ചോ. വൈദികനാകാൻ കോളേജ് ബിരുദം ആവശ്യമാണോ?
ഉ. നിങ്ങളുടെ ചോദ്യത്തിനുള്ള ലളിതമായ ഉത്തരം, അതെ എന്നാണ്. ഒരുപക്ഷേ നിങ്ങൾക്കോ നിങ്ങൾക്കറിയാവുന്ന ആർക്കെങ്കിലുമോ പൗരോഹിത്യത്തിൽ താത്പര്യമുള്ളതുകൊണ്ടായിരിക്കാം ഈ ചോദ്യം ചോദിക്കുന്നത്. അങ്ങനെയെങ്കിൽ, വൈദികനാകാനുള്ള ഒരുക്കത്തിന്റെ മുഴുവൻ പ്രക്രിയയെക്കുറിച്ചും കൂടുതൽ വിശദീകരിക്കാൻ എന്നെ അനുവദിക്കുക.
ഒരു യുവാവ് ഹൈസ്കൂൾ പഠനം കഴിഞ്ഞയുടനെ പൗരോഹിത്യത്തിനുള്ള ഒരുക്കം ആരംഭിക്കുകയാണെങ്കിൽ, സാധാരണയായി 4 വർഷം കോളേജ് സെമിനാരിയിലും തുടർന്ന് 4 വർഷം മേജർ സെമിനാരിയിൽ ബിരുദാനന്തരതലത്തിലും പഠിക്കേണ്ടിവരും. കോളേജ് സെമിനാരിയിൽ വൈദികവിദ്യാർഥി സാധാരണയായി തത്ത്വശാസ്ത്രത്തിൽ ബിരുദം നേടും. കൂടാതെ, ലത്തീൻ, ഗ്രീക്ക്, സ്പാനിഷ് തുടങ്ങിയ ഭാഷകളും ദൈവശാസ്ത്രത്തിൽ ബിരുദതലത്തിലുള്ള ചില വിഷയങ്ങളും പഠിച്ചേക്കാം. തുടർന്ന്, ബിരുദം നേടിയശേഷം, അദ്ദേഹം മേജർ സെമിനാരിയിൽ ചേരും. അവിടെ വിശ്വാസപ്രബോധനം, കാനോൻ നിയമം, സഭാചരിത്രം, വിശുദ്ധഗ്രന്ഥം, ആരാധനക്രമം തുടങ്ങിയവ ഉൾപ്പെടുന്ന ദൈവശാസ്ത്രത്തിൽ 4 വർഷത്തെ ബിരുദാനന്തരതല പഠനം ലഭിക്കും.
ചിലപ്പോൾ ഒരാൾ കോളേജ് സെമിനാരിയല്ലാത്ത മറ്റൊരു കോളേജിൽനിന്ന് മറ്റേതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിട്ടുണ്ടാകാം. അങ്ങനെയെങ്കിൽ, അധികമായി 6 വർഷംകൊണ്ട് അദ്ദേഹത്തിന് പഠനം പൂർത്തിയാക്കാം. ആദ്യം, ദൈവശാസ്ത്രപഠനത്തിനുള്ള മുന്നൊരുക്കം എന്നു നാം വിളിക്കുന്ന പഠനം 2 വർഷം നടത്തും. ഇത് പ്രധാനമായും തത്ത്വശാസ്ത്രപഠനമാണ്. അതിനുശേഷം അദ്ദേഹം മേജർ സെമിനാരിയിൽ പ്രവേശിച്ച് ഞാൻ മുകളിൽ പറഞ്ഞ പഠനങ്ങൾ പൂർത്തിയാക്കും.
രൂപതാ വൈദികനും സന്ന്യാസസഭയിലെ വൈദികനും തമ്മിൽ വ്യത്യാസമുണ്ടെന്നതും ശ്രദ്ധിക്കേണ്ടതാണ്. എല്ലാ രൂപതാ വൈദികർക്കും മുകളിൽ വിവരിച്ച പരിശീലനക്രമമാണ് പിന്തുടരുന്നത്. എന്നാൽ സന്ന്യാസസഭകളിലെ വൈദികർക്ക് സെമിനാരി പരിശീലനത്തിന് മുമ്പോ അതിനിടയിലോ അധിക പരിശീലനകാലവും ഉണ്ടായേക്കാം. ഉദാഹരണത്തിന്, ഒരു ഫ്രാൻസിസ്കൻ സഭാംഗം ആദ്യം വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ ജീവിതത്തെക്കുറിച്ച് പഠിക്കാൻ സമയം ചെലവഴിച്ചേക്കാം; സെമിനാരി പഠനം ആരംഭിക്കുന്നതിനുമുമ്പുതന്നെ ആ സന്ന്യാസസഭയുടെ ജീവിതനിയമമനുസരിച്ചുള്ള പരിശീലനം നേടേണ്ടതായും വന്നേക്കാം. സാധാരണയായി എല്ലാ സന്ന്യാസസഭകളിലും ഇങ്ങനെയാണ്.
