മലയാളം

ആണ്ടുവട്ടത്തിലെ മുപ്പത്തിയൊന്നാം വാരം

4 വാല്യങ്ങളും പേപ്പർബാക്ക് & ഇ-പുസ്തക രൂപങ്ങളിൽ ലഭ്യമാണ്!

ഉള്ളടക്കം

എളിമയിലൂടെ ഉയർത്തപ്പെടുന്നു

ആണ്ടുവട്ടക്കാലത്തിലെ മുപ്പത്തിയൊന്നാം ഞായറാഴ്ച (വർഷം A)

യേശു ജനക്കൂട്ടത്തോടും തന്റെ ശിഷ്യന്മാരോടും പറഞ്ഞു: “നിയമജ്ഞരും ഫരിസേയരും മോശയുടെ പീഠത്തിൽ ഇരിക്കുന്നു. അതിനാൽ, അവർ നിങ്ങളോടു പറയുന്നതെല്ലാം ചെയ്യുകയും അനുസരിക്കുകയും ചെയ്യുവിൻ. എന്നാൽ അവരുടെ മാതൃക പിന്തുടരരുത്.” മത്തായി 23:1–3

ചിലപ്പോൾ ആളുകളുടെ വാക്കുകൾ നമ്മെ പ്രചോദിപ്പിക്കുന്നു. എന്നാൽ, മിക്കപ്പോഴും അവരുടെ പ്രവൃത്തികളിലൂടെ അവർ നൽകുന്ന സാക്ഷ്യമാണ് നമ്മെ പ്രചോദിപ്പിക്കുന്നത്. കൂടാതെ, ഒരാളുടെ വാക്കുകൾ പ്രവൃത്തികളുമായി പൊരുത്തപ്പെടാതിരിക്കുമ്പോൾ, അയാൾ കപടനായി കണക്കാക്കപ്പെടുന്നു. ഈ കാരണത്താലാണ് യേശു നിയമജ്ഞരെയും ഫരിസേയരെയും വളരെ കഠിനമായി ശാസിക്കുന്നത്. “അവർ പ്രസംഗിക്കുന്നു, എന്നാൽ പ്രവർത്തിക്കുന്നില്ല.” അവർ ദൈവത്തിന്റെ നിയമത്തെക്കുറിച്ചു സംസാരിക്കുകയും അത് വിശദമായി പഠിപ്പിക്കുകയും ചെയ്തു. എന്നാൽ, ദൈവനിയമം അനുഷ്ഠിക്കപ്പെടേണ്ടിയിരുന്ന വിധത്തിൽ അവർ അത് യഥാർഥത്തിൽ അനുഷ്ഠിച്ചില്ല. ഈ മതനേതാക്കൾ ദൈവനിയമങ്ങൾക്കനുസൃതമായി ജീവിക്കുന്നതിൽ പരാജയപ്പെട്ട വിധങ്ങൾ യേശു തുടർന്ന് ഒന്നൊന്നായി വിവരിക്കുന്നു. മറ്റുള്ളവരോടു പരസ്നേഹം കാണിക്കുന്നതിലും അവരെ പ്രോത്സാഹിപ്പിക്കുന്നതിലും അവർ പരാജയപ്പെട്ടു. ജനങ്ങളുടെ പ്രശംസയ്ക്കും പ്രദർശനത്തിനുമായി അവർ എല്ലാം ചെയ്തു; ബഹുമതികളും അർഥശൂന്യമായ പദവികളും അവർ തേടിനടന്നു. തത്ഫലമായി, അവർ മറ്റുള്ളവരെക്കുറിച്ച് വളരെ കുറച്ചുമാത്രം കരുതുകയും തങ്ങളെക്കുറിച്ച് വളരെയധികം കരുതുകയും ചെയ്തു.

മറ്റുള്ളവരുടെ ദൃഷ്ടിയിൽ തങ്ങളെത്തന്നെ ഉയർത്തിക്കാട്ടാനുള്ള പ്രവണതയായിരുന്നു നിയമജ്ഞർക്കും ഫരിസേയർക്കും എതിരായ യേശുവിന്റെ വിമർശനത്തിന്റെ കാതൽ. “നിങ്ങളിൽ ഏറ്റവും വലിയവൻ നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം” എന്നും “തന്നെത്തന്നെ താഴ്ത്തുന്നവൻ ഉയർത്തപ്പെടും” എന്നും പറഞ്ഞുകൊണ്ട് യേശു ഈ പ്രവണത തിരുത്തുന്നു. അതിനാൽ, യഥാർഥത്തിൽ വലിയവരാകാനും ദൈവത്താൽ ഉയർത്തപ്പെടാനും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഏറ്റവും ആഴമായ എളിമയോടെ നിങ്ങൾ ശുശ്രൂഷിക്കണം.

സത്യത്തിന്റെ വെളിച്ചത്തിൽ നിങ്ങളെത്തന്നെ കാണുന്നതിലൂടെയാണ് എളിമ ആരംഭിക്കുന്നത്. ദൈവം നിങ്ങളെ എങ്ങനെയാണ് കാണുന്നത്? എളിമയുള്ള ആത്മാവ് സ്വന്തം ആത്മാവിനെ ക്രിസ്തുവിന്റെ കണ്ണുകളിലൂടെ നോക്കിക്കൊണ്ട് ഈ ഉൾക്കാഴ്ച കണ്ടെത്താൻ ശ്രമിക്കുന്നു. സത്യത്തിന്റെ പൂർണ്ണപ്രകാശത്തിൽ നമ്മെത്തന്നെ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ, അത് നമ്മെ യഥാർഥത്തിൽ എളിമപ്പെടുത്തുമായിരുന്നു. എന്നാൽ പലപ്പോഴും നാം നമ്മെക്കുറിച്ചുതന്നെ ഒരു തെറ്റായ പ്രതിച്ഛായ സ്വീകരിക്കുകയും സ്വയം നീതിമാന്മാരെന്ന ധാരണയിലൂടെ നമ്മുടെ ജീവിതത്തെ നോക്കിക്കാണുകയും ചെയ്യുന്നു. നാം ചെയ്യുന്ന പാപങ്ങളെ ന്യായീകരിച്ചും നമ്മുടെ ബലഹീനതകൾ അംഗീകരിക്കാതെയും നമ്മുടെ പ്രവൃത്തികളെ തിടുക്കത്തിൽ പ്രതിരോധിക്കുന്ന പ്രവണത നമുക്കുണ്ട്.

നിങ്ങൾ എളിമയോടെ നിങ്ങളെത്തന്നെ നോക്കിയാൽ എന്തായിരിക്കും കാണുക? വ്യക്തമായി കണ്ണിൽപ്പെടുന്ന ഒരു കാര്യം നിങ്ങളുടെ പാപമാണ്. നമ്മുടെ ജീവിതം പാപം നിറഞ്ഞതാണ്. ചിലപ്പോൾ അവ ഗൗരവമുള്ള പാപങ്ങളാണ്; മറ്റു ചിലപ്പോൾ ഗൗരവം കുറഞ്ഞവയും. എന്നാൽ നമ്മുടെ ജീവിതം പാപങ്ങളും അപൂർണ്ണതകളും നിറഞ്ഞതാണെന്നതിൽ സംശയമില്ല. ആ പാപങ്ങൾ നാം കാണുന്നില്ലെങ്കിൽ, സത്യത്തിന്റെ വെളിച്ചത്തിൽ നമ്മെത്തന്നെ കാണാൻ ആവശ്യമായ എളിമ നമുക്കില്ല എന്നാണർഥം.

എളിമ എന്ന പുണ്യം നമ്മുടെ പാപങ്ങളെ വ്യക്തമായി കാണുന്നതിനും ഒരു പടി അപ്പുറത്തേക്ക് നമ്മെ നയിക്കും. മാറ്റം വരുത്താനും സ്നേഹിക്കാനും ദൈവത്തെയും മറ്റുള്ളവരെയും ശുശ്രൂഷിക്കാനും നമുക്ക് ദൈവകൃപ ആവശ്യമാണെന്നു തിരിച്ചറിയാനും അത് നമ്മെ സഹായിക്കും. സ്വന്തം പരിശ്രമങ്ങളാൽ നമുക്ക് സ്നേഹിക്കാൻ കഴിയില്ല. അത് അസാധ്യമാണ്. നമ്മിൽ വസിക്കുകയും നമ്മിലൂടെ പ്രവർത്തിക്കുകയും ചെയ്യുന്നത് ദൈവമായിരിക്കുമ്പോൾ മാത്രമേ പരസ്നേഹം സാധ്യമാകൂ. നമ്മുടെ പ്രവൃത്തികളിലൂടെ യഥാർഥ പരസ്നേഹം പ്രവർത്തിക്കാൻ ദൈവത്തിനു മാത്രമേ കഴിയൂ. എളിമയുള്ള ഈ സത്യം അറിയുകയും വിശ്വസിക്കുകയും ചെയ്യുന്നതാണ് ആ കൃപയ്ക്കായി വാതിൽ തുറക്കാനുള്ള ഏക മാർഗം.

യഥാർഥമായി സ്നേഹിക്കാൻ നിങ്ങൾക്കാവശ്യമായ എളിമയെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. ദൈവത്തിന്റെ നിർമലമായ സ്നേഹത്താൽ മറ്റുള്ളവരെ സ്നേഹിക്കുമ്പോൾ, അവരെ സേവിക്കാനുള്ള ഒരു ആവശ്യം നിങ്ങളുടെ ഉള്ളിൽത്തന്നെ നിങ്ങൾ കണ്ടെത്തും. മറ്റുള്ളവരെ നിങ്ങളുടെ സ്നേഹത്തിന് പാത്രങ്ങളായി നിങ്ങൾ കാണും. അവരെ സഹായിക്കാനും അവരോടു ക്ഷമിക്കാനും സൗമ്യതയോടും കരുണയോടും കൂടി അവരോടു പെരുമാറാനും നിങ്ങൾക്ക് തീവ്രമായ ആഗ്രഹമുണ്ടാകും. സ്വന്തം ജീവിതത്തിന്റെ സത്യം കണ്ടെത്താൻ അവരെ സഹായിക്കുന്നതിന് നിങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യാനും നിങ്ങൾ ആഗ്രഹിക്കും; അങ്ങനെ അവരും എളിമയോടെ ദൈവത്തിലേക്കു തിരിയും. നിയമജ്ഞരും ഫരിസേയരും ഈ ദൗത്യത്തിൽ ദയനീയമായി പരാജയപ്പെട്ടു. യേശു അവരെ ഒരു ഉദാഹരണമായി ചൂണ്ടിക്കാണിച്ചതിന്റെ കാരണങ്ങളിലൊന്ന് അതാണ്. അവരുടെ പാത പിന്തുടരരുത്. അതിനു വിപരീതമായ സമീപനം സ്വീകരിക്കാൻ ശ്രമിക്കുക. എളിമ തേടുക. സത്യം തേടുക. അങ്ങനെ ചെയ്താൽ, ദൈവം നിങ്ങളെ ശക്തമായ വിധങ്ങളിൽ ഉപയോഗിക്കുകയും ഉന്നതങ്ങളിലേക്ക് ഉയർത്തുകയും ചെയ്യും.

ഏറ്റവും എളിമയുള്ള കർത്താവേ, എല്ലാവരെയുംകാൾ എളിമയുള്ളവനായിരുന്നതിനാൽ അങ്ങ് എല്ലാവർക്കും മീതെ ഉയർത്തപ്പെട്ടിരിക്കുന്നു. അങ്ങ് ആരാണെന്ന സത്യം അങ്ങ് അറിയുകയും സർവശക്തിയോടുംകൂടെ ആ സത്യം സ്വീകരിക്കുകയും ചെയ്തു. അങ്ങ് എന്നെ കാണുന്നതുപോലെ എന്നെത്തന്നെ കാണാൻ അങ്ങയുടെ കണ്ണുകൾ എനിക്കു നൽകണമേ. അങ്ങനെ അങ്ങയുടെ എളിമയാർന്ന നോട്ടത്തിൽ ഞാൻ എന്റെ പാപം കാണുകയും പൂർണഹൃദയത്തോടെ അനുതപിക്കുകയും എന്റെ സ്നേഹത്തിന്റെയെല്ലാം ഉറവിടമായ അങ്ങയിലേക്കു തിരിയുകയും ചെയ്യട്ടെ. ഈശോയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.


