നാം പരിശുദ്ധാത്മാവിനോടു പ്രാർഥിക്കുകയും അവിടുത്തെ വിളിച്ചപേക്ഷിക്കുകയും വേണം. കാരണം, നമുക്കോരോരുത്തർക്കും അവിടുത്തെ സംരക്ഷണവും സഹായവും വളരെയേറെ ആവശ്യമാണ്. ഒരുവന് ജ്ഞാനം എത്രയധികം കുറവാണോ, ശക്തി എത്രയധികം ക്ഷീണിച്ചിരിക്കുന്നുവോ, ക്ലേശങ്ങൾ എത്രയധികം ഭാരമായിരിക്കുന്നുവോ, പാപത്തിലേക്കുള്ള ചായ്വ് എത്രയധികമാണോ, അത്രയധികം അവൻ പ്രകാശത്തിന്റെയും ശക്തിയുടെയും ആശ്വാസത്തിന്റെയും വിശുദ്ധിയുടെയും ഒരിക്കലും വറ്റാത്ത ഉറവയായ അവിടുത്തെ പക്കലേക്ക് ഓടിയണയണം.” – ലിയോ പതിമൂന്നാമൻ മാർപാപ്പ
കുറിപ്പ്: താഴെക്കൊടുത്തിരിക്കുന്ന നൊവേന 100 വർഷങ്ങൾക്കുമുമ്പ് പരിശുദ്ധാത്മ സന്യാസസഭയിലെ വൈദികർ രചിച്ചതും പലതവണ പുനഃപ്രസിദ്ധീകരിച്ചതുമാണ്. പെന്തക്കുസ്തയ്ക്കു മുമ്പുള്ള ഒൻപതു ദിവസങ്ങളിലാണ് ഇത് പ്രാർഥിക്കുന്നത്.
ആമുഖം
പരിശുദ്ധാത്മാവിന്റെ ബഹുമാനാർഥമുള്ള നൊവേനയാണ് എല്ലാ നൊവേനകളിലും ഏറ്റവും പുരാതനമായത്. കാരണം, ആദ്യത്തെ പെന്തക്കുസ്തയിൽ പരിശുദ്ധാത്മാവിന്റെ ആഗമനത്തിനായി കാത്തിരിക്കേണ്ടതിന് നമ്മുടെ കർത്താവ് തന്റെ അപ്പസ്തോലന്മാരെ ജറുസലെമിലേക്കു മടക്കി അയച്ചപ്പോൾ, അവിടുത്തെതന്നെ നിർദേശപ്രകാരമാണ് ഇത് ആദ്യമായി നടത്തപ്പെട്ടത്. ഇന്നും സഭ നിർദേശിച്ചിട്ടുള്ള ഏക നൊവേന ഇതാണ്. പരിശുദ്ധ ത്രിത്വത്തിലെ മൂന്നാമത്തെ വ്യക്തിയെ അഭിസംബോധന ചെയ്യുന്ന ഈ നൊവേന, ഓരോ ക്രൈസ്തവനും അത്യന്താപേക്ഷിതമായ പ്രകാശത്തിനും ശക്തിക്കും സ്നേഹത്തിനും വേണ്ടിയുള്ള ശക്തമായ യാചനയാണ്.
സഭ താഴെപ്പറയുന്ന ദണ്ഡവിമോചനം അനുവദിക്കുന്നു: “ക്രിസ്മസ്, പെന്തക്കുസ്ത, അല്ലെങ്കിൽ അമലോത്ഭവ തിരുനാളിനു മുമ്പുള്ള പൊതുവായ നൊവേനയിൽ പങ്കെടുക്കുന്നവർക്ക് ഭാഗിക ദണ്ഡവിമോചനം.” (ദണ്ഡവിമോചനങ്ങളുടെ കൈപ്പുസ്തകം, പരിശുദ്ധ അപ്പസ്തോലിക പെനിറ്റൻഷ്യറി പ്രസിദ്ധീകരിച്ചത്, 1968, #34)
ഈ നൊവേന വർഷത്തിൽ ഏതു സമയത്തും പ്രാർഥിക്കാമെങ്കിലും, പരമ്പരാഗതമായി സ്വർഗാരോഹണ വ്യാഴാഴ്ചയ്ക്കു ശേഷമുള്ള വെള്ളിയാഴ്ച മുതൽ (സ്വർഗാരോഹണ തിരുനാൾ തുടർന്നുവരുന്ന ഞായറാഴ്ചയിലേക്കു മാറ്റാത്തപ്പോൾ) പെന്തക്കുസ്തയ്ക്കു മുമ്പുള്ള ശനിയാഴ്ച വരെയാണ് പ്രാർഥിക്കുന്നത്.
പരമ്പരാഗത ക്രമമനുസരിച്ച് അടുത്തതായി നൊവേന നടത്താനുള്ള കാലയളവ് മേയ് 15 – മേയ് 23, 2026 ആണ്.
ഒന്നാം ദിവസം – ഉയിർപ്പുകാലത്തിലെ ആറാം ആഴ്ചയിലെ വെള്ളിയാഴ്ച
രണ്ടാം ദിവസം – ഉയിർപ്പുകാലത്തിലെ ആറാം ആഴ്ചയിലെ ശനിയാഴ്ച
മൂന്നാം ദിവസം – ഉയിർപ്പുകാലത്തിലെ ഏഴാം ആഴ്ചയിലെ ഞായറാഴ്ച
നാലാം ദിവസം – ഉയിർപ്പുകാലത്തിലെ ഏഴാം ആഴ്ചയിലെ തിങ്കളാഴ്ച
അഞ്ചാം ദിവസം – ഉയിർപ്പുകാലത്തിലെ ഏഴാം ആഴ്ചയിലെ ചൊവ്വാഴ്ച
ആറാം ദിവസം – ഉയിർപ്പുകാലത്തിലെ ഏഴാം ആഴ്ചയിലെ ബുധനാഴ്ച
ഏഴാം ദിവസം – ഉയിർപ്പുകാലത്തിലെ ഏഴാം ആഴ്ചയിലെ വ്യാഴാഴ്ച
എട്ടാം ദിവസം – ഉയിർപ്പുകാലത്തിലെ ഏഴാം ആഴ്ചയിലെ വെള്ളിയാഴ്ച
ഒൻപതാം ദിവസം – ഉയിർപ്പുകാലത്തിലെ ഏഴാം ആഴ്ചയിലെ ശനിയാഴ്ച
പരിശുദ്ധാത്മാവിനുള്ള സമർപ്പണ പ്രാർഥന
