മലയാളം

ആണ്ടുവട്ടക്കാലത്തിലെ തിരുനാളുകളും മഹോത്സവങ്ങളും: ആഴ്ചകൾ 1-17

കുരിശും വിശുദ്ധ കുർബാനയും പരിശുദ്ധ അമ്മയും

സഭയുടെ മാതാവായ പരിശുദ്ധ കന്യകാമറിയത്തിന്റെ അനുസ്മരണം – പന്തക്കുസ്തയ്ക്കുശേഷമുള്ള തിങ്കളാഴ്ച

യേശു തന്റെ അമ്മയെയും താൻ സ്നേഹിച്ച ശിഷ്യനെയും അവിടെ കണ്ടപ്പോൾ അമ്മയോടു പറഞ്ഞു: “സ്ത്രീയേ, ഇതാ, നിന്റെ മകൻ.” പിന്നെ അവിടുന്ന് ശിഷ്യനോടു പറഞ്ഞു: “ഇതാ, നിന്റെ അമ്മ.” ആ സമയംമുതൽ ആ ശിഷ്യൻ അവളെ തന്റെ വീട്ടിൽ സ്വീകരിച്ചു. യോഹന്നാൻ 19:26-27

“സഭയുടെ മാതാവായ പരിശുദ്ധ കന്യകാമറിയം” എന്ന പേരിൽ ഒരു പുതിയ അനുസ്മരണം പന്തക്കുസ്താ ഞായറാഴ്ചയ്ക്കുശേഷമുള്ള തിങ്കളാഴ്ച ആചരിക്കുമെന്ന് 2018 മാർച്ച് 3-ന് ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ചു. അന്നുമുതൽ ഈ അനുസ്മരണം പൊതുവായ റോമൻ ആരാധനാക്രമ കലണ്ടറിൽ ചേർത്തിരിക്കുന്നു; സഭയിലുടനീളം സാർവത്രികമായി ഇത് ആചരിക്കേണ്ടതാണ്.

ഈ അനുസ്മരണം സ്ഥാപിച്ച അവസരത്തിൽ, ദൈവാരാധനയ്ക്കായുള്ള തിരുസംഘത്തിന്റെ അധ്യക്ഷനായ കർദിനാൾ റോബർട്ട് സാറാ ഇപ്രകാരം പറഞ്ഞു:

ക്രൈസ്തവജീവിതത്തിലെ വളർച്ച കുരിശിന്റെ രഹസ്യത്തിലും ദിവ്യകാരുണ്യവിരുന്നിലെ ക്രിസ്തുവിന്റെ ആത്മസമർപ്പണത്തിലും വീണ്ടെടുപ്പുകാരന്റെ മാതാവും വീണ്ടെടുക്കപ്പെട്ടവരുടെ മാതാവുമായ, ദൈവത്തിന് തന്നെത്തന്നെ സമർപ്പിക്കുന്ന കന്യകയിലും നങ്കൂരമിട്ടിരിക്കേണ്ടതാണെന്ന് ഓർക്കാൻ ഈ ആഘോഷം നമ്മെ സഹായിക്കും.

“നങ്കൂരമുറപ്പിച്ചിരിക്കുന്നത്” കുരിശിലും, വിശുദ്ധ കുർബാനയിലും, “രക്ഷകന്റെ മാതാവും” “രക്ഷിക്കപ്പെട്ടവരുടെ മാതാവുമായ” പരിശുദ്ധ കന്യകാമറിയത്തിലുമാണ്. സഭയിലെ ഈ വിശുദ്ധനായ കർദിനാളിൽനിന്ന് എത്ര മനോഹരമായ ഉൾക്കാഴ്ചകളും പ്രചോദനമേകുന്ന വാക്കുകളുമാണ് നമുക്കു ലഭിക്കുന്നത്.

ഈ അനുസ്മരണത്തിനായി തിരഞ്ഞെടുത്ത സുവിശേഷം, തന്റെ പുത്രന്റെ കുരിശിനു മുന്നിൽ നിൽക്കുന്ന പരിശുദ്ധ അമ്മയുടെ പാവനമായ ചിത്രം നമ്മുടെ മുമ്പിൽ അവതരിപ്പിക്കുന്നു. അവിടെ നിൽക്കുമ്പോൾ, “എനിക്കു ദാഹിക്കുന്നു” എന്ന് യേശു പറയുന്നത് അമ്മ കേട്ടു. ഒരു സ്പോഞ്ചിൽ അൽപം വീഞ്ഞ് അവനു നൽകി. തുടർന്ന് അവൻ, “എല്ലാം പൂർത്തിയായി” എന്നു പ്രഖ്യാപിച്ചു. തന്റെ പുത്രന്റെ കുരിശ് ലോകത്തിന്റെ വീണ്ടെടുപ്പിന്റെ ഉറവിടമായി മാറിയപ്പോൾ, യേശുവിന്റെ പരിശുദ്ധ അമ്മയായ രക്ഷകന്റെ മാതാവ് അതിനു സാക്ഷിയായി നിന്നു. അവസാനമായി ആ വീഞ്ഞു കുടിച്ചപ്പോൾ, പുതിയതും ശാശ്വതവുമായ പെസഹാഭോജനമായ വിശുദ്ധ കുർബാനയുടെ സ്ഥാപനം അവൻ പൂർത്തിയാക്കി.

കൂടാതെ, പ്രാണൻ വെടിയുന്നതിനു തൊട്ടുമുമ്പ്, തന്റെ അമ്മ ഇനി മുതൽ “രക്ഷിക്കപ്പെട്ടവരുടെ മാതാവ്,” അതായത് സഭയിലെ ഓരോ അംഗത്തിന്റെയും അമ്മ ആയിരിക്കുമെന്ന് യേശു അമ്മയോടു പ്രഖ്യാപിച്ചു. യേശു തന്റെ അമ്മയെ സഭയ്ക്കു ദാനമായി നൽകിയതിന്റെ അടയാളമായിരുന്നു, “ഇതാ, നിന്റെ മകൻ…ഇതാ, നിന്റെ അമ്മ” എന്ന അവന്റെ വാക്കുകൾ.

സഭയിലുടനീളം ആചരിക്കപ്പെടുന്ന പുതിയതും മനോഹരവുമായ ഈ അനുസ്മരണം നാം ആഘോഷിക്കുമ്പോൾ, കുരിശിനോടും വിശുദ്ധ കുർബാനയോടും നിങ്ങളുടെ സ്വർഗീയ അമ്മയോടുമുള്ള നിങ്ങളുടെ ബന്ധത്തെക്കുറിച്ചു ധ്യാനിക്കുക. കുരിശിനരികിൽ നിൽക്കാനും നമ്മുടെ പരിശുദ്ധ അമ്മയോടൊപ്പം അതിലേക്കു നോക്കാനും ലോകത്തിന്റെ രക്ഷയ്ക്കായി യേശു തന്റെ തിരുരക്തം ചിന്തുന്നതിനു സാക്ഷിയാകാനും നിങ്ങൾ സന്നദ്ധരാണെങ്കിൽ, “ഇതാ, നിന്റെ അമ്മ” എന്ന് അവൻ നിങ്ങളോടു പറയുന്നതു കേൾക്കാനുള്ള ഭാഗ്യവും നിങ്ങൾക്കുണ്ട്. നിങ്ങളുടെ സ്വർഗീയ അമ്മയോടു ചേർന്നുനിൽക്കുക. അമ്മയുടെ മാതൃസഹജമായ കരുതലും സംരക്ഷണവും തേടുക; അമ്മയുടെ പ്രാർഥനകൾ അനുദിനം നിങ്ങളെ തന്റെ പുത്രനോട് കൂടുതൽ അടുപ്പിക്കാൻ അനുവദിക്കുക.

ദൈവമാതാവും എന്റെ അമ്മയും സഭയുടെ മാതാവുമായ ഏറ്റവും പ്രിയപ്പെട്ട മറിയമേ, എനിക്കുവേണ്ടിയും, ലോകത്തിന്റെ വീണ്ടെടുപ്പിനായി കുരിശിൽനിന്ന് ഒഴുകിയ അങ്ങയുടെ പുത്രന്റെ കരുണ ഏറെ ആവശ്യമുള്ള അങ്ങയുടെ എല്ലാ മക്കൾക്കുവേണ്ടിയും പ്രാർഥിക്കണമേ. കുരിശിന്റെ മഹത്ത്വത്തിലേക്കു നോക്കുകയും പരിശുദ്ധ കുർബാന സ്വീകരിക്കുകയും ചെയ്യുമ്പോൾ, അങ്ങയുടെ എല്ലാ മക്കളും അങ്ങയോടും അങ്ങയുടെ പുത്രനോടും കൂടുതൽ കൂടുതൽ അടുക്കുമാറാകട്ടെ. മാതാവായ മറിയമേ, ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കണമേ. ഈശോയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു!


ദൈവത്തിന്റെ ആന്തരികജീവിതം!

പരിശുദ്ധ ത്രിത്വത്തിന്റെ മഹോത്സവം

“സ്വർഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നൽകപ്പെട്ടിരിക്കുന്നു. ആകയാൽ നിങ്ങൾ പോയി എല്ലാ ജനതകളെയും ശിഷ്യരാക്കുവിൻ; പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അവർക്കു ജ്ഞാനസ്നാനം നൽകുവിൻ; ഞാൻ നിങ്ങളോടു കൽപിച്ചതെല്ലാം അനുസരിക്കാൻ അവരെ പഠിപ്പിക്കുവിൻ. ഇതാ, യുഗാന്തംവരെ എന്നും ഞാൻ നിങ്ങളോടുകൂടെയുണ്ട്.”  മത്തായി 28:18-20 (ബി വർഷത്തിലെ സുവിശേഷം)

പരിശുദ്ധ ത്രിത്വം!  ദൈവത്തിന്റെ ആന്തരികജീവിതം!  നമ്മുടെ വിശ്വാസത്തിലെ ഏറ്റവും വലിയ രഹസ്യം!

ദൈവം ഒരുവൻ മാത്രമാണെന്ന ആശയം നമുക്കെല്ലാവർക്കും പരിചിതമാണ്.  ഈ ഏകദൈവം പിതാവും പുത്രനും പരിശുദ്ധാത്മാവുമാണെന്ന് നാം പൂർണമായി അംഗീകരിക്കുകയും ചെയ്യുന്നു.  ഒറ്റനോട്ടത്തിൽ ഇതൊരു വൈരുധ്യമായി തോന്നാം.  ദൈവത്തിന് ഒരേസമയം ഏകനും ത്രിത്വവുമായിരിക്കാൻ എങ്ങനെ കഴിയും?  ആഴത്തിൽ അന്വേഷിക്കുകയും ധ്യാനിക്കുകയും ചെയ്യേണ്ട ഒരു രഹസ്യമാണിത്.

ആദ്യം, പിതാവായ ദൈവവും പുത്രനും പരിശുദ്ധാത്മാവും മൂന്നു ദൈവിക വ്യക്തികളാണെന്ന് നാം മനസ്സിലാക്കണം.  ഓരോ വ്യക്തിയും മറ്റുള്ളവരിൽനിന്നു വ്യത്യസ്തനാണ്.  ഓരോ വ്യക്തിക്കും പൂർണമായ ബുദ്ധിയും സ്വതന്ത്ര ഇച്ഛാശക്തിയുമുണ്ട്.  പൂർണമായ അളവിൽ അറിയാനും സ്നേഹിക്കാനും ഓരോ വ്യക്തിക്കും കഴിയും.

എന്നാൽ അറിയാനും സ്നേഹിക്കാനുമുള്ള അവരുടെ കഴിവിന്റെ ഈ “പൂർണത” തന്നെയാണ് അവരെ ഒന്നാക്കുന്നത്.  അവർ ഓരോരുത്തരും ഒരേ ദൈവസ്വഭാവം പങ്കിടുന്നു; ആ ദൈവസ്വഭാവത്തിൽ അവർ പൂർണമായി ഐക്യപ്പെട്ടിരിക്കുന്നു.  അതായത്, ഓരോ വ്യക്തിയും മറ്റുള്ളവരെ പൂർണമായി അറിയുകയും സ്നേഹിക്കുകയും ചെയ്യുന്നു.  ആ അറിവും (അവരുടെ പൂർണമായ ബുദ്ധിയുടെ പ്രവൃത്തി) സ്നേഹവും (അവരുടെ പൂർണമായ ഇച്ഛാശക്തിയുടെ പ്രവൃത്തി) അത്രമേൽ അഗാധവും ആഴമേറിയതുമായ ഐക്യം ഉളവാക്കുന്നതിനാൽ അവർ ഏകദൈവമായി ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു.

പരസ്പരമുള്ള അറിവിലൂടെയും സ്നേഹത്തിലൂടെയും അവർ പങ്കിടുന്ന ഐക്യം, ഓരോ വ്യക്തിക്കും വ്യക്തിയെന്ന നിലയിൽ പൂർണമായ നിറവ് നൽകുന്നുവെന്ന അറിവും ധാരണയും നമുക്ക് പ്രചോദനമേകുന്നു.  “വ്യക്തിത്വം” ഐക്യത്തിലൂടെയാണ് പൂർണത പ്രാപിക്കുന്നതെന്ന് ഇത് കാണിക്കുന്നു.  നമുക്കോരോരുത്തർക്കും എത്ര മനോഹരമായ ഒരു പാഠമാണിത്!

നാം ദൈവമല്ല; എന്നാൽ ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലുമാണ് നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.  അതിനാൽ, ദൈവം പൂർണത കണ്ടെത്തുന്ന അതേ വിധത്തിലാണ് നാമും പൂർണത കണ്ടെത്തുന്നത്.  കൂടുതൽ വ്യക്തമായി പറഞ്ഞാൽ, മറ്റുള്ളവരെ സ്നേഹിക്കുന്നതിലൂടെയും ഓരോരുത്തരെയും അറിയാനും അവരുമായി കൂട്ടായ്മ രൂപപ്പെടുത്താനുമുള്ള നമ്മുടെ സ്വതന്ത്രമായ തിരഞ്ഞെടുപ്പിലൂടെയും നാം ജീവിതത്തിൽ പൂർണത കണ്ടെത്തുന്നു.  നമ്മുടെ ബന്ധങ്ങൾക്കനുസരിച്ച് ഇതിനു വ്യത്യസ്ത രൂപങ്ങളുണ്ടാകും.  തീർച്ചയായും, ദൈവത്തിന്റെ ജീവിതത്തെ അനുകരിച്ചുകൊണ്ട് ഏറ്റവും ആഴമായ ഐക്യത്തിൽ പങ്കുചേരാൻ ഭാര്യാഭർത്താക്കന്മാർ വിളിക്കപ്പെട്ടിരിക്കുന്നു.  എന്നാൽ എല്ലാ ബന്ധങ്ങളും അവയുടേതായ തനതായ രീതിയിൽ ദൈവത്തിന്റെ ജീവിതത്തിൽ പങ്കുചേരാൻ വിളിക്കപ്പെട്ടിരിക്കുന്നു.

ഇന്ന് പരിശുദ്ധ ത്രിത്വത്തിന്റെ ഞായർ ആഘോഷിക്കുമ്പോൾ, ദൈവം നിങ്ങളെ വിളിച്ചിരിക്കുന്ന ബന്ധങ്ങളെക്കുറിച്ച് ചിന്തിക്കുക.  നിങ്ങളുടെ ബന്ധങ്ങളിൽ പരിശുദ്ധ ത്രിത്വത്തിന്റെ സ്നേഹത്തെ നിങ്ങൾ എത്ര പൂർണമായി അനുകരിക്കുന്നു?  വളർച്ച ആവശ്യമുള്ള മേഖലകൾ നാമെല്ലാവരും തീർച്ചയായും കണ്ടെത്തും.  കൂടുതൽ ആഴത്തിലേക്ക് ഒരു ചുവടുകൂടി വയ്ക്കാൻ പ്രതിജ്ഞയെടുക്കുക. സ്നേഹത്തിന്റെ ആ ചുവടിലൂടെ അതിന്റെ ഫലമായി കൂടുതൽ നിറവ് നിങ്ങൾക്കു നൽകാൻ ദൈവത്തെ അനുവദിക്കുക.

പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവമേ, അങ്ങയെ അറിയാനും സ്നേഹിക്കാനും എന്നെ സഹായിക്കണമേ.  അങ്ങയുടെ ദൈവികജീവിതത്തിൽ അങ്ങു പങ്കുവയ്ക്കുന്ന സ്നേഹം കണ്ടെത്താൻ എന്നെ സഹായിക്കണമേ.  ആ കണ്ടെത്തലിലൂടെ, അങ്ങയുടെ ഹൃദയത്തോടെ മറ്റുള്ളവരെയും സ്നേഹിക്കാൻ എന്നെ സഹായിക്കണമേ.  പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവമേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.


ദിവ്യകാരുണ്യത്തിരുനാൾ

ക്രിസ്തുവിന്റെ പരിശുദ്ധ ശരീരരക്തങ്ങളുടെ മഹോത്സവം

“ഇതു സ്വീകരിക്കുവിൻ; ഇത് എന്റെ ശരീരമാണ്.” തുടർന്ന് അവൻ ഒരു പാനപാത്രമെടുത്ത്, നന്ദി അർപ്പിച്ച് അവർക്കു നൽകി; അവരെല്ലാവരും അതിൽനിന്നു പാനം ചെയ്തു. അവൻ അവരോടു പറഞ്ഞു: “ഇത് അനേകർക്കുവേണ്ടി ചിന്തപ്പെടാനിരിക്കുന്ന എന്റെ ഉടമ്പടിയുടെ രക്തമാണ്.”  മർക്കോസ് 14:22a-24 (ബി വർഷത്തിലെ സുവിശേഷം)

നമ്മുടെ കർത്താവും ദൈവവുമായ യേശുക്രിസ്തുവിന്റെ പരിശുദ്ധ ശരീരരക്തങ്ങളുടെയും ആത്മാവിന്റെയും ദൈവത്വത്തിന്റെയും മഹോത്സവത്തിന്റെ ആശംസകൾ!  എത്ര മഹത്തായ ദാനമാണ് നാം ഇന്ന് ആഘോഷിക്കുന്നത്!

