മലയാളം

പതിനാറാം ദിവസം – അത്ഭുതങ്ങളിൽ ഏറ്റവും മഹത്തായത്


വീഡിയോ പതിപ്പ്

[യേശു] പറഞ്ഞു: “ഇനി കരയേണ്ടാ; അവൾ മരിച്ചിട്ടില്ല, ഉറങ്ങുകയാണ്.” അവൾ മരിച്ചെന്ന് അറിയാമായിരുന്നതിനാൽ അവർ അവനെ പരിഹസിച്ചു. എന്നാൽ അവൻ അവളുടെ കൈയിൽ പിടിച്ച്, “കുഞ്ഞേ, എഴുന്നേൽക്കൂ!” എന്നു വിളിച്ചു. അവളുടെ ശ്വാസം തിരികെ വന്നു; അവൾ ഉടനെ എഴുന്നേറ്റു. അവൾക്ക് എന്തെങ്കിലും ഭക്ഷിക്കാൻ കൊടുക്കണമെന്ന് അവൻ നിർദേശിച്ചു. ലൂക്കാ 8:52b-55

യേശു പ്രവർത്തിച്ച അനേകം അത്ഭുതങ്ങളിൽ ഒന്നു മാത്രമായിരുന്നു ഇത്. യേശുവിന്റെ പരസ്യശുശ്രൂഷയിലുടനീളം നമ്മുടെ പരിശുദ്ധ അമ്മ അവന്റെ അത്ഭുതങ്ങൾക്ക് സാക്ഷിയായി. കാനായിലെ വിവാഹവിരുന്നിൽ അവൻ പ്രവർത്തിച്ച ആദ്യത്തെ അത്ഭുതം അമ്മയുടെ അഭ്യർഥനപ്രകാരമായിരുന്നു. അതിനുശേഷം യേശു ഇനിയും അനേകം അത്ഭുതങ്ങൾ പ്രവർത്തിച്ചു. മരിച്ചവർ ഉയിർപ്പിക്കപ്പെട്ടു, ജനസമൂഹങ്ങൾക്ക് ഭക്ഷണം നൽകപ്പെട്ടു, പിശാചുക്കൾ പുറത്താക്കപ്പെട്ടു, അന്ധരും ബധിരരും സുഖം പ്രാപിച്ചു; ഇങ്ങനെ മറ്റനേകം അത്ഭുതങ്ങളും നടന്നു.

നമ്മുടെ പരിശുദ്ധ അമ്മ കുരിശിൻചുവട്ടിൽ നിന്നപ്പോൾ, ഒരു അത്ഭുതംകൂടി പ്രത്യാശിച്ചിട്ടുണ്ടാകാം. തന്റെ പുത്രനെ നോക്കിക്കൊണ്ടിരിക്കെ, നിയമജ്ഞരും ജനപ്രമാണികളും പരിഹസിച്ചുകൊണ്ട് പറയുന്നത് അമ്മ കേട്ടു: “അവൻ മറ്റുള്ളവരെ രക്ഷിച്ചു; തന്നെത്തന്നെ രക്ഷിക്കാൻ അവനു കഴിയുന്നില്ല. അവൻ ഇസ്രായേലിന്റെ രാജാവാണല്ലോ! ഇപ്പോൾ കുരിശിൽനിന്ന് ഇറങ്ങിവരട്ടെ; അപ്പോൾ ഞങ്ങൾ അവനിൽ വിശ്വസിക്കാം” (മത്തായി 27:42). യേശു കുരിശിൽനിന്ന് ഇറങ്ങിവന്ന് ലൗകികമായ രീതിയിൽ തന്നെത്തന്നെ രക്ഷിക്കുമെന്ന് ചിലർ പ്രതീക്ഷിച്ചിരുന്നെങ്കിലും, നമ്മുടെ പരിശുദ്ധ അമ്മ പ്രത്യാശിച്ച അത്ഭുതം അതിനെക്കാൾ എത്രയോ മഹത്തരമായിരുന്നു.

