മലയാളം

ആഗമനകാലം – ഒന്നാം വാരം

ശീലമായിത്തീർന്ന സന്നദ്ധത

ആഗമനകാലത്തിലെ ഒന്നാം ഞായർ (വർഷം A)

“അതുപോലെ നിങ്ങളും ഒരുങ്ങിയിരിക്കണം; എന്തെന്നാൽ, നിങ്ങൾ പ്രതീക്ഷിക്കാത്ത മണിക്കൂറിൽ മനുഷ്യപുത്രൻ വരും.” മത്തായി 24:44

ഒരിക്കൽക്കൂടി നാം വിശുദ്ധമായ ആഗമനകാലത്തിലേക്കു പ്രവേശിക്കുന്നു. മറ്റെന്തിനെക്കാളുമുപരി, നമുക്കു ലഭിക്കാവുന്നതിൽവച്ച് ഏറ്റവും വലിയ ദാനമായ ക്രിസ്തുയേശുവിനെത്തന്നെ സ്വീകരിക്കാൻ നമ്മെത്തന്നെ കൂടുതൽ പൂർണമായി ഒരുക്കുന്ന ആത്മീയസന്നദ്ധതയുടെ കാലമാണ് ആഗമനകാലം!

ലോകരക്ഷകൻ ഒരു ദിവസം ഭൂമിയിലേക്കു മടങ്ങിവരുമെന്ന് ആഗമനകാലത്തിലെ ഈ ഒന്നാം ഞായറാഴ്ചയിലെ വായനകൾ നമ്മെ ഓർമ്മിപ്പിക്കുന്നു. അവിടുന്ന് തന്റെ സർവപ്രതാപത്തോടും മഹത്വത്തോടുംകൂടെ മടങ്ങിവരുമെന്നും ഈ വരവ് “നിങ്ങൾ പ്രതീക്ഷിക്കാത്ത മണിക്കൂറിൽ” ആയിരിക്കുമെന്നും നാം ഓർമ്മിപ്പിക്കപ്പെടുന്നു.

അന്ത്യവിധിക്കായും സ്വർഗത്തിന്റെയും ഭൂമിയുടെയും പുനഃസൃഷ്ടിക്കായും നമ്മുടെ കർത്താവിന് എപ്പോൾ വേണമെങ്കിലും ഭൂമിയിലേക്കു മടങ്ങിവരാൻ കഴിയുമെന്നതു സത്യമാണെങ്കിലും, സമീപഭാവിയിലെപ്പോഴെങ്കിലും ഇത് സംഭവിക്കുമെന്ന് മിക്കവരും പ്രതീക്ഷിക്കുന്നില്ല. അങ്ങനെയായിരിക്കാമെങ്കിലും, ഈ അന്തിമാഗമനത്തിനായി എപ്പോഴും ഒരുങ്ങിയിരിക്കാൻ നമ്മെ പ്രോത്സാഹിപ്പിക്കുന്നതിന് നമ്മുടെ കർത്താവ് ഏറെ പരിശ്രമിക്കുന്നു; അത് യഥാർത്ഥത്തിൽ ഏതു സമയത്തും സംഭവിക്കാമെന്ന് അവിടുന്ന് വ്യക്തമായി പറയുന്നു.

ആ ദിവസം ഇന്നാണെങ്കിൽ നിങ്ങൾ എത്രത്തോളം ഒരുങ്ങിയിരിക്കുന്നു? അത് ഇന്നായിരിക്കാൻ സാധ്യത വളരെ കുറവാണെന്ന ന്യായവാദം മാറ്റിവച്ച്, നിർണായകമായ ആ നിമിഷത്തിനുവേണ്ടിയുള്ള നിങ്ങളുടെ ഒരുക്കത്തെക്കുറിച്ചു മാത്രം ചിന്തിക്കുക. ഈ സന്നദ്ധത നമ്മുടെ വിശുദ്ധജീവിതത്തിന്റെ പ്രധാന താക്കോലുകളിൽ ഒന്നാണ്. ഇന്നും ഇനിയുള്ള എല്ലാ ദിവസവും നമ്മുടെ കർത്താവിന്റെ മടങ്ങിവരവിന്റെ ആ ദിവസമാണെന്നപോലെ ജീവിക്കാൻ നമുക്കു കഴിഞ്ഞാൽ, ഈ നിരന്തരമായ പ്രതീക്ഷയോടും സന്നദ്ധതയോടുംകൂടി ജീവിക്കുന്നതിലൂടെ നമ്മുടെ ജീവിതവിശുദ്ധി വളരെയധികം വർധിക്കുമെന്നതിൽ സംശയമില്ല.

ദിവസങ്ങൾതോറും വർഷങ്ങൾതോറും നിരന്തരമായ സന്നദ്ധതയോടെ ജീവിക്കുന്നതിന്റെ ഫലങ്ങളിലൊന്ന് ഇതാണ്: നമ്മുടെ കർത്താവ് യഥാർത്ഥത്തിൽ ഇന്നു മടങ്ങിവന്നാൽ നാം ഒരുങ്ങിയിരിക്കും എന്നു മാത്രമല്ല, അത്രതന്നെ പ്രധാനമായി, ഓരോ ദിവസവും അവിടുന്ന് നമ്മുടെ അടുക്കലേക്കു വരുന്ന എണ്ണമറ്റ വഴികളെക്കുറിച്ച് നാം സദാ ശ്രദ്ധാലുക്കളായിരിക്കുകയും ചെയ്യും. ഇത്തരത്തിലുള്ള നിരന്തരമായ സന്നദ്ധത, ദൈവസ്വരത്തിനും അവിടുന്ന് ദിവസവും നമുക്ക് അയച്ചുതരുന്ന എണ്ണമറ്റ കൃപകൾക്കും കാതോർക്കുകയും അവയോടു പ്രതികരിക്കുകയും ചെയ്യുന്ന ഒരു ആത്മീയശീലം നമ്മിൽ രൂപപ്പെടുത്തുന്നു. ശീലമായിത്തീർന്ന ഈ സന്നദ്ധത ഒരു പുണ്യമാണ്. അതിലൂടെ ക്രിസ്തുവിന്റെ വരവ് ഇവിടെ, ഇപ്പോൾ, നമ്മെ രൂപാന്തരപ്പെടുത്തുകയും നമ്മിലും നമ്മിലൂടെയും ലോകത്തെ വീണ്ടെടുക്കാനുള്ള തന്റെ ദൗത്യം നിറവേറ്റിക്കൊണ്ട് അവിടുന്ന് നമ്മിൽ കൂടുതൽ പൂർണമായി ജീവിക്കാൻ ഇടയാക്കുകയും ചെയ്യുന്നു.

അവിടുത്തെക്കുറിച്ച് എപ്പോഴും ശ്രദ്ധാലുക്കളായിരിക്കുകയും നമ്മുടെ ജീവിതത്തിൽ അവിടുത്തെ വിശുദ്ധസാന്നിധ്യം നിരന്തരം സ്വീകരിക്കാൻ സദാ ഒരുങ്ങിയിരിക്കുകയും ചെയ്യുന്ന ഈ വിശുദ്ധശീലം നാം വളർത്തിയെടുക്കണമെന്ന ക്രിസ്തുഹൃദയത്തിലെ തീക്ഷ്ണമായ ആഗ്രഹത്തെക്കുറിച്ച് ഇന്ന് ചിന്തിക്കുക. ഇന്ന്, ഇപ്പോൾത്തന്നെ, നിങ്ങളുടെ അടുക്കലേക്കു വരാൻ അവിടുത്തെ അനുവദിക്കുക; കാത്തിരിക്കരുത്. ഇന്ന് അവിടുത്തെമേൽ നിങ്ങളുടെ ദൃഷ്ടി പതിപ്പിക്കുക. യേശു ഇന്ന് നിങ്ങളോട് ആവശ്യപ്പെടുന്നത് നാളത്തേക്കു മാറ്റിവയ്ക്കരുത്. അങ്ങനെ ചെയ്യുന്നത് ലോകാവസാനത്തിലെ അവിടുത്തെ അന്തിമവും മഹത്വപൂർണവുമായ ആഗമനത്തിനായി നിങ്ങളെ ഒരുക്കുക മാത്രമല്ല, നിങ്ങളുടെ ജീവിതത്തിന്റെ അനുദിനവും സമ്പൂർണവുമായ രൂപാന്തരത്തിനായും നിങ്ങളെ ഒരുക്കും.

