ചോ. അപകടകരമായ കാലാവസ്ഥയോ വീട്ടിൽ രോഗിയായ കുട്ടിയുള്ളതോ പോലുള്ള ന്യായമായ കാരണത്താൽ ഞായറാഴ്ചത്തെ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാതിരുന്നാൽ അത് പാപമാണോ?
ഉ. നല്ലതും പ്രായോഗികവുമായ ഒരു ചോദ്യമാണിത്. പലരും ഇടയ്ക്കിടെ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണിതെന്ന് എനിക്ക് ഉറപ്പുണ്ട്. അതുകൊണ്ട് ഈ ചോദ്യം ചോദിച്ചതിന് നന്ദി! ഇതിനുള്ള ഉത്തരം വളരെ ലളിതമാണെന്നാണ് ഞാൻ കരുതുന്നത്. ഞായറാഴ്ചകളിലും നിശ്ചിത വിശുദ്ധ ദിവസങ്ങളിലും വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ നാം “കടപ്പെട്ടിരിക്കുന്നത്” എന്തുകൊണ്ടാണെന്ന് ആദ്യം വ്യക്തമാക്കുന്നതാണ് ഈ ചോദ്യത്തിന് ഉത്തരം നൽകാനുള്ള ഏറ്റവും നല്ല മാർഗമെന്നും ഞാൻ കരുതുന്നു.
ആദ്യമായി, ഇക്കാലത്ത് നാം ജീവിക്കുന്ന സംസ്കാരത്തിൽ, അധികാരത്തെയും എന്തു ചെയ്യണമെന്ന് മറ്റുള്ളവർ നിർദേശിക്കുന്നതിനെയും ഇഷ്ടപ്പെടാതിരിക്കാനുള്ള ഒരു പ്രവണതയുണ്ട്. നാം നമ്മുടെ സ്വാതന്ത്ര്യത്തെ വിലമതിക്കുന്നു. എന്നാൽ ചിലപ്പോൾ നമ്മുടെ ജീവിതത്തിൽ നിയമാനുസൃതമായ അധികാരത്തിനുള്ള പങ്ക് മറന്നുപോകുന്നിടത്തോളം നാം സ്വാതന്ത്ര്യത്തെ വിലമതിക്കുന്നു. എന്തു ചെയ്യണമെന്നും നിയമങ്ങൾ എന്തൊക്കെയാണെന്നും പറഞ്ഞുകൊടുക്കുന്നത് കുട്ടികൾക്ക്, പ്രത്യേകിച്ച് കൗമാരക്കാർക്ക്, ഇഷ്ടമല്ലെന്ന് മാതാപിതാക്കൾക്കറിയാം. എന്നാൽ ഇങ്ങനെ പറഞ്ഞുകൊടുക്കുന്നത് സ്നേഹത്തിന്റെ ഒരു പ്രവൃത്തിയാണ്; അത് ആവശ്യവുമാണ്. അതുപോലെ, ചില നിശ്ചിത ദിവസങ്ങളിൽ ആരാധനയിൽ പങ്കെടുക്കാൻ നമ്മെ കടപ്പെടുത്താനുള്ള അധികാരം ദൈവം സഭയ്ക്ക്, പ്രത്യേകിച്ച് മാർപാപ്പയ്ക്ക്, നൽകിയിട്ടുണ്ട്. എന്നാൽ ഇത് ഒരു കൃപയും നല്ല കാര്യവുമാണെന്ന് നാം ഒരിക്കലും മറക്കരുത്! വിശുദ്ധ കുർബാനയിൽ നാം ദൈവത്തെ ആരാധിക്കുന്നതുമായി ബന്ധപ്പെട്ട് അവിടുന്ന് എന്താണ് ആഗ്രഹിക്കുന്നതെന്ന് ഉറപ്പോടെ അറിയാനുള്ള ഒരു മാർഗമാണിത്. അതിനാൽ, ഈ അധികാരം വിനിയോഗിച്ചുകൊണ്ട് ഞായറാഴ്ചകളിലും ചില തിരുനാൾ ദിവസങ്ങളിലും വിശുദ്ധ കുർബാനയിൽ പങ്കെടുത്ത് ആരാധിക്കാൻ സഭ നമ്മെ കടപ്പെടുത്തിയിരിക്കുന്നു. വീണ്ടും പറയട്ടെ, ഇത് നല്ലൊരു കാര്യമാണ്; ഇക്കാര്യത്തിൽ എന്തു ചെയ്യണമെന്ന് നാം തനിയെ കണ്ടെത്താൻ ശ്രമിക്കുന്നതിന്റെ ഭാരത്തിൽനിന്ന് ഇത് നമ്മെ മോചിപ്പിക്കുന്നു.