ദൈവത്തിന്റെ നിത്യാത്മാവേ, / സ്വർഗീയ സാക്ഷികളുടെ വലിയ സമൂഹത്തിനു മുമ്പിൽ / മുട്ടുകുത്തിനിന്ന് / ആത്മാവോടും ശരീരത്തോടുംകൂടെ ഞാൻ എന്നെത്തന്നെ അങ്ങേക്കു സമർപ്പിക്കുന്നു. / അങ്ങയുടെ പരിശുദ്ധിയുടെ തേജസ്സിനെയും / അങ്ങയുടെ നീതിയുടെ പിഴവറ്റ സൂക്ഷ്മതയെയും / അങ്ങയുടെ സ്നേഹത്തിന്റെ ശക്തിയെയും ഞാൻ ആരാധിക്കുന്നു. അങ്ങാണ് എന്റെ ആത്മാവിന്റെ ശക്തിയും / പ്രകാശവും. / അങ്ങയിൽ ഞാൻ ജീവിക്കുകയും ചലിക്കുകയും നിലനിൽക്കുകയും ചെയ്യുന്നു. / കൃപയോടുള്ള അവിശ്വസ്തതയാൽ അങ്ങയെ ഒരിക്കലും വേദനിപ്പിക്കാതിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു; അങ്ങേക്കെതിരായ ഏറ്റവും ചെറിയ പാപത്തിൽനിന്നുപോലും കാത്തുകൊള്ളണമേ എന്നു പൂർണഹൃദയത്തോടെ ഞാൻ പ്രാർഥിക്കുന്നു. / എന്റെ ഓരോ ചിന്തയെയും കരുണയോടെ കാത്തുകൊള്ളണമേ. / അങ്ങയുടെ പ്രകാശത്തിനായി സദാ കാത്തിരിക്കാനും / അങ്ങയുടെ സ്വരത്തിനു കാതോർക്കാനും / അങ്ങയുടെ കൃപാപൂർണമായ പ്രചോദനങ്ങൾ അനുസരിക്കാനും എനിക്കു കൃപ നൽകണമേ. / ഞാൻ അങ്ങയെ മുറുകെപ്പിടിക്കുകയും / എന്നെത്തന്നെ അങ്ങേക്കു സമർപ്പിക്കുകയും ചെയ്യുന്നു. / എന്റെ ബലഹീനതയിൽ എന്നെ കാത്തുപരിപാലിക്കണമേ എന്ന് / അങ്ങയുടെ അനുകമ്പയെ പ്രതി / ഞാൻ അങ്ങയോട് അപേക്ഷിക്കുന്നു. / യേശുവിന്റെ തുളയ്ക്കപ്പെട്ട പാദങ്ങളിൽ പിടിച്ചുകൊണ്ടും / അവിടുത്തെ അഞ്ചു തിരുമുറിവുകളിലേക്കു നോക്കിക്കൊണ്ടും / അവിടുത്തെ തിരുരക്തത്തിൽ ആശ്രയിച്ചുകൊണ്ടും / അവിടുത്തെ തുറക്കപ്പെട്ട പാർശ്വത്തെയും മുറിവേറ്റ ഹൃദയത്തെയും ആരാധിച്ചുകൊണ്ടും / ഞാൻ അങ്ങയോടു കേണപേക്ഷിക്കുന്നു: / ആരാധനയ്ക്കു യോഗ്യനായ ആത്മാവേ, / എന്റെ ബലഹീനതയിൽ സഹായിക്കുന്നവനേ, / അങ്ങേക്കെതിരായി ഞാൻ ഒരിക്കലും പാപം ചെയ്യാതിരിക്കത്തക്കവിധം / എന്നെ അങ്ങയുടെ കൃപയിൽ കാത്തുകൊള്ളണമേ. / പരിശുദ്ധാത്മാവേ, / പിതാവിന്റെയും പുത്രന്റെയും ആത്മാവേ, / എല്ലായ്പ്പോഴും എല്ലായിടത്തും അങ്ങയോട് / “കർത്താവേ, അരുളിച്ചെയ്താലും / അങ്ങയുടെ ദാസൻ കേൾക്കുന്നു” / എന്നു പറയാൻ എനിക്കു കൃപ നൽകണമേ.
പരിശുദ്ധാത്മാവിന്റെ ഏഴു ദാനങ്ങൾക്കായുള്ള പ്രാർഥന
കർത്താവായ യേശുക്രിസ്തുവേ, / സ്വർഗത്തിലേക്ക് ആരോഹണം ചെയ്യുന്നതിനുമുമ്പ് / അങ്ങയുടെ അപ്പസ്തോലന്മാരുടെയും ശിഷ്യന്മാരുടെയും ആത്മാക്കളിൽ / അങ്ങയുടെ പ്രവൃത്തി പൂർത്തിയാക്കുന്നതിനായി / പരിശുദ്ധാത്മാവിനെ അയയ്ക്കാമെന്ന് അങ്ങ് വാഗ്ദാനം ചെയ്തുവല്ലോ. / അതേ പരിശുദ്ധാത്മാവിനെ എനിക്കും നൽകാൻ തിരുമനസ്സാകണമേ. / അവിടുന്ന് എന്റെ ആത്മാവിൽ / അങ്ങയുടെ കൃപയുടെയും സ്നേഹത്തിന്റെയും പ്രവൃത്തി പൂർണമാക്കട്ടെ. / ഈ ലോകത്തിലെ നശ്വരമായവയെ നിസ്സാരമായി കണക്കാക്കി / നിത്യമായവയെ മാത്രം / ആഗ്രഹിക്കേണ്ടതിന് / ജ്ഞാനത്തിന്റെ ആത്മാവിനെ എനിക്കു നൽകണമേ. / അങ്ങയുടെ ദിവ്യസത്യത്തിന്റെ പ്രകാശത്താൽ എന്റെ മനസ്സിനെ പ്രകാശിപ്പിക്കേണ്ടതിന് ബുദ്ധിയുടെ ആത്മാവിനെ നൽകണമേ. / ദൈവത്തെ പ്രസാദിപ്പിക്കാനും / സ്വർഗം പ്രാപിക്കാനുമുള്ള / ഏറ്റവും ഉറപ്പുള്ള വഴി / തിരഞ്ഞെടുക്കേണ്ടതിന് ആലോചനയുടെ ആത്മാവിനെ നൽകണമേ. / അങ്ങയോടൊപ്പം എന്റെ കുരിശു വഹിക്കാനും / എന്റെ രക്ഷയ്ക്കു തടസ്സമായി നിൽക്കുന്ന എല്ലാറ്റിനെയും ധൈര്യത്തോടെ അതിജീവിക്കാനും / ആത്മധൈര്യത്തിന്റെ ആത്മാവിനെ നൽകണമേ. / ദൈവത്തെയും എന്നെത്തന്നെയും അറിയാനും / വിശുദ്ധരുടെ വിജ്ഞാനത്തിൽ പൂർണതയിലേക്കു വളരാനും അറിവിന്റെ ആത്മാവിനെ നൽകണമേ. / ദൈവസേവനം മധുരവും ഹൃദ്യവുമായി അനുഭവപ്പെടേണ്ടതിന് / ദൈവഭക്തിയുടെ ആത്മാവിനെ നൽകണമേ. / ദൈവത്തോടുള്ള സ്നേഹപൂർവമായ ഭക്ത്യാദരത്താൽ നിറയാനും, ഏതെങ്കിലും വിധത്തിൽ അവിടുത്തെ അപ്രീതിപ്പെടുത്തുന്നതിനെ ഭയപ്പെടാനും / ദൈവഭയത്തിന്റെ ആത്മാവിനെ നൽകണമേ. / പ്രിയ കർത്താവേ, / അങ്ങയുടെ യഥാർഥ ശിഷ്യരുടെ അടയാളം എന്നിൽ പതിപ്പിക്കുകയും / എല്ലാ കാര്യങ്ങളിലും അങ്ങയുടെ ആത്മാവിനാൽ എന്നെ ഉത്തേജിപ്പിക്കുകയും ചെയ്യണമേ. / ആമേൻ.
