മലയാളം

മുപ്പത്തിയെട്ടാം ദിവസം – പടയാളിയുടെ കുന്തം


വീഡിയോ പതിപ്പ്

അതിനാൽ പടയാളികൾ വന്ന് യേശുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരുന്ന ഒന്നാമത്തെയാളുടെയും പിന്നെ മറ്റെയാളുടെയും കാലുകൾ തകർത്തു. എന്നാൽ യേശുവിന്റെ അടുത്തെത്തിയപ്പോൾ അവൻ മരിച്ചുകഴിഞ്ഞുവെന്നു കണ്ടതിനാൽ അവർ അവന്റെ കാലുകൾ തകർത്തില്ല. പകരം, ഒരു പടയാളി തന്റെ കുന്തംകൊണ്ട് അവന്റെ പാർശ്വത്തിൽ കുത്തി; ഉടനെ രക്തവും വെള്ളവും ഒഴുകിപ്പുറപ്പെട്ടു. യോഹന്നാൻ 19:32-34

നമ്മുടെ പരിശുദ്ധ അമ്മ തന്റെ പുത്രന്റെ ശരീരത്തിലേക്കു നോക്കിനിൽക്കുമ്പോൾ, അവന്റെ വലത്തും ഇടത്തും ഉണ്ടായിരുന്ന കുറ്റവാളികളുടെ കാലുകൾ പടയാളികൾ തകർക്കുന്നതു കണ്ടു. അവർ ഈശോയോട് എന്തു ചെയ്യാൻ പോകുകയാണെന്ന് അമ്മ ചിന്തിച്ചിരിക്കാം. നോക്കിനിൽക്കെ, പടയാളികളിലൊരാൾ അവന്റെ ഹൃദയത്തിൽ കുന്തം കുത്തിയിറക്കുന്നത് അമ്മ കണ്ടു. ക്രൂരത തുടരുന്നതു കണ്ടപ്പോൾ, ആ കുത്തിത്തുളയ്ക്കലിന്റെ കഠിനവേദന അമ്മ തീർച്ചയായും അനുഭവിച്ചു. എന്നാൽ പിന്നീടു സംഭവിച്ചത് ദൈവത്തിന്റെ കരുണ സമൃദ്ധമാണെന്നതിന്റെ അടയാളമായിരുന്നു. ഉടനെതന്നെ ഈശോയുടെ മുറിവേറ്റ ഹൃദയത്തിൽനിന്ന് രക്തവും ജലവും ഒഴുകിപ്പുറപ്പെട്ടു. ഇതു കണ്ടപ്പോൾ, നമ്മുടെ പരിശുദ്ധ അമ്മ ഉടനെതന്നെ അതിന്റെ അർത്ഥത്തെക്കുറിച്ച് ധ്യാനിച്ചിരിക്കുമായിരുന്നു.

ഈശോ മരിച്ചവനായി കുരിശിൽ തൂങ്ങിക്കിടക്കുമ്പോൾ, അവന്റെ മുറിവേറ്റ ഹൃദയത്തിൽനിന്ന് രക്തവും ജലവും ഒഴുകിപ്പുറപ്പെട്ടത് എന്തുകൊണ്ടാണ്? ആ രക്തവും ജലവും സഭയുടെ കൂദാശാജീവിതത്തിന്റെ പ്രതീകങ്ങളായിരുന്നു. മരണത്തിലും, ഒരു പടയാളി ഈശോയുടെ ശരീരത്തെ വീണ്ടും ദ്രോഹിച്ചപ്പോൾ, അവൻ ആ ദ്രോഹത്തെ കൃപയാക്കി മാറ്റി. തന്റെ ഹൃദയം കുത്തിത്തുളയ്ക്കപ്പെട്ടപ്പോൾ, അവൻ സ്വർഗത്തിന്റെ അണവാതിലുകൾ തുറന്ന് കൂദാശകളിലൂടെ ലഭിക്കുന്ന കരുണ സമൃദ്ധമായി ഒഴുക്കി. ആ രക്തം പരിശുദ്ധ കുർബാനയുടെ കൃപയുടെ ഒഴുക്കും ആ ജലം മാമ്മോദീസയുടെ കൃപയുടെ ഒഴുക്കുമായിരുന്നു.

