നോമ്പുകാലത്തിലെ ഒന്നാം ആഴ്ചയിലെ തിങ്കളാഴ്ച
ഏറ്റവും മനോഹരവും ഫലസമൃദ്ധവുമായ ഒരു തോട്ടമോ സ്വർണം പാകിയ വീഥികളുള്ള മഹത്തായ ഒരു നഗരമോ ആണ് സ്വർഗത്തെ ഏറ്റവും നന്നായി പ്രതീകപ്പെടുത്തുന്നതെങ്കിലും, മരുഭൂമിയുടെ ഊഷരതയാണ് ദൈവരാജ്യത്തിന്റെ സമൃദ്ധിയിലേക്കുള്ള പാത.
ഇസ്രായേലിലെ മരുഭൂമിയിൽ, ജെറീക്കോയ്ക്കു സമീപം, യേശു ആ നാൽപ്പതു ദിവസങ്ങൾ വസിച്ചിരുന്ന സ്ഥലങ്ങളെന്നു വിശ്വസിക്കപ്പെടുന്ന ഗുഹകളുണ്ട്. ആദ്യമൊക്കെ ഒരു ഗുഹ പര്യവേക്ഷണം ചെയ്യുന്നത് കൗതുകകരമായി തോന്നിയേക്കാം. എന്നാൽ ഈ ലോകം നൽകുന്ന സുഖസൗകര്യങ്ങൾ ഗുഹയിലോ മരുഭൂമിയിലോ ലഭ്യമല്ല. ഇരിക്കാനോ ഉറങ്ങാനോ മൃദുവും സുഖപ്രദവുമായ ഇടങ്ങൾ ഒരു ഗുഹയിൽ ഇല്ല; പ്രകൃതിദത്തമായ വെളിച്ചവും വളരെ കുറവാണ്. മരുഭൂമിയിൽ തണലും ഭക്ഷണവും ദുർലഭമാണ്; ചിലപ്പോൾ ഒട്ടുംതന്നെ ഉണ്ടാവുകയുമില്ല.
ഈ ലോകത്തിലെ സമ്പത്തും സുഖസൗകര്യങ്ങളും കൃപാജീവിതത്തിന്റെ സമ്പത്തിനോടും അനുഗ്രഹങ്ങളോടും താരതമ്യം ചെയ്യാൻപോലും കഴിയാത്തവയാണെന്ന് നമ്മെ പഠിപ്പിക്കുക എന്നതും യേശു ഈ ഊഷരവും വിജനവുമായ സ്ഥലത്തേക്കു പ്രവേശിച്ചതിന്റെ ഒരു കാരണമായിരുന്നു. മരുഭൂമിയിലെ ഒരു ഗുഹയിൽ താമസിച്ചുകൊണ്ട് നിങ്ങൾക്കു സന്തോഷമായിരിക്കാൻ കഴിയുമോ? ഒരുപക്ഷേ, കൂടുതൽ ഉചിതമായ ചോദ്യം ഇതായിരിക്കും: ലോകത്തിലെ എല്ലാ ഭൗതികാനുഗ്രഹങ്ങളും സുഖസൗകര്യങ്ങളും ഇല്ലാതെ, മരുഭൂമിയുടെ ഊഷരതയിൽ ജീവിച്ചപ്പോൾ യേശു സന്തോഷവാനായിരുന്നോ? തീർച്ചയായും ആയിരുന്നു. കാരണം, പിതാവിന്റെ ഇഷ്ടം നിറവേറ്റിക്കൊണ്ട് പിതാവുമായുള്ള ഐക്യത്തിൽ ജീവിക്കുന്നതിലായിരുന്നു അവിടുത്തെ സന്തോഷം ആശ്രയിച്ചിരുന്നത്. ഇതിനെക്കാൾ കൂടുതലായി മറ്റൊന്നും അവിടുത്തെ ആനന്ദിപ്പിച്ചിരുന്നില്ല. അതിനാൽ, ഭൂമിയിലെ ഏറ്റവും ഊഷരമായ സ്ഥലത്തേക്ക് സ്വമനസ്സാലെ പ്രവേശിച്ചതിലൂടെ, ദൈവവുമായുള്ള ആഴമായ ഐക്യത്തോടു താരതമ്യം ചെയ്യാവുന്ന യാതൊന്നും ഭൂമിയിലില്ലെന്ന് യേശു നമ്മെ പഠിപ്പിക്കുന്നു.