വിശുദ്ധ കുർബാനയാണ് എല്ലാം.  ജീവന്റെ പൂർണത, നിത്യരക്ഷ, കരുണ, കൃപ, സന്തോഷം തുടങ്ങി എല്ലാം അതിലുണ്ട്.  എന്തുകൊണ്ടാണ് വിശുദ്ധ കുർബാന ഇതെല്ലാമാകുന്നതും ഇതിലുമധികമാകുന്നതും?  ലളിതമായി പറഞ്ഞാൽ, വിശുദ്ധ കുർബാന ദൈവം തന്നെയാണ്.  അത്രതന്നെ.  അതിനാൽ, ദൈവമായിരിക്കുന്നതെല്ലാം വിശുദ്ധ കുർബാനയാണ്.

തന്റെ മനോഹരമായ പരമ്പരാഗത സ്തുതിഗീതമായ ഭക്തിയോടെ ഞാൻ അങ്ങയെ ആരാധിക്കുന്നു എന്നതിൽ വിശുദ്ധ തോമസ് അക്വിനാസ് ഇങ്ങനെ എഴുതുന്നു: “മറഞ്ഞിരിക്കുന്ന ദൈവമേ, ഈ ബാഹ്യരൂപങ്ങൾക്കു കീഴിൽ യഥാർഥമായി മറഞ്ഞിരിക്കുന്ന അങ്ങയെ ഞാൻ ഭക്തിയോടെ ആരാധിക്കുന്നു.  എന്റെ ഹൃദയം മുഴുവൻ അങ്ങയ്ക്കു കീഴടങ്ങുന്നു; അങ്ങയെ ധ്യാനിക്കുമ്പോൾ അത് പൂർണമായി സ്വയം സമർപ്പിക്കുന്നു.  അങ്ങയെക്കുറിച്ചു വിധിക്കുന്നതിൽ കാഴ്ചയും സ്പർശനവും രുചിയും ഒരുപോലെ വഞ്ചിതമാകുന്നു; എന്നാൽ ഉറച്ചുവിശ്വസിക്കാൻ കേൾവി മാത്രം മതി…”  അത്ഭുതകരമായ ഈ ദാനത്തിലുള്ള വിശ്വാസത്തിന്റെ എത്ര മഹനീയമായ പ്രഖ്യാപനം.

വിശുദ്ധ കുർബാനയുടെ മുമ്പിൽ ആരാധന നടത്തുമ്പോൾ, അപ്പത്തിന്റെയും വീഞ്ഞിന്റെയും ബാഹ്യരൂപങ്ങൾക്കു കീഴിൽ മറഞ്ഞിരിക്കുന്ന ദൈവത്തെത്തന്നെയാണ് നാം ആരാധിക്കുന്നതെന്ന് ഈ വിശ്വാസപ്രഖ്യാപനം വെളിപ്പെടുത്തുന്നു.  നമ്മുടെ ഇന്ദ്രിയങ്ങൾ വഞ്ചിതമാകുന്നു.  നാം കാണുന്നതും രുചിക്കുന്നതും സ്പർശിച്ചറിയുന്നതും നമ്മുടെ മുമ്പിലുള്ള യാഥാർഥ്യത്തെ വെളിപ്പെടുത്തുന്നില്ല.  വിശുദ്ധ കുർബാന ദൈവമാണ്.

കത്തോലിക്കരായി വളർത്തപ്പെട്ടവരാണെങ്കിൽ, ജീവിതത്തിലുടനീളം വിശുദ്ധ കുർബാനയോടുള്ള ഭക്ത്യാദരവ് നാം പഠിച്ചിട്ടുണ്ടാകും. എന്നാൽ “ഭക്ത്യാദരവ്” മാത്രം പോരാ. മിക്ക കത്തോലിക്കരും വിശുദ്ധ കുർബാനയെ ആദരിക്കുന്നു; അതായത്, നാം മുട്ടുകുത്തി വണങ്ങുകയും മുട്ടിന്മേൽ നിൽക്കുകയും തിരുവോസ്തിയോട് ആദരവോടെ പെരുമാറുകയും ചെയ്യുന്നു. എന്നാൽ നിങ്ങളുടെ ഹൃദയത്തിൽ ഒരു ചോദ്യം ധ്യാനിക്കേണ്ടത് പ്രധാനമാണ്. വിശുദ്ധ കുർബാന സർവശക്തനായ ദൈവവും ലോകരക്ഷകനും പരിശുദ്ധ ത്രിത്വത്തിലെ രണ്ടാമത്തെ വ്യക്തിയുമാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? വിശുദ്ധ കുർബാനയുടെ മറവിൽ നമ്മുടെ മുമ്പിൽ സന്നിഹിതനായിരിക്കുന്ന ദിവ്യനാഥന്റെ സന്നിധിയിൽ ആയിരിക്കുമ്പോഴെല്ലാം, സ്നേഹവും അഗാധമായ ഭക്തിയുംകൊണ്ട് നിങ്ങളുടെ ഹൃദയം ഉണരാൻ തക്കവിധം ആഴത്തിൽ നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? മുട്ടുകുത്തുമ്പോൾ, നിങ്ങളുടെ സർവസ്വവുംകൊണ്ട് ദൈവത്തെ സ്നേഹിച്ചുകൊണ്ട് ഹൃദയത്തിൽ നിങ്ങൾ സാഷ്ടാംഗം പ്രണമിക്കുന്നുണ്ടോ?

ഇത് അല്പം അതിരുകടന്നതായി ഒരുപക്ഷേ തോന്നിയേക്കാം. ലളിതമായ ആദരവും ബഹുമാനവും നിങ്ങൾക്കു മതിയെന്ന് തോന്നിയേക്കാം. എന്നാൽ അതു പോരാ. വിശുദ്ധ കുർബാന സർവശക്തനായ ദൈവമായതിനാൽ, നമ്മുടെ ആത്മാവിലെ വിശ്വാസത്തിന്റെ കണ്ണുകളാൽ നാം അവിടുത്തെ അവിടെ കാണണം. സ്വർഗത്തിൽ മാലാഖമാർ ചെയ്യുന്നതുപോലെ നാം അവിടുത്തെ അഗാധമായി ആരാധിക്കണം. “സർവശക്തനായ ദൈവമായ കർത്താവ് പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ” എന്നു നാം ഉദ്‌ഘോഷിക്കണം. അവിടുത്തെ ദിവ്യസാന്നിധ്യത്തിലേക്കു പ്രവേശിക്കുമ്പോൾ ഏറ്റവും ആഴമായ ആരാധനയിലേക്ക് നാം നയിക്കപ്പെടണം.

വിശുദ്ധ കുർബാനയിലുള്ള നിങ്ങളുടെ വിശ്വാസത്തിന്റെ ആഴത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. നിങ്ങളുടെ മുഴുവൻ അസ്തിത്വത്തോടുംകൂടെ വിശ്വസിക്കുന്ന ഒരാളായി ദൈവത്തെ ആരാധിച്ചുകൊണ്ട്, ആ വിശ്വാസം പുതുക്കാൻ പരിശ്രമിക്കുക.

മറഞ്ഞിരിക്കുന്ന ദൈവമേ, ഈ രൂപങ്ങളുടെ മറവിൽ യഥാർഥമായി ഒളിഞ്ഞിരിക്കുന്ന അങ്ങയെ ഞാൻ ഭക്തിപൂർവം ആരാധിക്കുന്നു. എന്റെ ഹൃദയം മുഴുവൻ അങ്ങേക്കു കീഴടങ്ങുന്നു; അങ്ങയെ ധ്യാനിക്കുമ്പോൾ അത് തന്നെത്തന്നെ പൂർണമായി അങ്ങേക്കു സമർപ്പിക്കുന്നു. അങ്ങയെക്കുറിച്ചു വിധിക്കുന്നതിൽ കാഴ്ചയും സ്പർശനവും രുചിയും തെറ്റിപ്പോകുന്നു; എന്നാൽ ഉറച്ചു വിശ്വസിക്കാൻ കേൾവി മാത്രം മതി. ഈശോയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.


പരിപൂർണ സ്നേഹത്തിന്റെയും സ്വയംദാനത്തിന്റെയും ഹൃദയം

ഈശോയുടെ തിരുഹൃദയത്തിന്റെ മഹോത്സവം

എന്റെ നുകം നിങ്ങളുടെമേൽ ഏറ്റെടുത്ത് എന്നിൽനിന്നു പഠിക്കുവിൻ; എന്തെന്നാൽ, ഞാൻ ശാന്തശീലനും വിനീതഹൃദയനുമാണ്; നിങ്ങൾക്കു വിശ്രമം ലഭിക്കും. മത്തായി 11:29 (എ വർഷത്തിലെ സുവിശേഷം)

ഈശോയുടെ തിരുഹൃദയ മഹോത്സവത്തിന്റെ മംഗളങ്ങൾ!

ചിലർക്ക് ഇത് സഭയിലെ പഴയതും കാലഹരണപ്പെട്ടതുമായ ഒരു ആഘോഷമായി തോന്നിയേക്കാം. ഇന്നത്തെ നമ്മുടെ ജീവിതത്തിൽ വലിയ അർഥമൊന്നുമില്ലാത്ത പുരാതന തിരുനാളുകളിലൊന്നായി ഇതിനെ കണ്ടേക്കാം. എന്നാൽ സത്യത്തിൽനിന്ന് ഇത്രയധികം അകന്ന മറ്റൊരു ധാരണയുണ്ടാകില്ല!

ഇന്ന് നമ്മുടെ ജീവിതത്തിൽ നാം അറിയുകയും അനുഭവിക്കുകയും സ്വീകരിക്കുകയും ചെയ്യേണ്ടത് ഈശോയുടെ തിരുഹൃദയം തന്നെയാണ്. കുന്തത്താൽ കുത്തിത്തുറക്കപ്പെട്ടതും രക്തവും വെള്ളവും ഒഴുകിയതുമായ അവിടുത്തെ ഹൃദയം, അവിടുത്തെ ആത്മാവിൽ ജ്വലിക്കുന്ന സ്നേഹത്തിന്റെ അടയാളവും പ്രതീകവും ഉറവിടവുമാണ്. രക്തം പരിശുദ്ധ കുർബാനയുടെ പ്രതിരൂപവും വെള്ളം മാമ്മോദീസയിലെ ശുദ്ധീകരിക്കുന്ന ജലത്തിന്റെ പ്രതിരൂപവുമാണ്.

ഈശോയുടെ തിരുഹൃദയത്തിന്റെ ഈ ആഘോഷം, ഈശോ തന്റെ ജീവൻ മുഴുവനും സ്നേഹം മുഴുവനും നമ്മുടെമേൽ ചൊരിയുന്നതിന്റെ ആഘോഷമാണ്. അവിടുന്ന് ഒന്നും തനിക്കായി മാറ്റിവച്ചില്ല. കുരിശിൽ മരിച്ചുകിടക്കുമ്പോൾ അവിടുത്തെ ഹൃദയത്തിൽനിന്ന് ഈ രക്തത്തിന്റെയും വെള്ളത്തിന്റെയും അവസാന തുള്ളിപോലും ഒഴുകിയിറങ്ങിയത് ഇതിന്റെ പ്രതീകമാണ്. അതു വളരെ തീവ്രമായി മനസ്സിൽ പതിയുന്ന ഒരു ദൃശ്യമാണെങ്കിലും, ഒരു കാര്യം വ്യക്തമാക്കാനാണ് അതങ്ങനെ അവതരിപ്പിക്കപ്പെടുന്നത്. അവിടുന്ന് ഒന്നും തനിക്കായി മാറ്റിവച്ചില്ല എന്നതുതന്നെയാണ് ആ കാര്യം. സ്വീകരിക്കാൻ നാം തയ്യാറാണെങ്കിൽ, ഈശോ നമുക്ക് എല്ലാം നൽകിക്കൊണ്ടിരിക്കുന്നുവെന്നു നാം മനസ്സിലാക്കണം.

ഇന്ന് നിങ്ങളുടെ ജീവിതത്തിൽ അവിടുത്തെ സ്നേഹം കൂടുതൽ ആഴത്തിൽ അറിയേണ്ടതുണ്ടെന്നു നിങ്ങൾക്കു തോന്നുന്നുവെങ്കിൽ, ഈ തിരുവചനഭാഗം ധ്യാനിക്കാൻ സമയം ചെലവഴിക്കുക: “…എന്നാൽ ഒരു പടയാളി അവിടുത്തെ പാർശ്വത്തിൽ കുന്തം കുത്തിയിറക്കി; ഉടനെ രക്തവും വെള്ളവും ഒഴുകി” (യോഹന്നാൻ 19:33-34). ആ അവസാന ആത്മദാനത്തെക്കുറിച്ച്, മുറിവേറ്റ അവിടുത്തെ ഹൃദയത്തിൽനിന്ന് ഒഴുകുന്ന ആ വെള്ളവും രക്തവുമാകുന്ന ദാനത്തെക്കുറിച്ച് ധ്യാനിക്കാൻ സമയം ചെലവഴിക്കുക. നിങ്ങളോടുള്ള അവിടുത്തെ അനന്തസ്നേഹത്തിന്റെ അടയാളമാണത്. പ്രത്യേകിച്ച് നിങ്ങൾക്കുവേണ്ടിയാണ് അത് ഒഴുക്കപ്പെടുന്നതെന്നു ധ്യാനിക്കുക. അതു കാണുക, അതിൽ മുഴുകുക, അതിനെ സ്വീകരിക്കാൻ ഹൃദയം തുറക്കുക. അവിടുത്തെ സ്നേഹം നിങ്ങളെ രൂപാന്തരപ്പെടുത്തുകയും നിറയ്ക്കുകയും ചെയ്യട്ടെ.

ഈശോയുടെ തിരുഹൃദയമേ, ഞങ്ങളോടു കരുണയുണ്ടാകണമേ. പ്രിയനാഥാ, എനിക്ക് എല്ലാം നൽകിയതിന് അങ്ങേക്കു ഞാൻ നന്ദി പറയുന്നു. അങ്ങ് ഒന്നും എനിക്കു നൽകാതെ മാറ്റിവച്ചില്ല; എന്റെ നന്മയ്ക്കും ലോകം മുഴുവന്റെയും നന്മയ്ക്കുമായി അങ്ങയുടെ ജീവൻ തുടർന്നും ചൊരിയുന്നു. അങ്ങ് എനിക്കു നൽകുന്നതെല്ലാം സ്വീകരിക്കാനും എന്റേതായ ഒന്നും അങ്ങേക്കു നൽകാതെ മാറ്റിവയ്ക്കാതിരിക്കാനും എനിക്കു കഴിയുമാറാകണമേ. ഈശോയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.


ദൈവമാതാവിന്റെ ഹൃദയം

മറിയത്തിന്റെ വിമലഹൃദയത്തിന്റെ ഓർമ്മത്തിരുനാൾ

…അവന്റെ അമ്മ ഈ കാര്യങ്ങളെല്ലാം തന്റെ ഹൃദയത്തിൽ സൂക്ഷിച്ചു. ലൂക്കാ 2:51b

ഇന്ന് നാം നമ്മുടെ പരിശുദ്ധ അമ്മയെ വണങ്ങുന്നു. ഇന്നലെ ഈശോയുടെ തിരുഹൃദയത്തെ നാം ആദരിച്ചതുപോലെ, ഇന്ന് പ്രത്യേകമായി അമ്മയുടെ വിമലഹൃദയത്തെ നാം വണങ്ങുന്നു. ഇവ രണ്ടും പരസ്പരം അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.

നമ്മുടെ പരിശുദ്ധ അമ്മയുടെ ഹൃദയം നമ്മോടുള്ള അമ്മയുടെ പരിപൂർണ സ്നേഹത്തിന്റെ അടയാളമാണ്. കളങ്കമില്ലാത്തതും സ്നേഹത്തിൽ പരിപൂർണവുമായതിനാലാണ് അത് “വിമലം” ആയിരിക്കുന്നത്.

സ്നേഹത്തിന്റെ പൂർണതയെക്കുറിച്ച് ധ്യാനിക്കുമ്പോൾ, അമ്മയുടെ സ്നേഹം മാതൃസ്നേഹത്തിന്റെ പൂർണതയാണെന്നും നാം അംഗീകരിക്കുന്നു. അത്യുന്നതവും അതുല്യവുമായ സ്നേഹമാണിത്. ഒരു അമ്മയുടെ സ്നേഹം അയൽക്കാരനോടുള്ള സ്നേഹമോ സൗഹൃദമോ മാത്രമല്ല. മറിച്ച്, അത് സ്വയം പൂർണമായി അർപ്പിക്കുന്നതും പരിപോഷിപ്പിക്കുന്നതും ത്യാഗനിർഭരവും സമ്പൂർണവുമായ സ്നേഹമാണ്. നമ്മുടെ പരിശുദ്ധ അമ്മയ്ക്ക് നമ്മോടുള്ള സ്നേഹം ഇതാണ്.

ഈ പരിപൂർണ്ണമായ മാതൃസ്നേഹത്താൽ നിങ്ങളെ സ്നേഹിക്കാൻ നിങ്ങൾ അമ്മയെ അനുവദിച്ചിട്ടുണ്ടോ എന്നു ചിന്തിക്കാൻ ഉചിതമായ ദിവസമാണ് ഇന്ന്. അമ്മയെ നിങ്ങളുടെ രാജ്ഞിയും മാതാവുമായി തിരഞ്ഞെടുത്ത് നിങ്ങൾ നിങ്ങളെത്തന്നെ അമ്മയ്ക്ക് സമർപ്പിച്ചിട്ടുണ്ടോ?

നമ്മുടെ പരിശുദ്ധ അമ്മയുടെ വിമലഹൃദയവും, അതിനാൽ അമ്മയുടെ വിമലസ്നേഹവും, ദൈവത്തിൽനിന്നുള്ള മഹത്തായ ദാനമാണ്. രക്ഷ തന്നെയായവൻ നമ്മുടെ ലോകത്തിലേക്കു വന്നത് അമ്മയിലൂടെയാണ്; അവിടുന്ന് അമ്മയെ അതിനുള്ള ഉപകരണമാക്കി. അതിനാൽ, ക്രിസ്തു നൽകുന്ന എല്ലാ കൃപയും ലോകത്തിലേക്കു വരുന്നതിനുള്ള ഉപകരണമായി അമ്മ തുടർന്നും നിലകൊള്ളുന്നു. അമ്മ കൃപയുടെ മധ്യസ്ഥയാണ്. എന്തുകൊണ്ടാണ് അമ്മയ്ക്ക് ഈ ദൗത്യമുള്ളത്? അങ്ങനെ ആയിരിക്കണമെന്നു ദൈവം നിശ്ചയിച്ചതുകൊണ്ടുതന്നെ. താൻ തിരഞ്ഞെടുത്ത ഏതുവിധത്തിലും ദൈവത്തിനു നമ്മെ രക്ഷിക്കാമായിരുന്നു; എന്നാൽ നമ്മെ രക്ഷിക്കാൻ അവിടുന്ന് തിരഞ്ഞെടുത്ത വഴി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിലൂടെയാണെന്നു നാം വിനയത്തോടും സത്യസന്ധതയോടുംകൂടെ അംഗീകരിക്കണം.

