സാധാരണമായവയിലൂടെ ലഭിക്കുന്ന കൃപ
നോമ്പുകാലത്തിലെ നാലാം ഞായറാഴ്ച (വർഷം A)
(കുറിപ്പ്: വിശ്വാസശോധനാകർമങ്ങൾ നടക്കുന്ന B & C വർഷങ്ങളിലും ഈ സുവിശേഷഭാഗം ഐച്ഛികമായി ഉപയോഗിക്കാം.)
യേശു കടന്നുപോകുമ്പോൾ ജന്മനാ അന്ധനായ ഒരു മനുഷ്യനെ കണ്ടു…അവിടുന്ന് നിലത്തു തുപ്പി, ഉമിനീർകൊണ്ടു ചെളിയുണ്ടാക്കി, ആ ചെളി അവന്റെ കണ്ണുകളിൽ പുരട്ടി, അവനോടു പറഞ്ഞു: “പോയി സീലോഹാ കുളത്തിൽ കഴുകുക.” സീലോഹാ എന്നതിന് ‘അയയ്ക്കപ്പെട്ടവൻ’ എന്നർഥം. അവൻ പോയി കഴുകി, കാഴ്ചയുള്ളവനായി തിരിച്ചുവന്നു. യോഹന്നാൻ 9:1, 6–7
ആരായിരുന്നു ഈ മനുഷ്യൻ? ശ്രദ്ധേയമായ കാര്യം, അവന് ഒരു പേരില്ല എന്നതാണ്. “ജന്മനാ അന്ധനായ മനുഷ്യൻ” എന്നു മാത്രമാണ് അവനെ വിശേഷിപ്പിക്കുന്നത്. യോഹന്നാന്റെ സുവിശേഷത്തിൽ ഇതിനു പ്രാധാന്യമുണ്ട്. കാരണം, ഉദാഹരണത്തിന്, “കിണറ്റിൻകരയിലെ സ്ത്രീ”യുടെ കഥയിലും പേരില്ലായ്മ കാണാം. പേരില്ല എന്ന വസ്തുത സൂചിപ്പിക്കുന്നത്, ഈ കഥയിൽ നാം നമ്മെത്തന്നെ കാണണമെന്നാണ്.
നമുക്കു ചുറ്റും പ്രവർത്തിക്കുന്ന ദൈവത്തിന്റെ കരങ്ങൾ കാണാനുള്ള നമ്മുടെ കഴിവില്ലായ്മയാണ് “അന്ധത”. നമ്മുടെ ജീവിതത്തിലും മറ്റുള്ളവരുടെ ജീവിതത്തിലും സജീവമായിരിക്കുന്ന ദൈവകൃപയുടെ അനുദിന അത്ഭുതങ്ങൾ കാണാൻ നാം ബുദ്ധിമുട്ടുന്നു. അതിനാൽ ഈ തിരുവചനഭാഗം വായിക്കുമ്പോൾ നാം ആദ്യം ചെയ്യേണ്ടത്, നമ്മുടെ കാഴ്ചയില്ലായ്മ തിരിച്ചറിയാൻ പരിശ്രമിക്കുക എന്നതാണ്. ദൈവം പ്രവർത്തിക്കുന്നത് പലപ്പോഴും നാം കാണുന്നില്ലെന്നു മനസ്സിലാക്കാൻ നാം പരിശ്രമിക്കണം. ഈ തിരിച്ചറിവ് ആത്മീയസൗഖ്യം ആഗ്രഹിക്കാൻ നമ്മെ പ്രചോദിപ്പിക്കും. ദൈവം പ്രവർത്തിക്കുന്നത് കാണാൻ ആഗ്രഹിക്കുവാൻ അതു നമ്മെ ക്ഷണിക്കും.
യേശു നമ്മെ മനസ്സോടെ സുഖപ്പെടുത്തുന്നതുപോലെ ഈ മനുഷ്യനെയും സുഖപ്പെടുത്തി എന്നതാണ് വ്യക്തമായ സദ്വാർത്ത. കാഴ്ച തിരികെ നൽകുക യേശുവിന് എളുപ്പമാണ്. അതിനാൽ ഈ കഥയുടെ വെളിച്ചത്തിൽ നാം ആദ്യം പ്രാർത്ഥിക്കേണ്ടത് ഇത്രമാത്രമാണ്: “കർത്താവേ, എനിക്കു കാണണം!” നമ്മുടെ അന്ധതയെക്കുറിച്ചുള്ള എളിയ തിരിച്ചറിവ് ദൈവകൃപയ്ക്ക് പ്രവർത്തിക്കാൻ വഴിയൊരുക്കും. നമ്മുടെ അന്ധത നാം വിനയത്തോടെ അംഗീകരിക്കുന്നില്ലെങ്കിൽ, സൗഖ്യം തേടാനുള്ള അവസ്ഥയിൽ നാം ആയിരിക്കുകയില്ല.
അവിടുന്ന് ഈ മനുഷ്യനെ സുഖപ്പെടുത്തുന്ന വിധവും പ്രധാനമാണ്. സ്വന്തം ഉമിനീർ ഉപയോഗിച്ച് ചെളിയുണ്ടാക്കി അവിടുന്ന് ഈ മനുഷ്യന്റെ കണ്ണുകളിൽ പുരട്ടുന്നു; ഒറ്റനോട്ടത്തിൽ അത്ര ആകർഷകമായി തോന്നുന്ന ഒരു കാര്യമല്ല ഇത്. എന്നാൽ വളരെ പ്രധാനപ്പെട്ട ഒരു കാര്യം ഇത് നമുക്ക് വെളിപ്പെടുത്തുന്നു. അതായത്, തീർത്തും സാധാരണമായ ഒരു കാര്യത്തെ തന്റെ ദൈവികകൃപയുടെ ഉറവിടമായി ഉപയോഗിക്കാൻ യേശുവിനു കഴിയും എന്ന സത്യം!
ഇതിനെ പ്രതീകാത്മകമായി നോക്കിയാൽ ആഴമേറിയ ചില നിഗമനങ്ങളിൽ നമുക്ക് എത്തിച്ചേരാനാകും. അസാധാരണമായ കാര്യങ്ങളിലാണ് നാം പലപ്പോഴും ദൈവത്തിന്റെ പ്രവർത്തനം അന്വേഷിക്കുന്നത്. എന്നാൽ സാധാരണമായ കാര്യങ്ങളിലാണ് പലപ്പോഴും അവിടുന്ന് നമുക്കായി സന്നിഹിതനായിരിക്കുന്നത്. സ്നേഹത്തിന്റെയോ ത്യാഗത്തിന്റെയോ വീരോചിതമായ പ്രവൃത്തികളിലൂടെ മാത്രമേ ദൈവം തന്റെ കൃപ പ്രവർത്തിപ്പിക്കുകയുള്ളൂ എന്നു ചിന്തിക്കാൻ ഒരുപക്ഷേ നമുക്കു പ്രലോഭനമുണ്ടായേക്കാം. തന്റെ അത്ഭുതങ്ങൾ പ്രവർത്തിക്കാൻ നമ്മുടെ ദൈനംദിന സാധാരണ പ്രവൃത്തികളെ ഉപയോഗിക്കാൻ ദൈവത്തിനു കഴിയില്ല എന്നു ചിന്തിക്കാനും നമുക്കു പ്രലോഭനമുണ്ടായേക്കാം. എന്നാൽ ഇത് സത്യമല്ല. ജീവിതത്തിലെ ആ സാധാരണ പ്രവൃത്തികളിൽത്തന്നെയാണ് ദൈവം സന്നിഹിതനായിരിക്കുന്നത്. പാത്രങ്ങൾ കഴുകുമ്പോഴും വീട്ടുജോലികൾ ചെയ്യുമ്പോഴും കുട്ടിയെ വാഹനത്തിൽ സ്കൂളിൽ കൊണ്ടുപോകുമ്പോഴും കുടുംബാംഗത്തോടൊപ്പം കളിക്കുമ്പോഴും സാധാരണ സംഭാഷണത്തിൽ ഏർപ്പെടുമ്പോഴും സഹായഹസ്തം നീട്ടുമ്പോഴും അവിടുന്ന് സന്നിഹിതനാണ്. വാസ്തവത്തിൽ, ഒരു പ്രവൃത്തി എത്രത്തോളം സാധാരണമാണോ, അത്രത്തോളം അതിൽ പ്രവർത്തനനിരതനായ ദൈവത്തെ കാണാൻ നാം പരിശ്രമിക്കണം. ജീവിതത്തിലെ സാധാരണ പ്രവൃത്തികളിൽ അവിടുന്ന് പ്രവർത്തിക്കുന്നത് നാം “കാണുമ്പോൾ”, നമ്മുടെ ആത്മീയാന്ധതയിൽനിന്ന് നാം സൗഖ്യം പ്രാപിക്കും.
യേശുവിന്റെ ഈ പ്രവൃത്തിയെക്കുറിച്ച് ഇന്ന് ധ്യാനിക്കുക; തന്റെ ഉമിനീരും മണ്ണും നിങ്ങളുടെ കണ്ണുകളിൽ പുരട്ടാൻ നമ്മുടെ കർത്താവിനെ അനുവദിക്കുക. ആത്മീയകാഴ്ചയുടെ ദാനം നിങ്ങൾക്കു നൽകാൻ അവിടുത്തെ അനുവദിക്കുക. നിങ്ങളുടെ ജീവിതത്തിൽ അവിടുത്തെ സാന്നിധ്യം കണ്ടുതുടങ്ങുമ്പോൾ, നിങ്ങൾ ദർശിക്കുന്ന സൗന്ദര്യത്തിൽ നിങ്ങൾ വിസ്മയഭരിതരാകും.
അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന എന്റെ കർത്താവേ, എനിക്കു കാണണം. എന്റെ അന്ധതയിൽനിന്നു സൗഖ്യം പ്രാപിക്കാൻ എന്നെ സഹായിക്കണമേ. എന്റെ ജീവിതത്തിലെ ഓരോ സാധാരണ പ്രവൃത്തിയിലും അങ്ങ് പ്രവർത്തിക്കുന്നതു കാണാൻ എന്നെ സഹായിക്കണമേ. എന്റെ ദിവസത്തിലെ ഏറ്റവും ചെറിയ സംഭവങ്ങളിൽപ്പോലും അങ്ങയുടെ ദൈവികകൃപ കാണാൻ എന്നെ സഹായിക്കണമേ. അങ്ങ് സജീവമായി പ്രവർത്തിക്കുന്നതു ഞാൻ കാണുമ്പോൾ, ഈ കാഴ്ചയ്ക്കുള്ള നന്ദികൊണ്ട് എന്റെ ഹൃദയം നിറയ്ക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
സുവിശേഷം മുഴുവന്റെയും ഒരു സംഗ്രഹം
തപസ്സുകാലം നാലാം ഞായർ (വർഷം B)
“തന്നിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് തന്റെ ഏകപുത്രനെ നൽകുവാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.” യോഹന്നാൻ 3:16
യോഹന്നാന്റെ സുവിശേഷത്തിലെ ഈ ഭാഗം നമുക്കു സുപരിചിതമാണ്. കായികമത്സരങ്ങൾപോലുള്ള വലിയ പൊതുപരിപാടികളിൽ, “യോഹന്നാൻ: 3:16” എന്ന് എഴുതിയ ഒരു ഫലകം ആരെങ്കിലും ഉയർത്തിപ്പിടിച്ചിരിക്കുന്നത് പലപ്പോഴും നമുക്കു കാണാം. സുവിശേഷം മുഴുവന്റെയും ലളിതവും എന്നാൽ വ്യക്തവുമായ ഒരു സംഗ്രഹം ഈ ഭാഗം നൽകുന്നു എന്നതാണ് ഇതിനു കാരണം.
ഈ തിരുവചനഭാഗത്തിൽനിന്ന് നാല് അടിസ്ഥാനസത്യങ്ങൾ നമുക്കു മനസ്സിലാക്കാം. അവ ഓരോന്നും ചുരുക്കമായി പരിശോധിക്കാം.
ഒന്നാമതായി, സ്വർഗസ്ഥനായ പിതാവ് നമ്മെ സ്നേഹിക്കുന്നുവെന്ന് ഇവിടെ വ്യക്തമാക്കുന്നു. നമുക്ക് ഇത് അറിയാമെങ്കിലും, ഈ സത്യത്തിന്റെ ആഴം പൂർണമായി ഗ്രഹിക്കാൻ നമുക്ക് ഒരിക്കലും കഴിയുകയില്ല. പിതാവായ ദൈവം അഗാധവും പരിപൂർണവുമായ സ്നേഹത്തോടെ നമ്മെ സ്നേഹിക്കുന്നു. ജീവിതത്തിൽ നമുക്ക് അനുഭവിക്കാവുന്ന മറ്റെന്തിനേക്കാളും ആഴമേറിയ സ്നേഹമാണത്. അവിടുത്തെ സ്നേഹം പരിപൂർണമാണ്.
രണ്ടാമതായി, പിതാവിന്റെ സ്നേഹം അവിടുത്തെ പുത്രനായ ഈശോയെ നമുക്കു ദാനമായി നൽകിയതിലൂടെ വെളിപ്പെട്ടു. തന്റെ പുത്രനെ നമുക്കു നൽകുന്നത് പിതാവിന്റെ അഗാധമായ സ്നേഹപ്രവൃത്തിയാണ്. പുത്രൻ പിതാവിന് എല്ലാമായിരുന്നു; പുത്രനെ നമുക്കു ദാനമായി നൽകുന്നു എന്നതിനർത്ഥം പിതാവ് തനിക്കുള്ളതെല്ലാം നമുക്കു നൽകുന്നു എന്നാണ്. ഈശോ എന്ന വ്യക്തിയിലൂടെ അവിടുന്ന് തന്റെ ജീവൻതന്നെ നമുക്കു നൽകുന്നു.
മൂന്നാമതായി, ഇത്തരമൊരു ദാനത്തോടു നമുക്കു നൽകാനാകുന്ന ഉചിതമായ ഏക പ്രത്യുത്തരം വിശ്വാസമാണ്. പുത്രനെ നമ്മുടെ ജീവിതത്തിലേക്കു സ്വീകരിക്കുമ്പോൾ ഉണ്ടാകുന്ന പരിവർത്തനശക്തിയിൽ നാം വിശ്വസിക്കണം. നമുക്കാവശ്യമായതെല്ലാം നൽകുന്ന ഒരു ദാനമായി ഇതിനെ നാം കാണണം. പുത്രന്റെ ദൗത്യത്തിൽ വിശ്വസിച്ചുകൊണ്ടും പ്രത്യുത്തരമായി നമ്മുടെ ജീവിതം അവിടുത്തേക്കു സമർപ്പിച്ചുകൊണ്ടും നാം അവിടുത്തെ നമ്മുടെ ജീവിതത്തിലേക്കു സ്വീകരിക്കണം.
നാലാമതായി, അവിടുത്തെ സ്വീകരിക്കുകയും പ്രത്യുത്തരമായി നമ്മുടെ ജീവിതം സമർപ്പിക്കുകയും ചെയ്യുന്നതിന്റെ ഫലം നാം രക്ഷിക്കപ്പെടുന്നു എന്നതാണ്. നാം നമ്മുടെ പാപത്തിൽ നശിച്ചുപോകുകയില്ല; മറിച്ച്, നമുക്കു നിത്യജീവൻ നൽകപ്പെടും. പുത്രനിലൂടെയല്ലാതെ രക്ഷയിലേക്കു മറ്റൊരു വഴിയുമില്ല. ഈ സത്യം നാം അറിയുകയും വിശ്വസിക്കുകയും സ്വീകരിക്കുകയും ഹൃദയത്തോടു ചേർത്തുപിടിക്കുകയും വേണം.
സുവിശേഷം മുഴുവന്റെയും ഈ സംഗ്രഹത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. ഇത് വീണ്ടും വീണ്ടും വായിച്ച് മനഃപാഠമാക്കുക. ഓരോ വാക്കിന്റെയും മാധുര്യം ആസ്വദിക്കുക. വിശുദ്ധഗ്രന്ഥത്തിലെ ഈ ചെറിയ ഭാഗം ഹൃദയത്തോടു ചേർത്തുപിടിക്കുമ്പോൾ ദൈവത്തിന്റെ സത്യം മുഴുവനുമാണ് നിങ്ങൾ സ്വീകരിക്കുന്നതെന്ന് അറിയുക.
സ്വർഗസ്ഥനായ പിതാവേ, അങ്ങയുടെ പുത്രനായ ഈശോമിശിഹായെ പരിപൂർണ്ണമായ ദാനമായി നൽകിയതിന് ഞാൻ അങ്ങേക്കു നന്ദി പറയുന്നു. ഈശോയെ ഞങ്ങൾക്കു നൽകുന്നതിലൂടെ അങ്ങയുടെ ഹൃദയവും ആത്മാവുംതന്നെയാണ് അങ്ങ് ഞങ്ങൾക്കു നൽകുന്നത്. അങ്ങയെയും ഈശോ എന്ന പരിപൂർണ്ണ ദാനത്തെയും എന്റെ ജീവിതത്തിൽ കൂടുതൽ പൂർണ്ണമായി സ്വീകരിക്കാൻ എനിക്കു കഴിയുമാറാകട്ടെ. എന്റെ ദൈവമേ, ഞാൻ അങ്ങയിൽ വിശ്വസിക്കുന്നു. എന്റെ വിശ്വാസവും സ്നേഹവും വർധിപ്പിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
സുബോധത്തിലേക്കുള്ള തിരിച്ചുവരവ്
തപസ്സുകാലം നാലാം ഞായർ (വർഷം C)
സുബോധം വീണ്ടുകിട്ടിയപ്പോൾ അവൻ ചിന്തിച്ചു: “എന്റെ പിതാവിന്റെ എത്രയോ കൂലിക്കാർക്ക് ആവശ്യത്തിലധികം ഭക്ഷണമുണ്ട്; ഞാനോ ഇവിടെ വിശന്നു മരിക്കുന്നു. ഞാൻ എഴുന്നേറ്റ് എന്റെ പിതാവിന്റെ അടുത്തേക്കു പോകും. ഞാൻ അവനോടു പറയും: ‘പിതാവേ, സ്വർഗത്തിനെതിരായും അങ്ങേക്കെതിരായും ഞാൻ പാപം ചെയ്തു. അങ്ങയുടെ പുത്രൻ എന്നു വിളിക്കപ്പെടാൻ ഇനി എനിക്ക് യോഗ്യതയില്ല; അങ്ങയുടെ കൂലിക്കാരിൽ ഒരാളെപ്പോലെ എന്നെ കരുതണമേ.’” ലൂക്കാ 15:17–19
നാം നമ്മുടെ പാപങ്ങളെ മുറുകെപ്പിടിക്കുന്നത് എന്തുകൊണ്ടാണ്? ഈ ഭാഗം ധൂർത്തപുത്രന്റെ കഥയിൽനിന്നുള്ളതാണ്. ആ കഥ നാം നന്നായി അറിഞ്ഞിരിക്കണം. പിതാവിനെ വിട്ടുപോകാനും ഭാവിയിൽ തനിക്കു ലഭിക്കേണ്ട അവകാശസ്വത്ത് വാങ്ങി പാപജീവിതത്തിനായി ചെലവഴിക്കാനും മകൻ തീരുമാനിച്ചു. കൈയിലുണ്ടായിരുന്ന പണം തീർന്നപ്പോൾ അവൻ കടുത്ത ദാരിദ്ര്യത്തിലായി. അപ്പോൾ അവൻ എന്തു ചെയ്തു? അവനു സുബോധം വന്നു!
