മലയാളം

ദൈവത്തോടുള്ള കൂടുതൽ സ്നേഹം

പരിപൂർണ്ണ സ്നേഹപ്രകരണത്തിന്റെ ഹ്രസ്വരൂപം:

എന്റെ ദൈവമേ, അങ്ങ് സർവസ്നേഹത്തിനും യോഗ്യനായതിനാൽ, എല്ലാറ്റിനുമുപരിയായും എല്ലാറ്റിലും എന്റെ പൂർണ്ണാത്മാവോടെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു! (പല പ്രാവശ്യം ആവർത്തിക്കുക)

പരിപൂർണ്ണ സ്നേഹപ്രകരണത്തിന്റെ ദീർഘരൂപം:

ക്രൂശിതനായ എന്റെ സ്നേഹമേ, എന്റെ പ്രിയ ഈശോയേ! ഞാൻ അങ്ങയിൽ വിശ്വസിക്കുകയും അങ്ങ് യഥാർഥ ദൈവപുത്രനും എന്റെ രക്ഷകനുമാണെന്ന് ഏറ്റുപറയുകയും ചെയ്യുന്നു. എന്റെ നിസ്സാരതയുടെ അഗാധതയിൽനിന്ന് ഞാൻ അങ്ങയെ ആരാധിക്കുന്നു. ദൈവകൃപയുടെ ജീവൻ എനിക്കു ലഭിക്കേണ്ടതിന് അങ്ങ് എനിക്കുവേണ്ടി മരണം വരിച്ചതിന് ഞാൻ അങ്ങയോടു നന്ദി പറയുന്നു. എന്റെ പ്രിയ രക്ഷകനേ, എന്റെ രക്ഷ മുഴുവനും ഞാൻ അങ്ങയോടു കടപ്പെട്ടിരിക്കുന്നു. അങ്ങയിലൂടെയാണ് ഇതുവരെ ഞാൻ നരകത്തിൽനിന്നു രക്ഷപ്പെട്ടത്; അങ്ങയിലൂടെയാണ് എനിക്ക് എന്റെ പാപങ്ങളുടെ മോചനം ലഭിച്ചത്. എന്നാൽ, അങ്ങയെ സ്നേഹിക്കുന്നതിനുപകരം അങ്ങേക്കെതിരെയുള്ള അപരാധങ്ങൾ ഞാൻ ആവർത്തിച്ചിരിക്കുന്നു; അത്ര നന്ദികെട്ടവനാണ് ഞാൻ. ഇനിയൊരിക്കലും അങ്ങയെ സ്നേഹിക്കാൻ കഴിയാതാകുന്ന വിധത്തിൽ ശിക്ഷിക്കപ്പെടാൻ ഞാൻ അർഹിക്കുന്നു. എന്നാൽ വേണ്ടാ, എന്റെ ഈശോയേ, മറ്റേതു വിധത്തിലും എന്നെ ശിക്ഷിച്ചുകൊള്ളണമേ, ഈ വിധത്തിൽ മാത്രം അരുതേ. കഴിഞ്ഞ കാലങ്ങളിൽ ഞാൻ അങ്ങയെ സ്നേഹിച്ചിട്ടില്ലെങ്കിലും ഇപ്പോൾ ഞാൻ അങ്ങയെ സ്നേഹിക്കുന്നു; പൂർണഹൃദയത്തോടെ അങ്ങയെ സ്നേഹിക്കുകയല്ലാതെ മറ്റൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ അങ്ങയുടെ സഹായമില്ലാതെ എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല. അങ്ങയെ സ്നേഹിക്കാൻ അങ്ങ് എന്നോടു കല്പിക്കുന്നതിനാൽ, മധുരവും സ്നേഹപൂർണവുമായ അങ്ങയുടെ ഈ കല്പന നിറവേറ്റാനുള്ള ശക്തിയും എനിക്കു നൽകണമേ. ഞങ്ങൾ അങ്ങയോട് അപേക്ഷിക്കുന്നതെല്ലാം നൽകുമെന്ന് അങ്ങ് വാഗ്ദാനം ചെയ്തിട്ടുണ്ടല്ലോ: നിങ്ങൾ ആഗ്രഹിക്കുന്നതെന്തും ചോദിക്കുവിൻ; അതു നിങ്ങൾക്കു ലഭിക്കും. അതിനാൽ, ഈ വാഗ്ദാനത്തിൽ ആശ്രയിച്ചുകൊണ്ട്, എന്റെ പ്രിയ ഈശോയേ, സർവപ്രഥമമായി എന്റെ സകല പാപങ്ങൾക്കും ഞാൻ മാപ്പപേക്ഷിക്കുന്നു; അനന്തനന്മയായ അങ്ങയെ ഞാൻ വേദനിപ്പിച്ചതിനാൽ മറ്റെല്ലാറ്റിനുമുപരിയായി ഞാൻ അനുതപിക്കുന്നു! മരണംവരെ അങ്ങയുടെ കൃപയിൽ വിശുദ്ധിയോടെ നിലനിൽക്കാനുള്ള വരം ഞാൻ യാചിക്കുന്നു. എന്നാൽ എല്ലാറ്റിനുമുപരിയായി അങ്ങയെ സ്നേഹിക്കാനുള്ള വിശുദ്ധമായ ദാനം ഞാൻ യാചിക്കുന്നു. ഹാ, എന്റെ ഈശോയേ, എന്റെ പ്രത്യാശയേ, എന്റെ സ്നേഹമേ, എന്റെ സർവസ്വമേ, ഭൂമിയിൽ ജ്വലിപ്പിക്കാൻ അങ്ങ് വന്ന ആ സ്നേഹത്താൽ എന്നെ ജ്വലിപ്പിക്കണമേ! “അങ്ങയുടെ സ്നേഹാഗ്നിയാൽ എന്നെ ജ്വലിപ്പിക്കണമേ.” ഇതിനായി, അങ്ങയുടെ വിശുദ്ധ തിരുഹിതത്തിന് അനുസൃതമായി എപ്പോഴും ജീവിക്കാൻ എന്നെ പ്രാപ്തനാക്കണമേ. ഞങ്ങളുടെ സ്നേഹത്തിന് അങ്ങ് എത്രമാത്രം യോഗ്യനാണെന്ന് കൂടുതൽ കൂടുതൽ ഗ്രഹിക്കാനും, പ്രത്യേകിച്ച് എനിക്കുവേണ്ടി ജീവൻ സമർപ്പിച്ചതിലൂടെ അങ്ങ് എന്നോടു കാണിച്ച അതിരറ്റ സ്നേഹം തിരിച്ചറിയാനും എനിക്ക് പ്രകാശം നൽകണമേ. അതിനാൽ, പൂർണഹൃദയത്തോടെ അങ്ങയെ സ്നേഹിക്കാനും എപ്പോഴും അങ്ങയെ സ്നേഹിക്കാനും ഈ ജീവിതത്തിൽ അങ്ങയെ സ്നേഹിക്കാനുള്ള കൃപയ്ക്കായി അങ്ങയോടു യാചിക്കുന്നത് ഒരിക്കലും നിർത്താതിരിക്കാനും എനിക്കു വരം നൽകണമേ. അങ്ങനെ, സദാ അങ്ങയുടെ സ്നേഹത്തിൽ ജീവിക്കുകയും മരിക്കുകയും ചെയ്ത്, ഒരുനാൾ സ്വർഗത്തിൽ എന്റെ സർവശക്തിയോടുംകൂടെ അങ്ങയെ സ്നേഹിക്കാനും നിത്യത മുഴുവൻ അങ്ങയെ സ്നേഹിക്കുന്നതിൽനിന്ന് ഒരിക്കലും വിരമിക്കാതിരിക്കാനും എനിക്ക് ഇടയാകണമേ.

