മലയാളം

ചോ. “സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ” എന്ന പ്രാർഥനയിൽ കൈകൾ ഉയർത്തുന്നത്

ചോ. പള്ളിയിൽ ‘സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്ന പ്രാർഥന ചൊല്ലുമ്പോൾ കൈകൾ ഉയർത്താൻ ഞങ്ങളോടു പറയാറുണ്ട്. വിശുദ്ധ കുർബാനയിൽ മാത്രം ഇങ്ങനെ ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല. ഇപ്പോൾ ചിലർ കൈകൾ ഉയർത്തുന്നു, മറ്റുചിലർ ഉയർത്തുന്നില്ല. ഏതാണ് ശരി?

ഉ. നല്ലതും പ്രായോഗികവുമായ ഒരു ചോദ്യമാണിത്; നിങ്ങളെപ്പോലെ പലർക്കും ഈ ആശയക്കുഴപ്പമുണ്ട്. ചില പള്ളികളിൽ കർത്തൃപ്രാർഥന ചൊല്ലുമ്പോൾ എല്ലാവരും പരസ്പരം കൈകോർക്കുന്നു. ചിലപ്പോൾ പ്രാർഥനയുടെ അവസാനത്തിലുള്ള സ്തുതിവചനസമയത്ത് വിശ്വാസിസമൂഹം ഇരുകൈകളും ഉയർത്തുന്നു. മറ്റു ചില പള്ളികളിൽ ആരും ഇതുരണ്ടും ചെയ്യുന്നില്ല. അപ്പോൾ ഏതാണ് ശരി?

പ്രാർഥിക്കുമ്പോൾ പരസ്പരം കൈകോർക്കുന്നതിന്റെയും കൈകൾ ഉയർത്തുന്നതിന്റെയും മൂല്യം ആദ്യം പരിഗണിക്കാം. അതിനുശേഷം, ആരാധനാക്രമത്തിനുള്ളിൽത്തന്നെ ഇങ്ങനെ ചെയ്യുന്നതിനെക്കുറിച്ച് നമുക്കു നോക്കാം.

ആരാധനാക്രമാനുഷ്ഠാനത്തിന്റെ ഭാഗമായി വൈദികൻ പ്രാർഥനയിൽ കൈകൾ ഉയർത്തുന്നുവെന്നത് ശ്രദ്ധിക്കേണ്ടതാണ്. പ്രാർഥനയിൽ കൈകൾ ഉയർത്തുന്നതിനെക്കുറിച്ച് സങ്കീർത്തനങ്ങളിൽ പറയുന്നുണ്ട്; അത് വളരെ വിശുദ്ധമായ ഒരു പ്രവൃത്തിയുമാണ്. അതിൽ തെറ്റൊന്നുമില്ല. വാസ്തവത്തിൽ, ഉള്ളിലെ ഒരു മനോഭാവത്തെ പ്രകടിപ്പിക്കുമ്പോൾ ഈ ബാഹ്യമായ പ്രാർഥനാഭാവത്തിന് വലിയ വിശുദ്ധിയുണ്ട്. ഉയർത്തിയ കൈകൾ പ്രതിനിധാനം ചെയ്യുന്ന ആന്തരിക മനോഭാവം ദൈവത്തോടുള്ള ആരാധനയും അവിടുത്തെ സ്വീകരിക്കാനുള്ള തുറവിയുമാണ്. ദൈവത്തിന് സ്വയം വിട്ടുകൊടുക്കുന്നതിന്റെയും അവിടുത്തെ വിശുദ്ധ ഹിതത്തിന് കീഴടങ്ങുന്നതിന്റെയും അടയാളമാണത്. അതിനാൽ പ്രാർഥിക്കുമ്പോൾ, പ്രത്യേകിച്ച് തനിച്ചായിരിക്കുമ്പോൾ, നിങ്ങളുടെ കൈകൾ ഉയർത്തിപ്പിടിക്കുക.

പ്രാർഥനയിൽ പരസ്പരം കൈകോർക്കുന്ന കാര്യത്തിലാകട്ടെ, അതിന് വളരെ ഉചിതമായ അവസരങ്ങൾ തീർച്ചയായുമുണ്ട്. നിങ്ങൾ ആരോടൊപ്പമാണോ പ്രാർഥിക്കുന്നത്, അവരുമായി നിങ്ങൾ ഐക്യത്തിലാണെന്ന് സൂചിപ്പിക്കുന്ന ഒരു ബാഹ്യ അടയാളമാണിത്. നാം ഒരുമിച്ച് ദൈവവുമായി ഐക്യപ്പെടുന്നതിലൂടെയാണ് പ്രധാനമായും ഈ ഐക്യം കൈവരുന്നത്. എന്നാൽ ചിലപ്പോൾ പരസ്പരം കൈകോർക്കുന്നതിലൂടെയോ ഒരുമിച്ച് കൈകൾ ഉയർത്തുന്നതിലൂടെയോ ഈ ഐക്യം ബാഹ്യമായും പ്രകടമാകുന്നു. കുടുംബാംഗങ്ങൾക്കും അടുത്ത സുഹൃത്തുക്കൾക്കുമിടയിൽ ഇത് പ്രത്യേകിച്ചും പ്രസക്തമാണ്.

