വിശുദ്ധഗ്രന്ഥ വായന: താഴെ കൊടുത്തിരിക്കുന്ന ഭാഗങ്ങളിൽ ചിലതോ മുഴുവനുമോ പ്രാർഥനാപൂർവം വായിക്കുക:
മത്തായി 27:57–66
മർക്കോസ് 15:42–47
ലൂക്കാ 23:50–56
യോഹന്നാൻ 19:38–42
പശ്ചാത്തലം: ധനികനും ആദരണീയനുമായ ന്യായാധിപസംഘാംഗം അരിമത്തിയാക്കാരനായ ജോസഫും, ഫരിസേയനും യേശുവിന്റെ അനുഭാവിയുമായ നിക്കോദേമോസും, യേശുവിന്റെ ശരീരം ഏറ്റുവാങ്ങി യഥോചിതം സംസ്കരിച്ചതിലൂടെ തങ്ങളുടെ സൽപ്പേരും പദവിയും വലിയ അപകടത്തിലാക്കി. നൂറു പൗണ്ട് മീറയും അകിലും ഉപയോഗിച്ച് അവർ അവിടുത്തെ ശരീരത്തെ ആദരിക്കുകയും പുതിയൊരു ശവക്കച്ചയിൽ പൊതിയുകയും ചെയ്തു. തുടർന്ന് പാറയിൽ വെട്ടിയുണ്ടാക്കിയ പുതിയൊരു കല്ലറയിൽ അവർ അവിടുത്തെ കിടത്തി. സാബത്ത് ആസന്നമായിരുന്നതിനാൽ സ്ത്രീകൾക്ക് യേശുവിന്റെ ശരീരം യഥാവിധി അഭിഷേകം ചെയ്യാൻ കഴിഞ്ഞില്ല. അതിനാൽ സാബത്ത് കഴിഞ്ഞ് അങ്ങനെ ചെയ്യാൻ അവർ തീരുമാനിച്ചു.
മരണത്തിലും പ്രധാനപുരോഹിതന്മാരും ഫരിസേയരും നമ്മുടെ കർത്താവിനെ അവഹേളിച്ചു. അവിടുത്തെ ശിഷ്യന്മാർ ശരീരം മോഷ്ടിച്ച് യേശു ഉയിർത്തെഴുന്നേറ്റുവെന്ന് അവകാശപ്പെടുമോ എന്ന ഭയത്താൽ, കല്ലറ കാക്കാൻ കാവൽക്കാരെ നൽകണമെന്ന് അവർ പീലാത്തോസിനെ സമ്മതിപ്പിച്ചു. അങ്ങനെ, യേശുവിന്റെ ജീവൻ അവസാനിപ്പിക്കാൻ മാത്രമല്ല, ആസന്നമായിരുന്ന അവിടുത്തെ ഉത്ഥാനത്തെ തടയാനും ലൗകികവും രാഷ്ട്രീയവുമായ എല്ലാ തന്ത്രങ്ങളും പ്രയോഗിക്കപ്പെട്ടു.
ധ്യാനചിന്ത: ഈ രംഗം പ്രാർഥനാപൂർവം ധ്യാനിക്കുക. സഹായകരമെങ്കിൽ താഴെ കൊടുത്തിരിക്കുന്ന ചിന്തകൾ ഉപയോഗിക്കാം.
- സാബത്ത് അതിവേഗം അടുത്തുവന്നിരുന്നതിനാൽ, അത് ആരംഭിക്കുന്നതിനുമുമ്പ് യേശുവിന്റെ ശരീരം ഉടൻതന്നെ ശുചിയാക്കി, ശവക്കച്ചയിൽ പൊതിഞ്ഞ് സംസ്കരിക്കേണ്ടിയിരുന്നു. നമ്മുടെ പരിശുദ്ധ അമ്മയുടെയും അവിടെത്തന്നെ നിന്ന മറ്റു സ്ത്രീകളുടെയും ഹൃദയങ്ങളിലെ അഗാധമായ ദുഃഖവും, യേശുവിന്റെ ശരീരം ഒരുക്കി കല്ലറയിൽ വയ്ക്കാൻ അവർക്കു ലഭിച്ച വളരെ ചുരുങ്ങിയ സമയവും തമ്മിലുള്ള വൈരുധ്യം ധ്യാനിക്കുക. അവിടുത്തെ മരണംതന്നെ താങ്ങാനാവാത്തതായിരുന്നു; ഇപ്പോൾ അവിടുത്തെ ശരീരം പരിചരിക്കാൻ സമയം തികയാത്തത് അതിലും വേദനാജനകമായി.
