മലയാളം

മുപ്പത്തിയഞ്ചാം ദിവസം – “എല്ലാം പൂർത്തിയായി”


വീഡിയോ പതിപ്പ്

വീഞ്ഞ് സ്വീകരിച്ചപ്പോൾ യേശു പറഞ്ഞു: “എല്ലാം പൂർത്തിയായി.” പിന്നെ ശിരസ്സു നമിച്ച് അവിടുന്ന് ആത്മാവിനെ സമർപ്പിച്ചു. യോഹന്നാൻ 19:30

ഈ വാക്കുകൾ യേശുവിനും അവിടുത്തെ പ്രിയപ്പെട്ട അമ്മയ്ക്കും വലിയ ആശ്വാസം നൽകുന്നു; നമുക്കെല്ലാവർക്കും അവ അങ്ങനെതന്നെയായിരിക്കട്ടെ. “എല്ലാം പൂർത്തിയായി.” യേശുവിന്റെ പീഡകൾ അവസാനിച്ചിരുന്നു. പാപത്തിൽ വീണ മനുഷ്യകുലം അവിടുത്തെ ശരീരത്തിലേക്കുതന്നെ പ്രവേശിക്കുന്നതിന്റെ പ്രതീകമായ പുളിച്ച വീഞ്ഞ് അവിടുത്തെ “ദാഹം” ശമിപ്പിച്ചു. ആന്തരികവും ബാഹ്യവുമായ എല്ലാ സഹനങ്ങളിലേക്കും അവിടുന്ന് പ്രവേശിച്ചിരുന്നു; ഇപ്പോൾ മരണത്തിലേക്കുതന്നെ പ്രവേശിക്കാൻ അവിടുന്ന് സന്നദ്ധനായിരുന്നു. തന്റെ അവസാന വാക്കുകൾ ഉച്ചരിച്ച് അവിടുന്ന് തന്റെ ആത്മാവിനെ പിതാവിനു സമർപ്പിച്ചു.

നമ്മുടെ പരിശുദ്ധ അമ്മ തന്റെ പുത്രനെ നോക്കിനിൽക്കുകയും അവിടുത്തെ അവസാന വാക്കുകൾ കേൾക്കുകയും അവിടുന്ന് അന്ത്യശ്വാസം വലിക്കുന്നതിനു സാക്ഷിയാവുകയും ചെയ്തപ്പോൾ, അമ്മയ്ക്ക് ഒരാശ്വാസം അനുഭവപ്പെട്ടിരിക്കണം. യേശുവിന്റെ സുദീർഘമായ രക്ഷാദൗത്യം പൂർത്തിയായിക്കഴിഞ്ഞിരുന്നു. മരണം നശിപ്പിക്കപ്പെട്ടു; ഇനി അവിടുത്തെ ഉത്ഥാനത്തിനായി കാത്തിരുന്നാൽ മാത്രം മതിയായിരുന്നു അമ്മയ്ക്ക്.

ഇത് അവസാനമല്ലെന്ന് നമ്മുടെ പരിശുദ്ധ അമ്മയ്ക്ക് അറിയാമായിരുന്നു. തന്റെ പുത്രൻ ഉയിർത്തെഴുന്നേൽക്കുമെന്ന് അമ്മയ്ക്ക് അറിയാമായിരുന്നു. “മനുഷ്യപുത്രൻ വളരെയധികം സഹിക്കുകയും ജനപ്രമാണികൾ, പ്രധാനപുരോഹിതന്മാർ, നിയമജ്ഞർ എന്നിവരാൽ തിരസ്കരിക്കപ്പെടുകയും കൊല്ലപ്പെടുകയും മൂന്നു ദിവസങ്ങൾക്കുശേഷം ഉയിർത്തെഴുന്നേൽക്കുകയും ചെയ്യേണ്ടിയിരിക്കുന്നു” (മർക്കോസ് 8:31) എന്ന് അവിടുന്ന് പലവട്ടം പഠിപ്പിച്ചിരുന്നു. അപ്പസ്തോലന്മാർക്കും മറ്റു ശിഷ്യന്മാർക്കും ഈ പ്രബോധനം മനസ്സിലായില്ലെങ്കിലും നമ്മുടെ പരിശുദ്ധ അമ്മയ്ക്ക് അത് മനസ്സിലായിരുന്നു. അവിടുന്ന് തിരസ്കരിക്കപ്പെട്ടതിനും അവിടുത്തെ മരണത്തിനും അമ്മ സാക്ഷിയായി; ഇപ്പോൾ അവിടുന്ന് വാഗ്ദാനം ചെയ്ത ഉത്ഥാനത്തിലേക്ക് അമ്മ തന്റെ ദൃഷ്ടികൾ തിരിച്ചു.

