ചോദ്യം: ഒരാൾ ഒരേ ദിവസം രണ്ടോ മൂന്നോ പ്രാവശ്യം വിശുദ്ധ കുർബാനബലിയിൽ പങ്കെടുക്കുകയാണെങ്കിൽ, ഓരോ വിശുദ്ധ കുർബാനയിലും ദിവ്യകാരുണ്യം സ്വീകരിക്കാമോ?
ഉ. ഇത് വളരെ നല്ലൊരു ചോദ്യമാണ്. കാരണം, പരമപരിശുദ്ധ കൂദാശയിൽ നമ്മുടെ കർത്താവിനെ സ്വീകരിക്കുക എന്നത് ഭൂമിയിലോ സ്വർഗത്തിലോ ഏതൊരു മനുഷ്യനും ചെയ്യാൻ കഴിയുന്ന ഏറ്റവും മഹത്തായ പ്രവൃത്തിയാണ്. വിശുദ്ധ അഗസ്തീനോസ് പറയുന്നു: “എല്ലാ ദിവസവും [പരിശുദ്ധ കുർബാന] സ്വീകരിക്കാൻ കഴിയുന്നവിധം ജീവിക്കുക.[1] വിശുദ്ധ കുർബാനയിലെ നമ്മുടെ കർത്താവാണ് നമ്മുടെ അനുദിന ആഹാരം എന്ന് സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാർഥനയിൽ പറയുന്നത് നാം ഓർക്കണം. വിശ്വാസികൾ ദിവസവും പരിശുദ്ധ കുർബാന സ്വീകരിക്കണമെന്ന് സഭ ശക്തമായി ശുപാർശ ചെയ്യുന്നു; അത് വിശുദ്ധ കുർബാനയർപ്പണത്തിനിടയിൽ സ്വീകരിക്കുന്നതാണ് ഏറ്റവും ഉചിതം. കർത്താവിനെ സ്വീകരിക്കുന്നതാണ് ഏറ്റവും മഹത്തായ പ്രവൃത്തി എന്നതിനാൽ, ഒരു ദിവസം കഴിയുന്നത്ര തവണ സ്വീകരിക്കണമെന്ന നിഗമനത്തിൽ ചിലർ യുക്തിപൂർവം എത്തിച്ചേർന്നേക്കാം. എന്നാൽ, ഈ കാഴ്ചപ്പാട് കൂദാശയുടെ കൃപയെ, അതായത് ദാനത്തെ, കണക്കിലെടുക്കുന്നില്ല.
പരിശുദ്ധ കുർബാനയിൽ നമുക്കു ലഭിക്കുന്ന ദാനം കൂടുതൽ നന്നായി മനസ്സിലാക്കാൻ, സഭയുമായി കൂട്ടായ്മയിലുള്ളവരും വിവേകപ്രായം എത്തിയവരുമായവർക്കു മാത്രമേ കുർബാന സ്വീകരിക്കാൻ മുന്നോട്ടുവരാവൂ എന്ന് നാം ഓർക്കണം. സാധാരണയായി ഏഴു വയസ്സാണ് വിവേകപ്രായം. സഭയുമായി കൂട്ടായ്മയിലായിരിക്കണമെങ്കിൽ, സ്വന്തം ആത്മാവിൽ ഏതെങ്കിലും മാരകപാപം ഉള്ളതായി ഒരാൾക്ക് ബോധ്യമുണ്ടായിരിക്കരുത്. കുർബാന സ്വീകരണത്തിനായി വിശ്വാസികൾ തങ്ങളുടെ ആത്മാവിനെയും ശരീരത്തെയും ഒരുക്കണമെന്നും സഭ ആവശ്യപ്പെടുന്നു. കൂദാശയിലെ സ്വർഗീയ അപ്പവും ദൈനംദിന ഉപജീവനത്തിനായി നാം കഴിക്കുന്ന ഭക്ഷണവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിഞ്ഞ് അതിനെക്കുറിച്ചു ധ്യാനിച്ചുകൊണ്ടാണ് ആദ്യം നാം ആത്മാവിനെ ഒരുക്കുന്നത്. ഇത് വിശുദ്ധമായതും ലൗകികമായതും തമ്മിലുള്ള വ്യത്യാസമാണ്. അമേരിക്കൻ ഐക്യനാടുകളിലേതുപോലെ ഭക്ഷണത്തെ കേന്ദ്രീകരിച്ചുള്ള ഒരു സമൂഹത്തിൽ ഇത് അത്യന്താപേക്ഷിതമാണ്. ഭക്ഷണം സമൃദ്ധമായുള്ള സമൂഹങ്ങളിൽ, നമുക്ക് എളുപ്പത്തിൽ ഭക്ഷണത്തെ ഒരു വിഗ്രഹമാക്കാൻ കഴിയും; അത് സ്വന്തം വിശപ്പ് എപ്പോഴും തൃപ്തിപ്പെടുത്താനുള്ള ശ്രമത്തെ ആശ്രയിച്ചു ജീവിക്കുന്നതിലേക്കു നയിക്കുന്നു. രണ്ടാമതായി, നാം ആത്മാർഥമായി അയൽക്കാരുമായി സമാധാനത്തിലാണോ, അവരെ സ്നേഹിക്കുന്നുണ്ടോ എന്ന് സ്വയം ചോദിക്കണം. മൂന്നാമതായി, നേരത്തേ പറഞ്ഞതുപോലെ, നാം മനസ്സാക്ഷി പരിശോധിക്കുകയും ആവശ്യമെങ്കിൽ അനുരഞ്ജന കൂദാശയിൽ നമ്മുടെ പാപങ്ങൾ നല്ല രീതിയിൽ പൂർണമായി കുമ്പസാരിക്കുകയും വേണം. നാലാമതായി, നമ്മുടെ അയോഗ്യതയെക്കുറിച്ച് സ്വന്തം ഹൃദയത്തിൽ നിശ്ശബ്ദമായി ധ്യാനിക്കണം. കുർബാന സ്വീകരണത്തിനു തൊട്ടുമുമ്പ് നാം ചൊല്ലുന്ന ശതാധിപന്റെ വാക്കുകൾ നമ്മുടെ സ്വന്തമാക്കണം: “കർത്താവേ, അങ്ങ് എന്റെ ഭവനത്തിൽ പ്രവേശിക്കാൻ ഞാൻ യോഗ്യനല്ല; അങ്ങ് ഒരു വാക്ക് അരുളിച്ചെയ്താൽ മതി, എന്റെ ആത്മാവ് സുഖം പ്രാപിക്കും.” അവസാനമായി, വിശുദ്ധ പത്രോസിനോടൊപ്പം, “കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നുവെന്ന് അങ്ങ് അറിയുന്നുവല്ലോ” എന്നു പറയാൻ നമുക്കു കഴിയണം.[2]
നമ്മുടെ ശരീരവും ഒരുക്കപ്പെട്ടിരിക്കണം. തിരുവോസ്തി സ്വീകരിക്കുന്നതിന് കുറഞ്ഞത് ഒരു മണിക്കൂർ മുമ്പുമുതൽ വെള്ളവും മരുന്നും ഒഴികെയുള്ള ഭക്ഷണപാനീയങ്ങൾ ഉപേക്ഷിച്ചുകൊണ്ടാണ് ഇത് ചെയ്യുന്നത്. അർധരാത്രിമുതൽ തിരുവോസ്തി സ്വീകരിക്കുന്നതുവരെ ഭക്ഷണപാനീയങ്ങൾ ഉപേക്ഷിക്കുന്ന പുരാതന ആചാരം പിന്തുടരുന്നത് പ്രശംസനീയമാണ്. പരിശുദ്ധ കുർബാനയിലെ നമ്മുടെ കർത്താവുതന്നെ യഥാർഥത്തിൽ നിങ്ങളുടെ പ്രഭാതഭക്ഷണം ആകട്ടെ. ശരീരം കഴുകി വൃത്തിയാക്കിയും ഉചിതമായി വസ്ത്രം ധരിച്ചും നാം വിശുദ്ധ ബലിക്കായി ശരീരത്തെ ഒരുക്കണം; അനുദിന വിശുദ്ധ കുർബാനയ്ക്കും ഇത് ബാധകമാണ്. വിവാഹവസ്ത്രം ധരിക്കാതെ രാജാവിന്റെ വിരുന്നിൽ ഇരിക്കുകയും പുറത്താക്കപ്പെടുകയും ചെയ്തവന്റെ ഉപമ ഓർക്കുക.[3]
