
ജിയാക്കോമോ ഗ്വെറീനി, CC BY-SA 4.0, Wikimedia Commons വഴി
ഫെബ്രുവരി 8: വിശുദ്ധ ജെറോം എമിലിയാനി, സ്ഥാപകൻ—ഐച്ഛിക അനുസ്മരണം
1486–1537
അനാഥരുടെയും ഉപേക്ഷിക്കപ്പെട്ട കുട്ടികളുടെയും സ്വർഗീയ മധ്യസ്ഥൻ
1767 ജൂലൈ 16-ന് ക്ലെമന്റ് പതിമൂന്നാമൻ മാർപാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചു
ആരാധനാക്രമ നിറം: വെള്ള (നോമ്പുകാല വാരദിനമാണെങ്കിൽ വയലറ്റ്)
പതിപ്പ്: പൂർണ്ണരൂപം – ഹ്രസ്വരൂപം
പോഡ്കാസ്റ്റ് ചാനലുകൾ:
Apple – Spotify – iHeart – Audible
ഉദ്ധരണി:
ഒരു ദിവസം രാവിലെ, വിശുദ്ധ മഗ്ദലേനയുടെ പേരിലുള്ള ആശുപത്രിയിൽ ഞങ്ങൾ ഇരുപത്തെട്ടുപേർ പ്രാർഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഞങ്ങൾക്ക് കഴിക്കാൻ ഒന്നുമില്ലാതിരുന്നതിനാൽ ജെറോം അച്ചൻ ഞങ്ങളോടു പറഞ്ഞു: “എന്റെ മക്കളേ, സംശയിക്കേണ്ട, കർത്താവ് കരുതിക്കൊള്ളും!” അദ്ദേഹം അപ്പോഴും പ്രാർഥിച്ചുകൊണ്ടിരിക്കെ വാതിൽമണി മുഴങ്ങുന്നതു ഞങ്ങൾ കേട്ടു. വാതിൽ തുറക്കാൻ അവർ പോയി. ഒരാൾക്ക് ജെറോം അച്ചനെ കാണണമായിരുന്നു. അച്ചൻ വാതിൽക്കലേക്കു പോയി, നാല് അപ്പങ്ങളുമായി മടങ്ങിവന്നു…ആ നാല് അപ്പങ്ങളും ശുദ്ധജലവും മാത്രംകൊണ്ട് അദ്ദേഹം ഞങ്ങൾ ഇരുപത്തെട്ടുപേർക്കും ഭക്ഷണം നൽകി; കാരണം, അദ്ദേഹത്തിന്റെ പക്കൽ മറ്റൊന്നും ഉണ്ടായിരുന്നില്ല. എല്ലാവർക്കും വേണ്ടുവോളം ലഭിച്ചു. കർത്താവ് ഒരിക്കലും നമ്മെ ഉപേക്ഷിക്കുകയില്ലാത്തതിനാൽ സന്തോഷത്തോടെ ഭക്ഷിക്കണമെന്ന് അച്ചൻ ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. ~ദൃക്സാക്ഷിയുടെ സാക്ഷ്യം
വിചിന്തനം: ചിലരെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തങ്ങൾ ഇരുണ്ട പാതയിലേക്കു നയിക്കുന്നു. എന്നാൽ മറ്റുചിലർ ദുരന്തത്തെ വിശ്വാസത്തോടും പ്രത്യാശയോടുംകൂടി നേരിടുന്നു; അത് അവരുടെ വ്യക്തിപരമായ പരിവർത്തനത്തിന്റെ തുടക്കമായി മാറുന്നു. ഇന്ന് നാം അനുസ്മരിക്കുന്ന വിശുദ്ധന്റെ ജീവിതത്തിൽ സംഭവിച്ചതും ഇതുതന്നെയാണ്.