ദൈവം ഇന്ന് തന്റെ മനസ്സു മാറ്റുന്നില്ല. 2,000-ത്തിലധികം വർഷങ്ങൾക്കുമുമ്പ് അവിടുന്ന് അമ്മയെ രക്ഷയുടെ ഉപകരണമായി തിരഞ്ഞെടുത്തു; ഇന്നും അവിടുന്ന് അമ്മയെ തിരഞ്ഞെടുത്തുകൊണ്ടിരിക്കുന്നു. അമ്മയിലൂടെ അവിടുന്ന് തന്റെ കൃപ ലോകത്തിന്മേൽ ചൊരിഞ്ഞുകൊണ്ടിരിക്കുന്നു; അമ്മയാകട്ടെ തന്റെ വിമലവും മാതൃസഹജവുമായ ഹൃദയത്തിലൂടെ അവിടുത്തെ സ്നേഹവും കരുണയും തുടർന്നും വിതരണം ചെയ്യുന്നു.

അമ്മയുടെ ജീവിതത്തിൽനിന്ന് നിങ്ങൾക്കായി പ്രസരിക്കുന്ന സ്നേഹത്തിന്റെ സൗന്ദര്യത്തെയും പൂർണ്ണതയെയുംകുറിച്ച് ഇന്ന് ധ്യാനിക്കുക. അമ്മയുടെ അടുത്തേക്ക് ഓടിച്ചെല്ലുകയും അമ്മയുടെ മാതൃപരിപാലനത്തിലുള്ള നിങ്ങളുടെ വിശ്വാസം ഏറ്റുപറയുകയും ചെയ്യുക. നിങ്ങളെത്തന്നെ അമ്മയ്ക്ക് സമർപ്പിക്കുക; അമ്മ ആയിരിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്ന ഉപകരണമായി അമ്മയെ നിങ്ങളുടെ ജീവിതത്തിൽ പ്രവർത്തിക്കാൻ അനുവദിക്കുക.

നന്മ നിറഞ്ഞ മറിയമേ, സ്വസ്തി. കർത്താവ് അങ്ങയോടുകൂടെ. സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു. അങ്ങയുടെ ഉദരത്തിൻ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു. പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങൾക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ. ആമ്മേൻ. മറിയത്തിന്റെ വിമലഹൃദയമേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ. ഈശോയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.


പീഡനത്തിനും ഭിന്നതയ്ക്കും വരുന്ന രൂപാന്തരം

അപ്പസ്തോലനായ വിശുദ്ധ പൗലോസിന്റെ മാനസാന്തരത്തിരുനാൾ, ജനുവരി 25

“സാവൂൾ, സാവൂൾ, നീ എന്തിന് എന്നെ പീഡിപ്പിക്കുന്നു?” ഞാൻ മറുപടി പറഞ്ഞു: “പ്രഭോ, അങ്ങ് ആരാണ്?” അവൻ എന്നോടു പറഞ്ഞു: “നീ പീഡിപ്പിക്കുന്ന നസറായനായ ഈശോയാണ് ഞാൻ.” അപ്പോസ്തലപ്രവർത്തനങ്ങൾ 22:7-8

അറിയപ്പെടുന്നതിൽവച്ച് ഏറ്റവും മഹത്തായ മാനസാന്തരങ്ങളിലൊന്നാണ് നാം ഇന്ന് ആഘോഷിക്കുന്നത്. താർസൂസിലെ സാവൂളിന്റെ മാനസാന്തരം അത്രമേൽ പ്രാധാന്യമുള്ളതായതിനാൽ നമ്മുടെ സഭയിൽ അതിന് തിരുനാൾ എന്ന മഹനീയമായ സ്ഥാനം നൽകിയിരിക്കുന്നു. എന്തുകൊണ്ട്? തീർച്ചയായും നമുക്ക് അനേകം കാരണങ്ങൾ കണ്ടെത്താനാകും. അവയിൽ രണ്ടെണ്ണം നമുക്കു പരിശോധിക്കാം.

ഒന്നാമതായി, സാവൂളിന്റെ മാനസാന്തരത്തിലൂടെ നമ്മുടെ സഭ കണ്ടിട്ടുള്ള ഏറ്റവും മഹാന്മാരായ സുവിശേഷപ്രഘോഷകരിൽ ഒരാൾ ഉയർന്നുവന്നു. പിന്നീട് പൗലോസ് എന്ന പേരിൽ അറിയപ്പെട്ട സാവൂൾ, അസാധാരണമായ തീക്ഷ്ണതയും വിശ്വാസത്തോടുള്ള പൂർണമായ പ്രതിബദ്ധതയും ഉള്ള വ്യക്തിയായിരുന്നു. ഈശോമിശിഹായുടെ അനുയായി ആകുന്നതിനു മുമ്പും അദ്ദേഹം തീക്ഷ്ണതയുള്ളവനായിരുന്നു. മാനസാന്തരപ്പെട്ടപ്പോഴും ആ തീക്ഷ്ണത അദ്ദേഹം നിലനിർത്തുകയും സുവിശേഷപ്രഘോഷണത്തിനായി തന്റെ സർവസ്വവും സമർപ്പിക്കുകയും ചെയ്തു.

ക്രിസ്തുവിന്റെ അപ്പോസ്തലനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ശുശ്രൂഷ അനേകം ക്രൈസ്തവസമൂഹങ്ങളുടെ സ്ഥാപനത്തിൽ മാത്രമല്ല ഫലമണിഞ്ഞത്; അദ്ദേഹത്തിന്റെയോ അനുയായികളുടെയോ രചനകളായി കരുതപ്പെടുന്ന പതിനാലു ലേഖനങ്ങൾ നമ്മുടെ വിശുദ്ധഗ്രന്ഥത്തിന്റെ ഭാഗമാകുന്നതിനും അതു വഴിയൊരുക്കി. അദ്ദേഹത്തിന്റെ രചനകൾ അഗാധവും ഗഹനവും ഏറെ വ്യക്തിപരവുമാണ്. താൻ സ്ഥാപിച്ച ക്രൈസ്തവസമൂഹങ്ങളോടുള്ള അദ്ദേഹത്തിന്റെ സ്നേഹവും തീക്ഷ്ണതയും കരുതലും പ്രകാശിച്ചുനിന്നു; അങ്ങനെ അദ്ദേഹം ദൈവത്തിന്റെ യഥാർഥ ഇടയനായി വെളിപ്പെട്ടു.

രണ്ടാമതായി, പുതുതായി സ്ഥാപിതമായ ക്രൈസ്തവസഭയെ അതികഠിനമായി പീഡിപ്പിച്ചതിനു ശേഷമാണ് അദ്ദേഹത്തിന്റെ മാനസാന്തരം സംഭവിക്കുന്നത്. സാവൂൾ പട്ടണംതോറും ചെന്ന് പുതിയ ക്രൈസ്തവരെ പിടികൂടുകയും പീഡിപ്പിക്കുകയും ചെയ്യുന്നു. ഈ പീഡനത്തെക്കുറിച്ചുള്ള ഏറ്റവും പ്രസിദ്ധമായ വിവരണം, ആദ്യ ക്രൈസ്തവ രക്തസാക്ഷിയായ വിശുദ്ധ സ്തേഫാനോസിനെ കല്ലെറിഞ്ഞു കൊല്ലുന്നതിന് അദ്ദേഹം സമ്മതം നൽകുന്ന സംഭവമാണ്. അപ്പോസ്തലപ്രവർത്തനങ്ങളുടെ മുൻഭാഗത്ത് ഇതു വിവരിച്ചിരിക്കുന്നു.

ഇന്നത്തെ വിശുദ്ധ കുർബാനയിലെ ഒന്നാം വായനയിൽനിന്ന് മുകളിൽ ഉദ്ധരിച്ച തിരുവചനഭാഗം, ഈശോ സാവൂളിനു പ്രത്യക്ഷപ്പെട്ട് തന്നെ എന്തിനു പീഡിപ്പിക്കുന്നു എന്നു ചോദിക്കുന്നതു വെളിപ്പെടുത്തുന്നു. ആശയക്കുഴപ്പത്തിലായ സാവൂളിന്, താൻ സഭയെ പീഡിപ്പിക്കുന്നത് യഥാർഥത്തിൽ ഈശോയെത്തന്നെ പീഡിപ്പിക്കുകയാണെന്ന് മനസ്സിലാകുന്നില്ല. സാവൂളിനു ലഭിക്കുന്ന ഈ വെളിപ്പെടുത്തൽ അദ്ദേഹത്തെ മാനസാന്തരത്തിന്റെ ശക്തമായ ഒരു പാതയിലേക്കു നയിക്കുന്നു.

ഇതു വെളിപ്പെടുത്തുന്ന ഒരു സത്യമിതാണ്: ചിലപ്പോൾ സഭയ്ക്കുള്ളിൽ ഒരാളിൽനിന്ന് മറ്റൊരാൾക്ക് ഭിന്നതയും പീഡനംപോലും നേരിടേണ്ടിവരുന്നു. ഇതു നമ്മെ ഞെട്ടിക്കുകയോ നമ്മുടെ വിശ്വാസത്തെ ദുർബലപ്പെടുത്തുകയോ ചെയ്യരുത്. വിശുദ്ധ പൗലോസിന്റെ കാര്യത്തിൽ ഈശോയ്ക്ക് ഈ വസ്തുത വ്യക്തമായി അറിയാമായിരുന്നു. അദ്ദേഹം ക്രൈസ്തവരെ ഭയാനകമായി പീഡിപ്പിച്ചിരുന്നിട്ടും അവിടുന്ന് അദ്ദേഹത്തെ തന്റെ ഉപകരണമായി തിരഞ്ഞെടുത്തു. എല്ലാ പീഡനങ്ങളെയും ഭിന്നതകളെയും മറ്റെന്തിനെക്കാളും ഉപരിയായി ഒരു അവസരമായി കാണാൻ ഈ തിരുവചനഭാഗം നമ്മെ പ്രേരിപ്പിക്കണം. അഗാധമായ വേദനയുളവാക്കുന്ന ഒന്നിൽനിന്ന് വലിയ നന്മ പുറപ്പെടുവിക്കാൻ ഈശോയ്ക്കുള്ള അവസരമാണത്.

സഭയ്ക്കുള്ളിലോ സ്വന്തം കുടുംബത്തിനുള്ളിൽപ്പോലുമോ ഭിന്നതയും വിഭാഗീയതയും അനുഭവിച്ച നിങ്ങളുടെ സ്വന്തം അനുഭവത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. ഇവ ഉളവാക്കുന്ന വേദനയും മുറിവുകളും അംഗീകരിക്കേണ്ടത് പ്രധാനമാണെങ്കിലും, ദൈവത്തിന് സകലതും നന്മയാക്കി മാറ്റാനും എല്ലാം തന്റെ മഹത്ത്വത്തിനായി ഉപയോഗിക്കാനും കഴിയുമെന്ന പ്രത്യാശ കൈവിടരുത്.

കർത്താവേ, അങ്ങയുടെ സഭയിലും എന്റെ സ്വന്തം കുടുംബത്തിൽപ്പോലും ഉള്ള വേദനയും ആശയക്കുഴപ്പവും ഭിന്നതയും ഞാൻ കാണുന്നു. സമൂഹത്തിലുടനീളമുള്ള സംഘർഷവും അനൈക്യവും ഞാൻ കാണുന്നു. ഈ ക്ലേശങ്ങൾ കാണുകയും നേരിടുകയും ചെയ്യുമ്പോൾ, എനിക്ക് പ്രത്യാശ നൽകണമേ. അങ്ങയുടെ മഹത്ത്വത്തിനായി അങ്ങ് എല്ലാം അനുവദിക്കുന്നതിനാൽ, അങ്ങയുടെ ദൈവികപദ്ധതിയിൽ എനിക്ക് ആശ്രയിക്കാൻ കഴിയട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.


നമ്മുടെ ദൗത്യം നിറവേറ്റൽ

കർത്താവിന്റെ ദേവാലയ സമർപ്പണ തിരുനാൾ, ഫെബ്രുവരി 2

“നാഥാ, ഇപ്പോൾ അങ്ങയുടെ വചനമനുസരിച്ച് അങ്ങയുടെ ദാസനെ സമാധാനത്തിൽ വിട്ടയച്ചാലും. എന്തെന്നാൽ, സകല ജനതകളുടെയും മുമ്പിൽ അങ്ങ് ഒരുക്കിയിരിക്കുന്ന അങ്ങയുടെ രക്ഷ എന്റെ കണ്ണുകൾ കണ്ടിരിക്കുന്നു: വിജാതീയർക്കു വെളിപാടിന്റെ പ്രകാശവും അങ്ങയുടെ ജനമായ ഇസ്രായേലിനു മഹത്വവുമാണത്.” ലൂക്കാ 2:29-32

മറിയവും യൗസേപ്പും യേശുവിനെ ദേവാലയത്തിൽ സമർപ്പിച്ച മഹത്വപൂർണമായ സംഭവമാണ് നാം ഇന്ന് ആഘോഷിക്കുന്നത്. “നീതിമാനും ഭക്തനുമായ” ശിമയോൻ ജീവിതകാലം മുഴുവൻ ഈ നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു. ഒടുവിൽ ആ നിമിഷം വന്നെത്തിയപ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകളാണ് മുകളിലുള്ളത്.

എളിമയും വിശ്വാസവും നിറഞ്ഞ ഒരു ഹൃദയത്തിൽനിന്നുയർന്ന ഗഹനമായ ഒരു പ്രഖ്യാപനമാണിത്. ശിമയോൻ പറഞ്ഞതിന്റെ അർഥം ഏതാണ്ട് ഇങ്ങനെയാണ്: “ആകാശത്തിന്റെയും ഭൂമിയുടെയും നാഥാ, എന്റെ ജീവിതം ഇപ്പോൾ പൂർണമായിരിക്കുന്നു. ഞാൻ അവിടുത്തെ കണ്ടു. ഞാൻ അവിടുത്തെ കൈകളിൽ എടുത്തു. വരാനിരുന്നവൻ ഇവൻതന്നെ. ഇവനാണ് മിശിഹാ. ജീവിതത്തിൽ ഇനി എനിക്ക് ഒന്നും ആവശ്യമില്ല. എന്റെ ജീവിതം സഫലമായി. മരിക്കാൻ ഞാൻ ഇപ്പോൾ തയ്യാറാണ്. എന്റെ ജീവിതം അതിന്റെ ലക്ഷ്യത്തിലും പരിപൂർണതയിലും എത്തിയിരിക്കുന്നു.”

മറ്റേതൊരു സാധാരണ മനുഷ്യനെയുംപോലെ ശിമയോനും ജീവിതത്തിൽ അനേകം അനുഭവങ്ങൾ ഉണ്ടായിരുന്നിരിക്കണം. അദ്ദേഹത്തിന് അനേകം അഭിലാഷങ്ങളും ലക്ഷ്യങ്ങളും ഉണ്ടായിരുന്നിരിക്കണം. പല കാര്യങ്ങൾക്കുവേണ്ടിയും അദ്ദേഹം കഠിനാധ്വാനം ചെയ്തിരുന്നിരിക്കണം. അതിനാൽ, ഇപ്പോൾ “സമാധാനത്തിൽ പോകാൻ” താൻ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞതിന്റെ അർഥം ഇതാണ്: തന്റെ ജീവിതലക്ഷ്യം പൂർത്തിയായിരിക്കുന്നു; താൻ അധ്വാനിക്കുകയും പരിശ്രമിക്കുകയും ചെയ്തതെല്ലാം ഈ നിമിഷത്തിൽ പരിപൂർണതയിലെത്തിയിരിക്കുന്നു.

എത്ര അർഥസമ്പന്നമായ വാക്കുകൾ! നമ്മുടെ അനുദിനജീവിതത്തിൽ ഇത് വലിയൊരു സാക്ഷ്യമാണ്; നാം എന്തിനുവേണ്ടിയാണ് പരിശ്രമിക്കേണ്ടതെന്നതിന്റെ ഒരു മാതൃകയും ഇതു നൽകുന്നു. ക്രിസ്തുവിനെ കണ്ടുമുട്ടുകയും ദൈവത്തിന്റെ പദ്ധതിക്കനുസരിച്ച് നമ്മുടെ ജീവിതലക്ഷ്യം നിറവേറ്റുകയും ചെയ്യുന്നതായിരിക്കണം ജീവിതത്തിന്റെ കേന്ദ്രമെന്ന് ശിമയോന്റെ ഈ അനുഭവത്തിൽ നാം കാണുന്നു. വിശ്വാസമെന്ന ദാനത്തിലൂടെ ശിമയോനു വെളിപ്പെടുത്തപ്പെട്ട ആ ലക്ഷ്യം ഇതായിരുന്നു: ഉണ്ണിമിശിഹായെ ദേവാലയത്തിൽ സമർപ്പിക്കുമ്പോൾ അവിടുത്തെ സ്വീകരിക്കുകയും തുടർന്ന് നിയമമനുസരിച്ച് ഈ ശിശുവിനെ പിതാവിനു സമർപ്പിക്കുകയും ചെയ്യുക.

ജീവിതത്തിൽ നിങ്ങളുടെ ദൗത്യവും ലക്ഷ്യവും എന്താണ്? അത് ശിമയോന്റേതുപോലെ ആയിരിക്കില്ല; എങ്കിലും അതുമായി സാമ്യങ്ങളുണ്ടാകും. ദൈവത്തിന് നിങ്ങളെക്കുറിച്ച് പൂർണമായ ഒരു പദ്ധതിയുണ്ട്. വിശ്വാസത്തിൽ അവിടുന്ന് അത് നിങ്ങൾക്ക് വെളിപ്പെടുത്തിത്തരും. ഈ വിളിയുടെയും ലക്ഷ്യത്തിന്റെയും ആത്യന്തികമായ അർഥം, നിങ്ങളുടെ ഹൃദയമാകുന്ന ദേവാലയത്തിൽ ക്രിസ്തുവിനെ സ്വീകരിക്കുകയും തുടർന്ന് എല്ലാവരും കാണത്തക്കവിധം അവിടുത്തെ സ്തുതിക്കുകയും ആരാധിക്കുകയും ചെയ്യുക എന്നതായിരിക്കും. നിങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവഹിതത്തിന് അനുസൃതമായി അതിന് തനതായ ഒരു രൂപമുണ്ടാകും. എന്നാൽ അത് ശിമയോന്റെ വിളിപോലെതന്നെ അർഥവത്തും പ്രധാനപ്പെട്ടതുമായിരിക്കും; ലോകത്തിന്റെ രക്ഷയ്ക്കായുള്ള ദൈവികപദ്ധതിയുടെ അവിഭാജ്യഘടകവുമായിരിക്കും.

