മലയാളം

സായാഹ്ന പ്രാർഥനകൾ

പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ. ആമ്മേൻ.

സർവശക്തനും നിത്യനുമായ ദൈവമേ! അങ്ങയുടെ മഹിമയുടെ തിരുപ്പാദങ്ങളിൽ ഞാൻ സാഷ്ടാംഗം പ്രണമിക്കുന്നു; സാധ്യമായ എല്ലാ ഭക്തിബഹുമാനങ്ങളോടുംകൂടെ ഞാൻ അങ്ങയെ ആരാധിക്കുന്നു. അങ്ങയുടെ വിശുദ്ധ സഭയ്ക്ക് അങ്ങ് വെളിപ്പെടുത്തിയതെല്ലാം ഞാൻ വിശ്വസിക്കുകയും നിശ്ചയമായി അംഗീകരിക്കുകയും ചെയ്യുന്നു. അങ്ങയുടെ അനന്തമായ നന്മയിലും കരുണയിലും ഞാൻ പ്രത്യാശവയ്ക്കുന്നു; പൂർണഹൃദയത്തോടെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു.

ഈ ദിവസം ലഭിച്ച പ്രത്യേക അനുഗ്രഹങ്ങൾ ഓർമിക്കാൻ ഇവിടെ അൽപനേരം നിശ്ശബ്ദരായിരിക്കുക.

എന്റെ ദൈവമേ! അങ്ങ് എനിക്കു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും, പ്രത്യേകിച്ച് അങ്ങയുടെ ഛായയിലും സാദൃശ്യത്തിലും എന്നെ സൃഷ്ടിച്ചതിനും, അങ്ങയുടെ പുത്രന്റെ തിരുരക്തത്താൽ എന്നെ വീണ്ടെടുത്തതിനും, എന്നെ ഒരു ക്രൈസ്തവനാക്കിയതിനും, ഈ ദിവസം എന്നെ കാത്തുപരിപാലിച്ചതിനും, യേശുക്രിസ്തുവിലൂടെ ഞാൻ അങ്ങേക്കു നന്ദി പറയുന്നു. അങ്ങേക്കു എന്നെന്നേക്കും നന്ദി അർപ്പിക്കണമേ എന്നു പരിശുദ്ധ കന്യകാമറിയത്തോടും എല്ലാ വിശുദ്ധരോടും ഞാൻ അപേക്ഷിക്കുന്നു. ആമ്മേൻ.

എന്റെ ദൈവമേ! ഏതെല്ലാം കാര്യങ്ങളിലാണ് ഞാൻ അങ്ങയെ വേദനിപ്പിച്ചതെന്ന് അറിയാനും, എന്റെ പാപങ്ങളെക്കുറിച്ച് പൂർണമായ മനസ്താപം ഉണ്ടാകാനും എനിക്കു കൃപ നൽകണമേ.

ഏതെല്ലാം പാപങ്ങൾ ചെയ്തിട്ടുണ്ടാകാമെന്നു പരിശോധിക്കാൻ ഇവിടെ അൽപനേരം നിശ്ശബ്ദരായിരിക്കുക.

  1. ചിന്തയാൽ: ദുഷ്ടതയോ കോപമോ അക്ഷമയോ സ്നേഹരാഹിത്യമോ നിറഞ്ഞ ചിന്തകൾക്കും ആഗ്രഹങ്ങൾക്കും മനഃപൂർവം ഇടം നൽകുക.
  2. വാക്കാൽ: അസഭ്യഭാഷ ഉപയോഗിക്കുക, ശപിക്കുക, കള്ളം പറയുക തുടങ്ങിയവ.
  3. പ്രവൃത്തിയാൽ: അനുസരണക്കേടും മര്യാദയില്ലായ്മയും ദേഷ്യവും കരുണയില്ലായ്മയും കാണിക്കുക; ദുഷിച്ചവരോ അപകടകരമായവരോ ആയ ആളുകളുമായി കൂട്ടുകൂടുക; അശ്ലീലമായ പ്രവൃത്തി ചെയ്യുക; അലസരായിരിക്കുക.
  4. ചെയ്യേണ്ടതു ചെയ്യാതിരുന്നതിനാൽ: നിങ്ങളുടെ പ്രാർഥനകളോ പഠനമോ മറ്റേതെങ്കിലും കടമയോ അവഗണിക്കുക.