സത്യം അന്വേഷിക്കുന്നവർ

ആണ്ടുവട്ടകാലത്തിലെ മുപ്പത്തിയൊന്നാം ഞായർ (വർഷം B)

നിയമജ്ഞൻ അവനോടു പറഞ്ഞു: “ഗുരോ, അങ്ങ് നന്നായി പറഞ്ഞു. ‘അവിടുന്ന് ഏകനാണ്; അവിടുന്നല്ലാതെ മറ്റാരുമില്ല’ എന്ന് അങ്ങ് പറഞ്ഞത് ശരിയാണ്. ‘അവിടുത്തെ പൂർണഹൃദയത്തോടും പൂർണബുദ്ധിയോടും പൂർണശക്തിയോടുംകൂടെ സ്നേഹിക്കുന്നതും അയൽക്കാരനെ തന്നെപ്പോലെതന്നെ സ്നേഹിക്കുന്നതും’ എല്ലാ ദഹനബലികളെയും യാഗങ്ങളെയുംകാൾ വിലയുള്ളതാണ്.” മർക്കോസ് 12:32–33

ഈ നിയമജ്ഞൻ കാര്യം ഗ്രഹിച്ചു. മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചുള്ള യേശുവിന്റെ പ്രബോധനങ്ങൾ അംഗീകരിക്കാതിരുന്ന ചില സദുക്കായർ യേശുവിനെ വെല്ലുവിളിച്ചതിനുശേഷമാണ് അദ്ദേഹം യേശുവിനോട് ഒരു ചോദ്യം ചോദിച്ചത്. യേശുവിനെ വാക്കിൽ കുടുക്കാനാണ് സദുക്കായർ ശ്രമിച്ചത്. ഈ നിയമജ്ഞനാകട്ടെ, യേശുവിന്റെ ഉത്തരം ശ്രദ്ധയോടെ കേൾക്കുകയും അത് നന്നായി പറഞ്ഞിരിക്കുന്നുവെന്ന് മനസ്സിലാക്കുകയും ചെയ്തു. അതിനാൽ, ഈ നിയമജ്ഞൻ തനിക്കുള്ള ഒരു ചോദ്യം യേശുവിനോടു ചോദിക്കുന്നു. യേശുവിനെ കുടുക്കാനുള്ള ശ്രമത്തിലല്ല അദ്ദേഹം ഈ ചോദ്യം ചോദിക്കുന്നത്; മറിച്ച്, യേശുവിന്റെ ഉത്തരം കേൾക്കാൻ അദ്ദേഹം ആത്മാർഥമായി ആഗ്രഹിച്ചിരുന്നതായി കാണാം. അതിനാൽ അദ്ദേഹം യേശുവിനോടു ചോദിച്ചു: “എല്ലാ കൽപനകളിലും ഒന്നാമത്തേത് ഏതാണ്?” ആ ചോദ്യത്തിന്, ദൈവത്തിന്റെ മുഴുവൻ നിയമത്തിന്റെയും സാരാംശം യേശു നൽകുന്നു: ആദ്യം നാം ദൈവത്തെ നമ്മുടെ പൂർണഹൃദയത്തോടും പൂർണമനസ്സോടും പൂർണാത്മാവോടും പൂർണശക്തിയോടുംകൂടെ സ്നേഹിക്കണം; തുടർന്ന് നമ്മുടെ അയൽക്കാരനെ നമ്മെപ്പോലെതന്നെ സ്നേഹിക്കണം.

ഈ നിയമജ്ഞനെ അനുകരിക്കാൻ നാമെല്ലാവരും ശ്രമിക്കണം. യേശുവിനുള്ള പിന്തുണ പ്രകടിപ്പിക്കുന്നത് അദ്ദേഹത്തിന് അപകടസാധ്യതയുള്ള കാര്യമായിരുന്നു. മറ്റു നിയമജ്ഞരിൽ പലരും യേശുവിനോട് കടുത്ത ശത്രുത പുലർത്തിയിരുന്നു. അതിനാൽ, യേശു പഠിപ്പിച്ച കാര്യങ്ങളോടുള്ള തന്റെ യോജിപ്പ് പരസ്യമായി പ്രകടിപ്പിച്ചതിലൂടെ, വിമർശിക്കപ്പെടാനുള്ള സാധ്യത അദ്ദേഹം ഏറ്റെടുക്കുകയായിരുന്നു. എന്നാൽ, അതിനെക്കുറിച്ച് അദ്ദേഹം ആശങ്കപ്പെട്ടിരുന്നില്ലെന്നു തോന്നുന്നു. അദ്ദേഹം സത്യം അന്വേഷിക്കുന്ന ഒരാളായിരുന്നു. ഒടുവിൽ, “നീ ദൈവരാജ്യത്തിൽനിന്ന് അകലെയല്ല” എന്നു പറഞ്ഞുകൊണ്ട് യേശു അദ്ദേഹത്തെ ഏറെ പ്രശംസിച്ചു.

ദൈവത്തെ മാറ്റിനിർത്തുന്ന ലൗകിക മനോഭാവം വർധിച്ചുവരുന്ന നമ്മുടെ ലോകത്തിൽ, ദൈവത്തിന്റെ അനേകം സത്യങ്ങൾ പരസ്യമായി ചോദ്യം ചെയ്യപ്പെടുകയും വെല്ലുവിളിക്കപ്പെടുകയും ചെയ്യുന്നു. ധാർമിക സത്യങ്ങൾ ഏതൊക്കെയാണെന്ന കാര്യത്തിലുള്ള യോജിപ്പ് സാധാരണമായ ഒന്നല്ലാതാവുകയും അപൂർവമായിത്തീരുകയും ചെയ്യുന്നു. തത്ഫലമായി, സത്യം അന്വേഷിക്കുന്നവരായതുകൊണ്ടുമാത്രം നാമെല്ലാവരും ലോകത്തിന്റെ ശത്രുത അനുഭവിക്കേണ്ടിവരും. വസ്തുനിഷ്ഠമായി അധാർമികമായ കാര്യങ്ങളെ പരസ്യമായി പിന്തുണയ്ക്കാൻ വിസമ്മതിക്കുന്നതുമാത്രം പോലും ലൗകിക ലോകത്തിന്റെ ആക്രമണലക്ഷ്യമായി തങ്ങളെ മാറ്റുന്നുവെന്ന് പലരും കണ്ടെത്തുന്നു.

നിങ്ങൾ സത്യം അന്വേഷിക്കുന്ന ഒരാളാണോ? ദൈവത്തിന്റെ വിശുദ്ധ സത്യങ്ങൾ കേൾക്കുമ്പോൾ നിങ്ങൾ അവ തിരിച്ചറിയുന്നുണ്ടോ? അങ്ങനെയെങ്കിൽ, ആ സത്യങ്ങൾ പിന്തുടരാനും മറ്റുള്ളവരുടെ സാന്നിധ്യത്തിൽ ദൈവത്തിന്റെ മനസ്സിനനുസൃതമായി അവ വ്യക്തമായി അവതരിപ്പിക്കാനും ആവശ്യമായ ധൈര്യം നിങ്ങൾക്കുണ്ടോ? സുവിശേഷവത്കരണം നിർബന്ധിത മതപരിവർത്തനപ്രചാരണത്തിൽനിന്ന് വ്യത്യസ്തമാണ്. നിർബന്ധിത മതപരിവർത്തനപ്രചാരണം ദൈവത്തിന്റെ സത്യങ്ങളെ ശത്രുതയോടും ബലപ്രയോഗത്തോടുംകൂടി പ്രസംഗിക്കുന്നതാണ്. അത് തർക്കസ്വഭാവമുള്ളതാണ്; മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തോടും അന്തസ്സിനോടുമുള്ള അടിസ്ഥാനപരമായ ബഹുമാനം അതിലില്ല. മറുവശത്ത്, ക്രിസ്തുവിന്റെ ഓരോ അനുയായിയും ഏർപ്പെടേണ്ട അനിവാര്യമായ ഒരു പ്രവർത്തനമാണ് സുവിശേഷവത്കരണം. എല്ലാ സാഹചര്യങ്ങളിലും സത്യസന്ധമായും എളിമയോടെയും സത്യം അന്വേഷിക്കുന്നതാണ് സുവിശേഷവത്കരണത്തിന്റെ കാതൽ. സുവിശേഷവത്കരണം നടത്തുന്നയാൾ മറ്റൊരാളെ ആക്രമിക്കുന്നില്ല. അവർ വിമർശിക്കുകയോ വിധിച്ചുതള്ളുകയോ ചെയ്യുന്നില്ല. പകരം, ആദ്യം സത്യം പൂർണമായി മനസ്സിലാക്കാൻ അവർ സ്വയം ശ്രമിക്കുന്നു; തുടർന്ന്, ആ സത്യം സ്വീകരിക്കാൻ മനസ്സു തുറന്നിരിക്കുന്നവരുമായി അത് തുറന്നു പങ്കുവയ്ക്കുന്നു.

പല വിധങ്ങളിലും ഈ നിയമജ്ഞൻ ചെയ്തതും അതുതന്നെയാണ്. അദ്ദേഹം കേട്ടു, മനസ്സിലാക്കി, ചോദിച്ചറിഞ്ഞു; തുടർന്ന്, യേശു പറഞ്ഞ കാര്യങ്ങളിലുള്ള തന്റെ വിശ്വാസം സ്വതന്ത്രമായി പങ്കുവച്ചു. അദ്ദേഹത്തെ ശ്രവിച്ചവർ, പ്രത്യേകിച്ച് മറ്റു നിയമജ്ഞർ, അദ്ദേഹത്തിന്റെ നിഗമനങ്ങളോടു യോജിച്ചിട്ടുണ്ടാവില്ല. അവർ തങ്ങൾക്കിടയിൽ അദ്ദേഹത്തെ വിമർശിച്ചിട്ടുപോലുമുണ്ടാകാം. എന്നാൽ, ഈ നിയമജ്ഞന്റെ സാക്ഷ്യം അവിടെ കേട്ടുകൊണ്ടിരുന്ന മറ്റുള്ളവരുടെ മനസ്സും ഹൃദയവും തുറന്നിട്ടുണ്ടാകാം. അദ്ദേഹത്തിന്റെ തുറന്ന മനസ്സും ഗ്രാഹ്യവും ആനന്ദപൂർണമായ പ്രതികരണവും ചിലർ തിരിച്ചറിഞ്ഞിട്ടുണ്ടാകും; യേശുവുമായുള്ള അദ്ദേഹത്തിന്റെ സംഭാഷണം തങ്ങളിൽ നന്മയുളവാക്കാൻ അവർ അനുവദിച്ചിട്ടുമുണ്ടാകും. അങ്ങനെ, പരസ്യമായി സത്യം അന്വേഷിച്ചതിലൂടെ ഈ നിയമജ്ഞൻ മറ്റുള്ളവരെ സുവിശേഷവത്കരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സൽപ്രവൃത്തിയെ യേശു പ്രശംസിച്ചു.

മറ്റുള്ളവരുമായി നിങ്ങളുടെ വിശ്വാസം പങ്കുവയ്ക്കുന്ന രീതിയെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. തർക്കിക്കാനും കുറ്റം വിധിക്കാനും പ്രവണതയുള്ള ഒരാളാണോ നിങ്ങൾ? അതോ ദൈവികസത്യങ്ങൾ നിങ്ങൾതന്നെ കണ്ടെത്തിയതിന്റെ സന്തോഷത്തിലൂടെ സുവിശേഷം പ്രഘോഷിക്കപ്പെടാൻ നിങ്ങൾ അനുവദിക്കുന്നുണ്ടോ? സത്യത്തെ അന്വേഷിക്കുന്നവരാകുക. തുറന്ന മനസ്സോടെയും സന്തോഷത്തോടെയും അത് ചെയ്യുക. അങ്ങനെ ചെയ്താൽ, മറ്റുള്ളവർ തങ്ങൾക്കാവശ്യമായ ദൈവികസത്യങ്ങൾ നിങ്ങളിൽ കണ്ടെത്തുകയും സ്വന്തം ജീവിതത്തിൽ നിങ്ങളുടെ സത്യാന്വേഷണം അനുകരിക്കാനുള്ള ക്ഷണം സ്വീകരിക്കുകയും ചെയ്യും.

സകല സത്യത്തിന്റെയും നാഥാ, അങ്ങയിൽ, അങ്ങയിൽ മാത്രമേ ഞങ്ങളെ സ്വതന്ത്രരാക്കുന്ന സത്യങ്ങൾ ഞങ്ങൾ കണ്ടെത്തുകയുള്ളൂ. അങ്ങ് പഠിപ്പിക്കുന്ന സത്യം എപ്പോഴും അന്വേഷിക്കാൻ എനിക്കാവശ്യമായ കൃപയും ധൈര്യവും നൽകണമേ. അങ്ങ് പഠിപ്പിക്കുന്നതെല്ലാം ഞാൻ കണ്ടെത്തുകയും മനസ്സിലാക്കുകയും ചെയ്യുമ്പോൾ, മറ്റുള്ളവരും അങ്ങയിലേക്ക് ആകർഷിക്കപ്പെടേണ്ടതിന്, ഞാൻ കണ്ടെത്തിയവ സന്തോഷത്തോടും ഉത്സാഹത്തോടുംകൂടെ പങ്കുവയ്ക്കാൻ എന്നെ സഹായിക്കണമേ. ഈശോയേ, അങ്ങയിൽ ഞാൻ ശരണം വയ്ക്കുന്നു.


യേശുവിനെ ആകർഷിക്കുക

ആണ്ടുവട്ടകാലത്തിലെ മുപ്പത്തിയൊന്നാം ഞായർ (വർഷം C)

അക്കാലത്ത് യേശു ജറീക്കോയിൽ എത്തി, പട്ടണത്തിലൂടെ കടന്നുപോകാൻ ഉദ്ദേശിച്ചു. അവിടെ സക്കേവൂസ് എന്നു പേരുള്ള ഒരുവൻ ഉണ്ടായിരുന്നു. അവൻ ചുങ്കക്കാരിൽ പ്രധാനിയും ധനികനുമായിരുന്നു. യേശു ആരാണെന്നു കാണാൻ അവൻ ആഗ്രഹിച്ചു; എന്നാൽ ഉയരം കുറഞ്ഞവനായിരുന്നതിനാൽ ജനക്കൂട്ടം നിമിത്തം അവനെ കാണാൻ കഴിഞ്ഞില്ല. ലൂക്കാ 19:1–3

കഥയുടെ ബാക്കി ഭാഗം നമുക്കറിയാം. യേശു കടന്നുപോകുന്നതു കാണാൻ ചുങ്കക്കാരിൽ പ്രധാനിയായ ഈ മനുഷ്യൻ ഒരു മരത്തിൽ കയറി. അങ്ങനെ ചെയ്തപ്പോൾ, ജനപ്രീതിയുള്ള ഒരാളെ കാണാൻ മരത്തിൽ കയറുക എന്നതിലുപരി മറ്റൊന്നുകൂടി അവൻ ചെയ്യുകയായിരുന്നു. അവന്റെ എളിയ പ്രവൃത്തി യേശുവിനെ അറിയാനുള്ള അവന്റെ ആഗ്രഹത്തിന്റെ പ്രകടനം കൂടിയായിരുന്നു. തന്റെ ഹൃദയത്തെ ആകർഷിച്ചുകൊണ്ടിരുന്ന ഈ മനുഷ്യനെക്കുറിച്ച് കൂടുതൽ അറിയാൻ കഴിയുന്നതെല്ലാം ചെയ്യാൻ അവന്റെ വിശ്വാസം അവനെ പ്രേരിപ്പിച്ചു.

