മലയാളം

ചോ. ഞാൻ ധരിക്കുന്ന വസ്ത്രങ്ങൾ

ചോദ്യം: വീട്ടിൽനിന്ന് പുറത്തുപോകുമ്പോൾ ഞാൻ ധരിക്കുന്ന വസ്ത്രത്തെക്കുറിച്ച് അമ്മ എപ്പോഴും സംസാരിക്കാറുണ്ട്. ഞാൻ ജീൻസും ടീ ഷർട്ടും അല്ലെങ്കിൽ മുട്ടിന് ഒരിഞ്ച് മുകളിലെത്തുന്ന പാവാടയും ധരിച്ചാൽ, അത് സഭയ്ക്ക് എതിരായി പ്രവർത്തിക്കുന്നതാകുമോ?

ഉത്തരം: ഹും, മകൾ എങ്ങനെ വസ്ത്രം ധരിക്കുന്നു എന്നതിനെക്കുറിച്ച് ഒരു നല്ല അമ്മയ്ക്ക് എന്തുകൊണ്ട് ആശങ്കയുണ്ടാകാമെന്ന് ഞാൻ ഒന്ന് ഊഹിച്ചുപറയട്ടെ. ഒരു ആശങ്ക വസ്ത്രധാരണത്തിലെ മാന്യതയെക്കുറിച്ചായിരിക്കും; മറ്റൊന്ന് അടിസ്ഥാനപരമായ അന്തസ്സിനെയും ബഹുമാനത്തെയും കുറിച്ചും. ആദ്യം വസ്ത്രധാരണത്തിലെ മാന്യതയെക്കുറിച്ച് പറയാം.

പുരുഷന്മാരെയും സ്ത്രീകളെയും (പ്രത്യേകിച്ച് സ്ത്രീകളെ) വ്യക്തികളായല്ല, വസ്തുക്കളായി കണക്കാക്കുന്ന ഒരു സംസ്കാരത്തിലാണ് നാം ജീവിക്കുന്നത്. പരസ്യങ്ങളും പൊതുവേ ജനപ്രിയ സംസ്കാരവും “ആദർശ” പുരുഷന്റെയോ സ്ത്രീയുടെയോ ചിത്രങ്ങൾകൊണ്ട് നിരന്തരം നമ്മെ പൊതിയുന്നു. ജനപ്രിയ സംസ്കാരമനുസരിച്ച് “ആദർശ” പുരുഷനോ സ്ത്രീയോ ആരാണ്? വയറിലെ പേശികൾ ആറു ഭാഗങ്ങളായി വ്യക്തമായി തെളിഞ്ഞുനിൽക്കുന്ന പുരുഷൻ, അല്ലെങ്കിൽ “തികഞ്ഞ ആകാരഭംഗിയുള്ള ശരീരം” എന്നു വിശേഷിപ്പിക്കപ്പെടുന്ന ശരീരം പ്രദർശിപ്പിക്കാൻ മടിയില്ലാത്ത സ്ത്രീ. ടെലിവിഷൻ പരസ്യങ്ങൾ കാണുക, കടകളിലെ പണമടയ്ക്കുന്ന കൗണ്ടറിലുള്ള മാസികകൾ നോക്കുക, ഇന്റർനെറ്റിൽ പരതുക (അല്ലെങ്കിൽ, ഒന്നുകൂടി ആലോചിക്കുമ്പോൾ…അത് ഒഴിവാക്കുന്നതാണ് നല്ലത്). ശരീരം കേവലം ഒരു ലൈംഗിക ആസ്വാദനവസ്തുവാണ് എന്നതാണ് നമ്മുടെ സംസ്കാരം നൽകുന്ന സന്ദേശമെന്ന് നിങ്ങൾക്ക് പെട്ടെന്നുതന്നെ മനസ്സിലാകും. അതിലുപരി, നിങ്ങൾ വിലയുള്ള ഒരാളാകണമെങ്കിൽ ഒരു സൂപ്പർ മോഡലിനെപ്പോലെ കാണപ്പെടണം എന്നും അത് പറയുന്നു. നിരന്തരം ആവർത്തിക്കപ്പെടുന്ന ആ സന്ദേശം എത്ര ദുഃഖകരമാണ്. പുരുഷന്മാരുടെയും സ്ത്രീകളുടെയും അന്തസ്സിനെ അത് എത്രമാത്രം താഴ്ത്തിക്കെട്ടുന്നു.