ജീവിതത്തിലെ നിങ്ങളുടെ സ്വന്തം വിളിയെയും ദൗത്യത്തെയും കുറിച്ച് ഇന്ന് ധ്യാനിക്കുക. നിങ്ങളുടെ വിളി നഷ്ടപ്പെടുത്തരുത്. നിങ്ങളുടെ ദൗത്യം നഷ്ടപ്പെടുത്തരുത്. ആ പദ്ധതി വെളിപ്പെട്ടുവരുമ്പോൾ വിശ്വാസത്തോടെ തുടർന്നും ശ്രവിക്കുകയും പ്രതീക്ഷയോടെ കാത്തിരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക. അങ്ങനെ, ഈ വിളി നിറവേറ്റിക്കഴിഞ്ഞുവെന്ന ഉറപ്പോടെ നിങ്ങൾക്കും ഒരുനാൾ ആനന്ദത്തോടെ “സമാധാനത്തിൽ പോകാൻ” കഴിയും.

കർത്താവേ, ഞാൻ അങ്ങയുടെ ദാസനാണ്. അങ്ങയുടെ തിരുഹിതം ഞാൻ അന്വേഷിക്കുന്നു. വിശ്വാസത്തോടും തുറന്ന മനസ്സോടുംകൂടി അങ്ങയോടു പ്രത്യുത്തരിക്കാനും അങ്ങയോട് “അതെ” എന്നു പറയാനും എന്നെ സഹായിക്കണമേ. അങ്ങനെ, ഏതൊരു ലക്ഷ്യത്തിനുവേണ്ടിയാണോ ഞാൻ സൃഷ്ടിക്കപ്പെട്ടത്, ആ ലക്ഷ്യം എന്റെ ജീവിതം കൈവരിക്കട്ടെ. ശിമയോന്റെ സാക്ഷ്യത്തിനായി ഞാൻ അങ്ങേക്കു നന്ദി പറയുന്നു. എന്റെ ജീവിതവും സഫലമായെന്ന സന്തോഷം ഒരുനാൾ എനിക്കും അനുഭവിക്കാനാകണമേ എന്നു ഞാൻ പ്രാർഥിക്കുന്നു. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.


യേശുവിൽനിന്നുള്ള അപ്രമാദിത്വമുള്ള ദാനം

വിശുദ്ധ പത്രോസിന്റെ സിംഹാസനത്തിരുനാൾ, ഫെബ്രുവരി 22

“അതിനാൽ ഞാൻ നിന്നോടു പറയുന്നു: നീ പത്രോസാണ്; ഈ പാറമേൽ ഞാൻ എന്റെ സഭ സ്ഥാപിക്കും. പാതാളകവാടങ്ങൾ അതിനെതിരെ പ്രബലപ്പെടുകയില്ല. സ്വർഗരാജ്യത്തിന്റെ താക്കോലുകൾ ഞാൻ നിനക്കു നൽകും. നീ ഭൂമിയിൽ ബന്ധിക്കുന്നതെല്ലാം സ്വർഗത്തിലും ബന്ധിക്കപ്പെട്ടിരിക്കും; നീ ഭൂമിയിൽ അഴിക്കുന്നതെല്ലാം സ്വർഗത്തിലും അഴിക്കപ്പെട്ടിരിക്കും.” മത്തായി 16:18-19

ഈ വചനഭാഗം നമുക്കു വലിയ ആശ്വാസം നൽകേണ്ടതാണ്. എന്തുകൊണ്ട്? കാരണം, ഈ വചനഭാഗത്തിൽ യേശു തന്റെ സഭയ്ക്ക് അടിത്തറയിടുന്നു. അവിടുന്ന് പത്രോസിന് സ്വർഗരാജ്യത്തിന്റെ താക്കോലുകൾ നൽകുന്നു. അങ്ങനെ ചെയ്യുന്നതിലൂടെ, “അപ്രമാദിത്വം” എന്ന ദാനമായി അറിയപ്പെടുന്നതിനെ അവിടുന്ന് സ്ഥാപിക്കുന്നു.

ഇതിനെക്കുറിച്ച് ചിന്തിക്കുക. “സ്വർഗരാജ്യത്തിന്റെ താക്കോലുകൾ” നൽകപ്പെടുക എന്നതിന്റെ അർഥമെന്താണ്? ഏറെ പ്രാധാന്യമുള്ള ഒരു പ്രസ്താവനയാണിത്. എന്നാൽ വ്യക്തമായും നിർണായകമായും ഇതു പറഞ്ഞുകൊണ്ട്, യേശു പത്രോസിനെ അതിശയകരമായ ഒരു ആത്മീയാധികാരം ഏൽപ്പിച്ചു. അതിന്റെ കൃത്യമായ അർഥം ആ സമയത്ത് പത്രോസിനു മനസ്സിലായിട്ടുണ്ടാകണമെന്നില്ല. എങ്കിലും, ഇത്തരമൊരു അധികാരം ഏൽപ്പിക്കപ്പെട്ടത് അദ്ദേഹത്തിൽ മാറ്റം വരുത്തിയിട്ടുണ്ടാകണം.

“അപ്രമാദിത്വം” എന്നതുകൊണ്ട് നാം അർഥമാക്കുന്നത്, വിശ്വാസത്തിന്റെയും ധാർമികതയുടെയും കാര്യങ്ങളിൽ സത്യമായതു മാത്രം പഠിപ്പിക്കുമെന്ന് പത്രോസിന് ഉറപ്പു നൽകപ്പെട്ടിരുന്നു എന്നതാണ്. വിശ്വാസവും ധാർമികതയും സ്വർഗരാജ്യത്തിൽ എന്നേക്കും നിലനിൽക്കുന്നവയാണ്. അതുകൊണ്ട് ഈ മേഖലകളിലുള്ള അധികാരമാണ് പത്രോസിനെ ഏൽപ്പിച്ചിരിക്കുന്നത്.

കൂടാതെ, അപ്പസ്തോലന്മാർക്ക് പിൻഗാമികൾ ഉണ്ടായിരുന്നുവെന്ന് നമുക്കറിയാം. പത്രോസ് റോമിലേക്കു പോയി റോമിന്റെ മെത്രാനായി. അദ്ദേഹത്തിന്റെ പിൻഗാമിയായി ലീനൂസും തുടർന്ന് ക്ലീറ്റസും പിന്നെ ക്ലെമെന്റും വന്നു. ആ പിൻഗാമിത്വം ഇന്നത്തെ റോമിന്റെ മെത്രാൻവരെ തുടർന്നുപോരുന്നു. ഇത് ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്; കാരണം, ഈശോ പത്രോസിനു നൽകിയ ഈ ആത്മീയാധികാരം അദ്ദേഹത്തിന്റെ മരണത്തോടെ അവസാനിച്ചില്ല. മറിച്ച്, അത് അദ്ദേഹത്തിന്റെ പിൻഗാമികളിലൂടെ തുടർന്നു; ലോകാവസാനംവരെ തുടരുകയും ചെയ്യും.

ഇന്ന് വിശുദ്ധ പത്രോസിന്റെ സിംഹാസനത്തിന്റെ മഹത്തായ തിരുനാൾ ആഘോഷിക്കുമ്പോൾ, നാം പാപ്പായെ ആദരിക്കുക മാത്രമല്ല, പരിശുദ്ധ പിതാവിനെ ഏൽപ്പിച്ചിരിക്കുന്ന ആത്മീയ അധികാരത്തിൽ ആനന്ദിക്കുകയും ചെയ്യുന്നു. സ്വർഗത്തിന്റെ താക്കോലുകളുമായി ബന്ധപ്പെട്ട ഉറപ്പുള്ള പ്രബോധനാധികാരത്തിലൂടെ യേശു ഇപ്രകാരം ജീവിക്കുന്നുവെന്ന് അറിയുന്നതിനാൽ, നരകകവാടങ്ങൾ ഒരിക്കലും സഭയ്ക്കെതിരെ പ്രബലപ്പെടുകയില്ല എന്ന അറിവിൽ നാം ആശ്വാസവും സമാധാനവും കണ്ടെത്തണം. പാപ്പാമാർ പാപികളാണ്. എന്നാൽ, തങ്ങളുടെ വിശുദ്ധ ദൗത്യം നിർവഹിക്കുമ്പോഴെല്ലാം അവർ ക്രിസ്തുവിന്റെതന്നെ ദൃശ്യവും അപ്രമാദിത്വമുള്ളതുമായ ഉപകരണങ്ങളുമാണ്.

സഭയിലുള്ള നിങ്ങളുടെ വിശ്വാസത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. നാം വ്യക്തികളിലല്ല വിശ്വാസമർപ്പിക്കുന്നത്; ക്രിസ്തുവിലും അവിടുത്തെ സഭയിലും സഭയെ ഏൽപ്പിച്ചിരിക്കുന്ന ആത്മീയ അധികാരത്തിലുമാണ്. ഈ കാര്യത്തിലുള്ള നിങ്ങളുടെ സ്വന്തം വിശ്വാസത്തെക്കുറിച്ചു ധ്യാനിക്കുക. അതിൽ ഏതെങ്കിലും വിധത്തിൽ കുറവുണ്ടെങ്കിൽ, വിശുദ്ധ പത്രോസിന്റെ സിംഹാസനത്തിന്റെ ഈ മഹത്തായ തിരുനാളിനെ ആദരിച്ചുകൊണ്ട് അതു പുതുക്കുക.

കർത്താവായ ഈശോയേ, അങ്ങയുടെ ശക്തിയും അധികാരവും വിശുദ്ധ പത്രോസിനെയും അദ്ദേഹത്തിന്റെ എല്ലാ പിൻഗാമികളെയും അങ്ങ് ഭരമേല്പിച്ചു. ഞങ്ങളുടെ മാർപാപ്പ എന്ന ദാനത്തിനായി ഞാൻ അങ്ങേക്കു നന്ദി പറയുന്നു. അദ്ദേഹത്തിനുവേണ്ടി ഞാൻ പ്രാർഥിക്കുകയും അങ്ങയുടെ മാർഗദർശനത്തിനും സംരക്ഷണത്തിനുമായി അദ്ദേഹത്തെ അങ്ങേക്കു സമർപ്പിക്കുകയും ചെയ്യുന്നു. പരിശുദ്ധ പിതാവ് എന്ന ദാനത്തിലുള്ള എന്റെ വിശ്വാസവും അദ്ദേഹത്തിലൂടെ എപ്പോഴും ഞങ്ങളെ നയിക്കുമെന്ന അങ്ങയുടെ വാഗ്ദാനത്തിലുള്ള എന്റെ വിശ്വാസവും ഞാൻ പുതുക്കുന്നു. ഞങ്ങളുടെ രക്ഷയുടെ ലക്ഷ്യമായ മഹത്ത്വപൂർണമായ സ്വർഗരാജ്യത്തിലേക്ക് ഞങ്ങൾ എല്ലാവരും മുന്നേറുമ്പോൾ, അങ്ങയുടെ സഭയിലുള്ള എന്റെ വിശ്വാസം എനിക്ക് ആശ്വാസവും പ്രത്യാശയും നൽകട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.


അപ്പസ്തോലിക ശുശ്രൂഷ

അപ്പസ്തോലനായ വിശുദ്ധ മത്തിയാസിന്റെ തിരുനാൾ, മേയ് 14

(പത്രോസ് പറഞ്ഞു) “അതിനാൽ, യോഹന്നാന്റെ ജ്ഞാനസ്നാനം മുതൽ കർത്താവായ ഈശോ നമ്മിൽനിന്ന് ഉയർത്തപ്പെട്ട ദിവസംവരെ, അവിടുന്ന് നമ്മുടെ ഇടയിൽ വരുകയും പോകുകയും ചെയ്ത കാലമത്രയും നമ്മോടൊപ്പം ഉണ്ടായിരുന്ന പുരുഷന്മാരിൽ ഒരാൾ നമ്മോടുകൂടെ അവിടുത്തെ ഉത്ഥാനത്തിനു സാക്ഷിയായിത്തീരേണ്ടത് ആവശ്യമാണ്.” അങ്ങനെ അവർ രണ്ടുപേരെ നിർദേശിച്ചു: യൂസ്തൂസ് എന്നും അറിയപ്പെട്ടിരുന്ന ബർസബാസ് എന്നു വിളിക്കപ്പെടുന്ന ജോസഫിനെയും മത്തിയാസിനെയും. തുടർന്ന് അവർ പ്രാർഥിച്ചു: “എല്ലാവരുടെയും ഹൃദയങ്ങൾ അറിയുന്ന കർത്താവേ, യൂദാസ് തന്റെ സ്വന്തം സ്ഥലത്തേക്കു പോകാനായി ഉപേക്ഷിച്ച ഈ അപ്പസ്തോലിക ശുശ്രൂഷയിലെ സ്ഥാനം ഏറ്റെടുക്കാൻ ഈ രണ്ടുപേരിൽ ആരെയാണ് അങ്ങ് തിരഞ്ഞെടുത്തിരിക്കുന്നതെന്ന് കാണിച്ചുതരണമേ.” പിന്നെ അവർ അവർക്കുവേണ്ടി നറുക്കിട്ടു. നറുക്ക് മത്തിയാസിനു വീണു; അദ്ദേഹം പതിനൊന്ന് അപ്പസ്തോലന്മാരോടൊപ്പം എണ്ണപ്പെട്ടു. അപ്പസ്തോലപ്രവർത്തനങ്ങൾ 1:21-26

അങ്ങനെ നമുക്ക് ആദ്യത്തെ പുതിയ മെത്രാനെ ലഭിക്കുന്നു!

വിശുദ്ധ മത്തിയാസിന്റെ തിരുനാൾ അപ്പസ്തോലിക ശുശ്രൂഷയുടെ തുടർച്ചയുടെ ആഘോഷമാണ്. വിശുദ്ധ മത്തിയാസിനെ ആദരിക്കുന്നതിലൂടെ, തന്റെ ആദ്യ അപ്പസ്തോലന്മാർക്ക് അവരുടെ പട്ടാഭിഷേകത്തിലൂടെ ലഭിച്ച പവിത്രമായ അധികാരം തങ്ങളുടെ പിൻഗാമികളായ മറ്റുള്ളവർക്കു കൈമാറാൻ യേശു അവരെ പ്രാപ്തരാക്കി എന്ന വസ്തുതയെ നാം ആദരിക്കുന്നു. വിശുദ്ധ മത്തിയാസ് യൂദാസിന്റെ സ്ഥാനം ഏറ്റെടുത്തു. സഭ തുടർന്നും വളർന്നപ്പോൾ, മറ്റുള്ളവരും തിരഞ്ഞെടുക്കപ്പെടുകയും മെത്രാന്മാരായി പട്ടാഭിഷേകത്തിന്റെ കൃപ സ്വീകരിക്കുകയും ചെയ്തു. ഇന്ന് നമ്മുടെ ഓരോ മെത്രാനും ഒന്നോ അതിലധികമോ അപ്പസ്തോലന്മാരിലേക്ക് എത്തുന്ന നേരിട്ടുള്ള പിൻതുടർച്ചയുണ്ട്. മുറിയാത്ത ഈ പിൻതുടർച്ചയാണ് സഭയ്ക്കു കൈമാറപ്പെടുന്ന യേശുവിന്റെ പൗരോഹിത്യശുശ്രൂഷയുമായുള്ള നമ്മുടെ നേരിട്ടുള്ള ബന്ധം.

എത്ര മഹത്തായ ദാനമാണിത്! എല്ലാ മെത്രാന്മാരും വൈദികരും വിശുദ്ധരല്ല എന്നത് സത്യമാണ്. നമുക്കെല്ലാവർക്കും അത് നന്നായി അറിയാം. എന്നാൽ ഓരോ മെത്രാനും വൈദികനും ക്രിസ്തുവിന്റെ പൗരോഹിത്യശുശ്രൂഷയെന്ന അത്ഭുതകരമായ ദാനത്തിൽ പങ്കുചേരുന്നു എന്നതും സത്യമാണ്. ഈ ശുശ്രൂഷ അവർക്കുവേണ്ടിയല്ല, നിങ്ങൾക്കുവേണ്ടിയാണ്.

മൂർത്തവും വ്യക്തിപരവും മാനുഷികവുമായ രീതിയിൽ തന്റെ ശുശ്രൂഷ തുടരണമെന്ന് യേശു ആഗ്രഹിച്ചു. ഓരോ മാമ്മോദീസയിലും സ്ഥൈര്യലേപനത്തിലും വിശുദ്ധ കുർബാനസ്വീകരണത്തിലും സന്നിഹിതനായിരിക്കാൻ അവിടുന്ന് ആഗ്രഹിച്ചു. തന്റെ ജനത്തിന് ഈ കൃപകൾ പകർന്നുനൽകിക്കൊണ്ട് വ്യക്തിപരമായി അവിടെ ഉണ്ടായിരിക്കാൻ അവിടുന്ന് ആഗ്രഹിച്ചു. മെത്രാന്റെയോ വൈദികന്റെയോ ശുശ്രൂഷയിലൂടെ അവിടുന്ന് അവിടെ സന്നിഹിതനാണ്.