സക്കേവൂസ് നമുക്കെല്ലാവർക്കും ഒരു മാതൃകയാണ്. അവൻ ചുങ്കക്കാരിൽ പ്രധാനിയും ധനികനുമായിരുന്നു എന്ന വസ്തുതയിൽനിന്നു നമുക്കു തുടങ്ങാം. സ്വാർഥതയും അത്യാഗ്രഹവും നിറഞ്ഞ അധാർമികമായ ഒരു ജീവിതമാണ് അവൻ നയിച്ചിരുന്നത് എന്നു മറ്റൊരു വിധത്തിൽ പറയുന്നതാണിത്. അക്കാലത്തെ ചുങ്കക്കാർ ന്യായമായതിലും അധികം പതിവായി ഈടാക്കുകയും അതിൽ കുറെ പണം സ്വന്തം കീശയിലാക്കുകയും ചെയ്തിരുന്നു. ചുങ്കക്കാർ തങ്ങൾക്കുള്ള വിഹിതം പതിവായി നൽകുന്നിടത്തോളം അധികാരികൾ ഇത് അനുവദിച്ചിരുന്നു. എന്നാൽ യേശു കണ്ടുമുട്ടിയ മറ്റു ധനികരിൽനിന്ന് ഈ ചുങ്കക്കാരൻ വ്യത്യസ്തനായിരുന്നുവെന്നു തോന്നുന്നു. സക്കേവൂസ് തന്റെ പണത്തിൽ തൃപ്തനായിരുന്നില്ലെന്നും തന്റെ ഉള്ളിലെ ശൂന്യതയെക്കുറിച്ച് അവൻ നന്നായി അറിഞ്ഞിരുന്നുവെന്നും വളരെ വ്യക്തമായി തോന്നുന്നു.

പണത്തോടുള്ള അമിതമായ അടുപ്പമായിരിക്കാം നിങ്ങൾ പോരാടുന്ന പാപം; അല്ലാതെയുമിരിക്കാം. എങ്കിലും, നാമെല്ലാവരും നമ്മുടെ ഉള്ളിലെ ആഗ്രഹങ്ങളെ എന്തെങ്കിലുംകൊണ്ട് തൃപ്തിപ്പെടുത്താൻ ശ്രമിക്കുന്നു. പലവിധ കാര്യങ്ങൾ നമുക്കു തൃപ്തി നൽകുമെന്ന പ്രതീക്ഷയിൽ നാം അവയോട് ആസക്തരാകുന്നു. നിങ്ങളെ സംബന്ധിച്ചിടത്തോളം അത് എന്താണ്? ഉള്ളിലെ അസ്വസ്ഥതയ്ക്ക് ശമനം ലഭിക്കുമെന്ന പ്രതീക്ഷയിൽ നിങ്ങൾ എന്തിനോടാണ് ആസക്തരാകുന്നത്?

മുമ്പ് സക്കേവൂസിനു പണത്തോട് അമിതമായ ആസക്തിയുണ്ടായിരുന്നുവെന്നു തോന്നുന്നെങ്കിലും, ആ ആസക്തി അവസാനിപ്പിക്കാൻ അവൻ തയ്യാറായിരുന്നു എന്നതും വ്യക്തമാണ്. അതുകൊണ്ടാണ് അവൻ നമുക്ക് ഇത്ര മഹത്തായ ഒരു മാതൃകയാകുന്നത്. ജീവിതത്തിൽ നമുക്ക് എന്തിനോടാണ് അതിരുകടന്ന ആസക്തിയുള്ളതെന്നു തിരിച്ചറിഞ്ഞാൽ മാത്രം പോരാ. ആ ആസക്തിയുടെ വ്യർഥതയും നാം തിരിച്ചറിയണം; ദൈവം നമ്മുടെ ജീവിതത്തിലേക്കു കടന്നുവരുന്ന നിമിഷംതന്നെ അത് ഉപേക്ഷിക്കാൻ നാം സന്നദ്ധരും ഒരുക്കമുള്ളവരുമായിരിക്കണം.

യേശു അതുവഴി കടന്നുപോയപ്പോൾത്തന്നെ, മരത്തിനുമുകളിലിരുന്ന സക്കേവൂസിനെ കണ്ടു. പ്രായപൂർത്തിയായ ഒരാൾ മരത്തിനുമുകളിൽ ഇരിക്കുന്നതു കണ്ടു എന്നതുമാത്രമല്ല യേശുവിനെ സക്കേവൂസിലേക്ക് ആകർഷിച്ചത്. മറിച്ച്, അവന്റെ ആഗ്രഹവും മാറ്റത്തിനുള്ള സന്നദ്ധതയും യേശുവിന് മനസ്സിലാക്കാൻ കഴിഞ്ഞു. ഇത് യേശുവിന്റെ ഹൃദയത്തിന് ഒരു കാന്തംപോലെയായിരുന്നു; അത് അവനെ നേരെ സക്കേവൂസിന്റെ അടുത്തേക്ക് ആകർഷിച്ചു. “വേഗം ഇറങ്ങിവരുക; ഇന്ന് എനിക്കു നിന്റെ വീട്ടിൽ താമസിക്കേണ്ടിയിരിക്കുന്നു” എന്നു സക്കേവൂസിനോടു പറഞ്ഞപ്പോൾത്തന്നെ, അവന്റെ പ്രതികരണം എന്തായിരിക്കുമെന്നു യേശുവിന് അറിയാമായിരുന്നു. മുമ്പു പണത്തോട് ആസക്തനായിരുന്ന ഈ ചുങ്കക്കാരൻ പണത്തോടുള്ള ആസക്തി ഉപേക്ഷിച്ചുകൊണ്ട് തന്റെ ക്ഷണത്തോടു പ്രതികരിക്കുമെന്ന് അവന് അറിയാമായിരുന്നു. സക്കേവൂസ് മാറാൻ തയ്യാറാണെന്ന് അവന് അറിയാമായിരുന്നു. ഈ ലോകത്തിലെ കാര്യങ്ങളിൽ സക്കേവൂസ് മേലാൽ സംതൃപ്തി കണ്ടെത്തുന്നില്ലെന്നും, താൻ നൽകാൻ വന്ന ആത്മീയസമ്പത്തിലേക്ക് അവൻ ആകർഷിക്കപ്പെട്ടുവെന്നും യേശുവിന് അറിയാമായിരുന്നു.

യേശു അതുവഴി നടന്നുപോകുന്ന ദൃശ്യം ഇന്ന് ധ്യാനിക്കുക. അവൻ നിങ്ങളുടെ അരികിലൂടെ നടന്നുപോയാൽ, നിങ്ങളിൽ എന്തായിരിക്കും തിരിച്ചറിയുക? കാന്തം ഇരുമ്പിലേക്ക് ആകർഷിക്കപ്പെടുന്നതുപോലെ അവന്റെ തിരുഹൃദയം നിങ്ങളിലേക്ക് ആകർഷിക്കപ്പെടുമോ? അവനെക്കൊണ്ടുമാത്രം നിറയേണ്ടതിന് നിങ്ങളുടെ അതിരുകടന്ന ആസക്തികൾ ഉപേക്ഷിക്കാൻ നിങ്ങൾ തയ്യാറാണെന്ന് അവൻ തിരിച്ചറിയുമോ? അവൻ നിങ്ങളുടെ അടുത്തുവന്ന് നിങ്ങളുടെ വീട്ടിൽ, നിങ്ങളുടെ ആത്മാവാകുന്ന ഭവനത്തിൽ, താമസിക്കാൻ ആവശ്യപ്പെടുമോ? നിങ്ങളുടെ തുറന്ന മനസ്സും മാറ്റത്തിനുള്ള ആഗ്രഹവും അവൻ തിരിച്ചറിഞ്ഞാൽ അങ്ങനെ ചെയ്യും. അവനെക്കൊണ്ടുമാത്രം നിറയാൻ തുറന്നതും ഒരുങ്ങിയതുമായ ഹൃദയത്തോടെ നമ്മുടെ കർത്താവിനെ നിങ്ങളിലേക്ക് ആകർഷിക്കാൻ, നിങ്ങൾക്കും സക്കേവൂസിനെപ്പോലെ കൂടുതൽ ആയിത്തീരാൻ എങ്ങനെ കഴിയുമെന്ന് ധ്യാനിക്കുക.

എന്റെ കരുണാമയനായ കർത്താവേ, ജീവിതത്തിൽ പല കാര്യങ്ങളിലും സംതൃപ്തി കണ്ടെത്താൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. പല ആസക്തികളും എന്നെ വരണ്ടതും ശൂന്യവുമായ അവസ്ഥയിൽ എത്തിച്ചിരിക്കുന്നു. സന്തോഷത്തെക്കുറിച്ചുള്ള എല്ലാ മിഥ്യാധാരണകളിൽനിന്നും എന്നെ മോചിപ്പിച്ച് അങ്ങയിലേക്ക് ആകർഷിക്കണമേ; അങ്ങനെ അങ്ങ് വന്ന് എന്റെ ആത്മാവാകുന്ന ഭവനത്തിൽ വസിക്കണമേ. ഈശോയേ, അങ്ങയിൽ ഞാൻ ശരണം വയ്ക്കുന്നു.


നിത്യ മഹത്വത്തിന്റെ പ്രതിഫലം

ആണ്ടുവട്ടത്തിലെ മുപ്പത്തിയൊന്നാം ആഴ്ചയിലെ തിങ്കളാഴ്ച

“നീ ഉച്ചഭക്ഷണമോ അത്താഴമോ ഒരുക്കുമ്പോൾ നിന്റെ സ്നേഹിതരെയോ സഹോദരന്മാരെയോ സഹോദരിമാരെയോ ബന്ധുക്കളെയോ സമ്പന്നരായ അയൽക്കാരെയോ ക്ഷണിക്കരുത്. അവർ നിന്നെ തിരികെ ക്ഷണിക്കുകയും അങ്ങനെ നിനക്കു പ്രതിഫലം ലഭിക്കുകയും ചെയ്തേക്കാം. മറിച്ച്, നീ വിരുന്നൊരുക്കുമ്പോൾ ദരിദ്രരെയും അംഗവൈകല്യമുള്ളവരെയും മുടന്തരെയും അന്ധരെയും ക്ഷണിക്കുക; നിനക്കു പ്രതിഫലം നൽകാൻ അവർക്കു കഴിയാത്തതിനാൽ നീ തീർച്ചയായും ഭാഗ്യവാനായിരിക്കും.” ലൂക്കാ 14:12–14

സ്നേഹിതരെയും കുടുംബാംഗങ്ങളെയും അത്താഴവിരുന്നിനു ക്ഷണിക്കുന്നത് പാപമാണെന്നാണോ യേശു നമ്മോടു പറയുന്നത്? തീർച്ചയായും അല്ല. അതിലും ഏറെ ആഴമുള്ള ഒരു കാര്യമാണ് അവിടുന്നു നമ്മെ പഠിപ്പിക്കുന്നത്. സ്നേഹമാണ് നമ്മുടെ പ്രേരണയെങ്കിൽ മറ്റുള്ളവർക്കായി അത്താഴവിരുന്നൊരുക്കുന്നത് നല്ലതാണ്. എന്നാൽ അത്താഴവിരുന്നിന്റെയോ മറ്റേതെങ്കിലും ജീവകാരുണ്യപ്രവൃത്തിയുടെയോ ലക്ഷ്യം പൊങ്ങച്ചമാണെങ്കിൽ, അത്തരമൊരു പ്രവൃത്തിയിലൂടെ നാം നേടുന്ന പൊള്ളയായ മഹത്വംതന്നെയായിരിക്കും നമുക്കു ലഭിക്കുന്ന പ്രതിഫലം. ദുഃഖകരമെന്നു പറയട്ടെ, പലരും വിവിധ മാർഗങ്ങളിലൂടെ പൊങ്ങച്ചത്തിന്റെ ഈ “പ്രതിഫലം” തേടുകയും നേടുകയും ചെയ്യുന്നു. നാം ചെയ്യുന്ന നന്മയുടെ ഏക പ്രേരണ സ്നേഹപൂർവമായ സേവനത്തിനുള്ള എളിയതും മറഞ്ഞിരിക്കുന്നതുമായ ആഗ്രഹമായിരിക്കണമെന്ന് യേശുവിന്റെ ഈ പാഠം നമ്മെ പഠിപ്പിക്കുന്നു.