- അരിമത്തിയാക്കാരനായ ജോസഫിന്റെയും നിക്കോദേമോസിന്റെയും ധൈര്യത്തെയും സ്നേഹത്തെയും കുറിച്ചും ധ്യാനിക്കുക. യേശുവിനെ സംസ്കരിക്കാൻ ശ്രദ്ധ ചെലുത്തിയതിന്റെ പേരിൽ മറ്റു മതനേതാക്കളുടെ പരിഹാസത്തിന് ഇരയാകാനുള്ള അപകടസാധ്യത അവർ ഏറ്റെടുത്തു. അവരുടെ ലൗകികമായ സാമൂഹിക സൽപ്പേരിനെക്കാൾ ശക്തമായിരുന്നു അവരുടെ സ്നേഹം.
- യേശുവിന്റെ മൃതശരീരം തിടുക്കത്തിൽ കഴുകുന്നതും, ദുർഗന്ധം കുറയ്ക്കാൻ സുഗന്ധദ്രവ്യം വേഗത്തിൽ പൂശുന്നതും, അവിടുത്തെ ശരീരം പുതിയ ശവക്കച്ചയിൽ പൊതിയുന്നതും മനസ്സിൽ കാണുക.
- പുരുഷന്മാർ അവിടുത്തെ ശരീരം കല്ലറയിലേക്കു വഹിച്ചുകൊണ്ടുപോകുന്നത് സങ്കൽപ്പിക്കുക. സ്ത്രീകൾ കല്ലറയ്ക്കുള്ളിലേക്കു നോക്കുന്നതും, കല്ല് ഉരുട്ടിവച്ച് കല്ലറ അടയ്ക്കുന്നതും മനസ്സിൽ കാണുക.
- ഓരോരുത്തരായി അവിടെനിന്നു മടങ്ങുമ്പോൾ എല്ലാവരുടെയും മനസ്സിലുണ്ടായിരുന്ന വികാരങ്ങളെക്കുറിച്ച് ചിന്തിക്കുക.
- മൂന്നു ദിവസത്തിനുശേഷം യേശു ഉയിർത്തെഴുന്നേൽക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ പീലാത്തോസിൽനിന്ന് കാവൽ ഏർപ്പാടാക്കിയ പ്രധാനപുരോഹിതന്മാരുടെയും ഫരിസേയരുടെയും വിട്ടുമാറാത്ത വിദ്വേഷത്തെക്കുറിച്ച് ദുഃഖത്തോടെ ധ്യാനിക്കുക.
മുഖ്യചിത്രം: തിയോഫിൽ ലീബാർട്ട് – യേശുവിനെ കല്ലറയിൽ കിടത്തി ധൂപവർഗ്ഗങ്ങളാൽ പൊതിയുന്നു
നോമ്പുകാല ധ്യാനങ്ങൾക്കൊരു ആമുഖം
- ജീവിതത്തിലെ തീരുമാനങ്ങളും ദൃഢനിശ്ചയങ്ങളും
- ഓശാന ഞായർ
- പെസഹാവ്യാഴത്തിലേക്കുള്ള ദിനങ്ങൾ
- അന്ത്യത്താഴം
- തോട്ടത്തിലെ പ്രാണവേദന
- യേശുവിനെ അറസ്റ്റുചെയ്ത് ഹന്നാസിന്റെ മുമ്പിൽ കൊണ്ടുവരുന്നു
- യേശുവിനെ കയ്യാഫാസിന്റെ മുമ്പിൽ കൊണ്ടുവരുന്നു
- യേശുവിനെ പീലാത്തോസിന്റെ മുമ്പിൽ കൊണ്ടുവരുന്നു
- യേശുവിനെ ഹേറോദേസിന്റെ മുമ്പിൽ കൊണ്ടുവരുന്നു
- പീലാത്തോസിന്റെ രണ്ടാമത്തെ വിചാരണ
- യേശു തന്റെ കുരിശു വഹിക്കുന്നു; അവിടുന്ന് ക്രൂശിക്കപ്പെടുന്നു
- യേശു കുരിശിൽനിന്ന് സംസാരിക്കുന്നു
- യേശു കുരിശിൽ മരിക്കുന്നു
- അമ്മയുടെ കരങ്ങളിൽ യേശുവിന്റെ ശരീരം
- യേശുവിനെ സംസ്കരിക്കുന്നു
- ദുഃഖശനി
