ചോ. വലിയ നോമ്പിൽ നിങ്ങൾ ഉപേക്ഷിച്ച കാര്യങ്ങൾ ഞായറാഴ്ചകളിൽ ചെയ്യാൻ അനുവദിക്കുന്നത് എന്തുകൊണ്ടാണ്?
ഉ. അതെ, പലർക്കും അറിയാത്ത കാര്യങ്ങളിൽ ഒന്നാണിത്. ഇതിന് രണ്ടു വിധത്തിൽ ഉത്തരം നൽകാം. സഭയുടെ ഒരു അച്ചടക്കക്രമമെന്ന നിലയിൽ പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ടെങ്കിലും, വലിയ നോമ്പിൽ എന്തെങ്കിലും ഉപേക്ഷിക്കുന്നത് പ്രധാനമായും വ്യക്തിപരമായ ഒരു ത്യാഗമായതിനാൽ, ഇതിനെക്കുറിച്ച് വ്യക്തമായ ഒരു പ്രബോധനമില്ല. നിങ്ങൾക്ക് സ്വീകരിക്കാവുന്ന രണ്ടു സമീപനങ്ങൾ ഞാൻ പങ്കുവയ്ക്കാം.
ഒന്നാമതായി, വലിയ നോമ്പുകാലം മുഴുവനും എന്തെങ്കിലും ഉപേക്ഷിക്കാൻ താത്പര്യപ്പെടുന്നവരുണ്ട്. അതായത് വിഭൂതിബുധൻ മുതൽ ദുഃഖശനി വരെയുള്ള എല്ലാ ദിവസങ്ങളിലും. ഇത് തീർച്ചയായും നല്ലൊരു പതിവാണ്; ഏറെ പുണ്യം നേടിത്തരുന്നതുമാണ്. യേശു മരുഭൂമിയിൽ നാല്പതു ദിവസം ഉപവസിച്ചപ്പോൾ ഇടവേളകളോ വിരുന്നാഘോഷത്തിന്റെ അവസരങ്ങളോ ഉണ്ടായിരുന്നില്ല എന്നതാണ് ഈ സമീപനത്തിന്റെ അടിസ്ഥാനം. കൂടാതെ, വലിയ നോമ്പിലെ ഞായറാഴ്ചകളിലും സഭയെന്ന നിലയിൽ നാം പ്രായശ്ചിത്തമനോഭാവം പുലർത്തുന്നുണ്ട്: ദേവാലയം വളരെ ലളിതമായി അലങ്കരിക്കുന്നു, പ്രായശ്ചിത്തത്തിന്റെ അടയാളമായി ഊതനിറം ധരിക്കുന്നു, ‘അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം’ എന്ന സ്തുതിഗീതവും ‘അല്ലേലൂയാ’യും ആലപിക്കുന്നത് ഒഴിവാക്കുന്നു. ഞായറാഴ്ചകളിലും പ്രായശ്ചിത്തമനോഭാവം നിലനിർത്താനുള്ള വഴികളാണ് ഇവയെല്ലാം.
ഇതൊക്കെ പറയുമ്പോഴും, സഭയിൽ ഞായറാഴ്ചകൾ മഹോത്സവദിനങ്ങളാണെന്നുകൂടി ചൂണ്ടിക്കാണിക്കേണ്ടത് പ്രധാനമാണ്. ഏറ്റവും വലിയ ആഘോഷത്തിന്റെ ദിനമാണ് ഒരു മഹോത്സവദിനം; ക്രിസ്തുവിന്റെ ജീവിതം, മരണം, ഉത്ഥാനം എന്നിവയിലൂടെ നിറവേറിയ പ്രവർത്തനത്തെ അതിന്റെ സമഗ്രതയിൽ അത് വിശേഷമായി അനുസ്മരിക്കുന്നു. കൃത്യമായി പറഞ്ഞാൽ ഞായറാഴ്ചകൾ ഉപവാസദിനങ്ങളായിരിക്കേണ്ടതല്ല; മറിച്ച്, അവ വിരുന്നാഘോഷത്തിന്റെ ദിനങ്ങളായിരിക്കണം!