നമ്മുടെ പരിശുദ്ധ അമ്മ സ്നേഹത്തോടും അഗാധമായ ദുഃഖത്തോടുംകൂടെ നോക്കിനിന്നപ്പോൾ, നാം ഇന്ന് മനസ്സിലാക്കുന്ന സഭയുടെ കൂദാശാജീവിതത്തിന്റെ തുടക്കമാണിതെന്ന് അമ്മ പൂർണ്ണമായി ഗ്രഹിച്ചിട്ടുണ്ടാകണമെന്നില്ല. തന്റെ പുത്രൻ നേടിയെടുത്ത കൃപയുടെ പുതുജീവിതത്തിന്റെ ആരംഭത്തിനാണ് താൻ സാക്ഷ്യം വഹിക്കുന്നതെന്ന് വിശ്വാസത്താൽ അമ്മ അറിഞ്ഞിരിക്കുമായിരുന്നു. ക്രൂരതയുടെ ഈ അവസാന പ്രവൃത്തി തന്റെ കൺമുന്നിൽവച്ചുതന്നെ രൂപാന്തരപ്പെട്ട് സ്വർഗത്തിൽനിന്നുള്ള സമൃദ്ധമായ അനുഗ്രഹങ്ങളായി മാറുകയാണെന്ന് അമ്മ അറിഞ്ഞിരിക്കുമായിരുന്നു.

കൂദാശകളെക്കുറിച്ച് നിങ്ങളുടെ വിശ്വാസം നിങ്ങൾക്ക് എന്താണ് വെളിപ്പെടുത്തുന്നത്? കൂദാശകൾ ദൈവത്തിന്റെ സമൃദ്ധമായ കരുണയുടെ ചാലുകളാണെന്ന് നിങ്ങൾ മനസ്സിലാക്കുന്നുണ്ടോ? ഈശോ കുരിശിൽ കൈവരിച്ച, പാപത്തിന്റെയും മരണത്തിന്റെയും മേലുള്ള വിജയം കരുണയുടെ ഈ ഏഴു നീർച്ചാലുകളിലൂടെ നിങ്ങളിലേക്ക് ഒഴുകിയെത്തുന്നുവെന്ന് നിങ്ങൾ തിരിച്ചറിയുന്നുണ്ടോ? കുരിശിൽ ഈശോയുടെ ഹൃദയം കുത്തിത്തുളയ്ക്കപ്പെട്ടതും സഭയുടെ കൂദാശാജീവിതവും തമ്മിലുള്ള ബന്ധം നിങ്ങൾ മനസ്സിലാക്കുന്നുണ്ടോ?

കൂദാശകളുടെ അസാധാരണമായ കൃപയെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. നമ്മുടെ പരിശുദ്ധ അമ്മയോടൊപ്പം ഈശോയുടെ പാർശ്വത്തിൽനിന്ന് ഒഴുകിപ്പുറപ്പെടുന്ന രക്തത്തെയും ജലത്തെയും കുറിച്ച് ധ്യാനിക്കുമ്പോൾ, ഈ പ്രവൃത്തിയുടെ ഏറ്റവും ആഴമായ യാഥാർത്ഥ്യം കാണാൻ ശ്രമിക്കുക. മാമ്മോദീസയുടെയും പരിശുദ്ധ കുർബാനയുടെയും എല്ലാ കൂദാശകളുടെയും കൃപ അവയുടെ ജനനനിമിഷത്തിൽ ദർശിക്കുക. ഇതു ധ്യാനിക്കുക: നിങ്ങൾ നമ്മുടെ കർത്താവിന്റെ കുരിശിനു മുമ്പിൽ നിൽക്കുന്നു; അവന്റെ കരുണയിൽ കുളിക്കുന്നു; അവന്റെ മുറിവേറ്റ ഹൃദയത്തിൽനിന്നുള്ള ഒഴുക്ക് കാണുന്നു; അതെല്ലാം സ്വീകരിക്കുന്നു. കേട്ടപ്പോൾ നിങ്ങൾ വന്നു. വന്നപ്പോൾ നിങ്ങൾ കണ്ടു. കണ്ടപ്പോൾ നിങ്ങൾ സ്പർശിച്ചു. സ്പർശിച്ചപ്പോൾ നിങ്ങൾ വിശ്വസിച്ചു. അവന്റെ മുറിവേറ്റ ഹൃദയത്തിൽനിന്ന് കൂദാശകൾ ഒഴുകിപ്പുറപ്പെട്ടു; കൃപയുടെ ആ വിരുന്നിൽ പങ്കുചേരാൻ നിങ്ങൾ ക്ഷണിക്കപ്പെട്ടിരിക്കുന്നു.

