ചോദ്യം: മൃഗങ്ങൾ സ്വർഗത്തിൽ പോകുമോ?
ഉത്തരം: എല്ലാ വൈദികരും കുട്ടികളിൽനിന്ന് ഈ ചോദ്യം കേൾക്കാറുണ്ട്! വളർത്തുമൃഗങ്ങളോടുള്ള ആഴമായ സ്നേഹംമൂലം ഈ ചോദ്യത്തിന് “അതെ” എന്ന ഉത്തരം ലഭിക്കണമെന്ന് കുട്ടികൾ (എല്ലാ ആളുകളുംതന്നെ) തീവ്രമായി ആഗ്രഹിക്കുന്നതായി തോന്നുന്നു. അതിനാൽ ഉത്തരം ഇതാണ്…“അതെ,” “ഒരുപക്ഷേ,” “കൃത്യമായി അങ്ങനെയല്ല,” ഒപ്പം “നിങ്ങൾക്ക് പ്രത്യാശിക്കാം!”
സങ്കീർണമായ ഈ ചോദ്യത്തിന് വ്യക്തവും ഖണ്ഡിതവുമായ ഉത്തരമില്ല. അതിനാൽ, മുകളിൽ പറഞ്ഞ ഉത്തരങ്ങളിൽ ഏതും ശരിയായിരിക്കാം. എന്നിരുന്നാലും, മരണാനന്തരജീവിതത്തെയും മൃഗങ്ങളെയും സംബന്ധിച്ച് കുറച്ചുകൂടി വ്യക്തത നൽകാനും ചില സാധ്യതകൾ അവതരിപ്പിക്കാനും ശ്രമിക്കാം.
ഒന്നാമതായി, മനുഷ്യരായ നാം മരിക്കുമ്പോൾ, അതായത് “പുതിയ ആകാശവും പുതിയ ഭൂമിയും” സ്ഥാപിക്കാൻ യേശു മടങ്ങിവരുന്നതിനു മുമ്പുള്ള ഈ ചരിത്രഘട്ടത്തിൽ മരിക്കുമ്പോൾ, നമ്മുടെ ശരീരവും ആത്മാവും വേർപിരിയുന്നുവെന്ന് നാം വിശ്വസിക്കുന്നു. യേശു തന്റെ സർവമഹിമയോടുംകൂടി മടങ്ങിവന്ന് ശരീരത്തിന്റെ പുനരുത്ഥാനം സാധ്യമാക്കുന്നതുവരെ ശരീരം മരിച്ച് “വിശ്രമത്തിനായി അടക്കപ്പെടുന്നു.” അതുവരെ ശരീരം നിർജീവമായിരിക്കുന്നു. എന്നാൽ മനുഷ്യരുടെ ആത്മാക്കൾ തുടർന്നും ജീവിക്കുന്നു. നമ്മുടെ ആത്മാവിന് മരിക്കാനാവില്ല. അതിനാൽ, ഭൗമികമരണത്തിനുശേഷം സ്വർഗം (അല്ലെങ്കിൽ ശുദ്ധീകരണസ്ഥലം അല്ലെങ്കിൽ നരകം) നമ്മുടെ ആത്മാക്കളെ കാത്തിരിക്കുന്നു. മനുഷ്യർക്കും മാലാഖമാർക്കും ദൈവത്തിനും മാത്രമേ നിത്യമായി നിലനിൽക്കുന്ന ആത്മാവുള്ളൂ. മൃഗങ്ങൾക്ക് അതില്ല. അതിനാൽ, ഇപ്പോഴത്തെ അവസ്ഥയിൽ, ഒരു മൃഗം മരിക്കുമ്പോൾ അത് മരിച്ചുതന്നെ കഴിയുന്നു; സ്വർഗത്തിൽ തുടർന്നു ജീവിക്കുന്ന ഒരു ആത്മാവ് അതിനില്ല.