ആ ശുശ്രൂഷയിൽ ക്രിസ്തുവിനെ കാണുക എന്നതാണ് പ്രധാനം. ഓരോ വൈദികനും മെത്രാനും തനതായ രീതിയിൽ ക്രിസ്തുവിന്റെ സവിശേഷ പ്രതിനിധിയാണ്. തങ്ങളുടെ മാനുഷിക വ്യക്തിത്വത്തിലൂടെയും വിശുദ്ധിയിലൂടെയും അവർ ഓരോരുത്തരും ക്രിസ്തുവിനെ പ്രതിഫലിപ്പിക്കുന്നു. എന്നാൽ, അതിലും പ്രധാനമായി, ക്രിസ്തുവിന്റെ വ്യക്തിയിൽത്തന്നെ പ്രവർത്തിച്ചുകൊണ്ട് അവർ അവിടുത്തെ പ്രതിനിധീകരിക്കുന്നു. പാപമോചനത്തിന്റെയും ദിവ്യകാരുണ്യപ്രതിഷ്ഠയുടെയും തന്റെ വചനങ്ങൾ യേശു അവരിലൂടെ ഉച്ചരിക്കുന്നു. അതിനാൽ, ബാഹ്യരൂപത്തിനപ്പുറം നാം യേശുക്രിസ്തുവിനെ കാണണം. ദൈവത്തിന്റെ ശുശ്രൂഷകരെ വിശ്വാസത്തോടെ സമീപിച്ചാൽ ഇത് തികച്ചും സാധ്യമാണ്.

ദൈവത്തിന്റെ വൈദികരെയും മെത്രാന്മാരെയും നിങ്ങൾ സമീപിക്കുന്ന രീതിയെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. അവരെക്കുറിച്ച് നിങ്ങൾ എങ്ങനെയാണ് സംസാരിക്കുന്നത്? അവരിൽ നിങ്ങൾ ക്രിസ്തുവിനെ അന്വേഷിക്കുന്നുണ്ടോ? അവരിലൂടെ ക്രിസ്തു നിങ്ങളെ ശുശ്രൂഷിക്കുന്നതിന് നിങ്ങൾ ഹൃദയം തുറക്കുന്നുണ്ടോ? അവർ പങ്കുചേരുന്ന അപ്പസ്തോലിക ശുശ്രൂഷ ക്രിസ്തുവിൽനിന്നുള്ള യഥാർഥ ദാനമാണ്. ക്രിസ്തുവിനെത്തന്നെ സ്വീകരിക്കുന്നതുപോലെ അതിനെ സ്നേഹിക്കുകയും സ്വീകരിക്കുകയും വേണം… കാരണം നാം ചെയ്യുന്നത് കൃത്യമായും അതുതന്നെയാണ്.

കർത്താവേ, തിരുപ്പട്ടം സ്വീകരിച്ച അങ്ങയുടെ ശുശ്രൂഷകരെന്ന ദാനത്തിനായി നന്ദി. അങ്ങയുടെ വചനവും കൂദാശകളും എനിക്കു നൽകിക്കൊണ്ട് ശുശ്രൂഷ ചെയ്ത മെത്രാനുവേണ്ടിയും എല്ലാ വൈദികർക്കുവേണ്ടിയും നന്ദി. അവർ അങ്ങയുടെ സ്നേഹത്തിന്റെ വിശുദ്ധ ഉപകരണങ്ങളായി തുടർന്നും വർത്തിക്കേണ്ടതിന് ഇന്ന് ഞാൻ അവർക്കുവേണ്ടി പ്രാർഥിക്കുന്നു. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.


സ്ത്രീകളിൽ അങ്ങ് ഏറ്റം അനുഗൃഹീതയാണ്!

പരിശുദ്ധ കന്യകാമറിയത്തിന്റെ സന്ദർശനത്തിരുനാൾ, മേയ് 31

പരിശുദ്ധാത്മാവിനാൽ നിറഞ്ഞ എലിസബത്ത് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു: “സ്ത്രീകളിൽ നീ അനുഗൃഹീതയാണ്; നിന്റെ ഉദരഫലവും അനുഗൃഹീതം. എന്റെ കർത്താവിന്റെ അമ്മ എന്റെ അടുക്കൽ വരാനുള്ള ഈ ഭാഗ്യം എനിക്ക് എങ്ങനെ ലഭിച്ചു?” ലൂക്കാ 1:41b-43

നമ്മുടെ പരിശുദ്ധ അമ്മയായ യേശുവിന്റെ അമ്മ നമ്മെ സന്ദർശിക്കാൻ വരുന്നത് എത്ര വലിയൊരു ബഹുമതിയായിരിക്കും! ഈ ബഹുമതിയെക്കുറിച്ച് എലിസബത്തിന് ആഴമായ ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് ആ സത്യം ഏറ്റുപറഞ്ഞുകൊണ്ട് ആത്മപ്രചോദിതയായി അവൾ വിളിച്ചുപറഞ്ഞത്.

തന്റെ കർത്താവിന്റെ അമ്മ തന്റെ അടുക്കൽ വരിക എന്നത് എലിസബത്തിനു ലഭിച്ച സവിശേഷമായൊരു ദാനമായിരുന്നു. എന്നിരുന്നാലും, ദൈവമാതാവിന്റെ സാന്നിധ്യത്തെ നമ്മുടെ ജീവിതത്തിലേക്ക് ദിവസവും ക്ഷണിക്കാനുള്ള അവസരം ലഭിച്ചതിനാൽ നാമെല്ലാവരും അതുപോലെതന്നെ അനുഗൃഹീതരാണെന്ന് നാം മനസ്സിലാക്കണം.

പരിശുദ്ധ മറിയം എല്ലാ വിശുദ്ധരുടെയും രാജ്ഞിയാണ്; എന്നാൽ അവൾ എല്ലാ പാപികളുടെയും വിശുദ്ധിക്കായി പരിശ്രമിക്കുന്നവരുടെയും രാജ്ഞികൂടിയാണ്. അവൾ ജീവിക്കുന്ന എല്ലാവരുടെയും അമ്മയും സഭയുടെ അമ്മയുമാണ്. ദൈവപരിപാലനയിൽ, സഹായം ആവശ്യമുള്ളവരെ അനുദിനം സന്ദർശിക്കുകയെന്ന തന്റെ അതുല്യമായ ദൗത്യം അവൾ തുടർന്നും നിർവഹിക്കുന്നു. എലിസബത്തിന്റെ കാര്യത്തിൽ സംഭവിച്ചതിനെക്കാൾ ഏറെ ആഴമുള്ളതും ജീവിതത്തെ രൂപാന്തരപ്പെടുത്തുന്നതുമായ രീതിയിലാണ് അവൾ ഇതു ചെയ്യുന്നത്. തന്റെ മക്കളായ നമ്മിലേക്കുള്ള പരിശുദ്ധ മറിയത്തിന്റെ സന്ദർശനങ്ങൾ ഇപ്പോൾ നടക്കുന്നത് കൃപയുടെ തലത്തിലാണ്.

നമ്മുടെ പരിശുദ്ധ അമ്മ കൃപയുടെ തലത്തിൽ നമ്മെ സന്ദർശിക്കുന്നു എന്നു പറയുമ്പോൾ എന്താണ് അർഥമാക്കുന്നത്? അവളുമായുള്ള നമ്മുടെ ബന്ധം ദൈവത്തിന്റെ തിരുഹിതത്തിലും പദ്ധതിയിലും അധിഷ്ഠിതമാണെന്നാണ് അതിന്റെ അർഥം. തന്റെ പുത്രനിൽനിന്നുള്ള എണ്ണമറ്റ കരുണാദാനങ്ങൾ അവൾ നമുക്കു പകർന്നുതരുന്ന ഒരു ബന്ധം അവളുമായി പുലർത്താൻ നമുക്കു കഴിയുന്നു എന്നാണ് അതിന്റെ അർഥം. ലോകം ഇന്നുവരെ അറിഞ്ഞിട്ടുള്ളതിൽവച്ച് ഏറ്റവും ശക്തയായ കൃപയുടെ മധ്യസ്ഥയായി അവൾ നമുക്കുവേണ്ടി നിലകൊള്ളുന്നു എന്നാണ് അതിന്റെ അർഥം. നമ്മുടെ ജീവിതത്തിൽ അവൾ ചെലുത്തുന്ന സ്വാധീനം ആഴമേറിയതും ഗഹനവും രൂപാന്തരപ്പെടുത്തുന്നതും തികച്ചും വ്യക്തിപരവും ആത്മബന്ധമുള്ളതുമാണ് എന്നാണ് അതിന്റെ അർഥം.

നമ്മുടെ പരിശുദ്ധ അമ്മയുമായുള്ള ബന്ധത്തിലെ പ്രയാസകരമായ കാര്യം, അത് ശാരീരികവും ബാഹ്യവുമായ തലത്തിലല്ല, മറിച്ച് ആത്മീയവും ആന്തരികവുമായ തലത്തിലാണ് ഉണ്ടായിരിക്കേണ്ടത് എന്നതാണ്. എന്നിരുന്നാലും, ഇതുമൂലം അവളെ അറിയാനും സ്നേഹിക്കാനുമുള്ള നമ്മുടെ കഴിവ് കുറയുന്നു എന്നു നാം കരുതരുത്. വാസ്തവത്തിൽ, കൃപയാൽ നമ്മുടെ പരിശുദ്ധ അമ്മയുമായി ഇപ്പോൾ നമുക്കു പുലർത്താൻ കഴിയുന്ന ബന്ധം, സന്ദർശനത്തിലൂടെ എലിസബത്തിന് അവളുമായി പുലർത്താൻ കഴിഞ്ഞ ബന്ധത്തെക്കാൾ ഏറെ ആഴമേറിയതും ഗഹനവുമാണ്.

ദൈവമാതാവുമായുള്ള നിങ്ങളുടെ ബന്ധത്തെക്കുറിച്ച് ഇന്ന് ചിന്തിക്കുക. ഏറെക്കാലം മുമ്പ് അവൾ എലിസബത്തിനെ സന്ദർശിച്ചു; ഇപ്പോൾ തന്റെ പുത്രന്റെ കൃപയും കരുണയും നിങ്ങൾക്കു നൽകുന്നതിനായി നിങ്ങളുടെ ആത്മാവിനെ സന്ദർശിക്കാൻ അവൾ ആഗ്രഹിക്കുന്നു. കൃപയുടെ തലത്തിൽ അവളുമായി ഈ മനോഹരമായ ബന്ധം സ്ഥാപിക്കാൻ പരിശ്രമിക്കുക. അവളെ നിങ്ങളുടെ ഉള്ളിലേക്ക് ക്ഷണിക്കുക, അവളെ ശ്രവിക്കുക, അവൾ നിങ്ങൾക്കു നൽകുന്ന കൃപ സ്വീകരിക്കാൻ ഹൃദയം തുറക്കുക. നിങ്ങളുടെ കർത്താവിന്റെ അമ്മ നിങ്ങളുടെ അടുക്കൽ വരുന്നതിൽ എലിസബത്തിനൊപ്പം ആനന്ദിക്കുക.

ഏറ്റവും പ്രിയപ്പെട്ട മറിയമേ, അമ്മേ, അമ്മയുടെ മാതൃസഹജമായ കരുതലിലും മധ്യസ്ഥതയിലും ആശ്രയിച്ചുകൊണ്ട് ഞാൻ അമ്മയെ സ്നേഹിക്കുകയും എന്റെ ജീവിതം അമ്മയ്ക്കു സമർപ്പിക്കുകയും ചെയ്യുന്നു. പ്രിയ അമ്മേ, അമ്മയുടെ പുത്രനായ ഈശോയിൽനിന്ന് എനിക്കു നൽകാൻ അമ്മ ആഗ്രഹിക്കുന്നതെല്ലാം സ്വീകരിക്കാൻ തുറന്ന മനസ്സുള്ളവനായിരിക്കാൻ എന്നെ സഹായിക്കണമേ. അമ്മ എന്നെ കരുതുകയും അമ്മയുടെ പുത്രനായ ഈശോയുടെ ഹൃദയത്തിലെ കരുണ എനിക്കു നൽകാൻ ആഗ്രഹിക്കുകയും ചെയ്യുന്നത് എനിക്ക് ബഹുമാനവും എളിമയുമേകുന്നു. മറിയമേ, അമ്മേ, ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.


വീഴ്ചയ്ക്കുശേഷവും ദൈവത്തോടുള്ള വിശ്വസ്തത

വിശുദ്ധ സ്നാപകയോഹന്നാന്റെ ജനനത്തിരുനാൾ മഹോത്സവം, ജൂൺ 24

അവൻ ഒരു എഴുത്തുപലക ആവശ്യപ്പെട്ട്, “യോഹന്നാൻ എന്നാണ് അവന്റെ പേര്” എന്ന് എഴുതി. എല്ലാവരും അത്ഭുതപ്പെട്ടു. ഉടനെ അവന്റെ വായ് തുറക്കപ്പെട്ടു, നാവ് സ്വതന്ത്രമായി; അവൻ ദൈവത്തെ സ്തുതിച്ചുകൊണ്ട് സംസാരിച്ചു. ലൂക്കാ 1:63-64

ദൈവത്തിലുള്ള വിശ്വാസക്കുറവുമൂലം പാപം ചെയ്തെങ്കിലും, തന്റെ പാപത്തിന്റെ അപമാനം അനുഭവിച്ചശേഷം യഥാർഥത്തിൽ വിശ്വസ്തനായിത്തീരുകയും ഒടുവിൽ “ദൈവത്തെ സ്തുതിക്കുകയും” ചെയ്ത ഒരാളുടെ മഹത്തായ സാക്ഷ്യം സഖറിയാ നമുക്കെല്ലാവർക്കും നൽകുന്നു.

അദ്ദേഹത്തിന്റെ കഥ നമുക്കു പരിചിതമാണ്. വാർധക്യത്തിൽ അദ്ദേഹത്തിന്റെ ഭാര്യ ഒരു അത്ഭുതത്തിലൂടെ സ്നാപകയോഹന്നാനെ ഗർഭം ധരിച്ചു. ഇത് സംഭവിക്കുമെന്ന് ഒരു ദൂതൻ സഖറിയായെ അറിയിച്ചപ്പോൾ, അദ്ദേഹം ആ വാഗ്ദാനത്തിൽ വിശ്വസിക്കാതെ സംശയിച്ചു. അതിന്റെ ഫലമായി യോഹന്നാൻ ജനിക്കുന്ന നിമിഷംവരെ അദ്ദേഹത്തിന് സംസാരശേഷി നഷ്ടപ്പെട്ടു. ആ നിമിഷത്തിലാണ് ദൂതൻ ആവശ്യപ്പെട്ടതുപോലെ തന്റെ കുഞ്ഞിന് “യോഹന്നാൻ” എന്നു പേരിട്ടുകൊണ്ട് സഖറിയാ ദൈവത്തിന്റെ വെളിപാടിനോടു വിശ്വസ്തത പുലർത്തിയത്. സഖറിയായുടെ ഈ വിശ്വസ്തതാപ്രവൃത്തി അദ്ദേഹത്തിന്റെ നാവിന്റെ കെട്ടഴിച്ചു; അദ്ദേഹം ദൈവത്തെ സ്തുതിക്കാൻ തുടങ്ങി.

ജീവിതത്തിൽ ദൈവഹിതം അനുസരിക്കാൻ പരിശ്രമിച്ചിട്ടും അതിൽ പരാജയപ്പെട്ട എല്ലാവർക്കും സഖറിയായുടെ ഈ സാക്ഷ്യം പ്രചോദനമാകണം. ദൈവം നമ്മോടു സംസാരിക്കുകയും നാം അവിടുത്തെ വാക്കുകൾ കേൾക്കുകയും ചെയ്തിട്ടും അവിടുന്ന് അരുളിച്ചെയ്യുന്നതിൽ വിശ്വസിക്കാൻ നമുക്കു കഴിയാതെപോകുന്ന പല അവസരങ്ങളുമുണ്ട്. അവിടുത്തെ വാഗ്ദാനങ്ങളോടു വിശ്വസ്തത പുലർത്തുന്നതിൽ നാം പരാജയപ്പെടുന്നു. അതിന്റെ ഫലമായി ആ പാപത്തിന്റെ പരിണതഫലങ്ങൾ നാം അനുഭവിക്കുന്നു.

നമ്മുടെ ജീവിതത്തിൽ പാപത്തിന്റെ പരിണതഫലങ്ങൾ ആദ്യം ഒരു ശിക്ഷപോലെ തോന്നിയേക്കാം. തീർച്ചയായും, പല തരത്തിലും അവ ശിക്ഷതന്നെയാണ്. അത് ദൈവത്തിൽനിന്നുള്ള ശിക്ഷയല്ല; മറിച്ച്, പാപത്തിൽനിന്നുണ്ടാകുന്ന ശിക്ഷയാണ്. പാപം നമ്മുടെ ജീവിതത്തിൽ വിനാശകരമായ പരിണതഫലങ്ങൾ ഉളവാക്കുന്നു. എന്നാൽ, തന്നോടുള്ള വിശ്വസ്തതയിലേക്കു നമ്മെ തിരികെ കൊണ്ടുവരാനുള്ള മാർഗമായി ദൈവം പാപത്തിന്റെ ആ പരിണതഫലങ്ങൾ അനുവദിക്കുന്നു എന്നതാണ് സദ്വാർത്ത. സഖറിയാ ചെയ്തതുപോലെ, നമ്മെ വിനയപ്പെടുത്താനും രൂപാന്തരപ്പെടുത്താനും അവയെ നാം അനുവദിച്ചാൽ, ദൈവഹിതത്തോടു വിശ്വസ്തതയില്ലാത്ത ജീവിതത്തിൽനിന്ന് വിശ്വസ്തതയുള്ള ജീവിതത്തിലേക്കു തിരിയാൻ നമുക്കു കഴിയും. വിശ്വസ്തതയുള്ള ജീവിതം ഒടുവിൽ നമ്മുടെ ദൈവത്തിന്റെ സ്തുതികൾ പാടാൻ നമ്മെ പ്രാപ്തരാക്കും.

നിങ്ങളുടെ ജീവിതത്തിൽ ദൈവത്തോടു വിശ്വസ്തത പുലർത്താതിരുന്ന വഴികളെക്കുറിച്ച് ഇന്ന് വിചിന്തനം ചെയ്യുക. എന്നാൽ പ്രത്യാശയോടെയായിരിക്കട്ടെ ആ വിചിന്തനം. നിങ്ങൾ ദൈവത്തിലേക്കു മടങ്ങിയാൽ അവിടുന്ന് നിങ്ങളെ തിരികെ സ്വീകരിക്കുകയും നിങ്ങളുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തുകയും ചെയ്യുമെന്നു പ്രത്യാശിക്കുക. ദൈവം കാത്തിരിക്കുന്നു; അവിടുത്തെ കരുണ സമൃദ്ധമാണ്. ദൈവത്തിന്റെ നന്മയെ വാഴ്ത്തുന്ന ഒരു ഹൃദയം നിങ്ങൾക്കു നൽകി നിങ്ങളെ നിറയ്ക്കാൻ അവിടുത്തെ കരുണയെ അനുവദിക്കുക.

