മലയാളം

ചോ. അപകടസാധ്യതയുള്ള ഗർഭധാരണവും ഗർഭച്ഛിദ്രവും

ചോ. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ശസ്ത്രക്രിയയിലൂടെ പ്രസവിച്ച ഒരു സ്ത്രീ വീണ്ടും ഗർഭിണിയാകുന്നു. ഗുരുതരമായ സങ്കീർണതകൾക്കുള്ള ഉയർന്ന സാധ്യത കാരണം വീണ്ടും ഗർഭം ധരിക്കരുതെന്ന് അവരുടെ ഡോക്ടർമാർ നിർദേശിച്ചിരുന്നു. ഈ സാഹചര്യത്തിൽ സഭ ഗർഭച്ഛിദ്രം അനുവദിക്കുന്നുണ്ടോ?

ഉ. ആളുകൾ തീർച്ചയായും അഭിമുഖീകരിക്കുന്നതും ഗൗരവമുള്ള ചോദ്യങ്ങൾ ഉയർത്തുന്നതുമായ ഒരു സാഹചര്യത്തെക്കുറിച്ചാണ് ഇത് എന്ന അർഥത്തിൽ, ഇത് ജീവിതയാഥാർഥ്യവുമായി ബന്ധപ്പെട്ട ഒരു ചോദ്യമാണ്. ഈ ചോദ്യം ചോദിച്ചതിന് നന്ദി.

അപകടസാധ്യത കൂടുതലുള്ള ഗർഭാവസ്ഥയിലൂടെ കടന്നുപോകുന്ന ഒരു അമ്മയ്ക്ക് സ്വാഭാവികമായും ഉണ്ടാകുന്ന ഭയവും ഉത്കണ്ഠയും അംഗീകരിച്ചുകൊണ്ട് നമുക്ക് തുടങ്ങാം. നിങ്ങൾ വിവരിക്കുന്ന സാഹചര്യത്തിൽ, ഒരു വർഷംപോലും തികയുന്നതിനുമുമ്പ് പ്രസവിച്ച അവൾ ഇതിനകംതന്നെ ഒരു അമ്മയാണെന്ന് വ്യക്തമാണ്. ഇപ്പോൾ അവൾ വീണ്ടും ഗർഭിണിയായിരിക്കുന്നു; ഈ പുതിയ ഗർഭധാരണം അവളുടെ ജീവന് അപകടമാണെന്ന് ഡോക്ടർമാർ വൈദ്യശാസ്ത്രപരമായി വിലയിരുത്തുന്നു. ഈ സാഹചര്യം ആ അമ്മയിലും കുടുംബത്തിലും തികച്ചും ന്യായമായ വലിയ ഭയവും ആശങ്കയും ഉളവാക്കുമെന്നത് മനസ്സിലാക്കാവുന്നതേയുള്ളൂ.

ഈ ചോദ്യം ശരിയായി മനസ്സിലാക്കാൻ, ഇവിടെ എന്താണ് അപകടത്തിലായിരിക്കുന്നതെന്ന് നാം വ്യക്തമായി കാണണം. ഒന്നാമതായി, അമ്മയുടെ ജീവനുണ്ട്. അവളുടെ ജീവന് അത്യുന്നതമായ മൂല്യമുണ്ടെന്നതിൽ സംശയമില്ല; അവളുടെ ആരോഗ്യം കാത്തുസൂക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്യണം. രണ്ടാമത്തെ ഒരു അത്യന്താപേക്ഷിതമായ വസ്തുതയും നാം പരിഗണിക്കേണ്ടതുണ്ട്. “അത്യന്താപേക്ഷിതം” എന്നതുകൊണ്ട്, ഈ രണ്ടാമത്തെ വസ്തുത അവഗണിക്കാനാവില്ല എന്നാണ് നാം ഉദ്ദേശിക്കുന്നത്. നാം സംസാരിക്കുന്നത് ഒരു ജീവനെക്കുറിച്ചു മാത്രമല്ല, രണ്ടു ജീവനുകളെക്കുറിച്ചാണ് എന്നതാണ് ആ വസ്തുത.

