മലയാളം

മുപ്പത്തിമൂന്നാം ദിവസം: അഹങ്കാരം

നോമ്പുകാലം അഞ്ചാം ആഴ്ചയിലെ വെള്ളിയാഴ്ച

നമ്മെക്കുറിച്ചുതന്നെയുള്ള സത്യവിരുദ്ധമായ ധാരണയാണ് അഹങ്കാരം. നമ്മുടെതന്നെ തെറ്റായ യുക്തിചിന്തയിലൂടെയോ ദുഷ്ടന്റെ പ്രലോഭനത്തിനു വഴങ്ങുന്നതിലൂടെയോ നമ്മെക്കുറിച്ചോ നമ്മുടെ പ്രവൃത്തികളെക്കുറിച്ചോ തെറ്റായ ചില ധാരണകൾ നാം രൂപപ്പെടുത്തുന്നു. ഈ മിഥ്യാധാരണ പലപ്പോഴും നമ്മുടെ ജീവിതത്തിന് ഇല്ലാത്ത പുണ്യത്തിന്റെ പരിവേഷം നൽകുകയും നമ്മുടെ പാപങ്ങളെ മൂടിവയ്ക്കുകയും ചെയ്യുന്നു. അങ്ങനെ, മാറ്റം വരുത്തുന്നതിൽനിന്നും നമുക്കാവശ്യമായ സ്വാതന്ത്ര്യം തേടുന്നതിൽനിന്നും അതു നമ്മെ തടയുന്നു. അഹങ്കാരം “എല്ലാ പാപങ്ങളുടെയും മാതാവ്” ആണ്; അതായത്, മറ്റെല്ലാ പാപങ്ങളും അഹങ്കാരത്തിൽനിന്നാണ് ഉത്ഭവിക്കുന്നത്. അഹങ്കാരമെന്ന പാപമാണ് സാത്താന്റെയും മറ്റു ദൂതന്മാരുടെയും പതനത്തിനു കാരണമായത്. അതിലൂടെ, അവരുടെ പാപത്തിലേക്കു നമ്മെയും വലിച്ചിഴയ്ക്കാനുള്ള സവിശേഷമായ കഴിവ് അവർ നേടി.

അഹങ്കാരത്തിനുള്ള പ്രതിവിധി എളിമയാണ്. നമ്മെക്കുറിച്ചുള്ള യഥാർഥ അറിവുകൊണ്ട് നമ്മെ നിറയ്ക്കുകയും ദൈവം നമ്മെ കാണുന്നതുപോലെ നമ്മെത്തന്നെ കാണാൻ പ്രാപ്തരാക്കുകയും ചെയ്യുന്ന പുണ്യമാണത്. നാം ആരാണെന്നതിനെക്കുറിച്ചുള്ള പൂർണസത്യം അറിയാൻ നമ്മിൽ ആരാണ് ആഗ്രഹിക്കാത്തത്? ദൈവത്തിന്റെ കണ്ണുകളിലൂടെ നമ്മുടെ ആത്മാവിലേക്കു നോക്കാൻ നാം ആഗ്രഹിക്കുകയില്ലേ? നാം കാണുന്നത് നമുക്ക് ഇഷ്ടപ്പെടണമെന്നില്ല എന്നതിനാൽ അത് ഭയപ്പെടുത്തുന്നതാകാം. എന്നാൽ, നമ്മുടെ ആത്മാവിനെ വ്യക്തമായും സത്യസന്ധമായും കാണുന്നില്ലെങ്കിൽ, കൂടുതൽ വളരാൻ നമുക്ക് ഒരിക്കലും കഴിയുകയില്ല.

നാം മറ്റുള്ളവരെക്കാൾ ശ്രേഷ്ഠരാണെന്ന മനോഭാവത്തിലേക്ക് അഹങ്കാരം നമ്മെ നയിക്കുന്നു. അഹങ്കാരിയായ വ്യക്തി എളുപ്പത്തിൽ നീരസപ്പെടുന്നു, മറ്റുള്ളവരെ വിധിക്കുന്നു, അംഗീകാരവും പ്രശംസയും വേണമെന്ന് നിർബന്ധിക്കുന്നു, മറ്റുള്ളവരുടെ ഉപദേശം ആത്മാർഥമായി തേടുന്നില്ല, മറ്റുള്ളവരോട് ആജ്ഞാപിക്കുന്നു, അവരെക്കുറിച്ച് ദോഷം പറയുന്നു, പെട്ടെന്നു കോപിക്കുന്നു, തർക്കിക്കുന്നു, അമിതമായി തൊട്ടാവാടിത്തം കാണിക്കുന്നു.

