മലയാളം

ഞാൻ എന്തിനാണ് സൃഷ്ടിക്കപ്പെട്ടത്?

ചോ. ഞാൻ എന്തിനാണ് സൃഷ്ടിക്കപ്പെട്ടത്?

ഉ. വളരെ നല്ലൊരു “ചോദ്യോത്തര മതബോധനഗ്രന്ഥമാണ്” ബാൾട്ടിമോർ മതബോധനഗ്രന്ഥം. അതിന്റെ ആദ്യ ഭാഗത്തിന്റെ ശീർഷകം “മനുഷ്യന്റെ പരമലക്ഷ്യത്തെക്കുറിച്ച്” എന്നാണ്. അതിലെ ചോദ്യോത്തരങ്ങൾ ഇങ്ങനെ ആരംഭിക്കുന്നു:

ചോ. ലോകത്തെ സൃഷ്ടിച്ചത് ആരാണ്?
ഉ. ദൈവമാണ് ലോകത്തെ സൃഷ്ടിച്ചത്.

ചോ. ആരാണ് ദൈവം?
ഉ.
ആകാശത്തിന്റെയും ഭൂമിയുടെയും സകല വസ്തുക്കളുടെയും സ്രഷ്ടാവാണ് ദൈവം.

ചോ. എന്താണ് മനുഷ്യൻ?
ഉ. ശരീരവും ആത്മാവും ചേർന്നതും ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടതുമായ ഒരു സൃഷ്ടിയാണ് മനുഷ്യൻ.

ചോ. ദൈവം നിങ്ങളെ സൃഷ്ടിച്ചത് എന്തിനാണ്?
ഉ. ഈ ലോകത്തിൽ അവിടുത്തെ അറിയാനും സ്നേഹിക്കാനും സേവിക്കാനും സ്വർഗത്തിൽ അവിടുത്തോടൊപ്പം എന്നേക്കും സന്തോഷമായിരിക്കാനുമാണ് ദൈവം എന്നെ സൃഷ്ടിച്ചത്.

ബാൾട്ടിമോർ മതബോധനഗ്രന്ഥത്തിന്റെ തുടക്കം വളരെ ലളിതവും പ്രാഥമികവുമാണെന്നു തോന്നിയേക്കാമെങ്കിലും, അതു കൈകാര്യം ചെയ്യുന്നത് വളരെ ആഴമേറിയ ദാർശനിക ചോദ്യങ്ങളാണ്. ഈ ആദ്യത്തെ നാലു ചോദ്യങ്ങൾ മാത്രം മതി, പ്രാർഥനയിൽ വിചിന്തനം ചെയ്യാനുള്ള മികച്ച വിഷയങ്ങളാകാൻ. സകലത്തിന്റെയും സ്രഷ്ടാവും സർവജ്ഞനും സർവവ്യാപിയും അനന്തനുമായ ദൈവം, നിങ്ങൾ അവിടുത്തെ അറിയണമെന്ന് ആഗ്രഹിക്കുന്നു. സ്വന്തം ഛായയിലും സാദൃശ്യത്തിലും നിങ്ങളെ സൃഷ്ടിച്ച ദൈവം, നിങ്ങൾ അവിടുത്തെ സ്നേഹിക്കണമെന്ന് ആഗ്രഹിക്കുന്നു. മറ്റുള്ളവർ അവിടുത്തിലേക്കു നയിക്കപ്പെടേണ്ടതിന് ഈ ലോകത്തിൽ നിങ്ങൾ അവിടുത്തെ സേവിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. അവസാനമായി, സ്വർഗത്തിൽ അവിടുത്തോടൊപ്പം നിത്യകാലവും നാം സന്തോഷമായിരിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. നമുക്ക് ഇത് എങ്ങനെ സാധിക്കും? വഴിയും സത്യവും ജീവനുമായ അവിടുത്തെ പുത്രൻ യേശുക്രിസ്തുവിനെ അനുഗമിക്കുന്നതിലൂടെ മാത്രം. നാലു സുവിശേഷവിവരണങ്ങളും വിചിന്തനം ചെയ്താൽ, അവയെയെല്ലാം കോർത്തിണക്കുന്ന മുഖ്യപ്രമേയം ഇതാണ്: പിതാവായ ദൈവം തന്റെ പുത്രനെ ലോകത്തിലേക്ക് അയച്ചത്, അവിടുത്തെ എങ്ങനെ അറിയണമെന്നും സ്നേഹിക്കണമെന്നും സേവിക്കണമെന്നും അവിടുത്തോടൊപ്പം എന്നേക്കും സന്തോഷമായിരിക്കണമെന്നും നമുക്കു കാണിച്ചുതരാനാണ്—ആത്യന്തികമായി, നാം സൃഷ്ടിക്കപ്പെട്ടതും കൃത്യമായി ഇതിനുവേണ്ടിത്തന്നെയാണ്!

JL