ഈ ഒരു വാക്യംതന്നെ നമ്മുടെ ധ്യാനത്തിനു യോഗ്യമാണ്. ഒന്നാമതായി, പാപജീവിതത്തിലേക്കു വീഴുന്ന ഒരാൾക്ക് എന്തു സംഭവിക്കുന്നുവെന്ന് അത് വെളിപ്പെടുത്തുന്നു. ഈ സംഭവത്തിൽ, മകൻ ഒടുവിൽ തന്റെ പാപത്തിന്റെ ഫലം കൊയ്തു. തന്റെ പാപം തന്നെ നിർധനനും ഏകാകിയുമാക്കിയെന്ന് അവൻ തിരിച്ചറിഞ്ഞു. ആരുടെ അടുത്തേക്കു തിരിയണമെന്ന് അവന് അറിയില്ലായിരുന്നു. നമ്മുടെ പാപങ്ങൾ ഈ മകന്റേതോളം എത്തിയിട്ടില്ലെങ്കിലും, അവനെപ്പോലെതന്നെ നാമെല്ലാവരും നാം ചെയ്യുന്ന പാപങ്ങളുടെ ശൂന്യതയുളവാക്കുന്ന ഫലങ്ങൾ അനുഭവിക്കും.
ഈ മകനിൽനിന്നു നമുക്കു ലഭിക്കുന്ന ആഴമേറിയ ഉൾക്കാഴ്ച, അവൻ യഥാർഥത്തിൽ മനസ്സുമാറ്റത്തിലേക്കു വന്നു എന്നതാണ്. കൂടുതൽ വ്യക്തമായി പറഞ്ഞാൽ, “സുബോധം വന്നപ്പോൾ” അവൻ പ്രധാനപ്പെട്ട രണ്ടു കാര്യങ്ങൾ തിരിച്ചറിഞ്ഞു. ഒന്നാമതായി, ദുരിതപൂർണമായ ഒരു ജീവിതത്തെക്കാൾ വിലപ്പെട്ടവനാണ് താനെന്ന് അവൻ മനസ്സിലാക്കി. ദാരിദ്ര്യവും ശൂന്യതയും നിറഞ്ഞ ജീവിതം നയിക്കേണ്ടിവരുന്ന അവസ്ഥ ആർക്കും ഉണ്ടാകരുത്. അതിനാൽ, തന്റെതന്നെ മഹത്ത്വം തിരിച്ചറിഞ്ഞപ്പോൾ, അതിലും ഉന്നതമായ ഒരു ജീവിതത്തിനായാണ് താൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന് അവൻ മനസ്സിലാക്കി.
രണ്ടാമതായി, തന്റെ പിതാവിന്റെ അടുത്തേക്കു തിരിയാൻ കഴിയുമെന്ന് അവന് അറിയാമായിരുന്നു. ഇത് അറിയാൻ കഴിഞ്ഞത് അവന് എത്ര വലിയ അനുഗ്രഹമായിരുന്നു! പിതാവ് തന്നെ ഉപാധികളില്ലാതെ സ്നേഹിക്കുന്നുവെന്ന് വ്യക്തമായിരുന്നതിനാലാണ് പിതാവിന്റെ അടുത്തേക്കു തിരിയാൻ കഴിയുമെന്ന് അവന് അറിയാമായിരുന്നത്. പിതാവിന്റെ ഹൃദയത്തിലെ കരുണ അത്ര ശക്തമായിരുന്നതിനാൽ പുത്രന് അതിനെക്കുറിച്ച് ബോധ്യമുണ്ടായിരുന്നു; ഈ ബോധ്യമാണ് പിതാവിന്റെ അടുത്തേക്കു തിരിയാനുള്ള ആത്മവിശ്വാസം അവനു നൽകിയത്.
ഈ രണ്ടു കാര്യങ്ങളെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. പുത്രൻ തന്റെ ദുരവസ്ഥ തിരിച്ചറിയുന്നു; അതോടൊപ്പം, ആത്മവിശ്വാസത്തോടെ തനിക്കു സമീപിക്കാവുന്ന വ്യക്തിയായി തന്റെ പിതാവിനെയും കാണുന്നു. നമ്മുടെ ജീവിതത്തിലും ഇതുതന്നെ ചെയ്യാൻ നാം പരിശ്രമിക്കണം. സ്വർഗസ്ഥനായ പിതാവ് ഒരിക്കലും നമ്മെ തള്ളിക്കളയുകയില്ല. നാം എന്തുതന്നെ ചെയ്തിട്ടുണ്ടെങ്കിലും, എത്ര ദൂരം അകന്നുപോയിട്ടുണ്ടെങ്കിലും, പിതാവിന്റെ സ്നേഹം പരിപൂർണ്ണവും തളരാത്തതും ഉപാധികളില്ലാത്തതും എപ്പോഴും നമ്മെ ക്ഷണിക്കുന്നതുമാണ്. നാം അവിടുത്തെ അടുത്തേക്ക് വിശ്വാസത്തോടെ തിരിയുകമാത്രം ചെയ്താൽ, നാം ചെയ്തിട്ടുള്ള എല്ലാ തെറ്റുകളും ക്ഷമിക്കാൻ അവിടുന്ന് സന്നദ്ധനും ഒരുക്കമുള്ളവനുമാണ്. നിങ്ങളുടെ പാപങ്ങളെക്കുറിച്ച് സുബോധമുള്ളവരാകുക! അവയെ ഉപേക്ഷിക്കുക, അനുതപിക്കുക, ദൈവത്തിന്റെ കരുണയിൽ ആശ്രയിക്കുക.
പരിപൂർണ്ണ സ്നേഹത്തിന്റെ നാഥാ, എന്റെ പാപങ്ങൾ എന്റെ ഉള്ളിനെ വരണ്ടതും ശൂന്യവുമാക്കുന്നു. ഞാൻ നടത്തിയ പാപകരമായ തിരഞ്ഞെടുപ്പുകളുടെ ഫലമായ ദുരവസ്ഥയും വേദനയും ഞാൻ കാണുന്നു. പ്രിയനാഥാ, സുബോധം വീണ്ടെടുക്കാനും ഞാൻ ചെയ്യുന്ന ഓരോ പാപത്തിൽനിന്നും പിന്തിരിയാനും എന്നെ സഹായിക്കണമേ. ഞാൻ ചെയ്തിട്ടുള്ള എന്തിനെക്കാളും എത്രയോ വലുതാണ് അങ്ങയുടെ കരുണയെന്ന് തിരിച്ചറിയാൻ എന്നെ സഹായിക്കണമേ. അങ്ങയുടെ പരിപൂർണ്ണ സ്നേഹത്തിന് ഞാൻ നന്ദി പറയുന്നു; എന്റെ ആവശ്യനേരത്ത് ഞാൻ അങ്ങയിലേക്കു തിരിയുന്നു. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
കൗതുകകരമായ ഒരു അത്ഭുതം
നോമ്പുകാലത്തിലെ നാലാം ആഴ്ചയിലെ തിങ്കളാഴ്ച
ഈശോ അവനോടു പറഞ്ഞു: “അടയാളങ്ങളും അത്ഭുതങ്ങളും കണ്ടാലല്ലാതെ നിങ്ങൾ വിശ്വസിക്കുകയില്ല.” രാജാവിന്റെ ഉദ്യോഗസ്ഥൻ അവിടുത്തോടു പറഞ്ഞു: “പ്രഭോ, എന്റെ കുഞ്ഞ് മരിക്കുന്നതിനുമുമ്പ് ഇറങ്ങിവരണമേ.” ഈശോ അവനോടു പറഞ്ഞു: “നിനക്കു പോകാം; നിന്റെ മകൻ ജീവിക്കും.” യോഹന്നാൻ 4:48–50
തീർച്ചയായും ആ കുഞ്ഞ് ജീവിക്കുന്നു; വീട്ടിൽ തിരിച്ചെത്തുമ്പോൾ തന്റെ കുഞ്ഞ് സുഖം പ്രാപിച്ചതായി കണ്ട് രാജാവിന്റെ ഉദ്യോഗസ്ഥൻ അത്യന്തം സന്തോഷിക്കുന്നു. അവൻ സുഖം പ്രാപിക്കുമെന്ന് ഈശോ പറഞ്ഞ അതേ സമയത്താണ് ഈ സൗഖ്യം സംഭവിച്ചത്.
ഈ ഭാഗത്തെക്കുറിച്ച് ശ്രദ്ധിക്കേണ്ട കൗതുകകരമായ ഒരു കാര്യം ഈശോയുടെ വാക്കുകളിലെ വൈരുധ്യമാണ്. “അടയാളങ്ങളും അത്ഭുതങ്ങളും കണ്ടാലല്ലാതെ നിങ്ങൾ വിശ്വസിക്കുകയില്ല” എന്ന് പറയുമ്പോൾ, ആദ്യം ഈശോ കോപിക്കുന്നതുപോലെതന്നെ തോന്നുന്നു. എന്നാൽ ഉടൻതന്നെ, “നിന്റെ മകൻ ജീവിക്കും” എന്ന് ആ മനുഷ്യനോടു പറഞ്ഞുകൊണ്ട് അവിടുന്ന് ബാലനെ സുഖപ്പെടുത്തുന്നു. ഈശോയുടെ വാക്കുകളും പ്രവൃത്തിയും തമ്മിൽ പ്രത്യക്ഷത്തിൽ കാണുന്ന ഈ വൈരുധ്യം എന്തുകൊണ്ടാണ്?
