മലയാളം

ഇരുപത്തിയാറാം ദിവസം – വിശുദ്ധ സ്ത്രീകളും വെറോനിക്കയും


വീഡിയോ പതിപ്പ്

ഒരു വലിയ ജനക്കൂട്ടം യേശുവിനെ അനുഗമിച്ചു. അവനെച്ചൊല്ലി വിലപിക്കുകയും കരയുകയും ചെയ്ത അനേകം സ്ത്രീകളും അവരോടൊപ്പമുണ്ടായിരുന്നു. യേശു അവരുടെ നേരെ തിരിഞ്ഞു പറഞ്ഞു: “ജറുസലേമിന്റെ പുത്രിമാരേ, എന്നെച്ചൊല്ലി കരയേണ്ടാ; പകരം നിങ്ങളെയും നിങ്ങളുടെ മക്കളെയും ഓർത്തു കരയുവിൻ. എന്തെന്നാൽ, ‘വന്ധ്യകളും ഒരിക്കലും പ്രസവിക്കാത്ത ഉദരങ്ങളും ഒരിക്കലും മുലയൂട്ടാത്ത സ്തനങ്ങളും ഭാഗ്യമുള്ളവ’ എന്നു മനുഷ്യർ പറയുന്ന ദിവസങ്ങൾ വരുന്നു. അപ്പോൾ അവർ മലകളോട്, ‘ഞങ്ങളുടെമേൽ വീഴുവിൻ!’ എന്നും കുന്നുകളോട്, ‘ഞങ്ങളെ മൂടുവിൻ!’ എന്നും പറയും. പച്ചമരത്തോട് ഇങ്ങനെയൊക്കെ ചെയ്യുന്നെങ്കിൽ ഉണങ്ങിയ മരത്തിന് എന്തു സംഭവിക്കും?” ലൂക്കാ 23:27-31

പുണ്യവതികളായ അനേകം സ്ത്രീകൾ എല്ലാം കണ്ടുകൊണ്ടും കരഞ്ഞുകൊണ്ടും യേശുവിനെ ഗോൽഗോഥാ മലയിലേക്ക് അനുഗമിച്ചു. കാൽവരിയിലേക്കുള്ള വഴിയിൽ നമ്മുടെ കർത്താവ് അല്പനേരം നിന്നു; വരാനിരിക്കുന്ന യഥാർഥ ഭീകരതകളെക്കുറിച്ച് അവരുടെ ഹൃദയങ്ങളോടു സംസാരിച്ചു. അനേകർ അനുഭവിക്കാനിരിക്കുന്ന തിന്മയെയും അനേകർ വീണുപോകാനിരിക്കുന്ന പാപത്തെയും കുറിച്ച് അവിടുന്ന് പ്രവചിച്ചു. യേശുവിന്റെ മരണം വേദനാജനകമാണ്, തീർച്ചയായും. എന്നാൽ ഏറ്റവും വലിയ ദുരന്തങ്ങൾ ഇനിയും വരാനിരിക്കുന്നതേയുള്ളൂ. വിശ്വാസികൾക്കെതിരായ പീഡനങ്ങൾ അത്രമേൽ കത്തിപ്പടരുമ്പോൾ, അതിൽനിന്നുയരുന്ന അഗ്നി ഏറ്റവും ഉണങ്ങിയ മരത്തടികൾ ഇന്ധനമാക്കിയ തീപോലെയായിരിക്കും.

ആ പുണ്യവതികളായ സ്ത്രീകളിൽ ഒരാളായ വെറോനിക്ക നിശ്ശബ്ദയായി യേശുവിനെ സമീപിച്ചു. അവൾ വൃത്തിയുള്ള ഒരു മൂടുപടം എടുത്ത്, രക്തം പുരണ്ട അവിടുത്തെ മുഖം ശ്രദ്ധാപൂർവം തുടച്ചു. വാക്കുകളില്ലാത്ത ഈ സ്നേഹപ്രവൃത്തി യേശു ശാന്തതയോടെ സ്വീകരിച്ചു. വെറോനിക്കയുടെ എളിയ സ്നേഹപ്രവൃത്തിക്കുള്ള പ്രത്യുത്തരമായി, പിൽക്കാല തലമുറകൾ അവളുടെ വിശുദ്ധനാമത്തെ എക്കാലവും വാഴ്ത്തുകയും ആദരിക്കുകയും ചെയ്തുപോരുന്നു.