ഗർഭധാരണം സംഭവിച്ചുകഴിഞ്ഞാൽ, അവിടെ ഒരു പുതിയ മനുഷ്യജീവൻ സന്നിഹിതമാണ്. അതായത്, ദൈവം ഒരു പുതിയ കുഞ്ഞിനെ സൃഷ്ടിച്ചിരിക്കുന്നു; ആ കുഞ്ഞ് അമ്മയുടെ ഗർഭപാത്രത്തിൽ ജീവിക്കുന്നു. ഇത് വ്യക്തമായ ഒരു വസ്തുതയാണെങ്കിലും, ഈ ചോദ്യം ചോദിക്കുമ്പോൾ പലപ്പോഴും ഇത് പൂർണമായി പരിഗണിക്കപ്പെടുന്നില്ല. അതിനാൽ, ഇങ്ങനെ ചിന്തിക്കുക എത്ര പ്രയാസമായിരുന്നാലും, ഈ ചോദ്യവും ചോദിക്കേണ്ടതുണ്ട്: “ആരുടെ ജീവനാണ് കൂടുതൽ പ്രധാനം? അമ്മയുടേതോ? അതോ പുതുതായി ഗർഭത്തിൽ ഉരുവായ കുഞ്ഞിന്റേതോ?” സത്യത്തിൽ, ഈ ചോദ്യത്തിന് ഉത്തരമില്ല; കാരണം, ഒരു ജീവനും മറ്റേതിനെക്കാൾ പ്രധാനമല്ല. ഓരോ ജീവനും തികച്ചും പവിത്രവും അനന്തമൂല്യമുള്ളതുമാണ്.

അവൾ ഇതിനകം ഒരു അമ്മയായതിനാലും മറ്റൊരു കുഞ്ഞ് അവളെ ആശ്രയിക്കുന്നതിനാലും, പുതുതായി ഗർഭത്തിൽ ഉരുവായ കുഞ്ഞിന്റെ ജീവനെക്കാൾ അമ്മയുടെ ജീവനാണ് കൂടുതൽ പ്രധാനമെന്ന് ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഗർഭത്തിലുള്ള കുഞ്ഞിന് ഉത്തരവാദിത്വങ്ങളൊന്നുമില്ലാത്തതിനാൽ, ജീവിതത്തിൽ അവളുടെ ഉത്തരവാദിത്വങ്ങൾ വ്യക്തമായും കൂടുതലാണെന്നത് സത്യമാണ്. എങ്കിലും, ഉത്തരവാദിത്വത്തെയും ജീവന്റെ മൂല്യത്തെയും തുല്യമായി കാണുന്നത് തെറ്റായിരിക്കും. ജീവൻ എന്നതുകൊണ്ടുമാത്രം അതിന് അനന്തമായ മൂല്യമുണ്ട്.

അപ്പോൾ ഈ ചോദ്യത്തിന് നാം എങ്ങനെ ഉത്തരം നൽകും? ഗർഭഛിദ്രം എല്ലായ്‌പോഴും തെറ്റാണ് എന്നതാണ് ഉത്തരം. ഗർഭകാലം പൂർത്തിയാകുന്നതുവരെ ആ കുഞ്ഞിനെ വഹിക്കാൻ അമ്മയെ സഹായിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യുക എന്നതായിരിക്കണം ലക്ഷ്യം. അതേസമയം, സ്വീകരിക്കാവുന്ന ചില മാർഗങ്ങളുണ്ട്. ഉദാഹരണത്തിന്, കുഞ്ഞിന് ഒരു പരിധിവരെ അപകടസാധ്യത ഉണ്ടെങ്കിലും, നേരത്തേ പ്രസവം നടത്താം. അപകടസാധ്യത അമിതമാകാതിരിക്കാൻ ശ്രദ്ധിക്കണം; എങ്കിലും, ഒരു പരിധിവരെയുള്ള അപകടസാധ്യത സ്വീകരിക്കുന്നത് ന്യായമാണ്.