അഹങ്കാരത്തിലേക്കുള്ള പ്രലോഭനത്തിന്റെ ഫലമായി, മറ്റുള്ളവർ നമ്മെക്കുറിച്ച് എന്തു ചിന്തിക്കുന്നു എന്നതിൽ നാം അനാവശ്യമായി അമിതശ്രദ്ധ ചെലുത്താനിടയുണ്ട്. സ്നേഹിതർക്കും കുടുംബാംഗങ്ങൾക്കും സമ്പന്നരായ അയൽക്കാർക്കും ഉച്ചഭക്ഷണമോ അത്താഴമോ ഒരുക്കുന്നത്, അഹങ്കാരമെന്ന പാപം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന്റെ ഒരു ഉദാഹരണം മാത്രമാണ്. സ്വന്തം പ്രതിച്ഛായ മെച്ചപ്പെടുത്താനും മറ്റുള്ളവരിൽനിന്ന് പ്രശംസയും മുഖസ്തുതിയും നേടാനുംവേണ്ടി മാത്രം എന്തെങ്കിലും പ്രവൃത്തി ചെയ്യുന്ന ഒരു വ്യക്തിയെക്കുറിച്ചാണ് ഈ സന്ദർഭത്തിൽ യേശു സംസാരിക്കുന്നത്. ഇത്തരത്തിലുള്ള “മഹത്വം” യഥാർഥത്തിൽ പൊള്ളയാണ്; കാരണം, അത് ആത്മാവിന്റെ നന്മയ്ക്ക് പ്രയോജനമില്ലാത്തതാണെന്നു മാത്രമല്ല, ദോഷകരവുമാണ്.

നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ എന്തിനുവേണ്ടിയാണ് ചെയ്യുന്നത്? മറ്റുള്ളവർ കാണുകയും പ്രശംസിക്കുകയും ചെയ്യാനാണോ നിങ്ങൾ സത്പ്രവൃത്തികൾ ചെയ്യുന്നത്? നിങ്ങൾ എത്ര നല്ലവരാണെന്ന് ആളുകളെ കാണിക്കാൻ പ്രത്യേകം ശ്രമിക്കാറുണ്ടോ? മറ്റുള്ളവരുടെ അഭിപ്രായങ്ങളെക്കുറിച്ച് നിങ്ങൾ അമിതമായി ഉത്കണ്ഠപ്പെടുന്നുണ്ടോ? ഈ ചോദ്യങ്ങളിൽ ഏതെങ്കിലുമൊന്നിന്റെ ഉത്തരം “അതെ” എന്നാണെങ്കിൽ, നിങ്ങൾ തിരിച്ചറിയുന്നതിനെക്കാൾ കൂടുതലായി അഹങ്കാരവുമായി മല്ലിടുന്നുണ്ടാകാം.

നേരെമറിച്ച്, മറ്റുള്ളവരുടെ കണ്ണിൽപ്പെടാതെ ഒരു സത്പ്രവൃത്തി ചെയ്യുന്നതിൽ നിങ്ങൾ സംതൃപ്തരാണോ? ആരും അറിയുന്നില്ലെങ്കിലും, മറ്റുള്ളവരെ സഹായിക്കുന്നു എന്നതിൽ മാത്രം നിങ്ങൾക്ക് ആനന്ദിക്കാൻ കഴിയുമോ? മറ്റുള്ളവരുടെ ജീവിതത്തിൽ നല്ലൊരു മാറ്റമുണ്ടാക്കണമെന്ന ഏക ആഗ്രഹമാണോ സേവിക്കാനും നിങ്ങളെത്തന്നെ സമർപ്പിക്കാനും നിങ്ങളെ പ്രേരിപ്പിക്കുന്നത്? ദരിദ്രർക്കും അംഗവൈകല്യമുള്ളവർക്കും മുടന്തർക്കും അന്ധർക്കും നിങ്ങൾക്കു പ്രതിഫലം നൽകാൻ കഴിയാത്ത എല്ലാവർക്കുമായി വിരുന്നൊരുക്കണമെന്ന് യേശു പറയുമ്പോൾ ഉദ്ദേശിക്കുന്നത് ഇതാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, പൊങ്ങച്ചത്തിന്റെ “പ്രതിഫലം” സ്വീകരിക്കാൻ നിങ്ങൾക്കു കഴിയാത്തത് നല്ലതാണ്. അതായിരിക്കണം നിങ്ങളുടെ ലക്ഷ്യം.

പേരും പ്രശസ്തിയും നേടാനുള്ള നിങ്ങളുടെ ആഗ്രഹം എത്ര ശക്തമാണെന്ന് ഇന്ന് വിചിന്തനം ചെയ്യുക. ഒരു നല്ല പ്രവൃത്തി ചെയ്യാനായി കുറച്ചുകാലം നിങ്ങൾ രാവും പകലും കഠിനാധ്വാനം ചെയ്ത ഒരു സാഹചര്യം പരിഗണിക്കുക. ആ സത്പ്രവൃത്തി മറ്റുള്ളവർക്ക് വലിയ പ്രയോജനങ്ങൾ നൽകിയെന്ന് സങ്കൽപ്പിക്കുക. എന്നാൽ ആ സത്പ്രവൃത്തിയുടെ പിന്നിൽ നിങ്ങളാണെന്ന് ആരും അറിഞ്ഞില്ലെന്നും അതിനാൽ നിങ്ങൾക്ക് നന്ദിയോ അംഗീകാരമോ ലഭിച്ചില്ലെന്നും സങ്കൽപ്പിക്കുക. നിങ്ങൾക്ക് എന്തു തോന്നും? ഏറ്റവും ഉചിതമായ മനോഭാവത്തിൽ, രണ്ടു കാരണങ്ങളാൽ നിങ്ങൾ സന്തോഷിക്കും. ഒന്നാമതായി, സേവിക്കാനും നല്ലൊരു മാറ്റമുണ്ടാക്കാനും കഴിഞ്ഞതിൽ നിങ്ങൾ സന്തോഷിക്കും. രണ്ടാമതായി, നിങ്ങളുടെ ജീവകാരുണ്യപ്രവൃത്തിയെക്കുറിച്ച് ദൈവവും ദൈവം മാത്രവുമാണ് അറിഞ്ഞിരുന്നത് എന്നതിൽ നിങ്ങൾ സന്തോഷിക്കും. ദൈവം നമ്മുടെ നന്മയും നിസ്വാർഥസേവനവും കാണുമ്പോൾ, ഒരർഥത്തിൽ അവിടുന്ന് സ്വയം നമ്മോടു കടപ്പെട്ടവനാകുന്നു. ദൈവം ഏറ്റെടുക്കുന്ന ഈ “കടം” അവിടുത്തെ നന്ദിയും സ്നേഹവുമാണ്; അവിടുന്ന് ഒരുക്കുന്ന നിത്യപ്രതിഫലങ്ങളിലൂടെ അവ നമുക്കു വെളിപ്പെടുത്തപ്പെടുന്നു. കഴിയുന്നത്ര മറഞ്ഞും എളിമയോടെയും സേവിക്കാൻ പരിശ്രമിച്ചുകൊണ്ട് ഈ നിത്യപ്രതിഫലങ്ങൾ നേടാൻ ശ്രമിക്കുക. പൊങ്ങച്ചത്തിന്റെ ക്ഷണികമായ പ്രതിഫലങ്ങളെക്കാൾ അനന്തമായി ശ്രേഷ്ഠമാണ് ആ പ്രതിഫലങ്ങൾ.

മഹത്വപൂർണനായ ദൈവമേ, പീഡകൾ സഹിക്കാനും മരിക്കാനുമായി അങ്ങ് ഭൂമിയിലേക്കു വന്നു. പരിപൂർണസ്നേഹത്തിന്റെ ആ പ്രവൃത്തിയിൽ, ലോകം ഇതുവരെ അറിഞ്ഞിട്ടുള്ളതിൽ ഏറ്റവും വലിയ നന്മ അങ്ങ് സാധ്യമാക്കി. ഏറ്റവുമധികം മറഞ്ഞും എളിമയോടെയുമാണ് സ്നേഹത്തിന്റെ ഈ വിശുദ്ധസേവനം അങ്ങ് അർപ്പിച്ചത്. തത്ഫലമായി, അങ്ങ് ഇപ്പോൾ എന്നേക്കും മഹത്വീകരിക്കപ്പെട്ടിരിക്കുന്നു. എളിമയോടെയും മറഞ്ഞും അങ്ങ് ചെയ്യുന്ന സേവനപ്രവൃത്തികളിൽ പങ്കുചേരാൻ എന്നെ സഹായിക്കണമേ; അങ്ങനെ ഒരുനാൾ ഞാനും സ്വർഗമഹത്വത്തിൽ പങ്കുചേരട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.


നിങ്ങളെ ക്ഷണിച്ചിരിക്കുന്നു

ആണ്ടുവട്ടക്കാലത്തിലെ മുപ്പത്തിയൊന്നാം ആഴ്ചയിലെ ചൊവ്വാഴ്ച

“ഒരു മനുഷ്യൻ വലിയൊരു അത്താഴവിരുന്നൊരുക്കി പലരെയും ക്ഷണിച്ചു. വിരുന്നിന്റെ സമയമായപ്പോൾ, ‘വരുവിൻ, എല്ലാം ഇപ്പോൾ ഒരുക്കിയിരിക്കുന്നു’ എന്നു ക്ഷണിക്കപ്പെട്ടവരോടു പറയാൻ അവൻ തന്റെ ഭൃത്യനെ അയച്ചു. എന്നാൽ അവർ എല്ലാവരും ഓരോരുത്തരായി ഒഴികഴിവുകൾ പറയാൻ തുടങ്ങി.”  ലൂക്കാ 14:16-18

ഒഴികഴിവുകൾ പറഞ്ഞ് ദൈവഹിതത്തിൽനിന്ന് നിങ്ങൾ എപ്പോഴെങ്കിലും ഒഴിഞ്ഞുമാറാറുണ്ടോ? അവിടുത്തെ വലിയ അത്താഴവിരുന്നിന്റെ മേശയിൽ പങ്കുചേരാനുള്ള ക്ഷണം നിങ്ങൾ നിരസിക്കാറുണ്ടോ? മറ്റെന്തിനെക്കാളും ഉപരിയായി, ഈ “വലിയ അത്താഴവിരുന്നിലേക്ക്” ദൈവം നമുക്കു നൽകിയിരിക്കുന്ന ക്ഷണം വിശുദ്ധ കുർബാനയിൽ പങ്കെടുക്കാനും പ്രാർഥിക്കാനുമുള്ള ക്ഷണമാണ്. ഇത്തരമൊരു ക്ഷണത്തിൽനിന്ന് ചിലർ പതിവായി ഒഴികഴിവുകൾ പറഞ്ഞ് ഒഴിഞ്ഞുമാറുന്നു എന്നത്, എന്തിലേക്കാണ് തങ്ങൾ ക്ഷണിക്കപ്പെട്ടിരിക്കുന്നതെന്ന് അവർ മനസ്സിലാക്കുന്നില്ല എന്നു കാണിക്കുന്നു. മറ്റുചിലർ ശാരീരികമായി സന്നിഹിതരാകുന്നു; എന്നാൽ ആന്തരികമായി അവർ പങ്കെടുക്കുന്ന വിരുന്നിൽനിന്ന് ഏറെ അകലെയാണ്.

ഈ ഉപമയിൽ, ക്ഷണിക്കപ്പെട്ട അതിഥികൾ ഓരോരുത്തരായി വരാതിരുന്നു. അതിനാൽ വിരുന്നൊരുക്കിയ മനുഷ്യൻ “ദരിദ്രരെയും അംഗവൈകല്യമുള്ളവരെയും അന്ധരെയും മുടന്തരെയും” ക്ഷണിച്ചു. രക്ഷയുടെ ദാനം തങ്ങൾക്ക് ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ, യേശുവിന്റെ കാലത്തെ യഹൂദരെയാണ് ഇത് സൂചിപ്പിക്കുന്നത്. സ്വന്തം ബലഹീനതകളെയും പാപങ്ങളെയും കുറിച്ച് ബോധ്യമുണ്ടായിരുന്നവരും യേശുവാണ് അവയ്ക്കുള്ള ഉത്തരമെന്ന് അറിഞ്ഞിരുന്നവരുമാണ് അവർ.

ദരിദ്രരും അംഗവൈകല്യമുള്ളവരും അന്ധരും മുടന്തരും വിരുന്നിനു വന്നതിനുശേഷവും ഇനിയും സ്ഥലമുണ്ടായിരുന്നു. അതിനാൽ “പെരുവഴികളിലും വേലിക്കരികുകളിലും” ഉള്ളവരെ ക്ഷണിക്കാൻ ആ മനുഷ്യൻ തന്റെ ദാസന്മാരെ അയച്ചു. യഹൂദവംശജരല്ലാത്ത വിജാതീയരോട് സുവിശേഷം പ്രസംഗിക്കപ്പെടുന്നതിനെയാണ് ഇത് സൂചിപ്പിക്കുന്നത്.

ഇന്നും ഈ വിരുന്ന് ഒരുക്കപ്പെടുന്നു. എന്നാൽ, വിശ്വാസജീവിതത്തിൽ ഉദാസീനരായ അനേകം കത്തോലിക്കർ വരാൻ വിസമ്മതിക്കുന്നു. പ്രാർഥനയ്ക്കും വിശുദ്ധ കുർബാനയ്ക്കും സമയം കണ്ടെത്താനാകാത്തവിധം ജീവിതത്തിൽ തിരക്കാണെന്ന് കരുതുന്നവരുണ്ട്. ലൗകിക കാര്യങ്ങളിൽ അത്രയധികം മുഴുകിയിരിക്കുന്നതിനാൽ, വിശുദ്ധ കുർബാനയുടെ ആഘോഷത്തിനായി സ്വയം സമർപ്പിക്കുന്നതിൽ വ്യക്തിപരമായി കാര്യമായ പ്രയോജനമൊന്നും അവർ കാണുന്നില്ല.

