ചോദ്യം: ലൈംഗികബന്ധങ്ങളിൽ ഏർപ്പെടുന്ന സുഹൃത്തുക്കൾ എനിക്കുണ്ട്. എനിക്ക് അവരോട് കരുതലുണ്ട്; അവർ നല്ല മനുഷ്യരാണെന്നാണ് ഞാൻ കരുതുന്നത്. അതുകൊണ്ട് അവരെ അപമാനിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ തങ്ങളുടെ പെരുമാറ്റത്തെക്കുറിച്ച് വീണ്ടും ചിന്തിക്കാൻ അവരെ നയപൂർവം എങ്ങനെ പ്രോത്സാഹിപ്പിക്കാം?
ഉത്തരം: നിങ്ങളുടെ ചോദ്യത്തിനും, പ്രത്യേകിച്ച് സുഹൃത്തുക്കളോടുള്ള നിങ്ങളുടെ കരുതലിനും നന്ദി! ചില ചിന്തകൾ പങ്കുവയ്ക്കട്ടെ.
നിങ്ങൾ പറയുന്നതുപോലെ, സുഹൃത്തുക്കളെ “അപമാനിക്കാൻ” ആഗ്രഹിക്കാത്തത് നല്ല കാര്യമാണെന്ന് ഞാൻ പറയും. സാധാരണയായി, നാം എന്തു പറയുന്നു എന്നതുപോലെതന്നെ പ്രധാനമാണ് അത് എങ്ങനെ പറയുന്നു എന്നതും. നിങ്ങൾ തങ്ങളെ മനസ്സിലാക്കുന്നില്ലെന്നോ വിധിക്കുന്നുവെന്നോ തങ്ങളോടു ദേഷ്യപ്പെടുന്നുവെന്നോ നിങ്ങളുടെ സുഹൃത്തുക്കൾക്കു തോന്നിയാൽ, അവർ നിങ്ങളുടെ വാക്കുകൾ കേൾക്കാതിരുന്നേക്കാം. എന്നാൽ നിങ്ങൾ അവരുമായി പങ്കുവയ്ക്കാനുള്ള കാര്യം അവർ കേൾക്കേണ്ടത് വളരെ പ്രധാനമാണ്! വിവാഹത്തിനു പുറത്തുള്ള ലൈംഗികബന്ധം ആരെ സംബന്ധിച്ചും ദൈവത്തിന്റെ പദ്ധതിയുടെ ഭാഗമല്ല. നിങ്ങൾ പങ്കുവയ്ക്കേണ്ട സന്ദേശവും അത് ഏറ്റവും നന്നായി അവരെ എങ്ങനെ അറിയിക്കാമെന്നതും നമുക്കു നോക്കാം.
ലൈംഗിക അടുപ്പത്തെ ദൈവം തന്റെ സൃഷ്ടിയുടെ വളരെ നല്ല ഒരു ഭാഗമായിട്ടാണ് സൃഷ്ടിച്ചത്. ലൈംഗികതയുള്ള വ്യക്തികളായി നമ്മെ സൃഷ്ടിച്ചതിലൂടെ, ആഴമേറിയതും ശാശ്വതവും പരസ്പരം മാത്രമുള്ളതുമായ ഒരു ബന്ധത്തിൽ ഒന്നാകാൻ ദൈവം ഭാര്യാഭർത്താക്കന്മാർക്കു വഴിയൊരുക്കി. ഈ ലൈംഗികസംഗമം മക്കൾക്കു ജന്മം നൽകുമ്പോൾ, തന്റെ സൃഷ്ടിശക്തിയിൽ പങ്കുചേരാനും ദൈവം ഭാര്യാഭർത്താക്കന്മാർക്ക് അവസരം നൽകി. എന്നാൽ മക്കളെ സ്വീകരിക്കാൻ സന്നദ്ധമായ, ശാശ്വതവും പരസ്പരം മാത്രമുള്ളതുമായ ഈ സമർപ്പണം ഉണ്ടായിക്കഴിഞ്ഞാൽ മാത്രമേ രണ്ടുപേർ തമ്മിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടാവൂ.