സദാ സന്നിഹിതനായ എന്റെ കർത്താവേ, എന്റെ ജീവിതത്തിലേക്ക് അങ്ങയുടെ കൃപയും കരുണയും വർഷിക്കാൻ അപ്രതീക്ഷിതമായ സമയങ്ങളിൽ അങ്ങ് നിരന്തരം എന്റെ അടുക്കൽ വരുന്നു. അങ്ങേക്കും എന്റെ ജീവിതത്തെക്കുറിച്ചുള്ള അങ്ങയുടെ പരിപൂർണ്ണ തിരുഹിതത്തിനും എന്നെത്തന്നെ നിരന്തരം തുറന്നുകൊടുക്കാൻ സഹായിക്കുന്ന ഒരുക്കത്തിന്റെ ഒരു സ്ഥിരശീലം എന്നിൽ വളർത്താൻ എന്നെ സഹായിക്കണമേ. അങ്ങയെ കണ്ടുമുട്ടാനുള്ള എന്റെ സന്നദ്ധത നൂറുമടങ്ങായി വർധിക്കുന്ന യഥാർത്ഥമായൊരു കാലമായി ഈ ആഗമനകാലം മാറട്ടെ. ഈശോയേ, അങ്ങയിൽ ഞാൻ വിശ്വസിക്കുന്നു.


ആഗമനകാല ജാഗ്രത

ആഗമനകാലത്തിലെ ഒന്നാം ഞായർ (വർഷം B)

“ഞാൻ നിങ്ങളോടു പറയുന്നത് എല്ലാവരോടുമായി പറയുന്നു: ‘ജാഗരൂകരായിരിക്കുവിൻ!’” മർക്കോസ് 13:37

നിങ്ങൾ ക്രിസ്തുവിനെ ശ്രദ്ധിക്കുന്നുണ്ടോ? അത്യന്തം പ്രധാനപ്പെട്ട ഒരു ചോദ്യമാണിതെങ്കിലും, ഇതിന്റെ അർത്ഥം പൂർണ്ണമായി മനസ്സിലാക്കാത്ത അനേകരുണ്ടാകാം. അതെ, ഒറ്റനോട്ടത്തിൽ കാര്യം വ്യക്തമാണ്: “ശ്രദ്ധിക്കുക” എന്നാൽ നിങ്ങളുടെ ജീവിതത്തിലും ചുറ്റുമുള്ള ലോകത്തിലും നമ്മുടെ കർത്താവിന്റെ സാന്നിധ്യത്തെക്കുറിച്ച് ബോധവാന്മാരായിരിക്കുക എന്നതാണ്. അപ്പോൾ, നിങ്ങൾ ശ്രദ്ധിക്കുന്നുണ്ടോ? നിങ്ങൾ ജാഗരൂകരാണോ? ക്രിസ്തുവിന്റെ വരവിനായി നിങ്ങൾ നോക്കുകയും അന്വേഷിക്കുകയും കാത്തിരിക്കുകയും പ്രതീക്ഷിക്കുകയും ഒരുങ്ങുകയും ചെയ്യുന്നുണ്ടോ? 2,000 വർഷങ്ങൾക്കുമുമ്പ് ഒരു കൊച്ചുകുഞ്ഞിന്റെ രൂപത്തിൽ ഈശോ ഭൂമിയിലേക്കു വന്നെങ്കിലും, ഇന്നും അവിടുന്ന് നമ്മുടെ അടുക്കൽ വന്നുകൊണ്ടിരിക്കുന്നു. അവിടുത്തെ അഗാധമായ സാന്നിധ്യത്തെക്കുറിച്ച് ഓരോ ദിവസവും നിങ്ങൾ ബോധവാന്മാരല്ലെങ്കിൽ, ആത്മീയമായി പറഞ്ഞാൽ, നിങ്ങൾ ഇതിനകം ഒരളവോളം ഉറക്കത്തിലായിരിക്കാം.

ഈ ലോകത്തിലെ കടന്നുപോകുന്നതും അപ്രധാനവും പാപകരവുമായ കാര്യങ്ങളിലേക്കു നമ്മുടെ ആന്തരികനേത്രങ്ങൾ തിരിക്കുമ്പോഴെല്ലാം നാം ആത്മീയമായി “ഉറങ്ങിപ്പോകുന്നു.” അങ്ങനെ സംഭവിക്കുമ്പോൾ, ക്രിസ്തുവിനെത്തന്നെ കാണാൻ നമുക്കു കഴിയാതാകുന്നു. ദുഃഖകരമെന്നു പറയട്ടെ, ഇങ്ങനെ സംഭവിക്കാൻ കൂടുതൽ കൂടുതൽ എളുപ്പമായിക്കൊണ്ടിരിക്കുകയാണ്. അക്രമവും രോഗവും വിദ്വേഷവും ഭിന്നതയും ഉതപ്പും അതുപോലുള്ളവയും അനുദിനം നമ്മെ അലട്ടുന്നു. സാധ്യമായതിൽവച്ച് ഏറ്റവും ഞെട്ടിക്കുന്നതും ആവേശം ജനിപ്പിക്കുന്നതുമായ വാർത്തകൾ നമ്മുടെ മുന്നിൽ അവതരിപ്പിക്കാൻ വാർത്താമാധ്യമങ്ങൾ ദിവസവും മത്സരിക്കുന്നു. ഒരു നിമിഷത്തേക്കു മാത്രം സംതൃപ്തി നൽകുന്ന ചെറു ശബ്ദശകലങ്ങളും ചിത്രങ്ങളുംകൊണ്ട്, അൽപനേരം മാത്രം നീളുന്ന നമ്മുടെ ശ്രദ്ധയെ നിറയ്ക്കാൻ സാമൂഹികമാധ്യമങ്ങൾ ദിവസവും ശ്രമിക്കുന്നു. തൽഫലമായി, നമ്മുടെ ആത്മാവിന്റെ കണ്ണുകൾ, അതായത് വിശ്വാസത്തിന്റെ ആന്തരികദൃഷ്ടി, ഇരുളടയുകയും അവഗണിക്കപ്പെടുകയും വിസ്മരിക്കപ്പെടുകയും തള്ളിക്കളയപ്പെടുകയും ചെയ്യുന്നു. അതുകൊണ്ട്, വർധിച്ചുവരുന്ന ഈ കുഴഞ്ഞുമറിഞ്ഞ ബഹളത്തിനിടയിലൂടെ ലോകത്തിന്റെ രക്ഷകന്റെ സൗമ്യവും വ്യക്തവും അഗാധവുമായ സ്വരം തിരിച്ചറിയാൻ ഇന്ന് നമ്മുടെ ലോകത്തിലുള്ള അനേകർക്കും കഴിയാതായിരിക്കുന്നതായി തോന്നുന്നു.

നാം ആഗമനകാലത്തിലേക്കു പ്രവേശിക്കുമ്പോൾ, നമ്മുടെ കർത്താവ് നിങ്ങളുടെ ആത്മാവിന്റെ അഗാധതയിൽ നിങ്ങളോടു സംസാരിക്കുന്നു. അവിടുന്ന് സൗമ്യമായി പറയുന്നു: “ഉണരുക.” “ശ്രവിക്കുക.” “ജാഗരൂകരായിരിക്കുക.” അവിടുന്ന് ഉച്ചത്തിൽ വിളിച്ചുപറയുകയില്ല; പകരം മൃദുവായി സംസാരിക്കും. അതിനാൽ നിങ്ങളുടെ പൂർണ്ണശ്രദ്ധയും അവിടുത്തേക്കു നൽകേണ്ടിവരും. നിങ്ങൾ അവിടുത്തെ കാണുന്നുണ്ടോ? അവിടുത്തെ സ്വരം കേൾക്കുന്നുണ്ടോ? അവിടുത്തെ വാക്കുകൾ ശ്രദ്ധിച്ചു കേൾക്കുന്നുണ്ടോ? അവിടുത്തെ മനസ്സിലാക്കുന്നുണ്ടോ? അവിടുത്തെ സ്വരം നിങ്ങൾക്കു പരിചിതമാണോ? അതോ, അവിടുന്ന് നിങ്ങളെ അറിയിക്കാൻ ആഗ്രഹിക്കുന്ന ആഴമേറിയതും അഗാധവും രൂപാന്തരപ്പെടുത്തുന്നതുമായ സത്യങ്ങളിൽനിന്ന്, ചുറ്റുമുള്ള അനേകം സ്വരങ്ങൾ നിങ്ങളെ അകറ്റുന്നുണ്ടോ?