യേശു “തന്റെ ആത്മാവിനെ സമർപ്പിച്ചു” എന്നും ഈ ഭാഗം പറയുന്നു. അവിടുത്തെ ജീവൻ അവിടുന്നിൽനിന്ന് എടുത്തുകളഞ്ഞതല്ല. അവിടുത്തെ മരണം ഒരു സ്വതന്ത്രമായ തിരഞ്ഞെടുപ്പായിരുന്നു; അതിലൂടെ അവിടുന്ന് തന്നെത്തന്നെ മരണത്തിന് ഏൽപ്പിച്ചുകൊടുത്തു. പാപത്തിന്റെ ആത്യന്തിക ഫലമായ മരണത്തിലേക്കുതന്നെ പ്രവേശിക്കാൻ അവിടുന്ന് തിരഞ്ഞെടുത്തു; മരണത്തെ വീണ്ടെടുത്ത് നിത്യജീവനിലേക്കുള്ള വാതിലാക്കി മാറ്റാനായിരുന്നു അത്. ജീവന്റെ ഉറവിടമായ ദൈവം മരണത്തെ തന്നിൽത്തന്നെ ഉൾക്കൊണ്ടുകൊണ്ടാണ് അതിനെ നശിപ്പിച്ചത്. മനുഷ്യനായി മാറിക്കൊണ്ട് നമ്മോടു സമീപസ്ഥനാകാൻ ദൈവം ആഗ്രഹിച്ചു. തന്നോട് അക്രമം പ്രവർത്തിക്കാൻ മനുഷ്യനെ അനുവദിക്കുന്നത്ര അടുത്തേക്ക് അവിടുന്ന് വന്നു. എന്നാൽ ക്രിസ്തുവിന്റെ ജീവിതത്തിലെ അവസാന അധ്യായം ഇനിയും എഴുതപ്പെടാനുണ്ടായിരുന്നു. പുതുജീവനിലേക്കുള്ള അവിടുത്തെ പ്രവേശനം ആരംഭിക്കാനിരിക്കുകയായിരുന്നു.

യേശുവിന്റെ ഈ വാക്കുകൾ നമ്മുടെ സ്വന്തം ജീവിതത്തിൽ വലിയ പ്രാധാന്യമുള്ളവയായിത്തീരണം. നമ്മുടെ പരിശുദ്ധ അമ്മയോടൊപ്പം കുരിശിനരികിൽ നിൽക്കുന്നതായി നാം നമ്മെത്തന്നെ കാണുകയും യേശു ഈ വാക്കുകൾ വ്യക്തിപരമായി നമ്മോടു പറയുന്നതു കേൾക്കുകയും വേണം. നമ്മുടെ ആത്മാവിലേക്കു നോക്കി, “എല്ലാം പൂർത്തിയായിരിക്കുന്നു” എന്നു നമ്മോടു പറയാൻ നാം നമ്മുടെ കർത്താവിനെ അനുവദിക്കണം. യേശു ഈ വാക്കുകൾ നമ്മിൽ ഓരോരുത്തരോടും പറയുന്നു. അവിടുന്ന് അരുളിച്ചെയ്യുന്നു: “നിന്റെ രക്ഷ പൂർത്തിയായിരിക്കുന്നു. എന്റെ മരണം നിന്റെ നിത്യമരണത്തെ നശിപ്പിച്ചിരിക്കുന്നു. വിജയത്തിന്റെ എന്റെ അവസാന വാക്ക് ഉച്ചരിക്കപ്പെട്ടിരിക്കുന്നു.” ഈ വിശുദ്ധ രംഗത്തെക്കുറിച്ചു ധ്യാനിക്കുകയും ഈ അവസാന വാക്കുകൾ കേൾക്കുകയും ചെയ്യുമ്പോൾ, അവ നമ്മുടെ ജീവിതത്തെത്തന്നെ രൂപാന്തരപ്പെടുത്താൻ അനുവദിക്കുന്നതിനായി നാം പരിശ്രമിക്കണം.