യേശുവിന്റെ ആദ്യവാക്കുകൾ ഒരു വിമർശനം എന്നതിലുപരി, സത്യം വെളിപ്പെടുത്തുന്ന വാക്കുകളാണെന്നു നാം ശ്രദ്ധിക്കണം. പലർക്കും വിശ്വാസമില്ലെന്നോ, കുറഞ്ഞപക്ഷം അവരുടെ വിശ്വാസം ദുർബലമാണെന്നോ അവിടുത്തേക്ക് അറിയാം. വിശ്വസിക്കുന്നതിലേക്കു കടന്നുവരാൻ ആളുകളെ സഹായിക്കുന്നതിന് ചിലപ്പോൾ “അടയാളങ്ങളും അത്ഭുതങ്ങളും” ഉപകരിക്കുമെന്നും അവിടുത്തേക്ക് അറിയാം. “അടയാളങ്ങളും അത്ഭുതങ്ങളും” കാണണമെന്ന ഈ ആവശ്യം ഉത്തമമായ വിശ്വാസനിലയിൽനിന്ന് ഏറെ അകലെയാണെങ്കിലും, യേശു ആ ആവശ്യം കണക്കിലെടുത്തു പ്രവർത്തിക്കുന്നു. ഒരു അത്ഭുതത്തിനായുള്ള ഈ ആഗ്രഹത്തെ വിശ്വാസം നൽകാനുള്ള ഒരു മാർഗമായി അവിടുന്ന് ഉപയോഗിക്കുന്നു.
മനസ്സിലാക്കേണ്ട പ്രധാന കാര്യം ഇതാണ്: ശാരീരികസൗഖ്യം വലിയൊരു സ്നേഹപ്രവൃത്തിയായിരുന്നെങ്കിലും, അത് ഈശോയുടെ ആത്യന്തിക ലക്ഷ്യമായിരുന്നില്ല; മറിച്ച്, മകന്റെ സൗഖ്യം എന്ന ദാനം നൽകി ഈ പിതാവിന്റെ വിശ്വാസം വർധിപ്പിക്കുക എന്നതായിരുന്നു അവിടുത്തെ ആത്യന്തിക ലക്ഷ്യം. ഇത് മനസ്സിലാക്കേണ്ടത് പ്രധാനമാണ്; കാരണം, ജീവിതത്തിൽ നമ്മുടെ കർത്താവിൽനിന്ന് നാം അനുഭവിക്കുന്ന എല്ലാറ്റിന്റെയും ലക്ഷ്യം നമ്മുടെ വിശ്വാസം കൂടുതൽ ആഴമുള്ളതാക്കുക എന്നതായിരിക്കും. ചിലപ്പോൾ അത് “അടയാളങ്ങളുടെയും അത്ഭുതങ്ങളുടെയും” രൂപം സ്വീകരിക്കുന്നു; മറ്റു ചിലപ്പോൾ, ദൃശ്യമായ അടയാളമോ അത്ഭുതമോ ഒന്നുമില്ലാതെ, ഒരു പരീക്ഷണത്തിന്റെ നടുവിൽ നമ്മെ താങ്ങിനിർത്തുന്ന അവിടുത്തെ സാന്നിധ്യമായിരിക്കാം അത്. നാം പരിശ്രമിച്ചു നേടേണ്ട ലക്ഷ്യം വിശ്വാസമാണ്. നമ്മുടെ ജീവിതത്തിൽ കർത്താവ് ചെയ്യുന്നതെന്തും നമ്മുടെ വിശ്വാസവർധനയുടെ ഉറവിടമാകാൻ അനുവദിച്ചുകൊണ്ടാണ് നാം അതിനായി പരിശ്രമിക്കേണ്ടത്.
നിങ്ങളുടെ വിശ്വാസവും ആശ്രയബോധവും എത്രത്തോളമുണ്ടെന്ന് ഇന്ന് വിചിന്തനം ചെയ്യുക. നിങ്ങളുടെ ജീവിതത്തിലെ ദൈവത്തിന്റെ പ്രവർത്തനങ്ങൾ തിരിച്ചറിയാൻ പരിശ്രമിക്കുക; അങ്ങനെ ആ പ്രവർത്തനങ്ങൾ നിങ്ങളിൽ കൂടുതൽ വിശ്വാസം ഉളവാക്കട്ടെ. അവിടുത്തെ മുറുകെപ്പിടിക്കുക, അവിടുന്ന് നിങ്ങളെ സ്നേഹിക്കുന്നുവെന്നു വിശ്വസിക്കുക, നിങ്ങൾക്കാവശ്യമായ ഉത്തരം അവിടുത്തെ പക്കലുണ്ടെന്ന് അറിയുക, എല്ലാറ്റിലും അവിടുത്തെ അന്വേഷിക്കുക. അവിടുന്ന് ഒരിക്കലും നിങ്ങളെ കൈവിടുകയില്ല.
എന്റെ സ്നേഹനാഥാ, എന്റെ വിശ്വാസം വർധിപ്പിക്കണമേ. എന്റെ ജീവിതത്തിൽ അങ്ങ് പ്രവർത്തിക്കുന്നത് കാണാനും എല്ലാറ്റിലും അങ്ങയുടെ പരിപൂർണ്ണ സ്നേഹം കണ്ടെത്താനും എന്നെ സഹായിക്കണമേ. എന്റെ ജീവിതത്തിൽ അങ്ങ് പ്രവർത്തിക്കുന്നത് കാണുമ്പോൾ, അങ്ങയുടെ പരിപൂർണ്ണ സ്നേഹം കൂടുതൽ ഉറപ്പോടെ അറിയാൻ എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
പാപത്താൽ തളർന്നവർ
നോമ്പുകാലം നാലാം ആഴ്ചയിലെ ചൊവ്വാഴ്ച
യേശു അവനോടു പറഞ്ഞു: “എഴുന്നേറ്റ് നിന്റെ പായ എടുത്തു നടക്കുക.” ഉടനെ ആ മനുഷ്യൻ സുഖം പ്രാപിച്ച്, തന്റെ പായ എടുത്തു നടന്നു. യോഹന്നാൻ 5:8–9
മുകളിൽ നൽകിയിരിക്കുന്ന ഈ ഭാഗത്തിന്റെ വ്യക്തമായ പ്രതീകാത്മക അർത്ഥങ്ങളിലൊന്നു നമുക്കു നോക്കാം. യേശു സുഖപ്പെടുത്തിയ മനുഷ്യൻ തളർവാതം ബാധിച്ച്, നടക്കാനോ സ്വന്തം കാര്യങ്ങൾ നോക്കാനോ കഴിയാത്ത അവസ്ഥയിലായിരുന്നു. ദയയും ശ്രദ്ധയും പ്രതീക്ഷിച്ച് അവൻ കുളത്തിനരികിൽ ഇരുന്നപ്പോൾ മറ്റുള്ളവർ അവനെ അവഗണിച്ചു. യേശു അവനെ കാണുകയും തന്റെ മുഴുവൻ ശ്രദ്ധയും അവനു നൽകുകയും ചെയ്യുന്നു. ഒരു ഹ്രസ്വ സംഭാഷണത്തിനുശേഷം യേശു അവനെ സുഖപ്പെടുത്തുകയും എഴുന്നേറ്റു നടക്കാൻ പറയുകയും ചെയ്യുന്നു.
നമ്മുടെ ജീവിതത്തിൽ പാപം ഉളവാക്കുന്ന ഫലത്തിന്റെ ഒരു പ്രതീകമാണ് അവന്റെ ശാരീരിക തളർവാതം എന്നതാണ് ഇതിലെ വ്യക്തമായ ഒരു സന്ദേശം. പാപം ചെയ്യുമ്പോൾ നാം നമ്മെത്തന്നെ “തളർത്തുന്നു.” പാപം നമ്മുടെ ജീവിതത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉളവാക്കുന്നു. അവയിൽ ഏറ്റവും വ്യക്തമായത്, എഴുന്നേറ്റ് ദൈവത്തിന്റെ വഴികളിലൂടെ നടക്കാൻ നമുക്കു കഴിയാതെ പോകുന്നു എന്നതാണ്. പ്രത്യേകിച്ച് ഗുരുതരമായ പാപം, സ്നേഹിക്കാനും യഥാർഥ സ്വാതന്ത്ര്യത്തിൽ ജീവിക്കാനും നമുക്കു ശക്തിയില്ലാതാക്കുന്നു. അത് നമ്മെ കെണിയിലാക്കുകയും സ്വന്തം ആത്മീയജീവിതത്തിന്റെയോ മറ്റുള്ളവരുടെയോ കാര്യത്തിൽ ഒരുവിധത്തിലും ശ്രദ്ധ ചെലുത്താൻ കഴിയാത്തവരാക്കുകയും ചെയ്യുന്നു. പാപത്തിന്റെ പ്രത്യാഘാതങ്ങൾ തിരിച്ചറിയേണ്ടത് പ്രധാനമാണ്. ചെറിയ പാപങ്ങൾപോലും നമ്മുടെ കഴിവുകൾക്കു തടസ്സമാകുകയും നമ്മുടെ ശക്തി ചോർത്തിക്കളയുകയും ഏറിയോ കുറഞ്ഞോ അളവിൽ നമ്മെ ആത്മീയമായി തളർത്തുകയും ചെയ്യുന്നു.