സുന്ദരസ്നേഹത്തിന്റെ മാതാവേ, എന്റെ മധ്യസ്ഥയും അഭയവുമായ മറിയമേ, സകല സൃഷ്ടികളിലും ഏറ്റവും സുന്ദരിയും ഏറ്റവും സ്നേഹനിർഭരയും ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവളുമായ അമ്മേ, അവിടുന്ന് സ്നേഹിക്കപ്പെടുന്നതു കാണുക എന്നതുമാത്രമാണല്ലോ അമ്മയുടെ ആഗ്രഹം! ഹാ, ഈശോമിശിഹായോട് അമ്മയ്ക്കുള്ള സ്നേഹത്തെപ്രതി എനിക്കുവേണ്ടി പ്രാർഥിക്കുകയും, എപ്പോഴും പൂർണഹൃദയത്തോടെ അവിടുത്തെ സ്നേഹിക്കാനുള്ള കൃപ എനിക്കു നേടിത്തരുകയും ചെയ്യണമേ! ഇതാണ് ഞാൻ അമ്മയോടു യാചിക്കുന്നതും അമ്മയിൽനിന്നു പ്രത്യാശിക്കുന്നതും.

ആമ്മേൻ.

രചിച്ചത്: വിശുദ്ധ അൽഫോൻസ് ലിഗോരി


കൂടുതൽ പ്രാർഥനകൾ

അനുദിന ധ്യാനചിന്തകൾ