വെനീസിലെ ഭരണാധികാരം കൈയാളിയിരുന്ന ഒരു ഉന്നതകുടുംബത്തിലാണ് ജെറോം ജനിച്ചത്. ജെറോമിന് ഏകദേശം പത്തുവയസ്സുള്ളപ്പോൾ പിതാവ് മരിച്ചു. അദ്ദേഹം സദ്ഗുണങ്ങളിൽ വളരുകയും പഠനം തുടരുകയും ചെയ്തു. അസാമാന്യ മികവിന്റെ പേരിലല്ല, മറിച്ച് മറ്റുള്ളവരുമായി ഇടപഴകാനുള്ള കഴിവ്, സൗഹൃദമനോഭാവം, പ്രസന്നത, മനോദാർഢ്യം, ഉത്സാഹം എന്നിവയുടെ പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
തന്റെ കുടുംബത്തിൽ പതിവായിരുന്നതുപോലെ കൗമാരപ്രായത്തിൽ ജെറോം സൈന്യത്തിൽ ചേർന്നു. സൈനികജീവിതത്തിനിടയിൽ, സദ്ഗുണങ്ങളിൽ വളരുന്നതിനെക്കാൾ ബഹുമതികൾ നേടുന്നതിലായി അദ്ദേഹത്തിന് കൂടുതൽ അഭിലാഷം. സ്ഥാനക്കയറ്റങ്ങൾ നൽകി ആദരിക്കപ്പെട്ടതോടെ അദ്ദേഹത്തിന്റെ അഭിലാഷങ്ങൾ സഫലമായി. ഇരുപത്തഞ്ചാം വയസ്സിൽ അദ്ദേഹം കാംബ്രേ സഖ്യത്തിന്റെ യുദ്ധത്തിൽ പങ്കെടുത്തു. വെനീസിനു തൊട്ടു പടിഞ്ഞാറുള്ള കാസ്തെൽനുവോ കോട്ടയുടെ സൈനിക നേതൃത്വം അദ്ദേഹത്തിനു ലഭിച്ചു. 1511-ൽ, അദ്ദേഹത്തിന്റെ സൈനികരിൽ പലരും അദ്ദേഹത്തെ ഉപേക്ഷിച്ചുപോയതിനുശേഷം, അദ്ദേഹവും മറ്റു മൂന്നുപേരും പിടിക്കപ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്തു.
പിടിക്കപ്പെട്ടത് ഒരു പരാജയമായിട്ടാണ് ജെറോം ആദ്യം കണ്ടത്. എന്നാൽ അത് ക്രിസ്തുവിൽ അദ്ദേഹം നേടാനിരുന്ന ശാശ്വതവിജയത്തിന്റെ തുടക്കമാകുകയായിരുന്നു. തലമുതൽ പാദംവരെ ചങ്ങലകളാൽ ബന്ധിക്കപ്പെട്ട് തടവിലായിരിക്കുമ്പോൾ, സ്വന്തം ജീവിതത്തെക്കുറിച്ച് ചിന്തിക്കാൻ ജെറോമിന് സമയം ലഭിച്ചു. അദ്ദേഹത്തിന്റെ തടവുജീവിതം ഒരു മാസം മാത്രമേ നീണ്ടുനിന്നുള്ളൂവെങ്കിലും, ആ മാസം ശക്തമായ അനുഭവങ്ങളുടെയും പരിവർത്തനത്തിന്റെയും കാലമായിരുന്നു. തന്റെ ബാല്യകാലത്തെ വിശ്വാസത്തിലേക്ക് അദ്ദേഹം മടങ്ങിവന്നു, ക്രിസ്തുവിനായി ഹൃദയം തുറന്നു, വിശേഷിച്ച് ദൈവമാതാവിന്റെ മധ്യസ്ഥസഹായം തേടി. മാതാവ് തന്നെ മോചിപ്പിച്ചാൽ, ജീവിതം മാറ്റുകയും ദൈവഹിതത്തിനായി സ്വയം സമർപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം മാതാവിനോടു വാഗ്ദാനം ചെയ്തു. അതുതന്നെ അസാധാരണമായ വിധത്തിൽ സംഭവിക്കുകയും ചെയ്തു.