ഒന്നാം ദിവസം പരിശുദ്ധാത്മാവേ! പ്രകാശത്തിന്റെ നാഥനേ! അങ്ങയുടെ നിർമലമായ സ്വർഗീയ ഉന്നതിയിൽനിന്ന്, അങ്ങയുടെ പരിശുദ്ധമായ പ്രകാശകിരണങ്ങൾ ചൊരിയണമേ!
പരിശുദ്ധാത്മാവ്
ഒരേയൊരു കാര്യം മാത്രമാണ് പ്രധാനപ്പെട്ടത് ~ നിത്യരക്ഷ. അതിനാൽ ഒരേയൊരു കാര്യത്തെ മാത്രമേ ഭയപ്പെടേണ്ടതുള്ളൂ ~ പാപത്തെ. അജ്ഞതയുടെയും ബലഹീനതയുടെയും നിസ്സംഗതയുടെയും ഫലമാണ് പാപം. പരിശുദ്ധാത്മാവ് പ്രകാശത്തിന്റെയും ശക്തിയുടെയും സ്നേഹത്തിന്റെയും ആത്മാവാണ്. തന്റെ ഏഴു ദാനങ്ങളാൽ അവിടുന്ന് ബുദ്ധിയെ പ്രകാശിപ്പിക്കുകയും ഇച്ഛാശക്തിയെ ബലപ്പെടുത്തുകയും ഹൃദയത്തിൽ ദൈവസ്നേഹം ജ്വലിപ്പിക്കുകയും ചെയ്യുന്നു. നമ്മുടെ രക്ഷ ഉറപ്പാക്കാൻ നാം ദിവസവും ദൈവാത്മാവിനെ വിളിച്ചപേക്ഷിക്കണം. എന്തെന്നാൽ, “ആത്മാവ് നമ്മുടെ ബലഹീനതയിൽ നമ്മെ സഹായിക്കുന്നു. വേണ്ടവിധം എന്തിനുവേണ്ടി പ്രാർത്ഥിക്കണമെന്ന് നമുക്കറിയില്ല. എന്നാൽ ആത്മാവുതന്നെ നമുക്കുവേണ്ടി അപേക്ഷിക്കുന്നു.”
പ്രാർഥന
സർവശക്തനും നിത്യനുമായ ദൈവമേ, ജലത്താലും പരിശുദ്ധാത്മാവിനാലും ഞങ്ങൾക്ക് പുതുജന്മം നൽകാനും സകല പാപങ്ങളും ക്ഷമിക്കാനും തിരുമനസ്സായ അങ്ങ്, അങ്ങയുടെ ഏഴു ദാനങ്ങളാൽ സമ്പന്നനായ ആത്മാവിനെ സ്വർഗത്തിൽനിന്ന് ഞങ്ങളുടെമേൽ അയയ്ക്കണമേ; ജ്ഞാനത്തിന്റെയും ബുദ്ധിയുടെയും ആത്മാവിനെ, ആലോചനയുടെയും ആത്മധൈര്യത്തിന്റെയും ആത്മാവിനെ, അറിവിന്റെയും ദൈവഭക്തിയുടെയും ആത്മാവിനെ അയയ്ക്കണമേ; ദൈവഭയത്തിന്റെ ആത്മാവിനാൽ ഞങ്ങളെ നിറയ്ക്കണമേ. ആമ്മേൻ.
സ്വർഗസ്ഥനായ പിതാവേ (ഒരിക്കൽ ചൊല്ലുക) നന്മ നിറഞ്ഞ മറിയമേ (ഒരിക്കൽ ചൊല്ലുക) പിതാവിനും പുത്രനും… (7 പ്രാവശ്യം ചൊല്ലുക) സമർപ്പണപ്രാർത്ഥനയും ഏഴു ദാനങ്ങൾക്കായുള്ള പ്രാർത്ഥനയും (ഒരിക്കൽ ചൊല്ലുക)
രണ്ടാം ദിവസം ദരിദ്രരുടെ പിതാവേ, വരണമേ! നിലനിൽക്കുന്ന നിധിയേ, വരണമേ! ജീവിക്കുന്ന സകലരുടെയും പ്രകാശമേ, വരണമേ!
ദൈവഭയമെന്ന ദാനം
ദൈവഭയമെന്ന ദാനം ദൈവത്തോടുള്ള പരമമായ ആദരവിനാൽ നമ്മെ നിറയ്ക്കുന്നു. പാപത്താൽ അവിടുത്തെ വേദനിപ്പിക്കുന്നതിനെക്കാൾ മറ്റൊന്നിനെയും ഭയപ്പെടാതിരിക്കാൻ അതു നമ്മെ പ്രേരിപ്പിക്കുന്നു. നരകത്തെക്കുറിച്ചുള്ള ചിന്തയിൽനിന്നല്ല, മറിച്ച് നമ്മുടെ സ്വർഗീയപിതാവിനോടുള്ള ആദരവിൽനിന്നും മക്കൾക്കടുത്ത വിധേയത്വത്തിൽനിന്നുമാണ് ഈ ഭയം ഉത്ഭവിക്കുന്നത്. ദൈവത്തിൽനിന്ന് നമ്മെ ഏതെങ്കിലും വിധത്തിൽ അകറ്റാവുന്ന ലൗകികസുഖങ്ങളിൽനിന്ന് നമ്മെ വേർപെടുത്തുന്ന ഈ ഭയമാണ് ജ്ഞാനത്തിന്റെ ആരംഭം. “കർത്താവിനെ ഭയപ്പെടുന്നവർ തങ്ങളുടെ ഹൃദയങ്ങളെ ഒരുക്കുകയും അവിടുത്തെ സന്നിധിയിൽ തങ്ങളുടെ ആത്മാക്കളെ വിശുദ്ധീകരിക്കുകയും ചെയ്യും.”
