ചോദ്യം: വ്യത്യസ്ത വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള ഇത്രയധികം മതങ്ങളുള്ളപ്പോൾ, ഒരു വിശ്വാസമോ മതമോ അന്വേഷിച്ചു കണ്ടെത്തുന്നത് എങ്ങനെയെന്ന് എന്റെ ഒരു സുഹൃത്ത് എന്നോടു ചോദിച്ചു. ഏതാണ് ശരിയെന്ന് എങ്ങനെ അറിയാം? അന്ധന്മാരും ആനയും എന്ന കഥപോലെയാണ് ഇതു തോന്നുന്നതെന്ന് അദ്ദേഹം പറഞ്ഞു. അവരിൽ ആർക്കും സമഗ്രമായ ധാരണയില്ല. ഞാൻ അദ്ദേഹത്തോട് എന്തു പറയണം?
ഉത്തരം: ഈ ചോദ്യത്തിന് വളരെ സങ്കീർണ്ണവും തത്ത്വചിന്താപരവുമായ രീതിയിലോ വളരെ ലളിതവും നേരിട്ടുള്ളതുമായ രീതിയിലോ ഉത്തരം നൽകാം. ഇവയ്ക്കു മധ്യേയുള്ള ഒരു രീതി ഞാൻ സ്വീകരിക്കട്ടെ.
ആനയെ “കാണാൻ” ഏതാനും അന്ധന്മാരെ കൊണ്ടുപോകുന്ന കഥയാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെന്നു ഞാൻ കരുതുന്നു. ഓരോരുത്തരും ആനയുടെ വ്യത്യസ്ത ഭാഗങ്ങളിൽ തൊട്ടുനോക്കുന്നു. ഒരാൾ കൊമ്പുകളിലും മറ്റൊരാൾ വാലിലും മറ്റൊരാൾ ചെവിയിലും മറ്റൊരാൾ തുമ്പിക്കൈയിലും വേറൊരാൾ ഉടലിന്റെ വശത്തും മറ്റും തൊടുന്നു. ആന എന്താണെന്നതിനെക്കുറിച്ച് ഓരോരുത്തർക്കും വ്യത്യസ്തമായ അനുഭവമാണുള്ളത്. ആനയെക്കുറിച്ചുള്ള ഭാഗികമായ ധാരണയോ അറിവോ മാത്രമായാണ് ഓരോരുത്തരും മടങ്ങുന്നത്. ലോകത്തിലെ അനേകം മതങ്ങളെല്ലാം ചെയ്യുന്നതും ഇതുതന്നെയാണെന്ന് ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഓരോന്നിനും സത്യത്തിന്റെ ഒരു ചെറിയ അംശമുണ്ട്; എന്നാൽ ആർക്കും സമഗ്രമായ ധാരണയില്ല.
ഈ ഉപമ ഞാൻ കുറച്ചുകൂടി മുന്നോട്ടു കൊണ്ടുപോകട്ടെ. ആ അന്ധരിൽ ഒരാൾ സുഖം പ്രാപിച്ച് ഇപ്പോൾ കാഴ്ച ലഭിച്ചാൽ എന്തു സംഭവിക്കും? തുടർന്ന് ആനകളോടൊപ്പം ഏറെ ദിവസങ്ങൾ ചെലവഴിക്കാൻ അയാൾക്ക് അവസരം ലഭിച്ചാലോ? അയാൾ അവയെക്കുറിച്ച് പഠിക്കുകയും അവയെ നിരീക്ഷിക്കുകയും അവയെപ്പറ്റി അറിയാൻ കഴിയുന്നതെല്ലാം മനസ്സിലാക്കുകയും ചെയ്തു. നമ്മുടെ കത്തോലിക്കാ വിശ്വാസം നൽകുന്നത് ഇതുതന്നെയാണെന്നാണ് ഞാൻ പറയുന്നത്: കാഴ്ചയുടെ ദാനം!
ഇവിടെ ഉപയോഗിക്കാൻ ഉചിതമായ ഒരു ഉപമയാണിത്; കാരണം, അന്ധരെ സുഖപ്പെടുത്തിയതിന് യേശു സുപരിചിതനാണ്. യേശുവിന്റെ ഈ അത്ഭുതപ്രവൃത്തി മറ്റു കാര്യങ്ങളോടൊപ്പം നമ്മെ പഠിപ്പിക്കുന്നത്, സത്യത്തിന്റെ പൂർണ്ണത കാണാൻ നമ്മുടെ വിശ്വാസത്തിന്റെ കണ്ണുകൾ തുറക്കാൻ അവിടുന്ന് ആഗ്രഹിക്കുന്നു എന്നതാണ്. കത്തോലിക്കരായ നാം, ആ സത്യത്തിന്റെ പൂർണ്ണത കത്തോലിക്കാ സഭയിൽ കണ്ടെത്താനാകുമെന്ന് വിശ്വസിക്കുന്നു. മറ്റു മതങ്ങളിൽ കാണപ്പെട്ടേക്കാവുന്ന സത്യാംശങ്ങളെ നാം നിഷേധിക്കുന്നില്ല (മറ്റുള്ളവരോട് ദയയോടെ പെരുമാറണം എന്ന സത്യംപോലെ). എന്നാൽ ദൈവം വെളിപ്പെടുത്തിയ കാര്യങ്ങളുടെ ഏറ്റവും പൂർണ്ണമായ വെളിപാട് നമുക്ക് നൽകുന്നത് കത്തോലിക്കാ വിശ്വാസം മാത്രമാണെന്ന് നാം ആത്മവിശ്വാസത്തോടെ ഏറ്റുപറയുന്നു.