ഓരോ ദിവസവും ദൈവം നിങ്ങളുടെ ആത്മാവിന്റെ അഗാധതയിൽ സംസാരിക്കുന്നു എന്ന വസ്തുതയെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. അവിടുന്ന് ഇപ്പോൾ നിങ്ങളോടു സംസാരിക്കുന്നു. അവിടുന്ന് പറയുന്നതു മാത്രമാണ് ജീവിതത്തിൽ യഥാർത്ഥത്തിൽ പ്രാധാന്യമുള്ളത്. ശ്രവിക്കാനും ശ്രദ്ധിക്കാനും പ്രതികരിക്കാനുമുള്ള നിങ്ങളുടെ പ്രതിബദ്ധത നവീകരിക്കാൻ മറ്റേതൊരു കാലത്തെക്കാളും അനുയോജ്യമായ സമയമാണ് ആഗമനകാലം. ഉറക്കത്തിൽ തുടരരുത്. ഉണർന്ന്, നമ്മുടെ കർത്താവിന്റെ അഗാധമായ സ്വരത്തിനു ജാഗ്രതയോടെ ചെവികൊടുക്കുക.

കർത്താവായ ഈശോയേ, വരണമേ! വരണമേ! പ്രിയ കർത്താവേ, ഈ ആഗമനകാലം എന്റെ ജീവിതത്തിൽ ആഴമായ നവീകരണത്തിന്റെ സമയമാകട്ടെ. അങ്ങയുടെ സൗമ്യവും അഗാധവുമായ സ്വരം തേടാൻ ഞാൻ പൂർണ്ണഹൃദയത്തോടെ പരിശ്രമിക്കുന്ന ഒരു സമയമാകട്ടെ ഇത്. പ്രിയ കർത്താവേ, എന്റെ ശ്രദ്ധയ്ക്കായി മത്സരിക്കുന്ന ലോകത്തിന്റെ അനേകം ബഹളങ്ങളിൽനിന്ന് പിന്തിരിഞ്ഞ്, അങ്ങയിലേക്കും അങ്ങ് പറയാനാഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളിലേക്കും മാത്രം തിരിയാനുള്ള കൃപ എനിക്കു നൽകണമേ. കർത്താവായ ഈശോയേ, വരണമേ; ഈ ആഗമനകാലത്ത് എന്റെ ജീവിതത്തിലേക്ക് കൂടുതൽ ആഴമായി കടന്നുവരണമേ. ഈശോയേ, അങ്ങയിൽ ഞാൻ വിശ്വസിക്കുന്നു.


ആഗമനകാലം ആരംഭിക്കുന്നു!

ആഗമനകാലത്തിലെ ഒന്നാം ഞായർ (വർഷം C)

“എപ്പോഴും ജാഗരൂകരായിരിക്കുകയും പ്രാർഥിക്കുകയും ചെയ്യുവിൻ.” ലൂക്കാ 21:36a

മുകളിലെ വചനഭാഗത്തിൽ പ്രതിഫലിക്കുന്നതുപോലെ, ജാഗ്രതയിലേക്കുള്ള ഒരു ആഹ്വാനത്തോടെയാണ് ആഗമനകാലം ആരംഭിക്കുന്നത്. ഈ ജാഗ്രതയിലേക്കും കർത്താവിന്റെ വരവിനായുള്ള പ്രതീക്ഷയിലേക്കും നമ്മെ ക്ഷണിക്കുന്ന അനേകം വിശുദ്ധഗ്രന്ഥഭാഗങ്ങളുണ്ട്. ജാഗരൂകരായിരിക്കുക എന്നതിന് നാം ഒരുങ്ങിയിരിക്കുക എന്നുകൂടി അർത്ഥമുണ്ട്. അപ്പോൾ നാം ഒരുക്കമില്ലാത്ത അവസ്ഥയിൽ അകപ്പെടുകയില്ല. ക്രിസ്മസ് പ്രഭാതത്തിൽ നിങ്ങൾ ഉണരുമ്പോൾ, ഒരുക്കങ്ങൾ നടത്താൻ മറന്നുപോയെന്ന് പെട്ടെന്നു തിരിച്ചറിയുന്നുവെന്ന് സങ്കൽപ്പിക്കുക! സമ്മാനങ്ങളൊന്നുമില്ല, ഭക്ഷണസാധനങ്ങൾ വാങ്ങിയിട്ടില്ല, പദ്ധതികളൊന്നും തയ്യാറാക്കിയിട്ടില്ല—ഇങ്ങനെയൊരു അവസ്ഥ സങ്കൽപ്പിക്കുക. തീർച്ചയായും അങ്ങനെ സംഭവിക്കാൻ നിങ്ങൾ അനുവദിക്കുകയില്ല. എന്നാൽ ആത്മീയമായി പറഞ്ഞാൽ, ചിലപ്പോഴൊക്കെ അങ്ങനെ സംഭവിക്കാൻ നാം അനുവദിക്കാറുണ്ട്. നമ്മുടെ ഹൃദയങ്ങളിൽ ക്രിസ്തുവിന്റെ ജനനം ആഘോഷിക്കാൻ പലപ്പോഴും നാം ഒരുങ്ങിയിരിക്കാറില്ല.

ആഗമനകാലത്തിന്റെ ആദ്യ ആഴ്ച ക്രിസ്തുവിന്റെ രണ്ടാമത്തെ ആഗമനത്തിലേക്കും നമ്മുടെ ശ്രദ്ധ തിരിക്കുന്നു.  ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാൻ ഈശോ സർവപ്രതാപത്തോടും മഹിമയോടുംകൂടെ വീണ്ടും വരും.  എല്ലാ ഞായറാഴ്ചയും നമ്മുടെ വിശ്വാസപ്രമാണത്തിൽ നാം ഈ സത്യം ഏറ്റുപറയുന്നു. അതിനാൽ, മനുഷ്യശരീരം സ്വീകരിച്ചുള്ള ഈശോയുടെ ആദ്യ ആഗമനത്തിന്റെ ആഘോഷത്തിനായി ഒരുങ്ങുന്ന കാലമാണ് ആഗമനകാലമെങ്കിലും, അവിടുത്തെ ആദ്യ ആഗമനം അന്തിമമായി പൂർത്തിയാകുന്നത് മഹിമയോടെയുള്ള അവിടുത്തെ അവസാന ആഗമനത്തിലാണെന്ന് അംഗീകരിക്കാനുള്ള കാലംകൂടിയാണിത്.

ആഗമനകാലം ആരംഭിക്കുമ്പോൾ, ഈശോയുടെ വരവിനായി നിങ്ങൾ എത്രത്തോളം ഒരുങ്ങിയിരിക്കുന്നു എന്നു ചിന്തിക്കുക. സാധനങ്ങൾ വാങ്ങിയും പാചകം ചെയ്തും അലങ്കരിച്ചും മറ്റും ക്രിസ്മസിനായി ഒരുക്കങ്ങൾ നടത്തുന്ന അതേ ഉത്സാഹത്തോടെ തന്നെയാണോ അവിടുത്തെ വരവിനായും നിങ്ങൾ ഒരുങ്ങുന്നത്? അവിടുന്ന് വീണ്ടും വരുന്ന ആ ദിവസത്തിനായി നിങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നുണ്ടോ? അവിടുത്തെ ജനനത്തിന്റെ ആത്മീയമായ ആഘോഷത്തിനായി നിങ്ങൾ ഒരുങ്ങുന്നുണ്ടോ? ഓരോ ദിവസവും ദൈവം നിങ്ങളോടു സംസാരിക്കുന്ന അനേകം വിധങ്ങളെക്കുറിച്ച് നിങ്ങൾ ഉണർവോടെയും ശ്രദ്ധയോടെയും ഇരിക്കുന്നുണ്ടോ?