എന്റെ ഏറ്റവും പ്രിയപ്പെട്ട അമ്മയായ മറിയമേ, അങ്ങയുടെ പ്രിയപുത്രന്റെ ചേതനയറ്റ ശരീരത്തിലേക്ക് സ്നേഹത്തോടെ നോക്കിനിൽക്കുമ്പോൾ, പടയാളി കുന്തംകൊണ്ട് അവന്റെ ഹൃദയം തുറക്കുന്നത് അങ്ങ് കണ്ടു. ഇത് അങ്ങയുടെ ഹൃദയത്തിൽ അതികഠിനമായ വേദന ഉളവാക്കിയെങ്കിലും, സമൃദ്ധമായ പ്രത്യാശയാൽ അങ്ങയെ നിറയ്ക്കുകയും ചെയ്തു. അങ്ങയുടെ പുത്രനോടു ചെയ്ത ക്രൂരതയുടെ ഈ അവസാന പ്രവൃത്തി സ്വർഗീയ കൃപ തുറന്നുനൽകുകയും കരുണ സമൃദ്ധമായി ഒഴുക്കുകയും ചെയ്തു എന്ന അറിവിൽനിന്നാണ് അങ്ങയുടെ ഹൃദയത്തെ നിറച്ച പ്രത്യാശ ഉദിച്ചത്.

എന്റെ പ്രിയപ്പെട്ട അമ്മേ, അങ്ങയുടെ പ്രിയപുത്രന്റെ ഹൃദയത്തിൽനിന്ന് ഒഴുകിയ കരുണയ്ക്കായി എന്റെ ഹൃദയം ഞാൻ നിരന്തരം തുറന്നുകൊടുക്കാൻ എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ. പ്രത്യേകിച്ച് കൂദാശകളിലൂടെ സമൃദ്ധമായി നൽകപ്പെടുന്ന കൃപ സ്വീകരിക്കാൻ ഞാൻ സന്നദ്ധനായിരിക്കട്ടെ.

എന്റെ കരുണാമയനായ ഈശോയേ, പടയാളിയുടെ കുന്തം അങ്ങയുടെ ഹൃദയം കുത്തിത്തുളച്ചപ്പോൾ, മരണത്തിലും അങ്ങ് ദ്രോഹിക്കപ്പെട്ടു. ആ പ്രവൃത്തിയെ അങ്ങയുടെ സഭയിലെ കൂദാശാജീവിതത്തിന്റെ ഉറവിടമായി അത്ഭുതകരമായി രൂപാന്തരപ്പെടുത്തിയതിന് ഞാൻ അങ്ങയോടു നന്ദി പറയുന്നു. അങ്ങയുടെ ദിവ്യഹൃദയത്തിൽനിന്ന് ഒഴുകിപ്പുറപ്പെട്ട കരുണയിൽ ഞാൻ എപ്പോഴും മുഴുകാൻ ഇടയാകണമേ എന്ന് പ്രാർത്ഥിക്കുന്നു. അങ്ങയുടെ ഹൃദയത്തിൽനിന്ന് ഒഴുകിയ രക്തത്തിന്റെയും ജലത്തിന്റെയും ഓരോ തുള്ളിയും എന്റെ ആത്മാവിൽ പതിക്കട്ടെ.

മറിയമാതാവേ, എനിക്കുവേണ്ടി പ്രാർഥിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

മുപ്പത്തൊൻപതാം ദിവസം – പിയെത്ത

ഉള്ളടക്കം

വിശുദ്ധ വാരം


ഇ-പുസ്തകം & കടലാസ് പുറംചട്ടയുള്ള പതിപ്പ് എന്നീ രൂപങ്ങളിലും ലഭ്യമാണ്!