അമ്മ മരിച്ചാൽ കുഞ്ഞും മരിക്കുമെന്ന് നിഗമനത്തിലെത്തുമ്പോൾ ഇത് പ്രത്യേകിച്ചും പ്രസക്തമാണ്. അത്തരമൊരു സാഹചര്യത്തിൽ, അമ്മയ്ക്കും കുഞ്ഞിനും ഉള്ള അപകടസാധ്യത, മരണം ഏതാണ്ട് അനിവാര്യമാകുന്നത്ര വലുതാണെന്ന് ഒരു ഡോക്ടർ നിർണയിക്കുമ്പോൾ, കുഞ്ഞിന് വലിയ അപകടസാധ്യതയുണ്ടെങ്കിലും നേരത്തേ പ്രസവം നടത്തുന്നത് ഏറെക്കുറെ അനിവാര്യമായിത്തീരും. ഈ സാഹചര്യത്തിൽ ഉദ്ദേശ്യം തീർച്ചയായും ഗർഭഛിദ്രമല്ല; അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിക്കുക എന്നതാണ് ഉദ്ദേശ്യവും ലക്ഷ്യവും.

പ്രത്യേകം പരിഗണിക്കേണ്ട ഒരു സാഹചര്യം അണ്ഡവാഹിനിക്കുഴലിലെ ഗർഭധാരണമാണ്. ഗർഭധാരണത്തിനുശേഷം കുഞ്ഞ് ഗർഭാശയഭിത്തിയിലല്ലാതെ അണ്ഡവാഹിനിക്കുഴലിൽ പറ്റിപ്പിടിക്കുന്ന അവസ്ഥയാണിത്. അണ്ഡവാഹിനിക്കുഴലിലെ ഗർഭം പൂർണകാലം വരെ തുടരാനാവില്ല. കുഴൽ പൊട്ടിയാൽ ജീവന് ഭീഷണിയാകുന്ന ആന്തരിക രക്തസ്രാവമുണ്ടാകാം. ഗർഭം ഗർഭാശയത്തിനു പുറത്തായിരിക്കാമെന്നു സംശയിക്കുന്നവർ വൈകാതെ വൈദ്യപരിശോധന തേടണം. കഠിനമായ വേദനയോ തലകറക്കമോ ബോധക്ഷയമോ ഉണ്ടായാൽ അടിയന്തര ചികിത്സ തേടണം. “ദ്വിഫല സിദ്ധാന്തം” എന്നു വിളിക്കുന്ന ഒരു ധാർമികതത്ത്വം അനേകം ധാർമിക ദൈവശാസ്ത്രജ്ഞർ പ്രയോഗിച്ചിട്ടുള്ള ഒരു സാഹചര്യമാണിത്. “ദ്വിഫലം” എന്നതുകൊണ്ട് ഒരു ഫലം ഉദ്ദേശിക്കപ്പെടുന്നു, മറ്റൊന്ന് ഉദ്ദേശിക്കപ്പെടുന്നില്ല എന്നാണ് അർഥമാക്കുന്നത്. കൂടുതൽ വ്യക്തമായി പറഞ്ഞാൽ, പൊട്ടിയതോ ഉടൻ പൊട്ടാൻ പോകുന്നതോ ആയ അണ്ഡവാഹിനിക്കുഴലിന്റെ ഭാഗം നീക്കം ചെയ്യുന്നത് അനുവദനീയമാണെന്ന് പലരും വാദിച്ചിട്ടുണ്ട്; അതോടൊപ്പം മനുഷ്യഭ്രൂണവും നീക്കം ചെയ്യപ്പെടുമെങ്കിലും. ഈ സാഹചര്യത്തിൽ നേരിട്ടുള്ള ഗർഭഛിദ്രമല്ല ഉദ്ദേശ്യം.

നിങ്ങളോ നിങ്ങൾക്കറിയാവുന്ന ആരെങ്കിലുമോ ഈ സാഹചര്യത്തിലാണെങ്കിൽ, ഉപദേശത്തിനായി നിങ്ങളുടെ ഇടവകവൈദികനെ തീർച്ചയായും സമീപിക്കുക. ഓരോ കേസിനും അതിന്റേതായ പ്രത്യേക സാഹചര്യങ്ങളുണ്ടാകും. അതിനാൽ, നിങ്ങളുടെ സാഹചര്യവും അതിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാ ഘടകങ്ങളും വിലയിരുത്തേണ്ടത് അത്യന്താപേക്ഷിതമാണ്.


കത്തോലിക്കാ വിശ്വാസത്തെക്കുറിച്ചുള്ള കൂടുതൽ ചോദ്യോത്തരങ്ങൾ