മഹിമയോടെയുള്ള അവിടുത്തെ മടങ്ങിവരവിനായി നിങ്ങൾ ആഗ്രഹിക്കുന്നത്ര ഒരുങ്ങിയിട്ടില്ലെന്നു തോന്നുന്നുവെങ്കിൽ, നിങ്ങളുടെ ഹൃദയം ഒരുക്കുന്ന ഒരു കാലമായി ഈ ആഗമനകാലത്തെ മാറ്റുക.  പ്രാർഥനയ്ക്കും ആത്മീയ അഭ്യാസങ്ങൾക്കും ധ്യാനചിന്തയ്ക്കും അവിടുത്തെ മൃദുലവും മഹിമാപൂർണവുമായ സ്വരം ശ്രദ്ധിക്കുന്നതിനും സ്വയം സമർപ്പിക്കുക.

കർത്താവേ, ആഗമനകാലം ആരംഭിക്കുമ്പോൾ എന്റെ ദൃഷ്ടി അങ്ങയിൽ പതിപ്പിക്കാൻ എന്നെ സഹായിക്കണമേ. അങ്ങയുടെ സ്വരത്തിനു ചെവിതുറക്കാൻ എന്നെ സഹായിക്കണമേ. അങ്ങയുടെ മഹിമയാർന്ന സാന്നിധ്യത്തിനായി എന്റെ ഹൃദയം തുറക്കാനും എന്നെ സഹായിക്കണമേ. അങ്ങ് എന്റെ അടുക്കൽ വരാൻ ആഗ്രഹിക്കുന്ന എല്ലാ വിധങ്ങളിലും അങ്ങയെ ശ്രദ്ധിക്കാൻ എനിക്കു കഴിയട്ടെ. ഈശോയേ, അങ്ങയിൽ ഞാൻ വിശ്വസിക്കുന്നു.


പരിശുദ്ധ കുർബാനയിലുള്ള വിശ്വാസം

ആഗമനകാലത്തിലെ ഒന്നാം ആഴ്ചയിലെ തിങ്കളാഴ്ച

“കർത്താവേ, അങ്ങ് എന്റെ ഭവനത്തിൽ പ്രവേശിക്കാൻ ഞാൻ യോഗ്യനല്ല; ഒരു വാക്ക് അരുളിച്ചെയ്താൽ മാത്രം മതി, എന്റെ ദാസൻ സുഖം പ്രാപിക്കും.”  മത്താ. 8:8

സുപരിചിതമായ ഈ വാക്കുകൾ ഒരു റോമൻ ശതാധിപന്റെ വിശ്വാസപ്രകടനത്തിൽനിന്നുള്ളതാണ്. തന്റെ ഭൃത്യനെ സുഖപ്പെടുത്തണമെന്ന് അദ്ദേഹം ഈശോയോട് അപേക്ഷിച്ചു. വന്ന് അവനെ സുഖപ്പെടുത്താമെന്ന് ഈശോ സമ്മതിച്ചപ്പോൾ, രണ്ടു കാര്യങ്ങൾ പറഞ്ഞുകൊണ്ട് ശതാധിപൻ ഈശോയിലുള്ള തന്റെ അഗാധമായ വിശ്വാസം ഏറ്റുപറയുന്നു: 1) ഈശോ തന്റെ ഭവനത്തിൽ വരാൻ താൻ യോഗ്യനല്ല; 2) ഒരു വാക്ക് പറഞ്ഞാൽ മാത്രം ഈശോയ്ക്ക് തന്റെ ഭൃത്യനെ സുഖപ്പെടുത്താൻ കഴിയുമെന്ന് തനിക്ക് ഉറപ്പുണ്ട്.

തീർച്ചയായും, ഈ മനുഷ്യന്റെ വിശ്വാസത്തിൽ ഈശോ ഏറെ സംപ്രീതനാകുകയും അകലെനിന്നുതന്നെ അദ്ദേഹത്തിന്റെ ദാസന് ശാരീരികസൗഖ്യം നൽകി അദ്ദേഹത്തിന്റെ അപേക്ഷ നിറവേറ്റുകയും ചെയ്യുന്നു.  എന്നാൽ ഒരു രോഗശാന്തിയിലുമപ്പുറം ഈശോ ഏറെ കാര്യങ്ങൾ ചെയ്യുന്നു.  ഈ മനുഷ്യനെ എല്ലാവർക്കുമായി വിശ്വാസത്തിന്റെ ഒരു മാതൃകയായി അവിടുന്ന് ഉയർത്തിക്കാട്ടുകയും ചെയ്യുന്നു.

ശതാധിപന്റെ മനോഹരമായ ഈ വിശ്വാസപ്രഖ്യാപനം, വിശുദ്ധ കുർബാനയെ സംബന്ധിച്ച രണ്ടു വിശ്വാസകാര്യങ്ങൾ പ്രകടിപ്പിക്കാൻ കുർബാനയിൽ ഉപയോഗിക്കുന്നു: 1) വിശുദ്ധ കുർബാന സ്വീകരിക്കാൻ നാം യോഗ്യരല്ലെന്നും, 2) എങ്കിലും വന്ന് നമ്മുടെ ആത്മാക്കളെ സുഖപ്പെടുത്താൻ നാം ഈശോയെ ക്ഷണിക്കുന്നുവെന്നും.

മനുഷ്യാവതാരത്തിന്റെ മഹാരഹസ്യത്തെക്കുറിച്ച് നാം പ്രത്യേകമായി ധ്യാനിക്കുന്ന കാലമാണ് ആഗമനകാലം.  ദൈവം ശരീരരൂപത്തിൽ വന്ന് നമ്മോടുകൂടെ വസിക്കുന്ന രഹസ്യത്തെക്കുറിച്ച് നാം പ്രത്യേകമായി ധ്യാനിക്കുന്ന കാലമാണിത്.  രണ്ടായിരത്തിലേറെ വർഷങ്ങൾക്കുമുമ്പാണ് ഇതു സംഭവിച്ചതെങ്കിലും, ഓരോ വിശുദ്ധ കുർബാനയിലും ഇതു തുടർന്നും സംഭവിക്കുന്നു.  ഓരോ വിശുദ്ധ കുർബാനയിലും ഈ റോമൻ ശതാധിപന്റെ അതേ വിശ്വാസം പ്രകടിപ്പിക്കാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു.

പരിശുദ്ധ കുർബാനയിൽ ക്രിസ്തു എഴുന്നള്ളിവരുന്നതിലുള്ള നിങ്ങളുടെ വിശ്വാസത്തെക്കുറിച്ച് ഇന്ന് ചിന്തിക്കുക.  നമ്മുടെ ഇടയിൽ ജീവിക്കാനും നമ്മുടെ ഉള്ളിൽ വസിക്കാനും വന്ന ദൈവമനുഷ്യന്റെ വെളിപ്പെടലാണ് ഓരോ വിശുദ്ധ കുർബാനയും.  ഈ ശതാധിപന്റെ വിശ്വാസം നമുക്കുമുണ്ടെങ്കിൽ, നമ്മുടെ ദൈവം നമ്മെയും അളവറ്റവിധം അനുഗ്രഹിക്കും.

കർത്താവേ, ഞാൻ വിശ്വസിക്കുന്നു. എന്റെ അവിശ്വാസത്തിൽ എന്നെ സഹായിക്കണമേ. വിശുദ്ധ കുർബാന സ്വീകരിക്കാൻ ഒരുങ്ങുമ്പോഴെല്ലാം എന്റെ അയോഗ്യത തിരിച്ചറിയാൻ എന്നെ സഹായിക്കണമേ. വിനയപൂർവമായ ആ ഏറ്റുപറച്ചിലിലൂടെ, സൗഖ്യം നൽകുന്ന അങ്ങയുടെ സാന്നിധ്യത്തെ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കാനും എനിക്കാകട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.