എല്ലാ ദാനങ്ങളിലുംവച്ച് ഏറ്റവും മഹത്തായ ഈ ദാനം സ്വീകരിക്കാൻ ആത്മാവിനെയും ശരീരത്തെയും എങ്ങനെ ഒരുക്കണമെന്നു നോക്കുമ്പോൾ, ഒരു ദിവസം പല തവണ ഈ ദാനം സ്വീകരിക്കണമെന്ന് ഒരാൾക്കു തോന്നിയേക്കാം. സഭയുടെ അച്ചടക്കക്രമം Ite, Missa est എന്ന വാക്കുകളുടെ പ്രാധാന്യവും നമ്മെ ഓർമിപ്പിക്കുന്നു. വിശുദ്ധ കുർബാനയുടെ അവസാനം പുരോഹിതൻ പറയുന്ന വാക്കുകളാണിവ. വാസ്തവത്തിൽ, “Mass” എന്ന ഇംഗ്ലീഷ് വാക്ക് ഇതിൽനിന്നാണ് ലഭിക്കുന്നത്. ഇത് ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്താൻ പ്രയാസമാണ്; എന്നാൽ വാക്കുകളുടെ അക്ഷരാർഥം “പോകുവിൻ, അവൾ അയയ്ക്കപ്പെട്ടിരിക്കുന്നു” എന്നായിരിക്കും. ഇതിനർഥം, സമൂഹം, അതായത് വിശ്വാസികൾ, വിശുദ്ധ കുർബാനയിൽ ലഭിക്കുന്ന കൃപ പങ്കുവയ്ക്കാൻ പുറത്തേക്കു പോകണം എന്നാണ്. നാം നമ്മുടെ കർത്താവിനെ സ്വീകരിക്കുന്നു; നമ്മുടെ കർത്താവിനെ നാം മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും വേണം. സുവിശേഷവത്കരണത്തിൽ നമ്മുടെ ലക്ഷ്യം ആളുകളെ കർത്താവിന്റെ വിരുന്നിലേക്കു കൊണ്ടുവരിക എന്നതാണ്.
ലത്തീൻ സഭയിൽ, നിങ്ങൾ ഇതിനകം ദിവ്യകാരുണ്യം സ്വീകരിച്ചിട്ടുണ്ടെങ്കിൽ, അന്നുതന്നെ നിങ്ങൾ പങ്കെടുക്കുന്ന ഒരു വിശുദ്ധ കുർബാനയിൽ രണ്ടാമതും ദിവ്യകാരുണ്യം സ്വീകരിക്കാം. രണ്ടാമത്തെ കുർബാന പതിവുള്ള അനുദിന കുർബാനയാകാം. മൂന്നാമതൊരു കുർബാനയിൽ പങ്കെടുക്കുന്നതുകൊണ്ട് മൂന്നാമതും ദിവ്യകാരുണ്യം സ്വീകരിക്കാൻ അനുവാദമില്ല (കാനോൻ 917). മരണാപകടത്തിലായിരിക്കുന്നവർ അന്ന് ഇതിനകം ദിവ്യകാരുണ്യം സ്വീകരിച്ചിട്ടുണ്ടെങ്കിലും, തിരുവഴിയപ്പമായി ദിവ്യകാരുണ്യം സ്വീകരിക്കണമെന്ന് സഭ ശക്തമായി ഉദ്ബോധിപ്പിക്കുന്നു (കാനോൻ 921 §2).
നമ്മുടെ അനുദിന ആഹാരം സ്വീകരിക്കുമ്പോൾ, നാം ആ സ്വർഗീയ വിരുന്നിൽ പങ്കുചേരുന്നുവെന്ന് ഓർക്കാം. ഒരു ദിവസം എത്ര തവണ സ്വീകരിക്കുന്നു എന്നതിലല്ല നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്; മറിച്ച്, നമുക്കു ലഭിക്കുന്ന ദാനത്തിലും, പുറത്തേക്കു ചെന്ന് മറ്റുള്ളവരെ ക്രിസ്തുവിലേക്കു നയിക്കാൻ കഴിയുന്നവിധം നമ്മുടെ ആത്മാവിനെയും ശരീരത്തെയും ഒരുക്കുന്നതിലുമാണ്.
കത്തോലിക്കാ വിശ്വാസത്തെക്കുറിച്ചുള്ള കൂടുതൽ ചോദ്യോത്തരങ്ങൾ
JPL
1. റോമൻ മതബോധനഗ്രന്ഥം: ത്രെന്തോസ് സൂനഹദോസിന്റെ മതബോധനഗ്രന്ഥം (റോക്ക്ഫോർഡ്, ടാൻ ബുക്സ് ആൻഡ് പബ്ലിഷേഴ്സ്,1982) 249.
2. അതേ ഗ്രന്ഥം, 247-248