പ്രാർഥന
ദൈവഭയത്തിന്റെ അനുഗൃഹീതാത്മാവേ, വരണമേ; എന്റെ ഹൃദയാന്തരാളത്തിലേക്ക് കടന്നുവരണമേ. എന്റെ കർത്താവും ദൈവവുമായ അങ്ങയെ എപ്പോഴും എന്റെ കൺമുമ്പിൽ നിർത്തുവാൻ എനിക്കു കഴിയട്ടെ. അങ്ങയെ വേദനിപ്പിക്കാവുന്ന സകലതും ഒഴിവാക്കാൻ എന്നെ സഹായിക്കണമേ. പരിശുദ്ധ ത്രിത്വത്തിന്റെ ഐക്യത്തിൽ ദൈവമായി അങ്ങ് എന്നേക്കും ജീവിക്കുകയും വാഴുകയും ചെയ്യുന്ന സ്വർഗത്തിൽ, അങ്ങയുടെ ദിവ്യമഹിമയുടെ നിർമ്മലദൃഷ്ടിക്കുമുമ്പിൽ നിൽക്കാൻ എന്നെ യോഗ്യനാക്കണമേ. ആമ്മേൻ.
സ്വർഗസ്ഥനായ പിതാവേ (ഒരിക്കൽ ചൊല്ലുക) നന്മ നിറഞ്ഞ മറിയമേ (ഒരിക്കൽ ചൊല്ലുക) പിതാവിനും പുത്രനും… (7 പ്രാവശ്യം ചൊല്ലുക) സമർപ്പണപ്രാർത്ഥനയും ഏഴു ദാനങ്ങൾക്കായുള്ള പ്രാർത്ഥനയും (ഒരിക്കൽ ചൊല്ലുക)
മൂന്നാം ദിവസം ആശ്വാസകരിൽ ഏറ്റവും ഉത്തമനായ അങ്ങ്, വ്യാകുലമായ ഹൃദയത്തെ സന്ദർശിച്ച്, നവോന്മേഷമേകുന്ന സമാധാനം നൽകുന്നു.
ദൈവഭക്തിയെന്ന ദാനം
ദൈവഭക്തിയെന്ന ദാനം, നമ്മെ ഏറ്റവുമധികം സ്നേഹിക്കുന്ന പിതാവായ ദൈവത്തോട് മക്കൾക്കടുത്ത സ്നേഹം നമ്മുടെ ഹൃദയങ്ങളിൽ ജനിപ്പിക്കുന്നു. അവിടുത്തേക്കു സമർപ്പിക്കപ്പെട്ട വ്യക്തികളെയും വസ്തുക്കളെയും, അവിടുത്തെ അധികാരം ഭരമേൽപ്പിക്കപ്പെട്ടവരെയും അവിടുത്തെപ്രതി സ്നേഹിക്കാനും ആദരിക്കാനും അതു നമ്മെ പ്രചോദിപ്പിക്കുന്നു: അവിടുത്തെ പരിശുദ്ധ മാതാവിനെയും വിശുദ്ധരെയും, സഭയെയും അതിന്റെ ദൃശ്യതലവനെയും, നമ്മുടെ മാതാപിതാക്കളെയും മേലധികാരികളെയും, നമ്മുടെ രാജ്യത്തെയും അതിന്റെ ഭരണാധികാരികളെയും. ദൈവഭക്തിയെന്ന ദാനത്താൽ നിറഞ്ഞ വ്യക്തിക്ക് മതജീവിതം ഭാരമേറിയ കടമയല്ല, മറിച്ച് ആനന്ദകരമായ ശുശ്രൂഷയാണ്. സ്നേഹമുള്ളിടത്ത് അധ്വാനം ഭാരമാകുന്നില്ല.
പ്രാർഥന
ദൈവഭക്തിയുടെ അനുഗൃഹീതാത്മാവേ, വരണമേ; എന്റെ ഹൃദയത്തെ സ്വന്തമാക്കണമേ. ദൈവത്തിന്റെ ശുശ്രൂഷയിൽമാത്രം ഞാൻ സംതൃപ്തി കണ്ടെത്തുകയും അവിടുത്തെപ്രതി നിയമാനുസൃതമായ എല്ലാ അധികാരങ്ങൾക്കും സ്നേഹപൂർവം വിധേയനാകുകയും ചെയ്യത്തക്കവിധം, ദൈവത്തോടുള്ള സ്നേഹം എന്റെ ഹൃദയത്തിൽ ജ്വലിപ്പിക്കണമേ. ആമ്മേൻ.
സ്വർഗസ്ഥനായ പിതാവേ (ഒരിക്കൽ ചൊല്ലുക) നന്മ നിറഞ്ഞ മറിയമേ (ഒരിക്കൽ ചൊല്ലുക) പിതാവിനും പുത്രനും… (7 പ്രാവശ്യം ചൊല്ലുക) സമർപ്പണപ്രാർത്ഥനയും ഏഴു ദാനങ്ങൾക്കായുള്ള പ്രാർത്ഥനയും (ഒരിക്കൽ ചൊല്ലുക)
നാലാം ദിവസം അധ്വാനത്തിൽ അങ്ങ് മധുരമായ ആശ്വാസമാണ്; ചൂടിൽ സുഖകരമായ കുളിർമയാണ്; ദുഃഖത്തിനിടയിൽ സാന്ത്വനമാണ്.
ആത്മധൈര്യമെന്ന ദാനം
ആത്മധൈര്യമെന്ന ദാനത്താൽ ആത്മാവ് സ്വാഭാവികമായ ഭയത്തെ നേരിടാൻ ശക്തിപ്പെടുകയും കടമനിർവഹണത്തിൽ അവസാനംവരെ താങ്ങപ്പെടുകയും ചെയ്യുന്നു. ഏറ്റവും ദുഷ്കരമായ ജോലികൾ മടികൂടാതെ ഏറ്റെടുക്കാനും അപകടങ്ങളെ നേരിടാനും മറ്റുള്ളവർ എന്തു വിചാരിക്കുമെന്ന ഭയത്തെ ചവിട്ടിമെതിക്കാനും, ജീവിതകാലം മുഴുവൻ നീളുന്ന കഷ്ടതകളുടെ മന്ദഗതിയിലുള്ള രക്തസാക്ഷിത്വംപോലും പരാതിയില്ലാതെ സഹിക്കാനും പ്രേരിപ്പിക്കുന്ന ഉണർവും ഊർജവും ആത്മധൈര്യം ഇച്ഛാശക്തിക്കു നൽകുന്നു. “അവസാനംവരെ സഹിച്ചുനിൽക്കുന്നവൻ രക്ഷിക്കപ്പെടും.”
പ്രാർഥന
ആത്മധൈര്യത്തിന്റെ അനുഗൃഹീതാത്മാവേ, വരണമേ; കഷ്ടതയുടെയും പ്രതികൂലതയുടെയും സമയത്ത് എന്റെ ആത്മാവിനെ താങ്ങണമേ. വിശുദ്ധിക്കായുള്ള എന്റെ പരിശ്രമങ്ങളെ നിലനിർത്തണമേ; എന്റെ ബലഹീനതയെ ശക്തിപ്പെടുത്തണമേ; എന്റെ ശത്രുക്കളുടെ എല്ലാ ആക്രമണങ്ങളെയും നേരിടാൻ എനിക്കു ധൈര്യം നൽകണമേ. അങ്ങനെ ഞാൻ ഒരിക്കലും പരാജയപ്പെടുകയും എന്റെ ദൈവവും പരമനന്മയുമായ അങ്ങയിൽനിന്ന് വേർപെടുകയും ചെയ്യാതിരിക്കട്ടെ. ആമ്മേൻ.
