1916-ൽ പോർച്ചുഗലിന്റെ കാവൽമാലാഖയായ ഒരു “സമാധാനത്തിന്റെ മാലാഖ” ഫാത്തിമായിൽ മൂന്ന് പോർച്ചുഗീസ് ഇടയക്കുട്ടികൾക്ക് മൂന്നു പ്രാവശ്യം പ്രത്യക്ഷപ്പെടുകയും അവരെ രണ്ടു പ്രാർഥനകൾ പഠിപ്പിക്കുകയും ചെയ്തു. 1917-ൽ പരിശുദ്ധ അമ്മ “ജപമാല രാജ്ഞി” എന്ന പേരിൽ അതേ കുട്ടികൾക്ക് ആറു പ്രാവശ്യം പ്രത്യക്ഷപ്പെട്ടു. അമ്മ മൂന്നു രഹസ്യങ്ങൾ വെളിപ്പെടുത്തുകയും ഈശോയുടെ തിരുഹൃദയത്തിനും മറിയത്തിന്റെ വിമലഹൃദയത്തിനും എതിരായി ചെയ്യപ്പെടുന്ന പാപങ്ങൾക്ക് പരിഹാരം ചെയ്യുന്നതിനും പാപികളുടെ മാനസാന്തരത്തിനുമായി പ്രാർഥനയിലേക്കും പ്രായശ്ചിത്തത്തിലേക്കും അവരെയും ലോകത്തെയും ആഹ്വാനം ചെയ്യുകയും ചെയ്തു. ഇവിടെ കൂടുതൽ വായിക്കാം: വിചിന്തനം. പ്രാർഥനകൾ താഴെ കൊടുക്കുന്നു:
ക്ഷമയ്ക്കായുള്ള പ്രാർഥന
ആദ്യ ദർശനവേളയിൽ മാലാഖ പഠിപ്പിച്ചത്
എന്റെ ദൈവമേ, ഞാൻ അങ്ങയിൽ വിശ്വസിക്കുന്നു, അങ്ങയെ ആരാധിക്കുന്നു, അങ്ങയിൽ പ്രത്യാശ വയ്ക്കുന്നു, അങ്ങയെ സ്നേഹിക്കുന്നു!
അങ്ങയിൽ വിശ്വസിക്കാത്തവർക്കും അങ്ങയെ ആരാധിക്കാത്തവർക്കും അങ്ങയിൽ പ്രത്യാശ വയ്ക്കാത്തവർക്കും അങ്ങയെ സ്നേഹിക്കാത്തവർക്കും വേണ്ടി ഞാൻ ക്ഷമ യാചിക്കുന്നു.
തുടർച്ചയായി മൂന്നു പ്രാവശ്യം പ്രാർഥിക്കുക.
പരിഹാരപ്രാർഥന
മൂന്നാം ദർശനവേളയിൽ മാലാഖ പഠിപ്പിച്ചത്
പിതാവും പുത്രനും പരിശുദ്ധാത്മാവുമായ പരിശുദ്ധ ത്രിത്വമേ, ഞാൻ അങ്ങയെ അഗാധമായി ആരാധിക്കുന്നു.
ലോകത്തിലെ എല്ലാ സക്രാരികളിലും സന്നിഹിതനായ ഈശോമിശിഹായുടെ അമൂല്യമായ ശരീരവും രക്തവും ആത്മാവും ദൈവത്വവും, അവിടുത്തെ വേദനിപ്പിക്കുന്ന അവഹേളനങ്ങൾക്കും വിശുദ്ധവസ്തുക്കളോടുള്ള അനാദരവുകൾക്കും ഉദാസീനതകൾക്കും പരിഹാരമായി ഞാൻ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.
അവിടുത്തെ അതിപരിശുദ്ധ തിരുഹൃദയത്തിന്റെയും മറിയത്തിന്റെ വിമലഹൃദയത്തിന്റെയും അനന്തമായ യോഗ്യതകൾ വഴി, ദയനീയരായ പാപികളുടെ മാനസാന്തരം ഞാൻ അങ്ങയോടു യാചിക്കുന്നു.
തുടർച്ചയായി മൂന്നു പ്രാവശ്യം പ്രാർഥിക്കുക.
ആരാധനാപ്രാർഥന
പരിശുദ്ധ അമ്മയുടെ ആദ്യ ദർശനവേളയിൽ ആന്തരിക പ്രേരണയാൽ കുട്ടികൾക്ക് ലഭിച്ചത്
പരിശുദ്ധ ത്രിത്വമേ, ഞാൻ അങ്ങയെ ആരാധിക്കുന്നു! എന്റെ ദൈവമേ, എന്റെ ദൈവമേ, പരമപരിശുദ്ധ കൂദാശയിൽ ഞാൻ അങ്ങയെ സ്നേഹിക്കുന്നു.
വ്യക്തിപരമായ ത്യാഗങ്ങളുടെ സമർപ്പണം
മൂന്നാം ദർശനവേളയിൽ പരിശുദ്ധ അമ്മ പഠിപ്പിച്ചത്
പാപികൾക്കുവേണ്ടി നിങ്ങളെത്തന്നെ ത്യാഗമായി അർപ്പിക്കുവിൻ. ഈശോയോട് പലപ്പോഴും, പ്രത്യേകിച്ച് ഓരോ ത്യാഗം ചെയ്യുമ്പോഴും, ഇങ്ങനെ പറയുവിൻ:
ഓ ഈശോയേ, ഇത് അങ്ങയോടുള്ള സ്നേഹത്തെപ്രതിയും പാപികളുടെ മാനസാന്തരത്തിനുവേണ്ടിയും മറിയത്തിന്റെ വിമലഹൃദയത്തിനെതിരായി ചെയ്യപ്പെടുന്ന പാപങ്ങൾക്ക് പരിഹാരമായുമാണ്.
ജപമാല പ്രാർഥന
മൂന്നാം ദർശനവേളയിൽ പരിശുദ്ധ അമ്മ പഠിപ്പിച്ചത്
ജപമാല ചൊല്ലുമ്പോൾ ഓരോ രഹസ്യത്തിനുശേഷവും ഇങ്ങനെ പറയുക:
ഓ എന്റെ ഈശോയേ, ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ, നരകാഗ്നിയിൽനിന്ന് ഞങ്ങളെ രക്ഷിക്കണമേ. എല്ലാ ആത്മാക്കളെയും, പ്രത്യേകിച്ച് അങ്ങയുടെ കരുണ ഏറ്റവുമധികം ആവശ്യമുള്ളവരെ, സ്വർഗത്തിലേക്ക് നയിക്കണമേ.
പ്രധാന ചിത്രം: Nheyob, CC BY-SA 4.0, വിക്കിമീഡിയ കോമൺസ് വഴി
