
യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു
കരുണയുടെ വർഷത്തിനായി ഫ്രാൻസിസ് മാർപാപ്പ രചിച്ച പ്രാർഥന
കർത്താവായ യേശുക്രിസ്തുവേ, സ്വർഗസ്ഥനായ പിതാവിനെപ്പോലെ കരുണയുള്ളവരായിരിക്കാൻ അങ്ങ് ഞങ്ങളെ പഠിപ്പിക്കുകയും അങ്ങയെ കാണുന്നവൻ പിതാവിനെ കാണുന്നുവെന്ന് ഞങ്ങളോടു പറയുകയും ചെയ്തുവല്ലോ. അങ്ങയുടെ മുഖം ഞങ്ങൾക്കു കാണിച്ചുതരണമേ; അപ്പോൾ ഞങ്ങൾ രക്ഷിക്കപ്പെടും.
അങ്ങയുടെ സ്നേഹനിർഭരമായ നോട്ടം സക്കേവൂസിനെയും മത്തായിയെയും പണത്തിന്റെ അടിമത്തത്തിൽനിന്നു മോചിപ്പിച്ചു;
വ്യഭിചാരിണിയെയും മഗ്ദലനയെയും സൃഷ്ടവസ്തുക്കളിൽ മാത്രം സന്തോഷം തേടുന്നതിൽനിന്നു മോചിപ്പിച്ചു;
പത്രോസിനെ, അങ്ങയെ തള്ളിപ്പറഞ്ഞതിനുശേഷം, കരയിച്ചു;
പശ്ചാത്തപിച്ച കള്ളന് പറുദീസ ഉറപ്പുനൽകി.
സമരിയാക്കാരിയോടു പറഞ്ഞ വാക്കുകൾ ഞങ്ങളിൽ ഓരോരുത്തരോടും പറയുന്നതുപോലെ കേൾക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ: “ദൈവത്തിന്റെ ദാനം നീ അറിഞ്ഞിരുന്നെങ്കിൽ!”
അദൃശ്യനായ പിതാവിന്റെ, എല്ലാറ്റിനുമുപരി ക്ഷമയിലൂടെയും കരുണയിലൂടെയും തന്റെ ശക്തി വെളിപ്പെടുത്തുന്ന ദൈവത്തിന്റെ, ദൃശ്യമായ മുഖമാണ് അങ്ങ്. ഉത്ഥിതനും മഹത്വീകരിക്കപ്പെട്ടവനുമായ തന്റെ കർത്താവായ അങ്ങയുടെ ദൃശ്യമായ മുഖമായി സഭ ലോകത്തിൽ നിലകൊള്ളട്ടെ.
അജ്ഞതയിലും തെറ്റിലും കഴിയുന്നവരോടു സഹതാപം തോന്നേണ്ടതിന് അങ്ങയുടെ ശുശ്രൂഷകരും ബലഹീനതയുള്ളവരായിരിക്കണമെന്ന് അങ്ങ് തിരുമനസ്സായി. അവരെ സമീപിക്കുന്ന ഓരോരുത്തർക്കും ദൈവം തങ്ങളെ തേടിവരുന്നുവെന്നും സ്നേഹിക്കുന്നുവെന്നും ക്ഷമിക്കുന്നുവെന്നും അനുഭവപ്പെടട്ടെ.
അങ്ങയുടെ ആത്മാവിനെ അയച്ച് അവിടുത്തെ അഭിഷേകത്താൽ ഞങ്ങളിൽ ഓരോരുത്തരെയും വിശുദ്ധീകരിക്കണമേ. അങ്ങനെ കരുണയുടെ ജൂബിലി കർത്താവിൽനിന്നുള്ള കൃപയുടെ വർഷമാകട്ടെ; അങ്ങയുടെ സഭ നവോന്മേഷത്തോടെ ദരിദ്രർക്കു സുവിശേഷം അറിയിക്കുകയും ബന്ദികൾക്കും അടിച്ചമർത്തപ്പെട്ടവർക്കും മോചനം പ്രഖ്യാപിക്കുകയും അന്ധർക്കു കാഴ്ച തിരികെ നൽകുകയും ചെയ്യട്ടെ.
പിതാവിനോടും പരിശുദ്ധാത്മാവിനോടുംകൂടെ എന്നേക്കും ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങയോടു കരുണയുടെ മാതാവായ മറിയത്തിന്റെ മാധ്യസ്ഥ്യത്തിലൂടെ ഞങ്ങൾ ഇതു യാചിക്കുന്നു.
ആമ്മേൻ.
ഇതും കാണുക: ദൈവകരുണയെക്കുറിച്ചുള്ള അനുദിന ധ്യാനചിന്തകൾ