പശ്ചാത്തലം: ക്രിസ്തുവിന്റെ ജനനരഹസ്യത്തിന്റെ കേന്ദ്രസ്ഥാനത്ത്, ഒറ്റനോട്ടത്തിൽ പരസ്പരവിരുദ്ധമെന്നു തോന്നുന്ന പല പാഠങ്ങളുമുണ്ട്. അവിടുത്തെ കരുണയിൽ നാം സമ്പന്നരാകേണ്ടതിന് രക്ഷകൻ ഈ ലോകത്തിലേക്ക് ദാരിദ്ര്യത്തിൽ വന്നു. നമ്മുടെ ആത്മാക്കളിലേക്ക് നാം അവിടുത്തെ സ്വാഗതം ചെയ്യേണ്ടതിന്, ലോകം അവിടുത്തെ സ്വീകരിക്കാതെ, കിടക്കാൻ ഒരു പുൽത്തൊട്ടിയല്ലാതെ മറ്റൊരിടവുമില്ലാത്തവനായി അവിടുന്ന് വന്നു. ദൈവത്തിന്റെ നിത്യവചനമായിരുന്നിട്ടും സംസാരിക്കാൻ കഴിയാത്തവനായി അവിടുന്ന് വന്നു. നാം എല്ലാവരോടും അവിടുത്തെ പ്രഘോഷിക്കേണ്ടതിന്, നിശ്ശബ്ദനായും മറഞ്ഞിരിക്കുന്നവനായും അവിടുന്ന് വന്നു.
അസാധ്യമെന്നു തോന്നിയ ഒരു ദൗത്യമാണ് വിശുദ്ധ യൗസേപ്പിതാവിനും പരിശുദ്ധ കന്യകാമറിയത്തിനും നൽകപ്പെട്ടത്. പരിശുദ്ധ ത്രിത്വത്തിലെ രണ്ടാമത്തെ വ്യക്തിയായ നിത്യദൈവത്തെ ഒരു ശിശുവിന്റെ രൂപത്തിൽ ഈ ലോകത്തിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു ആ ദൗത്യം. അനന്തമായി അതീതനും ഈ ലോകത്തിനപ്പുറമുള്ളവനുമായ ദൈവം, എളിയവനും ദുർബലനും മറ്റുള്ളവരെ ആശ്രയിക്കുന്നവനുമായ ഒരു ശിശുവായിത്തീർന്ന്, കാലത്തിന്റെയും സ്ഥലത്തിന്റെയും ഉള്ളിലേക്ക് അത്രമേൽ അടുത്തുവന്നു. ഈ ശിശുവായി വന്ന ദൈവത്തെ അവിടുത്തെ ഭൗമിക മാതാപിതാക്കൾ വളർത്തി, ലാളിച്ചു, ഭക്ഷണം നൽകി, സംരക്ഷിച്ചു, പരിചരിച്ചു, പഠിപ്പിച്ചു, അവിടുത്തോടൊപ്പം കളിച്ചു; മനോഹരമായ മാനുഷിക ഹൃദയങ്ങളോടെ അവിടുത്തെ ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്തു.
ഈ “ക്രിസ്മസ് കഥ”യുമായുള്ള പരിചയം, അന്നു സംഭവിച്ച വിസ്മയകരമായ യാഥാർഥ്യം കാണാതെ പോകാൻ നിങ്ങളെ പ്രേരിപ്പിച്ചേക്കാം. പരമപവിത്രമായ ഈ രാത്രിയിൽനിന്ന് ഉളവായ നിത്യവും മഹത്ത്വപൂർണ്ണവുമായ ഫലങ്ങൾ നിങ്ങൾ എളുപ്പത്തിൽ കാണാതെ പോയേക്കാം. ലോകത്തിന്റെ രക്ഷകനായ, മനുഷ്യാവതാരം ചെയ്ത ദൈവത്തിന്റെ ജനനമെന്ന മഹനീയവും മഹത്ത്വപൂർണ്ണവുമായ രഹസ്യം നിങ്ങളോട് സംസാരിക്കാനും കൂടുതൽ ആഴത്തിൽ നിങ്ങൾക്കു വെളിപ്പെടുത്തിത്തരാനും ഈ പ്രാർഥനാസമയം വഴിയൊരുക്കട്ടെ.
