മലയാളം

ചോ. വിശുദ്ധ കുർബാനയ്ക്ക് വരുന്നത്

ചോ. എന്റെ അയൽക്കാരിക്ക് രണ്ടു ചെറിയ കുട്ടികളുണ്ട്. അവരും ഭർത്താവും (അദ്ദേഹം കത്തോലിക്കനല്ല) കുട്ടികളെ മതബോധന ക്ലാസുകളിൽ എത്തിക്കാറുണ്ട്. എന്നാൽ വിശുദ്ധ കുർബാനയിൽ അവരെ ഞാൻ ഒരിക്കലും കാണാറില്ല. വിശുദ്ധ കുർബാനയ്ക്ക് വരാൻ അവരെ പ്രോത്സാഹിപ്പിക്കുന്നതിനായി എനിക്ക് എന്തെങ്കിലും പറയാനാകുമോ? അതോ ഞാൻ ഇതിൽ ഇടപെടാതിരിക്കണമോ?

ഉ. ഇതിൽ ഇടപെടാതിരിക്കണമെന്നോ? ഒട്ടും മടിക്കാതെ അതിലേക്ക് ഇറങ്ങിച്ചെല്ലുക എന്നുതന്നെയാണ് ഞാൻ പറയുക! എന്നാൽ ഞാൻ വിശദീകരിക്കട്ടെ.

നിങ്ങൾ വിവരിക്കുന്ന അവസ്ഥ, നിർഭാഗ്യവശാൽ, അത്ര അസാധാരണമൊന്നുമല്ല. വളരെ നല്ല ഒരു കാര്യം എടുത്തുപറഞ്ഞുകൊണ്ട് ഞാൻ തുടങ്ങട്ടെ. ഈ ദമ്പതികൾ തങ്ങളുടെ കുട്ടികളെ മതബോധന ക്ലാസുകളിൽ എത്തിക്കുന്നു എന്നതുതന്നെ വളരെ നല്ല കാര്യമാണ്. എന്റെ അനുഭവത്തിൽ, വിശ്വാസം എല്ലായ്‌പ്പോഴും ജീവിതത്തിൽ പ്രാവർത്തികമാക്കാത്ത മാതാപിതാക്കൾക്കുപോലും തങ്ങളുടെ കുട്ടികൾക്ക് വിശ്വാസത്തിന്റെ അടിസ്ഥാനകാര്യങ്ങളെങ്കിലും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ താത്പര്യമുണ്ടാകാറുണ്ട്. മക്കൾക്ക് വിശ്വാസം പകർന്നുനൽകാൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യണമെന്ന ആഴമായ ബോധ്യം ദൈവം മാതാപിതാക്കളുടെ ഹൃദയങ്ങളിൽ നിക്ഷേപിക്കുന്നു എന്നതിലേക്കാണ് ഇത് വിരൽചൂണ്ടുന്നതെന്ന് ഞാൻ വിശ്വസിക്കുന്നു. കുട്ടികളെ മതബോധനത്തിന് കൊണ്ടുവരുന്നത് വളരെ നല്ലൊരു തുടക്കമാണ്; എന്നാൽ അതുകൊണ്ട് എല്ലാമാകുന്നില്ല.

പലവിധ കാരണങ്ങളാൽ ആളുകൾക്ക് വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്ന പതിവ് ഇല്ലാതാകാറുണ്ട്. ചിലർക്ക് സഭയിലെ വ്യക്തികളിൽനിന്ന് വേദനാജനകമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്; ചിലർക്ക് സഭയുടെ പ്രബോധനത്തിലെ ഏതെങ്കിലും വശം പൂർണ്ണമായി മനസ്സിലാകാത്തതിനാൽ ആശയക്കുഴപ്പമോ ദേഷ്യമോ നിമിത്തം അവർ അകന്നുപോകുന്നു; ചിലർക്ക് പോകുന്ന പതിവ് ഇല്ലാതായെന്നു മാത്രം; മറ്റു ചിലർ വളരെയധികം തിരക്കിലായതിനാൽ ഞായറാഴ്ച രാവിലെ കൂടുതൽ നേരം ഉറങ്ങുന്നതാണ് എളുപ്പമെന്ന് കരുതുന്നു. എന്നാൽ സർവസാധാരണവും തുറന്നുപറയപ്പെടാത്തതുമായ കാരണങ്ങളിലൊന്ന് ഇതാണെന്ന് ഞാൻ വിശ്വസിക്കുന്നു: പലരും കഴിഞ്ഞകാല പാപങ്ങളെക്കുറിച്ചുള്ള കനത്ത കുറ്റബോധം പേറുന്നു; എന്തോ കാരണത്താൽ തങ്ങൾക്ക് അവിടെ ഇടമില്ലെന്നു തോന്നുകയും ചെയ്യുന്നു. പങ്കെടുക്കുമ്പോൾ അവിടെ തങ്ങൾ അന്യരാണെന്നു തോന്നുന്നതിനാൽ, അകന്നുനിൽക്കുന്നതാണ് എളുപ്പമെന്ന് അവർ കരുതുന്നു. എന്നാൽ പങ്കെടുക്കാതിരിക്കുന്നതിന്റെ കാരണം എന്തുതന്നെയായാലും, മക്കൾക്ക് വിശ്വാസം പകർന്നുനൽകാനുള്ള തങ്ങളുടെ ഉത്തരവാദിത്വം മിക്ക മാതാപിതാക്കളും ഇപ്പോഴും തിരിച്ചറിയുന്നു. ഹൃദയത്തിന്റെ ആഴത്തിലെങ്കിലും അവർ ഇപ്പോഴും വിശ്വസിക്കുന്നുണ്ടെന്നാണ് ഇതു വെളിപ്പെടുത്തുന്നത്.

