോട് അനുരൂപപ്പെടുമ്പോൾ മാത്രമാണ് നിങ്ങൾ വിശുദ്ധരാകാൻ തുടങ്ങുന്നത്. നിങ്ങളുടെ ഇച്ഛാശക്തിയുടെ രൂപാന്തരത്തോടൊപ്പം നിങ്ങളുടെ ഹൃദയം ദൈവസാന്നിധ്യത്താൽ നിറയുന്നു.
ഒരു ഉപമയായി, ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെന്ന് സങ്കൽപ്പിക്കുക. അതിനായി, ശരീരഭാരം കുറയ്ക്കാനുള്ള ഏറ്റവും പുതിയ പദ്ധതികളെക്കുറിച്ചെല്ലാം വായിച്ചറിയാൻ നിങ്ങൾ ഏതാനും ആഴ്ചകൾ ചെലവഴിക്കുന്നു. അതിനിടയിൽ, ഏതൊക്കെയാണ് ഫലപ്രദമെന്നും ഏതൊക്കെയല്ലെന്നും അറിയുന്ന ഒരു വിദഗ്ധനെപ്പോലെ നിങ്ങൾ ആയിത്തീരുന്നു. പലതരത്തിലുള്ള ഭക്ഷണക്രമങ്ങളെക്കുറിച്ചുള്ള വിലയിരുത്തലുകൾ പഠിക്കുകയും അനുയോജ്യമായ ഭക്ഷണങ്ങളും പോഷകപൂരകങ്ങളും വാങ്ങുകയുംപോലും ചെയ്യുന്നു. എന്നാൽ, ശരീരഭാരം കുറയ്ക്കുന്നതിനെക്കുറിച്ച് പഠിക്കുന്നതും ശരീരഭാരം കുറയ്ക്കുന്നതും തികച്ചും വ്യത്യസ്തമാണ്. ശരീരഭാരം കുറയ്ക്കാനുള്ള ഏറ്റവും നല്ല പദ്ധതികളെക്കുറിച്ച് നിങ്ങൾ പഠിച്ച വിവരങ്ങളെല്ലാം നിങ്ങളുടെ ജീവിതത്തിൽ ഫലം പുറപ്പെടുവിക്കണമെങ്കിൽ, ആ പദ്ധതികൾ ജീവിതത്തിൽ നടപ്പാക്കിത്തുടങ്ങണം.
വിശുദ്ധിയുടെ കാര്യവും അങ്ങനെതന്നെയാണ്. ദൈവത്തിന്റെ തിരുഹിതം നിങ്ങളുടെ ബുദ്ധിയിൽനിന്ന് ഇച്ഛാശക്തിയിലേക്കു കടന്നുവരുന്നത് എളുപ്പമല്ല. അതിന് ഏറെ പുണ്യവും ഏറെ മാനസാന്തരവും ആവശ്യമാണ്. ഓരോ ചുവടുവീതം മാത്രമേ അതു സാധ്യമാകൂ. എന്നാൽ, ആ യാത്ര ആരംഭിക്കാൻ തീരുമാനിക്കുകയും ആ വഴിയിലൂടെ മുന്നോട്ടുപോവുകയും ചെയ്താൽ, നിങ്ങളുടെ ജീവിതം രൂപാന്തരപ്പെടുന്നതിനൊപ്പം പുരോഗതി കണ്ടുതുടങ്ങും.
ഈ യാത്ര ആരംഭിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗങ്ങളിൽ ഒന്ന് വ്യക്തവും പ്രായോഗികവുമായ ചുവടുകൾ സ്വീകരിക്കുക എന്നതാണ്. ദൈവത്തിന്റെ മനസ്സും തിരുഹിതവും നാം വിശദമായി പരിശോധിക്കണം. തുടർന്ന് ഈ വെളിപാടിന്റെ വെളിച്ചത്തിൽ നമ്മുടെ സ്വന്തം ചിന്തകളെ വിലയിരുത്തണം. നമ്മുടെ ചിന്തകളെയും പ്രവൃത്തികളെയും, ഒടുവിൽ നമ്മുടെ ഹൃദയങ്ങളെയും ആഗ്രഹങ്ങളെയും തീക്ഷ്ണമായ അഭിലാഷങ്ങളെയും വികാരങ്ങളെപ്പോലും മാറ്റാൻ ദൈവകൃപയെ അനുവദിക്കുകയും വേണം.
തിരിഞ്ഞുനടക്കാത്ത പാത
“തിരിഞ്ഞുനടക്കാത്ത പാതയിൽ” യാത്ര ആരംഭിക്കാൻ തീരുമാനിക്കുക എന്നത് നിങ്ങൾ തുടക്കത്തിൽ എടുക്കേണ്ട പ്രധാനപ്പെട്ട ഒരു തീരുമാനമാണ്. യേശുവിന്റെ വാക്കുകൾ ഓർക്കുക: “കലപ്പയിൽ കൈവച്ചിട്ട് പിന്നിൽ വിട്ടുപോന്നവയിലേക്കു നോക്കുന്ന ആരും ദൈവരാജ്യത്തിന് യോഗ്യനല്ല” (ലൂക്കാ 9:62). നിങ്ങൾ വിശുദ്ധിക്കായി സൃഷ്ടിക്കപ്പെട്ടവരാണെന്നും, വിശുദ്ധിയാണ് മാനുഷികമായ ജീവിതസംതൃപ്തിയിലേക്കുള്ള പാതയെന്നും, അതുകൊണ്ടുതന്നെ സന്തോഷത്തിലേക്കുള്ള പാതയെന്നും ഉള്ള അടിസ്ഥാനതത്ത്വം അംഗീകരിക്കാൻ കഴിയുന്നെങ്കിൽ, അതു നേടാൻ പരിശ്രമിക്കുമെന്ന് പ്രതിജ്ഞയെടുക്കുക. വിശുദ്ധമായ ഒരു ജീവിതം നേടാൻ പരിശ്രമിക്കുക; ആ യാത്രയിൽ വഴികാട്ടികളായി തുടർന്നുവരുന്ന പ്രായോഗിക ധ്യാനചിന്തകൾ ഉപയോഗിക്കുക.
ഇ-പുസ്തകമായോ കടലാസ് പുറംചട്ടയുള്ള അച്ചടിപ്പതിപ്പായോ ലഭ്യമാണ്:
Amazon – Google Play – iTunes – Barnes and Noble