നമ്മുടെ പരിശുദ്ധ അമ്മ തന്റെ ദിവ്യപുത്രന്റെ കുരിശിനു മുമ്പിൽ നിന്നപ്പോൾ, പുണ്യവതികളായ ഈ സ്ത്രീകൾ തന്റെ പുത്രനെ കണ്ടുമുട്ടിയ സന്ദർഭങ്ങളെക്കുറിച്ച് ധ്യാനിച്ചിരിക്കണം. ഈ സ്ത്രീകൾ യേശുവിനോടു കാണിച്ച കരുതലിനെയും താത്പര്യത്തെയും ഓർത്ത് അമ്മയുടെ ഹൃദയം നന്ദിയാൽ നിറഞ്ഞിരിക്കണം; അവരുടെ കാരുണ്യം നിറഞ്ഞ കണ്ണുനീർ അമ്മയുടെ ഹൃദയത്തെ സ്പർശിച്ചിരിക്കണം.

എന്നാൽ, “ജറുസലേമിന്റെ പുത്രിമാരേ, എന്നെച്ചൊല്ലി കരയേണ്ടാ; പകരം നിങ്ങളെയും നിങ്ങളുടെ മക്കളെയും ഓർത്തു കരയുവിൻ” എന്ന യേശുവിന്റെ വാക്കുകളെക്കുറിച്ചും അമ്മ ചിന്തിച്ചിരിക്കണം. മറിയമാതാവ് തീർച്ചയായും ഈ വാക്കുകൾ ഹൃദയത്തിൽ സ്വീകരിച്ചിരിക്കണം. തന്റെ പുത്രന്റെ കുരിശുമരണത്തിൽ അമ്മയുടെ ഹൃദയം വിശുദ്ധമായ ദുഃഖത്താൽ നിറഞ്ഞിരുന്നെങ്കിലും, തന്റെ പുത്രൻ നൽകുന്ന ദാനം നിരസിക്കുന്നവരെക്കുറിച്ചായിരുന്നു അമ്മയുടെ ഏറ്റവും ആഴമായ ദുഃഖം. യേശുവിന്റെ മരണം എല്ലാവർക്കും വേണ്ടിയായിരുന്നെന്നും, എന്നാൽ അവിടുത്തെ പരിപൂർണമായ ബലിയിൽനിന്ന് ഒഴുകിയെത്തുന്ന കൃപ എല്ലാവരും സ്വീകരിക്കുകയില്ലെന്നും അമ്മ വ്യക്തമായി അറിഞ്ഞിരുന്നിരിക്കണം.

പുണ്യവതികളായ ഈ സ്ത്രീകളും അവരുടെ മക്കളും യേശുവിനോടുള്ള സ്നേഹത്തെപ്രതി പിന്നീട് സഹിക്കേണ്ടിവരുമെന്ന് മറിയമാതാവിന് അറിയാമായിരുന്നു. ആ വെള്ളിയാഴ്ച ജറുസലേമിൽവച്ച് ഈ പുണ്യവതികൾ ആദ്യമായി പങ്കുചേർന്നതിനെക്കാൾ ശക്തമായ വിധത്തിൽ അവിടുത്തെ കുരിശിൽ പങ്കുചേരാൻ അവർ ക്ഷണിക്കപ്പെടുമായിരുന്നു. യേശുവിന്റെ ഉത്ഥാനത്തിനുശേഷം ഈ സ്ത്രീകളും അവരുടെ ആത്മീയ പിൻഗാമികളും വിശുദ്ധ കുർബാന സ്വീകരിക്കാനും പ്രാർഥനയിലൂടെ അവിടുത്തോടുള്ള ആഴമായ ആത്മീയ സംസർഗത്തിലേക്ക് പ്രവേശിക്കാനും തുടങ്ങുമ്പോൾ, അവർ ആനന്ദത്താൽ നിറയുക മാത്രമല്ല, ശിഷ്യത്വത്തിന്റെ കുരിശു വഹിക്കാൻ നിർബന്ധിതരാകുകയും ചെയ്യുമായിരുന്നു.