ലൈംഗികബന്ധവും ഒരർത്ഥത്തിൽ ഒരു “ഭാഷ” ആണെന്ന് അറിയേണ്ടത് പ്രധാനമാണ്. ഒരു ഭാഷയെന്ന നിലയിൽ, ദമ്പതികൾക്ക് ചില സത്യങ്ങൾ പരസ്പരം അറിയിക്കാനുള്ള ഒരു മാർഗമാണ് ലൈംഗികബന്ധം. ഈ സത്യങ്ങളെ ലൈംഗികബന്ധത്തിൽനിന്ന് വേർപെടുത്താനാവില്ല; കാരണം, ലൈംഗികബന്ധം രൂപകൽപ്പന ചെയ്തത് ദൈവമാണ്. ലൈംഗികബന്ധം പറയുന്ന ഒരു കാര്യം ഇതാണ്: “ജീവിതകാലം മുഴുവൻ ഞാൻ നിന്നോടു പ്രതിബദ്ധനായിരിക്കും!” അതിലുപരി, അത് ഇങ്ങനെയും പറയുന്നു: “ജീവിതകാലം മുഴുവൻ ഞാൻ നിന്നോടു മാത്രം പ്രതിബദ്ധനായിരിക്കും!” വിവാഹത്തിനു പുറത്തുള്ള ലൈംഗികബന്ധത്തിന്റെ പ്രധാന പ്രശ്നം അത് ഒരു നുണയാണ് എന്നതാണ്. വിവാഹത്തിലൂടെ ജീവിതകാലം മുഴുവൻ പരസ്പരം മാത്രമായി പ്രതിബദ്ധരായിട്ടില്ലാത്ത രണ്ടുപേർ, തങ്ങൾ അങ്ങനെ പ്രതിബദ്ധരാണെന്ന് സ്വന്തം ശരീരങ്ങളിലൂടെ പറയാൻ പാടില്ല. ഇങ്ങനെ സംഭവിക്കുമ്പോൾ, ലൈംഗികബന്ധം കാര്യങ്ങളെ വളരെയധികം ആശയക്കുഴപ്പത്തിലാക്കുന്നു! ഉള്ളിന്റെയുള്ളിൽ എല്ലാവർക്കും അത് അറിയാമെന്നാണ് ഞാൻ കരുതുന്നത്. ജീവിതപങ്കാളിയുമായി പങ്കിടാൻ ഉദ്ദേശിക്കപ്പെട്ട ഈ നല്ല ആഗ്രഹങ്ങൾ മറ്റേതെങ്കിലും വിധത്തിൽ ഉപയോഗിക്കുമ്പോൾ ചിലപ്പോൾ വലിയ നാശം വരുത്തുമെന്നതാണ് പ്രശ്നം. വാസ്തവത്തിൽ, നിങ്ങളുടെ സുഹൃത്തുക്കൾക്കോ വിവാഹത്തിനു പുറത്ത് ലൈംഗികബന്ധത്തിലേർപ്പെടുന്ന മറ്റാർക്കെങ്കിലുമോ തങ്ങൾ ചെയ്യുന്നത് തെറ്റാണെന്ന് അറിയാമെന്ന കാര്യത്തിൽ എനിക്ക് നല്ല ഉറപ്പുണ്ട്. തീർച്ചയായും, കുട്ടികൾ ജനിക്കാനുള്ള സാധ്യതയും ലൈംഗികബന്ധത്തിന്റെ ഉദ്ദേശ്യത്തിൽ ഉൾപ്പെടുന്നുവെന്ന കാര്യം നമുക്കു മറക്കാനാവില്ല. അതുകൊണ്ട്, അടിസ്ഥാനപരമായി, രണ്ടുപേർ ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ, ഒരു കുഞ്ഞിനെ നൽകി തങ്ങളെ അനുഗ്രഹിക്കാൻ ദൈവം തിരുമനസ്സാകുന്നെങ്കിൽ, ആ കുഞ്ഞിനെ സ്വീകരിക്കാൻ തങ്ങൾ തയ്യാറാണെന്നുകൂടിയാണ് അവർ പറയുന്നത്.
എന്നാൽ, ഇതു നിങ്ങളുടെ സുഹൃത്തുക്കളെ പറഞ്ഞുമനസ്സിലാക്കുന്നതായിരിക്കാം ഒരുപക്ഷേ ഏറ്റവും പ്രയാസമുള്ള ഭാഗം. അവരെക്കുറിച്ച് നിങ്ങൾക്ക് കരുതലുണ്ടെന്നും, അതുകൊണ്ടാണ് അവർ നടത്തുന്ന തിരഞ്ഞെടുപ്പിനെക്കുറിച്ച് നിങ്ങൾക്ക് ആശങ്കയുള്ളതെന്നും പറഞ്ഞുകൊണ്ട് തുടങ്ങാനാണ് ഞാൻ നിർദേശിക്കുക. നിങ്ങൾ പറയുന്നത് അവർ ആദ്യം അംഗീകരിച്ചെന്നുവരില്ല; ഒരുപക്ഷേ നിങ്ങളോട് അൽപ്പം ദേഷ്യപ്പെട്ടെന്നുമിരിക്കും. എന്നാൽ വിനയത്തോടെയും വ്യക്തമായും സൗമ്യമായും പുഞ്ചിരിയോടെയും അവരോടു സംസാരിക്കാൻ നിങ്ങൾ ശ്രമിക്കുന്നിടത്തോളം, ഒരു മാറ്റമുണ്ടാക്കാൻ നിങ്ങൾക്ക് അവസരം ലഭിച്ചേക്കാം.
നിങ്ങളുടെ സുഹൃത്തുക്കൾ ഉടനെ നിങ്ങൾ പറയുന്നത് ശ്രദ്ധിച്ചില്ലെങ്കിലും, ഞാനാണെങ്കിൽ അതിൽ അധികം വിഷമിക്കില്ല. നിങ്ങളുടെ ചിന്തകൾ സ്നേഹപൂർവം അവരുമായി പങ്കുവെക്കുന്നത് അവരുടെ മനസ്സിൽ ഒരു വിത്ത് പാകിയേക്കാം; അതിന്റെ അർത്ഥം അവർക്കു വ്യക്തമാകാൻ കുറച്ചുസമയം വേണ്ടിവന്നേക്കാം. അതുകൊണ്ട് ശ്രമം തുടരുക, നിലപാടിൽ സ്ഥിരത പുലർത്തുക, സ്നേഹത്തോടെ പെരുമാറുക; എല്ലാറ്റിലുമുപരി, അവർക്കുവേണ്ടി പ്രാർഥിക്കുക. നിങ്ങൾക്കു പറയാനുള്ളത് അവർ കേൾക്കേണ്ടത് ശരിക്കും ആവശ്യമാണെന്നും, ഒരുപക്ഷേ അവർതന്നെ അതു കേൾക്കാൻ ആഗ്രഹിക്കുന്നുണ്ടാകാമെന്നും ഓർക്കുക.
കൂടുതൽ കത്തോലിക്കാ ചോദ്യോത്തരങ്ങൾ