വിശ്വാസരഹസ്യത്തിനു മുന്നിലെ വിനയം

ആഗമനകാലത്തിലെ ഒന്നാം ആഴ്ചയിലെ ചൊവ്വാഴ്ച

“സ്വർഗത്തിന്റെയും ഭൂമിയുടെയും നാഥനായ പിതാവേ, അങ്ങയെ ഞാൻ സ്തുതിക്കുന്നു. എന്തെന്നാൽ, ജ്ഞാനികളിൽനിന്നും പണ്ഡിതരിൽനിന്നും ഇക്കാര്യങ്ങൾ മറച്ചുവെച്ചെങ്കിലും ശിശുതുല്യരായവർക്ക് അങ്ങ് അവ വെളിപ്പെടുത്തിയിരിക്കുന്നു.” ലൂക്കാ 10:21b

അപ്പോൾ നിങ്ങൾ “ജ്ഞാനിയും പണ്ഡിതനും” ആണോ, അതോ “ശിശുസമാനൻ” ആണോ?  ഇതിൽ ഏതാണ് നിങ്ങളുടെ ജീവിതത്തെ കൂടുതൽ നന്നായി വിവരിക്കുന്നത്?  ആദ്യമൊക്കെ ഈ ചോദ്യത്തിന് ഉത്തരം നൽകാൻ പ്രയാസമായിരിക്കാം.  ശിശുസമാനരായിരിക്കുന്നതിന്റെ മഹത്വം ഈശോ ഉയർത്തിക്കാട്ടിയെന്ന് നമുക്ക് അറിയില്ലായിരുന്നെങ്കിൽ, നമ്മെത്തന്നെ ജ്ഞാനികളും പണ്ഡിതരും എന്നു വിശേഷിപ്പിക്കാനായിരിക്കും നമുക്കു താത്പര്യം.

തീർച്ചയായും ജ്ഞാനിയോ പണ്ഡിതനോ ആയിരിക്കുന്നതിൽ തെറ്റൊന്നുമില്ല. ഈ ഗുണങ്ങളെ ഈശോ ഏത് അർഥത്തിലാണ് കാണുന്നത് എന്നിടത്താണ് പ്രശ്നം. തങ്ങളെക്കുറിച്ച് വലിയ മതിപ്പുള്ളവരും അല്പം അഹങ്കാരമുള്ളവരും, “എല്ലാം അറിയാമെന്നു ഭാവിക്കുന്നവർ” എന്നു നാം വിളിച്ചേക്കാവുന്നവരുമായ ആളുകളെ സൂചിപ്പിക്കാനാണ് ഈശോ ഈ പദങ്ങൾ ഉപയോഗിക്കുന്നത്.

ദുഃഖകരമായ സത്യമിതാണ്: “എല്ലാം അറിയാമെന്നു ഭാവിക്കുന്ന” ഒരാൾ യഥാർഥത്തിൽ എല്ലാം അറിയുന്ന ആളല്ല. വാസ്തവത്തിൽ അവർ തങ്ങളെത്തന്നെ മാത്രമാണ് വിഡ്ഢികളാക്കുന്നത്. ഒരു കുട്ടി മിക്കപ്പോഴെങ്കിലും വിനയത്തോടെ പഠിക്കാൻ സന്നദ്ധനായിരിക്കുന്നതുപോലെ, നാമും ഒരു കുട്ടിയെപ്പോലെയാകുന്നതാണ് ഉത്തമം. ശിശുസഹജമായ ഈ വിനയവും തുറന്ന മനസ്സും ഉന്നതത്തിൽനിന്നുള്ള യഥാർഥ ജ്ഞാനം സ്വീകരിക്കാൻ നമ്മെ സജ്ജരാക്കുന്നു.

വിശ്വാസത്തിന്റെ രഹസ്യങ്ങൾ ജ്ഞാനികളിൽനിന്നും പണ്ഡിതരിൽനിന്നും മറച്ചുവെച്ച് ശിശുസഹജമായ മനസ്സുള്ളവർക്ക് വെളിപ്പെടുത്തിയതിനായി യേശു പിതാവിനെ സ്തുതിക്കുന്നു. ആഗമനകാലത്തിലേക്കു പ്രവേശിക്കുമ്പോൾ ഇതിനെക്കുറിച്ചു ധ്യാനിക്കുന്നത് പ്രത്യേകിച്ചും പ്രധാനമാണ്. മനുഷ്യാവതാരത്തിന്റെ മനോഹരമായ രഹസ്യങ്ങൾ മനസ്സിലാക്കാനും അവയുടെ ആഴങ്ങളിലേക്കു കടക്കാനും ശിശുസഹജമായ വിശ്വാസവും തുറന്ന മനസ്സും നമുക്ക് ആവശ്യമായ കാലമാണ് ആഗമനകാലം. എളിമയോടെയുള്ള ഈ തുറന്ന മനസ്സില്ലാതെ, ഈ ക്രിസ്മസിൽ ദൈവം നൽകുന്ന വിസ്മയകരമായ ദാനം നമുക്ക് ഒരിക്കലും പൂർണമായി മനസ്സിലാക്കാനാവില്ല.

ഇന്ന്, നിങ്ങളുടെ ഹൃദയത്തിലെ തുറവിയെക്കുറിച്ചു ധ്യാനിക്കുക. നമ്മോടൊപ്പവും നമ്മുടെ ഉള്ളിലും വസിക്കാൻ വന്ന ദൈവത്തിന്റെ മഹത്തായ രഹസ്യങ്ങളിൽ മുഴുകാൻ നിങ്ങൾ ഒരുക്കമുള്ളവരും സന്നദ്ധരുമാണോ? നമ്മുടെ വിശ്വാസത്തിന്റെ മഹത്തായ രഹസ്യങ്ങളുടെ ആഴങ്ങളിലേക്കു കടക്കാൻ ആവശ്യമായ ശിശുസഹജമായ വിശ്വാസം സ്വീകരിക്കാൻ നിങ്ങൾ സന്നദ്ധരാണോ? അങ്ങനെയെങ്കിൽ, ഈ ആഗമനകാലവും ക്രിസ്മസും വിസ്മയകരമായ അനുഭവമായിരിക്കും.

കർത്താവേ, ഒരു കുട്ടിയുടെ ലളിതവും വിനയപൂർണവുമായ വിശ്വാസം എനിക്കു നൽകണമേ. അങ്ങ് ആയിരിക്കുന്നതുപോലെ അങ്ങയെ കാണാനും, നമ്മുടെ ലോകത്തിലുള്ള അങ്ങയുടെ സാന്നിധ്യം എന്റെ ജീവിതത്തിന്റെ ആഴങ്ങളിലേക്ക് കടന്നുവരാൻ അനുവദിക്കാനും എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.


ചെറിയ കാര്യങ്ങളിലും യേശു കരുതലുള്ളവനാണ്

ആഗമനകാലം ഒന്നാം ആഴ്ചയിലെ ബുധനാഴ്ച

യേശു ശിഷ്യന്മാരെ വിളിച്ചുപറഞ്ഞു: “ഈ ജനക്കൂട്ടത്തോട് എനിക്കു മനസ്സലിവു തോന്നുന്നു. അവർ ഇപ്പോൾ മൂന്നു ദിവസമായി എന്നോടുകൂടെയുണ്ട്; അവർക്ക് ഭക്ഷിക്കാൻ ഒന്നുമില്ല. അവരെ വിശപ്പോടെ പറഞ്ഞയയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല; വഴിയിൽ അവർ തളർന്നുവീണേക്കാം.” മത്തായി 15:32

ഈ വചനഭാഗം ആദ്യം വെളിപ്പെടുത്തുന്ന കാര്യം എളുപ്പത്തിൽ നമ്മുടെ ശ്രദ്ധയിൽപ്പെടാതെ പോയേക്കാം. ജനക്കൂട്ടത്തോടുള്ള യേശുവിന്റെ ആഴമായ കരുതലാണ് അതു വെളിപ്പെടുത്തുന്നത്. അവരുടെ ആത്മാക്കളെക്കുറിച്ചു മാത്രമല്ല അവിടുന്ന് കരുതിയത്; അവരുടെ ശരീരങ്ങളെക്കുറിച്ചും കരുതി. അതുകൊണ്ടാണ് അവർ വിശപ്പോടെ മടങ്ങിപ്പോകാൻ അവിടുന്ന് ആഗ്രഹിക്കാതിരുന്നത്. തന്റെ അനുയായികളോടുള്ള യേശുവിന്റെ സമഗ്രമായ കരുതലാണ് ഇതു വെളിപ്പെടുത്തുന്നത്.

സംഭവത്തിന്റെ ബാക്കിഭാഗം നമുക്കറിയാം. യേശു അപ്പവും മീനും വർധിപ്പിച്ച് ജനക്കൂട്ടത്തെ പോഷിപ്പിക്കുന്നു. ശാരീരിക തലത്തിൽ ഇത് അവിശ്വസനീയമായ ഒരു അത്ഭുതമാണെങ്കിലും, വ്യക്തിപരവും ആത്മീയവുമായ തലത്തിലും ഇത് അത്രതന്നെ അത്ഭുതകരമാണ്.

