ചോ. നോമ്പുകാലത്തിലെ ഒരു വെള്ളിയാഴ്ച എന്റെ മകനെ ഒരു സുഹൃത്തിന്റെ വീട്ടിൽ രാത്രി തങ്ങാൻ ക്ഷണിച്ചു. മാംസം ചേർത്ത പിസ്സ കഴിക്കില്ലെന്ന് വാക്കുതന്നാൽ പോകാമെന്ന് ഞാൻ അവനോടു പറഞ്ഞു. അവിടെ ചെന്നപ്പോൾ സോസേജും പെപ്പറോണിയും ചേർത്ത പിസ്സ മാത്രമേ ഉണ്ടായിരുന്നുള്ളൂ; അവൻ അതിൽ കുറച്ചു കഴിക്കുകയും ചെയ്തു. ഭാവിയിൽ ഇത്തരം സാഹചര്യങ്ങളെ ഞങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണം? വർഷത്തിലെ മറ്റു കാലങ്ങളിൽ വെള്ളിയാഴ്ച മാംസം കഴിക്കുന്നതിൽ എന്തുകൊണ്ടാണ് വിലക്കില്ലാത്തത്?
ഉ. മാംസം കഴിക്കണോ വേണ്ടയോ…അതാണ് ചോദ്യം.
മാംസം വർജിക്കണമെന്ന നിബന്ധന ഇപ്പോൾ നോമ്പുകാലത്തിനു മാത്രമേ ബാധകമാകുന്നുള്ളൂ എന്നതു ശരിയാണ്. മുമ്പ് അത് വർഷത്തിലെ എല്ലാ വെള്ളിയാഴ്ചകൾക്കും ബാധകമായിരുന്നു. അതുകൊണ്ട് ഒരാൾ ചോദിച്ചേക്കാം: “എന്തുകൊണ്ട്? മാംസത്തിന് എന്തെങ്കിലും കുഴപ്പമുണ്ടോ? വർഷത്തിലെ മറ്റു കാലങ്ങളിൽ അതു കഴിക്കാമെങ്കിലും നോമ്പുകാലത്ത് പാടില്ലാത്തത് എന്തുകൊണ്ടാണ്?” ഞാൻ വിശദീകരിക്കാം.
ഒന്നാമതായി, മാംസം കഴിക്കുന്നതിൽത്തന്നെ തെറ്റൊന്നുമില്ല. യേശു മാംസം കഴിച്ചിരുന്നു; ഇതു നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതിയുടെ ഭാഗമാണ്. തീർച്ചയായും, മാംസം കഴിക്കണമെന്ന നിർബന്ധവുമില്ല. സസ്യാഹാരിയായിരിക്കാൻ ഒരാൾക്കു സ്വാതന്ത്ര്യമുണ്ട്; എന്നാൽ അങ്ങനെ ആയിരിക്കണമെന്ന് നിർബന്ധമില്ല.
അപ്പോൾ നോമ്പുകാലത്തിലെ വെള്ളിയാഴ്ചകളിൽ മാംസം കഴിക്കാതിരിക്കുന്നതിന്റെ കാര്യമെന്താണ്? അതു കത്തോലിക്കാസഭ നിശ്ചയിച്ചിട്ടുള്ള മാംസവർജനത്തെക്കുറിച്ചുള്ള സാർവത്രിക നിയമം മാത്രമാണ്. ദൈവത്തിനു പരിത്യാഗങ്ങൾ അർപ്പിക്കുന്നതിന് നമ്മുടെ സഭ വലിയ മൂല്യം കൽപ്പിക്കുന്നു എന്നാണ് ഞാൻ ഉദ്ദേശിക്കുന്നത്. വാസ്തവത്തിൽ, വർഷത്തിലെ എല്ലാ വെള്ളിയാഴ്ചകളും ഏതെങ്കിലും തരത്തിലുള്ള ഉപവാസദിനമായിരിക്കണമെന്നാണ് നമ്മുടെ സാർവത്രിക സഭാനിയമം. വെള്ളിയാഴ്ചകളിൽ മാംസം ഉപേക്ഷിക്കുക എന്ന പ്രത്യേക രീതിയിൽ പരിത്യാഗം ചെയ്യാൻ നമ്മോട് ആവശ്യപ്പെടുന്നത് നോമ്പുകാലത്തു മാത്രമാണ്. നോമ്പുകാലത്ത് നാമെല്ലാവരും ഒരുമിച്ച് ഒരേ പരിത്യാഗത്തിൽ പങ്കുചേരുന്നു എന്നതിനാൽ ഇതു സഭ മുഴുവനും വളരെ വിലപ്പെട്ടതാണ്. ഇതു നമ്മുടെ പരിത്യാഗത്തിൽ നമ്മെ ഒന്നിപ്പിക്കുകയും ഒരു പൊതുബന്ധം പങ്കിടാൻ നമ്മെ പ്രാപ്തരാക്കുകയും ചെയ്യുന്നു.