അതുകൊണ്ട്, ഞാൻ അവിടെനിന്നാണ് തുടങ്ങുക. നിങ്ങളുടെ വിശ്വാസത്തെക്കുറിച്ച് ലളിതമായി സംസാരിച്ചുതുടങ്ങാനുള്ള അവസരങ്ങൾ കണ്ടെത്തുക. നിങ്ങളുടെ ജീവിതത്തിലെ ചില നല്ല അനുഭവങ്ങൾ സുഹൃത്തുമായി പങ്കുവയ്ക്കുക. ഉദാഹരണത്തിന്, മനസ്സിൽ തങ്ങിനിൽക്കുന്ന ഒരു പ്രസംഗം നിങ്ങൾ കേൾക്കുകയാണെങ്കിൽ, സ്വാഭാവികമായ ഒരു അവസരം നോക്കി ഇങ്ങനെ പറയാം: “കഴിഞ്ഞ ആഴ്ച ഞാൻ പള്ളിയിൽ പോയപ്പോൾ അച്ചൻ ഇങ്ങനെ പറഞ്ഞു… അത് എനിക്ക് ശരിക്കും ഉപകാരപ്പെട്ടു.” സ്വന്തം അനുഭവത്തിൽനിന്ന് നിങ്ങൾ പങ്കുവയ്ക്കുമ്പോൾ, അത് മറ്റുള്ളവരിൽ ആശങ്കയോ സമ്മർദമോ ഉളവാക്കുന്നില്ല. എന്തുചെയ്യണമെന്ന് അവരോടു പറയാതെ, നിങ്ങളുടെ അനുഭവം മാത്രം പങ്കുവയ്ക്കുന്ന രീതിയിലാണ് നിങ്ങൾ അതു ചെയ്യുന്നതെങ്കിൽ, വളർന്നുതുടങ്ങാൻ സാധ്യതയുള്ള നല്ലൊരു വിത്തു പാകാനുള്ള ഏറ്റവും നല്ല മാർഗം അതായിരിക്കാം.

എന്നാൽ, ഇതിനു സമയമെടുത്തേക്കാം. നിങ്ങളുടെ സുഹൃത്തുക്കളോട് അക്ഷമ കാണിക്കരുത്. അവരെ വിധിക്കുന്നുവെന്ന തോന്നലുണ്ടാക്കാതെ വിത്തുകൾ പാകിക്കൊണ്ടിരിക്കുക. ചിലപ്പോൾ അനുയോജ്യമായ സമയത്ത് അനുയോജ്യമായ വിത്തു പാകിയാൽ മാത്രം മതിയാകും. ഇവ രണ്ടും ഒത്തുചേരുമ്പോൾ, ഫലങ്ങൾ കണ്ട് നിങ്ങൾ അതിശയിച്ചേക്കാം. “മടിക്കാതെ മുന്നിട്ടിറങ്ങുക!” എന്നു പറയുമ്പോൾ ഞാൻ ഉദ്ദേശിക്കുന്നത് അതാണ്. തുറന്ന മനസ്സോടെ, മടിയില്ലാതെ, ഇടയ്ക്കിടെ പങ്കുവയ്ക്കുക. നിങ്ങളുടെ സുഹൃത്ത് സംഭാഷണം തുടരാൻ ആഗ്രഹിക്കുന്നുവെങ്കിൽ, വളരെ നല്ലത്. അല്ലെങ്കിൽ, പള്ളിയിൽനിന്നു ലഭിച്ച എന്തെങ്കിലും അനുഭവമോ നിങ്ങളുടെ വിശ്വാസത്തെക്കുറിച്ചുള്ള എന്തെങ്കിലുമോ പങ്കുവയ്ക്കാനുള്ള അടുത്ത അവസരം തേടുക.


കൂടുതൽ കത്തോലിക്കാ ചോദ്യോത്തരങ്ങൾ