1511 സെപ്റ്റംബർ 27-ന്, തന്റെ തടവറയിൽ വെള്ളവസ്ത്രം ധരിച്ച ഒരു സ്ത്രീയുടെ രൂപത്തിൽ ജെറോം ദൈവമാതാവിനെ കണ്ടുമുട്ടി. മാതാവ് അദ്ദേഹത്തിന്റെ വാഗ്ദാനം സ്വീകരിക്കുകയും ചങ്ങലകളുടെ താക്കോലുകൾ നൽകുകയും ചെയ്തു. തുടർന്ന് കാവൽക്കാരുടെ ശ്രദ്ധയിൽപ്പെടാതെ തടവറവളപ്പിലൂടെ നഗരത്തിനു പുറത്തേക്ക് അദ്ദേഹത്തെ നയിച്ചു. മാതാവിന്റെ പ്രചോദനത്താൽ അദ്ദേഹം ത്രെവീസോ പട്ടണത്തിലേക്കു നടന്നുപോയി. അവിടെ ദേവാലയത്തിൽ പ്രവേശിച്ച് പരിശുദ്ധ മാതാവിന്റെ തിരുസ്വരൂപത്തിനു മുമ്പിൽ നിന്നു; അദ്ദേഹത്തിന്റെ ജീവിതം മാറിത്തുടങ്ങി. അടുത്ത ഏതാനും വർഷങ്ങൾ ജെറോം സൈനികസേവനത്തിൽ തുടർന്നെങ്കിലും, പിന്നീട് ലൗകികാഭിലാഷങ്ങൾ ഉപേക്ഷിച്ച് ദൈവശാസ്ത്രം പഠിക്കാൻ തുടങ്ങി.
1526 ആയപ്പോഴേക്കും ജെറോമിന്റെ അമ്മയും രണ്ടു സഹോദരന്മാരും മരണമടഞ്ഞിരുന്നു. അതോടെ, ഒരു സഹോദരന്റെ അനാഥരായ പുത്രന്മാരിൽ ഒരുവനെ സംരക്ഷിക്കാനുള്ള ചുമതല അദ്ദേഹത്തിനായി. അപ്പോഴേക്കും ജെറോമിന്റെ ഹൃദയം ഉപവിപ്രവർത്തനങ്ങളിലേക്കു തിരിഞ്ഞിരുന്നു; തടവുജീവിതംപോലെതന്നെ ഈ ദുരന്തവും, ഉപേക്ഷിക്കപ്പെട്ടവരും അനാഥരുമായ കുട്ടികളെ പരിപാലിക്കാനുള്ള അദ്ദേഹത്തിന്റെ ഭാവിവിളിയുടെ തുടക്കമായി. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഈ കാലഘട്ടത്തെക്കുറിച്ച് ഒരു അടുത്ത സുഹൃത്ത് പിന്നീട് ഇങ്ങനെ എഴുതി: “ദൈവവചനം പതിവായി ശ്രവിച്ചതിലൂടെ, തന്റെ കൃതഘ്നതയെക്കുറിച്ച് അദ്ദേഹം ഓർക്കാൻ തുടങ്ങി. കർത്താവിനെതിരെ ചെയ്ത പാപങ്ങൾ അദ്ദേഹം അനുസ്മരിച്ചു. അദ്ദേഹം പലപ്പോഴും കരയുകയും ക്രൂശിതനായ കർത്താവിന്റെ പാദാന്തികത്തിൽ, തന്റെ ന്യായാധിപനായിരിക്കാതെ രക്ഷകനായിരിക്കണമേ എന്ന് അവിടുത്തോടു പ്രാർഥിക്കുകയും ചെയ്തു.”
1528-ൽ കടുത്ത ക്ഷാമവും പ്ലേഗും വെനീസിനെ ബാധിച്ചു; അനേകം കുട്ടികൾ അനാഥരായി. തന്റെ സഹോദരപുത്രന്മാരെ പരിപാലിക്കുന്നതിനു പുറമേ, സ്വന്തം സമ്പത്തിൽനിന്നു ചെലവഴിച്ച് മറ്റു അനാഥരെയും ജെറോം സംരക്ഷിക്കാൻ തുടങ്ങി. സ്നേഹത്തിൽനിന്നു ശക്തി നേടിയ അദ്ദേഹം ദരിദ്രരെയും ഉപേക്ഷിക്കപ്പെട്ടവരെയും രോഗികളെയും അനാഥരെയും പരിപാലിക്കുന്നതിൽ തളരാതെ പ്രവർത്തിച്ചു. മരണമടഞ്ഞവർക്ക് ഉചിതമായ സംസ്കാരം ഉറപ്പാക്കിക്കൊണ്ട് അവരെയും അദ്ദേഹം കരുതലോടെ പരിചരിച്ചു. തുടർന്നുള്ള വർഷങ്ങളിൽ, അദ്ദേഹത്തിന്റെ സ്നേഹാർദ്രവും ഊർജസ്വലവുമായ വ്യക്തിത്വവും, പീഡിതനായ ക്രിസ്തുവിലുള്ള വിശ്വാസവും ഭക്തിയും ചേർന്ന് ആശുപത്രികളും അനാഥാലയങ്ങളും മാനസാന്തരപ്പെട്ട വേശ്യകൾക്കായുള്ള അഭയകേന്ദ്രങ്ങളും സ്ഥാപിക്കാൻ അദ്ദേഹത്തെ പ്രാപ്തനാക്കി.