കർത്താവേ, എന്റെ കഴിഞ്ഞകാല പാപങ്ങളെ നിരാശയോടെ നോക്കിക്കാണുന്നതിനെക്കാൾ, കൂടുതൽ വിശ്വസ്തതയോടെ അങ്ങയിലേക്കു മടങ്ങിവരാനുള്ള കാരണങ്ങളായി കാണാൻ എന്നെ സഹായിക്കണമേ.  എത്ര തവണ ഞാൻ വീണിട്ടുണ്ടെങ്കിലും, വീണ്ടും എഴുന്നേൽക്കാനും വിശ്വസ്തതയോടെ അങ്ങയുടെ സ്തുതികൾ പാടാനും എന്നെ സഹായിക്കണമേ.  ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.


സുവിശേഷപ്രഘോഷണം

വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ മഹോത്സവം, ജൂൺ 29

“അതിനാൽ ഞാൻ നിന്നോടു പറയുന്നു: നീ പത്രോസാണ്; ഈ പാറമേൽ ഞാൻ എന്റെ സഭ പണിയും; പാതാളത്തിന്റെ കവാടങ്ങൾ അതിനെതിരെ പ്രബലപ്പെടുകയില്ല.”  മത്തായി 16:18

യുഗങ്ങളിലുടനീളം സഭ വെറുക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും അപവാദങ്ങൾക്ക് ഇരയാവുകയും പരിഹസിക്കപ്പെടുകയും ആക്രമിക്കപ്പെടുകപോലും ചെയ്തിട്ടുണ്ട്. ചിലപ്പോഴൊക്കെ സഭാംഗങ്ങളുടെ വ്യക്തിപരമായ തെറ്റുകൾ മൂലം പരിഹാസവും ശകാരവും ഉണ്ടാകാറുണ്ടെങ്കിലും, മിക്കപ്പോഴും സഭ പീഡിപ്പിക്കപ്പെട്ടിട്ടുള്ളതും ഇന്നും പീഡിപ്പിക്കപ്പെടുന്നതും നമുക്കു ലഭിച്ചിരിക്കുന്ന ഒരു ദൗത്യം നിമിത്തമാണ്. എല്ലാ മനുഷ്യരെയും മോചിപ്പിച്ച് ദൈവമക്കളെന്ന നിലയിൽ ഐക്യത്തിൽ ജീവിക്കാൻ സ്വതന്ത്രരാക്കുന്ന സത്യം, ക്രിസ്തുവിന്റെതന്നെ സ്വരത്തിൽ വ്യക്തമായും അനുകമ്പയോടെയും ദൃഢമായും ആധികാരികമായും പ്രഘോഷിക്കുക എന്നതാണ് ആ ദൗത്യം.

വിരോധാഭാസമെന്നു പറയട്ടെ, ദുഃഖകരമെന്നു പറയട്ടെ, സത്യം സ്വീകരിക്കാൻ വിസമ്മതിക്കുന്ന അനേകർ ഈ ലോകത്തിലുണ്ട്. സഭ തന്റെ ദൈവിക ദൗത്യം നിറവേറ്റുമ്പോൾ, അതിനു പകരം കോപവും വിദ്വേഷവും വർധിച്ചുവരുന്ന അനേകരുമുണ്ട്.

സഭയുടെ ഈ ദൈവിക ദൗത്യം എന്താണ്? വ്യക്തതയോടെയും ആധികാരികതയോടെയും പഠിപ്പിക്കുക, കൂദാശകളിലൂടെ ദൈവകൃപയും കരുണയും സമൃദ്ധമായി പകർന്നുനൽകുക, ദൈവജനത്തെ സ്വർഗത്തിലേക്കു നയിക്കുന്നതിനായി അവരെ അജപാലനം ചെയ്യുക എന്നിവയാണ് സഭയുടെ ദൗത്യം. ഈ ദൗത്യം സഭയ്ക്കു നൽകിയത് ദൈവമാണ്; ധൈര്യത്തോടെയും നിർഭയത്വത്തോടെയും വിശ്വസ്തതയോടെയും അതു നിറവേറ്റാൻ സഭയെയും സഭാശുശ്രൂഷകരെയും പ്രാപ്തരാക്കുന്നതും ദൈവമാണ്.

ഈ വിശുദ്ധ ദൗത്യത്തെക്കുറിച്ചു ധ്യാനിക്കാൻ ഏറ്റവും ഉചിതമായ ഒരു അവസരമാണ് ഇന്നത്തെ മഹോത്സവം.  വിശുദ്ധ പത്രോസും വിശുദ്ധ പൗലോസും സഭയുടെ ദൗത്യത്തിന്റെ ഏറ്റവും മഹത്തായ രണ്ടു മാതൃകകൾ മാത്രമല്ല; ക്രിസ്തു ഈ ദൗത്യം സ്ഥാപിച്ച യഥാർഥ അടിത്തറയും അവരാണ്.

ഒന്നാമതായി, ഇന്നത്തെ സുവിശേഷത്തിൽ ഈശോതന്നെ പത്രോസിനോടു പറഞ്ഞു: “അതിനാൽ ഞാൻ നിന്നോടു പറയുന്നു: നീ പത്രോസാണ്; ഈ പാറമേൽ ഞാൻ എന്റെ സഭ പണിയും; പാതാളത്തിന്റെ കവാടങ്ങൾ അതിനെതിരെ പ്രബലപ്പെടുകയില്ല. സ്വർഗരാജ്യത്തിന്റെ താക്കോലുകൾ ഞാൻ നിനക്കു നൽകും. നീ ഭൂമിയിൽ കെട്ടുന്നതെല്ലാം സ്വർഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയിൽ അഴിക്കുന്നതെല്ലാം സ്വർഗത്തിലും അഴിക്കപ്പെട്ടിരിക്കും.”

ഈ സുവിശേഷഭാഗത്തിൽ, “സ്വർഗരാജ്യത്തിന്റെ താക്കോലുകൾ” സഭയുടെ ആദ്യത്തെ മാർപാപ്പയ്ക്കു നൽകപ്പെടുന്നു. ഭൂമിയിലെ സഭയുടെ ദൈവികമായ തലവൻസ്ഥാനം ഭരമേല്പിക്കപ്പെട്ട വിശുദ്ധ പത്രോസിന്, സ്വർഗം പ്രാപിക്കാൻ നാം അറിയേണ്ടതെല്ലാം നമ്മെ പഠിപ്പിക്കാനുള്ള അധികാരം നൽകപ്പെടുന്നു.  പത്രോസ് ഈ “രാജ്യത്തിന്റെ താക്കോലുകൾ”, “ആധികാരികമായി കെട്ടാനും അഴിക്കാനുമുള്ള ഈ കഴിവ്”, ഇന്ന് അപ്രമാദിത്വം എന്നു വിളിക്കപ്പെടുന്ന ഈ ദൈവികദാനം, തന്റെ പിൻഗാമിക്കു കൈമാറിയെന്നും അദ്ദേഹം തന്റെ പിൻഗാമിക്കും അങ്ങനെ ഇന്നുവരെ അതു കൈമാറിവന്നുവെന്നും സഭയുടെ ആദിമനാളുകൾ മുതൽ വ്യക്തമാണ്.

സുവിശേഷത്തിന്റെ വിമോചനദായകമായ സത്യം വ്യക്തമായും ആത്മവിശ്വാസത്തോടെയും ആധികാരികമായും പ്രഘോഷിക്കുന്നതിന്റെ പേരിൽ സഭയോടു കോപിക്കുന്ന അനേകരുണ്ട്. ധാർമികതയുടെ കാര്യത്തിൽ ഇത് പ്രത്യേകിച്ചും സത്യമാണ്. പലപ്പോഴും ഈ സത്യങ്ങൾ പ്രഘോഷിക്കപ്പെടുമ്പോൾ, സഭ ആക്രമിക്കപ്പെടുകയും സാധ്യമായ എല്ലാത്തരം അപവാദപ്പേരുകളും വിളിച്ച് അധിക്ഷേപിക്കപ്പെടുകയും ചെയ്യുന്നു.

ഇത് ഇത്രയേറെ ദുഃഖകരമാകുന്നതിന്റെ പ്രധാന കാരണം സഭ ആക്രമിക്കപ്പെടുന്നു എന്നതല്ല; പീഡനം സഹിച്ചുനിൽക്കാൻ നമുക്കാവശ്യമായ കൃപ ക്രിസ്തു എപ്പോഴും നൽകും.  ഇത് ഇത്രയേറെ ദുഃഖകരമാകുന്നതിന്റെ പ്രധാന കാരണം, ഏറ്റവും അധികം കോപിക്കുന്നവരാണ് വാസ്തവത്തിൽ വിമോചനദായകമായ സത്യം ഏറ്റവുമധികം അറിയേണ്ടവർ എന്നതാണ്. ക്രിസ്തുയേശുവിൽ മാത്രം ലഭിക്കുന്ന സ്വാതന്ത്ര്യവും, അവിടുന്ന് വിശുദ്ധഗ്രന്ഥത്തിൽ നമുക്കു ഭരമേല്പിച്ചിട്ടുള്ളതും മാർപാപ്പയുടെ വ്യക്തിത്വത്തിൽ പത്രോസിലൂടെ നമുക്കു തുടർന്നും വ്യക്തമാക്കിത്തരുന്നതുമായ പൂർണവും മാറ്റമില്ലാത്തതുമായ സുവിശേഷസത്യവും എല്ലാവർക്കും ആവശ്യമാണ്. മാത്രമല്ല, സുവിശേഷം ഒരിക്കലും മാറുന്നില്ല; ഈ സുവിശേഷത്തെക്കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യം കൂടുതൽ ആഴവും വ്യക്തതയും നേടുന്നു എന്നതു മാത്രമാണ് മാറുന്നത്. സഭയിൽ ഈ അനിവാര്യമായ പങ്കു വഹിച്ചുകൊണ്ട് സേവനം ചെയ്യുന്ന പത്രോസിനെയും അദ്ദേഹത്തിന്റെ എല്ലാ പിൻഗാമികളെയും ഓർത്ത് ദൈവത്തിനു നന്ദി അർപ്പിക്കാം.

ഇന്നു നാം ആദരിക്കുന്ന മറ്റൊരു അപ്പസ്തോലനായ വിശുദ്ധ പൗലോസിന് പത്രോസിന്റെ താക്കോലുകൾ ഭരമേല്പിക്കപ്പെട്ടിരുന്നില്ല. എന്നാൽ വിജാതീയരുടെ അപ്പസ്തോലനാകാൻ ക്രിസ്തു അദ്ദേഹത്തെ വിളിക്കുകയും തിരുപ്പട്ടാഭിഷേകത്തിലൂടെ ശക്തിപ്പെടുത്തുകയും ചെയ്തു. താൻ കണ്ടുമുട്ടിയ എല്ലാവരിലേക്കും സന്ദേശം എത്തിക്കാൻ വിശുദ്ധ പൗലോസ് വലിയ ധൈര്യത്തോടെ മെഡിറ്ററേനിയൻ പ്രദേശത്തുടനീളം സഞ്ചരിച്ചു. ഇന്നത്തെ രണ്ടാം വായനയിൽ വിശുദ്ധ പൗലോസ് തന്റെ യാത്രകളെക്കുറിച്ചു പറഞ്ഞു: “കർത്താവ് എന്റെ കൂടെ നിൽക്കുകയും എനിക്കു ശക്തി നൽകുകയും ചെയ്തു; എന്നിലൂടെ പ്രഘോഷണം പൂർത്തിയാകാനും എല്ലാ വിജാതീയരും സുവിശേഷം കേൾക്കാനും വേണ്ടിയായിരുന്നു അത്.” അദ്ദേഹം കഷ്ടതകൾ സഹിക്കുകയും മർദിക്കപ്പെടുകയും തടവിലാക്കപ്പെടുകയും പരിഹസിക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും അനേകരാൽ വെറുക്കപ്പെടുകയും ചെയ്തെങ്കിലും, അനേകർക്ക് യഥാർഥ സ്വാതന്ത്ര്യം ലഭിക്കുന്നതിനുള്ള ഉപകരണവുമായിരുന്നു അദ്ദേഹം. അനേകർ അദ്ദേഹത്തിന്റെ വാക്കുകളോടും മാതൃകയോടും പ്രതികരിച്ച് തങ്ങളുടെ ജീവിതം സമൂലമായി ക്രിസ്തുവിനു സമർപ്പിച്ചു. അനേകം പുതിയ ക്രൈസ്തവസമൂഹങ്ങൾ സ്ഥാപിതമായതിന് നാം വിശുദ്ധ പൗലോസിന്റെ അക്ഷീണപ്രയത്നങ്ങളോടു കടപ്പെട്ടിരിക്കുന്നു. ലോകത്തിന്റെ എതിർപ്പു നേരിടുമ്പോൾ, ഇന്നത്തെ ലേഖനത്തിൽ പൗലോസ് പറഞ്ഞു: “സിംഹത്തിന്റെ വായിൽനിന്ന് ഞാൻ രക്ഷിക്കപ്പെട്ടു. കർത്താവ് എല്ലാ തിന്മയുടെ ഭീഷണിയിൽനിന്നും എന്നെ രക്ഷിക്കുകയും തന്റെ സ്വർഗീയരാജ്യത്തിലേക്കു സുരക്ഷിതനായി എത്തിക്കുകയും ചെയ്യും.”

വിശുദ്ധ പൗലോസും വിശുദ്ധ പത്രോസും തങ്ങളുടെ ദൗത്യങ്ങളോടുള്ള വിശ്വസ്തതയ്ക്ക് സ്വന്തം ജീവൻകൊണ്ട് വിലകൊടുത്തു. പത്രോസിന്റെ കാരാഗൃഹവാസത്തെക്കുറിച്ചാണ് ഒന്നാം വായനയിൽ കേട്ടത്; പൗലോസിന്റെ കഷ്ടതകൾ ലേഖനങ്ങൾ വെളിപ്പെടുത്തുന്നു. ഒടുവിൽ ഇരുവരും രക്തസാക്ഷികളായി. സുവിശേഷത്തിനുവേണ്ടിയാണ് നിങ്ങൾ രക്തസാക്ഷിത്വം വരിക്കുന്നതെങ്കിൽ, രക്തസാക്ഷിത്വം ഒരു മോശം കാര്യമല്ല.

ഈശോ സുവിശേഷത്തിൽ പറയുന്നു: “നിങ്ങളുടെ കൈകാലുകൾ ബന്ധിക്കാൻ കഴിയുന്നവനെ ഭയപ്പെടേണ്ടാ; മറിച്ച്, നിങ്ങളെ ഗേഹെന്നായിലേക്ക് എറിയാൻ കഴിയുന്നവനെ ഭയപ്പെടുവിൻ.” എന്നാൽ, നിങ്ങൾ സ്വതന്ത്രമായി നടത്തുന്ന തിരഞ്ഞെടുപ്പുകൾമൂലം നിങ്ങളെ ഗേഹെന്നായിലേക്ക് എറിയാൻ കഴിയുന്ന ഏക വ്യക്തി നിങ്ങൾതന്നെയാണ്. ആത്യന്തികമായി നാം ഭയപ്പെടേണ്ടത് നമ്മുടെ വാക്കുകളിലും പ്രവൃത്തികളിലും സുവിശേഷസത്യത്തിൽനിന്ന് വ്യതിചലിക്കുന്നതിനെ മാത്രമാണ്.

സത്യം സ്നേഹത്തോടും അനുകമ്പയോടുംകൂടെ പ്രഘോഷിക്കപ്പെടണം; എന്നാൽ വിശ്വാസജീവിതത്തെയും ധാർമ്മികതയെയും സംബന്ധിച്ച സത്യം ഇല്ലെങ്കിൽ, സ്നേഹം യഥാർഥ സ്നേഹമോ അനുകമ്പ യഥാർഥ അനുകമ്പയോ ആവുകയില്ല.

വിശുദ്ധ പത്രോസിന്റെയും വിശുദ്ധ പൗലോസിന്റെയും ഈ തിരുനാളിൽ, ലോകത്തെ സ്വതന്ത്രമാക്കുന്ന ഉപകരണങ്ങളായി തുടർന്നും നിലകൊള്ളാൻ ആവശ്യമായ ധൈര്യവും ഉപവിയും ജ്ഞാനവും നമുക്കെല്ലാവർക്കും സഭയ്ക്കു മുഴുവനും ക്രിസ്തു നൽകുമാറാകട്ടെ.

കർത്താവേ, അങ്ങയുടെ സഭയാകുന്ന ദാനത്തിനും അവൾ പ്രഘോഷിക്കുന്ന വിമോചനദായകമായ സുവിശേഷത്തിനും ഞാൻ അങ്ങയോടു നന്ദി പറയുന്നു.  അങ്ങയുടെ സഭയിലൂടെ അങ്ങ് പ്രഘോഷിക്കുന്ന സത്യങ്ങളോട് എന്നും വിശ്വസ്തനായിരിക്കാൻ എന്നെ സഹായിക്കണമേ.  ആ സത്യം ആവശ്യമുള്ള എല്ലാവർക്കും അത് പകർന്നുനൽകാനുള്ള ഒരു ഉപകരണമാകാനും എന്നെ സഹായിക്കണമേ.  ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.


“എന്റെ കർത്താവേ, എന്റെ ദൈവമേ!”

വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ, ജൂലൈ 3

പന്ത്രണ്ടുപേരിൽ ഒരുവനും ദിദിമോസ് എന്നു വിളിക്കപ്പെടുന്നവനുമായ തോമസ്, ഈശോ വന്നപ്പോൾ അവരോടൊപ്പമുണ്ടായിരുന്നില്ല. അതുകൊണ്ട് മറ്റു ശിഷ്യന്മാർ അവനോടു പറഞ്ഞു: “ഞങ്ങൾ കർത്താവിനെ കണ്ടു.” എന്നാൽ തോമസ് അവരോടു പറഞ്ഞു: “അവന്റെ കൈകളിൽ ആണികളുടെ അടയാളം കാണുകയും ആണിപ്പഴുതുകളിൽ എന്റെ വിരൽ ഇടുകയും അവന്റെ പാർശ്വത്തിൽ എന്റെ കൈ വയ്ക്കുകയും ചെയ്താലല്ലാതെ ഞാൻ വിശ്വസിക്കുകയില്ല.” യോഹന്നാൻ 20:24-25

മുകളിൽ പറഞ്ഞ വാക്കുകളിൽ പ്രതിഫലിക്കുന്ന വിശ്വാസക്കുറവിന്റെ പേരിൽ വിശുദ്ധ തോമാശ്ലീഹായെ വിമർശിക്കാൻ എളുപ്പമാണ്. എന്നാൽ അദ്ദേഹത്തെക്കുറിച്ച് മോശമായി ചിന്തിക്കുന്നതിനുമുമ്പ്, നിങ്ങൾ എങ്ങനെ പ്രതികരിക്കുമായിരുന്നു എന്നു ചിന്തിക്കുക. സംഭവത്തിന്റെ അവസാനം നമുക്കു വ്യക്തമായി അറിയാവുന്നതിനാൽ ഇത് ചെയ്യാൻ പ്രയാസമാണ്. ഈശോ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റുവെന്നും, ഒടുവിൽ തോമസ് “എന്റെ കർത്താവേ, എന്റെ ദൈവമേ!” എന്ന് ഏറ്റുപറഞ്ഞുകൊണ്ട് വിശ്വസിച്ചുവെന്നും നമുക്കറിയാം. എങ്കിലും അദ്ദേഹത്തിന്റെ സ്ഥാനത്ത് നിങ്ങളെത്തന്നെ സങ്കൽപ്പിക്കാൻ ശ്രമിക്കുക.

ഒന്നാമതായി, തോമസിന്റെ സംശയത്തിന് ഒരു പരിധിവരെ കാരണമായത് അതീവ ദുഃഖവും നിരാശയുമായിരിക്കാം. ഈശോ മിശിഹായാണെന്ന് അദ്ദേഹം പ്രത്യാശിച്ചിരുന്നു; തന്റെ ജീവിതത്തിലെ കഴിഞ്ഞ മൂന്നു വർഷങ്ങൾ അവിടുത്തെ അനുഗമിക്കാനായി അദ്ദേഹം സമർപ്പിച്ചിരുന്നു; ഇപ്പോഴിതാ ഈശോ മരിച്ചിരിക്കുന്നു… അങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ ധാരണ. ഇത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. കാരണം, ജീവിതത്തിൽ എന്തെങ്കിലും ബുദ്ധിമുട്ടോ ഇച്ഛാഭംഗമോ വേദനാജനകമായ സാഹചര്യമോ നേരിടുമ്പോൾ പലപ്പോഴും നമ്മുടെ വിശ്വാസം പരീക്ഷിക്കപ്പെടുന്നു. നിരാശ നമ്മെ സംശയത്തിലേക്കു വലിച്ചിഴയ്ക്കാൻ അനുവദിക്കുന്നതിനുള്ള പ്രലോഭനം നമുക്കുണ്ടാകുന്നു. അങ്ങനെ സംഭവിക്കുമ്പോൾ, വിശ്വാസത്തെക്കാളേറെ നമ്മുടെ മനോവേദനയെ അടിസ്ഥാനമാക്കി നാം തീരുമാനങ്ങളെടുക്കുന്നു.

രണ്ടാമതായി, സ്വന്തം കണ്ണുകളാൽ കണ്ട ഭൗതിക യാഥാർഥ്യത്തെ നിഷേധിക്കാനും ലൗകിക കാഴ്ചപ്പാടിൽ തികച്ചും “അസാധ്യമായ” ഒരു കാര്യം വിശ്വസിക്കാനും തോമസ് വിളിക്കപ്പെട്ടു. മനുഷ്യർ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേൽക്കാറില്ലല്ലോ! കുറഞ്ഞപക്ഷം ലൗകിക കാഴ്ചപ്പാടിൽനിന്നു മാത്രം നോക്കുമ്പോൾ, ഇത് സംഭവിക്കുന്നതേയില്ല. ഈശോ മുമ്പ് അത്തരം അത്ഭുതങ്ങൾ ചെയ്യുന്നത് തോമസ് കണ്ടിരുന്നെങ്കിലും, സ്വന്തം കണ്ണുകളാൽ കാണാതെ വിശ്വസിക്കാൻ വലിയ വിശ്വാസം ആവശ്യമായിരുന്നു. അങ്ങനെ, നിരാശയും അസാധ്യമെന്നു തോന്നിയ കാര്യവും തോമസിന്റെ വിശ്വാസത്തിന്റെ ആഴങ്ങളിലേക്കു കടന്ന് അതിനെ കെടുത്തിക്കളഞ്ഞു.

ഈ ഭാഗത്തുനിന്ന് നമുക്കു പഠിക്കാവുന്ന രണ്ടു പാഠങ്ങളെക്കുറിച്ച് ഇന്ന് ധ്യാനിക്കുക: 1) ജീവിതത്തിലെ നിങ്ങളുടെ തീരുമാനങ്ങളെയോ വിശ്വാസങ്ങളെയോ നയിക്കാൻ നിരാശയെയോ ഇച്ഛാഭംഗത്തെയോ മനോവേദനയെയോ ഒരിക്കലും അനുവദിക്കരുത്. അവ ഒരിക്കലും നല്ല വഴികാട്ടികളല്ല. 2) താൻ തിരഞ്ഞെടുക്കുന്ന എന്തും ഏതും ചെയ്യാനുള്ള ദൈവത്തിന്റെ ശക്തിയെ സംശയിക്കരുത്. ഇവിടെ ദൈവം മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേൽക്കാൻ തിരഞ്ഞെടുത്തു; അങ്ങനെ അവിടുന്ന് ചെയ്തു. നമ്മുടെ ജീവിതത്തിലും ദൈവത്തിന് താൻ ഇച്ഛിക്കുന്നതെന്തും ചെയ്യാൻ കഴിയും. അതു നാം വിശ്വസിക്കണം. അവിടുത്തെ പരിപാലനയിൽ നാം ആശ്രയിക്കുകയാണെങ്കിൽ, വിശ്വാസത്തിലൂടെ അവിടുന്ന് നമുക്കു വെളിപ്പെടുത്തുന്നവ സംഭവിക്കുമെന്ന് നാം അറിയുകയും വേണം.

കർത്താവേ, ഞാൻ വിശ്വസിക്കുന്നു. എന്റെ അവിശ്വാസത്തിൽ എന്നെ സഹായിക്കണമേ. നിരാശയ്ക്കു വഴങ്ങാനോ ജീവിതത്തിലെ സകല കാര്യങ്ങൾക്കുമേലുമുള്ള അങ്ങയുടെ സർവശക്തിയെ സംശയിക്കാനോ എനിക്കു പ്രലോഭനമുണ്ടാകുമ്പോൾ, അങ്ങയിലേക്കു തിരിയാനും പൂർണഹൃദയത്തോടെ അങ്ങയിൽ ആശ്രയിക്കാനും എന്നെ സഹായിക്കണമേ. വിശുദ്ധ തോമാശ്ലീഹായോടൊപ്പം “എന്റെ കർത്താവേ, എന്റെ ദൈവമേ” എന്ന് ഏറ്റുപറയാൻ എനിക്കു കഴിയട്ടെ. അങ്ങ് എന്റെ ആത്മാവിൽ പകർന്ന വിശ്വാസത്തിലൂടെ മാത്രം കാണുമ്പോഴും അങ്ങനെ ഏറ്റുപറയാൻ എനിക്കു കഴിയട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.


യേശുവിനെ മുറുകെപ്പിടിക്കുക

വിശുദ്ധ മഗ്ദലന മറിയത്തിന്റെ തിരുനാൾ, ജൂലൈ 22

“പ്രഭോ, അങ്ങ് അവനെ എടുത്തുകൊണ്ടുപോയതാണെങ്കിൽ, അവനെ എവിടെ വച്ചുവെന്ന് എന്നോടു പറയുക; ഞാൻ അവനെ എടുത്തുകൊണ്ടുപൊയ്ക്കൊള്ളാം.” ഈശോ അവളോടു പറഞ്ഞു: “മറിയമേ!” അവൾ തിരിഞ്ഞ് ഹീബ്രുഭാഷയിൽ “റബ്ബൂനി” എന്നു പറഞ്ഞു; ഗുരു എന്നാണ് അതിന്റെ അർഥം. ഈശോ അവളോടു പറഞ്ഞു: “എന്നെ പിടിച്ചുവച്ചുകൊണ്ടിരിക്കരുത്; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കലേക്ക് ആരോഹണം ചെയ്തിട്ടില്ല.”  യോഹന്നാൻ 20:15b-17b

എത്ര വലിയൊരു ഭാഗ്യം!  ഉത്ഥിതനായ കർത്താവിനെ ആദ്യം കണ്ട വ്യക്തിയായി വിശുദ്ധ ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് മഗ്ദലനമറിയത്തെയാണ്. ഇത്തരമൊരു അനുഗ്രഹം സ്വീകരിക്കാൻ ഏറ്റവും അയോഗ്യയായ വ്യക്തി അവളാണെന്ന് പലരും നിഗമനം ചെയ്യുമായിരുന്നുവെന്നതിൽ സംശയമില്ല.

ഈശോ ഏഴു പിശാചുക്കളെ പുറത്താക്കിയ സ്ത്രീയാണ് മഗ്ദലന മറിയമെന്ന് വിശുദ്ധലിഖിതം പറയുന്നു. ഏഴു പിശാചുക്കൾ ബാധിച്ചിരുന്ന ഒരാൾ പാപപൂർണമായ ജീവിതം നയിച്ചിരുന്നുവെന്നത് വ്യക്തമാണ്. എന്നാൽ നമ്മുടെ കർത്താവിനെ കണ്ടുമുട്ടിയശേഷം മറിയം അവിടുത്തെ വിശ്വസ്ത അനുയായിയായി മാറി. അനുദിനം അവിടുത്തെ ശുശ്രൂഷിക്കുകയും അവിടുത്തെ ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്തിരുന്ന വിശുദ്ധ സ്ത്രീകളിൽ ഒരാളായിരുന്നു അവൾ. അതുകൊണ്ടാണ് നാം ഇന്ന് അവളെ “വിശുദ്ധ” എന്നു വിളിക്കുന്നത്. എന്നാൽ മുകളിൽ ഉദ്ധരിച്ച ഭാഗം ഈശോയെക്കുറിച്ചും അവിടുത്തെ കരുണയെക്കുറിച്ചും ഇതിലുമേറെ കാര്യങ്ങൾ നമ്മോടു പറയുന്നു.

ഈ ഭാഗം യേശുവിന്റെ ഉത്ഥാനവിവരണത്തിൽനിന്നുള്ളതാണ്. മറിയം കല്ലറയിലെത്തിയപ്പോൾ അത് ശൂന്യമായിരിക്കുന്നതാണ് കണ്ടത്. ആരോ യേശുവിന്റെ ശരീരം കൊണ്ടുപോയി എന്നു കരുതി അവൾ അവിടെയിരുന്ന് കരഞ്ഞു. എന്നാൽ പെട്ടെന്ന്, അവളുടെ കൺമുമ്പിൽ യേശു ജീവനോടെ നിന്നു. അവിടുത്തെ വാക്കുകൾ ഹൃദയത്തിൽ തുളച്ചുകയറുന്നവയും അഗാധമായ അർത്ഥമുള്ളവയുമായിരുന്നു. അവിടുന്ന് പറഞ്ഞു: “എന്നെ പിടിച്ചുനിർത്തരുത്; എന്തെന്നാൽ ഞാൻ ഇനിയും പിതാവിന്റെ അടുത്തേക്ക് ആരോഹണം ചെയ്തിട്ടില്ല.” ഈ ഭാഗത്തെക്കുറിച്ച് രണ്ടു കാര്യങ്ങൾ പറയാനുണ്ട്.

ഒന്നാമതായി, യേശു ആദ്യം അവൾക്കു പ്രത്യക്ഷപ്പെട്ടു എന്നത് തീർച്ചയായും അത്ഭുതകരമായ ഒരു അനുഗ്രഹമായിരുന്നു. പാപിനിയായിരുന്ന ഈ സ്ത്രീ ഇപ്പോൾ ഉത്ഥാനത്തിന്റെ ആദ്യ സാക്ഷിയും ആദ്യ സന്ദേശവാഹകയുമായി. നമ്മുടെ കഴിഞ്ഞകാല പാപങ്ങളുടെ പേരിൽ യേശു നമ്മോടു വിവേചനം കാണിക്കുന്നില്ലെന്നാണ് ഇത് നമ്മോടു പറയുന്നത്. നാം മുമ്പു ചെയ്ത കാര്യങ്ങൾ എന്നും ഓർത്തുവെച്ച് അവിടുന്ന് നമ്മെ എന്നേക്കും കുറ്റക്കാരായി കണക്കാക്കുന്നില്ല. അവിടുന്ന് നൽകുന്ന ക്ഷമ പൂർണ്ണമാണ്; അതു സ്വീകരിക്കാൻ നാം തുറവുള്ളവരാണെങ്കിൽ, അത് നമ്മെ പൂർണ്ണമായും കൃപാവസ്ഥയിലേക്കു പുനഃസ്ഥാപിക്കുന്നു. മറിയത്തിനു സംഭവിച്ചത് ഇതാണ്. മുമ്പ് പാപിനിയായിരുന്ന അവളെയാണ് യേശു തന്റെ ഉത്ഥാനത്തിന്റെ ആദ്യ സാക്ഷിയായി തിരഞ്ഞെടുത്തത്.

രണ്ടാമതായി, നാം തന്നോടു ചേർന്നുനിൽക്കണമെന്ന് ഈശോ ആഗ്രഹിക്കുന്നുവെന്ന് ഈ ഭാഗം വെളിപ്പെടുത്തുന്നു; എന്നാൽ അത് കേവലം മാനുഷികമായ രീതിയിലാകരുത്. ഭൂമിയിൽവച്ച് മറിയം ഈശോയെ അറിഞ്ഞിരുന്നു. ഇപ്പോൾ, താൻ സ്വർഗാരോഹണം ചെയ്തുകഴിഞ്ഞാൽ അവളുമായുള്ള തന്റെ ബന്ധം കൂടുതൽ ആഴപ്പെടുത്താൻ ഈശോ ആഗ്രഹിച്ചു. അപ്പോൾ, ശാരീരികമായി സന്നിഹിതനായിരിക്കുന്നതിലുപരി, അവളുടെ ആത്മാവിൽ വസിക്കാനും ഏറ്റവും ഉറ്റതും അഗാധവുമായ രീതിയിൽ അവളോടും നമ്മോടും തന്നെത്തന്നെ ഐക്യപ്പെടുത്താനും അവിടുന്ന് ആഗ്രഹിച്ചു.

സ്വർഗത്തിലുള്ള തന്നോടു നാം ചേർന്നിരിക്കണമെന്ന നമ്മുടെ കർത്താവിന്റെ ഹൃദയത്തിലെ ആഗ്രഹത്തെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. അവിടുന്ന് നിന്നോടു പറയുന്നതു കേൾക്കുക: “ഞാൻ ഇപ്പോൾ എന്റെ പിതാവിന്റെ അടുത്തേക്ക് ആരോഹണം ചെയ്തിരിക്കുന്നു; നിന്റെ പൂർണ്ണഹൃദയത്തോടെ എന്നോടു ചേർന്നിരിക്കാൻ ഞാൻ നിന്നെ ക്ഷണിക്കുന്നു. എന്നെ ഉള്ളിലേക്കു കടക്കാൻ അനുവദിക്കുക; നിന്നോട് ഏറ്റവും ഉറ്റബന്ധത്തിൽ നിന്റെ ഉള്ളിൽ വസിക്കാൻ എന്നെ അനുവദിക്കുക. ഞാൻ നിന്നെ സ്നേഹിക്കുന്നു; നിന്നോട് ഒന്നായിരിക്കാൻ ആഗ്രഹിക്കുന്നു. നിന്റെ ഹൃദയത്തിലേക്കു നീ എന്നെ പ്രവേശിപ്പിക്കുമോ?”

കർത്താവേ, അങ്ങയോടു ചേർന്നുനിൽക്കാൻ ഞാൻ തീർച്ചയായും ആഗ്രഹിക്കുന്നു. എല്ലാ വിധത്തിലും അങ്ങയോട് ഒന്നായിരിക്കാൻ ഞാൻ മനസ്സോടെ തീരുമാനിക്കുന്നു. എന്റെ ഹൃദയത്തിൽ വന്നു വസിച്ച് എന്നെ അങ്ങയോട് ഒന്നാക്കണമേ. ഈശോയേ, അങ്ങയിൽ ഞാൻ വിശ്വസിക്കുന്നു.


ക്രിസ്തുവിന്റെ പാനപാത്രം

വിശുദ്ധ യാക്കോബ് ശ്ലീഹായുടെ തിരുനാൾ, ജൂലൈ 25

“ഞാൻ കുടിക്കാൻ പോകുന്ന പാനപാത്രത്തിൽനിന്നു കുടിക്കാൻ നിങ്ങൾക്കു കഴിയുമോ?” അവർ അവിടുത്തോടു പറഞ്ഞു: “ഞങ്ങൾക്കു കഴിയും.” അവിടുന്ന് മറുപടി പറഞ്ഞു: “എന്റെ പാനപാത്രത്തിൽനിന്നു നിങ്ങൾ തീർച്ചയായും കുടിക്കും. എന്നാൽ എന്റെ വലത്തും ഇടത്തും ഇരിക്കാനുള്ള സ്ഥാനം നൽകുന്നത് ഞാനല്ല; എന്റെ പിതാവ് അത് ആർക്കുവേണ്ടി ഒരുക്കിയിരിക്കുന്നുവോ അവർക്കുള്ളതാണ് അത്.” മത്തായി 20:22b-23

യേശുവിന്റെ വളരെ സൗമ്യമായ ഒരു ശാസനയായിരുന്നു ഇത്. യാക്കോബിന്റെയും യോഹന്നാന്റെയും അമ്മ യേശുവിനോട് ഒരു ആനുകൂല്യം ചോദിച്ചു. അവിടുത്തെ രാജ്യത്തിൽ തന്റെ പുത്രന്മാർ അവിടുത്തെ വലത്തും ഇടത്തും ഇരിക്കണമെന്നായിരുന്നു അവളുടെ ആഗ്രഹം. യേശു സൗമ്യമായി പറഞ്ഞു: “നിങ്ങൾ എന്താണു ചോദിക്കുന്നതെന്നു നിങ്ങൾക്കറിയില്ല.” അതിനുശേഷമാണ് മുകളിൽ ഉദ്ധരിച്ച വാക്കുകൾ അവിടുന്ന് പറഞ്ഞത്.