സ്വർഗസ്ഥനായ പിതാവേ (ഒരിക്കൽ ചൊല്ലുക) നന്മ നിറഞ്ഞ മറിയമേ (ഒരിക്കൽ ചൊല്ലുക) പിതാവിനും പുത്രനും… (7 പ്രാവശ്യം ചൊല്ലുക) സമർപ്പണപ്രാർത്ഥനയും ഏഴു ദാനങ്ങൾക്കായുള്ള പ്രാർത്ഥനയും (ഒരിക്കൽ ചൊല്ലുക)
അഞ്ചാം ദിവസം അനശ്വരപ്രകാശമേ! ദിവ്യപ്രകാശമേ! അങ്ങയുടെ സ്വന്തമായ ഈ ഹൃദയങ്ങളെ സന്ദർശിക്കണമേ, ഞങ്ങളുടെ അന്തരംഗം നിറയ്ക്കണമേ!
അറിവെന്ന ദാനം
അറിവെന്ന ദാനം സൃഷ്ടവസ്തുക്കളെ അവയുടെ യഥാർത്ഥ മൂല്യമനുസരിച്ച് ~ ദൈവവുമായുള്ള അവയുടെ ബന്ധത്തിൽ ~ വിലയിരുത്താൻ ആത്മാവിനെ പ്രാപ്തമാക്കുന്നു. അറിവ് സൃഷ്ടവസ്തുക്കളുടെ പൊയ്മുഖം നീക്കുകയും അവയുടെ ശൂന്യത വെളിപ്പെടുത്തുകയും ദൈവശുശ്രൂഷയ്ക്കുള്ള ഉപകരണങ്ങളായിരിക്കുക എന്നതാണ് അവയുടെ ഏക യഥാർത്ഥ ലക്ഷ്യമെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. പ്രതികൂലതകളിൽപ്പോലും ദൈവത്തിന്റെ സ്നേഹപൂർവമായ പരിപാലനം അതു നമുക്കു കാണിച്ചുതരുകയും ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും അവിടുത്തെ മഹത്വപ്പെടുത്താൻ നമ്മെ നയിക്കുകയും ചെയ്യുന്നു. അതിന്റെ പ്രകാശത്താൽ നയിക്കപ്പെടുമ്പോൾ നാം പ്രഥമസ്ഥാനം അർഹിക്കുന്നവയ്ക്ക് പ്രഥമസ്ഥാനം നൽകുകയും മറ്റെല്ലാറ്റിനെക്കാളും ദൈവവുമായുള്ള സൗഹൃദത്തെ വിലമതിക്കുകയും ചെയ്യുന്നു. “അറിവ് അതുള്ളവന് ജീവന്റെ ഉറവയാണ്.”
പ്രാർഥന
അറിവിന്റെ അനുഗൃഹീതാത്മാവേ, വരണമേ; പിതാവിന്റെ തിരുവിഷ്ടം ഗ്രഹിക്കാൻ എനിക്കു കൃപ നൽകണമേ. ഭൗമികവസ്തുക്കളുടെ നിസ്സാരത എനിക്കു കാണിച്ചുതരണമേ. അങ്ങനെ അവയുടെ വ്യർത്ഥത തിരിച്ചറിഞ്ഞ്, അവയ്ക്കപ്പുറം അങ്ങയിലേക്കും അങ്ങയുടെ നിത്യപ്രതിഫലങ്ങളിലേക്കും സദാ ദൃഷ്ടിയുറപ്പിച്ചുകൊണ്ട്, അങ്ങയുടെ മഹത്വത്തിനും എന്റെ രക്ഷയ്ക്കുംവേണ്ടിമാത്രം ഞാൻ അവ ഉപയോഗിക്കട്ടെ. ആമ്മേൻ.
സ്വർഗസ്ഥനായ പിതാവേ (ഒരിക്കൽ ചൊല്ലുക) നന്മ നിറഞ്ഞ മറിയമേ (ഒരിക്കൽ ചൊല്ലുക) പിതാവിനും പുത്രനും… (7 പ്രാവശ്യം ചൊല്ലുക) സമർപ്പണപ്രാർത്ഥനയും ഏഴു ദാനങ്ങൾക്കായുള്ള പ്രാർത്ഥനയും (ഒരിക്കൽ ചൊല്ലുക)
ആറാം ദിവസം അങ്ങയുടെ കൃപ പിൻവലിച്ചാൽ, മനുഷ്യനിൽ നിർമലമായതൊന്നും നിലനിൽക്കില്ല, അവനിലെ നന്മയെല്ലാം തിന്മയായി മാറും.
ബുദ്ധി എന്ന ദാനം
പരിശുദ്ധാത്മാവിന്റെ ദാനമായ ബുദ്ധി, നമ്മുടെ വിശുദ്ധ മതത്തിലെ സത്യങ്ങളുടെ അർഥം ഗ്രഹിക്കാൻ നമ്മെ സഹായിക്കുന്നു. വിശ്വാസത്താൽ നാം അവയെ അറിയുന്നു; എന്നാൽ ബുദ്ധിയെന്ന ദാനത്താൽ അവയുടെ മൂല്യം തിരിച്ചറിയാനും അവ ആസ്വദിക്കാനും നാം പഠിക്കുന്നു. വെളിപ്പെടുത്തപ്പെട്ട സത്യങ്ങളുടെ ആന്തരികാർഥത്തിലേക്കു കടക്കാനും അവയിലൂടെ നവജീവനിലേക്കു ഉണരാനും ഈ ദാനം നമ്മെ പ്രാപ്തരാക്കുന്നു. നമ്മുടെ വിശ്വാസം ഫലശൂന്യവും നിഷ്ക്രിയവുമായി തുടരാതെ, നമ്മിലുള്ള വിശ്വാസത്തിനു വ്യക്തമായ സാക്ഷ്യം നൽകുന്ന ഒരു ജീവിതരീതിക്കു പ്രചോദനമാകുന്നു; നാം “ദൈവത്തിനു യോഗ്യരായി, എല്ലാ കാര്യങ്ങളിലും അവിടുത്തേക്കു പ്രീതികരമായി ജീവിക്കാനും ദൈവത്തെക്കുറിച്ചുള്ള അറിവിൽ വളരാനും” തുടങ്ങുന്നു.
പ്രാർഥന
ബുദ്ധിയുടെ ആത്മാവേ, വരണമേ; രക്ഷയുടെ എല്ലാ രഹസ്യങ്ങളും അറിയാനും വിശ്വസിക്കാനും കഴിയേണ്ടതിന് ഞങ്ങളുടെ മനസ്സുകളെ പ്രകാശിപ്പിക്കണമേ. ഒടുവിൽ അങ്ങയുടെ പ്രകാശത്തിൽ നിത്യപ്രകാശം കാണാനും, മഹത്ത്വത്തിന്റെ പ്രകാശത്തിൽ അങ്ങയെയും പിതാവിനെയും പുത്രനെയും വ്യക്തമായി ദർശിക്കാനും ഞങ്ങൾ യോഗ്യരാകട്ടെ. ആമേൻ.
