മലയാളം

ഉപസംഹാരം

“സ്വർഗീയ ശ്രേണിയിലൂടെയുള്ള ആരോഹണം: സെറാഫിക മഹത്വത്തിലേക്കുള്ള സുവർണപ്പടവുകൾ” എന്ന ഗ്രന്ഥം, ഈ ജീവിതത്തിൽ വിശുദ്ധിയുടെ പരമോന്നത ശിഖരങ്ങളിലേക്കും അതുവഴി വരാനിരിക്കുന്ന ജീവിതത്തിൽ ഏറ്റവുമുയർന്ന നിത്യമഹത്വത്തിലേക്കും എത്തിച്ചേരാൻ ഓരോ ആത്മാവും ക്ഷണിക്കപ്പെട്ടിരിക്കുന്ന ആഴമേറിയ ആത്മീയയാത്രയെക്കുറിച്ച് അന്വേഷിക്കുന്നു. എല്ലാ മനുഷ്യരിലും സഹജമായുള്ള സന്തോഷത്തിനായുള്ള അഭിലാഷം എടുത്തുകാട്ടിക്കൊണ്ടാണ് നാം ആരംഭിക്കുന്നത്. ആ അഭിലാഷം സഫലമാക്കാനുള്ള നമ്മുടെ വ്യക്തിഗത യാത്രകൾ പിശാചുക്കളുടെ വഞ്ചനകളും പതിതമായ നമ്മുടെ ലോകത്തിന്റെ സ്വാധീനങ്ങളും ദുഷ്പ്രവണത ഉളവാക്കുന്ന ആശയക്കുഴപ്പവും നിമിത്തം എളുപ്പത്തിൽ വഴിതെറ്റിപ്പോകുന്നു. ഈ വഞ്ചനകളും ആശയക്കുഴപ്പവും ഒഴിവാക്കാൻ, വിശുദ്ധലിഖിതവും സഭാപ്രബോധനവും വിശുദ്ധരുടെ രചനകളും നമ്മുടെ ബുദ്ധിയും ഇച്ഛാശക്തിയും ദൈവത്തിന്റെ സത്യത്തിനായി തുറക്കാൻ സഹായിക്കുന്നു. നമ്മെ സ്വതന്ത്രരാക്കുന്ന ഏകസത്യം അതാണ്.

നാം സ്വീകരിക്കേണ്ട ആത്യന്തികസത്യം ഇതാണ്: ദൈവത്തിന്റെ വചനം ശ്രവിക്കാനും അവിടുത്തെ കൃപയാൽ രൂപാന്തരപ്പെടാനും പരമമായ ഉദാരതയോടെ പ്രത്യുത്തരിക്കാനും നമ്മിൽ ഓരോരുത്തരെയും ദൈവം വിളിച്ചിരിക്കുന്നു. കൂടുതൽ പൂർണമായി ഇപ്രകാരം ചെയ്യുന്നവർക്ക് നിത്യത മുഴുവൻ സൗഭാഗ്യദർശനത്തിന്റെ കൂടുതൽ വ്യക്തമായ കാഴ്ചയും കൂടുതൽ തീവ്രമായ അനുഭവവും പ്രതിഫലമായി ലഭിക്കും. കുറഞ്ഞ അളവിൽ ഇപ്രകാരം ചെയ്യുന്നവരും എന്നാൽ കൃപാവസ്ഥയിൽ മരിക്കുന്നവരുമായവർ, ശുദ്ധീകരണസ്ഥലത്തിലെ ശുദ്ധീകരണം പൂർത്തിയാകുമ്പോൾ ദൈവത്തെ മുഖാമുഖം ദർശിച്ച് പൂർണസന്തുഷ്ടരാകും. അവരുടെ സൗഭാഗ്യദർശനത്തിന്റെ വ്യക്തതയും തീവ്രതയും ഈ ജീവിതത്തിൽ ദൈവഹിതത്തോടു സഹകരിച്ച അളവിന് അനുസൃതമായിരിക്കും. എന്നിരുന്നാലും, സ്വർഗത്തിൽ അസൂയ ഉണ്ടാകുകയില്ല; എല്ലാവരും പൂർണസംതൃപ്തരായിരിക്കും.