സ്വന്തം ജീവിതത്തിലേക്കു നോക്കുമ്പോൾ, അതിനെ “ഊഷരം” എന്നു വിശേഷിപ്പിക്കാൻ നിങ്ങൾക്കു കഴിയുമോ? അതോ സുഖസൗകര്യങ്ങൾ നിറഞ്ഞതും സുഖഭോഗങ്ങളിൽ മുഴുകിയതും ധൂർത്തു നിറഞ്ഞതും ലൗകികവുമായ ജീവിതം എന്ന വിശേഷണമാണോ കൂടുതൽ യോജിക്കുക? ഒരുപക്ഷേ, അത് ഇവയ്ക്കിടയിൽ എവിടെയെങ്കിലുമായിരിക്കാം. ഈ ലോകത്തിലെ ചില സുഖസൗകര്യങ്ങൾ ഉണ്ടായിരിക്കുന്നതിൽ തെറ്റൊന്നുമില്ലെങ്കിലും, ഈ ലോകത്തിൽ നിങ്ങൾക്കുള്ള ഓരോ സുഖവും, കൂടുതൽ നേടുന്നതാണ് സന്തോഷത്തിലേക്കുള്ള വഴിയെന്നു വിശ്വസിക്കാൻ നിങ്ങളെ പ്രലോഭിപ്പിക്കുമെന്ന് നിങ്ങൾ എപ്പോഴും മനസ്സിലാക്കണം.
നിങ്ങളുടെ ആത്മാവ് ഊഷരമായിരിക്കാനല്ല, സമൃദ്ധമായി നിറയാനാണ് ദൈവം ആഗ്രഹിക്കുന്നത് എന്ന ലളിതമായ സത്യം ധ്യാനിക്കുക. അതു സംഭവിക്കാൻ, ഈ ലോകത്തിലെ ക്ഷണികമായ സുഖങ്ങൾ കൂടുതലായി ആഗ്രഹിക്കാൻ നിങ്ങളെ പ്രലോഭിപ്പിക്കുകയും ദൈവത്തിന് എതിരാളിയായി നിലകൊള്ളുകയും ചെയ്യുന്ന ഭൗമിക സുഖഭോഗങ്ങളെ നിങ്ങൾ നിയന്ത്രണത്തിലാക്കുകയും ശുദ്ധീകരിക്കുകയും വേണം. മരുഭൂമിയുടെ ഊഷരാവസ്ഥയിലേക്കു പ്രവേശിക്കാനുള്ള യേശുവിന്റെ തീരുമാനത്തിൽനിന്ന് ഒരു പാഠം പഠിക്കുക. അങ്ങനെ ചെയ്യുമ്പോൾ, ആ ഊഷരതയിലേക്ക് അവിടുത്തെ അനുഗമിക്കാൻ നിങ്ങൾക്കു കഴിയുന്ന വഴികൾ കണ്ടെത്തുക. നിങ്ങളുടെ ജീവിതത്തിൽ അമിതമായവ ഉള്ളിടത്ത് അവ നീക്കിക്കളയാൻ പരിശ്രമിക്കുക. ലൗകികമായ ആഗ്രഹങ്ങളും സുഖസൗകര്യങ്ങൾക്കായുള്ള മോഹങ്ങളും ഉള്ളിടത്ത് അവയെ നിയന്ത്രിക്കാൻ പരിശ്രമിക്കുക. അങ്ങനെ, യഥാർഥ സംതൃപ്തി നൽകുന്ന ഏക യാഥാർഥ്യമായ ദൈവത്തോടുതന്നെ ഇവ നിങ്ങളുടെ ആത്മാവിൽ മത്സരിക്കാതിരിക്കട്ടെ.
ഭൂമിയിലെ ഊഷരതയുടെ നാഥനായ എന്റെ കർത്താവേ, അങ്ങ് ദരിദ്രനായി ഈ ലോകത്തിലേക്കു വന്നു; നാൽപ്പതു ദിവസത്തേക്കു മരുഭൂമിയിലേക്കു പ്രവേശിച്ചപ്പോൾ ആ സമ്പൂർണ ദാരിദ്ര്യം സ്വമനസ്സാലെ സ്വീകരിക്കുകയും ചെയ്തു. ഈ ലോകത്തിലെ സുഖസൗകര്യങ്ങളും ആഡംബരങ്ങളും എന്റെ ജീവിതലക്ഷ്യങ്ങളാക്കി മാറ്റാനുള്ള പ്രലോഭനത്തിൽനിന്ന് എന്നെ മോചിപ്പിക്കണമേ. മരുഭൂമിയുടെ ദാരിദ്ര്യം തിരഞ്ഞെടുത്ത അങ്ങയിൽനിന്നു പഠിക്കാനും അങ്ങ് നൽകിയ മാതൃക പിന്തുടരാനും എനിക്കു കഴിയുമാറാകട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ഇതും കാണുക: അഞ്ചാം ദിവസം: കുരിശിൻ ചുവട്ടിൽ 40 ദിവസങ്ങൾ
നോമ്പുകാലത്തിനായി കൂടുതൽ വിഭവങ്ങൾ