അപ്പോൾ, ഒരാൾ വസ്ത്രം ധരിക്കുന്ന രീതിയുമായി ഇതിന് എന്തു ബന്ധമാണുള്ളത്? ഇന്ന് പലപ്പോഴും വസ്ത്രങ്ങൾ രൂപകൽപ്പന ചെയ്യുന്നത് ലൈംഗിക ആകർഷണത്തിന് അമിതവും തെറ്റായതുമായ പ്രാധാന്യം നൽകുന്ന രീതിയിലാണ്. ഒരാളുടെ വസ്ത്രം അതുമാത്രമായിരിക്കണം…വസ്ത്രം. നിർഭാഗ്യവശാൽ, ശരീരത്തെ മാന്യതയോടും അന്തസ്സോടുംകൂടെ മറയ്ക്കുന്നതിനുപകരം അതിന്റെ ഓരോ വളവും ആകൃതിയും വെളിപ്പെടുത്തുന്ന വിധത്തിലാണ് പലപ്പോഴും വസ്ത്രങ്ങൾ രൂപകൽപ്പന ചെയ്യുന്നത്. ഇതൊരു യഥാർഥ പ്രശ്നമാണ്. പ്രത്യേകിച്ച് പുരുഷന്മാരുടെ കണ്ണുകൾക്ക് ഇതൊരു പ്രശ്നമാണ്; കാരണം, കാണുന്ന കാര്യങ്ങളിലൂടെ പുരുഷന്മാർ എളുപ്പത്തിൽ ലൈംഗികമായി ഉത്തേജിതരാകാൻ പ്രവണതയുള്ളവരാണ്. വസ്ത്രധാരണം മാന്യതയില്ലാത്തതാണെങ്കിൽ, നിങ്ങളെ ഒരു വസ്തുവായി കാണാൻ നിങ്ങൾ ക്ഷണിക്കുകയാണെന്ന സന്ദേശമാണ് അത് ഓരോ പുരുഷനും നൽകുന്നത്. മാന്യമായി വസ്ത്രം ധരിക്കാൻ തീരുമാനിക്കുമ്പോൾ, തങ്ങളുടെ യഥാർഥ സൗന്ദര്യവും അന്തസ്സും തിരിച്ചറിയാൻ പുരുഷന്മാരെ സഹായിച്ചുകൊണ്ട് സ്ത്രീകൾ അവർക്ക് വലിയൊരു ഉപകാരം ചെയ്യുകയാണ്. അതുകൊണ്ട്, നീളം കുറഞ്ഞ പാവാടകളോ ഇറുകിയ ജീൻസുകളോ നിങ്ങൾ കരുതുന്നതിലും കൂടുതൽ ദോഷം ചെയ്തേക്കാം.