കുട്ടിയായിരിക്കുമ്പോൾ തപസ്സുകാലത്തെ ഈ രീതിയിൽ സമീപിച്ചിരുന്നത് ഞാൻ ഓർക്കുന്നു; ഈ പതിവ് ഞാൻ എന്നും തുടർന്നുപോന്നിട്ടുണ്ട്. തപസ്സുകാലത്തെ പ്രായശ്ചിത്തത്തിൽനിന്നുള്ള ആശ്വാസകരമായ ഒരു വിശ്രമവേളയായിട്ടാണ് എനിക്ക് ഇത് എന്നും അനുഭവപ്പെട്ടിട്ടുള്ളത്. ഏതു ഉപവാസത്തിന്റെയും പ്രായശ്ചിത്തത്തിന്റെയും അന്തിമലക്ഷ്യം ഉയിർപ്പുതിരുനാളിന്റെ ആനന്ദമാണെന്ന് ഓർക്കാനും ഇത് എന്നെ സഹായിച്ചിട്ടുണ്ട്. ഓരോ ഞായറാഴ്ചയും ഉയിർപ്പുതിരുനാളിന്റെ ഈ ചെറു ആഘോഷങ്ങൾ നടത്തുന്നത് മാനസികമായും ആത്മീയമായും നല്ലതാണെന്നു തോന്നുന്നു; ഉപവാസദിനങ്ങളെ കൂടുതൽ അർഥവത്താക്കാനും ഇത് സഹായിക്കുന്നു. ഉചിതമായ സമയങ്ങളിൽ ആഘോഷത്തിനും പ്രായശ്ചിത്തത്തിനും ശ്രദ്ധ നൽകിക്കൊണ്ട്, ആഴ്ചയ്ക്ക് ഇത് ഒരു പ്രത്യേക താളം പകരുന്നു.
തപസ്സുകാലത്ത് മറ്റു രണ്ട് അത്യാഘോഷ തിരുനാളുകളുണ്ട്; ചിലർ അവയെ ഞായറാഴ്ചപോലെ ആചരിക്കാൻ തീരുമാനിക്കാറുണ്ട്. വിശുദ്ധ യൗസേപ്പിതാവിന്റെ അത്യാഘോഷ തിരുനാൾ മാർച്ച് 19-നും മംഗളവാർത്തയുടെ അത്യാഘോഷ തിരുനാൾ മാർച്ച് 25-നും ആണ് (ക്രിസ്മസിന് ഒൻപതു മാസം മുമ്പ്, ദൈവപുത്രന്റെ മനുഷ്യാവതാരത്തെ അനുസ്മരിക്കുന്നു). നമ്മുടെ സഭയിൽ അത്യാഘോഷ തിരുനാളുകളായ ഈ ദിവസങ്ങൾ ഞായറാഴ്ചയുടെ അതേ സന്തോഷത്തോടെയാണ് ആഘോഷിക്കുന്നത്. അതിനാൽ, ആ ദിവസങ്ങളിലും നിങ്ങളുടെ തപസ്സുകാല പരിത്യാഗം ഒഴിവാക്കാൻ നിങ്ങൾ തീരുമാനിച്ചാൽ അത് മനസ്സിലാക്കാവുന്നതാണ്.
പരിത്യാഗത്തിനും പ്രായശ്ചിത്തത്തിനും ഒരു ലക്ഷ്യമുണ്ട് എന്നതാണ് സാരം. അവ ലക്ഷ്യത്തിലെത്താനുള്ള മാർഗമാണ്; അവതന്നെയല്ല ലക്ഷ്യം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നമ്മുടെ ആത്യന്തിക ലക്ഷ്യം പരിത്യാഗമോ പ്രായശ്ചിത്തമോ അല്ല; മറിച്ച്, നമ്മുടെ ആത്യന്തിക ലക്ഷ്യം പുനരുത്ഥാനമാണ്. ആ യാത്രയിൽ പ്രായശ്ചിത്തം നമ്മെ സഹായിക്കുന്നു; എന്നാൽ പ്രായശ്ചിത്തത്തെ ഒരിക്കലും അന്തിമലക്ഷ്യമായി കാണരുത്.
നമ്മുടെ സഭയിലെ എല്ലാ അത്യാഘോഷ തിരുനാളുകളും നന്നായി ആഘോഷിക്കണമെന്നാണ് എന്റെ നിർദേശം. പ്രായശ്ചിത്തദിനങ്ങളെ കൂടുതൽ ഫലദായകമാക്കാൻ മാത്രമേ ഇത് സഹായിക്കൂ.
കൂടുതൽ കത്തോലിക്കാ ചോദ്യോത്തരങ്ങൾ