നിങ്ങളുടെ സ്വന്തം ജീവിതത്തിൽ നമ്മുടെ കർത്താവിന്റെ ഈ വാക്കുകൾക്കു നിങ്ങൾ ശ്രദ്ധകൊടുക്കുന്നുണ്ടോ എന്ന് ഇന്നു ചിന്തിക്കുക. നിങ്ങളുടെ പാപങ്ങൾക്ക് അവിടുത്തെ രക്ഷാകരമായ ബലിയുടെ ഫലം ലഭ്യമാക്കാൻ നിങ്ങൾ അവിടുത്തെ അനുവദിക്കുന്നുണ്ടോ? നമ്മുടെ കർത്താവിന്റെ ഈ വാഗ്ദാനവചനം നിങ്ങൾ ഹൃദയത്തിൽ സ്വീകരിച്ചിട്ടുണ്ടോ? അവിടുത്തെ മരണത്തിന്റെ അന്തിമതയെ നിങ്ങളുടെ സ്വന്തം പാപവുമായി ഒന്നിപ്പിക്കാൻ നിങ്ങൾ അനുവദിച്ചിട്ടുണ്ടോ? ഈ ചെറിയ മൂന്നു വാക്കുകളെക്കുറിച്ച് ഇന്നു ധ്യാനിക്കുക. നമ്മുടെ കർത്താവ് തന്റെ ആത്മാവിനെ സമർപ്പിച്ചതിന്റെ ശക്തി നിങ്ങളെ ഗ്രഹിക്കാനും നിങ്ങളുടെ ജീവിതത്തെ രൂപാന്തരപ്പെടുത്താനും അനുവദിക്കുക.

എന്റെ ഏറ്റവും പ്രിയപ്പെട്ട അമ്മേ, അങ്ങയുടെ പുത്രനെ ഉറ്റുനോക്കിയപ്പോൾ, തന്റെ ദൗത്യം പൂർത്തിയാക്കിയെന്ന് അവിടുന്ന് പ്രഖ്യാപിക്കുന്നത് അങ്ങ് കേട്ടു. എല്ലാം പൂർത്തിയായിക്കഴിഞ്ഞിരുന്നു. അവസാനംവരെ അവിടുന്ന് വിശ്വസ്തനായിരുന്നു. അങ്ങയുടെ കൺമുമ്പിൽ അവിടുന്ന് മരിച്ചപ്പോൾ അങ്ങയുടെ ഹൃദയം ദുഃഖത്താൽ നിറഞ്ഞെങ്കിലും, സർവമനുഷ്യർക്കുമായി രക്ഷയുടെ ദാനം പൂർത്തിയാകുന്നതിനു സാക്ഷ്യം വഹിച്ചപ്പോൾ അങ്ങയുടെ ആത്മാവ് വീണ്ടും ആനന്ദിച്ചു.

എന്റെ സ്നേഹനിധിയായ അമ്മേ, അങ്ങയുടെ പുത്രൻ ഈ വിശുദ്ധ വാക്കുകൾ അരുളിച്ചെയ്യുമ്പോൾ ഞാൻ ശ്രദ്ധയോടെ കേൾക്കാൻ എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ. “എല്ലാം പൂർത്തിയായിരിക്കുന്നു! നിന്റെ പാപത്തിന്റെ ഫലം ഞാൻ നശിപ്പിച്ചിരിക്കുന്നു. ഇനി മരണമില്ല” എന്ന് അവിടുന്ന് എന്നോടു പറയുന്നതു ഞാൻ കേൾക്കുമാറാകട്ടെ.

എന്റെ രക്ഷകനായ കർത്താവേ, അങ്ങയുടെ ദൈവികദൗത്യം പൂർത്തിയായെന്ന് കുരിശിൽനിന്ന് അങ്ങ് പ്രഖ്യാപിച്ചു. അങ്ങയുടെ ജീവൻ സ്വതന്ത്രമായി അർപ്പിച്ചതിലൂടെ മരണത്തെത്തന്നെ നശിപ്പിച്ചുവെന്ന് അങ്ങ് പ്രഘോഷിച്ചു. അങ്ങ് എന്റെ ഹൃദയത്തോട് ഈ വാക്കുകൾ പറയുന്നതു കേൾക്കാനും, അങ്ങ് മനസ്സോടെ അർപ്പിച്ച ബലിയിലൂടെ കൈവന്ന പുതുജീവനെന്ന അഗാധമായ ദാനം സ്വീകരിക്കാൻ ഹൃദയം തുറക്കാനും എന്നെ സഹായിക്കണമേ.

മറിയമാതാവേ, എനിക്കുവേണ്ടി പ്രാർഥിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

മുപ്പത്തിയാറാം ദിവസം – “പിതാവേ, അങ്ങയുടെ കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു”

ഉള്ളടക്കം


ഇ-പുസ്തകം & കടലാസ് പുറംചട്ടയുള്ള പതിപ്പ് എന്നീ രൂപങ്ങളിലും ലഭ്യമാണ്!