സ്വർഗസ്ഥനായ പിതാവേ (ഒരിക്കൽ ചൊല്ലുക) നന്മ നിറഞ്ഞ മറിയമേ (ഒരിക്കൽ ചൊല്ലുക) പിതാവിനും പുത്രനും… (7 പ്രാവശ്യം ചൊല്ലുക) സമർപ്പണപ്രാർത്ഥനയും ഏഴു ദാനങ്ങൾക്കായുള്ള പ്രാർത്ഥനയും (ഒരിക്കൽ ചൊല്ലുക)
ഏഴാം ദിവസം ഞങ്ങളുടെ മുറിവുകൾ സുഖപ്പെടുത്തണമേ ~ ഞങ്ങളുടെ ശക്തി പുതുക്കണമേ; ഞങ്ങളുടെ വരൾച്ചയിൽ അങ്ങയുടെ മഞ്ഞുതുള്ളികൾ പൊഴിക്കണമേ! പാപക്കറകൾ കഴുകിക്കളയണമേ!
ആലോചനയെന്ന ദാനം
ആലോചനയെന്ന ദാനം ആത്മാവിന് അമാനുഷികമായ വിവേകം നൽകുന്നു. പ്രത്യേകിച്ച് പ്രയാസകരമായ സാഹചര്യങ്ങളിൽ എന്തു ചെയ്യണമെന്ന് വേഗത്തിലും ശരിയായും തീരുമാനിക്കാൻ അത് ആത്മാവിനെ പ്രാപ്തമാക്കുന്നു. മാതാപിതാക്കൾ, അധ്യാപകർ, പൊതുസേവകർ, ക്രൈസ്തവ പൗരന്മാർ എന്നീ നിലകളിൽ അനുദിന കർത്തവ്യങ്ങൾ നിർവഹിക്കുമ്പോൾ നാം നേരിടുന്ന എണ്ണമറ്റ യഥാർഥ സാഹചര്യങ്ങളിൽ, അറിവും ബുദ്ധിയും നൽകുന്ന തത്ത്വങ്ങൾ പ്രയോഗിക്കാൻ ആലോചന സഹായിക്കുന്നു. ആലോചന അമാനുഷികമായ സാമാന്യബോധമാണ്; രക്ഷ തേടിയുള്ള യാത്രയിൽ അമൂല്യമായ ഒരു നിധിയും. “ഇവയ്ക്കെല്ലാമുപരിയായി, അത്യുന്നതൻ നിന്റെ വഴിയെ സത്യത്തിൽ നയിക്കേണ്ടതിന് അവിടുത്തോടു പ്രാർഥിക്കുക.”
പ്രാർഥന
ആലോചനയുടെ ആത്മാവേ, വരണമേ; അങ്ങയുടെ വിശുദ്ധ ഹിതം എപ്പോഴും നിറവേറ്റാൻ കഴിയേണ്ടതിന് എന്റെ എല്ലാ വഴികളിലും എന്നെ സഹായിക്കുകയും നയിക്കുകയും ചെയ്യണമേ. നന്മയിലേക്കു എന്റെ ഹൃദയം ചായിക്കണമേ; എല്ലാ തിന്മകളിൽനിന്നും അതിനെ പിന്തിരിപ്പിക്കുകയും, ഞാൻ കൊതിക്കുന്ന നിത്യജീവനെന്ന ലക്ഷ്യത്തിലേക്ക് അങ്ങയുടെ കൽപനകളുടെ നേരായ പാതയിലൂടെ എന്നെ നയിക്കുകയും ചെയ്യണമേ. ആമേൻ.
സ്വർഗസ്ഥനായ പിതാവേ (ഒരിക്കൽ ചൊല്ലുക) നന്മ നിറഞ്ഞ മറിയമേ (ഒരിക്കൽ ചൊല്ലുക) പിതാവിനും പുത്രനും… (7 പ്രാവശ്യം ചൊല്ലുക) സമർപ്പണപ്രാർത്ഥനയും ഏഴു ദാനങ്ങൾക്കായുള്ള പ്രാർത്ഥനയും (ഒരിക്കൽ ചൊല്ലുക)
എട്ടാം ദിവസം ദുശ്ശാഠ്യമുള്ള ഹൃദയവും ഇച്ഛയും വഴങ്ങുമാറാക്കണമേ; മരവിച്ചതിനെ ഉരുക്കി, തണുത്തതിനെ ചൂടാക്കണമേ; വഴിതെറ്റുന്ന കാൽവയ്പുകളെ നയിക്കണമേ!
ജ്ഞാനമെന്ന ദാനം
ഉപവി മറ്റെല്ലാ പുണ്യങ്ങളെയും ഉൾക്കൊള്ളുന്നതുപോലെ, മറ്റെല്ലാ ദാനങ്ങളെയും ഉൾക്കൊള്ളുന്ന ജ്ഞാനം ദാനങ്ങളിൽ ഏറ്റവും പരിപൂർണമാണ്. ജ്ഞാനത്തെക്കുറിച്ച് ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: “അവളോടൊപ്പം എല്ലാ നന്മകളും എനിക്കു ലഭിച്ചു; അവളുടെ കൈകളിലൂടെ എണ്ണമറ്റ സമ്പത്തുകളും.” ജ്ഞാനമെന്ന ദാനമാണ് നമ്മുടെ വിശ്വാസത്തെ ബലപ്പെടുത്തുന്നതും പ്രത്യാശയെ ദൃഢമാക്കുന്നതും ഉപവിയെ പരിപൂർണമാക്കുന്നതും പുണ്യജീവിതത്തെ അത്യുന്നതമായ നിലയിലേക്കു വളർത്തുന്നതും. ദൈവികകാര്യങ്ങൾ വിവേചിച്ചറിയാനും ആസ്വദിക്കാനും ജ്ഞാനം മനസ്സിനെ പ്രകാശിപ്പിക്കുന്നു. അവയുടെ മൂല്യം തിരിച്ചറിയുമ്പോൾ ഭൗമിക സന്തോഷങ്ങൾക്ക് അവയുടെ രുചി നഷ്ടപ്പെടുന്നു; എന്നാൽ ക്രിസ്തുവിന്റെ കുരിശ് ദൈവികമായ മാധുര്യം നൽകുന്നു. രക്ഷകന്റെ വാക്കുകൾ ഇതു വ്യക്തമാക്കുന്നു: “നിന്റെ കുരിശെടുത്ത് എന്നെ അനുഗമിക്കുക; എന്തെന്നാൽ എന്റെ നുകം മധുരമുള്ളതും എന്റെ ഭാരം ലഘുവുമാണ്.”