ഇനി ചോദ്യത്തിന്റെ പ്രധാന വിഷയത്തിലേക്കു വരാം. ആരാധനക്രമത്തിനിടയിൽ ഈ കാര്യങ്ങൾ ചെയ്യുന്നതിനെക്കുറിച്ച് എന്തു പറയണം? ഇത് നല്ലതാണോ? ഈ ചോദ്യത്തിൽ നാം നേരിടുന്ന പ്രശ്നം ആരാധനക്രമത്തിലെ ഏകീകൃതരീതിയുടെ പ്രാധാന്യവുമായി ബന്ധപ്പെട്ടതാണ്. ആരാധനക്രമപ്രാർത്ഥന നമ്മെ ആത്മീയതലത്തിൽ ഒന്നിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. എന്നാൽ ബാഹ്യമായ ഐക്യവും പ്രധാനമാണ്. അതിനാൽ, വിശുദ്ധ കുർബാനയുടെ അനുഷ്ഠാനനിർദേശങ്ങൾ എന്നു നാം വിളിക്കുന്ന നിർദേശങ്ങളോടു ചേർന്നു പ്രാർത്ഥിക്കാൻ നാം പരിശ്രമിക്കേണ്ടത് പ്രധാനമാണ്.

കർത്തൃപ്രാർത്ഥനയുടെ സമയത്തെ അനുഷ്ഠാനനിർദേശങ്ങളുടെ കാര്യമെടുത്താൽ, ആ സമയത്ത് പരസ്പരം കൈകോർത്തുപിടിക്കാനോ കൈകൾ ഉയർത്താനോ വിശ്വാസിസമൂഹത്തിന് നിർദേശം നൽകിയിട്ടില്ല. അതൊരു മോശം ആശയമാണെന്നല്ല; അനുഷ്ഠാനനിർദേശങ്ങളിൽ അതില്ല എന്നു മാത്രം. അതിനാൽ, അത് മറ്റുള്ളവരുടെ ശ്രദ്ധ തിരിക്കുകയോ അവരുടെമേൽ അടിച്ചേൽപ്പിക്കുന്ന ഒന്നാകുകയോ ചെയ്യുന്നുവെങ്കിൽ, അതിൽനിന്ന് വിട്ടുനിൽക്കുന്നതാണ് ഉചിതമെന്നു തോന്നുന്നു. ഉദാഹരണത്തിന്, കർത്തൃപ്രാർത്ഥനയുടെ സമയത്ത് നിങ്ങളുടെ അടുത്തുനിൽക്കുന്ന അപരിചിതനായ ഒരാളുടെ കൈയിൽ കയറിപ്പിടിക്കുന്നത് സദുദ്ദേശ്യത്തോടെയായിരിക്കാം. എന്നാൽ അത് വിശുദ്ധ കുർബാനയുടെ അനുഷ്ഠാനനിർദേശങ്ങളുടെ ഭാഗമല്ലാത്തതിനാൽ ഒഴിവാക്കണം.

ഒരു നിർദേശം ഇതാണ്: ഇത് പ്രാദേശികമായ ഒരു പതിവാണെങ്കിൽ, അങ്ങനെ ചെയ്യുമെന്നു പ്രതീക്ഷിക്കപ്പെടുന്നുണ്ടെങ്കിൽ, വൈദികൻ നൽകുന്ന നിർദേശം മടികൂടാതെ അനുസരിക്കാം. പരസ്പരം കൈകോർത്തുപിടിക്കാനോ കൈകൾ ഉയർത്താനോ അദ്ദേഹം ആവശ്യപ്പെടുകയാണെങ്കിൽ, അങ്ങനെ ചെയ്യുന്നതിൽ കുഴപ്പമില്ല. വൈദികൻ ഇക്കാര്യത്തിൽ കുറച്ചു മാർഗനിർദേശം നൽകേണ്ടതാണ്. എന്നാൽ അദ്ദേഹം അതു നൽകുന്നില്ലെങ്കിൽ, ഇത് നിങ്ങളുടെ കുടുംബത്തിലെ പതിവാണെങ്കിൽ, മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കാതെ കുടുംബാംഗങ്ങൾക്കിടയിൽ മാത്രമായി അതു ചെയ്യാൻ ശ്രമിക്കുക. എല്ലാ ആശയക്കുഴപ്പങ്ങളും ഒഴിവാകുന്നവിധം സാർവത്രികസഭ കാലക്രമേണ ഇക്കാര്യത്തിൽ ചില നിർദേശങ്ങൾ നൽകുന്നതായിരിക്കും ഏറ്റവും ഉചിതം.