നമ്മുടെ കർത്താവിന്റെ വിരുന്നിൽ പങ്കെടുക്കുന്നവരിൽ ഒരാളാകാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ദരിദ്രരുടെയും അംഗവൈകല്യമുള്ളവരുടെയും അന്ധരുടെയും മുടന്തരുടെയും കൂട്ടത്തിൽ നിങ്ങളെത്തന്നെ കാണാൻ പരിശ്രമിക്കണം. നിങ്ങളുടെ തകർച്ചയും ബലഹീനതകളും പാപങ്ങളും നിങ്ങൾ തിരിച്ചറിയണം. നിങ്ങളെത്തന്നെ ഇങ്ങനെ കാണുന്നതിൽനിന്ന് നിങ്ങൾ ഒഴിഞ്ഞുമാറരുത്; കാരണം, ഇങ്ങനെയുള്ളവർക്കാണ് യേശു അത്യന്തം ആകുലതയോടെ ക്ഷണം അയയ്ക്കുന്നത്. നാം അവിടുത്തെ സ്നേഹത്തിൽ പങ്കുചേരണമെന്ന, അവിടുത്തെ മുഴുവനായും നിറയ്ക്കുന്ന തീവ്രമായ ആഗ്രഹമാണ് ആ ആകുലത. ആവശ്യത്തിലായിരിക്കുന്നവരെ സ്നേഹിക്കാനും സൗഖ്യപ്പെടുത്താനും അവിടുന്ന് ആഗ്രഹിക്കുന്നു. ആവശ്യത്തിലായിരിക്കുന്നവർ നാം തന്നെയാണ്.

പ്രാർഥനയിലൂടെയും അവിടുത്തെ വചനത്തോടുള്ള വിശ്വസ്തതയിലൂടെയും കൂദാശകളിലെ പങ്കാളിത്തത്തിലൂടെയും നാം നമ്മുടെ കർത്താവിന്റെ വിരുന്നിലേക്കു വരുമ്പോൾ, മറ്റുള്ളവരും നമ്മോടൊപ്പം അവിടുത്തെ വിരുന്നിൽ പങ്കുചേരണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നതായി നാം തിരിച്ചറിയും. അതിനാൽ, പെരുവഴികളിലേക്കും വേലിക്കരികുകളിലേക്കും അയയ്ക്കപ്പെടുന്ന ദാസന്മാരായി നമ്മെത്തന്നെ നാം കാണണം. അവിടെ ദൈവഹിതം അനുസരിക്കാത്തവരെ നാം കണ്ടെത്തും. അവരെയും ക്ഷണിക്കണം. തങ്ങൾ അവിടെയുള്ളവരല്ലെന്ന് അവർക്കു തോന്നിയേക്കാമെങ്കിലും, തന്റെ വിരുന്നിൽ അവർ ഉണ്ടായിരിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. അവരെ ക്ഷണിക്കേണ്ടത് നാമാണ്.

ഇന്ന് രണ്ടു കാര്യങ്ങളെക്കുറിച്ച് വിചിന്തനം ചെയ്യുക. ഒന്നാമതായി, പ്രാർഥിക്കാനും വിശ്വാസം ആഴപ്പെടുത്താനും വിശുദ്ധ കുർബാനയിൽ പങ്കെടുക്കാനും ദൈവം നിങ്ങളെ ക്ഷണിക്കുമ്പോൾ, പതിവായി നിങ്ങൾ പറയുന്ന ഒഴികഴിവുകളെക്കുറിച്ച് ചിന്തിക്കുക. ഉടനടിയും ഉത്സാഹത്തോടെയും നിങ്ങൾ പ്രതികരിക്കുന്നുണ്ടോ? അതോ, നിങ്ങൾ സമ്മതിക്കാൻ ആഗ്രഹിക്കുന്നതിലുമധികം തവണ ഒഴികഴിവു പറഞ്ഞ് ഒഴിഞ്ഞുമാറുന്നുണ്ടോ? ഏറ്റവും വഴിതെറ്റിപ്പോയ ആത്മാക്കളുടെ അടുത്തേക്കു ചെന്ന് അവരെ ദൈവത്തിന്റെ വിരുന്നിലേക്കു ക്ഷണിക്കാൻ ദൈവം നിങ്ങളെ ഏൽപ്പിച്ച കടമയെക്കുറിച്ചും വിചിന്തനം ചെയ്യുക. തങ്ങൾ ക്ഷണിക്കപ്പെട്ടവരാണെന്ന് എല്ലാവരും അറിയണമെന്ന് നമ്മുടെ കർത്താവ് ആഗ്രഹിക്കുന്നു. അവിടുത്തെ ക്ഷണം എത്തിക്കാൻ നിങ്ങളെ ഉപയോഗിക്കാൻ അവിടുത്തെ അനുവദിക്കുക.

ഔദാര്യവാനായ എന്റെ കർത്താവേ, അങ്ങയുടെ മഹത്തായ വിരുന്നിന്റെ മഹിമയിൽ പങ്കുചേരാൻ അങ്ങ് എന്നെ ക്ഷണിച്ചിരിക്കുന്നു. പ്രാർഥിക്കാനും എന്റെ വിശ്വാസത്തിൽ കരുത്താർജിക്കാനും വിശുദ്ധ കുർബാനയിൽ പങ്കുചേരാനും അങ്ങ് എല്ലാ ദിവസവും എന്നെ ക്ഷണിക്കുന്നു. അങ്ങയുടെ ക്ഷണങ്ങളിൽനിന്ന് ഒരിക്കലും ഒഴികഴിവു പറഞ്ഞ് ഒഴിഞ്ഞുമാറാതെ, എപ്പോഴും അങ്ങയോടു പ്രതികരിക്കാൻ എനിക്കിടയാകട്ടെ. പ്രിയ കർത്താവേ, ഏറ്റവും അധികം ആവശ്യമുള്ളവരിലേക്ക് അങ്ങയുടെ ക്ഷണം എത്തിക്കാൻ എന്നെയും ഉപയോഗിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.


“വിശുദ്ധമായ വെറുപ്പിലൂടെ” സ്നേഹിക്കുക

ആണ്ടുവട്ടക്കാലത്തിലെ മുപ്പത്തിയൊന്നാം ആഴ്ചയിലെ ബുധനാഴ്ച

വലിയ ജനക്കൂട്ടങ്ങൾ യേശുവിനോടൊപ്പം യാത്ര ചെയ്യുകയായിരുന്നു. അവൻ തിരിഞ്ഞ് അവരോടു പറഞ്ഞു: “ആരെങ്കിലും എന്റെ അടുക്കൽ വരുകയും സ്വന്തം പിതാവിനെയും മാതാവിനെയും ഭാര്യയെയും മക്കളെയും സഹോദരന്മാരെയും സഹോദരിമാരെയും, സ്വന്തം ജീവനെപ്പോലും വെറുക്കാതിരിക്കുകയും ചെയ്താൽ, അവന് എന്റെ ശിഷ്യനായിരിക്കുവാൻ കഴിയുകയില്ല.”  ലൂക്കാ 14:25–26

നമ്മുടെ കർത്താവിന്റെ അമ്പരപ്പിക്കുന്ന ഈ പ്രാരംഭവാക്കുകൾക്കുശേഷം, യേശു ഇന്നത്തെ സുവിശേഷം ഇങ്ങനെ ഉപസംഹരിക്കുന്നു: “അതുപോലെ, നിങ്ങളിൽ തനിക്കുള്ളതെല്ലാം ഉപേക്ഷിക്കാത്ത ആർക്കും എന്റെ ശിഷ്യനായിരിക്കുവാൻ കഴിയുകയില്ല.” അതിനാൽ, ആദ്യവായനയിൽ നമുക്കുള്ളതെല്ലാം ഉപേക്ഷിക്കാൻ മാത്രമല്ല, നമ്മുടെ സ്വന്തം കുടുംബാംഗങ്ങളെ വെറുക്കാനും നാം വിളിക്കപ്പെട്ടിരിക്കുന്നതായി തോന്നാം. എന്നാൽ നമ്മുടെ കർത്താവ് യഥാർഥത്തിൽ ഉദ്ദേശിക്കുന്നത് ഇതാണോ? നമ്മുടെ കുടുംബാംഗങ്ങളെയും സ്വന്തം ജീവനെപ്പോലും “വെറുക്കുക” എന്ന ആശയത്തിൽനിന്ന് നമുക്ക് ആരംഭിക്കാം.

ഈ സുവിശേഷഭാഗത്തിലെ “വെറുപ്പ്” എന്ന വാക്ക്, വെറുപ്പും കോപവും എന്ന പാപത്തെ സൂചിപ്പിക്കുന്നില്ലെന്നത് വ്യക്തമാണ്. ഈ ഭാഗത്തെക്കുറിച്ച് വ്യാഖ്യാനിക്കുമ്പോൾ, ചില സാഹചര്യങ്ങളിൽ മറ്റൊരാളെ സ്നേഹിക്കാനുള്ള ഏറ്റവും നല്ല മാർഗം ഒരുതരം വെറുപ്പിലൂടെയാണെന്ന് ഒരു സഭാപിതാവ് വിശദീകരിക്കുന്നു. അതായത്, മറ്റൊരാൾ നമ്മെ കർത്താവിന്റെ തിരുഹിതത്തിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് ദൈവത്തിലേക്കുള്ള നമ്മുടെ വഴിയിൽ തടസ്സമായി നിൽക്കുകയാണെങ്കിൽ, അയാളുടെ പ്രവൃത്തികളോടുള്ള നമ്മുടെ “വെറുപ്പ്” നാം ദൃഢമായി പ്രകടിപ്പിക്കണം. എന്നാൽ ഇതു സ്നേഹമാണ്. മറ്റൊരാളുടെ ക്രമരഹിതമായ പ്രവൃത്തികളെ നിരസിച്ചുകൊണ്ട് ദൈവത്തിൽനിന്ന് അകലാൻ വിസമ്മതിക്കുന്നത്, അയാളുമായി സുവിശേഷം പങ്കുവയ്ക്കാനുള്ള ഒരു മാർഗമാണ്. നമുക്ക് തീവ്രമായ ഒരു ഉദാഹരണം എടുക്കാം.

ഒരു ക്രൈസ്തവനായിരിക്കുക എന്നത് കുറ്റകരമായിരുന്ന ഒരു കാലത്തും സാഹചര്യത്തിലുമാണ് നിങ്ങൾ ജീവിച്ചിരുന്നതെന്ന് സങ്കൽപ്പിക്കുക. നിങ്ങൾ അറസ്റ്റിലാകുകയും നിങ്ങളുടെ വിശ്വാസം പരസ്യമായി തള്ളിപ്പറയാൻ ആജ്ഞാപിക്കപ്പെടുകയും ചെയ്തു. എന്നാൽ അതിനു പകരം, നിങ്ങളുടെ ആത്മാവിന്റെ സർവശക്തിയും ഉപയോഗിച്ച് ആ ആജ്ഞ അനുസരിക്കാൻ നിങ്ങൾ വിസമ്മതിച്ചു. ഈ സാഹചര്യത്തിൽ, ആ വ്യക്തി നിങ്ങളുടെമേൽ അടിച്ചേൽപ്പിക്കുന്ന പീഡനത്തോട് വിശുദ്ധമായ ഒരുതരം “വെറുപ്പ്” നിങ്ങൾ പ്രകടിപ്പിക്കുന്നു. എന്നാൽ അയാളുടെ ആജ്ഞ അനുസരിക്കാൻ വിസമ്മതിച്ചുകൊണ്ട് അയാളുടെ പ്രവൃത്തിയെ പൂർണമായി നിരസിക്കുമ്പോൾ, അതും അയാളോടുള്ള സ്നേഹത്തിന്റെ ഒരു പ്രവൃത്തിയാണ്.

അല്ലെങ്കിൽ, നിങ്ങളുടെ “സ്വന്തം ജീവനെ”പ്പോലും നിങ്ങൾ എങ്ങനെ വെറുക്കുന്നു എന്നതും പരിഗണിക്കുക. നിങ്ങൾ വീണ്ടും വീണ്ടും ഗൗരവമുള്ള പാപത്തിൽ വീഴുന്നു എന്നു കരുതുക. അതിനോടുള്ള ഉചിതമായ പ്രതികരണം അനുതപിക്കുക മാത്രമല്ല, നിങ്ങൾ വീണുപോയ ആ ദുശ്ശീലത്തോട് വിശുദ്ധമായ ഒരുതരം വെറുപ്പ് പുലർത്തുകയും ചെയ്യുക എന്നതാണ്. നിങ്ങളുടെ പാപംമൂലം നിങ്ങൾ ആയിത്തീർന്നിരിക്കുന്ന അവസ്ഥയോടുള്ള വെറുപ്പ് എന്ന അർഥത്തിൽ, ഇത് നിങ്ങളോടുതന്നെയുള്ള യഥാർഥ വെറുപ്പാണ്. എന്നാൽ നിങ്ങളുടെ പാപത്തെ തീക്ഷ്ണതയോടെ അതിജീവിക്കുക എന്നതാണ് ഈ വിശുദ്ധമായ വെറുപ്പിന്റെ ആത്യന്തികലക്ഷ്യം. അതിനാൽ, ഇത് നിങ്ങളോടുതന്നെയുള്ള യഥാർഥ സ്നേഹപ്രവൃത്തിയാണ്.