ഇത് നിങ്ങൾക്കറിയാമെന്നും ഇതു നിങ്ങൾക്കൊരു പുതിയ വെളിപ്പെടുത്തലല്ലെന്നും പ്രതീക്ഷിക്കുന്നു. എന്നാൽ നിങ്ങളിൽ പുതുതായി ഉണ്ടാകേണ്ടത്, ഇപ്പോൾ നിങ്ങൾക്കുള്ള പാപക്കുറ്റത്തിന്റെ സത്യസന്ധമായ ഏറ്റുപറച്ചിലാണ്. ഈ സംഭവത്തിൽ നിങ്ങളെത്തന്നെ നിങ്ങൾ കാണണം. ഈ ഒരാളുടെ നന്മയ്ക്കുവേണ്ടി മാത്രമല്ല യേശു അവനെ സുഖപ്പെടുത്തിയത്. നിങ്ങളുടെ പാപത്തിന്റെ പ്രത്യാഘാതങ്ങൾ അനുഭവിച്ചുകൊണ്ട് തകർന്ന അവസ്ഥയിൽ കഴിയുന്ന നിങ്ങളെ അവിടുന്ന് കാണുന്നുവെന്നു നിങ്ങളോടു പറയുക എന്നതും ഈ സൗഖ്യത്തിന്റെ ഒരു ലക്ഷ്യമായിരുന്നു. സഹായം ആവശ്യമായ അവസ്ഥയിൽ അവിടുന്ന് നിങ്ങളെ കാണുന്നു; നിങ്ങളെ നോക്കി എഴുന്നേറ്റു നടക്കാൻ വിളിക്കുന്നു. നിങ്ങളുടെ ജീവിതത്തിൽ സൗഖ്യം പ്രവർത്തിക്കാൻ അവിടുത്തെ അനുവദിക്കുന്നതിന്റെ പ്രാധാന്യം കുറച്ചുകാണരുത്. നിങ്ങളുടെമേൽ പ്രത്യാഘാതങ്ങൾ ഉളവാക്കുന്ന ഏറ്റവും ചെറിയ പാപംപോലും തിരിച്ചറിയാൻ ഉപേക്ഷ വിചാരിക്കരുത്. നിങ്ങളുടെ പാപത്തിലേക്കു നോക്കുക, അതു കാണാൻ യേശുവിനെ അനുവദിക്കുക, സൗഖ്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും വാക്കുകൾ അവിടുന്ന് അരുളുന്നതു ശ്രവിക്കുക.
തളർവാതരോഗിയായ ഈ മനുഷ്യന് യേശുവുമായുണ്ടായ ഈ ശക്തമായ കണ്ടുമുട്ടലിനെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. നിങ്ങളും ആ രംഗത്തിലുണ്ടെന്ന് സങ്കല്പിക്കുക; ഈ സൗഖ്യം നിങ്ങൾക്കുവേണ്ടിയും നൽകപ്പെടുന്നതാണെന്ന് അറിയുക. ഈ നോമ്പുകാലത്ത് ഇതുവരെ കുമ്പസാരിച്ചിട്ടില്ലെങ്കിൽ, കുമ്പസാരത്തിനു പോയി ആ കൂദാശയിൽ യേശു നൽകുന്ന സൗഖ്യം കണ്ടെത്തുക. നിങ്ങളെ കാത്തിരിക്കുന്ന സ്വാതന്ത്ര്യത്തിലേക്കുള്ള വഴിയാണ് കുമ്പസാരം; പ്രത്യേകിച്ച് സത്യസന്ധമായും സമഗ്രമായും അതിൽ പങ്കുചേരുമ്പോൾ.
ഏറ്റവും കരുണയുള്ള കർത്താവേ, എന്റെ പാപങ്ങൾ ക്ഷമിക്കണമേ. അവയെ തിരിച്ചറിയാനും അവ എന്നിൽ ഉളവാക്കുന്ന പ്രത്യാഘാതങ്ങൾ അംഗീകരിക്കാനും ഞാൻ ആഗ്രഹിക്കുന്നു. ഈ ഭാരങ്ങളിൽനിന്ന് എന്നെ മോചിപ്പിക്കാനും അവയുടെ മൂലകാരണത്തിൽത്തന്നെ സൗഖ്യം നൽകാനും അങ്ങ് ആഗ്രഹിക്കുന്നുവെന്ന് എനിക്കറിയാം. കർത്താവേ, പ്രത്യേകിച്ച് അനുരഞ്ജന കൂദാശയിൽ, എന്റെ പാപങ്ങൾ അങ്ങയോട് ഏറ്റുപറയാൻ എനിക്കു ധൈര്യം നൽകണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവവുമായുള്ള ഐക്യം
നോമ്പുകാലം നാലാം വാരത്തിലെ ബുധനാഴ്ച
യേശു യഹൂദരോടു മറുപടി പറഞ്ഞു: “എന്റെ പിതാവ് ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു; അതിനാൽ ഞാനും പ്രവർത്തിക്കുന്നു.” ഇക്കാരണത്താൽ അവർ അവനെ കൊല്ലാൻ കൂടുതൽ ശ്രമിച്ചു. കാരണം, അവൻ സാബത്ത് ലംഘിക്കുക മാത്രമല്ല, ദൈവത്തെ സ്വന്തം പിതാവെന്നു വിളിച്ച് തന്നെത്തന്നെ ദൈവത്തിനു തുല്യനാക്കുകയും ചെയ്തു. യോഹന്നാൻ 5:17–18
യേശുവിനെ വധിക്കാൻ ശ്രമിച്ചവരുടെ അഭിപ്രായത്തിൽ, അവൻ ഗുരുതരമായ പാപങ്ങൾ ചെയ്ത കുറ്റവാളിയായിരുന്നു എന്നതിൽ സംശയമില്ല. അവർ കരുതിയ രീതിയിൽ അവൻ അവരുടെ സാബത്ത് നിയമങ്ങൾ പാലിച്ചില്ല; താൻ പിതാവിനു തുല്യനാണെന്ന് അവൻ വെളിപ്പെടുത്തുകയും ചെയ്തു. അവന്റെ അവകാശവാദം തെറ്റായിരുന്നെങ്കിൽ, ഇത് യേശുവിന്റെ ഭാഗത്തുനിന്നുള്ള ഗുരുതരമായ പാപമാകുമായിരുന്നു. എന്നാൽ അവൻ തെറ്റിയിരുന്നില്ലെന്നത് വ്യക്തമാണ്.
ഈ വചനഭാഗത്തിന്റെ കേന്ദ്രവിഷയം പിതാവിന്റെയും പുത്രന്റെയും ഐക്യമാണ്. ഇതിനു പിന്നാലെയുള്ള വാക്യങ്ങൾ, പിതാവും പുത്രനും ഒന്നാണെന്നും യേശുവിന്റെ ജീവിതം മുഴുവൻ പിതാവിന്റെ തിരുഹിതം നിറവേറ്റുന്നതിൽ മുഴുകിയിരിക്കുന്നുവെന്നും കൂടുതൽ വ്യക്തമായി വെളിപ്പെടുത്തുന്നു. ഇച്ഛയിലുള്ള ഈ ഏകത്വംതന്നെയാണ് അവരുടെ ഐക്യത്തിനു കാരണമാകുന്നത്.
പിതാവും പുത്രനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഇതു നമുക്ക് ഏറെ വെളിപ്പെടുത്തുന്നു. അതോടൊപ്പം, പിതാവും പുത്രനുമായുള്ള നമ്മുടെ സ്വന്തം ബന്ധത്തെക്കുറിച്ചും ഇതു വളരെയേറെ വെളിപ്പെടുത്തുന്നു. ഒന്നാമതായി, പിതാവും പുത്രനും വ്യതിരിക്ത വ്യക്തികളാണ്; ഓരോരുത്തർക്കും പരിപൂർണ്ണമായ ബുദ്ധിയും ഇച്ഛാശക്തിയുമുണ്ട്. എന്നാൽ, അവരുടെ മനസ്സുകൾ പരിപൂർണ്ണമായ ഐക്യത്തിലായിരിക്കുകയും, എല്ലാം ഒരുപോലെ അറിയുകയും, തങ്ങൾ അറിയുന്നതിൽ പരിപൂർണ്ണമായി വിശ്വസിക്കുകയും ചെയ്തതിലൂടെയാണ് അവരുടെ ഏകത്വം കൈവന്നത്. അവർ പങ്കുവെക്കുന്ന പരിപൂർണ്ണമായ അറിവിന്റെ ഫലമായി, ലോകസ്ഥാപനംമുതൽ രൂപപ്പെടുത്തിയിരുന്ന പിതാവിന്റെ പദ്ധതിയിലെ ഓരോ വിശദാംശവും അവർ ഇരുവരും സ്വീകരിച്ചു.
നമ്മെ സംബന്ധിച്ചിടത്തോളം, പിതാവിന്റെയും പുത്രന്റെയും ഐക്യത്തെക്കുറിച്ചുള്ള ഈ ധാരണയിൽനിന്ന്, നാം എങ്ങനെ ദൈവവുമായുള്ള ഐക്യത്തിലേക്കു പ്രവേശിക്കുന്നു എന്ന മഹത്തായ പാഠം ഉൾക്കൊള്ളാൻ കഴിയും. ദൈവത്തിന്റെ മനസ്സ് അന്വേഷിക്കുന്നതിലൂടെയാണ് ഇത് ആദ്യം സംഭവിക്കുന്നത്. അതിൽ അടങ്ങിയിരിക്കുന്ന മഹത്തായ രഹസ്യങ്ങളെ നാം ആഴത്തിൽ അന്വേഷിക്കുകയും അവയെ നമ്മുടെ സ്വന്തം അറിവാക്കുകയും വേണം. രണ്ടാമതായി, നാം അറിഞ്ഞ കാര്യങ്ങളിൽ നമ്മുടെ ഇച്ഛാശക്തിയുടെ ഒരു പ്രവൃത്തിയിലൂടെ വിശ്വസിക്കണം. സത്യം കണ്ടെത്തുമ്പോൾ അതു നമ്മുടെ ജീവിതത്തിനായി തിരഞ്ഞെടുക്കണം. നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റാൻ പരസ്പരം മത്സരിക്കുന്ന അനേകം സ്വരങ്ങളുണ്ട് എന്നതാണ് വെല്ലുവിളി. അവയെ വിവേചിച്ചറിഞ്ഞ്, ദൈവം വെളിപ്പെടുത്തുന്നതു മാത്രം തിരഞ്ഞെടുക്കുമ്പോൾ, നാം സ്വാഭാവികമായും ദൈവത്തിന്റെ മനസ്സിലേക്കും തിരുവിഷ്ടത്തിലേക്കും ആകർഷിക്കപ്പെടുകയും അവയെ നമ്മുടേതാക്കുകയും ചെയ്യുന്നു. ഈ പ്രവൃത്തിയിൽ നാം ദൈവവുമായി ഒന്നായിത്തീരുകയും ചെയ്യുന്നു.
