വിശുദ്ധഗ്രന്ഥവായന: തോട്ടത്തിലെ പ്രാണവേദനയെക്കുറിച്ചുള്ള താഴെപ്പറയുന്ന വിവരണങ്ങളിൽ ഒന്നോ അതിലധികമോ പ്രാർഥനാപൂർവം വായിക്കുക.
മത്തായി 26:30–46
മർക്കോസ് 14:26–42
ലൂക്കാ 22:39–46
പശ്ചാത്തലം: യേശു തങ്ങളോടു പറഞ്ഞ കാര്യങ്ങൾ ശിഷ്യരെ ആശയക്കുഴപ്പത്തിലും ഉത്കണ്ഠയിലും ആഴ്ത്തിയിരിക്കണം. താൻ പിടിക്കപ്പെടുന്നതും പീഡകൾ സഹിക്കുന്നതും മരിക്കുന്നതും ഉയിർത്തെഴുന്നേൽക്കുന്നതും അവിടുന്ന് വളരെ വ്യക്തമായി മുൻകൂട്ടിപ്പറഞ്ഞു. യേശുതന്നെ അത്യഗാധമായ പ്രാർഥനയുടെയും പിതാവിന്റെ ഹിതത്തിനുള്ള സമ്പൂർണ സമർപ്പണത്തിന്റെയും ഒരു സമയത്തിലേക്കു പ്രവേശിക്കുന്നു.
വിചിന്തനം: വിശുദ്ധഗ്രന്ഥവും, സഹായകരമെങ്കിൽ ഈ ചിന്താവിഷയങ്ങളും ഉപയോഗിച്ച്, നമ്മുടെ കർത്താവിനോടൊപ്പം ഈ അതിപരിശുദ്ധമായ രാത്രിയിലേക്കു പ്രാർഥനാപൂർവം പ്രവേശിക്കുക.
- ആ രംഗം മനസ്സിൽ കാണാൻ ശ്രമിക്കുക. അത്താഴം കഴിഞ്ഞിരുന്നു. ഈ രാത്രിയിൽ പത്രോസ് തന്നെ മൂന്നുപ്രാവശ്യം തള്ളിപ്പറയുമെന്ന് യേശു അവനോടു മുൻകൂട്ടിപ്പറഞ്ഞു. തുടർന്ന് അവർ തോട്ടത്തിലേക്കു പോയി; യേശു പ്രാർഥിക്കാനായി മാറിപ്പോയി. ആദ്യം ഈ ശിഷ്യരുടെ കാഴ്ചപ്പാടിൽനിന്ന് ആ അനുഭവത്തെക്കുറിച്ചു ധ്യാനിക്കുക.
- യേശു നിങ്ങളോടും ഈ വാക്കുകൾ പറയുന്നതു കേൾക്കുക: “എന്റെ ആത്മാവ് മരണത്തോളം ദുഃഖിതമാണ്; നിങ്ങൾ ഇവിടെ താമസിച്ച് എന്നോടൊപ്പം ഉണർന്നിരിക്കുക.” ഓരോ കുരിശിലൂടെയും വിശ്വസ്തതയോടെ അവിടുത്തോടൊപ്പം നിലകൊള്ളാനുള്ള അവിടുത്തെ ക്ഷണത്തെക്കുറിച്ചു വിചിന്തനം ചെയ്യുക.
- യേശു പിതാവിനോടു പ്രാർഥിക്കുന്നതു മനസ്സിൽ കാണുക: “എന്റെ പിതാവേ, സാധ്യമെങ്കിൽ ഈ പാനപാത്രം എന്നിൽനിന്ന് അകന്നുപോകട്ടെ; എങ്കിലും എന്റെ ഇഷ്ടംപോലെയല്ല, അങ്ങയുടെ ഇഷ്ടംപോലെ ആകട്ടെ.” ദൈവം നിങ്ങളെ ചെയ്യാനും സഹിക്കാനും വിളിക്കുന്ന എല്ലാ കാര്യങ്ങളിലും ഇത് നിങ്ങളുടെ പ്രാർഥനയാക്കുക.