1532-ൽ ജെറോം വെനീസിനും മിലാനുമിടയിലുള്ള സൊമാസ്ക എന്ന നഗരത്തിലേക്കു താമസം മാറ്റി. രണ്ടു വൈദികരോടൊപ്പം അദ്ദേഹം “ദരിദ്രരുടെ ദാസന്മാരുടെ സമൂഹം” സ്ഥാപിച്ചു (പിന്നീട് ഇത് സൊമാസ്കൻ പിതാക്കന്മാരുടെ സന്യാസസഭ എന്നു വിളിക്കപ്പെട്ടു). ദാരിദ്ര്യത്തിൽ ജീവിക്കാനും ദരിദ്രരെയും രോഗികളെയും പ്രത്യേകിച്ച് അനാഥക്കുട്ടികളെയും സേവിക്കാനും ഈ വൈദികർ സ്വയം സമർപ്പിച്ചു. വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും സുവിശേഷം പൂർണഹൃദയത്തോടെ പ്രഘോഷിക്കാൻ ജെറോം തന്നെത്തന്നെ സമർപ്പിച്ചു. തന്റെ സഹോദരന്മാരെയും അവരുടെ ഭവനങ്ങളെയും അദ്ദേഹം വലിയ നൈപുണ്യത്തോടെ ക്രമീകരിച്ചു. അനേകർ മാനസാന്തരപ്പെടുകയും വിശ്വാസത്തിൽ തീക്ഷ്ണതയുള്ളവരായി വളരുകയും ചെയ്തു. പ്ലേഗ് ബാധിതരെ പരിചരിക്കുന്നതിലുള്ള അദ്ദേഹത്തിന്റെ സമർപ്പണം അത്ര വലുതായിരുന്നു; ഒടുവിൽ അദ്ദേഹത്തിനും ആ രോഗം പിടിപെട്ടു. 1537 ഫെബ്രുവരിയുടെ ആദ്യനാളുകളിൽ പ്ലേഗിന്റെ രക്തസാക്ഷിയായി അദ്ദേഹം മരണമടഞ്ഞു.
ലോകത്തിൽനിന്നു നേടാവുന്ന മഹത്വവും ബഹുമാനവും ആദ്യം വിശുദ്ധ ജെറോമിനെ ആകർഷിച്ചിരുന്നു. ദുരന്തമെന്നു തോന്നിയത് അദ്ദേഹത്തിനു മഹത്വമായി മാറി. തടവും സഹനവും അദ്ദേഹത്തിന്റെ കണ്ണുകൾ തുറന്നു; അദ്ദേഹം അനുതപിക്കുകയും തന്റെ ജീവിതം ക്രിസ്തുവിലേക്കു തിരിക്കുകയും ചെയ്തു. ദരിദ്രരിലും സഹിക്കുന്നവരിലും രോഗികളിലും അനാഥരിലും അദ്ദേഹം തന്റെ കർത്താവിനെ കണ്ടെത്തി. അവരിൽ അദ്ദേഹം തന്റെ കർത്താവിനെ സ്നേഹിക്കുകയും അവിടുത്തെ സേവനത്തിൽ ഏകമനസ്സോടെ മുഴുകുകയും ചെയ്തു.