 

പാപസമ്മത പ്രാർഥന

ചിന്തയാലും വാക്കാലും പ്രവൃത്തിയാലും ഞാൻ അത്യധികം പാപം ചെയ്തുപോയെന്ന് സർവശക്തനായ ദൈവത്തോടും, നിത്യകന്യകയായ പരിശുദ്ധ മറിയത്തോടും, വിശുദ്ധ പ്രധാനദൂതനായ മിഖായേലിനോടും, വിശുദ്ധ സ്നാപകയോഹന്നാനോടും, വിശുദ്ധ അപ്പസ്തോലന്മാരായ പത്രോസിനോടും പൗലോസിനോടും, എല്ലാ വിശുദ്ധരോടും ഞാൻ ഏറ്റുപറയുന്നു. എന്റെ പിഴയാൽ, എന്റെ പിഴയാൽ, എന്റെ വലിയ പിഴയാൽതന്നെ. ആകയാൽ, നമ്മുടെ കർത്താവായ ദൈവത്തോട് എനിക്കുവേണ്ടി പ്രാർഥിക്കണമേ എന്നു നിത്യകന്യകയായ പരിശുദ്ധ മറിയത്തോടും, വിശുദ്ധ പ്രധാനദൂതനായ മിഖായേലിനോടും, വിശുദ്ധ സ്നാപകയോഹന്നാനോടും, വിശുദ്ധ അപ്പസ്തോലന്മാരായ പത്രോസിനോടും പൗലോസിനോടും, എല്ലാ വിശുദ്ധരോടും ഞാൻ അപേക്ഷിക്കുന്നു.

സർവശക്തനായ ദൈവം എന്നോടു കരുണ കാണിക്കുകയും, എന്റെ പാപങ്ങൾ ക്ഷമിക്കുകയും, എന്നെ നിത്യജീവനിലേക്കു നയിക്കുകയും ചെയ്യുമാറാകട്ടെ. ആമ്മേൻ.

ഏറ്റവും പരിശുദ്ധയായ കന്യകാമറിയമേ! എനിക്ക് അമ്മയായിരിക്കണമേ; ഇപ്പോഴും എന്റെ മരണസമയത്തും എനിക്കുവേണ്ടി പ്രാർഥിക്കണമേ.

എന്റെ കാവൽക്കാരനായി ദൈവം നിയോഗിച്ചിരിക്കുന്ന എന്റെ നല്ല ദൈവദൂതനേ! എനിക്കു പ്രകാശം നൽകുകയും എന്നെ സംരക്ഷിക്കുകയും എന്റെ എല്ലാ പ്രവൃത്തികളിലും എന്നെ കാത്തുകൊള്ളുകയും ചെയ്യണമേ. ആമ്മേൻ.

കൂടുതൽ പ്രാർഥനകൾ

അനുദിന ധ്യാനചിന്തകൾ


ഈ പേജിലെ ചിത്രം

1899-ൽ പ്രസിദ്ധീകരിച്ച “ കത്തോലിക്കരുടെ കൈപ്പുസ്തക പ്രാർഥനാഗ്രന്ഥം എന്ന പുസ്തകത്തിൽനിന്നുള്ള പ്രാർഥനകൾ.

മുദ്രണാനുമതി:
മൈക്കൽ അഗസ്റ്റിൻ,
ന്യൂയോർക്ക് ആർച്ച്‌ബിഷപ്പ്.
ന്യൂയോർക്ക്, ഒക്ടോബർ 13, 1899.