മുകളിൽ പരാമർശിച്ച ഇന്നത്തെ സുവിശേഷത്തിന്റെ അവസാനവാക്യം, നമുക്കുള്ളതെല്ലാം ഉപേക്ഷിക്കാൻ നമ്മെ ആഹ്വാനം ചെയ്യുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ദൈവഹിതത്തിനു വിരുദ്ധമായ രീതിയിൽ നാം ആസക്തി പുലർത്തുന്ന എന്തും നാം ഉപേക്ഷിക്കണം. തീർച്ചയായും, ദൈവത്തിന്റെ പരിപാലനയിൽ, ജീവിതത്തിലെ ഭൗതികാവശ്യങ്ങൾ നിറവേറ്റുന്നതിനായി പലവിധ വസ്തുവകകൾ കൈവശം വയ്ക്കാൻ ഭൂരിഭാഗം ആളുകളെയും ദൈവം ക്ഷണിക്കുന്നു; ദാരിദ്ര്യവ്രതം സ്വീകരിക്കുന്നവർ ഇതിനപവാദമാണ്. എന്നാൽ ഈ സാഹചര്യത്തിലും, നമുക്കുള്ളതെല്ലാം നാം “ഉപേക്ഷിക്കണം.” അതായത്, ദൈവമല്ലാതെ മറ്റൊന്നിനോടും ആസക്തരാകാൻ നാം നമ്മെത്തന്നെ അനുവദിക്കരുത്. എന്നാൽ ഇതാണ് ഏറ്റവും യഥാർഥമായ അർഥത്തിലുള്ള സ്വാതന്ത്ര്യം. നിങ്ങൾക്ക് അനേകം വസ്തുക്കൾ ഉണ്ടെങ്കിലും, അവയല്ല നിങ്ങളെ സന്തുഷ്ടരാക്കുന്നതെന്ന് മനസ്സിലാക്കണം. ദൈവത്തിനും അവിടുത്തെ തിരുഹിതത്തിനും മാത്രമേ നിങ്ങൾക്ക് നിറവ് നൽകാനാകൂ. മറ്റൊന്നിനും അതിനു കഴിയില്ല. അതിനാൽ, ദൈവം, ദൈവം മാത്രം മതി എന്ന നിലയിൽ ജീവിക്കാൻ നാം പഠിക്കണം. നിങ്ങൾ ഒരു വീട്, കാർ, കമ്പ്യൂട്ടർ, ടെലിവിഷൻ, മറ്റ് ആധുനിക സൗകര്യങ്ങൾ എന്നിവ നേടണമെന്നാണ് ദൈവഹിതമെങ്കിൽ, അങ്ങനെതന്നെ ആകട്ടെ. എന്നാൽ ഈ വസ്തുവകകളുടെയെല്ലാം യഥാർഥ “ഉപേക്ഷ” എന്നതിന്റെ അർഥം ഇത്രമാത്രമാണ്: എപ്പോഴെങ്കിലും അവ നഷ്ടപ്പെട്ടാലും, അത് നിങ്ങൾക്ക് സ്വീകാര്യമായിരിക്കും. അവിടെയാണ് പൂർണമായ അനാസക്തി. ഭൗതികമായ എന്തെങ്കിലും നഷ്ടപ്പെടുന്നത്, ദൈവത്തെയും അവിടുത്തെ വിശുദ്ധമായ തിരുഹിതത്തെയും സ്നേഹിക്കുന്നതിൽനിന്നും സേവിക്കുന്നതിൽനിന്നും ഒരു തരത്തിലും നിങ്ങളെ പിന്തിരിപ്പിക്കുകയില്ല.

യേശുവിന്റെ സമൂലമായ ഈ വാക്കുകളെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. നമ്മുടെ കർത്താവ് ഉദ്ദേശിച്ച അർഥത്തിൽ അവ കേൾക്കാൻ ശ്രമിക്കുക. ദൈവഹിതത്തിനു വിരുദ്ധമായ എല്ലാറ്റിൽനിന്നും, നിങ്ങളുടെ ജീവിതത്തിൽ ദൈവത്തിലേക്കുള്ള വഴിയിൽ തടസ്സമാകുന്ന എല്ലാറ്റിൽനിന്നും അനാസക്തരാകാൻ പരിശ്രമിക്കുക. ഒടുവിൽ, ദൈവത്തെ മാത്രം സ്വന്തമാക്കുക എന്നത് നിങ്ങൾക്ക് പ്രത്യാശിക്കാവുന്ന എന്തിനെക്കാളും വലുതാണ്. കരുണാമയനായ നമ്മുടെ ദൈവത്തെ പൂർണമായി സ്വന്തമാക്കിയാൽ മാത്രമേ, നമ്മുടെ കർത്താവായ യേശുവിന്റെ നിർമ്മലഹൃദയത്തോടും സ്നേഹത്തോടുംകൂടെ നിങ്ങളെത്തന്നെയും മറ്റുള്ളവരെയും സ്നേഹിക്കാൻ നിങ്ങൾക്കു കഴിയൂ.

എന്നിൽനിന്ന് ഏറെ ആവശ്യപ്പെടുന്ന എന്റെ കർത്താവേ, വിട്ടുവീഴ്ചയില്ലാത്ത വിശുദ്ധജീവിതത്തിലേക്ക് അങ്ങ് ഞങ്ങളെ എല്ലാവരെയും വിളിക്കുന്നു. എല്ലാറ്റിനുമുപരിയായി, പൂർണഹൃദയത്തോടെ അങ്ങയെ സ്നേഹിക്കാൻ ഞാൻ വളർന്നുവരണമെന്ന് അങ്ങ് ആഗ്രഹിക്കുന്നു. അങ്ങയെ സ്നേഹിക്കുന്നതിനും സേവിക്കുന്നതിനും തടസ്സമായതെല്ലാം ഉപേക്ഷിക്കാൻ എനിക്കാവശ്യമായ കൃപയും ജ്ഞാനവും നൽകണമേ. എന്റെ ജീവിതത്തിൽ അങ്ങ്, അങ്ങ് മാത്രം മഹത്വപ്പെടട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.


വീട്ടിലേക്ക് ഏറ്റിക്കൊണ്ടുപോകപ്പെടുന്നു

ആണ്ടുവട്ടത്തിലെ മുപ്പത്തിയൊന്നാം ആഴ്ചയിലെ വ്യാഴാഴ്ച

“നിങ്ങളിൽ ആർക്കെങ്കിലും നൂറ് ആടുകൾ ഉണ്ടായിരിക്കെ അവയിൽ ഒന്നു നഷ്ടപ്പെട്ടാൽ, തൊണ്ണൂറ്റൊമ്പതിനെയും മരുഭൂമിയിൽ വിട്ടിട്ട്, നഷ്ടപ്പെട്ടതിനെ കണ്ടെത്തുന്നതുവരെ അതിനെ അന്വേഷിച്ചുപോകാതിരിക്കുമോ? അതിനെ കണ്ടെത്തുമ്പോൾ അവൻ വലിയ സന്തോഷത്തോടെ അതിനെ തോളിലേറ്റുന്നു. വീട്ടിലെത്തുമ്പോൾ സ്നേഹിതരെയും അയൽക്കാരെയും വിളിച്ചുകൂട്ടി അവരോടു പറയുന്നു: ‘എന്നോടൊപ്പം സന്തോഷിക്കുവിൻ; നഷ്ടപ്പെട്ട എന്റെ ആടിനെ ഞാൻ കണ്ടെത്തിയിരിക്കുന്നു.’”  ലൂക്കാ 15:4–6

നൂറ് എന്ന സംഖ്യ പൂർണതയെ സൂചിപ്പിക്കുന്നുവെന്ന് മഹാന്മാരായ ചില വിശുദ്ധർ ചൂണ്ടിക്കാണിക്കുന്നു. നൂറ് ദൈവരാജ്യത്തിന്റെ പൂർണതയെയാണ് സൂചിപ്പിക്കുന്നത്; അതിൽ സ്വർഗത്തിലെ സകല വിശുദ്ധരും മാത്രമല്ല, മാലാഖമാരും ഉൾപ്പെടുന്നു. കാണാതെപോയ ഒരാട് ഈ ജീവിതത്തിലൂടെ യാത്രചെയ്യുന്ന മനുഷ്യകുലത്തെ മുഴുവനും പ്രതിനിധാനം ചെയ്യുന്നു. തീർച്ചയായും, യേശുവാണ് ആ ഇടയൻ. നമ്മെ ഭവനത്തിലേക്കു ചുമന്നുകൊണ്ടുപോകാൻ തീക്ഷ്ണതയോടെ അന്വേഷിക്കുന്ന അവിടുത്തെ ശ്രദ്ധ പതിതമായ മനുഷ്യകുലത്തിലേക്കു തിരിയുന്നു.

ഒന്നാമതായി, വഴിതെറ്റിപ്പോയ ആ ഒരാടിനെ ഇടയൻ അന്വേഷിക്കുന്നത് കോപംകൊണ്ടല്ല, മറിച്ച് കരുതലും സ്നേഹവുംകൊണ്ടാണെന്നു ശ്രദ്ധിക്കുക. നാം വഴിതെറ്റുമ്പോൾ നമ്മുടെ കർത്താവ് നമ്മെ എങ്ങനെ കാണുന്നു എന്നു ശരിയായി മനസ്സിലാക്കണമെങ്കിൽ, ഇക്കാര്യം ഗ്രഹിക്കേണ്ടത് അത്യാവശ്യമാണ്. അവിടുത്തെ ആഴമായ കരുതലും, നമ്മെ അന്വേഷിക്കുന്നതിലുള്ള തീക്ഷ്ണതയും, വഴിതെറ്റിയ അവസ്ഥയിൽ കഴിയുന്ന നമ്മെ കണ്ടെത്താനുള്ള അചഞ്ചലമായ പ്രതിബദ്ധതയും നാം കാണണം. വിധിച്ചുകൊണ്ടും കോപിച്ചുകൊണ്ടും അകന്നിരിക്കുന്ന ദൈവമല്ല ഇത്; മറിച്ച്, നമ്മെ തേടി വരുകയും നമ്മുടെ പതിതമായ മനുഷ്യസ്വഭാവം സ്വീകരിക്കുകയും നമ്മെ കണ്ടെത്തി ഭവനത്തിലേക്കു കൊണ്ടുവരാൻ എല്ലാ സഹനങ്ങളും ഏറ്റുവാങ്ങുകയും ചെയ്ത ദൈവമാണ്.

ഈ ഉപമയിൽ, കാണാതെപോയ ആടിനെ ഇടയൻ തന്റെ തോളിലേറ്റി ഭവനത്തിലേക്കു കൊണ്ടുപോകുന്നുവെന്നതും ശ്രദ്ധിക്കുക. സ്വന്തം പരിശ്രമംകൊണ്ട് ദൈവത്തിന്റെ അടുക്കലേക്കു മടങ്ങിയെത്തേണ്ടത് നാമാണെന്ന ചിന്തയുടെ കെണിയിൽ പലപ്പോഴും നാം വീണുപോകാം. എന്നാൽ നമ്മെ എടുത്തുയർത്തി ഭവനത്തിലേക്കു ചുമന്നുകൊണ്ടുപോകാൻ ദൈവം എപ്പോഴും കാത്തിരിക്കുന്നുണ്ട് എന്നതാണ് സത്യം. അവിടുത്തെ കരുണയുള്ള കരങ്ങളിൽ നമ്മെത്തന്നെ സമർപ്പിക്കുകയും ഓടിയകലുന്നത് അവസാനിപ്പിക്കുകയും ചെയ്യുക എന്നതാണ് നമ്മുടെ കടമ. അവിടുത്തെ നേരെ തിരിയുകയും നമ്മുടെ അടുക്കൽ വന്ന് നമ്മെ ശുശ്രൂഷിക്കാൻ അവിടുത്തെ അനുവദിക്കുകയും ചെയ്യുന്നതിലൂടെയാണ് ഇതു സാധിക്കുന്നത്. അവിടുത്തെ സ്നേഹാർദ്രമായ കരങ്ങളിൽ നമ്മെത്തന്നെ സമർപ്പിച്ചുകഴിഞ്ഞാൽ, പ്രധാന പരിശ്രമം നടത്തുന്നത് നമ്മുടെ കർത്താവാണ്.

അവസാനമായി, ഈ ഉപമയിൽ പറയുന്ന ആനന്ദം ഇടയന്റേതാണെന്നു ശ്രദ്ധിക്കുക. തീർച്ചയായും, നമ്മെ എടുത്തുയർത്തി ദൈവരാജ്യത്തിന്റെ പൂർണതയിലേക്കു ചുമന്നുകൊണ്ടുപോകുമ്പോൾ നാമും ആനന്ദിക്കും. എന്നാൽ നമ്മുടെ ആനന്ദം കർത്താവിന്റെ സന്തോഷത്തോടുള്ള പ്രതികരണമാണ്. അവിടുത്തെ ആനന്ദത്തിൽ പങ്കുചേരാനാണ് നാം ക്ഷണിക്കപ്പെട്ടിരിക്കുന്നത്. നമ്മെ സ്നേഹപൂർവം ഭവനത്തിലേക്കു ചുമന്നുകൊണ്ടുപോകാൻ നാം അവിടുത്തെ അനുവദിക്കുമ്പോൾ, കൃതജ്ഞതയാൽ നിറയുന്നത് അവിടുത്തെ ഹൃദയമാണ്. “എന്നോടൊപ്പം ആനന്ദിക്കുവിൻ; കാരണം, കാണാതെപോയ എന്റെ ആടിനെ ഞാൻ കണ്ടെത്തിയിരിക്കുന്നു” എന്ന് അവിടുന്ന് പറയുന്നു.