നിങ്ങളുടെ ജീവിതാഭിലാഷങ്ങളെക്കുറിച്ച് ചിന്തിക്കുക. ഈ ലോകത്തിന്റെ കടന്നുപോകുന്ന “മഹത്വ”ത്തിൽ ആകൃഷ്ടരാകാൻ എളുപ്പമാണ്. എന്നാൽ ആ വ്യാജമഹത്വം ക്ഷണികമാണ്. നിങ്ങളുടെ സ്നേഹം ഏറ്റവുമധികം ആവശ്യമുള്ളവരിൽ ദൈവത്തിന്റെ സാന്നിധ്യം കണ്ടെത്തിക്കൊണ്ട് ഈ വിശുദ്ധനെ അനുകരിക്കാൻ പരിശ്രമിക്കുക. അവരെ സ്നേഹിക്കുക. അവരുടെ മഹത്ത്വം തിരിച്ചറിയുക. അവർക്കുവേണ്ടി ദൈവകരുണയുടെ ഉപകരണമായിത്തീരുക. അപ്പോൾ വിശുദ്ധ ജെറോമിനെപ്പോലെ നിങ്ങളും നിങ്ങളുടെ ജീവിതലക്ഷ്യം കണ്ടെത്തിയിരിക്കും.
പ്രാർഥന: വിശുദ്ധ ജെറോമേ, അങ്ങയുടെ ഹൃദയത്തിൽ മഹത്ത്വത്തിനായുള്ള ആഗ്രഹമുണ്ടായിരുന്നു. ലൗകികവും ക്ഷണികവുമായ ബഹുമതികളിലൂടെ ആ ആഗ്രഹം നിറവേറ്റാൻ അങ്ങ് ആദ്യം ശ്രമിച്ചെങ്കിലും, ദൈവം അങ്ങയുടെ കണ്ണുകൾ തുറക്കുകയും അവിടുത്തെ വിശുദ്ധ തിരുവിഷ്ടം പൂർണഹൃദയത്തോടെ നിറവേറ്റുന്നതിലാണ് ഏറ്റവും വലിയ ബഹുമാനം കണ്ടെത്തുന്നതെന്നു തിരിച്ചറിയാൻ അങ്ങയെ സഹായിക്കുകയും ചെയ്തു. അങ്ങയുടെ ഉദാരത അനുകരിക്കാനും സുവിശേഷസേവനത്തിനും ആവശ്യത്തിലിരിക്കുന്നവരുടെ പരിപാലനത്തിനുമായി എന്നെത്തന്നെ സമർപ്പിക്കാനും എനിക്കുവേണ്ടി പ്രാർഥിക്കണമേ. വിശുദ്ധ ജെറോമേ, എനിക്കുവേണ്ടി പ്രാർഥിക്കണമേ. ഈശോയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.
ആരാധനാക്രമവർഷത്തിലെ വിശുദ്ധരും തിരുനാളുകളും
ഒന്നു മുതൽ നാലു വരെ വാല്യങ്ങൾ
കൂടുതൽ വായനയ്ക്ക്:
കത്തോലിക്കാ വിശുദ്ധർ & തിരുനാളുകൾ (ശ്രാവ്യരൂപം)
ബട്ലറുടെ വിശുദ്ധരുടെ ജീവചരിത്രങ്ങൾ
ആരാധനാക്രമവത്സരത്തിലെ എല്ലാ വിശുദ്ധരും
(ഹ്രസ്വരൂപം)
ഫെബ്രുവരി 8: വിശുദ്ധ ജെറോം എമിലിയാനി, സ്ഥാപകൻ—ഐച്ഛിക അനുസ്മരണം
വെനീസിലെ ഉന്നതവർഗത്തിൽപ്പെട്ട ഒരു ഭരണകുടുംബത്തിലാണ് ജെറോം ജനിച്ചത്. അദ്ദേഹത്തിന് ഏകദേശം പത്തു വയസ്സുള്ളപ്പോൾ പിതാവ് മരണമടഞ്ഞു. ജെറോം സദ്ഗുണങ്ങളിൽ വളരുകയും പഠനം തുടരുകയും ചെയ്തു. പഠനത്തിൽ മികവുറ്റ വിദ്യാർഥിയായിരുന്നില്ലെങ്കിലും, അദ്ദേഹം ആളുകളുമായി ഇടപഴകാൻ ഇഷ്ടപ്പെടുന്നവനും സൗഹൃദമനസ്കനും പ്രസന്നവദനനും ദൃഢചിത്തനും ഉത്സാഹഭരിതനുമായിരുന്നു.