തന്റെ പുത്രന്റെ കുരിശുമരണത്തിലേക്ക് നോക്കിക്കൊണ്ടിരുന്നപ്പോൾ അമ്മ എന്ത് അത്ഭുതമാണ് പ്രത്യാശിച്ചത്? അവിടുത്തെ പരിപൂർണ്ണ ബലിയുടെ രക്ഷാകരമായ കൃപ സകല മനുഷ്യരുടെയും പാപങ്ങൾ തുടച്ചുനീക്കാനായി അവരുടെമേൽ ചൊരിയപ്പെടണമെന്ന് അമ്മ പ്രത്യാശിച്ചു. തന്റെ പുത്രനെ പരിഹസിച്ച അതേ നിയമജ്ഞരും ഫരിസേയരും ജനപ്രമാണികളും അവിടുത്തെ മരണത്തിലൂടെ മാനസാന്തരപ്പെട്ട് രക്ഷിക്കപ്പെടണമെന്ന് അമ്മ പ്രത്യാശിച്ചു. അവിടുത്തെ മരത്തിൽ ആണിയടിച്ച പടയാളികൾ അവിടുത്തെ കുരിശിന്റെ ശക്തി തിരിച്ചറിഞ്ഞ് തങ്ങളുടെ ജീവിതം തന്റെ പുത്രനു സമർപ്പിക്കണമെന്ന് അമ്മ പ്രത്യാശിച്ചു. കുരിശിൻചുവട്ടിൽ നമ്മുടെ പരിശുദ്ധ അമ്മ പ്രത്യാശിച്ച ഏറ്റവും വലിയ അത്ഭുതം ലോകത്തിന്റെ രക്ഷയായിരുന്നു.

മറിയത്തെപ്പോലെ നാമും നമ്മുടെ ജീവിതത്തിലും മറ്റുള്ളവരുടെ ജീവിതത്തിലും ഏറ്റവും വലിയ നന്മ തേടണം. ചിലപ്പോഴൊക്കെ നമ്മുടെ ആഗ്രഹങ്ങളിലും പ്രതീക്ഷകളിലും സ്വാർഥത കടന്നുവന്നേക്കാമെങ്കിലും, ഈ സ്വാർഥതയെ മറികടന്ന് യേശുവിന്റെ ജീവിതത്തിന്റെ പരിസമാപ്തിയായ അത്ഭുതം നാം തേടണം. നമ്മുടെതന്നെ നിത്യരക്ഷയും എല്ലാവരുടെയും രക്ഷയും നാം തേടണം.

നമ്മുടെ ദിവ്യനാഥന്റെ അത്ഭുതശക്തിയെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. മരിച്ചവരെ ഉയിർപ്പിക്കാനും രോഗികളെ സുഖപ്പെടുത്താനും ജനസമൂഹത്തെ പോഷിപ്പിക്കാനും അന്ധർക്കു കാഴ്ച തിരികെ നൽകാനും അവിടുത്തേക്കു കഴിയും. എന്നാൽ അവിടുത്തേക്കു ചെയ്യാൻ കഴിയാത്ത ഒരു കാര്യമുണ്ട്. തന്റെ രക്ഷാകരബലിയുടെ കൃപയെ ശാഠ്യത്തോടെ ചെറുക്കുന്നവരുടെമേൽ അത് അടിച്ചേൽപ്പിക്കാൻ അവിടുത്തേക്കു കഴിയില്ല. ഈ കൃപയെ പൂർണ്ണമായി സ്വീകരിക്കാൻ സ്വയം സമർപ്പിക്കുക. അങ്ങനെ യേശുവിന്റെ ഏറ്റവും വലിയ അത്ഭുതം നിങ്ങളുടെ ജീവിതത്തിൽ കൂടുതൽ പൂർണ്ണമായി നിറവേറുകയും നമ്മുടെ പരിശുദ്ധ അമ്മയുടെ ഹൃദയത്തിലെ പ്രത്യാശ സഫലമാകുകയും ചെയ്യട്ടെ.