ഇത്രയും പറഞ്ഞതിന്റെ വെളിച്ചത്തിൽ, ആ ദിവസങ്ങളിൽ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാനുള്ള കടമയെക്കുറിച്ച് ശരിയായി മനസ്സിലാക്കുമ്പോൾ, അതെ, നമ്മുടെ സ്വന്തം കുറ്റത്താൽ മനഃപൂർവം വിശുദ്ധ കുർബാന മുടക്കുന്നത് പാപമാണ്. അത് അനുസരണക്കേടിന്റെ ഒരു പ്രവൃത്തിയും വിശുദ്ധ കുർബാനയുടെ പവിത്രതയോടുള്ള അനാദരവുമാണ്. ചിലർക്ക് ഇത് അംഗീകരിക്കാൻ പ്രയാസമാണെന്ന് എനിക്കറിയാം. എന്തു ചെയ്യണമെന്ന് ആരെങ്കിലും നമ്മോടു പറയുമ്പോൾ ചിലപ്പോഴെങ്കിലും നാം ഉടനടി പ്രതിരോധിക്കാൻ തുനിയാറുണ്ട്. എന്നാൽ അങ്ങനെ തോന്നുന്ന ഏതൊരാളെയും സ്നേഹപൂർവം വെല്ലുവിളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു: ഈ “കടമ” യഥാർഥത്തിൽ ദൈവത്തിന്റെയും അവിടുത്തെ സഭയുടെയും സ്നേഹത്തിന്റെ ഒരു പ്രവൃത്തിയാണെന്ന് തിരിച്ചറിയുക.
ഇനി നിങ്ങളുടെ ചോദ്യത്തിന്റെ കാതലിലേക്ക് വരാം. മോശം കാലാവസ്ഥയോ രോഗിയായ ഒരു കുട്ടിയോ അതുപോലെ മറ്റെന്തെങ്കിലുമോ ഉണ്ടെങ്കിലോ? ദൈവം തികച്ചും യുക്തിപൂർവം പ്രവർത്തിക്കുന്നവനാണെന്നും യുക്തിക്കു നിരക്കാത്തതും താങ്ങാനാവാത്തതുമായ ഒരു ഭാരം ഒരിക്കലും നമ്മുടെമേൽ ചുമത്തുകയില്ലെന്നും പറയുന്നതല്ലാതെ, ഇതിന് എല്ലാ സാഹചര്യങ്ങൾക്കും ബാധകമായ ഒരു കൃത്യമായ ഉത്തരമുണ്ടെന്ന് ഞാൻ കരുതുന്നില്ല. അതിനാൽ നേരെ പറയട്ടെ, ഒരാൾ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാതിരിക്കാൻ തികച്ചും ന്യായമായ കാരണങ്ങൾ ഉണ്ടാകാമെന്നും അങ്ങനെ പങ്കെടുക്കാതിരിക്കുന്നത് ശരിയായ തീരുമാനമാകാമെന്നും ഞാൻ കരുതുന്നു. മഞ്ഞുവീഴ്ചയോടുകൂടിയ കൊടുങ്കാറ്റിനിടയിൽ വാഹനം നന്നായി ഓടിക്കാൻ കഴിയാത്ത ഒരു വയോധികൻ വ്യക്തമായ ഉദാഹരണമായിരിക്കാം. വഴിയിൽ കുടുങ്ങിപ്പോകുമെന്നോ അപകടത്തിൽപ്പെടുമെന്നോ ഭയന്ന് റോഡിലിറങ്ങാൻ ഈ വ്യക്തിക്ക് അമിതമായ പേടി തോന്നിയാൽ ദൈവം കോപിക്കുമോ? ഇല്ലെന്നാണ് ഞാൻ കരുതുന്നത്. വീണ്ടും പറയട്ടെ, ദൈവം യുക്തിരഹിതമായി പ്രവർത്തിക്കുന്നവനല്ല. രോഗിയായ കുട്ടിയും ന്യായമായ മറ്റൊരു ഉദാഹരണമായിരിക്കാം.