കൗമാരപ്രായത്തിൽ ജെറോം സൈന്യത്തിൽ ചേർന്നു. സദ്ഗുണങ്ങളിൽ വളരാനുള്ള ആഗ്രഹത്തെക്കാൾ ബഹുമതികൾ നേടാനുള്ള അഭിലാഷത്തിനു അദ്ദേഹം പ്രാധാന്യം നൽകി. ഇരുപത്തഞ്ചാം വയസ്സിൽ, കാസ്റ്റെൽനുവോ കോട്ടയുടെ സൈന്യാധിപനായിരിക്കെ, അദ്ദേഹവും മറ്റു മൂന്നുപേരും പിടിക്കപ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്തു.
തലമുതൽ പാദംവരെ ചങ്ങലകളാൽ ബന്ധിതനായിരിക്കുമ്പോൾ, സ്വന്തം ജീവിതത്തെക്കുറിച്ചു ചിന്തിക്കാൻ ജെറോമിനു സമയം ലഭിച്ചു. അദ്ദേഹത്തിന്റെ തടവുജീവിതം ഒരു മാസം മാത്രമേ നീണ്ടുനിന്നുള്ളൂവെങ്കിലും, അത് ആഴത്തിൽ സ്വാധീനിക്കുകയും ജീവിതത്തെ രൂപാന്തരപ്പെടുത്തുകയും ചെയ്ത ഒരു മാസമായിരുന്നു. യൗവനത്തിലെ വിശ്വാസത്തിലേക്ക് അദ്ദേഹം മടങ്ങിവന്നു, ക്രിസ്തുവിനായി ഹൃദയം തുറന്നു, പ്രത്യേകമായി മറിയത്തിന്റെ മാധ്യസ്ഥ്യം തേടി. തന്നെ മോചിപ്പിച്ചാൽ ജീവിതം മാറ്റി ദൈവതിരുവിഷ്ടത്തിനായി തന്നെത്തന്നെ സമർപ്പിക്കുമെന്ന് അദ്ദേഹം മറിയത്തോടു നേർച്ച നേർന്നു.
1511 സെപ്റ്റംബർ 27-ന്, തന്റെ തടവറയിൽ വെള്ളവസ്ത്രം ധരിച്ച ഒരു സ്ത്രീയുടെ രൂപത്തിൽ ജെറോം ദൈവമാതാവിനെ കണ്ടുമുട്ടി. മാതാവ് അദ്ദേഹത്തിന്റെ വാഗ്ദാനം സ്വീകരിച്ച് ചങ്ങലകളുടെ താക്കോലുകൾ നൽകി. തുടർന്ന് കാവൽക്കാർ ശ്രദ്ധിക്കാതെ ആ വളപ്പിലൂടെ അദ്ദേഹത്തെ നയിച്ച് നഗരത്തിനു പുറത്തേക്കു കൊണ്ടുപോയി. ട്രെവീസോ പട്ടണത്തിൽ തങ്ങിയ അദ്ദേഹം ദേവാലയത്തിൽ പ്രവേശിച്ച് പരിശുദ്ധ മാതാവിന്റെ ഒരു തിരുസ്വരൂപത്തിനുമുമ്പിൽ ചെന്നുനിന്നു.. മൂന്നു വർഷംകൂടി സൈന്യത്തിൽ സേവനമനുഷ്ഠിച്ചശേഷം, അദ്ദേഹം ലൗകികാഭിലാഷങ്ങൾ ഉപേക്ഷിച്ച് ദൈവശാസ്ത്രം പഠിക്കാൻ തുടങ്ങി.
1526 ആയപ്പോഴേക്കും ജെറോം അച്ചന്റെ അമ്മയും രണ്ടു സഹോദരന്മാരും മരണമടഞ്ഞിരുന്നു. അതോടെ, ഒരു സഹോദരന്റെ അനാഥരായ പുത്രന്മാരിൽ ഒരുവനെ സംരക്ഷിക്കാനുള്ള ചുമതല അദ്ദേഹത്തിനായി. അപ്പോഴേക്കും ജെറോം അച്ചന്റെ ഹൃദയം ഉപവിപ്രവർത്തനങ്ങളിലേക്കു തിരിഞ്ഞിരുന്നു. കുടുംബാംഗങ്ങളുടെ വേർപാട്, ഉപേക്ഷിക്കപ്പെട്ടവരും അനാഥരുമായ കുട്ടികളെ പരിപാലിക്കാനുള്ള അദ്ദേഹത്തിന്റെ വിളിയുടെ തുടക്കമായി.
