മലയാളം

ദേവാലയത്തിലെ സമർപ്പണം

വിശുദ്ധ മണിക്കൂറിന്റെ ക്രമം

പശ്ചാത്തലം: തുടർന്ന് വരുന്ന ഈ വിശുദ്ധഗ്രന്ഥഭാഗം ധ്യാനത്തിനായി നാലു ഭാഗങ്ങളായി തിരിക്കാം. ആദ്യത്തേതിൽ തുടങ്ങി ഓരോ ഭാഗവും പ്രത്യേകം വായിക്കുക; തുടർന്ന് ഓരോന്നിനെയും കുറിച്ച് അല്പനേരം ധ്യാനിക്കുക.

ആദ്യഭാഗം (ലൂക്കാ 2:22–24) യഹൂദനിയമത്തോടുള്ള ജോസഫിന്റെയും മറിയത്തിന്റെയും അനുസരണത്തെക്കുറിച്ചു പറയുന്നു. ജനിച്ച് നാല്പതു ദിവസം കഴിഞ്ഞാൽ ആൺകുഞ്ഞിനെ ദേവാലയത്തിൽ കർത്താവിനു സമർപ്പിക്കണം. ദരിദ്രർക്ക് കാഴ്ചയായി അർപ്പിക്കാവുന്നത് ഒരു ജോടി കുറുപ്രാവുകളെയോ രണ്ടു പ്രാവിൻകുഞ്ഞുങ്ങളെയോ ആണ്. മറിയവും ജോസഫും അങ്ങനെ ചെയ്യാനാണ് തീരുമാനിക്കുന്നത്.

രണ്ടാം ഭാഗം (ലൂക്കാ 2:25–32) നീതിമാനും ദൈവഭക്തനുമായ ശിമയോനെ അവതരിപ്പിക്കുന്നു. മരിക്കുന്നതിനുമുമ്പ് സ്വന്തം കണ്ണുകളാൽ മിശിഹായെ കാണുമെന്ന് ദൈവം അദ്ദേഹത്തിനു വെളിപ്പെടുത്തിയിരുന്നു. അതിനാൽ ഈ വാക്യങ്ങളിൽ, ശിമയോൻ ഉണ്ണിമിശിഹായെ കൈകളിലെടുത്ത് തന്റെ സ്തുതിഗീതം ആലപിക്കുന്നത് നിങ്ങൾ കാണുന്നു.

മൂന്നാം ഭാഗത്തിലും (ലൂക്കാ 2:33–35) ശിമയോനെക്കുറിച്ചുള്ള വിവരണം തുടരുന്നു. എന്നാൽ ഈ വാക്യങ്ങളിൽ, ഗഹനമായ രണ്ടു പ്രവചനങ്ങൾ ഉരുവിടുമ്പോൾ ശിമയോൻ മറിയത്തിന്റെയും ജോസഫിന്റെയും നേർക്ക്, പ്രത്യേകിച്ച് മറിയത്തിന്റെ നേർക്ക്, ശ്രദ്ധ തിരിക്കുന്നതു നിങ്ങൾ കാണുന്നു. ആദ്യത്തേത്, “ഈ ശിശു ഇസ്രായേലിൽ അനേകരുടെ വീഴ്ചയ്ക്കും ഉയർച്ചയ്ക്കുമായി നിയോഗിക്കപ്പെട്ടിരിക്കുന്നു” എന്നതാണ്. രണ്ടാമത്തേത്, മറിയത്തിന്റെ ഹൃദയത്തിലൂടെ ദുഃഖത്തിന്റെ ഒരു വാൾ തുളച്ചുകയറുമെന്നതാണ്.

നാലാം ഭാഗം (ലൂക്കാ 2:36–38) വയോധികയായ അന്നാ പ്രവാചികയെ അവതരിപ്പിക്കുന്നു. അവർ രാവും പകലും ദേവാലയത്തിൽ ദൈവത്തെ ആരാധിച്ചിരുന്നു. ശിമയോനെപ്പോലെതന്നെ, വ്യക്തമായ പ്രചോദനത്താൽ ഈ സമയത്ത് അവരും മുന്നോട്ടുവന്ന് ദൈവത്തിനു നന്ദി പറയുകയും ഈ ശിശു ആരാണെന്നതിനു സാക്ഷ്യം വഹിക്കുകയും ചെയ്തു.

