
എന്റെ മുമ്പിലുള്ള രൂപങ്ങളിൽ യഥാർഥമായി സന്നിഹിതനായിരിക്കുന്ന, മറഞ്ഞിരിക്കുന്ന ദൈവമേ, ഭക്തിയോടെ ഞാൻ അങ്ങയെ ആരാധിക്കുന്നു; അങ്ങയെ ധ്യാനിച്ചറിയാൻ തീർത്തും അശക്തനായ ഞാൻ, മുട്ടുകുത്തി എന്റെ ഹൃദയം അങ്ങയുടെ മുമ്പിൽ നമിക്കുന്നു.
നിത്യനായ ഇടയനേ, ഈശോയേ! ഞങ്ങളുടെ നിലവിളി കേൾക്കണമേ; ആത്മാവിൽ അങ്ങയെ ആശ്രയിക്കുന്ന എല്ലാവരുടെയും വിശ്വാസം വർധിപ്പിക്കണമേ.
കാഴ്ചയും സ്പർശവും രുചിയും അങ്ങയെ തിരിച്ചറിയുന്നതിൽ തെറ്റിപ്പോകുന്നു; കേൾവിയെ മാത്രമേ തികച്ചും ഉറപ്പോടെ വിശ്വസിക്കാനാകൂ: ദൈവപുത്രൻ അരുളിച്ചെയ്തതെല്ലാം ഞാൻ വിശ്വസിക്കുന്നു; സത്യംതന്നെയായവന്റെ വചനത്തെക്കാൾ സത്യമായ മറ്റൊരു സാക്ഷ്യവുമില്ല.
കുരിശിൽ ദൈവത്വം മാത്രമേ ദൃഷ്ടിയിൽനിന്നു മറഞ്ഞിരുന്നുള്ളൂ; എന്നാൽ ഇവിടെ മനുഷ്യത്വവും അതോടൊപ്പം മറഞ്ഞിരിക്കുന്നു; ഇവ രണ്ടിലുമുള്ള എന്റെ വിശ്വാസം ഏറ്റുപറഞ്ഞുകൊണ്ട്, അനുതപിച്ച കള്ളൻ അർപ്പിച്ച അതേ പ്രാർഥന ഞാൻ അർപ്പിക്കുന്നു.
തോമാശ്ലീഹാ കണ്ടതുപോലെ അങ്ങയുടെ മുറിവുകൾ ഞാൻ കാണുന്നില്ല; എങ്കിലും അങ്ങ് എന്റെ കർത്താവും എന്റെ ദൈവവുമാണെന്ന് ഞാൻ ഏറ്റുപറയുന്നു; അങ്ങയിലുള്ള എന്റെ വിശ്വാസം അനുദിനം വർധിപ്പിക്കണമേ; എന്റെ പ്രത്യാശയും സ്നേഹവും അങ്ങയിൽ നിക്ഷേപിക്കുവാൻ എന്നെ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കർത്താവിന്റെ മരണത്തിന്റെ സ്മാരകമേ! മർത്യർക്കു ജീവൻ നൽകുന്ന ജീവനുള്ള അപ്പമേ! ഇനിമുതൽ അങ്ങയെ ആശ്രയിച്ചു ജീവിക്കാൻ എന്റെ ആത്മാവിനെ പ്രാപ്തമാക്കണമേ; സ്വർഗീയ മാധുര്യം സദാ ആസ്വദിക്കാൻ അനുഗ്രഹിക്കണമേ.
സ്നേഹനിധിയായ പെലിക്കനേ! കർത്താവായ ഈശോയേ! ഞാൻ അശുദ്ധനാണ്; എങ്കിലും അങ്ങയുടെ തിരുരക്തത്താൽ എന്നെ ശുദ്ധീകരിക്കണമേ! പാപികൾക്കുവേണ്ടി ചിന്തിയ ആ തിരുരക്തത്തിന്റെ ഒരു തുള്ളിക്കുപോലും ലോകം മുഴുവന്റെയും സകല പാപക്കുറ്റങ്ങളും നീക്കാൻ കഴിയും.
ഇപ്പോൾ മറയ്ക്കുള്ളിൽ ഞാൻ കാണുന്ന ഈശോയേ, ഞാൻ ഇത്രയേറെ ദാഹിക്കുന്നതു എനിക്കു നൽകണമേ; മറനീങ്ങിയ അങ്ങയുടെ തിരുമുഖം ഞാൻ കാണുകയും അങ്ങയുടെ മഹത്ത്വം ദർശിച്ച് അനുഗൃഹീതനാകുകയും ചെയ്യുമാറാകട്ടെ.
ആമ്മേൻ.
വിശുദ്ധ തോമസ് അക്വിനാസ് രചിച്ചത്