
കാൽവരിയിലേക്കുള്ള യാത്രയിൽ പുത്രൻ തന്റെ അമ്മയെ കണ്ടുമുട്ടിയത് എങ്ങനെയെന്ന് ധ്യാനിക്കുക. ഈശോയും മറിയവും പരസ്പരം നോക്കി. അത്ര ആർദ്രമായി പരസ്പരം സ്നേഹിച്ചിരുന്ന ആ ഹൃദയങ്ങളെ മുറിവേൽപ്പിക്കുന്ന അനേകം അമ്പുകളായി അവരുടെ നോട്ടങ്ങൾ മാറി.
എന്റെ ഏറ്റവും സ്നേഹനിധിയായ ഈശോയേ, ഈ കൂടിക്കാഴ്ചയിൽ അങ്ങ് അനുഭവിച്ച വേദനയെപ്രതി, അങ്ങയുടെ പരിശുദ്ധ മാതാവിനോട് യഥാർഥ ഭക്തിയുള്ളവനായിരിക്കാനുള്ള കൃപ എനിക്കു നൽകണമേ. ദുഃഖത്തിൽ ആണ്ടുപോയ എന്റെ രാജ്ഞിയേ, അങ്ങയുടെ ദൈവികപുത്രന്റെ പീഡാനുഭവത്തെക്കുറിച്ചുള്ള ആർദ്രവും നിലനിൽക്കുന്നതുമായ ഓർമ അങ്ങയുടെ പ്രാർഥനകളാൽ എനിക്കു നേടിത്തരണമേ. എന്റെ സ്നേഹമായ ഈശോയേ, എല്ലാറ്റിനുമുപരിയായി ഞാൻ അങ്ങയെ സ്നേഹിക്കുന്നു. അങ്ങയെ വേദനിപ്പിച്ചുപോയതിനെക്കുറിച്ച് ഞാൻ അനുതപിക്കുന്നു. ഇനിയൊരിക്കലും അങ്ങയെ വേദനിപ്പിക്കാൻ എന്നെ അനുവദിക്കരുതേ. എപ്പോഴും അങ്ങയെ സ്നേഹിക്കാൻ എനിക്കു കൃപ നൽകണമേ; അതിനുശേഷം അങ്ങയുടെ ഇഷ്ടംപോലെ എന്നോട് ചെയ്തുകൊള്ളണമേ. (വിശുദ്ധ അൽഫോൻസ് ലിഗോരി രചിച്ച കുരിശിന്റെ വഴിയിലെ നാലാം സ്ഥലം)
കാൽവരിയിലേക്കുള്ള വഴിയിൽ തന്റെ പുത്രനെ കണ്ടുമുട്ടിയ ആ നിമിഷം മറിയമാതാവിന് എങ്ങനെ മറക്കാനാകും? തന്റെ പുത്രന്റെ കുരിശിനുമുമ്പിൽ നിൽക്കുമ്പോൾ, ആ വിശുദ്ധമായ കൂടിക്കാഴ്ച അമ്മ മനസ്സിലും ഹൃദയത്തിലും വീണ്ടും വീണ്ടും ഓർത്തിരിക്കുമല്ലോ. യേശു തന്റെ കുരിശും ചുമന്ന് കാൽവരിയിലേക്കു പോകുമ്പോൾ, അതീവ വാത്സല്യം നിറഞ്ഞ ആ നിമിഷം അവർ ഒന്നായെന്നപോലെ അനുഭവിച്ചു.
ആദ്യമായി വീണതിനുശേഷം യേശു എഴുന്നേറ്റ് യാത്ര തുടർന്നു. വേദനയുടെയും രക്തച്ചൊരിച്ചിലിന്റെയും നടുവിൽ, അമ്മയുടെ സ്നേഹനോട്ടത്തിൽനിന്ന് ക്ഷണനേരത്തേക്ക് അവിടുത്തേക്ക് ആശ്വാസം ലഭിച്ചു. അവരുടെ കണ്ണുകൾ തമ്മിലിടഞ്ഞു; ദുഃഖത്തിലും സന്തോഷത്തിലും അവരുടെ ഹൃദയങ്ങൾ ഒന്നായി.