നല്ല ഇടയന്റെ ഈ വിശുദ്ധചിത്രത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. ഈ ഉപമയും ഇതിലെ ദൃശ്യവും ധ്യാനിക്കുമ്പോൾ, നിങ്ങളിൽ ഉണരുന്ന വിവിധ ചിന്തകൾ, ഓർമകൾ, വികാരങ്ങൾ, ഭയങ്ങൾ എന്നിവ ശ്രദ്ധിക്കുക. നമ്മിൽ ഓരോരുത്തരും വ്യത്യസ്തരാണ്. നാം എവിടെയായിരുന്നാലും, നമ്മുടെ പാപങ്ങളുടെ നടുവിലേക്കുതന്നെ, നമ്മിൽ ഓരോരുത്തരുടെയും അടുക്കലേക്കു വരാൻ നമ്മുടെ കർത്താവ് അതിയായി ആഗ്രഹിക്കുന്നു. ഈ നല്ല ഇടയന്റെ അനുകമ്പയെക്കുറിച്ചു ധ്യാനിക്കുന്നത്, നിങ്ങളോടു സംസാരിക്കാനും നിങ്ങൾ വ്യക്തിപരമായി വഴിതെറ്റിയ പാതകളിൽനിന്നു പിന്തിരിഞ്ഞ് തന്റെ അടുക്കലേക്കു വരാൻ നിങ്ങളെ വ്യക്തിപരമായി ക്ഷണിക്കാനും കർത്താവിനു വാതിൽ തുറന്നുകൊടുക്കും. ഓടിയകലരുത്. അവിടുന്ന് നിങ്ങളുടെ അടുക്കൽ വരുമ്പോൾ വിശ്വാസത്തോടെ നിലകൊള്ളുക. നിങ്ങളെ ഭവനത്തിലേക്കു ചുമന്നുകൊണ്ടുപോകാൻ അവിടുന്ന് എടുത്തുയർത്തുമ്പോൾ, അവിടുത്തെ സ്വരം ശ്രവിക്കുകയും അവിടുത്തോട് “അതെ” എന്നു പറയുകയും ചെയ്യുക.

സൗമ്യനായ എന്റെ ഈശോയേ, അങ്ങാണ് നല്ല ഇടയൻ. അങ്ങ് എന്നെ സ്നേഹിക്കുകയും ജാഗ്രതയോടും വിശ്വസ്തതയോടുംകൂടെ എന്നെ അന്വേഷിക്കുകയും ചെയ്യുന്നു. അങ്ങയിൽനിന്ന് ഓടിയകലുന്നതും അങ്ങയുടെ സൗമ്യസ്വരത്തിൽനിന്ന് ഒളിക്കുന്നതും അവസാനിപ്പിക്കാൻ തക്കവിധം അങ്ങയിൽ ആശ്രയിക്കാൻ എനിക്കിടയാകട്ടെ. എന്റെ അടുക്കൽ വന്ന്, എന്നെ എടുത്ത് അങ്ങയുടെ തോളിലേറ്റി വീട്ടിലേക്കു കൊണ്ടുപോകണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.


ഭൗമിക സമ്പത്തിന്റെ കാര്യസ്ഥർ

ആണ്ടുവട്ടത്തിലെ മുപ്പത്തിയൊന്നാം ആഴ്ചയിലെ വെള്ളിയാഴ്ച

യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു: “ഒരു ധനികന് ഒരു കാര്യസ്ഥനുണ്ടായിരുന്നു. അവൻ തന്റെ സ്വത്ത് പാഴാക്കിക്കളയുന്നതായി ആ ധനികനു വിവരം ലഭിച്ചു. അയാൾ അവനെ വിളിച്ചുവരുത്തി പറഞ്ഞു: ‘നിന്നെക്കുറിച്ചു ഞാൻ ഈ കേൾക്കുന്നതെന്താണ്? നിന്റെ കാര്യസ്ഥതയുടെ മുഴുവൻ കണക്കും തയ്യാറാക്കുക; കാരണം, ഇനി നിനക്ക് എന്റെ കാര്യസ്ഥനായിരിക്കാൻ കഴിയില്ല.’” ലൂക്കാ 16:1–2

ഈ ഉപമയിൽ ധ്യാനിക്കാൻ ഏറെയുണ്ട്; നമുക്കു പഠിക്കാവുന്ന പല പാഠങ്ങളുമുണ്ട്. ആദ്യംതന്നെ, ധനികൻ ദൈവമാണെന്നും കാര്യസ്ഥൻ നിങ്ങളാണെന്നും മനസ്സിലാക്കണം. നാം പഠിക്കേണ്ട പ്രധാനപ്പെട്ട ആദ്യപാഠമാണിത്. കാരണം, ഈ ലോകത്തിലെ ഭൗതിക വസ്തുക്കളുടെ കാര്യത്തിൽ, എല്ലാറ്റിന്റെയും യഥാർഥ ഉടമ ദൈവമാണെന്നും നാം കാര്യസ്ഥർ മാത്രമാണെന്നും ഇത് വെളിപ്പെടുത്തുന്നു. അതിനെക്കുറിച്ചു ശ്രദ്ധാപൂർവം ചിന്തിക്കുക. നിങ്ങളുടെ കൈവശമുള്ള സകലതും, നിങ്ങളുടെ പണവും വസ്തുവകകളുമെല്ലാം, നിങ്ങൾ അവയുടെ സമ്പൂർണ ഉടമയാണെന്ന മട്ടിലാണോ മുറുകെപ്പിടിക്കുന്നത്? വ്യക്തമായും, ഭൂരിഭാഗം ആളുകളും ഇങ്ങനെയാണ് ചിന്തിക്കുന്നത്. ഉപജീവനത്തിനായി അവർ കഠിനാധ്വാനം ചെയ്യുകയും, സമ്പാദിച്ചുവെക്കുകയും, പലതും വാങ്ങുകയും, ബാങ്കിലെ നിക്ഷേപം വർധിപ്പിക്കുകയും ചെയ്തേക്കാം. പിന്നെ, ഈ ഭൗതിക വസ്തുക്കളെ ദൈവത്തിന്റേതെന്നതിനു പകരം “എന്റേത്” എന്നു കണ്ട് അവയോട് വളരെ ആസക്തരായി കഴിയുന്നു. അതിനാൽ, നാം പരിശോധിക്കേണ്ട, ഏറെ വെല്ലുവിളി ഉയർത്തുന്ന ആദ്യപാഠം ഇതാണ്: നാം “സ്വന്തമാക്കിയിരിക്കുന്ന” സകലതും യഥാർഥത്തിൽ ദൈവത്തിന്റെ സ്വത്താണ്. ഈ ലോകത്തിലെ വസ്തുക്കളുടെ കാര്യസ്ഥരായിരിക്കാൻ മാത്രമാണ് അവിടുന്ന് നമ്മെ അനുവദിക്കുന്നത്. നിങ്ങൾ അതു വിശ്വസിക്കുന്നുണ്ടോ?

കാര്യസ്ഥരെന്ന നിലയിൽ, നമ്മുടെ പരിപാലനത്തിനു ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്ന സമ്പത്ത് ദൈവം ആഗ്രഹിക്കുന്ന വിധത്തിൽ മാത്രം ഉപയോഗിക്കാൻ നാം പ്രതിജ്ഞാബദ്ധരായിരിക്കണം. ഈ ഉപമയിൽ, കാര്യസ്ഥൻ “തന്റെ യജമാനന്റെ സ്വത്ത് പാഴാക്കുന്നു” എന്ന് ധനവാനായ ആ യജമാനനോടു പരാതിപ്പെട്ടു. ദൈവത്തിന്റെ ഇഷ്ടത്തിനും ആഗ്രഹങ്ങൾക്കും പകരം നമ്മുടെ സ്വന്തം ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും അനുസരിച്ച് പണം ഉപയോഗിക്കുമ്പോൾ, ദൈവത്തിന്റെ സ്വത്ത് പാഴാക്കുന്നതിൽ നാമും കുറ്റക്കാരാകുന്നു. ഇത് വളരെ സാധാരണമായ ഒരു പ്രവണതയാണ്; പ്രത്യേകിച്ച്, ധാരാളം പണം കൈകാര്യം ചെയ്യാൻ ഏൽപ്പിക്കപ്പെട്ടിരിക്കുന്നവരിൽ. അതിനാൽ, ഒരാളുടെ കാര്യസ്ഥതയിൽ എത്രയധികം പണമുണ്ടോ, അത്രയധികം അത് പാഴാക്കാനുള്ള പ്രലോഭനവും ഉണ്ടാകും. അതായത്, ദൈവഹിതമനുസരിച്ച് അവിടുത്തെ മഹത്ത്വത്തിനായി ഉപയോഗിക്കുന്നതിനുപകരം സ്വാർഥലക്ഷ്യങ്ങൾക്കായി അത് ഉപയോഗിക്കാനുള്ള പ്രലോഭനം. അംഗീകരിക്കാനും ജീവിതത്തിൽ പ്രാവർത്തികമാക്കാനും പ്രയാസമുള്ള ഒരു പ്രബോധനമാണിത്. എന്നാൽ ഈ ഉപമയിലൂടെ ഈ സത്യങ്ങൾ തീർച്ചയായും നമുക്കു വെളിപ്പെടുത്തപ്പെട്ടിരിക്കുന്നു. അതിനാൽ നാം അവയ്ക്കു ചെവികൊടുക്കേണ്ടത് അത്യാവശ്യമാണ്.

“നിന്റെ കാര്യസ്ഥതയുടെ പൂർണമായ കണക്ക് തയ്യാറാക്കുക” എന്ന് ധനവാൻ പറഞ്ഞ വാക്കുകൾ ഒരുനാൾ കേൾക്കേണ്ടിവരുമെന്ന് നാമെല്ലാവരും പ്രതീക്ഷിക്കണം. ആ ദിവസം ഇന്നായിരുന്നെങ്കിൽ, ആ “നിന്റെ കാര്യസ്ഥതയുടെ പൂർണമായ കണക്ക്” എങ്ങനെയായിരിക്കും? സ്വാർഥനേട്ടത്തിനുവേണ്ടിയാണോ നിങ്ങൾ കഠിനാധ്വാനം ചെയ്തിട്ടുള്ളത്? അതോ ദൈവം നിങ്ങളുടെ പരിചരണത്തിനു ഭരമേൽപ്പിച്ചിരിക്കുന്ന കാര്യങ്ങളിൽ വലിയ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കാനാണോ നിങ്ങൾ കഠിനാധ്വാനം ചെയ്തിട്ടുള്ളത്?

ഉപമയുടെ തുടർച്ചയിൽ, കാര്യസ്ഥനെന്ന സ്ഥാനം നഷ്ടപ്പെട്ടുകഴിഞ്ഞാലും തന്റെ ഭൗതികാവശ്യങ്ങൾ നിറവേറ്റപ്പെടുമെന്ന് ഉറപ്പാക്കാൻ ഒരു പദ്ധതി ആവിഷ്കരിച്ചതിലൂടെ അയാൾ “വിവേകത്തോടെ” പ്രവർത്തിച്ചതായി നാം വായിക്കുന്നു. എന്നാൽ ഇവിടെ പറയുന്ന “വിവേകം” എന്നത്, ഈ ലോകത്തിൽ നേടാൻ ആഗ്രഹിക്കുന്ന ഭൗതികസമ്പത്തിനെക്കുറിച്ച് അനേകർക്കുള്ള ലൗകികവും അതിനാൽ ദുഷ്ടവുമായ ഉപായചാതുര്യം, സാമർഥ്യം, കഠിനാധ്വാനം, പ്രതിബദ്ധത എന്നിവയെയാണ് സൂചിപ്പിക്കുന്നത്. ജീവിതത്തിൽ ഉത്സാഹത്തോടെയും കഠിനാധ്വാനത്തോടെയും പ്രവർത്തിക്കുന്നത് നല്ലതാണെങ്കിലും, പലപ്പോഴും അതു ചെയ്യുന്നത് സ്വാർഥനേട്ടത്തിനുവേണ്ടിയാണ്. സമ്പന്നരാകാൻ ഇത്രയധികം കഠിനാധ്വാനം ചെയ്യുന്ന എല്ലാവരും ഭൂമിയിൽ ദൈവരാജ്യം പടുത്തുയർത്താൻ അതിലുമധികം പരിശ്രമിച്ചിരുന്നെങ്കിൽ എന്താകുമായിരുന്നെന്ന് ഒന്നു സങ്കൽപ്പിച്ചുനോക്കൂ! ദൈവത്തിന്റെ ദൗത്യത്തിനുവേണ്ടി കഠിനാധ്വാനം ചെയ്യുന്ന ഇത്രയധികം ആളുകൾ നമുക്കുണ്ടായിരുന്നെങ്കിൽ ഈ ലോകം എത്ര വ്യത്യസ്തമായിരുന്നേനെ!