മാലാഖമാരുടെ ഒൻപതു വൃന്ദങ്ങളടങ്ങുന്ന സ്വർഗീയ ശ്രേണിയെക്കുറിച്ച് ഭാഗികമായും ഊഹാത്മകമായും മാത്രമേ നമുക്ക് അറിവുള്ളൂവെങ്കിലും, സഭയിലെ ഏറ്റവും പ്രഗത്ഭരായ ചില വേദപാരംഗതരുടെ പ്രബോധനങ്ങളും വിശുദ്ധരായ ചില മിസ്റ്റിക്കുകൾക്കു ലഭിച്ച സ്വകാര്യ വെളിപാടുകളും നമുക്ക് ധ്യാനിക്കാൻ ധാരാളം കാര്യങ്ങൾ നൽകുന്നു. സ്വർഗത്തിലെ മാലാഖമാരുടെയും വിശുദ്ധരുടെയും ക്രമബദ്ധമായ ഈ ശ്രേണിയെക്കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യം വളർത്തിയെടുക്കാൻ ഇവ വിശ്വാസത്തിന്റെ ഉറച്ച മിസ്റ്റിക്കൽ തത്ത്വങ്ങൾ നൽകുന്നു. സഭയുടെ മിസ്റ്റിക്കൽ ദൈവശാസ്ത്രം സമ്പന്നവും പുരാതനവുമാണ്. നൂറ്റാണ്ടുകളിലൂടെയുള്ള ആ മിസ്റ്റിക്കൽ പാരമ്പര്യത്തെ പിന്തുടർന്നുകൊണ്ട്, കർമനിരതവും ധ്യാനാത്മകവുമായ ജീവിതത്തിന് ഊന്നൽ നൽകിയ ആദിമ സഭാപിതാക്കന്മാർ അവതരിപ്പിച്ച ദ്വിഘട്ട ദൈവശാസ്ത്രത്തെക്കുറിച്ച് നാം വിചിന്തനം ചെയ്യുന്നു. അരെയോപാഗസുകാരനായ സ്യൂഡോ-ഡയനീഷ്യസ് ഈ ദ്വിഘട്ട പ്രക്രിയയെ വികസിപ്പിച്ചതാണ് പിന്നീട് ശുദ്ധീകരണത്തിന്റെയും പ്രകാശനത്തിന്റെയും ഐക്യത്തിന്റെയും മാർഗങ്ങൾ എന്നറിയപ്പെട്ടത്. പിൽക്കാല എഴുത്തുകാരായ വിശുദ്ധ ബൊനവെന്തൂരാ, ആവിലായിലെ വിശുദ്ധ ത്രേസ്യാ, കുരിശിന്റെ വിശുദ്ധ യോഹന്നാൻ തുടങ്ങിയവർ ഈ ആത്മീയയാത്രയെക്കുറിച്ചുള്ള ചിന്തകൾ കൂടുതൽ വികസിപ്പിക്കുകയും സഭാചരിത്രത്തിൽ മിസ്റ്റിക്കൽ ദൈവശാസ്ത്രത്തെക്കുറിച്ചുള്ള ഏറ്റവും സമ്പന്നവും ആധികാരികവുമായ കൃതികൾ രചിക്കുകയും ചെയ്തു.

ഈ മഹത്തായ മിസ്റ്റിക്കൽ ദൈവശാസ്ത്രങ്ങളെ സ്വർഗത്തിലെ ശ്രേണിയുമായി സമന്വയിപ്പിച്ചുകൊണ്ട്, ഈ ജീവിതത്തിലെ നമ്മുടെ മാനുഷികയാത്രയിൽ ഒൻപതു പടികൾ ഉണ്ടെന്ന് ഊഹാത്മകമായി നാം വിവരിക്കുന്നു. അവ വരാനിരിക്കുന്ന ജീവിതത്തിൽ അവയ്ക്കനുസൃതമായ മഹത്വത്തിന്റെ ഒൻപതു തലങ്ങളിലേക്കു നയിക്കുന്നു. ഹാക്കെബോണിലെ വിശുദ്ധ മെറ്റിൽഡയുടെ മിസ്റ്റിക്കൽ ഭാഷ ഉപയോഗിച്ച്, നിത്യമഹത്വത്തിന്റെ ഈ ഒൻപതു തലങ്ങളെ “ഒൻപതു പടികളുള്ള, ഇരുവശത്തും അനേകം മാലാഖമാർ ചുറ്റിനിൽക്കുന്ന ഒരു സുവർണഗോവണി”യിലൂടെ നാം അവതരിപ്പിക്കുന്നു. ഈ ഒൻപതു പടികൾ ഈ ലോകത്തിലെ മനുഷ്യന്റെ മാനസാന്തരത്തെ സൂചിപ്പിക്കുകയും കൃപയുടെ സഹായത്തോടെ കൂടുതൽ ഉയരത്തിലേക്കു കയറാൻ പ്രചോദനം നൽകുകയും ചെയ്യുന്നു. ഈ ഒൻപതു പടികളിൽ ഓരോന്നിനെയും മാലാഖമാരുടെ ഒൻപതു വൃന്ദങ്ങളിൽ ഓരോന്നുമായി ഊഹാത്മകമായി ബന്ധപ്പെടുത്തുമ്പോൾ, നാമും പങ്കുചേരാൻ ക്ഷണിക്കപ്പെട്ടിരിക്കുന്ന അവരുടെ നിത്യമഹത്വത്തിന്റെ ആരോഹണാവസ്ഥകളെക്കുറിച്ച് ധ്യാനിക്കുക മാത്രമല്ല, ദൈവത്തിന്റെ പദ്ധതിപ്രകാരം ഓരോ വൃന്ദവും നമ്മുടെ ജീവിതത്തിൽ വഹിക്കുന്ന പങ്കിനെക്കുറിച്ചുള്ള ഉൾക്കാഴ്ച നേടുകയും ചെയ്യുന്നു.

