നോമ്പുകാലത്തിലെ ഒന്നാം ആഴ്ചയിലെ ശനിയാഴ്ച
യേശു മരുഭൂമിയിൽ ചെലവഴിച്ച നാല്പതു ദിവസങ്ങളെക്കുറിച്ചുള്ള വിശുദ്ധ മത്തായിയുടെ വിവരണത്തിൽ പിശാചിന് “പ്രലോഭകൻ” എന്ന വിശേഷണം നൽകുന്നു. വിശുദ്ധ ലൂക്കാ അവനെ “പിശാച്” എന്നും വിശുദ്ധ മർക്കോസ് “സാത്താൻ” എന്നും വിളിക്കുന്നു. ഉപവാസത്തിന്റെയും പ്രാർഥനയുടെയും ഈ കാലയളവിനായി യേശു മരുഭൂമിയിലേക്കു പോയതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ദുഷ്ടന്റെ പ്രലോഭനങ്ങളെ നേരിട്ടു അഭിമുഖീകരിക്കുക എന്നതായിരുന്നുവെന്ന് ഈ മൂന്നു സുവിശേഷങ്ങളും നമ്മോടു പറയുന്നു.
സാത്താനെ “പ്രലോഭകൻ” എന്നു വിശേഷിപ്പിക്കുന്നത് ഉചിതമാണ്; കാരണം, എല്ലാവരെയും സംബന്ധിച്ചുള്ള അവന്റെ മുഖ്യലക്ഷ്യം എന്താണെന്ന് അത് വ്യക്തമാക്കുന്നു. സാത്താൻ, ലൂസിഫർ, അഥവാ പിശാച് സൃഷ്ടിക്കപ്പെട്ടപ്പോൾ നല്ലവനും സുന്ദരനുമായിട്ടാണ് സൃഷ്ടിക്കപ്പെട്ടത് എന്ന വസ്തുത ഓർക്കുക. ദൈവത്തിന്റെ “പ്രകാശവാഹകൻ” ആയിരിക്കുക എന്നതായിരുന്നു അവന്റെ സൃഷ്ടിയുടെ ലക്ഷ്യമെന്ന് “ലൂസിഫർ” എന്ന പേര് സൂചിപ്പിക്കുന്നു. എത്ര ഉദാത്തവും മഹിമയേറിയതുമായ ഉത്തരവാദിത്വം!
സൃഷ്ടിക്കപ്പെട്ട മറ്റെല്ലാ മാലാഖമാരെയും മനുഷ്യരെയുംപോലെ പിശാചും സ്വതന്ത്ര ഇച്ഛാശക്തിയോടെയാണ് സൃഷ്ടിക്കപ്പെട്ടത്. ദൈവഹിതത്തോടു പൂർണമായി ഐക്യപ്പെട്ടുകൊണ്ട് ദൈവത്തെ സ്നേഹിക്കാനോ, സ്വന്തം ഇഷ്ടം തിരഞ്ഞെടുത്തുകൊണ്ട് ഈ വിശുദ്ധ വിളി നിരസിക്കാനോ അവനു കഴിയുമായിരുന്നു. തീർച്ചയായും, അവൻ രണ്ടാമത്തേതു തിരഞ്ഞെടുത്തു. വെളിപാട് പുസ്തകത്തിൽ വിവരിക്കുന്നതുപോലെ, അതിന്റെ ഫലമായി പിശാചും സൃഷ്ടിക്കപ്പെട്ട എല്ലാ മാലാഖമാരിൽ മൂന്നിലൊന്നു ഭാഗവും തങ്ങളുടെ സ്വതന്ത്ര ഇച്ഛാശക്തിയാൽ, തങ്ങളുടെ ജീവിതത്തിനായുള്ള ദൈവത്തിന്റെ ലക്ഷ്യം നിരസിക്കാൻ തീരുമാനിച്ചു. എന്നാൽ പതിച്ചുപോയ ഈ മാലാഖമാരെക്കുറിച്ച് നാം മനസ്സിലാക്കേണ്ട പ്രധാന കാര്യം ഇതാണ്: പതിതാവസ്ഥയിലും, സൃഷ്ടിയുടെ നിമിഷത്തിൽ അവർക്കു നൽകപ്പെട്ട സ്വാഭാവിക ശക്തികൾ അവർ നിലനിർത്തുന്നു. നമ്മുടെ മനസ്സിൽ ചിന്തകൾ ഉണർത്താനും നമ്മെ സ്വാധീനിക്കാനുമുള്ള കഴിവ് ഈ സ്വാഭാവിക ശക്തികളിൽ ഉൾപ്പെടുന്നു. നമ്മുടെ ജീവിതത്തിനായുള്ള ദൈവഹിതത്തിന്റെ സൗന്ദര്യവും ശക്തിയും നമ്മെ അറിയിക്കുക എന്നതായിരുന്നു അവരുടെ ആദ്യത്തെ വിളി. ഇപ്പോഴാകട്ടെ, അവരുടെ അഹങ്കാരം നിമിത്തം തങ്ങളുടെ സ്വാഭാവിക കഴിവുകളെ അവർ വിപരീതമായ രീതിയിൽ ഉപയോഗിക്കുന്നു.