പ്രാർഥന
ജ്ഞാനത്തിന്റെ ആത്മാവേ, വരണമേ; സ്വർഗീയ കാര്യങ്ങളുടെ രഹസ്യങ്ങളും അവയുടെ അതിമഹത്തായ ശ്രേഷ്ഠതയും ശക്തിയും സൗന്ദര്യവും എന്റെ ആത്മാവിനു വെളിപ്പെടുത്തണമേ. ഭൂമിയിലെ കടന്നുപോകുന്ന എല്ലാ സന്തോഷങ്ങൾക്കും സംതൃപ്തികൾക്കും ഉപരിയായി അവയെ സ്നേഹിക്കാൻ എന്നെ പഠിപ്പിക്കണമേ. അവ പ്രാപിക്കാനും എന്നേക്കും സ്വന്തമാക്കാനും എന്നെ സഹായിക്കണമേ. ആമേൻ.
സ്വർഗസ്ഥനായ പിതാവേ (ഒരിക്കൽ ചൊല്ലുക) നന്മ നിറഞ്ഞ മറിയമേ (ഒരിക്കൽ ചൊല്ലുക) പിതാവിനും പുത്രനും… (7 പ്രാവശ്യം ചൊല്ലുക) സമർപ്പണപ്രാർത്ഥനയും ഏഴു ദാനങ്ങൾക്കായുള്ള പ്രാർത്ഥനയും (ഒരിക്കൽ ചൊല്ലുക)
ഒൻപതാം ദിവസം എന്നെന്നും അങ്ങയെ ഏറ്റുപറയുകയും അങ്ങയെ ആരാധിക്കുകയും ചെയ്യുന്നവരുടെമേൽ, അങ്ങയുടെ ഏഴു ദാനങ്ങളോടെ ഇറങ്ങിവരണമേ:
മരണവേളയിൽ അവർക്ക് ആശ്വാസം നൽകണമേ; ഉന്നതങ്ങളിൽ അങ്ങയോടൊത്തുള്ള ജീവൻ നൽകണമേ; ഒരിക്കലും അവസാനിക്കാത്ത ആനന്ദങ്ങൾ നൽകണമേ. ആമേൻ.
പരിശുദ്ധാത്മാവിന്റെ ഫലങ്ങൾ
ദൈവിക പ്രചോദനത്തിനു കൂടുതൽ വിധേയത്വത്തോടെ അമാനുഷിക പുണ്യങ്ങൾ അഭ്യസിക്കാൻ നമ്മെ പ്രാപ്തരാക്കിക്കൊണ്ട് പരിശുദ്ധാത്മാവിന്റെ ദാനങ്ങൾ അവയെ പരിപൂർണമാക്കുന്നു. പരിശുദ്ധാത്മാവിന്റെ മാർഗദർശനത്തിൽ ദൈവത്തെക്കുറിച്ചുള്ള അറിവിലും അവിടുത്തോടുള്ള സ്നേഹത്തിലും നാം വളരുമ്പോൾ, നമ്മുടെ ശുശ്രൂഷ കൂടുതൽ ആത്മാർഥവും ഉദാരവുമാകുന്നു; പുണ്യങ്ങളുടെ അഭ്യസനം കൂടുതൽ പരിപൂർണമാകുന്നു. ഇത്തരം പുണ്യപ്രവൃത്തികൾ ഹൃദയത്തെ സന്തോഷവും ആശ്വാസവുംകൊണ്ടു നിറയ്ക്കുന്നു; അവ പരിശുദ്ധാത്മാവിന്റെ ഫലങ്ങൾ എന്നറിയപ്പെടുന്നു. ഈ ഫലങ്ങളാകട്ടെ, പുണ്യങ്ങളുടെ അഭ്യസനം കൂടുതൽ ആകർഷകമാക്കുകയും ദൈവശുശ്രൂഷയിൽ ഇനിയും കൂടുതൽ പരിശ്രമിക്കാനുള്ള ശക്തമായ പ്രചോദനമാകുകയും ചെയ്യുന്നു. ദൈവത്തെ സേവിക്കുക എന്നത് വാഴുക എന്നതുതന്നെയാണ്.
പ്രാർഥന
ദൈവികാത്മാവേ, വരണമേ; ഉപവി, സന്തോഷം, സമാധാനം, ക്ഷമ, ദീർഘക്ഷമ, ദയ, നന്മ, വിശ്വാസം, സൗമ്യത, വിനയം, ആത്മസംയമനം, ശുദ്ധത എന്നീ അങ്ങയുടെ സ്വർഗീയ ഫലങ്ങളാൽ എന്റെ ഹൃദയം നിറയ്ക്കണമേ. അങ്ങനെ, ദൈവശുശ്രൂഷയിൽ ഞാൻ ഒരിക്കലും മടുത്തുപോകാതെ, അങ്ങയുടെ പ്രചോദനത്തിനു വിശ്വസ്തതയോടെ നിരന്തരം വിധേയനായി, പിതാവിന്റെയും പുത്രന്റെയും സ്നേഹത്തിൽ അങ്ങയോടു നിത്യമായി ഐക്യപ്പെടാൻ യോഗ്യനാകട്ടെ. ആമേൻ.
സ്വർഗസ്ഥനായ പിതാവേ (ഒരിക്കൽ ചൊല്ലുക) നന്മ നിറഞ്ഞ മറിയമേ (ഒരിക്കൽ ചൊല്ലുക) പിതാവിനും പുത്രനും… (7 പ്രാവശ്യം ചൊല്ലുക) സമർപ്പണപ്രാർത്ഥനയും ഏഴു ദാനങ്ങൾക്കായുള്ള പ്രാർത്ഥനയും (ഒരിക്കൽ ചൊല്ലുക)
ഈ നൊവേനയ്ക്ക് വാഷിങ്ടൺ ആർച്ചുബിഷപ്പായ +പാട്രിക് എ. ഒ’ബോയിൽ 1948 മാർച്ച് 12-ന് അച്ചടിക്കുള്ള സഭാനുമതി നൽകി.
ഈ സൈറ്റ് ശരിയായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാനും ഞങ്ങളുടെ ധ്യാനവിചാരങ്ങൾ സമൂഹത്തിന് എങ്ങനെ പ്രയോജനപ്പെടുന്നുവെന്ന് മനസ്സിലാക്കാനും ഏറ്റവും കുറച്ച് കുക്കികൾ മാത്രമാണ് ഉപയോഗിക്കുന്നത്. നിങ്ങളുടെ ഡാറ്റ ഞങ്ങൾ വിൽക്കുകയോ മൂന്നാം കക്ഷി പരസ്യദാതാക്കളുമായി വ്യക്തിഗത വിവരങ്ങൾ പങ്കിടുകയോ ചെയ്യുന്നില്ല. കൂടുതൽ അറിയാൻ ഞങ്ങളുടെ സ്വകാര്യതയും കുക്കികളും സംബന്ധിച്ച നയം വായിക്കുക.