വിശുദ്ധഗ്രന്ഥ വായന: ലൂക്കാ 2:1–7
വിചിന്തനം: നിങ്ങളുടെ ഭാവനയിൽ ഈ മഹത്ത്വപൂർണ്ണമായ രംഗത്തിൽ സന്നിഹിതരാകാൻ സമയം ചെലവഴിക്കുക. താനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന മറിയത്തോടൊപ്പം ബേത്ലഹേമിലേക്കു യാത്ര ചെയ്യണമെന്ന് ആദ്യം മനസ്സിലാക്കിയപ്പോൾ വിശുദ്ധ യൗസേപ്പിതാവിന്റെ മനസ്സിലൂടെ കടന്നുപോയ ചിന്തകൾ ഭാവനയിൽ കാണുക. ഈ ശിശുവിനെക്കുറിച്ച് ദൈവം സ്വപ്നത്തിൽ അദ്ദേഹത്തോടു സംസാരിച്ചിരുന്നു. ഈ ശിശു അത്ഭുതകരമായി ഗർഭം ധരിക്കപ്പെട്ടവനായിരുന്നു. മറിയത്തിന്റെ ഗർഭധാരണത്തെ ചുറ്റിപ്പറ്റി ആശയക്കുഴപ്പം നിലനിന്നിരുന്നു. ഇപ്പോഴാകട്ടെ, അവളുടെ പ്രസവം അടുത്തിരിക്കെ അവർ കഴുതപ്പുറത്ത് യാത്ര ചെയ്യുകയായിരുന്നു.
നിർദേശിച്ചിരിക്കുന്ന വിശുദ്ധഗ്രന്ഥഭാഗം (ലൂക്കാ 2:1–7) പ്രാർഥനാപൂർവം വായിക്കുകയും ധ്യാനിക്കുകയും ചെയ്യുക. പട്ടണത്തിലെ ശബ്ദങ്ങൾക്കു കാതോർക്കുക. തണുപ്പ് അനുഭവിക്കുക. വിശുദ്ധ യൗസേപ്പിതാവിന്റെ ഉത്കണ്ഠ മനസ്സിലാക്കുക. മൃഗങ്ങളുടെ ഗന്ധം അനുഭവിക്കുക. ആ രാത്രിയിൽ തങ്ങളുടെ പട്ടണത്തിൽ ദൈവം ജനിക്കുകയാണെന്ന് ബേത്ലഹേമിലെ മറ്റു നിവാസികളും സന്ദർശകരും അറിഞ്ഞിരുന്നുപോലുമില്ല എന്ന വസ്തുതയെക്കുറിച്ചു ചിന്തിക്കുക.
പിറവിക്കാല ധ്യാനങ്ങൾക്കുള്ള ആമുഖം
- ലോകരക്ഷകന്റെ ജനനം
- വിനീതരായ ഇടയന്മാർ
- ദേവാലയത്തിലെ സമർപ്പണം
- ജ്ഞാനികൾ
- ഈജിപ്തിലേക്കുള്ള പലായനം, വിശുദ്ധ കുഞ്ഞിപ്പൈതങ്ങളുടെ കൂട്ടക്കൊല
- മറഞ്ഞ ജീവിതം, ദേവാലയത്തിൽ യേശുവിനെ കണ്ടെത്തൽ
പ്രധാന ചിത്രം: ജീൻ-ബാപ്റ്റിസ്റ്റ് മാരി പിയേർ – തിരുപ്പിറവി