എളിമയുള്ളവർ മറ്റുള്ളവരുടെ യഥാർഥ സേവകരാണ്. സ്വാർഥതാത്പര്യങ്ങളില്ലാതെ, മറ്റുള്ളവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഉപവിയോടെ അവർ ഉടൻതന്നെ സന്നദ്ധരാകുന്നു. വിമർശനവും കുറ്റവിധിപോലും അവർ സമാധാനത്തോടെ സ്വീകരിക്കുന്നു. തങ്ങളിലേക്കുതന്നെ ഒതുങ്ങുകയോ നേരിട്ട അനീതിയെക്കുറിച്ച് ചിന്തിച്ച് നീറുകയോ ചെയ്യാതെ, കൂടുതൽ സ്നേഹിക്കാനുള്ള വഴികൾ അവർ തേടുന്നു. ക്ഷമിക്കുക എന്നത് അവർക്ക് സ്വാഭാവികമാണ്. എളിമയുള്ളവർ കരുണയുള്ളവരാണ്; അവർ സേവിക്കാൻ ഇഷ്ടപ്പെടുന്നു. തങ്ങളുടെ സേവനം ആരും ശ്രദ്ധിക്കാതെ പോകുമ്പോൾ അവർ സന്തോഷിക്കുന്നു; ദൈവം മാത്രമാണ് എല്ലാം കാണുന്നത് എന്നതിൽ അവർ ആനന്ദിക്കുന്നു. അവർ തർക്കിക്കുകയോ തങ്ങളുടെ അഭിപ്രായങ്ങൾ മറ്റുള്ളവരുടെമേൽ അടിച്ചേൽപ്പിക്കുകയോ ചെയ്യുന്നില്ല. പകരം, ദൈവത്തിന്റെ ആഴമേറിയ സത്യങ്ങളെ എപ്പോഴും മുറുകെപ്പിടിച്ചുകൊണ്ട്, കരുണയോടും സൗമ്യതയോടുംകൂടെ മറ്റുള്ളവരെ ശ്രവിക്കുകയും മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.

ദൈവകൃപയിൽ നാം വളരുമ്പോൾ, അഹങ്കാരത്തിന്റെ കൂടുതൽ ആഴത്തിലുള്ള ഒരു രൂപം നമ്മിൽ കടന്നുവരാം—ആത്മീയ അഹങ്കാരം. ആത്മീയജീവിതത്തിൽ മുന്നേറുകയും തങ്ങൾ യഥാർഥത്തിൽ ആയിരിക്കുന്നതിനെക്കാൾ വിശുദ്ധരാണെന്ന് കരുതുകയും ചെയ്യുന്നവരിലാണ് ഈ രൂപത്തിലുള്ള അഹങ്കാരം ഉണ്ടാകുന്നത്. തങ്ങൾ എത്ര നല്ലവരാണെന്ന് മറ്റുള്ളവർ കാണണമെന്നും തങ്ങളുടെ വിശുദ്ധിയെപ്രതി തങ്ങളെ പ്രശംസിക്കണമെന്നും അവർ ആഗ്രഹിക്കുന്നു. പാപത്തോടു പോരാടുമ്പോൾ അവർ ലജ്ജിതരാകുകയും തങ്ങളുടെ പാപം മറച്ചുവയ്ക്കുകയും ചെയ്യുന്നു; ഒഴികഴിവുകൾ പറഞ്ഞ്, തങ്ങളുടെ പാപം സത്യസന്ധമായി ഏറ്റുപറയുന്നതിൽ അവർ വീഴ്ച വരുത്തുന്നു.

നിങ്ങളുടെ ജീവിതത്തിലെ അഹങ്കാരമെന്ന പാപത്തിനുള്ള പ്രതിവിധിയായി എളിമയെക്കുറിച്ചു ധ്യാനിക്കുക. അഹങ്കാരവുമായി നിങ്ങൾ പോരാടുന്നുണ്ടെന്നത് ഉറപ്പാണ്. അതിനാൽ ദൈവത്തിനുമുമ്പിലും നിങ്ങളുടെ ഉള്ളിലും ആ സത്യം സമ്മതിക്കുക. ആത്മജ്ഞാനമെന്ന ദാനത്തിനായി പ്രാർഥിക്കുക; അത് എളിമയുടെ മറ്റൊരു പേരാണ്. ദൈവം നിങ്ങളെ അറിയുന്നതുപോലെ നിങ്ങളെത്തന്നെ അറിയാൻ ശ്രമിക്കുക. അപ്പോൾ എല്ലാ അഹങ്കാരത്തെയും അതിജീവിക്കാൻ നിങ്ങൾ കൂടുതൽ സജ്ജരാകും.

എളിമയുള്ള എന്റെ കർത്താവേ, അങ്ങ് എളിമയുടെ ഉത്തമമാതൃകയായിരുന്നു. അങ്ങ് ദൈവവും പരിശുദ്ധ ത്രിത്വത്തിലെ രണ്ടാമത്തെ വ്യക്തിയുമായിരുന്നിട്ടും, അങ്ങയെ വിധിക്കാനും ശിക്ഷവിധിക്കാനും വധിക്കാനും അങ്ങ് അനുവദിച്ചു. അതിലൂടെയെല്ലാം കടന്നുപോകുമ്പോഴും അങ്ങ് മൗനം പാലിക്കുകയും വിദ്വേഷത്തിനു പകരം സ്നേഹം നൽകുകയും ചെയ്തു. പ്രിയ കർത്താവേ, എന്നെ എളിമയുള്ളവനാക്കുകയും എല്ലാ അഹങ്കാരത്തിൽനിന്നും എന്നെ മോചിപ്പിക്കുകയും ചെയ്യണമേ. അങ്ങ് എന്നെ കാണുന്നതുപോലെ എന്നെത്തന്നെ കാണാൻ എനിക്കു കഴിയുമാറാകട്ടെ. അങ്ങനെ എന്റെ ഓരോ പാപവും തിരിച്ചറിഞ്ഞ് അവയിൽനിന്നു പിന്തിരിഞ്ഞ് അങ്ങയിലേക്കു തിരിയാൻ എനിക്കു കഴിയട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ഇതും കാണുക: മുപ്പത്തിമൂന്നാം ദിവസം: കുരിശിൻ ചുവട്ടിൽ 40 ദിനങ്ങൾ

ഉള്ളടക്കം

നോമ്പുകാലത്തിനായി കൂടുതൽ വിഭവങ്ങൾ