മലയാളം

നാല്പതാം ദിവസം – കല്ലറയുടെ നിശ്ശബ്ദത


വീഡിയോ പതിപ്പ്

യഹൂദരുടെ ശവസംസ്കാരരീതിയനുസരിച്ച് അവർ യേശുവിന്റെ ശരീരമെടുത്ത് സുഗന്ധദ്രവ്യങ്ങളോടുകൂടെ ശവക്കച്ചകളിൽ പൊതിഞ്ഞു. അവിടുന്ന് ക്രൂശിക്കപ്പെട്ട സ്ഥലത്ത് ഒരു തോട്ടവും, ആ തോട്ടത്തിൽ അതുവരെ ആരെയും അടക്കം ചെയ്തിട്ടില്ലാത്ത ഒരു പുതിയ കല്ലറയും ഉണ്ടായിരുന്നു. യഹൂദരുടെ ഒരുക്കദിനമായിരുന്നതിനാലും കല്ലറ അടുത്തായിരുന്നതിനാലും അവർ യേശുവിനെ അവിടെ സംസ്കരിച്ചു. യോഹന്നാൻ 19:40-42

ലൗകികമായ കാഴ്ചപ്പാടിൽ, എല്ലാം നഷ്ടപ്പെട്ടിരുന്നു, എല്ലാം അവസാനിച്ചിരുന്നു. യേശുവിന്റെ ജീവിതം അവസാനിച്ചിരുന്നു. അവിടുത്തെ ശരീരം കല്ലറയിൽ കിടന്നു; പ്രവേശനകവാടം കല്ലുകൊണ്ട് അടച്ചിരുന്നു; അവിടുത്തെ അനുയായികൾ ചിതറിപ്പോയിരുന്നു. ഇതെല്ലാം സംഭവിക്കുമ്പോൾ നമ്മുടെ പരിശുദ്ധ അമ്മ എവിടെയായിരുന്നു?

അമ്മ എവിടെയായിരുന്നുവെന്ന് വിശുദ്ധഗ്രന്ഥം വെളിപ്പെടുത്തുന്നില്ലെങ്കിലും, ദുഃഖവെള്ളി മുതൽ ഉയിർപ്പുഞായർവരെ നമ്മുടെ പരിശുദ്ധ അമ്മ ജാഗരണത്തിലായിരുന്നു എന്ന് നമുക്ക് ഉറപ്പിക്കാം. എല്ലാറ്റിനുമുപരി, തന്റെ ഹൃദയത്തിലാണ് അമ്മ ജാഗരണം അനുഷ്ഠിച്ചത്. ജീവിതത്തിലുടനീളം തന്റെ പുത്രന്റെ രഹസ്യം അമ്മ നിരന്തരം ധ്യാനിച്ചിരുന്നു. അവിടുന്ന് തന്റെ ഉദരത്തിൽ ഉരുവായതും അവിടുത്തെ ജനനവും ഈജിപ്തിലേക്കുള്ള പലായനവും അവിടുത്തെ ബാല്യവും പരസ്യശുശ്രൂഷയിലെ ഓരോ നിമിഷവും അമ്മ ധ്യാനിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയിലുടനീളം അവിടുത്തെ പീഡാനുഭവവും ക്രൂരമായ മരണവും അമ്മ ധ്യാനിച്ചിരുന്നു. എന്നാൽ ഈ ധ്യാനത്തിലുടനീളം അമ്മയുടെ വിമലഹൃദയം ആത്മവിശ്വാസവും പരിപൂർണ്ണമായ ആശ്രയബോധവുംകൊണ്ട് സജീവമായിരുന്നു. പിതാവിന്റെ പദ്ധതിയിലെ ജ്ഞാനം അമ്മയുടെ മനസ്സ് തിരിച്ചറിഞ്ഞു; അമ്മയുടെ ഹൃദയം അതിനു പൂർണ്ണസമ്മതം നൽകി. പിതാവിന്റെ തിരുഹിതം പൂർണ്ണമായി നിറവേറിക്കൊണ്ടിരിക്കുകയാണെന്ന് സംശയത്തിന്റെ ഒരു നിഴൽപോലുമില്ലാതെ അമ്മ അറിഞ്ഞിരുന്നു.

