നമ്മുടെ പരിശുദ്ധ അമ്മയുടെ ദൃഷ്ടിയിലൂടെ ക്രിസ്തുവിന്റെ കുരിശിനെക്കുറിച്ച് 40 ദിവസം വിചിന്തനം ചെയ്യാൻ ഈ പുസ്തകം സഹായിക്കുന്നു. താഴെപ്പറയുന്ന സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ ശുപാർശ ചെയ്യുന്ന ധ്യാനത്തിന്റെയും പ്രാർഥനയുടെയും ഒരു പുസ്തകമാണിത്:
- ക്രിസ്തുവിന്റെ കുരിശിന്റെ രഹസ്യത്തിലേക്ക് ശാന്തമായും നിരന്തരമായും കൂടുതൽ ആഴത്തിൽ പ്രവേശിക്കാൻ ഈ പുസ്തകം നോമ്പുകാല ധ്യാനത്തിനായി ഉപയോഗിക്കുക. ഈ പുസ്തകത്തിലെ താളുകൾ ശ്രദ്ധയോടും പ്രാർഥനയോടും കൂടി ധ്യാനിച്ചുകൊണ്ട് നോമ്പുകാലം ചെലവഴിച്ചാൽ, ദുഃഖവെള്ളിക്കും ഈസ്റ്ററിനും കൂടുതൽ ആഴമായ അർഥം കൈവരും. ഞായറാഴ്ചകളും പെസഹാത്രിദിനവും (ദുഃഖവെള്ളി മുതൽ ദുഃഖശനി വരെ) കണക്കാക്കാതെ നോമ്പുകാലത്തിൽ നാല്പത് ദിവസങ്ങളുണ്ട്. ഞായറാഴ്ചകളും പെസഹാത്രിദിനവും ഉൾപ്പെടുത്തിയാൽ, വിഭൂതി ബുധൻ മുതൽ ഈസ്റ്റർ ഞായർ വരെ യഥാർഥത്തിൽ നാല്പത്താറ് ദിവസങ്ങളുണ്ട്. അതിനാൽ, ഈസ്റ്റർ ഞായറോടെ പൂർത്തിയാക്കാൻ കഴിയുന്നവിധം നോമ്പുകാലത്തിലെ ആദ്യത്തെ ആറു ദിവസങ്ങളിൽ ഏതുദിവസവും ഈ ദൈനംദിന ധ്യാനവിചിന്തനങ്ങൾ ആരംഭിക്കാം. എന്നാൽ, എപ്പോൾ തുടങ്ങണം എന്നതിനെക്കുറിച്ച് അമിതമായ മനഃസാക്ഷിക്കുഴപ്പത്തിൽപ്പെടുകയല്ല ലക്ഷ്യം. നോമ്പുകാലത്ത് നമ്മുടെ കർത്താവിന്റെ കുരിശിന്റെ രഹസ്യത്തിലേക്ക് കൂടുതൽ ആഴത്തിൽ പ്രവേശിക്കാൻ സഹായിക്കുന്ന വിധത്തിൽ ഈ ധ്യാനവിചിന്തനങ്ങൾ ഉപയോഗിക്കുക എന്നതാണ് ലക്ഷ്യം.
- സ്വന്തം ജീവിതത്തിൽ ഭാരമേറിയ ഒരു കുരിശ് വഹിക്കുന്ന ഒരാൾക്കും ഈ പുസ്തകം ഏറെ അനുയോജ്യമാണ്. ഒരുപക്ഷേ അത് പ്രിയപ്പെട്ട ഒരാളുടെ മരണമോ, തകർന്ന കുടുംബബന്ധമോ, ജോലിയിലോ സാമ്പത്തിക കാര്യങ്ങളിലോ നേരിടുന്ന ബുദ്ധിമുട്ടുകളോ, ശാരീരിക രോഗമോ, മറ്റേതെങ്കിലും വലിയ ഭാരമോ ആയിരിക്കാം. ക്രിസ്തുവിന്റെ കുരിശിലേക്ക് ദൃഷ്ടിയൂന്നി 40 ദിവസം ചെലവഴിക്കുന്നതിലൂടെ, സ്വന്തം ഭാരങ്ങൾ ക്രിസ്തുവിന്റെ കുരിശിനോട് ചേർത്തുവയ്ക്കാനും വിശ്വാസത്തോടും പ്രത്യാശയോടും കൂടി മുന്നോട്ടുപോകാൻ ആവശ്യമായ ശക്തി അവിടുന്നിൽനിന്ന് സ്വീകരിക്കാനും വായനക്കാരന് ക്ഷണം ലഭിക്കും.