സാത്താനു പുറമേ, പതിച്ചുപോയ മറ്റു പല ആത്മാക്കളും മനുഷ്യവംശത്തെ പ്രലോഭിപ്പിക്കുക എന്ന ഒരേയൊരു ദൗത്യത്തിൽ പങ്കുചേരുന്നു. ഒരു വശത്തു നോക്കിയാൽ, പതിച്ചുപോയ ഈ മാലാഖമാരെ നശിപ്പിച്ചുകൊണ്ടോ അവരുടെ സ്വാഭാവിക കഴിവുകൾ എടുത്തുകളഞ്ഞുകൊണ്ടോ, നമ്മെ പ്രലോഭിപ്പിക്കാനുള്ള അവരുടെ പൈശാചിക ദൗത്യത്തിന് ദൈവത്തിനു പരിഹാരം കാണാമായിരുന്നു. എന്നാൽ ദൈവം അങ്ങനെ ചെയ്തില്ല. ഈ സൃഷ്ടികൾക്ക് അവിടുന്ന് സ്വാഭാവിക ശക്തികൾ നൽകി; ഇപ്പോൾ അവിടുന്ന് അവ തിരിച്ചെടുക്കുന്നില്ല. പകരം, അതിലും വിസ്മയകരമായ ഒന്നാണ് ദൈവം ചെയ്തത്. അവിടുന്ന് മനുഷ്യസ്വഭാവം സ്വീകരിച്ചു, മരുഭൂമിയിൽ ശാരീരിക ക്ലേശങ്ങളുടെ അവസ്ഥയിലേക്കു പ്രവേശിച്ചു, തുടർന്ന് തന്നെ പ്രലോഭിപ്പിക്കാൻ തങ്ങൾക്കു കഴിയുന്നതെല്ലാം ചെയ്യാൻ പതിച്ചുപോയ ഈ സൃഷ്ടികളെ അനുവദിച്ചു. അവരുടെ പ്രലോഭനങ്ങൾ, പ്രത്യേകിച്ച് സാത്താന്റെതന്നെ പ്രലോഭനങ്ങൾ, സഹിച്ചുകൊണ്ട്, പിശാചും പതിച്ചുപോയ മറ്റു ആത്മാക്കളും ഏൽപ്പിക്കുന്ന എല്ലാ പ്രലോഭനങ്ങളെയും നേരിടാനും അതിജീവിക്കാനുമുള്ള ദൈവികശക്തി യേശു മനുഷ്യസ്വഭാവത്തിനു നൽകി. അതിനാൽ, പ്രലോഭകന്റെ ആക്രമണങ്ങൾ സഹിക്കുമ്പോൾ നമ്മുടെ കർത്താവിന്റെ ശക്തി സ്വീകരിക്കാനായി നാം അവിടുത്തോടൊപ്പം മരുഭൂമിയിലേക്കു പ്രവേശിക്കണം.
സാത്താനെയും പതിച്ചുപോയ എല്ലാ മാലാഖമാരെയും നേരിടാൻ ദൈവം തിരഞ്ഞെടുത്ത വിസ്മയകരമായ രീതിയെക്കുറിച്ചു ധ്യാനിക്കുക. അവരെ നശിപ്പിക്കുന്നതിനു പകരം അവിടുന്ന് അവരെ കീഴടക്കി; അവരെ കീഴടക്കാനുള്ള അതേ ശക്തി നമുക്കോരോരുത്തർക്കും നൽകുകയും ചെയ്തു. നിങ്ങളുടെ പ്രലോഭനങ്ങളെക്കുറിച്ചു ചിന്തിക്കുക. വീണ്ടും വീണ്ടും നിങ്ങൾ എന്തിനോടാണ് പോരാടുന്നത്? നിങ്ങളെ പ്രലോഭിപ്പിക്കാനും നശിപ്പിക്കാനും മാത്രം ശ്രമിക്കുന്ന വ്യാജാത്മാക്കളിൽനിന്ന് എന്തെല്ലാം ചിന്തകളാണ് വരുന്നത്? പ്രലോഭനത്തെ ഭയപ്പെടരുത്. അതിൽനിന്ന് ഒളിച്ചോടരുത്. ദുഷ്ടൻ അടിച്ചേൽപ്പിക്കാൻ ശ്രമിച്ച ഓരോ നുണയും തള്ളിക്കളഞ്ഞ് അവനെ കീഴടക്കിയ യേശുവിന്റെ ധൈര്യത്തോടെ അതിനെ നേരിടുക.
പ്രലോഭനം നേരിട്ട എന്റെ കർത്താവേ, അങ്ങയെ നിരസിച്ച ആത്മാക്കൾക്ക് അങ്ങു നൽകിയ സ്വാഭാവിക ശക്തികൾ അങ്ങ് എടുത്തുകളഞ്ഞില്ല. പകരം, മനുഷ്യരൂപം സ്വീകരിച്ച് പ്രലോഭനത്തെ അതിജീവിച്ചുകൊണ്ട് മനുഷ്യസ്വഭാവത്തെ ശക്തിപ്പെടുത്താനാണ് അങ്ങു തിരഞ്ഞെടുത്തത്. പാപം ചെയ്യാൻ ഞാൻ പ്രലോഭിപ്പിക്കപ്പെടുമ്പോഴെല്ലാം അങ്ങയുടെ ദൈവികശക്തി എനിക്കു നൽകണമേ. യേശുവേ, അങ്ങയുടെ വിശുദ്ധ നാമത്തിൽ, ആത്മാക്കളെ നശിപ്പിക്കാൻ ഈ ലോകത്തിൽ ചുറ്റിനടക്കുന്ന സാത്താനെയും എല്ലാ ദുരാത്മാക്കളെയും ഞാൻ ശാസിക്കുന്നു. യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ഇതും കാണുക: പത്താം ദിവസം: കുരിശിൻ ചുവട്ടിൽ 40 ദിവസങ്ങൾ
നോമ്പുകാലത്തിനായി കൂടുതൽ വിഭവങ്ങൾ
