ചോദ്യം: എന്തുകൊണ്ടാണ് നമുക്ക് കുമ്പസാരം ഉള്ളത്? ദൈവത്തിന് എല്ലാം അറിയാമെങ്കിൽ, നാം എന്തെങ്കിലും തെറ്റുചെയ്യുമ്പോൾ അതിൽ ഖേദിക്കുന്നുവെന്ന് ദൈവത്തോടു പറഞ്ഞാൽ മാത്രം പോരേ?
ഉത്തരം: ചിലർക്ക് നമ്മുടെ വിശ്വാസജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ കാര്യങ്ങളിലൊന്നായിരിക്കാം കുമ്പസാരം. മറ്റു ചിലർ കുമ്പസാരത്തിനായി ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നു. നിങ്ങളുടെ ചോദ്യം നല്ലതാണ്. ചില ചിന്തകൾ പങ്കുവയ്ക്കട്ടെ.
ഒന്നാമതായി, “ദൈവത്തിന് എല്ലാം അറിയാം” എന്നത് സത്യമാണ്. അതിനെയാണ് നാം സർവജ്ഞത എന്നു വിളിക്കുന്നത്. അതെ, നിങ്ങൾ ചെയ്തതെല്ലാം ദൈവത്തിന് അറിയാം; അതിനെക്കുറിച്ച് നിങ്ങൾക്ക് ഖേദമുണ്ടോ ഇല്ലയോ എന്നും അറിയാം. എന്നാൽ നിങ്ങൾ ചെയ്തത് ദൈവം “അറിയുന്നതും” ദൈവം ക്ഷമിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്.
ഉദാഹരണത്തിന്, നിങ്ങൾ വളരെ അടുത്ത ഒരു സുഹൃത്തിനോട് പാപം ചെയ്യുകയും പിന്നീട് അതിൽ ഖേദിക്കുകയും ചെയ്തെന്നിരിക്കട്ടെ. നിങ്ങളെ നന്നായി അറിയുന്നതുകൊണ്ടുതന്നെ, നിങ്ങൾക്ക് യഥാർഥത്തിൽ ഖേദമുണ്ടെന്ന് ആ സുഹൃത്തിനു മനസ്സിലായേക്കാം. എന്നാൽ സുഹൃത്തിന്റെ നന്മയും ക്ഷമയും ഉറപ്പാണെന്ന് വെറുതെ കരുതാമെന്ന് അതിനർഥമില്ല. ഈ സാഹചര്യത്തിൽ ഏറ്റവും നല്ലത്, സുഹൃത്തിനോടൊപ്പം ഇരുന്ന് നിങ്ങൾക്ക് ഖേദമുണ്ടെന്ന് നേരിട്ടു പറയുകയും നിങ്ങളോടു ക്ഷമിച്ചിരിക്കുന്നുവെന്ന് സുഹൃത്ത് നിങ്ങളോടു പറയുകയും ചെയ്യുന്നതാണ്. തികച്ചും മാനുഷികമായ ഈ ആശയവിനിമയം അനുരഞ്ജനത്തിലേക്കു നയിക്കുന്നു.
ദൈവവുമായുള്ള ബന്ധത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. ദൈവം പരമകാരുണികനാണ്; നമ്മുടെ എല്ലാ പാപങ്ങളും ക്ഷമിക്കാൻ അവിടുന്ന് ആഗ്രഹിക്കുന്നു. എന്നാൽ യഥാർഥ അനുരഞ്ജനം സാധ്യമാകാൻ, നിങ്ങൾ ആ വാക്കുകൾ നേരിട്ടു പറയണമെന്നും തുടർന്ന്, നിങ്ങളോടു ക്ഷമിച്ചിരിക്കുന്നു എന്ന് പുരോഹിതൻ പറയുന്ന വാക്കുകൾ കേൾക്കണമെന്നും ദൈവം ആഗ്രഹിക്കുന്നു. അതിനാൽ, കുമ്പസാരം ദൈവം നമ്മോടു ക്ഷമിക്കുന്നതിനെക്കുറിച്ചു മാത്രമല്ല; മാനുഷിക തലത്തിൽ ദൈവവുമായി അനുരഞ്ജനപ്പെടുന്നതിനെക്കുറിച്ചും കൂടിയാണ്.