അവസാനമായി, വൈദികനാകാനുള്ള തയ്യാറെടുപ്പിൽ പഠനം മാത്രമല്ല, അതിലേറെ കാര്യങ്ങളും ഉൾപ്പെടുന്നുണ്ടെന്ന് ഞാൻ ചൂണ്ടിക്കാണിക്കട്ടെ. സെമിനാരി വിദ്യാർഥിയായിരിക്കുന്ന കാലമത്രയും ആത്മീയവും മാനുഷികവും അജപാലനപരവുമായ രൂപീകരണം എന്നു നാം വിളിക്കുന്ന കാര്യങ്ങൾക്ക് ഊന്നൽ നൽകും. ധ്യാനങ്ങൾ, പതിവായ പ്രാർഥനാവേളകൾ, ദൈനംദിന ആരാധനാക്രമങ്ങൾ, ആത്മീയ മാർഗനിർദേശം, ആത്മീയ പ്രഭാഷണങ്ങൾ എന്നിവ ആത്മീയ രൂപീകരണത്തിൽ ഉൾപ്പെടുന്നു. സെമിനാരി വിദ്യാർഥിയുടെ മാനുഷിക ഗുണങ്ങൾ മറ്റുള്ളവരെ ക്രിസ്തുവിലേക്കു നയിക്കുന്ന ഒരു പാലമായിത്തീരുന്ന വിധത്തിൽ അദ്ദേഹത്തിന്റെ മാനുഷിക വ്യക്തിത്വത്തെ രൂപപ്പെടുത്താനുള്ള ശ്രമമാണ് മാനുഷിക രൂപീകരണം. പ്രഭാഷണങ്ങളിലൂടെയും ആത്മീയ മാർഗനിർദേശത്തിലൂടെയും മറ്റു പരിശീലകരുടെ സഹായത്തോടെയും, തന്റെ വ്യക്തിത്വത്തിൽ കൂടുതൽ ക്രിസ്തുസദൃശമാകേണ്ട വശങ്ങളെ കൃപയാൽ രൂപാന്തരപ്പെടുത്താൻ അനുവദിക്കണമെന്ന വെല്ലുവിളി സെമിനാരി വിദ്യാർഥിയുടെ മുമ്പിൽ വയ്ക്കപ്പെടും. ഇടവകജീവിതം, അധ്യാപനം, ആശുപത്രികളിലെ ശുശ്രൂഷ തുടങ്ങിയവയിൽ പങ്കുചേരാൻ സെമിനാരി വിദ്യാർഥിക്ക് അവസരങ്ങൾ നൽകുന്നതാണ് അജപാലനപരമായ രൂപീകരണം. ക്രിസ്തുവിന്റെ വൈദികനായി ശുശ്രൂഷിക്കേണ്ട സമയത്തിനായി ഒരുങ്ങാൻ ഈ അനുഭവങ്ങൾ അദ്ദേഹത്തെ സഹായിക്കും.
ഇത് സഹായകരമാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു! താങ്കളെയോ താങ്കൾക്ക് പരിചയമുള്ള ആരെയെങ്കിലുമോ വൈദികനാകാൻ ദൈവം വിളിക്കുന്നതായി തോന്നുന്നുവെങ്കിൽ, മാർഗനിർദേശം തേടി സ്വന്തം ഇടവക വികാരിയെയോ രൂപതയിലെ ദൈവവിളി ഡയറക്ടറെയോ സമീപിക്കുന്നതാണ് ആദ്യപടിയായി ഞാൻ നിർദേശിക്കുന്നത്.
കൂടുതൽ കത്തോലിക്കാ ചോദ്യോത്തരങ്ങൾ