യഥാർത്ഥ ചോദ്യം ഇതാണ്: “കത്തോലിക്കാ സഭയ്ക്കുള്ളിൽ വെളിപാടിന്റെയും സത്യത്തിന്റെയും ആ പൂർണ്ണത ഒരാൾ എങ്ങനെ കണ്ടെത്തും?” ഇതിനെയാണ് നാം വിശ്വാസത്തിന്റെ ദാനം എന്നു വിളിക്കുന്നത്!
ചിലപ്പോൾ വിശ്വാസം തെറ്റിദ്ധരിക്കപ്പെടാറുണ്ട്. എന്തെങ്കിലും ഒന്ന് വിശ്വസിക്കുന്നതിൽക്കവിഞ്ഞ് മറ്റൊന്നുമല്ല വിശ്വാസം എന്ന് ഒരാൾ കരുതിയേക്കാം. അതാണ് വിശ്വാസത്തിന്റെ നിർവചനമെങ്കിൽ, അന്യഗ്രഹജീവികൾ ഉണ്ടെന്ന് നാം വെറുതെ വിശ്വസിച്ചാൽ മാത്രം മതി, അവ ഉണ്ടെന്ന “വിശ്വാസം” നമുക്കുണ്ടാകാൻ. അതുപോലെ, നാളെ എനിക്ക് ലോട്ടറി അടിക്കുമെന്ന് ഞാൻ വെറുതെ വിശ്വസിച്ചാൽ മാത്രം മതി, അങ്ങനെ സംഭവിക്കുമെന്ന “വിശ്വാസം” എനിക്കുണ്ടാകാൻ. എന്നാൽ അത് ശരിയല്ല. യഥാർത്ഥ വിശ്വാസം ആരംഭിക്കുന്നത് ദൈവത്തിൽനിന്നാണ്. ദൈവം തന്നെത്തന്നെയും സത്യമായതെല്ലാം നമുക്കു വെളിപ്പെടുത്തുന്നതോടെയാണ് അത് ആരംഭിക്കുന്നത്. ഒരു കാര്യം സത്യമാണെന്ന ആത്മീയമായ ഉറപ്പ് നമുക്കു ലഭിക്കുന്ന വിധത്തിൽ അവിടുന്ന് നമ്മുടെ മനഃസാക്ഷിയോടു സംസാരിക്കുന്നു. ദൈവത്തിൽനിന്നുള്ള ഈ വെളിപാടിന് പിന്നെ നമ്മുടെ സമ്മതം ആവശ്യമാണ്. ദൈവം നമ്മോടു പറയുന്നത് നാം സമ്മതിക്കുമ്പോൾ, അഥവാ സ്വീകരിക്കുമ്പോൾ, വിശ്വാസമെന്ന അതിസ്വാഭാവിക ദാനം പെട്ടെന്നു നമുക്കു ലഭിക്കുന്നു; ദൈവം അരുളിച്ചെയ്തത് സത്യമാണെന്ന് സംശയത്തിന്റെ നിഴൽപോലുമില്ലാതെ നാം അറിയുകയും ചെയ്യുന്നു.
ഇത് ആശയക്കുഴപ്പമുണ്ടാക്കുന്നതായി തോന്നിയേക്കാം. എന്നാൽ എനിക്കു നിങ്ങളോടു പറയാനാകുന്നത്, യഥാർത്ഥ വിശ്വാസവും ദൈവത്തെക്കുറിച്ചുള്ള യഥാർത്ഥ അറിവും സാധ്യമാണ് എന്നതാണ്. ദൈവം നമുക്കു വെളിപ്പെടുത്തിയതെല്ലാം, പ്രത്യേകിച്ച് അവിടുത്തെ സഭയിലൂടെ വെളിപ്പെടുത്തിയതെല്ലാം, സത്യമാണെന്ന് യാതൊരു സംശയവുമില്ലാതെ അറിയാൻ കഴിയും.
സത്യം അന്വേഷിക്കാനും ദൈവസ്വരം സ്വീകരിക്കാൻ മനസ്സു തുറക്കാനും നിങ്ങളുടെ സുഹൃത്തിനോടു പറയണമെന്നാണ് എന്റെ നിർദേശം. അദ്ദേഹം യഥാർത്ഥത്തിൽ മനസ്സു തുറന്നാൽ, വിശ്വാസമെന്ന വിസ്മയകരമായ ദാനം സ്വീകരിക്കാൻ അദ്ദേഹത്തെ ഒരുക്കിക്കൊണ്ട് ദൈവം ഈ സത്യം അദ്ദേഹത്തിനു വെളിപ്പെടുത്തുമെന്ന് ഞാൻ വിശ്വസിക്കുന്നു!
കൂടുതൽ കത്തോലിക്കാ ചോദ്യോത്തരങ്ങൾ