പിതാവിനോടും പുത്രനോടുമൊപ്പം ജീവിക്കാൻ നിങ്ങൾ വിളിക്കപ്പെട്ടിരിക്കുന്ന ഐക്യത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. ഈ ഐക്യമാണ് നിങ്ങളുടെ ജീവിതത്തിനു പൂർണത നൽകുന്നത്. ഇതിനുവേണ്ടിയാണ് നിങ്ങൾ സൃഷ്ടിക്കപ്പെട്ടത്. മറ്റെന്തെങ്കിലും അന്വേഷിക്കുന്നതും വിശ്വസിക്കുന്നതും സ്വീകരിക്കുന്നതും ഒരു അസത്യത്തെ ആശ്രയിച്ചു ജീവിക്കുന്നതിനു തുല്യമാണ്. എല്ലാക്കാര്യങ്ങളിലും ദൈവത്തിന്റെ മനസ്സും തിരുഹിതവും അന്വേഷിക്കുക; അപ്പോൾ നിങ്ങളുടെ അസ്തിത്വം മുഴുവൻ ദൈവവുമായുള്ള കൂടുതൽ ആഴമായ ഐക്യത്തിലേക്ക് ആകർഷിക്കപ്പെടും.
സ്വർഗസ്ഥനായ പിതാവേ, അങ്ങയുടെ പുത്രനായ യേശുവിനെ ദാനമായി നൽകിയതിനു ഞാൻ അങ്ങേക്കു നന്ദി പറയുന്നു. അങ്ങും പുത്രനും പങ്കുവെക്കുന്ന ഐക്യത്തിനും ഞാൻ നന്ദി പറയുന്നു. അങ്ങയുടെയും പുത്രന്റെയും മനസ്സുകളും ഇച്ഛകളും സ്ഥാപിക്കുന്ന ആ മഹത്തായ ഐക്യത്തിലേക്ക് എന്നെ ആകർഷിക്കണമേ. അങ്ങും എന്റെ പിതാവായിരിക്കേണ്ടതിന് എന്നെ അങ്ങയോട് ഒന്നാക്കണമേ. സ്വർഗസ്ഥനായ പിതാവേ, പുത്രനായ ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ദൈവത്തിന്റെ പ്രവൃത്തികളുടെ സാക്ഷ്യം
നോമ്പുകാലം നാലാം വാരത്തിലെ വ്യാഴാഴ്ച
“പൂർത്തിയാക്കാൻ പിതാവ് എന്നെ ഏല്പിച്ച പ്രവൃത്തികൾ, ഞാൻ ചെയ്യുന്ന ഈ പ്രവൃത്തികൾതന്നെ, പിതാവ് എന്നെ അയച്ചുവെന്ന് എനിക്കുവേണ്ടി സാക്ഷ്യം നൽകുന്നു.” യോഹന്നാൻ 5:36
യേശു ചെയ്ത പ്രവൃത്തികൾ നൽകുന്ന സാക്ഷ്യം സ്വർഗസ്ഥനായ പിതാവ് അവിടുത്തെ ഏൽപ്പിച്ച ദൗത്യത്തെക്കുറിച്ചാണ്. ഇതു മനസ്സിലാക്കുന്നത് ജീവിതത്തിൽ നമ്മുടെ സ്വന്തം ദൗത്യം ഏറ്റെടുക്കാൻ നമ്മെ സഹായിക്കും.
ഒന്നാമതായി, യേശുവിന്റെ പ്രവൃത്തികൾ നൽകിയ സാക്ഷ്യത്തെക്കുറിച്ച് നമുക്കു ചിന്തിക്കാം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അവിടുന്ന് ആരായിരുന്നു എന്നതിനെക്കുറിച്ചുള്ള ഒരു സന്ദേശം അവിടുത്തെ പ്രവൃത്തികൾ മറ്റുള്ളവർക്കു നൽകി. അവിടുത്തെ പ്രവൃത്തികളുടെ സാക്ഷ്യം അവിടുത്തെ സത്തയും പിതാവിന്റെ തിരുവിഷ്ടവുമായുള്ള അവിടുത്തെ ഐക്യവും വെളിപ്പെടുത്തി.
അപ്പോൾ ഈ ചോദ്യം ഉയരുന്നു: “ഏതെല്ലാം പ്രവൃത്തികളാണ് ഈ സാക്ഷ്യം നൽകിയത്?” യേശു പറഞ്ഞ പ്രവൃത്തികൾ അവിടുത്തെ അത്ഭുതങ്ങളായിരുന്നുവെന്ന് ഒരാൾ ഉടനെ നിഗമനത്തിലെത്തിയേക്കാം. അവിടുന്ന് ചെയ്ത അത്ഭുതങ്ങൾ കണ്ടപ്പോൾ, സ്വർഗസ്ഥനായ പിതാവിൽനിന്ന് അയയ്ക്കപ്പെട്ടവനാണ് അവിടുന്നെന്ന് ആളുകൾക്കു ബോധ്യമായിട്ടുണ്ടാകും. ശരിയല്ലേ? വാസ്തവത്തിൽ അങ്ങനെയല്ല. യേശു അത്ഭുതങ്ങൾ ചെയ്യുന്നതു കണ്ടിട്ടും, അവിടുത്തെ ദൈവത്വത്തിന്റെ തെളിവായി ആ അത്ഭുതങ്ങളെ സ്വീകരിക്കാൻ വിസമ്മതിച്ച് ശാഠ്യത്തിൽ തുടർന്ന അനേകരുണ്ടായിരുന്നു എന്നതാണ് യാഥാർഥ്യം.
അവിടുത്തെ അത്ഭുതങ്ങൾ അസാധാരണവും വിശ്വസിക്കാൻ സന്നദ്ധരായവർക്ക് അടയാളങ്ങളുമായിരുന്നെങ്കിലും, അവിടുന്ന് ചെയ്ത ഏറ്റവും ആഴമേറിയ “പ്രവൃത്തി” അവിടുത്തെ എളിമയും ആത്മാർഥതയും നിറഞ്ഞ സ്നേഹമായിരുന്നു. യേശു ആത്മാർഥതയും സത്യസന്ധതയും ഹൃദയശുദ്ധിയുമുള്ളവനായിരുന്നു. ഒരാൾക്കുണ്ടാകാവുന്ന എല്ലാ സദ്ഗുണങ്ങളും അവിടുന്നിൽനിന്നു പ്രസരിച്ചു. അതുകൊണ്ട്, സ്നേഹവും കരുതലും പരിഗണനയും പ്രബോധനവും നിറഞ്ഞ അവിടുത്തെ സാധാരണ പ്രവൃത്തികൾ നൽകിയ സാക്ഷ്യമാണ് സർവോപരി അനേകം ഹൃദയങ്ങളെ ആദ്യം ആകർഷിച്ചിട്ടുണ്ടാവുക. വാസ്തവത്തിൽ, ഹൃദയം തുറന്നിരുന്നവർക്ക് അവിടുത്തെ അത്ഭുതങ്ങൾ ഒരർഥത്തിൽ കേക്കിനുമീതെയുള്ള അലങ്കാരം മാത്രമായിരുന്നു. പിതാവിന്റെ കരുണ വെളിപ്പെടുത്തുന്ന അവിടുത്തെ ആത്മാർഥമായ സാന്നിധ്യമായിരുന്നു ആ “കേക്ക്”.
ദൈവത്തിൽനിന്നുള്ള അത്ഭുതങ്ങൾ പ്രവർത്തിക്കാൻ നിങ്ങൾക്കു കഴിയില്ല (അതിനായി അസാധാരണമായ ഒരു വരദാനം നിങ്ങൾക്കു ലഭിച്ചിട്ടുണ്ടെങ്കിൽ മാത്രമേ അതു സാധിക്കൂ). എന്നാൽ ഹൃദയശുദ്ധിയുള്ളവരാകാൻ വിനയപൂർവം പരിശ്രമിക്കുകയും നിങ്ങളുടെ ദൈനംദിന പ്രവൃത്തികളിലൂടെ സ്വർഗസ്ഥനായ പിതാവിന്റെ ഹൃദയം പ്രകാശിക്കാൻ അനുവദിക്കുകയും ചെയ്താൽ, സത്യത്തിനു സാക്ഷ്യം വഹിക്കാനും സ്വർഗസ്ഥനായ പിതാവിന്റെ ഹൃദയം മറ്റുള്ളവരുമായി പങ്കുവയ്ക്കാനും നിങ്ങൾക്കു കഴിയും. യഥാർഥ സ്നേഹത്തിന്റെ ഏറ്റവും ചെറിയ പ്രവൃത്തിപോലും മറ്റുള്ളവരോട് ഏറെ കാര്യങ്ങൾ പറയുന്നു.