1528-ൽ വെനീസിൽ കടുത്ത ക്ഷാമവും പ്ലേഗും പടർന്നുപിടിച്ചു; അനേകം കുട്ടികൾ മാതാപിതാക്കളില്ലാത്തവരായി. തന്റെ സഹോദരങ്ങളുടെ പുത്രന്മാരെ പരിപാലിച്ചതിനു പുറമേ, ജെറോം അച്ചൻ മറ്റു അനാഥരെയും പരിചരിക്കാൻ തുടങ്ങി. സ്വന്തം സമ്പത്തിൽനിന്ന് അദ്ദേഹം അവരുടെ ആവശ്യങ്ങൾ നിറവേറ്റി. മരണമടഞ്ഞവർക്ക് ഉചിതമായ സംസ്കാരം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം ഉറപ്പുവരുത്തി. തുടർന്നുള്ള വർഷങ്ങളിൽ, അദ്ദേഹത്തിന്റെ സ്നേഹനിർഭരവും ഊർജസ്വലവുമായ വ്യക്തിത്വവും വിശ്വാസവും പീഡിതനായ ക്രിസ്തുവിനോടുള്ള ഭക്തിയും ചേർന്ന് ആശുപത്രികളും അനാഥാലയങ്ങളും വേശ്യാവൃത്തി ഉപേക്ഷിച്ച് മാനസാന്തരപ്പെട്ട സ്ത്രീകൾക്കുള്ള അഭയകേന്ദ്രങ്ങളും സ്ഥാപിക്കാൻ അദ്ദേഹത്തെ പ്രാപ്തനാക്കി.
1532-ൽ ജെറോം അച്ചൻ വെനീസിനും മിലാനുമിടയിലുള്ള സൊമാസ്ക എന്ന നഗരത്തിലേക്കു താമസം മാറ്റി. അവിടെ അദ്ദേഹം ദരിദ്രരുടെ ദാസന്മാരുടെ സമൂഹം (പിന്നീട് സൊമാസ്കൻ വൈദികരുടെ സന്യാസസഭ എന്നറിയപ്പെട്ടു) സ്ഥാപിക്കുന്നതിൽ പങ്കുചേർന്നു. ദാരിദ്ര്യജീവിതം നയിക്കാനും ദരിദ്രരെയും രോഗികളെയും വിശേഷിച്ച് അനാഥരെയും സേവിക്കാനും ഈ വൈദികർ സ്വയം സമർപ്പിച്ചു. ജെറോം അച്ചൻ തന്റെ സഹോദരങ്ങളെയും അവരുടെ ഭവനങ്ങളെയും വൈദഗ്ധ്യത്തോടെ ഏകോപിപ്പിച്ചു. പ്ലേഗ് ബാധിതരോടുള്ള അദ്ദേഹത്തിന്റെ സമർപ്പണം അത്രമേൽ ആഴമുള്ളതായിരുന്നു; ഒടുവിൽ അദ്ദേഹത്തിനും ആ രോഗം ബാധിക്കുകയും 1537 ഫെബ്രുവരി ആദ്യത്തിൽ പ്ലേഗിന്റെ രക്തസാക്ഷിയായി മരണമടയുകയും ചെയ്തു.
വിശുദ്ധ ജെറോമേ, ലൗകികവും ക്ഷണികവുമായ ബഹുമതികൾ തേടിക്കൊണ്ട് മഹത്ത്വത്തിനായുള്ള അഭിലാഷം നിറവേറ്റാനാണ് അങ്ങ് ആദ്യം ശ്രമിച്ചത്. തന്റെ പരിശുദ്ധ തിരുവിഷ്ടത്തെ പൂർണഹൃദയത്തോടെ സേവിക്കുന്നതിലാണ് ഏറ്റവും വലിയ ബഹുമതി കണ്ടെത്താനാവുകയെന്ന് തിരിച്ചറിയാൻ ദൈവം അങ്ങയുടെ കണ്ണുകൾ തുറന്നു. സുവിശേഷശുശ്രൂഷയ്ക്കും ആവശ്യത്തിലായിരിക്കുന്നവരുടെ പരിചരണത്തിനുമായി എന്നെത്തന്നെ സമർപ്പിക്കാൻ എനിക്കുവേണ്ടി പ്രാർഥിക്കണമേ. വിശുദ്ധ ജെറോമേ, എനിക്കുവേണ്ടി പ്രാർഥിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