പരസ്പരമുള്ള ആഴമായ വേദന അനുഭവിച്ചറിഞ്ഞപ്പോൾ, യേശുവിന്റെ തിരുഹൃദയവും മറിയത്തിന്റെ വിമലഹൃദയവും ദുഃഖംകൊണ്ടു നിറഞ്ഞു. തന്റെ പ്രിയപ്പെട്ട അമ്മയെ നോക്കിയ യേശു, താൻ ഇത്ര ക്രൂരമായി പീഡിപ്പിക്കപ്പെടുന്നതു കാണുന്ന അമ്മയുടെ വിമലഹൃദയത്തെ തുളച്ചുകയറിയ വാളിനെക്കുറിച്ച് ഉടൻതന്നെ അറിഞ്ഞു. നമ്മുടെ പരിശുദ്ധ അമ്മ യേശുവിനെ നോക്കിയപ്പോൾ ലോകത്തിന്റെ രക്ഷകനെ മാത്രമല്ല കണ്ടത്; പൂർണ്ണഹൃദയത്തോടെ താൻ സ്നേഹിച്ച സ്വന്തം കുഞ്ഞിനെയും അമ്മ കണ്ടു.
അമ്മയും മകനും തമ്മിലുള്ള ബന്ധത്തിന്റെ ശക്തമായ വികാരങ്ങൾ ഇരുവരും തിരിച്ചറിയുകയും അനുഭവിക്കുകയും ചെയ്തപ്പോൾ, അവരുടെ ഹൃദയങ്ങളിൽ സന്തോഷവും ദുഃഖവും ഇടകലർന്നു. സ്നേഹം സഹനത്തെക്കാൾ ശക്തമായിരുന്നു; രക്ഷ മരണത്തെക്കാൾ ശക്തമായിരുന്നു. ലോകം അതുവരെ അറിഞ്ഞിട്ടുള്ളതിൽവച്ച് ഏറ്റവും മഹത്തായ കൃപയാണ് യേശു ലോകത്തിനു നൽകുന്നതെന്ന അറിവിൽനിന്നുളവായ ആന്തരിക സന്തോഷം ആ നിമിഷത്തിൽ അമ്മയെയും പുത്രനെയും നിറച്ചു. ഈ ബലി പൂർത്തിയാക്കാൻ ആവശ്യമായ ശക്തി അത് ഇരുവർക്കും നൽകി.
നമ്മുടെ വാത്സല്യപൂർവമായ പരിചരണത്തിലൂടെയും സ്നേഹനോട്ടത്തിലൂടെയും മറ്റൊരാളുടെ സഹനം ലഘൂകരിക്കാൻ നമുക്കോരോരുത്തർക്കും ജീവിതത്തിൽ അവസരമുണ്ട്. ആവശ്യത്തിലായിരിക്കുന്ന ഒരാളെ കണ്ടുമുട്ടുമ്പോൾ, നമ്മുടെ അനുകമ്പ പ്രകടിപ്പിക്കാൻ നമുക്ക് അവസരം ലഭിക്കുന്നു. താൻ ഉയർന്നവനാണെന്ന ഭാവത്തോടെ മറ്റൊരാളെ താഴ്ത്തിക്കാണുന്നതാണ് സഹതാപമെങ്കിൽ, യഥാർഥ അനുകമ്പ ആത്മാർഥമായ താദാത്മ്യത്തോടെ മറ്റൊരാളോടൊപ്പം സഹിക്കുന്നു. യഥാർഥ അനുകമ്പ മറ്റൊരാളുടെ കുരിശ് തോളിലേറ്റുകയും അയാളുടെ മനസ്സിലേക്കും ഹൃദയത്തിലേക്കും പ്രവേശിക്കുകയും ദുർഘടമായ എല്ലാ വഴികളിലും അയാളോടു കൈകോർത്തു നടക്കുകയും ചെയ്യുന്നു.
കാൽവരിയിലേക്കുള്ള വഴിയിൽ അമ്മയും പുത്രനും പരസ്പരം പങ്കുവച്ച സ്നേഹനോട്ടത്തിന്റെ മനോഹരവും എന്നാൽ ദുഃഖപൂർണ്ണവുമായ ഈ രംഗത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. കുരിശിലേക്കുള്ള നിങ്ങളുടെ സ്വന്തം യാത്രയിലും അമ്മയും പുത്രനും നിങ്ങളെ കണ്ടുമുട്ടുന്നുവെന്ന വസ്തുതയെക്കുറിച്ചും ധ്യാനിക്കുക. നിങ്ങൾ എന്തിനെ അഭിമുഖീകരിച്ചാലും, എന്തു സഹിക്കേണ്ടിവന്നാലും, നിങ്ങളെ ശ്രദ്ധിച്ചും സ്നേഹിച്ചും തങ്ങളുടെ ഹൃദയങ്ങൾ നിങ്ങൾക്കു സമർപ്പിച്ചും അവർ അവിടെയുണ്ട്. ഓരോ ദിവസവും നിങ്ങൾ കണ്ടുമുട്ടുന്നവരോടുള്ള സമീപനത്തിൽ യേശുവിന്റെയും നമ്മുടെ പരിശുദ്ധ അമ്മയുടെയും ഹൃദയങ്ങളെ അനുകരിക്കാനും പരിശ്രമിക്കുക. സഹിക്കുന്ന എല്ലാവരോടുമുള്ള അനുകമ്പയിലും കരുതലിലും വളരുക. അവർ തങ്ങളുടെ സ്വന്തം വ്യാകുലമാർഗത്തിലൂടെ (ദുഃഖത്തിന്റെ വഴി) ഓരോ ചുവടും മുന്നോട്ടുവയ്ക്കുമ്പോൾ അവരോടൊപ്പം ഉണ്ടായിരിക്കുക.