സ്വർഗസ്ഥനായ പിതാവിനു സാക്ഷ്യം നൽകാനുള്ള നിങ്ങളുടെ വിളിയെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. നിങ്ങൾ കണ്ടുമുട്ടുന്ന എല്ലാവരുമായും പിതാവിന്റെ സ്നേഹം പങ്കുവയ്ക്കാനാണ് നിങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നത്. ചെറുതും വലുതുമായ കാര്യങ്ങളിൽ ഈ ദൗത്യം നിങ്ങൾ ഏറ്റെടുത്താൽ, നിങ്ങളിലൂടെ സുവിശേഷം മറ്റുള്ളവർക്ക് വെളിപ്പെടുകയും നമ്മുടെ ലോകത്തിൽ പിതാവിന്റെ തിരുഹിതം കൂടുതൽ പൂർണമായി നിറവേറുകയും ചെയ്യും.
സത്യസന്ധനും പരിശുദ്ധനുമായ എന്റെ കർത്താവേ, അങ്ങയുടെ ഹൃദയത്തിൽനിന്ന് ഒഴുകുന്ന സ്നേഹത്തിനു സാക്ഷ്യം വഹിക്കാൻ എനിക്കു കഴിയണമേ എന്നു ഞാൻ പ്രാർഥിക്കുന്നു. കാപട്യമില്ലാത്തവനും സത്യസന്ധനും ആത്മാർഥതയുള്ളവനുമായിരിക്കാൻ എനിക്കു കൃപ നൽകണമേ. എന്റെ എല്ലാ പ്രവൃത്തികളും അങ്ങയുടെ കരുണയ്ക്കു സാക്ഷ്യം വഹിക്കേണ്ടതിന്, അങ്ങയുടെ കരുണാർദ്രഹൃദയത്തിന്റെ നിർമലമായ ഒരു ഉപകരണമായിത്തീരാൻ എന്നെ സഹായിക്കണമേ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
സുപരിചിതത്വത്തോടൊപ്പമുള്ള പ്രലോഭനം
നോമ്പുകാലത്തിലെ നാലാം ആഴ്ചയിലെ വെള്ളിയാഴ്ച
ദേവാലയപരിസരത്ത് പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ യേശു ഉച്ചത്തിൽ വിളിച്ചുപറഞ്ഞു: “നിങ്ങൾക്ക് എന്നെ അറിയാം; ഞാൻ എവിടെനിന്നാണെന്നും അറിയാം. എങ്കിലും ഞാൻ സ്വമേധയാ വന്നതല്ല; എന്നെ അയച്ചവൻ സത്യവാനാണ്. അവനെ നിങ്ങൾ അറിയുന്നില്ല.” യോഹന്നാൻ 7:28
ചിലപ്പോൾ, ഒരാളെ നാം എത്രയധികം പരിചയപ്പെടുന്നുവോ, അത്രയധികം അയാളുടെ നന്മയും ജീവിതത്തിലെ ദൈവസാന്നിധ്യവും യഥാർഥത്തിൽ കാണുക പ്രയാസമായിത്തീരുന്നു. പലപ്പോഴും, അവരെ നോക്കി “അവരെക്കുറിച്ച് എല്ലാം അറിയാം” എന്നു കരുതാൻ നമുക്കു പ്രലോഭനമുണ്ടാകുന്നു. അതിന്റെ ഫലമായി, നമ്മുടെ മനസ്സിൽ അവരുടെ കുറ്റങ്ങളും ബലഹീനതകളും മാത്രം എടുത്തുകാട്ടുകയും ആ കുറ്റങ്ങളുടെയും ബലഹീനതകളുടെയും കണ്ണിലൂടെ മാത്രം അവരെ കാണുകയും ചെയ്യുന്നതായിരിക്കാം നാം പലപ്പോഴും ചെയ്യുന്നത്.
യേശുവിന്റെ കാര്യത്തിൽ സംഭവിച്ചതും ഇതുതന്നെയാണ്. യഹൂദരുടെ കൂടാരത്തിരുനാളിന് യേശു പോയപ്പോൾ, അവിടുത്തെ അറിയാവുന്ന ചിലർ അവിടെയുണ്ടായിരുന്നു. ഒരു തച്ചന്റെ സാധാരണക്കാരനായ മകൻ എന്ന നിലയിലായിരിക്കാം അവർ അവിടുത്തെ അറിഞ്ഞിരുന്നത്. ഒരുപക്ഷേ, അവർ അവിടുത്തെ സ്വന്തം നാട്ടിൽനിന്നുള്ളവർപോലും ആയിരുന്നിരിക്കാം. യേശുവുമായുള്ള ഈ പരിചയംമൂലം, അവിടുന്ന് മിശിഹായായിരിക്കുമോ എന്ന് അവർ ഉടൻ സംശയിച്ചു. എന്നാൽ, തീർച്ചയായും അവർക്ക് വലിയ തെറ്റാണ് പറ്റിയത്.
ഇത് നമുക്കു വലിയൊരു പാഠം നൽകുന്നു. നമുക്കു നന്നായി അറിയാവുന്നവരെ വിധിക്കുകയും അമിതമായി വിമർശിക്കുകയും ചെയ്യുന്നതിനെക്കുറിച്ചുള്ള പാഠമാണത്. ഒരാളെക്കുറിച്ച് നാം കൂടുതൽ അറിയുന്തോറും, അയാളുടെ കുറ്റങ്ങളെയും ബലഹീനതകളെയും കുറിച്ച് നാം കൂടുതൽ ബോധവാന്മാരാകും. നാം ശ്രദ്ധിച്ചില്ലെങ്കിൽ, നാം കാണണമെന്ന് ദൈവം ആഗ്രഹിക്കുന്ന നല്ല ഗുണങ്ങൾക്കു പകരം ആ കുറവുകളിലായിരിക്കും നമ്മുടെ ശ്രദ്ധ കേന്ദ്രീകരിക്കുക.
യേശുവിന്റെ കാര്യത്തിൽ സംഭവിച്ചതും ഇതുതന്നെയാണ്. ഇല്ല, അവിടുത്തേക്ക് യഥാർഥത്തിൽ യാതൊരു ദുർഗുണവും ഉണ്ടായിരുന്നില്ല. അവിടുന്ന് പൂർണനായിരുന്നു. എന്നാൽ മറ്റുള്ളവരുടെ തെറ്റായ വിധിക്കും വിമർശനത്തിനും ഇടയാക്കിയ അനേകം വശങ്ങൾ അവിടുത്തെ ജീവിതത്തിൽ ഉണ്ടായിരുന്നിരിക്കാം. അവിടുത്തെ ആത്മവിശ്വാസം, പ്രബോധനത്തിൽ അവിടുന്ന് പ്രകടമാക്കിയ അധികാരം, പാപികളോട് അവിടുത്തേക്കുണ്ടായിരുന്ന അസാധാരണമായ അനുകമ്പ തുടങ്ങിയവയെല്ലാം ചിലർക്കു മനസ്സിലാക്കാൻ കഴിയാത്ത വിശിഷ്ടഗുണങ്ങളായിരുന്നു. അതുകൊണ്ട് അവർ വിമർശിക്കാനാണ് തീരുമാനിച്ചത്. “അവൻ എവിടെനിന്നാണെന്ന് ഞങ്ങൾക്കറിയാം,” എന്ന് അവർ പറഞ്ഞു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, തങ്ങൾക്ക് അറിയാവുന്ന ഒരാൾ മഹത്ത്വം നിറഞ്ഞവനായിരിക്കുമെന്ന് അവർ കരുതിയില്ല.
നിങ്ങളുടെ ചുറ്റുമുള്ളവരെക്കുറിച്ച് നിങ്ങൾ എന്തു ചിന്തിക്കുന്നു? നിങ്ങളോട് ഏറ്റവും അടുത്തവരെക്കുറിച്ച് നിങ്ങൾ എന്തു ചിന്തിക്കുന്നു? അവരിൽ പ്രത്യക്ഷത്തിൽ കാണുന്ന ഏതൊരു ബലഹീനതയ്ക്കും അപ്പുറം നോക്കി, പ്രവർത്തിക്കുന്ന ദൈവകരം കാണാൻ നിങ്ങൾക്കു കഴിയുന്നുണ്ടോ? പുറമേ കാണുന്നതിനപ്പുറം നോക്കി അവരുടെ ജീവിതത്തിന്റെ മൂല്യവും മഹത്ത്വവും കാണാൻ നിങ്ങൾക്കു കഴിയുന്നുണ്ടോ? മറ്റുള്ളവരുടെ നന്മ കാണാനും അത് എടുത്തുപറയാനും അതിനു നന്ദിയുള്ളവരായിരിക്കാനും നിങ്ങൾക്കു കഴിയുമ്പോൾ, യഥാർഥത്തിൽ നിങ്ങൾ കാണുകയും സ്നേഹിക്കുകയും ചെയ്യുന്നത് വെളിപ്പെട്ടുവരുന്ന ദൈവത്തിന്റെ നന്മയെയാണ്. നിങ്ങളുടെ ചുറ്റുമുള്ള ഓരോ ആത്മാവിലും ദൈവം സജീവമായി പ്രവർത്തിക്കുന്നു. ആ നന്മ കാണുകയും അതിനെ സ്നേഹിക്കുകയും ചെയ്യേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വമാണ്. ഇതിനു നിങ്ങളുടെ ഭാഗത്തുനിന്ന് യഥാർഥ എളിമ ആവശ്യമാണ്. എന്നാൽ, ആത്യന്തികമായി, നിങ്ങളുടെ മധ്യേയുള്ള ദൈവത്തെ സ്നേഹിക്കാനുള്ള ഒരു മാർഗമാണിത്.