എന്റെ പ്രിയ അമ്മേ, അങ്ങയുടെ പുത്രന്റെ ജീവിതത്തിലും ശുശ്രൂഷയിലും എത്രയോ അത്ഭുതസംഭവങ്ങൾക്ക് അങ്ങ് സാക്ഷിയായി. അവിടുന്ന് മരിച്ചവരെ ഉയിർപ്പിക്കുന്നതും രോഗികളെ സുഖപ്പെടുത്തുന്നതും പിശാചുക്കളെ പുറത്താക്കുന്നതും അങ്ങ് കണ്ടു. അങ്ങയുടെ ഏകപുത്രൻ തൂങ്ങിക്കിടന്ന കുരിശിനു മുന്നിൽ നിന്നപ്പോൾ, നിരാശയിലേക്കു വീഴാനുള്ള പ്രലോഭനം അങ്ങയ്ക്ക് ഉണ്ടായിട്ടുണ്ടാകാം. എന്നാൽ അങ്ങയുടെ പരിപൂർണ്ണ വിശ്വാസത്തിൽ അത്തരം പ്രലോഭനങ്ങളെ തള്ളിക്കളഞ്ഞ്, അങ്ങയുടെ പുത്രൻ നൽകിയ അവസാനത്തേതും ഏറ്റവും മഹത്തരവുമായ അത്ഭുതത്തിൽ അങ്ങ് പ്രത്യാശയർപ്പിച്ചു. ലോകത്തിന്റെ രക്ഷയെന്ന അത്ഭുതത്തിൽ അങ്ങയ്ക്ക് പരിപൂർണ്ണ പ്രത്യാശയുണ്ടായിരുന്നു.

എന്റെ പ്രിയ അമ്മേ, അവസാനത്തേതും ഏറ്റവും മഹത്തരവുമായ ഈ അത്ഭുതത്തിന്റെ അനുഗ്രഹം എനിക്കും ലഭിക്കാൻ എനിക്കുവേണ്ടി പ്രാർഥിക്കണമേ. അങ്ങയുടെ പുത്രൻ കുരിശിൽനിന്ന് എനിക്കു നൽകുന്നതെല്ലാം സ്വീകരിക്കാനായി എന്റെ ഹൃദയത്തിന്റെ വാതിൽ മലർക്കെ തുറക്കാൻ എന്നെ സഹായിക്കണമേ.

എന്റെ പ്രിയനാഥാ, അങ്ങയുടെ ജീവിതത്തിലെ അവസാനത്തേതും ഏറ്റവും മഹത്തരവുമായ ഈ പ്രവൃത്തിക്കായി ഞാൻ അങ്ങേക്കു നന്ദി പറയുന്നു. എന്റെയും ലോകം മുഴുവന്റെയും രക്ഷയ്ക്കായി അങ്ങയുടെ കുരിശിൽനിന്നു ചൊരിയപ്പെട്ട കൃപയ്ക്കായി ഞാൻ അങ്ങേക്കു നന്ദി പറയുന്നു. പ്രിയനാഥാ, എന്റെ ജീവിതം ഞാൻ അങ്ങേക്കായി തുറന്നുതരുന്നു; അങ്ങ് എനിക്കു നൽകാൻ ആഗ്രഹിക്കുന്നതെല്ലാം സ്വീകരിക്കാൻ കഴിയണമേ എന്നു ഞാൻ യാചിക്കുന്നു. പ്രിയനാഥാ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. അങ്ങയെ കൂടുതൽ സ്നേഹിക്കാൻ എന്നെ സഹായിക്കണമേ.

മറിയമാതാവേ, എനിക്കുവേണ്ടി പ്രാർഥിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

പതിനേഴാം ദിവസം – ജറുസലെമിലേക്കുള്ള പ്രവേശനം

ഉള്ളടക്കം

ഇ-പുസ്തകം & പേപ്പർബാക്ക് പതിപ്പുകൾ ലഭ്യമാണ്!