വ്യക്തിപരമായ തലത്തിൽ നോക്കുമ്പോൾ, സർവശക്തനും സർവത്തിനും കഴിവുള്ളവനുമായ ദൈവം ആ ജനക്കൂട്ടത്തിന് അടുത്ത നേരത്തെ ഭക്ഷണം നൽകുക എന്ന ചെറിയ കാര്യത്തിൽ ആഴമായി ശ്രദ്ധിക്കുന്നു എന്നതാണ് അത്ഭുതം. ദൈവം നമ്മുടെ നിത്യരക്ഷയെക്കുറിച്ചു മാത്രമല്ല, നമ്മുടെ അനുദിന ആവശ്യങ്ങളെക്കുറിച്ചും കരുതലുള്ളവനാണെന്ന് ഇതു വെളിപ്പെടുത്തുന്നു.

“ഈ ജനക്കൂട്ടത്തോട് എനിക്ക് അനുകമ്പ തോന്നുന്നു…” എന്നും “അവരെ വിശപ്പോടെ പറഞ്ഞയയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല…” എന്നും ഈശോ പറയുന്നതായി ഈ ഭാഗം ഉദ്ധരിക്കുന്നത് ശ്രദ്ധിക്കുക. ഈശോയുടെ അത്രമേൽ വ്യക്തിപരവും മാനുഷികവുമായ ഈ കരുതൽ, അവിടുത്തെ പരിപാലനം ആഴമേറിയതും എല്ലാം ഉൾക്കൊള്ളുന്നതുമാണെന്ന അറിവിലൂടെ നമുക്ക് വലിയ ആശ്വാസം നൽകേണ്ടതാണ്.

തന്റെ അനുയായികളുടെ ശാരീരികമായ ഭക്ഷണാവശ്യത്തെക്കുറിച്ച് യേശുവിനുള്ള കരുതൽ, അവരുടെ ആത്മാക്കളോടുള്ള അവിടുത്തെ ആത്മീയമായ കരുതലിലേക്കും വിരൽചൂണ്ടുന്നു. ശരീരത്തെക്കുറിച്ച് ഇത്രയധികം കരുതുന്ന അവിടുന്ന് ആത്മാവിനെക്കുറിച്ച് അതിലുമധികം കരുതുന്നു; നിത്യജീവന്റെ ആഹാരംകൊണ്ട് അവരുടെ ആത്മാക്കളെ പോഷിപ്പിക്കാൻ അവിടുന്ന് അതിയായി ആഗ്രഹിക്കുകയും ചെയ്യുന്നു.

ഇന്ന്, നിങ്ങളോടുള്ള യേശുവിന്റെ ആഴമേറിയതും സർവവും ഉൾക്കൊള്ളുന്നതുമായ കരുതലിനെക്കുറിച്ചു ധ്യാനിക്കുക. നിങ്ങളുടെ ജീവിതത്തിലെ ഒരു ചെറിയ കാര്യംപോലും അവിടുത്തെ ശ്രദ്ധയിൽപ്പെടാതെ പോകുന്നില്ലെന്ന് അറിയുക. ചിലപ്പോൾ ഇതു വിശ്വസിക്കാൻ പ്രയാസമായേക്കാമെങ്കിലും, ഇത് തികച്ചും സത്യമാണെന്ന് അറിയുക! വിശ്വാസത്തോടെ സകലതും അവിടുത്തേക്കു സമർപ്പിക്കുക; നിങ്ങളുടെ എല്ലാ ആവശ്യങ്ങളിലും നിങ്ങളെ സഹായിക്കാൻ അവിടുന്ന് ഒപ്പമുണ്ടെന്ന് അറിയുക.

കർത്താവേ, എന്റെ ജീവിതത്തിലെ ഓരോ കാര്യത്തെക്കുറിച്ചുമുള്ള അങ്ങയുടെ അചഞ്ചലവും പരിപൂർണവുമായ കരുതലിന് നന്ദി. എന്റെ ആവശ്യങ്ങളിൽ അങ്ങ് പുലർത്തുന്ന പരിപൂർണമായ ശ്രദ്ധയ്ക്ക് നന്ദി. എന്നോടുള്ള അങ്ങയുടെ പരിപൂർണമായ കരുതലിൽ എപ്പോഴും ആശ്രയിക്കാനും അങ്ങയുടെ സ്നേഹപൂർവമായ പരിപാലനത്തിന് എന്നെത്തന്നെ സമർപ്പിക്കാനും എനിക്കാകട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.


ശ്രവിക്കുക, മനസ്സിലാക്കുക, പ്രവർത്തിക്കുക

ആഗമനകാലം ഒന്നാം ആഴ്ചയിലെ വ്യാഴാഴ്ച

“എന്റെ ഈ വചനങ്ങൾ കേൾക്കുകയും അവയനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്ന ഏവനും പാറമേൽ വീടു പണിത വിവേകിയായ മനുഷ്യനെപ്പോലെയായിരിക്കും. മഴ പെയ്തു, വെള്ളപ്പൊക്കമുണ്ടായി, കാറ്റ് വീശി ആ വീടിന്മേൽ ആഞ്ഞടിച്ചു. എന്നാൽ അത് തകർന്നുവീണില്ല; കാരണം, അത് പാറമേൽ ഉറപ്പിച്ചു പണിതിരുന്നു.” മത്തായി 7:24–25

ജീവിതത്തിൽ ഏറ്റവും പ്രയാസമുള്ള കാര്യങ്ങളിലൊന്ന് ഒരുപക്ഷേ ശ്രദ്ധിച്ചു കേൾക്കുക എന്നതായിരിക്കാം. നിങ്ങൾ നന്നായി കേൾക്കുന്ന ആളാണോ? എങ്ങനെ ശ്രദ്ധിച്ചു കേൾക്കണമെന്ന് നിങ്ങൾക്കറിയാമോ? മിക്കവർക്കും ഇത് ഒരു വെല്ലുവിളിയായതിനാൽ, നിങ്ങൾക്കും ഇത് മിക്കവാറും ഒരു വെല്ലുവിളിയായിരിക്കും.

ശ്രവിക്കുക എന്നത് കേവലം കേൾക്കുന്നതിലുപരിയാണ്. ശ്രവിക്കുന്നതിൽ കേൾക്കുന്നതും ഗ്രഹിക്കുന്നതും ഉൾപ്പെടുന്നു. അതിലുപരി, “ശ്രവിക്കുന്നതു” മാത്രം പോരെന്ന് ഈ തിരുവചനഭാഗത്തിൽ ഈശോ വ്യക്തമാക്കുന്നു. ശ്രവിച്ചുകഴിഞ്ഞാൽ—അതായത്, കേട്ട് മനസ്സിലാക്കിക്കഴിഞ്ഞാൽ—നാം പ്രവർത്തിക്കണം. ദൈവവചനമനുസരിച്ച് പ്രവർത്തിക്കുക എന്നതിൽ അവിടുത്തെ വചനത്തെയും തിരുഹിതത്തെയും പൂർണ്ണമായി സ്വീകരിക്കുകയും അവയ്ക്ക് സ്വയം സമർപ്പിക്കുകയും ചെയ്യുന്നത് ഉൾപ്പെടുന്നു. ദൈവവചനം നിങ്ങളുടെ പ്രവൃത്തികളെ നയിക്കാനും നിങ്ങളുടെ കാലുകളെ “പാറമേൽ ഉറപ്പിച്ചു നിർത്താനും” അനുവദിക്കുക എന്നാണ് അതിന്റെ അർത്ഥം.

ഈശോ ഉപയോഗിക്കുന്ന ദൃശ്യരൂപം വളരെ വ്യക്തമാണ്. മണലിൽ പണിത വീടും ഉറച്ച പാറമേൽ പണിത വീടും തമ്മിൽ വലിയ വ്യത്യാസമുണ്ട്. മണലിൽ പണിത വീടിനെ കാത്തിരിക്കുന്ന പ്രശ്നങ്ങൾ നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. വരുന്ന ഓരോ കൊടുങ്കാറ്റും വലിയ ഉത്കണ്ഠയ്ക്കും ആശങ്കയ്ക്കും കാരണമാകും. മണൽ കൊണ്ടുള്ള അടിത്തറ പതുക്കെ ഒലിച്ചുപോകുമ്പോൾ ഭയം എപ്പോഴും നിലനിൽക്കും. എന്നാൽ വീട് ഉറച്ച പാറമേലാണെങ്കിൽ, കൊടുങ്കാറ്റിന്റെ നടുവിലും വലിയ ആത്മവിശ്വാസമുണ്ടാകും.

