ചോദ്യം: വിശുദ്ധരാകാനാണ് ദൈവം നമ്മെ സൃഷ്ടിച്ചതെങ്കിൽ, നമുക്ക് എങ്ങനെ വിശുദ്ധരാകാം?
ഉത്തരം: നമ്മുടെ ജീവിതത്തിലെ ഓരോ ദിവസവും നാം നമ്മോടുതന്നെ ചോദിക്കേണ്ട ഒരു ചോദ്യമാണിത്! ഈ ചോദ്യത്തിനുള്ള ഉത്തരം പറഞ്ഞുതീരുന്നതല്ല.
വിശുദ്ധരാകാനാണ് നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്നത് സത്യമാണ്. സ്വർഗത്തിൽ എന്നേക്കും അവിടുത്തോടൊന്നായിരിക്കാനാണ് ദൈവം നമ്മെ സൃഷ്ടിച്ചത്. ഇതിനെയാണ് നാം വിശുദ്ധി, പാവനത, അഥവാ വിശുദ്ധജീവിതം എന്നു വിളിക്കുന്നത്. എന്നാൽ നാം എങ്ങനെയാണ് വിശുദ്ധരാകുന്നത്?
ഒന്നാമതായി, നാം സത്യം അന്വേഷിക്കുന്നു. വിശ്വാസത്തിലൂടെയാണ് സത്യം കണ്ടെത്തുന്നത്. നമുക്ക് ഉറപ്പോടെ അറിയാൻ കഴിയാത്ത എന്തിലെങ്കിലും വിശ്വസിക്കുക എന്നതു മാത്രമല്ല വിശ്വാസം. അത് വെറും ആഗ്രഹചിന്തയുമല്ല. വിശ്വാസം അറിവാണ്. ഉറപ്പുള്ള അറിവ്. നമ്മുടെ ഉള്ളിലെ മനസ്സാക്ഷിയോടു സംസാരിക്കാനും സത്യമായത് വെളിപ്പെടുത്താനും ദൈവത്തെ അനുവദിക്കുന്നതിലൂടെയാണ് ആത്യന്തികമായി നമുക്ക് വിശ്വാസം ലഭിക്കുന്നത്. രണ്ടു കാര്യങ്ങൾ ഉണ്ടാകുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഒന്നാമതായി, വിശുദ്ധഗ്രന്ഥം, കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം, വിശുദ്ധരുടെ പ്രബോധനങ്ങൾ തുടങ്ങിയവയിലെ സത്യത്തെക്കുറിച്ച് ചിന്തിക്കാൻ നാം നമ്മുടെ ബുദ്ധിയെ ഉപയോഗിക്കുന്നു. രണ്ടാമതായി, സത്യം വായിച്ചറിഞ്ഞാൽ മാത്രം പോരാ. വിശ്വാസം എന്ന “ദാനം” കൂടി നമുക്കാവശ്യമാണ്. അതായത്, നാം സത്യം കേൾക്കുമ്പോൾ, അത് “സത്യമാണ്” എന്ന് ദൈവം നമ്മുടെ മനസ്സാക്ഷിയിൽ സ്ഥിരീകരിക്കേണ്ടതുണ്ട്. വിശുദ്ധഗ്രന്ഥത്തിലൂടെയോ സഭയിലൂടെയോ വിശുദ്ധനിലൂടെയോ ദൈവത്തിന്റെ സ്വരം ആദ്യം സത്യം വെളിപ്പെടുത്തി; തുടർന്ന്, ഇത് അവിടുത്തെ സത്യമാണെന്ന് ദൈവം നമ്മുടെ ആത്മാവിൽ നമ്മോടു പറയുന്നു. ഇങ്ങനെ സംഭവിക്കുമ്പോൾ നാം വിശ്വസിക്കണം. ഇങ്ങനെ സംഭവിക്കുമ്പോൾ നമുക്ക് വിശ്വാസം ദാനമായി ലഭിക്കുന്നു. ദൈവം വെളിപ്പെടുത്തിയത് ആഴമായ ആന്തരിക ഉറപ്പോടെ നാം അറിയുന്നു.
രണ്ടാമതായി, വിശ്വാസത്തിൽ സത്യം അറിഞ്ഞുവരുന്ന ഈ പ്രക്രിയ പ്രാർഥനയിലൂടെ ശക്തിപ്പെടുന്നു. നാം പ്രാർഥിക്കുമ്പോൾ, അത് തീയിൽ ഇന്ധനം ചേർക്കുന്നതുപോലെയാണ്. വിശ്വാസമാകുന്ന അഗ്നിയുടെ തീവ്രത വർധിക്കുന്നു. അതിന്റെ തീവ്രത വർധിക്കുന്നതനുസരിച്ച് നാം വിശ്വാസത്തിൽ വളരുന്നു.
മൂന്നാമതായി, വിശ്വാസത്തിലൂടെ നാം അറിയുന്ന കാര്യങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കണം. ഇത് നമ്മുടെ ഇച്ഛാശക്തിയുടെ ഒരു പ്രവൃത്തിയാണ്. നാം അറിഞ്ഞ വിശ്വാസമനുസരിച്ച് ജീവിക്കാൻ തീരുമാനിക്കുമ്പോൾ, നാം ഉപവിയിലും വിശുദ്ധിയിലും വിശുദ്ധജീവിതത്തിലും വളരുന്നു. നാം വിശുദ്ധരായിത്തീരുന്നു.
വിശുദ്ധിയിലേക്കുള്ള പാതയെക്കുറിച്ചുള്ള വളരെ ലളിതമാക്കിയ ഒരു വിശദീകരണമാണിതെങ്കിലും, ശരിയായ ദിശയിലേക്ക് നിങ്ങളെ നയിക്കാൻ ഇത് സഹായിക്കും.
കത്തോലിക്കാ വിശ്വാസത്തെക്കുറിച്ചുള്ള കൂടുതൽ ചോദ്യോത്തരങ്ങൾ