യേശുവിന്റെ അനുയായിയായിരിക്കുന്നതിന്റെ ഒരു “പരിണതഫലത്തെക്കുറിച്ച്” ഇന്ന് ചിന്തിക്കുക. യേശുവിനെ അനുഗമിക്കാൻ നിങ്ങൾ തീരുമാനിക്കുന്നെങ്കിൽ, അവിടുത്തെ ഉത്ഥാനത്തിൽ പങ്കുചേരേണ്ടതിന് അവിടുത്തെ പീഡാനുഭവത്തിലും മരണത്തിലും പങ്കുചേരാനും നിങ്ങൾ ക്ഷണിക്കപ്പെടും. പുണ്യവതികളായ ഈ സ്ത്രീകൾക്കുണ്ടായിരുന്ന അതേ കാരുണ്യത്താൽ നിങ്ങളുടെ ഹൃദയവും നിറയാൻ അനുവദിക്കുക. പാപജീവിതത്തിൽ അകപ്പെട്ടവരിലേക്ക് ആ കാരുണ്യം തിരിക്കുക. അവരെ ഓർത്തു കരയുക. അവർക്കുവേണ്ടി പ്രാർഥിക്കുക. അവരെ സ്നേഹിക്കുക. ക്രിസ്തുവിനെപ്രതി സഹിക്കുന്നവരെ ഓർത്തും കരയുക. നമ്മുടെ പരിശുദ്ധ അമ്മയുടെയും ജറുസലേമിലെ ഈ പുണ്യവതികളായ സ്ത്രീകളുടെയും കവിളുകളിലൂടെ ഒഴുകിയ കണ്ണുനീർപോലെ, നിങ്ങളുടെ കണ്ണുനീരും വിശുദ്ധമായ ദുഃഖത്തിന്റെ കണ്ണുനീരാകട്ടെ.

എന്റെ വ്യാകുലമാതാവേ, അമ്മയുടെ സ്വന്തം പുത്രന്റെ പീഡാനുഭവം കണ്ട് പുണ്യവതികളായ ഈ സ്ത്രീകൾ കരയുന്നത് അമ്മ നോക്കിനിന്നു. അവർ ചൊരിഞ്ഞ കണ്ണുനീരും അവർക്കു തോന്നിയ കാരുണ്യവും അമ്മ കണ്ടു. നിരപരാധികളുടെ കഷ്ടപ്പാടുകൾ കാണുമ്പോൾ എനിക്കും വിശുദ്ധമായ കണ്ണുനീർ ഉണ്ടാകാൻ എനിക്കുവേണ്ടി പ്രാർഥിക്കണമേ; എന്റെ ഹൃദയം കാരുണ്യവും കരുതലുംകൊണ്ട് നിറയ്ക്കണമേ.

സ്നേഹനിധിയായ അമ്മേ, പാപത്തിൽ ജീവിക്കുന്നവരെ ഓർത്തു ദുഃഖിക്കുന്ന ഒരു ഹൃദയം എനിക്കുണ്ടാകാനും പ്രാർഥിക്കണമേ. അമ്മയുടെ പുത്രൻ എല്ലാവർക്കുംവേണ്ടി മരിച്ചു; എങ്കിലും അനേകർ അവിടുത്തെ കരുണ സ്വീകരിച്ചിട്ടില്ല. മറ്റുള്ളവർ എന്നിലൂടെ അമ്മയുടെ പുത്രനെ അറിയാൻ ഇടയാകേണ്ടതിന്, പാപത്തെക്കുറിച്ചുള്ള എന്റെ ദുഃഖം കൃപയുടെ കണ്ണുനീരായി മാറട്ടെ.

എന്റെ കരുണാമയനായ കർത്താവേ, അങ്ങയുടെ അതിവേദനയും മരണവും ലോകത്തിന്റെ രക്ഷയ്ക്കുള്ള മഹത്വപൂർണമായ മാർഗമായി കാണാൻ എനിക്കു കഴിയട്ടെ. അങ്ങയുടെ സ്നേഹത്തിനായി ഹൃദയം തുറക്കാത്തവരെ ഓർത്തുള്ള യഥാർഥ ദുഃഖത്താൽ എന്റെ ഹൃദയത്തെ നിറയ്ക്കണമേ. കൃപയും കരുണയും ഏറ്റവുമധികം ആവശ്യമുള്ളവർക്ക് അവ ലഭിക്കാനുള്ള ഒരു മാർഗമായി ആ ദുഃഖം മാറട്ടെ.

എന്റെ പ്രിയ അമ്മേ, എനിക്കുവേണ്ടി പ്രാർഥിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ഇരുപത്തിയേഴാം ദിവസം – അപമാനം – വസ്ത്രങ്ങൾ ഉരിഞ്ഞുമാറ്റപ്പെടുന്നു

ഉള്ളടക്കം

ഇ-പുസ്തകം & കടലാസ് പുറംചട്ടയുള്ള പതിപ്പ് എന്നീ രൂപങ്ങളിലും ലഭ്യമാണ്!