ആ വിശുദ്ധ ശനിയാഴ്ച നമ്മുടെ പരിശുദ്ധ അമ്മ തന്റെ പുത്രന്റെ ജീവിതവും മരണവും പ്രാർഥനാപൂർവം ധ്യാനിച്ചപ്പോൾ, അമ്മയുടെ ഹൃദയം പ്രശാന്തമായ ഉത്സാഹവും ആനന്ദവുംകൊണ്ട് നിറഞ്ഞിരുന്നിരിക്കണം. അവിടുത്തെ ഉത്ഥാനം എങ്ങനെയായിരിക്കും സംഭവിക്കുക എന്ന് അമ്മ കൃത്യമായി അറിഞ്ഞിരുന്നിരിക്കണമെന്നില്ല; എങ്കിലും അവിടുന്ന് ഉടൻ തന്നെ തന്റെ അടുക്കലേക്കു മടങ്ങിവരുമെന്ന് അമ്മയ്ക്ക് ഉറച്ച ബോധ്യമുണ്ടായിരുന്നു. ഒരു നിമിഷംപോലും നിരാശ തന്റെ വിമലഹൃദയത്തിൽ പ്രവേശിക്കാൻ അമ്മ അനുവദിച്ചില്ല. പകരം, തന്റെ പുത്രനുവേണ്ടി പ്രാർഥനാപൂർവം ജാഗരിച്ചുകൊണ്ട്, മൂന്നാം ദിവസം താൻ ഉയിർത്തെഴുന്നേൽക്കുമെന്ന അവിടുത്തെ വാഗ്ദാനം നിറവേറുന്നതിനായി അമ്മ കാത്തിരുന്നു. അവിടുന്ന് ഇതു പറയുന്നത് അമ്മ കേട്ടിരുന്നു; അത് സത്യമാണെന്ന് അമ്മ അറിഞ്ഞിരുന്നു. ജാഗ്രതയോടെയുള്ള പ്രാർഥനയിലും പ്രതീക്ഷയിലും കാത്തിരിക്കുക എന്നതു മാത്രമായിരുന്നു ഇപ്പോൾ അമ്മയുടെ കടമ.

പ്രത്യാശ ദൈവത്തിൽനിന്നുള്ള ഒരു അതിസ്വാഭാവിക ദാനമാണ്. അത് വെറും ആഗ്രഹചിന്തയോ ശുഭാപ്തിവിശ്വാസമോ അല്ല. നമ്മിൽ ഓരോരുത്തരുടെയും ഉള്ളിൽ ദൈവം ഒരു വാഗ്ദാനം നൽകുന്ന ദാനമാണ് പ്രത്യാശ. അവിടുന്ന് നൽകുന്ന വാഗ്ദാനങ്ങൾ അവിടുത്തെ ദൈവികതിരുഹിതത്തിന്റെ പൂർണ്ണമായ വെളിപ്പെടുത്തലാണ്. അവിടുന്ന് തന്റെ വാഗ്ദാനങ്ങൾ അരുളിച്ചെയ്യുന്നതു കേൾക്കുമ്പോൾ, നാം വിശ്വാസത്തോടെ പ്രത്യുത്തരിക്കണം.

വിശുദ്ധ ശനിയാഴ്ചയിലെ ഈ പരമപവിത്രമായ രംഗത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. അനേകർ നിരാശയും ആശയക്കുഴപ്പവും നിറഞ്ഞവരായിരുന്നപ്പോൾ, നമ്മുടെ പരിശുദ്ധ അമ്മ പ്രത്യാശയോടെയുള്ള തന്റെ ജാഗരണം തുടർന്നു. മഹത്തായ കാര്യങ്ങൾ ഇനിയും സംഭവിക്കാനിരിക്കുന്നുവെന്ന് യാതൊരു സംശയവുമില്ലാതെ അമ്മ അറിഞ്ഞിരുന്നു. തന്റെ പുത്രൻ രക്ഷാദൗത്യം പൂർത്തിയാക്കിയെന്നും, തങ്ങളുടെ ആവശ്യങ്ങളിൽ അവിടുത്തെ പക്കലേക്കു തിരിയുന്ന എല്ലാവർക്കും നവജീവൻ പുനഃസ്ഥാപിച്ചു നൽകാൻ പോവുകയാണെന്നും അമ്മ അറിഞ്ഞിരുന്നു. നിങ്ങളുടെ ജീവിതത്തിലെ ദൈവത്തിന്റെ വാഗ്ദാനത്തിൽ നിങ്ങൾക്കുള്ള പ്രത്യാശയെക്കുറിച്ച് ധ്യാനിക്കുക. നമ്മുടെ പരിശുദ്ധ അമ്മയുടെ മാതൃക നിങ്ങൾക്കു പ്രചോദനമാകട്ടെ. അമ്മയുടെ പ്രാർഥനകൾ നിങ്ങളെ രൂപാന്തരപ്പെടുത്തട്ടെ. നിങ്ങൾക്കായി മഹത്തായ കാര്യങ്ങൾ ദൈവം കരുതിവെച്ചിട്ടുണ്ടെന്ന് ഒരു നിമിഷംപോലും സംശയിക്കരുത്. വിശ്വസിക്കുന്നവർക്ക് ഉത്ഥാനം എപ്പോഴും ഒരു നിമിഷം മാത്രം അകലെയാണ്.