നിങ്ങളോട് ഏറ്റവും അടുത്തവരെ നിങ്ങൾ എങ്ങനെയാണ് കാണുന്നതെന്ന് ഇന്ന് ചിന്തിക്കുക. അവരുടെ ജീവിതങ്ങളിൽ ദൈവം സജീവമായി സന്നിഹിതനായിരിക്കുന്ന വഴികളെക്കുറിച്ച് ധ്യാനിക്കാൻ അല്പസമയം ചെലവഴിക്കുക. ഇങ്ങനെ ചെയ്താൽ, നിങ്ങളുടെ ഇടയിൽത്തന്നെയുള്ള ദൈവത്തെ നിങ്ങൾ സ്നേഹിക്കുകയായിരിക്കും.
സദാ സന്നിഹിതനായ എന്റെ കർത്താവേ, ഞാൻ അങ്ങയെ സത്യമായും സ്നേഹിക്കുന്നു. മറ്റുള്ളവരിൽ അങ്ങയെ കാണാനും സ്നേഹിക്കാനും എന്നെ സഹായിക്കണമേ. മറ്റുള്ളവരെ വിധിക്കാനുള്ള എല്ലാ പ്രലോഭനങ്ങളും ഉപേക്ഷിക്കാനും അങ്ങയുടെ എല്ലാ പുത്രന്മാരുടെയും പുത്രിമാരുടെയും നന്മയിലേക്ക് വിനയത്തോടെ ആകർഷിക്കപ്പെടാനും എന്നെ സഹായിക്കണമേ. പ്രിയ കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു; മറ്റുള്ളവരിലും അങ്ങയെ സ്നേഹിക്കാൻ എനിക്കു കഴിയണമേ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
യേശുവിനെക്കുറിച്ചുള്ള വിസ്മയാദരവിൽ
നോമ്പുകാലത്തിലെ നാലാം ആഴ്ചയിലെ ശനിയാഴ്ച
കാവൽക്കാർ മറുപടി പറഞ്ഞു: “ഈ മനുഷ്യനെപ്പോലെ ആരും ഇതുവരെ സംസാരിച്ചിട്ടില്ല.” യോഹന്നാൻ 7:46
ഈശോ പറഞ്ഞ വാക്കുകൾ കേട്ട് കാവൽക്കാരും മറ്റു പലരും വിസ്മയിച്ചു; അവർക്ക് അവിടുത്തോട് ഭയഭക്തി തോന്നി. പ്രധാനപുരോഹിതന്മാരുടെയും ഫരിസേയരുടെയും ആജ്ഞപ്രകാരം ഈശോയെ പിടികൂടാനാണ് ഈ കാവൽക്കാരെ അയച്ചത്. എന്നാൽ അവിടുത്തെ പിടികൂടാൻ അവർക്കു മനസ്സുവന്നില്ല. ഈശോ ഉളവാക്കിയ ആ “ഭയഭക്തിയും വിസ്മയവും” അവരെ നിസ്സഹായരാക്കി.
ഈശോ പഠിപ്പിച്ചപ്പോൾ, അവിടുത്തെ വാക്കുകൾക്കപ്പുറമുള്ള എന്തോ ഒന്നു പകർന്നുനൽകപ്പെട്ടു. അതെ, അവിടുത്തെ വാക്കുകൾ ശക്തിയുള്ളവയും പരിവർത്തനമുളവാക്കുന്നവയുമായിരുന്നു. എന്നാൽ അവിടുന്ന് സംസാരിച്ച രീതിക്കും അതിൽ പങ്കുണ്ടായിരുന്നു. അതു വിശദീകരിക്കുക പ്രയാസമായിരുന്നു. എങ്കിലും, സംസാരിക്കുമ്പോൾ അവിടുന്ന് ഒരു ശക്തിയും ശാന്തതയും ഉറച്ച ബോധ്യവും സാന്നിധ്യവുംകൂടി പകർന്നുനൽകിയിരുന്നു എന്നതു വ്യക്തമാണ്. അവിടുന്ന് തന്റെ ദൈവികസാന്നിധ്യം പകർന്നുനൽകി; അതു തിരിച്ചറിയാതിരിക്കാൻ കഴിയുമായിരുന്നില്ല. ഈ മനുഷ്യനായ ഈശോ മറ്റെല്ലാവരിൽനിന്നും വ്യത്യസ്തനാണെന്ന് ആളുകൾക്ക് അറിയാമായിരുന്നു; അവിടുത്തെ ഓരോ വാക്കും അവർ അതീവ ശ്രദ്ധയോടെ കേട്ടിരുന്നു.
ദൈവം ഇന്നും ഈ രീതിയിൽ നമ്മോടു സംസാരിക്കുന്നു. ഈ “വിസ്മയാദരവ്” ഉളവാക്കിക്കൊണ്ടാണ് യേശു ഇന്നും നമ്മോടു സംസാരിക്കുന്നത്. നാം അതിൽ ശ്രദ്ധയുള്ളവരായിരുന്നാൽ മാത്രം മതി. അധികാരത്തോടും വ്യക്തതയോടും ഉറച്ച ബോധ്യത്തോടുംകൂടെ, വ്യക്തവും ബോധ്യപ്പെടുത്തുന്നതുമായ വിധത്തിൽ ദൈവം സംസാരിക്കുന്ന വഴികൾ ശ്രദ്ധിക്കാൻ നാം പരിശ്രമിക്കണം. അത് ആരെങ്കിലും പറയുന്ന ഒരു കാര്യമായിരിക്കാം; അല്ലെങ്കിൽ നമ്മുടെ ഹൃദയത്തെ സ്പർശിക്കുന്ന മറ്റൊരാളുടെ പ്രവൃത്തിയായിരിക്കാം. നാം വായിക്കുന്ന ഒരു പുസ്തകമോ കേൾക്കുന്ന ഒരു പ്രസംഗമോ ആയിരിക്കാം. എന്തുതന്നെയായാലും, ഈ വിസ്മയാദരവ് ഉളവാക്കുന്ന സാന്നിധ്യം നാം അന്വേഷിക്കണം. കാരണം, അവിടെയാണ് യേശുവിനെത്തന്നെ നാം കണ്ടെത്തുക.
ശ്രദ്ധേയമായ കാര്യം, ഭയഭക്തിയും വിസ്മയവും ഉളവാക്കുന്ന ഈ സവിശേഷത അതിരൂക്ഷമായ വിമർശനവും ക്ഷണിച്ചുവരുത്തി എന്നതാണ്. ലളിതവും ആത്മാർഥവുമായ വിശ്വാസമുള്ളവർ അനുകൂലമായി പ്രതികരിച്ചു. എന്നാൽ സ്വാർഥതയിൽ മുഴുകിയവരും തങ്ങൾ നീതിമാന്മാരാണെന്നു കരുതിയവരും കുറ്റവിധിയോടും കോപത്തോടുംകൂടിയാണ് പ്രതികരിച്ചത്. അവർക്ക് അസൂയയുണ്ടായിരുന്നുവെന്നതു വ്യക്തമാണ്. ഈശോയിൽ മതിപ്പുതോന്നിയ കാവൽക്കാരെയും മറ്റുള്ളവരെയുംപോലും അവർ വിമർശിച്ചു.
തന്റെ സന്ദേശത്താലും സ്നേഹത്താലും ദൈവം നിങ്ങളിൽ വിസ്മയാദരവ് ഉളവാക്കിയ വഴികളെക്കുറിച്ച് ഇന്ന് ചിന്തിക്കുക. ഉറച്ച ബോധ്യവും വ്യക്തതയും നിറഞ്ഞ അവിടുത്തെ സ്വരം അന്വേഷിക്കുക. ദൈവം നിങ്ങളോടു സംസാരിക്കാൻ ശ്രമിക്കുന്ന വിധം ശ്രദ്ധിക്കുക. അവിടുത്തെ സ്വരം പിന്തുടരാൻ ശ്രമിക്കുമ്പോൾ നിങ്ങൾ നേരിട്ടേക്കാവുന്ന പരിഹാസവും വിമർശനവും കാര്യമാക്കരുത്. അവിടുത്തെ സ്വരം അവയെ അതിജീവിച്ച് നിങ്ങളെ തന്നിലേക്ക് ആകർഷിക്കണം; അങ്ങനെ അവിടുന്ന് പറയാനാഗ്രഹിക്കുന്നതെല്ലാം നിങ്ങൾക്ക് ആസ്വദിക്കാൻ കഴിയും.
അഗാധമായ ഭയഭക്തിയും വിസ്മയവും ഉളവാക്കുന്ന എന്റെ കർത്താവേ, വ്യക്തമായി തിരിച്ചറിയാനാകുന്ന അങ്ങയുടെ സ്വരത്തിനും അങ്ങു സംസാരിക്കുന്ന അധികാരത്തിനും ഞാൻ ശ്രദ്ധ നൽകട്ടെ. അങ്ങു പറയാൻ ആഗ്രഹിക്കുന്ന സകലതിലും ഞാൻ വിസ്മയഭരിതനാകട്ടെ. പ്രിയ കർത്താവേ, അങ്ങയെ ശ്രവിക്കുമ്പോൾ, മറ്റുള്ളവരുടെ പ്രതികരണം എന്തുതന്നെയായാലും വിശ്വാസത്തോടെ പ്രതികരിക്കാനുള്ള ധൈര്യം എനിക്കു നൽകണമേ. പ്രിയ കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു; വിസ്മയത്തോടും ഭയഭക്തിയോടുംകൂടി ശ്രവിച്ചുകൊണ്ട്, അങ്ങയുടെ ഓരോ വചനത്തിലും എന്റെ ശ്രദ്ധ പൂർണമായി പതിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
പേപ്പർബാക്ക് പതിപ്പായും & ഇ-പുസ്തകമായും കൂടി ലഭ്യമാണ്