പ്രവർത്തനപരം എപ്പോഴും സജീവം
വെബ്സൈറ്റ് ശരിയായി പ്രവർത്തിക്കാൻ ഈ കുക്കികൾ തികച്ചും അനിവാര്യമാണ്. ദൈനംദിന ധ്യാനചിന്തകൾ വേഗത്തിൽ ലോഡ് ചെയ്യപ്പെടുന്നുവെന്നും നിങ്ങൾ വായിക്കുമ്പോൾ സൈറ്റ് സുരക്ഷിതമായി തുടരുന്നുവെന്നും ഇവ ഉറപ്പാക്കുന്നു.
മുൻഗണനകൾ
അക്ഷരവലുപ്പം, ഭാഷാ മുൻഗണനകൾ തുടങ്ങിയ നിങ്ങൾ തിരഞ്ഞെടുക്കുന്ന ലളിതമായ ക്രമീകരണങ്ങൾ ഈ കുക്കികൾ ഓർത്തുവയ്ക്കുന്നു. അതിനാൽ ഓരോ തവണയും നിങ്ങൾ മടങ്ങിവരുമ്പോൾ സൈറ്റ് ഒരേ രീതിയിൽ അനുഭവപ്പെടുന്നു.
സ്ഥിതിവിവരക്കണക്കുകൾ
സ്ഥിതിവിവരക്കണക്കുകൾക്കായി മാത്രം ഉപയോഗിക്കുന്ന സാങ്കേതിക സംഭരണമോ പ്രവേശനമോ.ഏതൊക്കെ ധ്യാനചിന്തകളാണ് ഞങ്ങളുടെ വായനക്കാർക്ക് ഏറ്റവും സഹായകരമെന്ന് മനസ്സിലാക്കാൻ, വ്യക്തിയെ തിരിച്ചറിയാത്ത ഉപകരണങ്ങൾ (Google Analytics പോലുള്ളവ) ഞങ്ങൾ ഉപയോഗിക്കുന്നു. ഈ വിവരങ്ങൾ സംഗ്രഹിച്ചാണ് ഉപയോഗിക്കുന്നത്; ഇവ നിങ്ങളെ വ്യക്തിപരമായി തിരിച്ചറിയുന്നില്ല.
വിപണനം
സുവിശേഷം പങ്കുവയ്ക്കാനും ഞങ്ങളുടെ ദൗത്യം നിർവഹിക്കാനും സഹായിക്കുന്നതിന് പരിമിതമായ മൂന്നാംകക്ഷി ഉപകരണങ്ങൾ ഞങ്ങൾ ഉപയോഗിക്കുന്നു. വാർത്താക്കുറിപ്പുകൾ, വീഡിയോകൾ, സാമൂഹികമാധ്യമങ്ങളിൽ പങ്കുവയ്ക്കൽ എന്നിവയ്ക്കുള്ള സേവനങ്ങൾ ഇതിൽ ഉൾപ്പെട്ടേക്കാം. നിങ്ങളുടെ വിവരങ്ങൾ ഞങ്ങൾ ഒരിക്കലും പരസ്യദാതാക്കൾക്ക് വിൽക്കില്ല.
ഈ സൈറ്റ് ഏറ്റവും കുറച്ച് കുക്കികളും സമാന സാങ്കേതികവിദ്യകളും മാത്രമാണ് ഉപയോഗിക്കുന്നത്. നിങ്ങളുടെ ഡാറ്റ ഞങ്ങൾ വിൽക്കുകയോ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ പങ്കിടുകയോ ചെയ്യുന്നില്ല. ഈ സൈറ്റ് തുടർന്നും ഉപയോഗിക്കുന്നതിലൂടെ, ഈ ഉപയോഗം നിങ്ങൾ അംഗീകരിക്കുന്നു. കൂടുതൽ അറിയാനും നിങ്ങളുടെ സമ്മതം നിയന്ത്രിക്കാനും ഞങ്ങളുടെ സ്വകാര്യത & കുക്കി നയം സന്ദർശിക്കാവുന്നതാണ്.
പ്രവർത്തനപരം എപ്പോഴും സജീവം
വെബ്സൈറ്റ് ശരിയായി പ്രവർത്തിക്കാൻ ഈ കുക്കികൾ തികച്ചും അനിവാര്യമാണ്. ദൈനംദിന ധ്യാനചിന്തകൾ വേഗത്തിൽ ലോഡ് ചെയ്യപ്പെടുന്നുവെന്നും നിങ്ങൾ വായിക്കുമ്പോൾ സൈറ്റ് സുരക്ഷിതമായി തുടരുന്നുവെന്നും ഇവ ഉറപ്പാക്കുന്നു.
മുൻഗണനകൾ
അക്ഷരവലുപ്പം, ഭാഷാ മുൻഗണനകൾ തുടങ്ങിയ നിങ്ങൾ തിരഞ്ഞെടുക്കുന്ന ലളിതമായ ക്രമീകരണങ്ങൾ ഈ കുക്കികൾ ഓർത്തുവയ്ക്കുന്നു. അതിനാൽ ഓരോ തവണയും നിങ്ങൾ മടങ്ങിവരുമ്പോൾ സൈറ്റ് ഒരേ രീതിയിൽ അനുഭവപ്പെടുന്നു.
സ്ഥിതിവിവരക്കണക്കുകൾ
സ്ഥിതിവിവരക്കണക്കുകൾക്കായി മാത്രം ഉപയോഗിക്കുന്ന സാങ്കേതിക സംഭരണമോ പ്രവേശനമോ.ഏതൊക്കെ ധ്യാനചിന്തകളാണ് ഞങ്ങളുടെ വായനക്കാർക്ക് ഏറ്റവും സഹായകരമെന്ന് മനസ്സിലാക്കാൻ, വ്യക്തിയെ തിരിച്ചറിയാത്ത ഉപകരണങ്ങൾ (Google Analytics പോലുള്ളവ) ഞങ്ങൾ ഉപയോഗിക്കുന്നു. ഈ വിവരങ്ങൾ സംഗ്രഹിച്ചാണ് ഉപയോഗിക്കുന്നത്; ഇവ നിങ്ങളെ വ്യക്തിപരമായി തിരിച്ചറിയുന്നില്ല.
വിപണനം
സുവിശേഷം പങ്കുവയ്ക്കാനും ഞങ്ങളുടെ ദൗത്യം നിർവഹിക്കാനും സഹായിക്കുന്നതിന് പരിമിതമായ മൂന്നാംകക്ഷി ഉപകരണങ്ങൾ ഞങ്ങൾ ഉപയോഗിക്കുന്നു. വാർത്താക്കുറിപ്പുകൾ, വീഡിയോകൾ, സാമൂഹികമാധ്യമങ്ങളിൽ പങ്കുവയ്ക്കൽ എന്നിവയ്ക്കുള്ള സേവനങ്ങൾ ഇതിൽ ഉൾപ്പെട്ടേക്കാം. നിങ്ങളുടെ വിവരങ്ങൾ ഞങ്ങൾ ഒരിക്കലും പരസ്യദാതാക്കൾക്ക് വിൽക്കില്ല.