ഈ ലോകത്തിന്റെ സമ്പത്തിന്റെ കാര്യത്തിൽ, നിങ്ങളുടെ കൈവശമുള്ളതിന്റെ യജമാനനല്ല, കാര്യസ്ഥൻ മാത്രമാണ് നിങ്ങൾ എന്ന ലളിതമായ സത്യത്തെക്കുറിച്ച് ഇന്ന് ചിന്തിക്കുക. നിങ്ങൾക്കുള്ളതെല്ലാം ദൈവത്തിന്റെ മഹത്ത്വത്തിനായും അവിടുത്തെ ലക്ഷ്യത്തിന് അനുസൃതമായും ഉപയോഗിക്കാൻ നിങ്ങൾ സ്വതന്ത്രരാകേണ്ടതിനായി, ഭൗതികസമ്പത്തിനോടുള്ള ആസക്തിയിൽനിന്ന് നിങ്ങൾ മോചിതരാകണമെന്ന് ദൈവം ആഗ്രഹിക്കുന്നു. അതിനർഥം നിങ്ങൾക്കുള്ളതെല്ലാം ജീവകാരുണ്യസംഘടനകൾക്കു സംഭാവന ചെയ്യണമെന്നല്ല. മറിച്ച്, നിങ്ങൾക്കുള്ളതെല്ലാം നിരന്തരം ദൈവത്തിനു സമർപ്പിക്കുകയും അവിടുത്തെ തിരുഹിതത്തിനു മാത്രം അനുസൃതമായി അത് ഉപയോഗിക്കാൻ ശ്രമിക്കുകയും വേണമെന്നാണ്. അതിന്റെ ഭാഗമായി, പുതിയ എന്തെങ്കിലും വാങ്ങാൻ ദൈവം നിങ്ങളോട് ആഗ്രഹിക്കുന്നുവെന്ന് നിങ്ങൾ വിവേചിച്ചറിയുന്നെങ്കിൽ, പുതിയ എന്തെങ്കിലും വാങ്ങുക. കൂടുതൽ ദാനം ചെയ്യണമെന്നാണ് അതിനർഥമെങ്കിൽ, കൂടുതൽ ദാനം ചെയ്യുക. ഒരു വിശുദ്ധ ത്യാഗമായി കൂടുതൽ ലളിതമായി ജീവിക്കണമെന്നാണ് അതിനർഥമെങ്കിൽ, അങ്ങനെതന്നെ ചെയ്യുക. പണത്തിന് സന്തോഷം വാങ്ങാനാവില്ല. ദൈവഹിതം പൂർണമായി സ്വീകരിക്കുന്നതിലൂടെ മാത്രമേ നിങ്ങൾ ആഴമായി ആഗ്രഹിക്കുന്ന സന്തോഷവും സംതൃപ്തിയും കൈവരൂ.

എല്ലാ സമ്പത്തിന്റെയും നാഥനായ എന്റെ കർത്താവേ, സൃഷ്ടിക്കപ്പെട്ട സകലത്തിന്റെയും യജമാനൻ അങ്ങ്, അങ്ങ് മാത്രമാണ്. പ്രിയ കർത്താവേ, എനിക്കുള്ളതും ഞാൻ സ്വന്തമാക്കിയിരിക്കുന്നതുമെല്ലാം അങ്ങയുടേതാണ്. ഇത് വിശ്വസിക്കാനും എനിക്കുള്ള വസ്തുവകകളുടെ കാര്യസ്ഥൻ മാത്രമായി ജീവിതം നയിക്കാനും എന്നെ സഹായിക്കണമേ. അങ്ങ് എന്റെ സംരക്ഷണത്തിൽ ഏൽപ്പിച്ചവ പാഴാക്കുന്നതിൽനിന്ന് എന്നെ മോചിപ്പിക്കണമേ. എല്ലാം അങ്ങയുടെ മഹത്വത്തിനായും അങ്ങയുടെ തിരുഹിതത്തിനനുസരിച്ചുമാത്രവും ഉപയോഗിക്കാൻ എനിക്കിടയാകട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.


ചെറിയ കാര്യങ്ങൾ നന്നായി ചെയ്യുക

ആണ്ടുവട്ടക്കാലത്തിലെ മുപ്പത്തിയൊന്നാം ആഴ്ചയിലെ ശനിയാഴ്ച

“വളരെ ചെറിയ കാര്യങ്ങളിൽ വിശ്വസ്തനായിരിക്കുന്നവൻ വലിയ കാര്യങ്ങളിലും വിശ്വസ്തനാണ്; വളരെ ചെറിയ കാര്യങ്ങളിൽ സത്യസന്ധതയില്ലാത്തവൻ വലിയ കാര്യങ്ങളിലും സത്യസന്ധതയില്ലാത്തവനാണ്.”  ലൂക്കാ 16:10

ജീവിതത്തിലെ “ചെറിയ കാര്യങ്ങൾ” എന്തൊക്കെയാണ്? ജീവിതത്തിന്റെ വിവിധ മേഖലകളിൽനിന്നുള്ള പലരോടും ഈ ചോദ്യം ചോദിച്ചാൽ, മിക്കവാറും വ്യത്യസ്തമായ അനേകം ഉത്തരങ്ങൾ നിങ്ങൾക്കു ലഭിക്കും. എന്നാൽ യേശുവിന്റെ ഈ പ്രസ്താവനയുടെ സന്ദർഭം പരിഗണിച്ചാൽ, അവിടുന്ന് പറയുന്ന പ്രധാനപ്പെട്ട ചെറിയ കാര്യങ്ങളിലൊന്ന് നാം പണം ഉപയോഗിക്കുന്ന രീതിയാണെന്ന് വ്യക്തമാകും.

സമ്പത്തു നേടുന്നതാണ് ഏറ്റവും പ്രാധാന്യമുള്ള കാര്യം എന്ന മട്ടിലാണ് അനേകർ ജീവിക്കുന്നത്. സമ്പന്നരാകുന്നതു സ്വപ്നം കാണുന്നവർ ധാരാളമുണ്ട്. വലിയ സമ്മാനം അടിക്കുമെന്ന, സഫലമാകാൻ തീരെ സാധ്യതയില്ലാത്ത പ്രതീക്ഷയോടെ ചിലർ പതിവായി ലോട്ടറിയെടുക്കുന്നു. മറ്റു ചിലർ തങ്ങളുടെ തൊഴിൽമേഖലയിൽ മുന്നേറാനും കൂടുതൽ പണം സമ്പാദിക്കാനും, അങ്ങനെ കൂടുതൽ സമ്പന്നരാകുമ്പോൾ കൂടുതൽ സന്തുഷ്ടരാകാമെന്ന വിശ്വാസത്തിലും, വളരെ കഠിനമായി അധ്വാനിക്കാൻ സ്വയം സമർപ്പിക്കുന്നു. വേറെ ചിലരാകട്ടെ, തങ്ങൾ സമ്പന്നരായിരുന്നെങ്കിൽ എന്തെല്ലാം ചെയ്യുമായിരുന്നു എന്ന് പതിവായി ദിവാസ്വപ്നം കാണുന്നു. എന്നാൽ ദൈവത്തിന്റെ കാഴ്ചപ്പാടിൽ ഭൗതികസമ്പത്ത് വളരെ ചെറുതും അപ്രധാനവുമായ ഒരു കാര്യമാണ്. നമ്മുടെയും നമ്മുടെ കുടുംബങ്ങളുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സാധാരണ മാർഗങ്ങളിലൊന്നാണ് എന്ന നിലയിൽ പണം ഉപകാരപ്രദമാണ്. എന്നാൽ ദൈവികമായ കാഴ്ചപ്പാടിൽ നോക്കുമ്പോൾ അതിന്റെ പ്രാധാന്യം തീർച്ചയായും വളരെ ചെറുതാണ്.

ഇതിന്റെ വെളിച്ചത്തിൽ, യേശു നിങ്ങളെ “വലിയ” കാര്യങ്ങൾ ഭരമേൽപ്പിക്കാനുള്ള ഒരു മാർഗം നിങ്ങളുടെ പണം ഉചിതമായി ഉപയോഗിക്കുക എന്നതാണ്. പണത്തിന് അതിനുള്ള മൂല്യം മാത്രം നൽകുമ്പോഴാണ് പണമെന്ന ഈ ചെറിയ കാര്യത്തിൽ നാം “വിശ്വസ്തരാകുന്നത്.” മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ദൈവത്തിന്റെ പരിപൂർണ്ണമായ തിരുവിഷ്ടം നിറവേറ്റുക എന്ന ലക്ഷ്യത്തിലേക്കുള്ള ഒരു മാർഗം മാത്രമായി നാം പണത്തെ കാണണം. അമിതമായ ആഗ്രഹങ്ങളിൽനിന്നും സമ്പത്തിനെക്കുറിച്ചുള്ള സ്വപ്നങ്ങളിൽനിന്നും മുക്തരാകാൻ നാം പരിശ്രമിക്കുകയും, നമുക്കുള്ളത് ദൈവതിരുവിഷ്ടത്തിന് അനുസൃതമായി ഉപയോഗിക്കുകയും ചെയ്യുമ്പോൾ, നമ്മുടെ ഈ പ്രവൃത്തി കർത്താവിന് നമ്മെ അതിലും കൂടുതൽ കാര്യങ്ങൾ ഭരമേൽപ്പിക്കാനുള്ള വാതിൽ തുറന്നുകൊടുക്കും. എന്താണ് ആ “അതിലും കൂടുതൽ കാര്യങ്ങൾ?” നമ്മുടെ നിത്യരക്ഷയോടും മറ്റുള്ളവരുടെ രക്ഷയോടും ബന്ധപ്പെട്ട ആത്മീയകാര്യങ്ങളാണവ. ഭൂമിയിൽ തന്റെ രാജ്യം കെട്ടിപ്പടുക്കാനുള്ള വലിയ ഉത്തരവാദിത്വം നിങ്ങളെ ഭരമേൽപ്പിക്കാൻ ദൈവം ആഗ്രഹിക്കുന്നു. തന്റെ രക്ഷാസന്ദേശം മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ നിങ്ങളെ ഉപകരണമാക്കാൻ അവിടുന്ന് ആഗ്രഹിക്കുന്നു. എന്നാൽ, നിങ്ങളുടെ പണം നന്നായി ഉപയോഗിക്കുന്നതുപോലുള്ള ചെറിയ കാര്യങ്ങളിൽ നിങ്ങൾ വിശ്വസ്തരാണെന്നു തെളിയിക്കുന്നതുവരെ അവിടുന്ന് ആദ്യം കാത്തിരിക്കും. തുടർന്ന്, പ്രാധാന്യം കുറഞ്ഞ ഈ കാര്യങ്ങളിൽ അവിടുത്തെ തിരുവിഷ്ടം നിറവേറ്റുമ്പോൾ, കൂടുതൽ വലിയ പ്രവൃത്തികളിലേക്ക് അവിടുന്ന് നിങ്ങളെ വിളിക്കുന്നത് നിങ്ങൾ തിരിച്ചറിയാൻ തുടങ്ങും.

ദൈവം നിങ്ങളിൽനിന്ന് വലിയ കാര്യങ്ങൾ ആഗ്രഹിക്കുന്നു എന്ന വസ്തുതയെക്കുറിച്ച് ഇന്ന് ചിന്തിക്കുക. വിസ്മയകരമായ വിധങ്ങളിൽ ദൈവത്തിന്റെ ഉപകരണങ്ങളാകുക എന്നതാണ് നമ്മുടെ എല്ലാവരുടെയും ജീവിതലക്ഷ്യം. നിങ്ങൾ ആഗ്രഹിക്കുന്നത് ഇതാണെങ്കിൽ, നിങ്ങളുടെ ജീവിതത്തിലെ ഓരോ ചെറിയ പ്രവൃത്തിയും വളരെ ശ്രദ്ധയോടെ ചെയ്യുക. ദയയുടെ അനേകം ചെറിയ പ്രവൃത്തികൾ ചെയ്യുക. മറ്റുള്ളവരെ കരുതലോടെ പരിഗണിക്കാൻ ശ്രമിക്കുക. നിങ്ങളുടെ സ്വന്തം ആവശ്യങ്ങളെക്കാൾ മറ്റുള്ളവരുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകുക. നിങ്ങളുടെ കൈവശമുള്ള പണം ദൈവമഹത്ത്വത്തിനായും അവിടുത്തെ തിരുവിഷ്ടത്തിന് അനുസൃതമായും ഉപയോഗിക്കാൻ സ്വയം സമർപ്പിക്കുക. ഈ ചെറിയ കാര്യങ്ങൾ ചെയ്യുമ്പോൾ, ദൈവത്തിന് നിങ്ങളെ കൂടുതൽ കാര്യങ്ങൾ ഭരമേൽപ്പിക്കാൻ എങ്ങനെ കഴിയുന്നു എന്നതിൽ നിങ്ങൾ വിസ്മയിക്കാൻ തുടങ്ങും. നിങ്ങളിലൂടെ വലിയ കാര്യങ്ങൾ സംഭവിക്കുകയും ചെയ്യും; അവ നിങ്ങളുടെ ജീവിതത്തിലും മറ്റുള്ളവരുടെ ജീവിതത്തിലും നിത്യമായ ഫലങ്ങൾ ഉളവാക്കും.

വിശ്വസ്തനായ എന്റെ കർത്താവേ, ഇതുവരെ അറിയപ്പെട്ടിട്ടുള്ളതിൽ ഏറ്റവും വലിയ നന്മ അങ്ങയെ ഭരമേൽപ്പിച്ചിരുന്നു. സ്വർഗസ്ഥനായ അങ്ങയുടെ പിതാവ് ലോകത്തിന്റെ രക്ഷ അങ്ങയെ ഏൽപ്പിച്ചു. ഏറ്റവും ചെറിയ കാര്യങ്ങളിൽപ്പോലും അങ്ങയുടെ തിരുഹിതത്തോടു വിശ്വസ്തനായിരുന്നുകൊണ്ട് ഈ ദൗത്യത്തിൽ പങ്കുചേരാൻ എന്നെ സഹായിക്കണമേ. ജീവിതത്തിലെ ചെറിയ കാര്യങ്ങളിൽ അങ്ങയെ സേവിക്കാൻ ഞാൻ പരിശ്രമിക്കുമ്പോൾ, അതിലും വലിയ കാര്യങ്ങൾക്കായി എന്നെ ഉപയോഗിക്കാൻ കഴിയണമേയെന്ന് ഞാൻ പ്രാർഥിക്കുന്നു. പ്രിയ കർത്താവേ, എന്റെ ജീവിതം അങ്ങയുടേതാണ്. അങ്ങയുടെ ഇഷ്ടമനുസരിച്ച് എന്നെ ഉപയോഗിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ഉള്ളടക്കം


4 വാല്യങ്ങളും പേപ്പർബാക്ക് & ഇ-പുസ്തക രൂപങ്ങളിൽ ലഭ്യമാണ്!

Amazon – Google Play – iTunes – Barnes and Noble