വിശുദ്ധഗ്രന്ഥവായന: ലൂക്കാ 2:22–38

ധ്യാനം: മറിയവും ജോസഫും ഒരു കുഞ്ഞാടിനു പകരം ഒരു ജോടി കുറുപ്രാവുകളെയോ രണ്ടു പ്രാവിൻകുഞ്ഞുങ്ങളെയോ സമർപ്പിച്ചപ്പോഴുള്ള അവരുടെ എളിമയെക്കുറിച്ചു ധ്യാനിക്കുക. (നിശ്ശബ്ദ ധ്യാനം)

എന്നാൽ ഒരു കുഞ്ഞാട് സമർപ്പിക്കപ്പെട്ടു. ഈ ശിശു ദൈവത്തിന്റെ കുഞ്ഞാടായിരുന്നു. ദൈവം ദൈവത്തിനു സമർപ്പിക്കപ്പെട്ടു. (നിശ്ശബ്ദ ധ്യാനം)

25–32 വാക്യങ്ങൾ വീണ്ടും വീണ്ടും വായിക്കുക. ഈ നിമിഷത്തിനായുള്ള പ്രതീക്ഷ മനസ്സിൽ കാണുക. ജീവിതത്തിലുടനീളം ശിമയോൻ ഈ നിമിഷത്തിനായി കാത്തിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിലെ കേന്ദ്രസ്ഥാനമുള്ളതും ഏറ്റവും പ്രധാനപ്പെട്ടതുമായ നിമിഷമായിരുന്നു അത്. ഉണ്ണിമിശിഹായെ സ്വീകരിച്ചശേഷം, “സമാധാനത്തിൽ പോകാൻ” അദ്ദേഹം തയ്യാറായി. ജീവിച്ചിരിക്കാൻ അദ്ദേഹത്തിനു മറ്റൊരു കാരണവുമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ജീവിതദൗത്യം പൂർത്തിയായിരുന്നു. ശിമയോൻ എന്ന ഈ മനുഷ്യനെക്കുറിച്ചു ധ്യാനിക്കുക. (നിശ്ശബ്ദ ധ്യാനം)

ശിമയോൻ യേശുവിന്റെ അമ്മയുടെ നേർക്കു തിരിഞ്ഞ് പറഞ്ഞതിനെക്കുറിച്ചും ധ്യാനിക്കുക: “…നിന്റെ സ്വന്തം ആത്മാവിലൂടെയും ഒരു വാൾ തുളച്ചുകയറും.” ഇതു കേട്ടപ്പോൾ നമ്മുടെ പരിശുദ്ധ അമ്മ എന്തായിരിക്കും ചിന്തിച്ചത്? അമ്മയ്ക്ക് എന്തായിരിക്കും അനുഭവപ്പെട്ടത്? (നിശ്ശബ്ദ ധ്യാനം)

അന്നായെ മനസ്സിൽ കാണുക. “അവർ ദേവാലയം വിട്ടുപോകാതെ, രാവും പകലും ഉപവാസത്തോടും പ്രാർഥനയോടുംകൂടെ ദൈവത്തെ ആരാധിച്ചുപോന്നു.” അന്നാ വിശുദ്ധയായിരുന്നു. അവരുടെ ജീവിതം ദൈവാരാധനയിൽ പൂർണമായി മുഴുകിയിരുന്നു. അവർ വയോധികയായിരുന്നു. ഇപ്പോൾ, രാവും പകലും താൻ ആരാധിച്ചിരുന്ന ദൈവത്തെ അവർ സ്വന്തം കണ്ണുകളാൽ കണ്ടു. (നിശ്ശബ്ദ ധ്യാനം)

പിറവിക്കാല ധ്യാനങ്ങൾക്കുള്ള ആമുഖം

  1. ലോകരക്ഷകന്റെ ജനനം
  2. വിനീതരായ ഇടയന്മാർ
  3. ദേവാലയത്തിലെ സമർപ്പണം
  4. ജ്ഞാനികൾ
  5. ഈജിപ്തിലേക്കുള്ള പലായനം, വിശുദ്ധ കുഞ്ഞിപ്പൈതങ്ങളുടെ കൂട്ടക്കൊല
  6. മറഞ്ഞ ജീവിതം, ദേവാലയത്തിൽ യേശുവിനെ കണ്ടെത്തൽ

മുഖ്യചിത്രം: ലുദോവിക്കോ കരാച്ചി – ദേവാലയത്തിലെ സമർപ്പണം

ഉള്ളടക്കം