ഇന്ന്, നിങ്ങളുടെ ജീവിതത്തിന്റെ അടിത്തറയെക്കുറിച്ച് ധ്യാനിക്കുക. നമ്മുടെ ജീവിതത്തിന്റെ അടിത്തറ ഈശോയാണോ അല്ലയോ എന്ന് പരിശോധിക്കുന്ന കാലമാണ് ആഗമനകാലം. പാറപോലുള്ള ആ അടിത്തറയായിത്തീരാനാണ് അവിടുന്ന് നമ്മുടെ ലോകത്തിലേക്കു വന്ന് മനുഷ്യശരീരം സ്വീകരിച്ചത്. ആ പാറയാകുന്ന അടിത്തറയിലേക്കുള്ള വഴി ശ്രവിക്കുകയും ഗ്രഹിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക എന്നതാണ്. ഈ വിധത്തിൽ നിങ്ങളുടെ “വീട്” അവിടുത്തെമേൽ സ്ഥാപിക്കുക; അപ്പോൾ ഒരു കൊടുങ്കാറ്റും നിങ്ങളുടെ ജീവിതത്തിന്റെ അടിത്തറയെ തകർത്തുകളയുകയില്ല.

കർത്താവേ, അങ്ങയുടെ മനുഷ്യജീവിതം എന്റെ ജീവിതത്തിന്റെ അടിത്തറയാകട്ടെ. ഉറച്ച പാറയായ അങ്ങയെ അടിസ്ഥാനമാക്കി എന്റെ ജീവിതം പണിതുയർത്തപ്പെടട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.


എനിക്ക് കാണണം

ആഗമനകാലം ഒന്നാം വാരത്തിലെ വെള്ളിയാഴ്ച

“നിങ്ങളുടെ വിശ്വാസമനുസരിച്ച് നിങ്ങൾക്കു സംഭവിക്കട്ടെ.” അപ്പോൾ അവരുടെ കണ്ണുകൾ തുറന്നു. “ഇത് ആരും അറിയാതിരിക്കാൻ ശ്രദ്ധിക്കണം” എന്ന് ഈശോ അവർക്കു കർശനമായ താക്കീത് നൽകി. എന്നാൽ അവർ പുറത്തുപോയി ആ നാട്ടിലെങ്ങും അവനെക്കുറിച്ചുള്ള വാർത്ത പ്രചരിപ്പിച്ചു. മത്തായി 9:29b–31

ഈശോയുടെ ഈ വാക്കുകൾ രണ്ടു അന്ധരോടാണ്. അവർ അവിടുത്തെ സമീപിച്ച് കരുണയ്ക്കും സൗഖ്യത്തിനുമായി യാചിക്കുന്നു; ഈശോ തങ്ങളെ സുഖപ്പെടുത്തുമെന്നു വിശ്വസിക്കുന്നു; തുടർന്ന് അവർ സുഖം പ്രാപിക്കുന്നു. എന്നാൽ ഏറെ കൗതുകകരമായ കാര്യം, തങ്ങൾ സുഖം പ്രാപിച്ചതിനെക്കുറിച്ച് മറ്റുള്ളവരോടു പറയരുതെന്ന് ഈശോ അവരോടു പറയുന്നു എന്നതാണ്. എന്തുകൊണ്ടായിരിക്കും അവിടുന്ന് ഇങ്ങനെ പറഞ്ഞത്?

ഒന്നാമതായി, ഈശോയുടെ അഭ്യർത്ഥന അനുസരിക്കുക അസാധ്യമായിരുന്നിരിക്കണം. ഈ അന്ധരെ പരിചയമുള്ള എല്ലാവർക്കും അവർ അന്ധരാണെന്ന് അറിയാമായിരുന്നു. എന്നാൽ പെട്ടെന്നൊരു ദിവസം അവർക്ക് കാഴ്ച ലഭിച്ചു. ഇങ്ങനെയൊരു കാര്യം എങ്ങനെ മറച്ചുവെക്കാനാകും?

ഇത്തരമൊരു അത്ഭുതം അവർക്ക് മറച്ചുവെക്കാനാവില്ലെന്ന് ഈശോയ്ക്ക് തീർച്ചയായും അറിയാമായിരുന്നു. എന്നിട്ടും അവിടുന്ന് ഈ മനുഷ്യരോട് ഇങ്ങനെ പറഞ്ഞു. എന്തുകൊണ്ടാണ് ഈശോ ഇങ്ങനെ പറഞ്ഞതെന്നു മനസ്സിലാക്കാൻ, അവരെ സുഖപ്പെടുത്തിയതിനു പിന്നിലെ അവിടുത്തെ ഉദ്ദേശ്യം നാം മനസ്സിലാക്കണം.

ഈ മനുഷ്യരോടുള്ള സ്നേഹത്തെപ്രതി മാത്രമാണ് ഈശോ അവരെ സുഖപ്പെടുത്തിയത്. അവർ കരുണയ്ക്കായി നിലവിളിച്ചു; ഈശോ കരുണ നൽകാൻ ആഗ്രഹിച്ചു. പൊതുജനങ്ങളുടെ പ്രശംസയോ പ്രശസ്തിയോ നേടാനുള്ള മാർഗമായിട്ടല്ല അവിടുന്ന് അതു ചെയ്തത്. ഈ അന്ധരോടുള്ള സ്നേഹത്താൽ അവിടുന്ന് അതു ചെയ്തു.

നമ്മുടെ ഹൃദയങ്ങളുടെ അന്ധത സുഖപ്പെടുത്താൻ തനിക്കു കഴിയുമെന്ന് പഠിപ്പിക്കാനും അവിടുന്ന് ഈ അത്ഭുതം ചെയ്തു. ഈ മനുഷ്യർ തന്നിൽ വിശ്വസിക്കണമെന്നും താൻ യഥാർത്ഥത്തിൽ ആരാണെന്ന് “കാണണ”മെന്നും അവിടുന്ന് ആഗ്രഹിച്ചു. അതിനാൽ, ഈ അത്ഭുതം ആഴത്തിൽ വ്യക്തിപരമായ ഒന്നായിരുന്നു; ഈ രണ്ടുപേരോടുള്ള കരുതലിൽനിന്ന്, അവരുടെ വിശ്വാസം ശക്തിപ്പെടുത്താനായി ചെയ്തതുമായിരുന്നു.

എന്നാൽ ശ്രദ്ധേയമായ കാര്യം, നമ്മുടെ കർത്താവിൽനിന്ന് ഈ ദാനം സ്വീകരിച്ചപ്പോൾ അവർക്കുണ്ടായ സന്തോഷം അടക്കിവെക്കാൻ കഴിഞ്ഞില്ല എന്നതാണ്. നന്ദിയോടെ വിളിച്ചുപറയാതിരിക്കാനും തങ്ങളുടെ അനുഭവം പങ്കുവെക്കാതിരിക്കാനും അവർക്കു കഴിഞ്ഞില്ല. ഇതിൽ ഈശോയ്ക്ക് അപ്രീതി തോന്നിയില്ലെന്നും, മറിച്ച് അവരുടെ വിശ്വാസത്തിന്റെ അനിവാര്യമായ ഫലമായി അവിടുന്ന് ഇതിനെ കണ്ടുവെന്നും നമുക്ക് ഉറപ്പിക്കാം.

നിങ്ങളുടെ കാര്യമോ? നിങ്ങളുടെ ജീവിതത്തിൽ ദൈവം പ്രവർത്തിക്കുന്നതു നിങ്ങൾ കാണുന്നുണ്ടോ? തുടർന്ന്, നിങ്ങളുടെ ജീവിതത്തിലെ അവിടുത്തെ പ്രവർത്തനത്തിന്റെ സന്തോഷം മറ്റുള്ളവരിലേക്കു പകരാൻ ശ്രമിക്കുന്നുണ്ടോ? അവിടുത്തെ പ്രവർത്തനത്തിനും സൗഖ്യദാനത്തിനും നിങ്ങൾ പതിവായി സാക്ഷ്യം വഹിക്കുന്നുണ്ടോ? ദൈവം നിങ്ങൾക്കായി ചെയ്തതെല്ലാം മറ്റുള്ളവർക്കു കാണാൻ അവസരമൊരുക്കാൻ നിങ്ങൾ ശ്രമിക്കുന്നുണ്ടോ?

