മലയാളം

ചോ. ചങ്ങലസന്ദേശങ്ങൾ

ചോ. ‘ഇത് 12 അല്ലെങ്കിൽ 15 പേർക്കോ മറ്റോ അയച്ചുകൊടുക്കൂ; അപ്പോൾ നിങ്ങളുടെ ജീവിതത്തിൽ ഒരു അത്ഭുതം സംഭവിക്കും. അയച്ചുകൊടുത്തില്ലെങ്കിൽ നിങ്ങൾക്ക് എന്തെങ്കിലും ദോഷം സംഭവിക്കും’ എന്നു പറഞ്ഞ് അയയ്ക്കുകയോ കൈമാറുകയോ ചെയ്യുന്ന ‘ചങ്ങലസന്ദേശങ്ങളെ’ക്കുറിച്ച് എന്താണ് പറയാനുള്ളത്? ഇതിനെ എങ്ങനെ വിശദീകരിക്കാം? നന്ദി.

ഉ. നിങ്ങൾ ഇമെയിലോ സമൂഹമാധ്യമങ്ങളോ ഉപയോഗിക്കുന്നവരാണെങ്കിൽ, സന്ദേശം മറ്റുള്ളവർക്ക് കൈമാറിയാൽ നിങ്ങൾക്ക് ചില കാര്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ഇമെയിലുകളോ പോസ്റ്റുകളോ മിക്കവാറും കണ്ടിട്ടുണ്ടാകും. ഉദാഹരണത്തിന്, നിങ്ങൾക്കയച്ചുതരുന്ന ഒരു പ്രത്യേക പ്രാർഥനയുടെ താഴെ ഇങ്ങനെ ചേർത്തിട്ടുണ്ടാകാം: “ഇത് പന്ത്രണ്ട് സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കൂ; പന്ത്രണ്ട് ദിവസത്തിനുള്ളിൽ നിങ്ങളുടെ പ്രാർഥനയ്ക്ക് ഉത്തരം ലഭിക്കും.”

അപ്പോൾ ഇത് ശരിയായ കാര്യമാണോ? അല്ല. ഇത് അന്ധവിശ്വാസമാണ്. ഇതോടൊപ്പം ഒരു കാര്യം വ്യക്തമാക്കേണ്ടതുണ്ട്. എന്നാൽ ആദ്യം ഇതിലെ അന്ധവിശ്വാസപരമായ വശം നോക്കാം.

നിങ്ങൾ ഏതാനും സുഹൃത്തുക്കൾക്ക് ഒരു ഇമെയിൽ അയച്ചുകൊടുക്കുന്നതിനെ ആശ്രയിച്ചല്ല ദൈവം തന്റെ കൃപയും കരുണയും നൽകുന്നത്. അതിൽ ഉൾപ്പെടുത്തിയിരിക്കുന്ന പ്രാർഥന വളരെ മനോഹരവും ചൊല്ലാൻ ഉചിതവുമായിരിക്കാം. എന്നിരുന്നാലും, ആ പ്രാർഥനയുടെ ഫലം നിങ്ങൾ ഒരു ഇമെയിലിലെ നിർദേശങ്ങൾ പാലിക്കുന്നതിനെ ആശ്രയിച്ചല്ല ഇരിക്കുന്നത്. പ്രാർഥനകളോട് കൃപ ബന്ധിപ്പിക്കാൻ അധികാരമുള്ളത് ക്രിസ്തുവിനും അവിടുത്തെ സഭയ്ക്കും മാത്രമാണ്. ദണ്ഡവിമോചനങ്ങളിലൂടെയാണ് സഭ അങ്ങനെ ചെയ്യുന്നത്. ദണ്ഡവിമോചനങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക: ചോ. ദണ്ഡവിമോചനങ്ങൾ. ഇത്തരമൊരു ഇമെയിൽ ലഭിച്ചാൽ, അതിലെ വാഗ്ദാനമോ മുന്നറിയിപ്പോ നീക്കം ചെയ്തശേഷം പ്രാർഥനാഭാഗം മാത്രം മറ്റുള്ളവർക്ക് അയച്ചുകൊടുക്കുന്നതായിരിക്കും ഏറ്റവും നല്ലത്.

മുകളിൽ സൂചിപ്പിച്ച വിശദീകരണത്തിലേക്കു വരാം. ചില പ്രാർഥനകളോട് ചില വാഗ്ദാനങ്ങൾ ബന്ധിപ്പിക്കുന്ന സ്വകാര്യ വെളിപാടുകൾ ചില ദൈവാനുഭവസമ്പന്നർക്കു ലഭിച്ചിട്ടുണ്ട്. ആ സ്വകാര്യ വെളിപാടുകളും വാഗ്ദാനങ്ങളും എല്ലായ്പ്പോഴും സഭയുടെ വിലയിരുത്തലിനു വിധേയമാകണം. സഭ അംഗീകരിക്കുന്നപക്ഷം, ആ പ്രാർഥനകളിലൂടെ ദൈവം ഒരു പ്രത്യേക കൃപ നൽകുന്നുവെന്ന് നമുക്ക് വിശ്വസിക്കാം. എന്നാൽ എല്ലാ സ്വകാര്യ വെളിപാടുകളുടെയും കാര്യത്തിൽ നമ്മുടെ സഭയുടെ മാർഗനിർദേശം തേടുക എന്നതാണ് പ്രധാനപ്പെട്ട കാര്യം.


കത്തോലിക്കാ വിശ്വാസത്തെക്കുറിച്ചുള്ള കൂടുതൽ ചോദ്യോത്തരങ്ങൾ