എന്റെ ഏറ്റവും പ്രിയപ്പെട്ട അമ്മേ, അങ്ങയുടെ ദൈവികപുത്രന്റെ ഉത്ഥാനത്തിനായി പരിപൂർണ്ണ പ്രത്യാശയോടെ അങ്ങ് കാത്തിരുന്നപ്പോൾ, അങ്ങയോടൊപ്പം ജാഗരിക്കാൻ എന്നെയും അനുവദിക്കണമേ. അങ്ങയുടെ വിമലഹൃദയത്തിൽ സജീവമായിരിക്കുന്ന ഓരോ പുണ്യത്തിന്റെയും സൗന്ദര്യം മനസ്സിലാക്കാൻ എന്നെ സഹായിക്കണമേ. അങ്ങ് സഹിച്ച വേദനകൾ അങ്ങയുടെ ജീവിതത്തിൽ പുണ്യങ്ങളുടെ പൂർണ്ണതയ്ക്ക്, പ്രത്യേകിച്ച് ദൈവിക പ്രത്യാശയെന്ന പുണ്യത്തിന്റെ പൂർണ്ണതയ്ക്ക്, ജന്മം നൽകിയെന്ന് മനസ്സിലാക്കാൻ എന്നെ സഹായിക്കണമേ.

എന്റെ പ്രിയപ്പെട്ട അമ്മേ, എന്റെ ജീവിതത്തിൽ അങ്ങയുടെ പുത്രന്റെ വാഗ്ദാനങ്ങൾ സ്വീകരിക്കാൻ ഞാൻ തുറവുള്ളവനായിരിക്കേണ്ടതിന് എനിക്കുവേണ്ടി പ്രാർഥിക്കണമേ. അവിടുന്ന് എന്നോടു സംസാരിക്കുന്നതും തന്റെ പരിപൂർണ്ണമായ പദ്ധതി വെളിപ്പെടുത്തുന്നതും എനിക്കു കേൾക്കാൻ കഴിയേണ്ടതിന് പ്രാർഥിക്കണമേ. ലൗകികമായ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടുവെന്നു തോന്നുമ്പോഴും ആ പദ്ധതിയിൽ ആശ്രയിക്കാൻ എനിക്കു കഴിയട്ടെ. അങ്ങയുടെ വിമലമായ മാതൃക പിന്തുടരാനും അങ്ങയുടെ പ്രിയപുത്രനിൽ എല്ലായ്പ്പോഴും ആശ്രയിക്കാനും എനിക്കു കഴിയട്ടെ.

വിശ്രമിക്കുന്ന എന്റെ കർത്താവേ, ആ വിശുദ്ധ ശനിയാഴ്ച അങ്ങ് കല്ലറയിൽ കിടന്നപ്പോൾ, അങ്ങയുടെ വാഗ്ദാനത്തിന്റെ പൂർത്തീകരണത്തിനായി കാത്തിരുന്ന അങ്ങയുടെ പ്രിയപ്പെട്ട അമ്മയുടെ ഹൃദയത്തിൽ അങ്ങ് സമൃദ്ധമായ പ്രത്യാശ നിറച്ചു. ജീവിതത്തിലെ സഹനങ്ങൾ അവസാനമല്ലെന്ന് എനിക്കും വിശ്വസിക്കുന്ന എല്ലാവർക്കും അങ്ങ് വാഗ്ദാനം ചെയ്യുന്നു. അങ്ങയുടെ ഉത്ഥാനം എന്റെ മുമ്പിലുണ്ട്; എന്റെ ജീവിതവും അങ്ങയിൽ ആശ്രയിക്കുന്ന എല്ലാവരുടെയും ജീവിതവും രൂപാന്തരപ്പെടുത്തുമെന്ന് അങ്ങ് വാഗ്ദാനം ചെയ്യുന്നു. ജീവിതത്തിൽ എന്തു കുരിശ് നേരിട്ടാലും അങ്ങയുടെ പ്രിയപ്പെട്ട അമ്മയോടൊപ്പം ജാഗരിക്കാൻ എനിക്കാവശ്യമായ കൃപ നൽകണമേ.

മറിയമാതാവേ, എനിക്കുവേണ്ടി പ്രാർഥിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ഉള്ളടക്കം

വിശുദ്ധ വാരം


ഇ-പുസ്തകം & കടലാസ് പുറംചട്ടയുള്ള പതിപ്പ് എന്നീ രൂപങ്ങളിലും ലഭ്യമാണ്!