എന്നാൽ ജാഗ്രത പാലിക്കുക! ചിലപ്പോൾ ദൈവത്തിന്റെ ഔദാര്യം ദുരുപയോഗം ചെയ്യാനുള്ള പ്രവണത നമുക്കുണ്ട്. ന്യായമായ കാരണത്താൽ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാതിരിക്കുന്നതിനെക്കുറിച്ചുള്ള ഒരു നല്ല പൊതുമാനദണ്ഡം ഇതാണ്: ആ സാഹചര്യത്തിൽ മറ്റൊരു ആവശ്യത്തിനും നിങ്ങൾ പുറത്തുപോകുകയില്ല! ഉദാഹരണത്തിന്, മഞ്ഞുവീഴ്ച കാരണം വിശുദ്ധ കുർബാനയിൽ പങ്കെടുക്കേണ്ടെന്നു തീരുമാനിച്ചിട്ട് പിന്നീട് സിനിമയ്ക്കോ കടയിലേക്കോ മക്ഡൊണാൾഡ്സിലേക്കോ പോകുന്നുവെങ്കിൽ, യുക്തിക്കു നിരക്കാതെ പെരുമാറുന്നത് നാമാണ്; ആ സാഹചര്യത്തോട് നാം സത്യസന്ധത പുലർത്തുന്നുമില്ല. അവധിക്കാല യാത്രയിലായിരിക്കുക തുടങ്ങിയ അസൗകര്യങ്ങളുടെ പേരിലും ചിലർ പങ്കെടുക്കാതിരിക്കാറുണ്ട്. എന്നാൽ വീണ്ടും പറയട്ടെ, പങ്കെടുക്കുക അസാധ്യമായ സാഹചര്യമില്ലെങ്കിൽ ഇതൊരു ന്യായമായ ഒഴികഴിവല്ല.
അവസാനമായി ഞാൻ പറയാൻ ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ട്; അത് എളുപ്പത്തിൽ നമ്മുടെ ശ്രദ്ധയിൽപ്പെടാതെ പോകാം: വിശുദ്ധ കുർബാനയിൽ പങ്കെടുക്കുക എന്നത് അതിമഹത്തായ ഒരു സൗഭാഗ്യമാണെന്ന് നാം ഒരിക്കലും മറക്കരുത്! കടമയെന്ന നിലയിൽ മാത്രം കാണുന്ന മനോഭാവം ഏറ്റവും കുറഞ്ഞതു മാത്രം ചെയ്യാനുള്ള സമീപനമാണ്. വിശുദ്ധ കുർബാനാഘോഷത്തിൽ പങ്കുചേരുന്നതിലൂടെയും ദിവ്യകാരുണ്യസ്വീകരണത്തിൽ നമ്മുടെ കർത്താവിനെ സ്വീകരിക്കുന്നതിലൂടെയും ലഭിക്കുന്ന മഹത്തായ ആത്മീയ ഫലങ്ങൾ നാം കണ്ടെത്തിയിരിക്കുന്നതിനാൽ, വിശുദ്ധ കുർബാനയിൽ പങ്കെടുക്കാനുള്ള ആഴമായ ആഗ്രഹം വളർത്തിയെടുക്കാൻ നാം പരിശ്രമിക്കണം എന്നതാണ് സത്യം! ഈ മനോഭാവം കൈവരിക്കാൻ നമുക്കു കഴിഞ്ഞാൽ, എന്തുചെയ്യണമെന്ന് നമുക്ക് എപ്പോഴും അറിയാമായിരിക്കുമെന്ന് ഞാൻ കരുതുന്നു.
കത്തോലിക്കാ വിശ്വാസത്തെക്കുറിച്ചുള്ള കൂടുതൽ ചോദ്യോത്തരങ്ങൾ