എന്നാൽ ഒരു നിമിഷം കാത്തിരിക്കൂ! നിങ്ങളുടെ വളർത്തുമൃഗവും എല്ലാ സൃഷ്ടിജീവികളും വീണ്ടും ഉയിർത്തെഴുന്നേൽക്കുമെന്ന പ്രത്യാശയുണ്ട്. എങ്ങനെ, എന്തുകൊണ്ട്? നിങ്ങൾക്ക് ഇങ്ങനെ പ്രത്യാശിക്കാനാകുന്നതിന്റെ കാരണം, കാലത്തിന്റെ ആരംഭത്തിൽത്തന്നെ, ആദിമവിശുദ്ധിയുടെ അവസ്ഥയിൽ (ഏദൻതോട്ടത്തിൽ) മൃഗങ്ങൾ ഉണ്ടായിരുന്നു എന്നതാണ്. അതിനാൽ, മൃഗങ്ങൾക്ക് നിത്യമായി നിലനിൽക്കുന്ന ആത്മാവില്ലെങ്കിലും, അവയ്ക്ക് ഭൗതികശരീരമുണ്ട്; ജന്തുവിന്റെ ആത്മാവ് എന്നു നമുക്കു വിളിക്കാവുന്ന ഒന്നും അവയ്ക്കുണ്ട്. മൃഗം മരിക്കുമ്പോൾ അതിന്റെ ആത്മാവും മരിക്കുന്നു. എന്നാൽ മരിച്ചവരുടെ പുനരുത്ഥാനത്തിൽ എന്തു സംഭവിക്കുമെന്ന് പറയാനാവില്ല! യേശു തന്റെ സർവമഹിമയോടുംകൂടി മടങ്ങിവരുകയും എല്ലാ മനുഷ്യരും മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേൽക്കുകയും ചെയ്യുമ്പോൾ മൃഗങ്ങളും എല്ലാ ജീവജാലങ്ങളും ഉയിർത്തെഴുന്നേൽക്കുമോ? നിങ്ങൾക്ക് പ്രത്യാശിക്കാവുന്ന ഒരു കാര്യമാണിത്.
കൂടാതെ, ഏശയ്യാ 11:6 വരാനിരിക്കുന്ന ഈ പുതിയ യുഗത്തെക്കുറിച്ച് പ്രവചനാത്മകമായി സംസാരിക്കുന്നു. ആ ഭാഗത്ത് ഇങ്ങനെ പറയുന്നു: “അപ്പോൾ ചെന്നായ ആട്ടിൻകുട്ടിയുടെ അതിഥിയായിരിക്കും; പുള്ളിപ്പുലി കോലാട്ടിൻകുട്ടിയോടൊപ്പം കിടക്കും; കാളക്കിടാവും ഇളംസിംഹവും ഒരുമിച്ച് മേയും; അവയെ നയിക്കാൻ ഒരു കൊച്ചുകുട്ടിയുണ്ടാകും.” അപ്പോൾ, ഇത് അക്ഷരാർഥത്തിൽ എടുക്കേണ്ട ഒരു പ്രസ്താവനയാണോ? മൃഗങ്ങൾ ഉയിർത്തെഴുന്നേൽക്കുമെന്നതിന്റെ തെളിവാണോ ഇത്? അതോ ഇത് പ്രതീകാത്മകവും ആലങ്കാരികവും മാത്രമാണോ? പറയാൻ പ്രയാസമാണ്. എന്നിരുന്നാലും, ഇക്കാരണത്താൽ വരാനിരിക്കുന്ന പുതിയ ആകാശത്തിലും പുതിയ ഭൂമിയിലും മൃഗങ്ങൾക്കും ഏതെങ്കിലും വിധത്തിൽ പങ്കുണ്ടാകുമെന്നു പ്രത്യാശിക്കുന്നത് ഉചിതമാണ്!
കത്തോലിക്കാ വിശ്വാസത്തെക്കുറിച്ചുള്ള കൂടുതൽ ചോദ്യോത്തരങ്ങൾ