ആ രൂപകാത്മകമായ സുവർണപ്പടവുകൾ സാവധാനം കയറുന്നതിനുള്ള ഏറ്റവും പ്രായോഗികവും പ്രയോജനപ്രദവുമായ സമീപനം ഈ പുസ്തകത്തിന്റെ രണ്ടാം ഭാഗം പരിശോധിക്കുന്നു: ദൈവപുത്രന്റെ മനുഷ്യജീവിതത്തെ അനുകരിക്കുക എന്നതാണ് അത്. മനുഷ്യാവതാരം ചെയ്ത ദൈവപുത്രൻ തന്റെ ഗർഭധാരണത്തിന്റെ നിമിഷം മുതൽ പൂർണനായിരുന്നെങ്കിലും, തന്റെ ദൈവത്വം ക്രമേണ വെളിപ്പെടുത്താനാണ് അവിടുന്ന് തിരുമനസ്സായത്. അങ്ങനെ അവിടുന്ന് രക്ഷയുടെയും കൃപയുടെയും ഏക ഉറവിടം മാത്രമല്ല, നമ്മുടെ മാനുഷികയാത്രയുടെ മാതൃകയുമായിത്തീർന്നു. ജപമാലയുടെ രഹസ്യങ്ങൾ ക്രിസ്തുവിന്റെ ജീവിതത്തിലൂടെ കാലക്രമമനുസരിച്ചുള്ള ഒരു യാത്രയിലേക്കു നമ്മെ നയിക്കുകയും പ്രാർഥനാപൂർവമായ ധ്യാനത്തിനുള്ള പ്രായോഗിക മാർഗം നൽകുകയും ചെയ്യുന്നതിനാൽ, ഈ രഹസ്യങ്ങളെക്കുറിച്ചുള്ള നമ്മുടെ വിചിന്തനങ്ങൾ നമ്മുടെ പൊതുവായ യാത്രയിൽ വെളിച്ചം വീശുകയും നമ്മുടെ ആത്മീയയാത്രകളിൽ നിരന്തരം ഉയരാൻ പ്രാർഥനാപൂർവമായ ഒരു വഴി നൽകുകയും ചെയ്യുന്നു. ക്രിസ്തുവിന്റെ ജീവിതത്തിലെ രഹസ്യങ്ങളെ ഈ ഒൻപതു പടികളുമായി പ്രാർഥനാപൂർവമായും ഊഹാത്മകമായും ബന്ധപ്പെടുത്തുന്നതിലൂടെ, നമ്മുടെ വ്യക്തിഗത ആത്മീയയാത്രകളെ ക്രിസ്തു വെളിപ്പെടുത്തുന്ന വിശുദ്ധിയോട് അനുരൂപമാക്കുന്നു. അങ്ങനെ മാനസാന്തരത്തിലൂടെ നമുക്ക് തുടർന്നും ഉയരാൻ കഴിയും.

മേൽപ്പറഞ്ഞ മിസ്റ്റിക്കൽ ദൈവശാസ്ത്രത്തെയും ക്രിസ്തുവിന്റെ ജീവിതത്തിൽനിന്നുള്ള പാഠങ്ങളെയും കുറിച്ചുള്ള ഈ പ്രാർഥനാപൂർവമായ ധ്യാനം നിങ്ങൾ ഇപ്പോൾ പൂർത്തിയാക്കിയിരിക്കുകയാണല്ലോ. നിങ്ങളുടെ യാത്രയെ ക്രിസ്തുവിന്റെ ജീവിതമാതൃകയുമായി ബന്ധിപ്പിക്കുന്നതിന് തുടർന്നും ഉപയോഗിക്കാവുന്ന ഒരു മാർഗദർശനം ഈ പുസ്തകത്തിന്റെ അവസാന ഭാഗം നൽകുന്നു. തുടർന്ന് വരുന്ന ജപമാല ധ്യാനങ്ങൾ ഈ പുസ്തകത്തിന്റെ ഒരു പ്രധാന ഭാഗമാണ്. കാരണം, ഈ ജീവിതത്തിൽ ദൈവവുമായുള്ള ഐക്യത്തിലേക്കും വരാനിരിക്കുന്ന ജീവിതത്തിൽ സെറാഫിക മഹത്വത്തിലേക്കുമുള്ള നിങ്ങളുടെ നിരന്തരമായ ആരോഹണത്തിന് അവ പ്രായോഗിക മാർഗദർശനം നൽകുന്നു. അതിനാൽ, പഠിച്ച പാഠങ്ങൾ തുടർന്നും സമൃദ്ധമായ സദ്ഫലങ്ങൾ പുറപ്പെടുവിക്കേണ്ടതിന് വർഷംതോറും ഈ ധ്യാനങ്ങൾ ഉപയോഗിക്കണമെന്ന് ശക്തമായി ശുപാർശ ചെയ്യുന്നു.


അടുത്തത്: ജപമാലയ്ക്കായുള്ള ദൈനംദിന ധ്യാനങ്ങൾ

ഉള്ളടക്കം

കടലാസ് പുറംചട്ടയുള്ള പതിപ്പ് – Kindle ഇ-പുസ്തകം – Google Play – Apple Books – മറ്റു രൂപങ്ങളിലും!