എന്റെ വ്യാകുലമാതാവേ, അങ്ങ് ഇതിനകം എത്രയോ സഹിച്ചുകഴിഞ്ഞിരുന്നു. എങ്കിലും, അങ്ങയുടെ പുത്രനോടുള്ള വാത്സല്യപൂർണ്ണമായ സ്നേഹം പ്രകടിപ്പിക്കാൻ ലഭിച്ച ഈ ഹ്രസ്വനിമിഷം നഷ്ടപ്പെടുത്താൻ അങ്ങ് തയ്യാറായില്ല. അങ്ങ് അവിടുത്തെ നോക്കിയപ്പോൾ, അങ്ങയുടെ ഹൃദയം അവിടുത്തെ ഹൃദയവുമായി ഇഴചേർന്നു. അവിടുന്ന് അനുഭവിച്ച വേദന അങ്ങും അനുഭവിച്ചു. ലോകത്തിന്റെ രക്ഷയ്ക്കായി തന്റെ ജീവൻ നൽകാനുള്ള അവിടുത്തെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തിയ അതിസ്വാഭാവികമായ ഒരു സന്തോഷം അങ്ങ് അവിടുത്തേക്കു പകർന്നുനൽകി.
എന്റെ പ്രിയ അമ്മേ, എന്റെ ജീവിതത്തെക്കുറിച്ചുള്ള അങ്ങയുടെ മാതൃസഹജമായ കരുതൽ സ്വീകരിക്കാൻ എനിക്കു മനസ്സുണ്ടാകേണ്ടതിന് എനിക്കുവേണ്ടി പ്രാർഥിക്കണമേ. എന്റെ കുരിശു ചുമക്കുകയും എനിക്കു വന്നുചേരുന്ന സഹനങ്ങൾ ഏറ്റെടുക്കുകയും ചെയ്യുമ്പോൾ, എനിക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കണമേ. അങ്ങയുടെ വാത്സല്യപൂർണ്ണമായ ഹൃദയത്തിലൂടെ ഒഴുകിവരുന്ന അങ്ങയുടെ പുത്രന്റെ ശക്തി സ്വീകരിക്കാൻ എന്റെ ആത്മാവിനെ തുറക്കണമേ.
സഹിക്കുന്ന എന്റെ കർത്താവേ, ആദ്യമായി വീണതിനുശേഷം കാൽവരിയിലേക്കുള്ള യാത്ര തുടർന്നപ്പോൾ, എത്രയോ സ്നേഹത്തോടെയാണ് അങ്ങ് അങ്ങയുടെ അമ്മയെ നോക്കിയത്. അങ്ങയുടെ കരുതൽ അങ്ങയെക്കുറിച്ചായിരുന്നില്ല; അങ്ങയുടെ അമ്മയെക്കുറിച്ചും അങ്ങയുടെ കുരിശിന്റെ കൃപ സ്വീകരിക്കാനിരിക്കുന്ന എല്ലാവരെക്കുറിച്ചുമായിരുന്നു. പ്രിയ കർത്താവേ, എല്ലായ്പോഴും അങ്ങേക്കായി ഹൃദയം തുറക്കുകയും അങ്ങയുടെ കാൽച്ചുവടുകൾ പിന്തുടരാൻ കഴിയേണ്ടതിന് അങ്ങ് നൽകുന്ന കൃപകൾ ഉൾക്കൊള്ളുകയും ചെയ്യുന്നവരിൽ ഒരാളാകാൻ എനിക്കും ഇടയാകണമേ.
കരുണയുടെ മാതാവേ, എനിക്കുവേണ്ടി പ്രാർഥിക്കണമേ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ഇരുപത്തിയഞ്ചാം ദിവസം – യേശു വീഴുന്നു
ഇ-പുസ്തകം & കടലാസ് പുറംചട്ടയുള്ള പതിപ്പ് എന്നീ രൂപങ്ങളിലും ലഭ്യമാണ്!