ഇന്ന്, സൗഖ്യം ലഭിച്ചപ്പോൾ ഈ അന്ധരുടെ ഹൃദയങ്ങളിലുണ്ടായ സന്തോഷത്തെക്കുറിച്ച് ധ്യാനിക്കുക. നിങ്ങളുടെ ജീവിതത്തിലെ ദൈവത്തിന്റെ പ്രവർത്തനത്തിൽ നിങ്ങൾക്കുള്ള സന്തോഷത്തെക്കുറിച്ചും ചിന്തിക്കുക. നിങ്ങളുടെ സന്തോഷം നിറഞ്ഞൊഴുകുന്നില്ലെങ്കിൽ, കാണാൻ നിങ്ങളെ സഹായിക്കണമെന്നു ആഴമായ വിശ്വാസത്തോടെ കർത്താവിനോട് അപേക്ഷിക്കാൻ പറ്റിയ ദിവസമായിരിക്കാം ഇന്ന്!

കർത്താവേ, കാണാൻ എന്നെ സഹായിക്കണമേ; അങ്ങയെ കാണുന്നതിന്റെ ആനന്ദം മറ്റുള്ളവരുമായി പങ്കുവെക്കാനും എന്നെ സഹായിക്കണമേ. എല്ലാവർക്കും കാണാനാകുന്നവിധം ആ ആനന്ദം എന്റെ ജീവിതത്തിൽനിന്ന് ഒഴുകട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.


ദൈവത്തിന്റെ ദാനം

ആഗമനകാലം ഒന്നാം വാരത്തിലെ ശനിയാഴ്ച

“സൗജന്യമായി നിങ്ങൾക്കു ലഭിച്ചു; സൗജന്യമായി നിങ്ങൾ നൽകണം.” മത്തായി 10:8b

എന്താണ് നമുക്ക് “സൗജന്യമായി” ലഭിച്ചിരിക്കുന്നത്? എല്ലാ നന്മകളും നമുക്ക് സൗജന്യമായിട്ടാണ് ലഭിച്ചിരിക്കുന്നത്. അതു സത്യമാണ്! നല്ലതെല്ലാം ദൈവത്തിൽനിന്നുള്ള ദാനമാണ്. അവിടുന്ന് സൗജന്യമായി നൽകുന്ന ദാനമാണത്. നമ്മുടെ ജീവിതത്തിൽ അവിടുത്തെ അനുഗ്രഹങ്ങൾ സമ്പാദിക്കാൻ നമുക്ക് ഒന്നും ചെയ്യാനാവില്ല. നിങ്ങൾ അതു വിശ്വസിക്കുന്നുണ്ടോ?

തന്റെ നാമത്തിൽ പ്രസംഗിക്കാനും രോഗികളെ സുഖപ്പെടുത്താനും പിശാചുക്കളെ പുറത്താക്കാനും പന്ത്രണ്ട് അപ്പസ്തോലന്മാരെ അയയ്ക്കുമ്പോൾ യേശു അവർക്കു നൽകുന്ന ഉപദേശത്തിന്റെ ഭാഗമാണ് മുകളിലെ തിരുവചനഭാഗം.  തന്നിൽനിന്ന് അവർക്കു ലഭിച്ചതെല്ലാം സൗജന്യദാനമാണെന്നും അതുപോലെ അവരും എല്ലാവർക്കും സൗജന്യമായി സുവിശേഷം നൽകണമെന്നും അവിടുന്ന് അവരെ ഓർമ്മിപ്പിക്കുന്നു.

ക്രിസ്തുമസിന്റെ ദാനം ആഘോഷിക്കുന്ന വരാനിരിക്കുന്ന തിരുനാളിലേക്ക് നാം പ്രത്യേകമായി ശ്രദ്ധ തിരിക്കേണ്ട കാലമാണ് ആഗമനകാലം.  ക്രിസ്തുമസ് നാം സമ്മാനങ്ങൾ നൽകുകയും സ്വീകരിക്കുകയും ചെയ്യുന്ന സമയമാണ്. എന്നാൽ ഒരു “ദാനവും” ഒരു “സമ്മാനവും” തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കേണ്ടത് പ്രധാനമാണ്.  ഒരു സമ്മാനം ലഭിക്കുമെന്ന് ഒരാൾ പ്രതീക്ഷിക്കുന്നു.  ഉദാഹരണത്തിന്, നിങ്ങളുടെ ജീവിതപങ്കാളിയോ കുട്ടിയോ ജന്മദിനത്തിലോ ക്രിസ്തുമസിനോ ഒരു സമ്മാനം പ്രതീക്ഷിക്കുന്നു.  എന്നാൽ ഒരു ദാനം അതിലും ഏറെ അർത്ഥമുള്ളതാണ്.  ദാനം എന്നത് സൗജന്യമായി നൽകപ്പെടുന്നതും അധ്വാനിച്ചു നേടിയതോ അർഹതകൊണ്ടു ലഭിച്ചതോ അല്ലാത്തതുമാണ്.  യാതൊരു നിബന്ധനയുമില്ലാതെ സ്നേഹത്താൽ നൽകപ്പെടുന്നതാണത്.  ദൈവത്തിന്റെ മനുഷ്യാവതാരത്തിന്റെ പൊരുൾ ഇതാണ്.

നമ്മുടെ അർഹതകൊണ്ടല്ലാതെ, സൗജന്യമായി തന്നെത്തന്നെ നമുക്കു നൽകാനാണ് ദൈവം ഭൂമിയിലേക്കു വന്നത് എന്ന സത്യത്തെക്കുറിച്ച് നാം ധ്യാനിക്കുന്ന സമയമായിരിക്കണം ആഗമനകാലം. അവിടുത്തെ ജീവിതം നമുക്കു പൂർണമായും സൗജന്യമായി ലഭിച്ച ദാനമാണ്; നമുക്ക് ഇതുവരെ ലഭിച്ചിട്ടുള്ളതിൽ ഏറ്റവും മഹത്തായ ദാനവും അതുതന്നെയാണ്. അതുപോലെ, ദാനമായ ഈശോമിശിഹായെ മറ്റുള്ളവരിലേക്കെത്തിക്കാനുള്ള നമ്മുടെ വിളിയെക്കുറിച്ചും നാം വിചിന്തനം ചെയ്യുന്ന സമയമായിരിക്കണം ആഗമനകാലം.

നിങ്ങളുടെ ജീവിതത്തിൽ യേശുവിനെ സ്വീകരിക്കുന്നതിനെക്കുറിച്ചും മറ്റുള്ളവർക്കു നൽകുന്നതിനെക്കുറിച്ചും ഇന്ന് ചിന്തിക്കുക.  ഈ ആഗമനകാലത്ത് നിങ്ങളുടെ ഹൃദയം കൃതജ്ഞതകൊണ്ടു നിറയട്ടെ; അങ്ങനെ യേശു എന്ന ദാനം മറ്റുള്ളവർക്കു നൽകാൻ നിങ്ങൾക്കും കഴിയട്ടെ.

കർത്താവേ, അങ്ങയുടെ ജീവിതമാകുന്ന ദാനത്തിന് നന്ദി. എന്റെ ജീവിതത്തിലേക്കു കടന്നുവരാൻ ഭൂമിയിലേക്കു വന്നതിന് നന്ദി. അങ്ങയെ അറിയുകയും സ്നേഹിക്കുകയും ചെയ്യുന്നതിലുള്ള ആനന്ദത്തിന് നന്ദി. അങ്ങയെ മറ്റുള്ളവർക്കു നൽകാൻ ഞാൻ നിരന്തരം പരിശ്രമിക്കത്തക്കവിധം എന്റെ ജീവിതത്തെ രൂപാന്തരപ്പെടുത്താൻ ഈ ആനന്ദത്തെ ഞാൻ അനുവദിക്കട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

 

ആഗമനകാലം – രണ്ടാം വാരം

ഉള്ളടക്കം


പേപ്പർബാക്ക് പതിപ്പായും & ഇ-പുസ്തകമായും കൂടി ലഭ്യമാണ്

Amazon.com – Google Play – iTunes – Barnes and Noble