നാം മനസ്സിലാക്കേണ്ട പ്രധാന കാര്യം ഇതാണ്: ദൈവം തന്റെ രീതിയിലാണ് നമുക്കു പാപമോചനം നൽകുന്നത്. ഒരു മനുഷ്യനിലൂടെയാണ് അവിടുന്ന് നമുക്കു പാപമോചനം നൽകുന്നത്. ആരാണ് ആ മനുഷ്യൻ? നമ്മിലൊരുവനായിത്തീർന്ന പിതാവിന്റെ പുത്രനാണ് അത്. ദൈവത്തിന്റെ പാപമോചനം നൽകുന്നത് യേശുവാണ്; യേശു പൂർണ്ണ ദൈവവും പൂർണ്ണ മനുഷ്യനുമാണ്. എന്നാൽ, സ്വർഗ്ഗാരോഹണം ചെയ്ത യേശു ഇപ്പോൾ എങ്ങനെയാണ് അതു ചെയ്യുന്നത്? സ്വർഗ്ഗാരോഹണത്തിനുമുമ്പ്, തന്റെ ആദ്യ പുരോഹിതരായ അപ്പസ്തോലന്മാർക്ക് അവിടുന്ന് പാപങ്ങൾ മോചിക്കാനുള്ള തന്റെ ദൈവികാധികാരം നൽകി. അവർ ആ അധികാരം മറ്റുള്ളവർക്കു കൈമാറി; അവർ വീണ്ടും മറ്റുള്ളവർക്കും. അങ്ങനെ നൂറ്റാണ്ടുകളിലൂടെ അത് നമ്മുടെ കാലംവരെ എത്തി. പുരോഹിതർ സ്വയം അപൂർണ്ണരാണെങ്കിലും, യേശുവിന്റെ പാപമോചനവാക്കുകൾ യഥാർഥത്തിൽ മറ്റുള്ളവരോട് ഉച്ചരിക്കാനുള്ള അവിടുത്തെ ആത്മീയാധികാരം അവർക്കുണ്ട്. അതിനാൽ, ഒരു പുരോഹിതൻ “ഞാൻ നിങ്ങളെ പാപങ്ങളിൽനിന്നു മോചിക്കുന്നു” എന്നു പറയുമ്പോൾ, ദൈവത്തിന്റെ മനുഷ്യമുഖമായ യേശുതന്നെ ആ വാക്കുകൾ നമ്മോടു പറയുന്നതായി നാം കേൾക്കണം.
തന്റെ പാപമോചനം നൽകാൻ ദൈവം പുരോഹിതരെ തിരഞ്ഞെടുത്തത് എന്തുകൊണ്ടാണ്? സത്യത്തിൽ, ആ ചോദ്യത്തിന് പൂർണ്ണമായ ഒരു ഉത്തരം നമുക്കില്ല. തീർച്ചയായും, സഭയുടെ ചരിത്രത്തിലുടനീളം ഈ വിഷയത്തിൽ അതിമനോഹരമായ രചനകളും വിചിന്തനങ്ങളും പ്രബോധനങ്ങളും ഉണ്ടായിട്ടുണ്ട്. എങ്കിലും, ദൈവം നമുക്കു പാപമോചനം നൽകുന്നതെങ്ങനെ എന്ന ഈ രഹസ്യം സ്വർഗ്ഗത്തിലെത്തുമ്പോൾ മാത്രമേ നമുക്കു പൂർണ്ണമായി മനസ്സിലാകൂ. ഇപ്പോൾ നാം ചെയ്യേണ്ടത് യേശു പഠിപ്പിച്ചതനുസരിച്ച് ജീവിക്കുകയും, അവിടുന്ന് പാപമോചനം നൽകുന്നതായി നമുക്കറിയാവുന്ന രീതിയിൽ അത് സ്വീകരിക്കുകയും ചെയ്യുക എന്നതാണ്.
മനഃശാസ്ത്രപരമായി നോക്കുമ്പോൾ, എന്റെ വായിൽനിന്ന് ആ വാക്കുകൾ നേരിട്ടു കേൾക്കുന്നതിലൂടെ എത്രയോ പേർക്ക് പ്രയോജനം ലഭിക്കുന്നത് ഒരു പുരോഹിതനെന്ന നിലയിൽ ഞാൻ കണ്ടിട്ടുണ്ട്. ഭയത്തോടും ലജ്ജയോടുംകൂടി കുമ്പസാരക്കൂട്ടിൽ പ്രവേശിച്ചവർ സ്വതന്ത്രരായി, സമാധാനത്തോടെ പുറത്തുവരുന്നത് എത്രയോ തവണ ഞാൻ കണ്ടിരിക്കുന്നു. അതിനാൽ, ഇത് തീർച്ചയായും ഫലപ്രദമാണ്. വൈകാതെതന്നെ കുമ്പസാരിക്കാൻ ശ്രമിക്കണേ!
കത്തോലിക്കാ വിശ്വാസത്തെക്കുറിച്ചുള്ള കൂടുതൽ ചോദ്യോത്തരങ്ങൾ