- ക്രിസ്തുവിന്റെ കുരിശ് നമ്മുടെ വിശ്വാസത്തിന്റെ കേന്ദ്രരഹസ്യമായതിനാൽ, സ്വന്തം വിശ്വാസത്തിലേക്ക് കൂടുതൽ ആഴത്തിൽ ഇറങ്ങിച്ചെല്ലാൻ സന്നദ്ധനായ ഒരാൾക്ക് വർഷത്തിലെ ഏതു സമയത്തും ഫലപ്രദമായ ഒരു “ധ്യാനാനുഭവം” ഈ പുസ്തകം നൽകുന്നു. തുടർച്ചയായി 40 ദിവസം ക്രിസ്തുവിന്റെ കുരിശുമരണത്തിലേക്ക് ദൃഷ്ടിയൂന്നാൻ വായനക്കാരനെ ക്ഷണിക്കുന്നു എന്നതിനാൽ ഈ പുസ്തകത്തിന്റെ ഉള്ളടക്കം വെല്ലുവിളി നിറഞ്ഞതാണ്. ഇതിന് സമർപ്പണം ആവശ്യമാണ്. എന്നാൽ അതിനു സന്നദ്ധരായവർക്ക് വർഷത്തിലെ ഏതു സമയത്തും ഈ ധ്യാനവിചിന്തനങ്ങൾ സമൃദ്ധമായ ഫലം നൽകും.
- ഒരുപക്ഷേ നിങ്ങൾ ഒരു വാരാന്ത്യധ്യാനത്തിൽ പങ്കെടുക്കുകയും ധ്യാനിക്കാൻ നല്ല വിഷയങ്ങൾ അന്വേഷിക്കുകയുമായിരിക്കാം. ഒരു വാരാന്ത്യത്തിൽ ഈ പുസ്തകം ആദ്യാവസാനം വായിക്കുന്നത് സഹായകരമാകണമെന്നില്ലെങ്കിലും, ഒരു ദിവസംതന്നെ നിരവധി ധ്യാനവിചിന്തനങ്ങളിലൂടെ കടന്നുപോകാൻ നിങ്ങൾക്ക് പ്രചോദനം തോന്നിയേക്കാം. അങ്ങനെയെങ്കിൽ, ഏതെങ്കിലും കാര്യം നിങ്ങളുടെ ഹൃദയത്തെ സ്പർശിക്കുമ്പോൾ അവിടെ നിർത്തി അതിനെക്കുറിച്ച് വിചിന്തനം ചെയ്യാൻ ശ്രദ്ധിക്കുക.
- തുടർച്ചയായ 40 ദിവസങ്ങൾക്കു പകരം, തുടർച്ചയായ 40 ആഴ്ചകളിലേക്കുള്ള ധ്യാനത്തിനും ഈ പുസ്തകം ഫലപ്രദമായ ഒരു ഉറവിടമായിരിക്കും. ദേവാലയത്തിൽ ആഴ്ചതോറും നടത്തുന്ന ഒരു മണിക്കൂർ ദിവ്യകാരുണ്യാരാധനയിലോ വീട്ടിൽ വ്യക്തിപരമായ പ്രാർഥനയ്ക്കായി നിശ്ചയിച്ച സമയത്തോ ഇത് ഉപയോഗിക്കാം.
ഒന്നാം ദിവസം – ഒരമ്മയുടെ സ്നേഹം
ഇ-പുസ്തകം & പേപ്പർബാക്ക് പതിപ്പുകൾ ലഭ്യമാണ്!