“നിങ്ങൾ എന്താണു ചോദിക്കുന്നതെന്നു നിങ്ങൾക്കറിയില്ല.” യേശു എന്തുകൊണ്ടാണ് ഇങ്ങനെ പറഞ്ഞത്? അതിന്റെ ഒരു കാരണം ഇതാണ്: മഹത്വത്തിലേക്കുള്ള വഴി, അതായത് രാജ്യത്തിൽ അവിടുത്തെ വലത്തും ഇടത്തും ഇരിക്കുന്നതിനുള്ള വഴി, കുരിശിന്റെ വഴിയാണ്. യേശുവിനോടൊപ്പം കുരിശിന്റെ സഹനങ്ങളെ സ്വമനസ്സാലെ ആശ്ലേഷിക്കുന്ന വഴിയാണത്. ആദ്യം അവിടുത്തോടൊപ്പം അവിടുത്തെ മരണത്തിലൂടെ നടക്കാതെ അവിടുത്തെ മഹത്വത്തിലേക്കു പ്രവേശിക്കുക സാധ്യമല്ല.

അതുകൊണ്ട് അവിടുന്ന് ഈ അപ്പസ്തോലന്മാരോടു ചോദിക്കുന്നു: “ഞാൻ കുടിക്കാൻ പോകുന്ന പാനപാത്രത്തിൽനിന്നു കുടിക്കാൻ നിങ്ങൾക്കു കഴിയുമോ?” മറ്റൊരു വിധത്തിൽ പറഞ്ഞാൽ, എന്റെ കുരിശിനെ ആശ്ലേഷിക്കാൻ നിങ്ങൾക്കു കഴിയുമോ? എന്റെ സഹനത്തെ ആശ്ലേഷിക്കാൻ നിങ്ങൾക്കു കഴിയുമോ? എന്റെ പരമമായ ബലിയിലൂടെ എന്നോടൊപ്പം നടക്കാനും നിങ്ങളുടെ ജീവിതങ്ങളും സമർപ്പിച്ചുകൊണ്ട് ആ ബലിയിൽ പങ്കുചേരാനും നിങ്ങൾക്കു കഴിയുമോ?

മറ്റുള്ളവർക്കുവേണ്ടി തങ്ങളെത്തന്നെ പൂർണമായി സമർപ്പിച്ചുകൊണ്ട് ഈശോയുടെ ബലിയിൽ അവിടുത്തെ അനുഗമിക്കാൻ തങ്ങൾക്കു കഴിയുമെന്ന് അപ്പസ്തോലന്മാർ ഉറപ്പിച്ചുപറയുന്നു. ഒടുവിൽ അവർ അങ്ങനെതന്നെ ചെയ്യുകയും ചെയ്യുന്നു.

ആ പാനപാത്രത്തിൽനിന്നു കുടിക്കാൻ നിങ്ങൾക്കു കഴിയുമോ? നിങ്ങളുടെ ജീവിതത്തിലെ കുരിശിനെ മനസ്സോടെ സ്വീകരിക്കാൻ നിങ്ങൾക്കു കഴിയുമോ? യേശുവിന്റെ അനുയായി ആയതിന്റെ പേരിൽ കഷ്ടപ്പാടുകളും ത്യാഗങ്ങളും, ഒരുപക്ഷേ പീഡനങ്ങൾപോലും സഹിക്കാൻ നിങ്ങൾക്കു കഴിയുമോ? അവിടുത്തെ സഹനത്തിലൂടെ അവിടുത്തോടൊപ്പം നടക്കാൻ നിങ്ങൾക്കു കഴിയുമോ? ഉത്തരം “കഴിയും” എന്നാണെങ്കിൽ, നിങ്ങൾ അവിടുത്തെ മഹത്വത്തിൽ പങ്കുചേരും. ഒരുപക്ഷേ ആ മഹത്വം അവിടുത്തെ വലത്തും ഇടത്തും ഇരിക്കുന്നതായിരിക്കില്ല; എന്നാൽ നിങ്ങളുടെ ഏറ്റവും വലിയ സങ്കൽപ്പങ്ങൾക്കും അതീതമായ മഹത്വമായിരിക്കും അത്. അതിനുവേണ്ടി സഹിക്കുന്നതെല്ലാം സാർഥകമാണ്; സ്വീകരിച്ചതിൽ നിങ്ങൾ ഒരിക്കലും ഖേദിക്കാത്ത ഒരു ക്ഷണമാണത്.

കർത്താവേ, അങ്ങ് പാനം ചെയ്ത പാനപാത്രത്തിൽനിന്നു കുടിക്കാൻ ഞാൻ തീർച്ചയായും ആഗ്രഹിക്കുന്നു. അങ്ങയുടെ അമൂല്യമായ തിരുശരീരരക്തങ്ങൾ സ്വീകരിക്കാനും, ആ സ്വീകരണത്തിലൂടെ അങ്ങയുടെ പീഡകളിൽ അങ്ങയെ അനുഗമിക്കാൻ എനിക്കാവശ്യമായ ശക്തിയും കൃപയും ലഭിക്കാനും ഞാൻ ആഗ്രഹിക്കുന്നു. അങ്ങയുടെ പീഡകളിൽ അങ്ങയെ അനുഗമിക്കുമ്പോൾ, അങ്ങയുടെ മഹത്ത്വത്തിലും പങ്കുചേരാൻ എന്നെ സഹായിക്കണമേ. ഈശോയേ, അങ്ങയിൽ ഞാൻ വിശ്വസിക്കുന്നു.


ഈശോയുമായുള്ള കുടുംബസൗഹൃദം

വിശുദ്ധരായ മർത്താ, മറിയം, ലാസർ എന്നിവരുടെ ഓർമ്മ, ജൂലൈ 29

“മർത്താ, മർത്താ, നീ പല കാര്യങ്ങളെക്കുറിച്ചും ഉത്കണ്ഠപ്പെടുകയും ആകുലപ്പെടുകയും ചെയ്യുന്നു. ഒരു കാര്യം മാത്രമേ ആവശ്യമുള്ളൂ. മറിയം മെച്ചപ്പെട്ട ഭാഗം തിരഞ്ഞെടുത്തിരിക്കുന്നു; അത് അവളിൽനിന്ന് എടുത്തുകളയപ്പെടുകയില്ല.” ലൂക്കാ 10:41–42

ഇന്നത്തെ ഓർമ്മയാചരണം മുമ്പ് വിശുദ്ധ മർത്തായെ മാത്രം ആദരിക്കുന്ന ഒന്നായിരുന്നു. എന്നാൽ 2021 ഫെബ്രുവരി 2-ന് ഫ്രാൻസിസ് മാർപാപ്പ ഈ ഓർമ്മയാചരണത്തിൽ മർത്തായുടെ സഹോദരിയായ മറിയത്തെയും സഹോദരനായ ലാസറിനെയും കൂടി ഉൾപ്പെടുത്തി. അങ്ങനെ, ഇന്ന് നാം ഈ മൂന്നു സഹോദരങ്ങളുടെയും ഓർമ്മ ഒരുമിച്ച് ആഘോഷിക്കുന്നു.

മർത്താ, മറിയം, ലാസർ എന്നിവർ ഈശോയുടെ ഉറ്റസുഹൃത്തുക്കളായിരുന്നു. ജറുസലെമിൽനിന്ന് അൽപദൂരം മാത്രം അകലെയുള്ള ബഥാനിയായിലാണ് അവർ താമസിച്ചിരുന്നത്. ഈശോയ്ക്കുവേണ്ടി ഭക്ഷണം ഒരുക്കിക്കൊണ്ടിരുന്ന മർത്തായുടെ സംഭവമാണ് അവളെക്കുറിച്ച് നാം പ്രത്യേകമായി ഓർക്കുന്നത്. അപ്പോൾ അവളുടെ സഹോദരി മറിയം എല്ലാ ജോലികളും മർത്തായെ ഏൽപ്പിച്ചിട്ട് ഈശോയുടെ പാദത്തിങ്കൽ ഇരുന്ന് അവിടുത്തെ വാക്കുകൾ കേൾക്കുകയായിരുന്നു. “എന്നെ സഹായിക്കാൻ അവളോടു പറയണമേ” എന്ന് ആവശ്യപ്പെട്ടുകൊണ്ട് മർത്താ ഈശോയോടു പരാതി പറഞ്ഞു. അവളുടെ അഭ്യർഥനയ്ക്കു മറുപടിയായി ഈശോ നൽകിയ സൗമ്യമായ ശാസനയാണ് മുകളിൽ ഉദ്ധരിച്ചിരിക്കുന്നത്.

ഈശോയുടെ പാദത്തിങ്കൽ ഇരുന്ന മറിയവും മുകളിൽ പറഞ്ഞ സംഭവത്തിലൂടെ അറിയപ്പെടുന്നു. ധ്യാനാത്മക പ്രാർഥനയുടെ പ്രതീകമായാണ് പാരമ്പര്യമായി ഇതിനെ കണ്ടുവരുന്നത്. ഈശോയുടെ മരണത്തിന് ആറു ദിവസം മുമ്പ്, വിലയേറിയ സുഗന്ധതൈലത്തിന്റെ ഒരു ഭരണി മുഴുവൻ അവിടുത്തെ പാദങ്ങളിൽ ഒഴിക്കുകയും തന്റെ തലമുടികൊണ്ട് അവ തുടയ്ക്കുകയും ചെയ്തവളായും യോഹന്നാന്റെ സുവിശേഷത്തിൽ അവളെ അവതരിപ്പിക്കുന്നു. മധ്യകാല പാരമ്പര്യം ചിലപ്പോഴൊക്കെ ബഥാനിയായിലെ മറിയത്തെ മഗ്ദലന മറിയവുമായും ഈശോയുടെ പാദങ്ങളിൽ തൈലം പൂശിയ പാപിനിയായ സ്ത്രീയുമായും (ലൂക്കാ 7:36–50) ബന്ധപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഇവർ വ്യത്യസ്തരായ മൂന്നു മറിയമാരാണെന്ന് ഇന്ന് മിക്ക പണ്ഡിതരും സമ്മതിക്കുന്നു. വാസ്തവത്തിൽ, ഫ്രാൻസിസ് മാർപാപ്പ ബഥാനിയായിലെ മറിയത്തെ ഇന്നത്തെ ഈ ഓർമ്മയാചരണത്തിൽ ഉൾപ്പെടുത്തിയതിന്റെ ഒരു കാരണം, മഗ്ദലന മറിയവുമായി അവളെ ആശയക്കുഴപ്പത്തിലാക്കാത്ത ഒരു ആരാധനാക്രമ ഓർമ്മയാചരണത്തിലൂടെ അവളെ ആദരിക്കുക എന്നതായിരുന്നു.

മരിച്ച് നാലു ദിവസം കല്ലറയിൽ കഴിഞ്ഞശേഷം ഈശോ വീണ്ടും ജീവനിലേക്കു തിരികെ കൊണ്ടുവന്ന വ്യക്തി എന്ന നിലയിലാണ് ലാസർ സുപരിചിതനായിരിക്കുന്നത്. ഈശോയെ പിടികൂടാൻ ശ്രമിച്ചുകൊണ്ടിരുന്ന സമയത്ത് ഫരിസേയർ ലാസറിനെയും പിടികൂടാൻ ആഗ്രഹിച്ചിരുന്നുവെന്നും, അവൻ മർത്തായുടെയും മറിയത്തിന്റെയും സഹോദരനായിരുന്നുവെന്നും ഉള്ള കാര്യങ്ങളല്ലാതെ ലാസറിനെക്കുറിച്ച് സുവിശേഷങ്ങളിൽ അധികമൊന്നും പരാമർശിക്കുന്നില്ല.

ഈ മൂന്നു സഹോദരങ്ങളെയും ഒരുമിച്ച് ആദരിക്കുന്ന ഈ ഓർമ്മയാചരണം നമുക്കുള്ളത് എന്തുകൊണ്ടാണ്? ഈ ഓർമ്മയാചരണം സ്ഥാപിച്ചപ്പോൾ ദൈവാരാധനയ്ക്കുള്ള തിരുസംഘം ഇങ്ങനെ പറഞ്ഞു: “ബഥാനിയായിലെ ഭവനത്തിൽ കർത്താവായ ഈശോ മർത്താ, മറിയം, ലാസർ എന്നിവരുടെ കുടുംബചൈതന്യവും സൗഹൃദവും അനുഭവിച്ചു; അതുകൊണ്ടാണ് അവിടുന്ന് അവരെ സ്നേഹിച്ചിരുന്നുവെന്ന് യോഹന്നാന്റെ സുവിശേഷം പറയുന്നത്.” ഈ സഹോദരങ്ങളെ ഒരുമിച്ച് ആദരിക്കുന്നതിലൂടെ, കുടുംബത്തോട് അടുത്തുനിൽക്കേണ്ടതിന്റെയും ഈശോയെ നമ്മുടെ കുടുംബത്തിലേക്കു ക്ഷണിക്കേണ്ടതിന്റെയും പ്രാധാന്യം നാം പ്രത്യേകമായി അനുസ്മരിക്കുന്നു. മർത്താ, മറിയം, ലാസർ എന്നിവർ ഒരുമിച്ചു വസിക്കുകയും സ്നേഹപൂർണമായ ഒരു പൊതുജീവിതം പങ്കിടുകയും ചെയ്തു. അവർ തങ്ങളുടെ കുടുംബജീവിതത്തിലേക്ക് ഈശോയെ ക്ഷണിച്ചു; അവിടുന്ന് അവരുടെ ക്ഷണം സ്വീകരിച്ചു. ഈ കുടുംബവുമായി സൗഹൃദം സ്ഥാപിക്കാനുള്ള ഈശോയുടെ തീരുമാനം, ഓരോ കുടുംബത്തെയും ഒന്നിപ്പിക്കാനും എല്ലാ കുടുംബങ്ങളിലെയും ഓരോ അംഗത്തിന്റെയും സുഹൃത്താകാനുമുള്ള അവിടുത്തെ ആഗ്രഹത്തിന്റെ അടയാളമാണ്. അങ്ങനെ അവരുടെ പരസ്പരസ്നേഹത്തിന്റെയും ഐക്യത്തിന്റെയും കേന്ദ്രസ്രോതസ്സായിരിക്കാൻ അവിടുന്ന് ആഗ്രഹിക്കുന്നു. കുടുംബസ്നേഹം നമ്മുടെ മനുഷ്യജീവിതത്തിന്റെ കേന്ദ്രസ്ഥാനത്താണ്. എല്ലാ കുടുംബങ്ങളും ഐക്യവും പരസ്പരസ്നേഹവും അനുഭവിക്കുന്നില്ലെങ്കിലും, മർത്താ, മറിയം, ലാസർ എന്നിവരുടെ കുടുംബത്തിൽ പ്രവേശിച്ചതുപോലെ ഓരോ കുടുംബത്തിലേക്കും കടന്നുവരാൻ ദൈവം ആഗ്രഹിക്കുന്നുവെന്ന കാര്യം നാം ഒരിക്കലും മറക്കരുത്.

ഇന്ന് നിങ്ങളുടെ സ്വന്തം കുടുംബത്തെക്കുറിച്ച് ധ്യാനിക്കുക. ഏതെല്ലാം വിധങ്ങളിൽ നിങ്ങളുമായി കൂടുതൽ സൗഹൃദത്തിലാകാനാണ് ഈശോ ആഗ്രഹിക്കുന്നത്? നിങ്ങളുടെ കുടുംബജീവിതത്തിലേക്ക് കടന്നുവന്ന് തന്റെ സ്നേഹത്താൽ അതിനെ ശക്തിപ്പെടുത്താൻ അവിടുന്ന് എങ്ങനെയാണ് ആഗ്രഹിക്കുന്നത്? അതിന് സഹായിക്കാൻ നിങ്ങളെ എങ്ങനെയാണ് ഉപയോഗിക്കാൻ അവിടുന്ന് ആഗ്രഹിക്കുന്നത്? നിങ്ങളുടെ കുടുംബം പലവിധത്തിൽ ക്ലേശിക്കുന്നുണ്ടെങ്കിലും, മർത്തായുടെയും മറിയത്തിന്റെയും ലാസറിന്റെയും കുടുംബത്തെ സ്നേഹിച്ചതുപോലെ നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും സ്നേഹിക്കാൻ ദൈവം ആഗ്രഹിക്കുന്നുവെന്ന് അറിയുക. അവർ പൂർണരല്ലായിരുന്നെങ്കിലും അവിടുന്ന് അവരെ സ്നേഹിച്ചു. നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും അതുപോലെ സ്നേഹിക്കാൻ അവിടുന്ന് ആഗ്രഹിക്കുന്നു.

എന്റെ സ്നേഹനാഥനായ ഈശോയേ, മർത്തായുടെയും മറിയത്തിന്റെയും ലാസറിന്റെയും കുടുംബത്തെ സ്നേഹിക്കാൻ അങ്ങ് തിരുമനസ്സായി. അതിലൂടെ, എല്ലാ കുടുംബങ്ങളെയും വിശുദ്ധമായ സ്നേഹത്താൽ സ്നേഹിക്കാനുള്ള അങ്ങയുടെ ആഗ്രഹവും അങ്ങ് ഞങ്ങൾക്കു വെളിപ്പെടുത്തുന്നു. പ്രിയനാഥാ, എന്റെ ജീവിതത്തിലേക്കും എന്റെ കുടുംബത്തിലേക്കും ഞാൻ അങ്ങയെ ക്ഷണിക്കുന്നു. ഞങ്ങളുടെ ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും ഐക്യവും പരസ്പര ബഹുമാനവും വളർത്തുകയും ചെയ്യണമേ. കഴിഞ്ഞകാലത്തെ എല്ലാ മുറിവുകളും ഭിന്നതകളും നീക്കി, അങ്ങയുടെ സൗഹൃദത്തിലും സ്നേഹത്തിലും കൂടുതൽ പൂർണമായി പങ്കുചേരാൻ ഓരോ കുടുംബത്തെയും പ്രാപ്തമാക്കണമേ. ഈശോയേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു.  ഈശോയേ, ഞാൻ അങ്ങിൽ ശരണപ്പെടുന്നു.

ഉള്ളടക്കം


പേപ്പർബാക്ക് പതിപ്പായും & ഇ-പുസ്തകമായും കൂടി ലഭ്യമാണ്