- ശിഷ്യർ പ്രാർഥിക്കുന്നുണ്ടായിരുന്നില്ല. യേശു രണ്ടുപ്രാവശ്യം അവരുടെ അടുത്തേക്കു മടങ്ങിവന്നു; രണ്ടുതവണയും അവർ ഉറങ്ങുകയായിരുന്നു. യേശുവിന്റെയും ശിഷ്യരുടെയും കാഴ്ചപ്പാടുകളിൽനിന്ന് ആ യാഥാർഥ്യത്തെക്കുറിച്ചു ധ്യാനിക്കുക.
- പ്രാർഥനയിലേക്കു മടങ്ങിയശേഷം, യേശു തന്റെ മാനുഷിക ഇച്ഛയെ കൂടുതൽ ആഴത്തിൽ സമർപ്പിച്ചു: “എന്റെ പിതാവേ, ഞാൻ ഇതു കുടിക്കാതെ ഈ പാനപാത്രം അകന്നുപോകുകയില്ലെങ്കിൽ, അങ്ങയുടെ ഹിതം നിറവേറട്ടെ.” നിങ്ങളുടെ ജീവിതത്തിലെ ഏതു കാര്യത്തെക്കുറിച്ചാണ് “അങ്ങയുടെ ഹിതം നിറവേറട്ടെ” എന്നു നിങ്ങൾ പ്രാർഥിക്കേണ്ടത്?
- “അവിടുത്തെ വിയർപ്പ് നിലത്തുവീഴുന്ന വലിയ രക്തത്തുള്ളികൾപോലെയായി”ത്തീർന്നപ്പോൾ, അവിടുത്തെ ആശ്വസിപ്പിക്കാൻ ഒരു ദൂതൻ യേശുവിനു പ്രത്യക്ഷപ്പെട്ടുവെന്ന് ലൂക്കായുടെ സുവിശേഷം വെളിപ്പെടുത്തുന്നു. യേശു അനുഭവിച്ച ആന്തരിക പ്രാണവേദനയുടെ ആഴം അനുഭവിച്ചറിയാൻ ശ്രമിക്കുക.
പ്രധാന ചിത്രം:ട്രെവിസാനി, തോട്ടത്തിലെ പ്രാണവേദന
നോമ്പുകാല ധ്യാനങ്ങൾക്കൊരു ആമുഖം
- ജീവിതത്തിലെ തീരുമാനങ്ങളും ദൃഢനിശ്ചയങ്ങളും
- ഓശാന ഞായർ
- പെസഹാവ്യാഴത്തിലേക്കുള്ള ദിനങ്ങൾ
- അന്ത്യത്താഴം
- തോട്ടത്തിലെ പ്രാണവേദന
- യേശുവിനെ അറസ്റ്റുചെയ്ത് ഹന്നാസിന്റെ മുമ്പിൽ കൊണ്ടുവരുന്നു
- യേശുവിനെ കയ്യാഫാസിന്റെ മുമ്പിൽ കൊണ്ടുവരുന്നു
- യേശുവിനെ പീലാത്തോസിന്റെ മുമ്പിൽ കൊണ്ടുവരുന്നു
- യേശുവിനെ ഹേറോദേസിന്റെ മുമ്പിൽ കൊണ്ടുവരുന്നു
- പീലാത്തോസിന്റെ രണ്ടാമത്തെ വിചാരണ
- യേശു തന്റെ കുരിശു വഹിക്കുന്നു; അവിടുന്ന് ക്രൂശിക്കപ്പെടുന്നു
- യേശു കുരിശിൽനിന്ന് സംസാരിക്കുന്നു
- യേശു കുരിശിൽ മരിക്കുന്നു
- അമ്മയുടെ കരങ്ങളിൽ യേശുവിന്റെ ശരീരം
- യേശുവിനെ സംസ്കരിക്കുന്നു
- ദുഃഖശനി
