ചോദ്യം. നാം എന്തുകൊണ്ടാണ് എല്ലാ ആഴ്ചയും വിശുദ്ധ കുർബാനയിൽ പങ്കെടുക്കേണ്ടത്?
ഉത്തരം. എല്ലാ ആഴ്ചയും വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നത് ശരിക്കും അത്ര വലിയ ഭാരമാണോ? നിങ്ങളുടെ ചോദ്യം ഞാൻ വിലമതിക്കുന്നു. അതിനാൽ അതിന് ഉത്തരം പറയട്ടെ.
ആദ്യം, എല്ലാ ആഴ്ചയും (ഒരുപക്ഷേ എല്ലാ ദിവസവുംപോലും!) വിശുദ്ധ കുർബാന അർപ്പിക്കാൻ മതിയായ വൈദികരുള്ള ഇടങ്ങളിൽ എല്ലാ ആഴ്ചയും അതിൽ പങ്കെടുക്കുന്നതിനെക്കുറിച്ചുള്ള ചോദ്യം പരിഗണിക്കാം. എല്ലാ ആഴ്ചയും നാം എന്തുകൊണ്ട് പോകണം എന്നതിനെക്കാളുപരി, എല്ലാ ആഴ്ചയും പോകാൻ കഴിയുന്നത് എത്ര വലിയ ഭാഗ്യമാണ് എന്നതാണ് ഏറ്റവും നല്ല കാഴ്ചപ്പാട് എന്നു ഞാൻ കരുതുന്നു. ചിലർക്ക് വിശുദ്ധ കുർബാന വിരസവും വരണ്ടതും മടുപ്പിക്കുന്നതുമായി തോന്നാം. ഒരുപക്ഷേ പ്രസംഗത്തിൽനിന്ന് കാര്യമായൊന്നും നിങ്ങൾക്കു ലഭിക്കുന്നില്ലായിരിക്കാം; ഒരുപക്ഷേ സംഗീതം നിങ്ങൾക്ക് ഇഷ്ടപ്പെടുന്നില്ലായിരിക്കാം; ഒരുപക്ഷേ പള്ളിയിൽ തണുപ്പായിരിക്കാം; അല്ലെങ്കിൽ തിരക്കേറിയ ഒരു നീണ്ട ആഴ്ചയ്ക്കുശേഷം കുറച്ചുനേരം കൂടി ഉറങ്ങാൻ നിങ്ങൾക്കു തോന്നുന്നുണ്ടാകാം. എന്തുതന്നെയായാലും, പങ്കെടുക്കാതിരിക്കാൻ നമുക്കു തോന്നുന്നതിന് ചൂണ്ടിക്കാണിക്കാവുന്ന കാരണങ്ങൾ എപ്പോഴും ഉണ്ടാകും. എന്നാൽ മറ്റെന്തൊക്കെയായാലും വിശുദ്ധ കുർബാന വിശുദ്ധ കുർബാനതന്നെയാണ് എന്നു നാം മനസ്സിലാക്കണം. വിശ്വാസത്തിൽ, വിശുദ്ധ കുർബാന എന്താണെന്ന് നാം യഥാർഥത്തിൽ മനസ്സിലാക്കുമ്പോൾ, അതിൽ പങ്കെടുക്കാതിരിക്കാൻ നാം ഒരിക്കലും ആഗ്രഹിക്കുകയില്ല!
ഓരോ ആഴ്ചയും ദൈവം നമ്മെ പരിപോഷിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മാർഗമാണ് വിശുദ്ധ കുർബാന. ദൈവത്തിന്റെ യഥാർഥ സാന്നിധ്യം ഏറ്റവും അഗാധമായി അനുഭവിച്ചറിയാൻ വിശുദ്ധ കുർബാനയിൽ നാം ക്ഷണിക്കപ്പെടുന്നു. അത് യഥാർഥത്തിൽ ഭൂമിയിലെ നമ്മുടെ ജീവിതത്തിന്റെ ഉറവിടവും ഉച്ചകോടിയുമാണ്. നാം അഭിമുഖീകരിക്കുന്ന മഹത്തായ രഹസ്യത്തെക്കുറിച്ചുള്ള ആഴമായ വിശ്വാസത്തോടും ഗ്രാഹ്യത്തോടുംകൂടി വിശുദ്ധ കുർബാനയെ സമീപിക്കുമ്പോൾ, അതിൽ കൂടുതൽ പങ്കുചേരാനുള്ള ആഗ്രഹവും അഭിവാഞ്ഛയും നമ്മിൽ അവശേഷിക്കും. വിശ്വാസത്തോടും തുറന്ന ഹൃദയത്തോടുംകൂടി വിശുദ്ധ കുർബാന സ്വീകരിക്കുമ്പോൾ, നമ്മുടെ ആത്മാവിന്റെ ആഴങ്ങളിൽ നാം ഈശോയുമായുള്ള ഐക്യത്തിലേക്കു പ്രവേശിക്കുന്നു. അവിടുന്ന് നമ്മിലേക്കു വരുന്നു, നമ്മുടെ ജീവിതത്തിനുള്ള പോഷണമായി തന്നെത്തന്നെ നമുക്കു നൽകുന്നു, നമ്മുടെ കഷ്ടപ്പാടുകളെയും പോരാട്ടങ്ങളെയും സന്തോഷങ്ങളാക്കി മാറ്റുന്നു. നമ്മെ രൂപാന്തരപ്പെടുത്താനും ദൈവത്തോടു കൂടുതൽ അടുപ്പിക്കാനും വിശുദ്ധ കുർബാനയ്ക്ക് അതിരില്ലാത്ത ശക്തിയുണ്ട്. നാം എന്തായിത്തീരണമെന്നു ദൈവം ഉദ്ദേശിക്കുന്നുവോ അതെല്ലാമായിത്തീരാൻ ജീവിതത്തിൽ നമ്മെ സഹായിക്കുന്നതിന് അതിന് അതിരില്ലാത്ത ശക്തിയുണ്ട്. വിശുദ്ധ കുർബാനയിൽ നാം ക്രിസ്തുവുമായി ഒന്നാക്കപ്പെടുന്നു. അങ്ങനെ വിശുദ്ധ പൗലോസിനൊപ്പം നമുക്കും പറയാം: “ഇനി ജീവിക്കുന്നത് ഞാനല്ല, ക്രിസ്തുവാണ് എന്നിൽ ജീവിക്കുന്നത്” (ഗലാത്തിയർ 2:20).
ഒരുപക്ഷേ ഇതു മനസ്സിലാക്കാൻ പ്രയാസമായിരിക്കാം. എങ്കിലും വിശുദ്ധ കുർബാനയെക്കുറിച്ച് കൂടുതൽ പഠിക്കാൻ ഞാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. അതിനെക്കുറിച്ച് പഠിക്കുന്നതും മഹാന്മാരായ അനേകം വിശുദ്ധർ അതിനെക്കുറിച്ചു പറഞ്ഞിട്ടുള്ളത് അറിയുന്നതും പ്രധാനമാണ്. വിശുദ്ധ കുർബാനയെ ആഴത്തിൽ മനസ്സിലാക്കിയിട്ടും അതിൽ പങ്കെടുക്കാൻ ആഗ്രഹിക്കാത്ത ഒരാളെയും ഞാൻ ഇതുവരെ കണ്ടിട്ടില്ല.
കത്തോലിക്കാ വിശ്വാസത്തെക്കുറിച്ചുള്ള കൂടുതൽ ചോദ്യോത്തരങ്ങൾ