സാധാരണ ജീൻസും ടീ-ഷർട്ടും ധരിക്കുന്നതിനെക്കുറിച്ചോ? അതിൽ എന്താണ് ആശങ്കയെന്ന് എനിക്ക് ഉറപ്പില്ല. എങ്കിലും, അതിന്റെ കാരണവും എനിക്ക് ഊഹിക്കാനാകും. ഇത് മനസ്സിലാക്കാൻ സഹായിക്കുന്നതിന് അൽപ്പം ബാലിശമായ ഒരു ഉദാഹരണം പറയട്ടെ. നിങ്ങളുടെ വികാരിയച്ചൻ ഓരോ വാരാന്ത്യത്തിലും ജീൻസും ടീ-ഷർട്ടും ധരിച്ച് വിശുദ്ധ കുർബാനയ്ക്ക് വരാൻ തീരുമാനിച്ചാലോ? അദ്ദേഹം ഇത്ര അനൗപചാരികമായി പെരുമാറുന്നത് നന്നായിരിക്കുന്നുവെന്ന് ചിലർക്ക് തോന്നിയേക്കാം. എന്നാൽ, ബഹുഭൂരിപക്ഷം ആളുകൾക്കും ഇത് അസാധാരണമാണെന്ന് ഉടൻ മനസ്സിലാകും. നാം ആരാണെന്നതിനെക്കുറിച്ച് വസ്ത്രധാരണം പലതും പറയുന്നു. തങ്ങൾ വൈദികരാണെന്നു പ്രകടിപ്പിക്കാനാണ് വൈദികർ വൈദികവസ്ത്രം ധരിക്കുന്നത്. എല്ലാവരുടെയും കാര്യത്തിലും ഇതുതന്നെ ശരിയാണ്. നാം നമ്മെത്തന്നെ എങ്ങനെ കാണുന്നു എന്ന് നാം ധരിക്കുന്ന വസ്ത്രം വെളിപ്പെടുത്തുന്നു. തീർച്ചയായും, ജീൻസും ടീ-ഷർട്ടും തികച്ചും അനുയോജ്യമായ അവസരങ്ങളുണ്ട്. എന്നാൽ, എല്ലാ അവസരങ്ങളിലും എല്ലാവരും ഇങ്ങനെ വസ്ത്രം ധരിക്കാൻ തുടങ്ങിയാലോ? കുടുംബത്തിലെ ഒരു വിവാഹത്തിൽ പങ്കെടുക്കുന്ന എല്ലാവരും ഇങ്ങനെ വസ്ത്രം ധരിച്ചാലോ? അല്ലെങ്കിൽ ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക് എല്ലാവരും ഇത്ര അനൗപചാരികമായ വേഷത്തിൽ വന്നാലോ? വീട്ടിൽ വിശ്രമിക്കുന്ന ഒരു ദിവസത്തിൽനിന്ന് ആ അവസരങ്ങൾക്ക് യാതൊരു വ്യത്യാസവുമില്ലെന്ന സന്ദേശമാണ് ഇത് നൽകുന്നതെന്ന് വ്യക്തമാണ്. അതിനാൽ, നാം ഓരോ അവസരത്തിനും യോജിച്ചവിധം, അന്തസ്സോടെയും നമ്മോടുതന്നെയുള്ള ആദരവോടെയും വസ്ത്രം ധരിക്കണം. ഒരുപക്ഷേ അത്രതന്നെ പ്രധാനമാണ് നാം പങ്കെടുക്കുന്ന അവസരത്തോടുള്ള ആദരവും. ഉദാഹരണത്തിന്, ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കോ ഒരു വിവാഹത്തിനോ വേണ്ടി വിശേഷമായി വസ്ത്രം ധരിക്കുന്നത്, അതിനെ നിങ്ങൾ പ്രധാനപ്പെട്ട ഒരു അവസരമായി കാണുന്നുവെന്ന് മറ്റുള്ളവരെ അറിയിക്കുന്നു. അത് നിങ്ങളുടെ ആദരവ് പ്രകടിപ്പിക്കുന്നു.

ഇത് സഹായകമായെന്ന് ഞാൻ പ്രതീക്ഷിക്കുന്നു! ഇനിയും വ്യക്തമായിട്ടില്ലെങ്കിൽ, നിങ്ങളെ സ്നേഹിക്കുന്ന മാതാവിന്റെയോ പിതാവിന്റെയോ ഉപദേശം വിശ്വസിച്ചു സ്വീകരിക്കുന്നതുകൊണ്ട് നിങ്ങൾക്ക് തെറ്റുപറ്റുകയില്ലെന്നാണ് എനിക്ക് പറയാനുള്ളത്.


കൂടുതൽ കത്തോലിക്കാ ചോദ്യോത്തരങ്ങൾ