കൂടാതെ, ഇതു മാർപാപ്പ നമുക്കു നൽകിയിട്ടുള്ള ഒരു നിയമമാണ്. അതിനാൽ, നോമ്പുകാലത്തിലെ വെള്ളിയാഴ്ചകളിലോ വർഷത്തിലെ മറ്റേതെങ്കിലും ദിവസത്തിലോ മറ്റൊരു രീതിയിലുള്ള പരിത്യാഗം അദ്ദേഹം നിശ്ചയിച്ചാൽ, ഈ പൊതുനിയമം അനുസരിക്കാൻ നാം ബാധ്യസ്ഥരായിരിക്കും; അതു പാലിക്കാൻ ദൈവം നമ്മോട് ആവശ്യപ്പെടുകയും ചെയ്യും. സത്യം പറഞ്ഞാൽ, ദുഃഖവെള്ളിയാഴ്ച യേശു അർപ്പിച്ച ബലിയോടു താരതമ്യപ്പെടുത്തുമ്പോൾ ഇതു വളരെ ചെറിയൊരു പരിത്യാഗം മാത്രമാണ്.
എന്നാൽ നിങ്ങളുടെ ചോദ്യത്തിന് മറ്റൊരു വശം കൂടിയുണ്ട്. ഭാവിയിൽ നോമ്പുകാലത്തെ വെള്ളിയാഴ്ചകളിൽ ഒരു സുഹൃത്തിന്റെ വീട്ടിലേക്കുള്ള ക്ഷണം നിങ്ങളുടെ കുട്ടി സ്വീകരിക്കുന്ന കാര്യം എങ്ങനെ കൈകാര്യം ചെയ്യാം? നിങ്ങളുടെ കുടുംബത്തിന് വിശ്വാസം പങ്കുവയ്ക്കാനുള്ള ഒരു നല്ല അവസരം കൂടിയാകാം ഇതെന്ന് ഞാൻ നിർദേശിക്കുന്നു. വീണ്ടും ഒരു ക്ഷണം ലഭിച്ചാൽ, കത്തോലിക്കരെന്ന നിലയിൽ നിങ്ങൾ നോമ്പുകാലത്തെ വെള്ളിയാഴ്ചകളിൽ മാംസം ഉപേക്ഷിക്കുന്നതിനാലുള്ള നിങ്ങളുടെ ആശങ്ക ആ കുട്ടിയുടെ മാതാവിനോടോ പിതാവിനോടോ തുറന്നുപറയാം. ഒരുപക്ഷേ ഇത് നല്ലൊരു ചർച്ചയ്ക്ക് വഴിതെളിച്ചേക്കാം.
കുരിശിൽ ഈശോ അർപ്പിച്ച ഏക ബലിയിൽ കൂടുതൽ പൂർണമായി പങ്കുചേരാനുള്ള ഒരു മാർഗമായിട്ടാണ് ഈ ചെറിയ ത്യാഗം നമുക്ക് നൽകപ്പെട്ടിരിക്കുന്നതെന്ന കാര്യം മറക്കരുത്! അതിനാൽ, ഈ ചെറിയ ത്യാഗത്തിന് നമ്മെ കൂടുതൽ ഈശോയെപ്പോലെയാകാൻ സഹായിക്കുന്നതിനുള്ള വലിയ സാധ്യതയുണ്ട്.
കൂടുതൽ കത്തോലിക്കാ ചോദ്യോത്തരങ്ങൾ
